ഇസ്ലാമിന്റെ നാഗരിക, സാംസ്ക്കാരിക പുരോഗതികളുടെ വിവിധ ഘട്ടങ്ങളെ നിയന്ത്രണത്തിൽ മതവിദ്യാഭ്യാസ രീതി ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. വിജ്ഞാനത്തിന്റെ സ്വീകരിണം, പുനരുൽപാദനം തലമുറകളിലൂടെയുള്ള വിതരണം (Production and dissemination of Knowledge) – ഈ മഹൽ പ്രക്രിയ ജീവിതവ്രതമാക്കിയ അനേകം പണ്ഡിത കുടുംബങ്ങളും കൂട്ടായ്മകളുമാണ് സത്യത്തിൽ ലോകത്തെല്ലായിടത്തും മുസ്ലിം സംസ്കൃതിയുടെ ചേരുവകൾ നിർണ്ണയിച്ചത്. ഇൽമും (അറിവ്) തസഫും (ആത്മവിശുദ്ധി) ഒരുപോലെ സമ്മേളിച്ച, ശരീഅത്തും ത്വരീഖത്തും സമന്വയിപ്പിച്ചു മാതൃകാജീവിതം നടത്തിയ പണ്ഡിതന്മാരെയാണ് മുസ്ലിം സമൂഹം എന്നും അവരുടെ ആത്മീയ നായകരായി കാണുന്നത്. ഇസ്ലാമിക സാമൂഹിക ജീവിതത്തിന്റെ വളർച്ചയിലും വികാസത്തിലും രൂപപരിണാമങ്ങളിലും ഈ ആത്മീയ നേതൃത്വത്തിന് അവരെ വളർത്തിയെടുക്കുന്ന പണ്ഡിതകുടുംബങ്ങൾ, വിജ്ഞാനകേന്ദ്രങ്ങൾ, പണ്ഡിത സഭകൾ, ആത്മീയ വഴികൾ എന്നിവക്കുള്ള പങ്ക് നിസ്തുലമാണ്.
കേരളത്തിലേയും തമിഴ്നാട്ടിലെയും ഇസ്ലാമിക സംസ്കൃതിയിൽ അറേബ്യൻ-ഇസ്ലാമിക നാഗരികതയുടെ പ്രചാരകരായി മഖ്ദൂം പണ്ഡിത കുടുംബം നിറഞ്ഞ് നിന്നതും, ഇൽമ്, തസവുഫ് സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ഇസ്ലാമിക ജീവിതാവിഷ്കാരത്തിനും പഠനരീതിക്കും അവർ നേതൃത്വം നൽകിയതും ഈ വീക്ഷണത്തെ ശരിവെക്കുന്നു. പൊന്നാനി കേന്ദ്രമാക്കി നൂറ്റാണ്ടുകളോളം നടന്ന് വന്ന അധ്യാപനം അധ്യയനസര്യ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്ഷയിച്ചു പോയെങ്കിലും 1921 ലെ അരക്ഷിതാവസ്ഥക്ക് ശേഷം പുനരുദ്ധരിക്കപ്പെട്ട മുസ്ലിം ബൗദ്ധിക ജീവിതത്തിലും വൈജ്ഞാനിക സംരഭങ്ങളിലും ഈ മഖ്ദൂം പാരമ്പര്യത്തിന്റെ വ്യാപക സ്വാധീനം പ്രകടമാണ്. ഉത്തരേന്ത്യയിൽ വ്യാപിച്ച പേർഷ്യൻ-ഇസ്ലാമിക സംസ്ക്കാരത്തെ ചിട്ടപ്പെടുത്തുന്നതിലും നൂറ്റാണ്ടുകളോളം ഇസ്ലാമിക വൈജ്ഞാനിക ഉൽപാദന-വിതരണത്തിന്റെ ഗതിയും രൂപവും നിയന്ത്രിക്കുന്നതിലും ഇതേപോലെ പങ്ക് വഹിച്ചവരാണ് ഫറങ്കി മഹൽ പണ്ഡിത കുടുംബം. ദയൂബന്തി-ബറേൽവി- അഹ്ലേ ഹദീസ്, ജമാഅത്ത് തുടങ്ങിയ ചിന്താധാരകളുടെ കുടക്കീഴിലാണ് ഇന്ന് ഉത്തരേന്ത്യയിലെ മതവിദ്യാഭ്യാസം നിലകൊള്ളുന്നതെങ്കിലും ഇവിടങ്ങളിലെല്ലാം ഫറങ്കി മഹൽ പണ്ഡിതരുടെയും അന്ന് രൂപം നൽകിയ നിളാമി സിലബസിന്റെയും സ്വാധീനങ്ങൾ കാണാവുന്നതാണ്.
11-ാം നൂറ്റാണ്ടുമുതൽ മലേഷ്യയിൽ പ്രചാരം നേടിയ തർക്ക-തത്വ ശാസ്ത്രങ്ങളും ബൗദ്ധിക ചർച്ചകളും ഇന്ത്യയിലെ ഇസ്ലാമിക പഠന സംവിധാനത്തിൽ ലയിപ്പിച്ചത് ഈ പണ്ഡിതകുടുംബമാണ്. കേരളത്തിലെ മതവിദ്യാമേഖലയിൽ വരെ “മഅ്ഖൂലാത്ത്’ ജ്ഞാന ശാഖകൾ പ്രചരിക്കുന്നതിൽ കാരണക്കാരായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാൻ, പേർഷ്യൻ രാജ്യങ്ങളടക്കം ഇന്ത്യയിൽ ഇങ്ങ് മദ്രാസ് വരെ വ്യാപിച്ചുകിടന്ന ഒരു വിദ്യാഭ്യാസ പ്രക്രിയക്ക് പിന്നിൽ പ്രവർത്തിച്ച ഈ പണ്ഡിത കുടുംബത്തെ കുറിച്ചുള്ള ഒരന്വേഷണം ആണ് ഈ ലേഖനം.
ലോകത്തെ ഇസ്ലാമിക നാഗരിക വളർച്ചയെ പഠനവിധേയമാക്കിയ സമൂഹ ശാസ്ത്രജ്ഞരുടെ അറബ്-ഇസ്ലാമിക സംസ്കാരം, പേർഷ്യൻ-ഇസ്ലാമിക സംസ്കാരം എന്ന രണ്ട് രീതിയിലുള്ള വിലയിരുത്തലിൽ രണ്ടാമത്തെതിന്റെ വികാസത്തിന്റെ ചരിത്രമാണ് ഫറങ്കി മഹൽ ചരിത്രത്തിന്റെ ആമുഖം. പടിഞ്ഞാറ് ഈജിയൻ-യൂഫ്രട്ടീസ് മുതൽ കിഴക്ക് ബംഗാൾ ഉൾക്കടൽ ചൈനയിലെ ശിംഗ്ചിയാഗ് വടക്ക് റഷ്യൻ മലനിരകൾ തെക്ക് ഇന്ത്യാസമുദ്രം വരെയുള്ള ഭൂപ്രദേശങ്ങളിലാണത്രെ പേർഷ്യൻ ചുവയുള്ള, വ്യവസ്ഥാപിത ഭരണസംവിധാനങ്ങളുടെ പിന്തുണയുള്ള പേർഷ്യൻ-ഇസ്ലാമിക സംസ്കാരം രൂപംകൊണ്ടത്. ബുഖാറ, ഇസ്ഫഹാൻ, ബഗ്ദാദ് തുടങ്ങിയ ഒട്ടനേകം മധ്യേഷ്യൻ നഗരങ്ങൾ നാഗരിക കലകളുടെയും ഉയർന്ന ചിന്തയുടെയും സിരാകേന്ദ്രങ്ങളായി മാറിയ 9-13 നൂറ്റാണ്ടുകൾക്കിടയിലാണ് ഈ സംസ്കാരം വികസിക്കുന്നത്. 11-ാം നൂറ്റാണ്ട് മുതലെ ഇന്ത്യൻ നഗരങ്ങളിലെ അഭ്യസ്ത വർഗ്ഗവും മധ്യ-പശ്ചിമേഷ്യയിലെ ഇറാനി-തുർക്കി വംശജരും ഒരേ നാരഗിക സംസ്കാരം പങ്ക്വെക്കാൻ തുടങ്ങിയിരുന്നു. ലാഹോറിലും ദൽഹിയിലും ജോൺപൂരിലും ബീജാപൂരിലും താമസിച്ചിരുന്നവർ, ഹെറാത്ത്, ശീറാസ്, സമർഖന്ത്, ഇസ്തബുൾ തുടങ്ങിയയിടങ്ങളിലെ ജനങ്ങളുടെ അതേ ഭാഷ സംസാരിക്കുകയും അവർ വായിച്ചിരുന്ന അതേപുസ്തകങ്ങൾ വായിക്കുകയും ഒരേതരം കവിതകളും കലകളും ആസ്വദിക്കുകയും ഒരേ നിയമങ്ങൾ പിന്തുടരുകയും ഒരേമൂല്യങ്ങളെ മഹത്വവൽക്കരിക്കുകയും ചെയ്തിരുന്നു. തുർക്കിയിലെ ഉസ്മാനിയാ ഖിലാഫത്ത്, ഇറാനിലെ നംവീദ് ഭരണകൂടം, ഇന്ത്യയിലെ മുഗൾ സാമ്രാജ്യം – ഏകദേശം ഒരേകാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഈ മൂന്ന് ഭരണസംവിധാനങ്ങളും വൈജ്ഞാനിക-കലാ-സാംസ്കാരിക -ബൗദ്ധിക വികാസങ്ങൾക്ക് അവർ നൽകിയിരുന്ന പ്രോത്സാഹനവുമാണ് ഉന്നത സംസ്കൃതിയുടെ (high culture) ഈ പങ്ക് വെക്കലിന് പ്രേരകം.
പരസ്പരം കൊള്ളകൊടുക്കലുകൾ ധാരാളം നടത്തിയ ഈ മൂന്ന് സാമ്രാജ്യങ്ങളിലും പണ്ഡിതരും വിജ്ഞാനകുതുകികളും നാനാ ദിക്കുകളിൽ യാത്രചെയ്യുകയും കൂടുതൽ ഭരണപിന്തുണ കിട്ടിയ ഇടങ്ങളിൽ താമസിക്കുകയും ചെയ്തു. 17-ാം നൂറ്റാണ്ടാകുമ്പോഴേക്കും ഇന്ത്യയിൽ ഉയർന്ന നിലവാരം കൈവരിച്ച ഇസ്ലാമിക വിദ്യാഭ്യാസ രീതി പരിശോധിച്ചാൽ തന്നെ ഈ തുർക്കി-പേർഷ്യൻ-മധ്യേഷ്യൻ ബന്ധം വ്യക്തമാവുന്നതാണ്. ഇന്ത്യയിലെ മതപഠന കേന്ദ്രങ്ങളിൽ അന്ന് ഉപയോഗികകപ്പെട്ടിരുന്ന ഏകദേശം എല്ലാ പുസ്തകങ്ങളും അവയുടെ വിശദീകരണങ്ങളും അനുബന്ധങ്ങളും 1100-1600 കൾക്കിടയിൽ ഇറാനിലോ മധ്യേഷ്യയിലോ എഴുതപ്പെട്ടതായിരുന്നു എന്നു കാണാം. അബ്ദുല്ലാഹിന്നസ്ഫി (2: 1135), ജലാലുദ്ദീൻ ദവ്വാനി തൈമൂറിന്റെ കൊട്ടാരത്തിലെ പണ്ഡിത കേസരികളായിരുന്നു. സഅ്ദുദ്ദീൻ തഫ്താസാനി (1322-89) സയ്യിദ് ശരീഫ് ജൂർജാനി (1331-1413), ഗ്രന്ഥരചയിതാക്കളുടെ ഒരു ചെറിയ ലിസ്റ്റ് തന്നെ ഈബന്ധം കാണിക്കുന്നു. ആത്മീയ വിദ്യയുടെ വഴികളിലും ഈ മധ്യേഷ്യൻ ബന്ധം മുഴച്ചു നിൽക്കുന്നുണ്ട്.
12-ാം നൂറ്റാണ്ടിന്നവസാനം ഹെറാത്തിനടുത്തുള്ള ഒരു പ്രദേശത്ത് നിന്നാണ് യുഗപ്രഭാവനായ ഖാജ മുഊനുദ്ദീൻ ചിശ്ത്തി അജ്മീരി ഇന്ത്യയിലെത്തിയത്. ഖാദിരിയ്യാ ത്വരീഖത്ത് ആദ്യമായി ഉത്തരേന്ത്യയിൽ പ്രചരിപ്പിച്ച മുഹമ്മദ് ഗൗസ് പേർഷ്യൻ-ഇസ്ലാമിക് ഭൂവിഭാഗങ്ങൾ മിക്കതും സഞ്ചരിച്ച ആളാണ്. 16-ാം നൂറ്റാണ്ടിന്നൊടുവിൽ മധ്യേഷ്യയിൽ നിന്നുവന്ന ഖാജാ ബാഖിബിയ്യയാണ് നഖ്ശബന്തി ത്വരീഖത്ത് പ്രചരിപ്പിക്കുന്നത്. ഇവരുടെയൊക്കെ മക്ത്തൂബാത്തുകളും മൽഫൂളാത്തുകളും എല്ലാം പേർഷ്യൻ ഭാഷയിലാണ് എഴുതപ്പെട്ടത്. പ്രമുഖ ആധ്യാത്മിക ഗുരു മുഹ്യുദ്ദീൻ ബ്നുൽ അറബിയുടെ മുഴുവൻ ചിന്തകളും പേർഷ്യൻ ഭാഷയിൽ ലഭ്യമായിരുന്നു. എന്ന് മാത്രമല്ല. റൂമി, ഹാഫിസ്, ജാമി, നിസാമി തുടങ്ങി കാലാദിവർത്തികളായ ഒരു പേർഷ്യൻ കവികളുടെയും വരികൾ ഇബ്നുൽ അറബിയുടെ ആശയങ്ങളില്ലാതെ പുറത്തിറങ്ങിയിരുന്നില്ല.
സമ്പന്നമായ ഈ ബൗദ്ധിക സാഹചര്യത്തിലാണ് ഫറങ്കിമഹൽ പണ്ഡിത കുടുംബം ഇന്ത്യയിലെ ഇസ്ലാമിക വിജ്ഞാനത്തിന്റെ ചൂക്കാൻ ഏറ്റെടുത്തത്. അഫ്ഗാനിലെ ഹെറാത്തിൽ ജീവിച്ചിരുന്ന ഉന്നതപണ്ഡിതനും ആത്മീയ ഗുരുവുമായിരുന്നു ഖാജാ അബ്ദുല്ലാഹിൽ അൻസാരി (1006-1088) യിലൂടെ മദീനയിൽ നബി (സ) യുടെ ആതിഥേയനായിരുന്ന അബൂഅബുൽ അൻസാരി (റ) യിലെത്തുന്നു ഇവരുടെ കുടുംബ പാരമ്പര്യം. ഇന്ത്യയിലേക്ക് ഇവർ കുടിയേറിയ കാലം കൃത്യമായി നിർണ്ണിതമല്ലെങ്കിലും ഉത്തരേന്ത്യയിലെ അറബ് പ്രവിശ്യയിലെ സിഹാലിയിൽ 14-ാം നൂറ്റാണ്ടായപ്പോഴാണ് ഇവർ താമസമാക്കിയതെന്ന് രേഖകൾ തെളിയിക്കുന്നു. ഖാജാ അബ്ദുല്ലായുടെ പിൻഗാമിയായിരുന്ന മുല്ലാഹാഫിസ എന്നവർ ഉന്നത പണ്ഡിതനായി മുഗൾ രാജാവ് അക്ബർ അംഗീകരിക്കുകയും 1559 ൽ ചക്രവർത്തി അദ്ദേഹത്തിന് ‘മദീദേ മആശ്’ ഗ്രാൻ്റ് നൽകുകയും ചെയ്തിരുന്നു. 1692-ൽ മുല്ലാഹാഫിസിന്റെ രണ്ടാം തല മുറയിലെ പൗത്രനും ഉന്നതജ്ഞാനിയുമായിരുന്ന മുല്ലാഖുത്ബുദ്ദീൻ ഭൂമിസംബന്ധമായ ഒരു തർക്കത്തിൽ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ ഗ്രന്ഥപ്പുര കത്തിക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ നാലു പുത്രന്മാർക്ക് അന്നത്തെ ചക്രവർത്തി ഔറം ഗസേബ്) നഷ്ടപരിഹാരം നൽകുകയും ഗ്രാൻ്റ് അനുവദിക്കുകയും ലഖ്നോവിൽ ഒരു ഫ്രഞ്ച് കച്ചവടക്കാരൻ നിർമ്മിച്ചിരുന്ന മനോഹരമായ കെട്ടിടം അവർക്ക് ദാനം നൽകുകയും ചെയ്തു. ഫറങ്കി മഹൽ എന്ന് ഈ പണ്ഡിത കുടുംബത്തിന് പേര് വന്നത് ഈ കെട്ടിടത്തിലേക്ക് ചേർന്നാണ്. സിഹാലിയിൽ നിന്നു 1695 ലാണ് ഇവർ ഫറങ്കി മഹലിലേക്ക് താമസം മാറുന്നത്.
മുല്ലാഖുതുബുദ്ദിന്റെ മക്കളും പിൻഗാമികളും ഫറങ്കി മഹലിനെ തെക്കേഷ്യയിലെ ഇസ്ലാമിക വൈജ്ഞാനിക തലസ്ഥാനമാക്കി മാറ്റുകയും ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ, അറേബ്യ, ചൈനയിൽ നിന്ന് വരെ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുകയും ചെയ്തു. ഖുതുബുദ്ദിന്റെ മൂന്നാമത്തെ പുത്രൻ മുല്ലാ നിസാമുദ്ദീൻ ആണ് ഫറങ്കി മഹലുകാരുടെ പ്രശസ്തി ഏറ്റവും ഉയർത്തിയത്. ലഖ്നോയുടെ പുറത്ത് നിന്ന് വന്നവർ ഫറങ്കി മഹലും കെട്ടിടത്തിലും തൊട്ടടുത്ത തിലാഅ് പള്ളിയിലും താമസിച്ചു പഠിച്ചു. നഗരത്തിലെ ഈ പള്ളിയിൽ 700 ഓളം ആളുകൾക്ക് താമസിക്കാൻ റൂമുകളുണ്ടായിരുന്നുവെന്ന് ചരിത്രം. അന്നൊന്നും ഒരു കേന്ദ്രീകൃത സ്ഥാപനത്തിന്റെ രൂപം അതിനുണ്ടായിരുന്നില്ല. കുടുംബത്തിലെ ഓരോ പണ്ഡിതരും തങ്ങളുടെ അടുത്തെത്തുന്ന വിദ്യാർത്ഥികൾക്ക് ക്രമപ്രകാരം -പൊന്നാനി പാരമ്പര്യത്തിലുള്ളത് പോലെ- കിതാബുകൾ ചൊല്ലിക്കൊടുത്തു. 20-ാം നൂറ്റാണ്ടിലാണ് കുടുംബത്തിലെ അവസാന തലമുറയിലെ ഏറ്റവും പ്രസിദ്ധ പണ്ഡിതൻ മുല്ലാ അബ്ദുൽ ബാരി ഒരു മദ്രസാ രൂപത്തിന് വേണ്ടി പരിശ്രമിച്ചത്. 1905 മുതൽ 1960 കൾ വരെ നിലനിന്ന മദ്രസായെ ആലിയ്യ നിസാമിയും സ്ഥാപിച്ചു. ഫറങ്കി മഹൽ തങ്ങളുടെ തട്ടകമായി നിലനിർത്തികൊണ്ട് തന്നെ മുല്ലാഖുതുബുദ്ദീന്റെ വിവിധ പിൻഗാമികൾ വ്യത്യസ്തയിടങ്ങളിൽ വൈജ്ഞാനിക സേവനാർത്ഥം സഞ്ചരിച്ചു. അബ്ദുൽ ബാരി, അബ്ദുൽ ബാഖി (ജ: 1869) എന്നവരെ പോലുള്ളവർ മദീനയിൽ വരെ ദർസുകൾ നടത്തി. പണ്ഡിതനും തർക്കശാസ്ത്രജ്ഞനുമായിരുന്ന മുല്ലാ ഹസൻ (1794) യുപിയിലെ റാംപൂരിൽ ഒരു ഉന്നത കലാലയ കേന്ദ്രം സ്ഥാപിച്ചു. മലിക്കുൽ ഉലമ മുല്ലാ ഹൈദർ (1840) ഹൈദരാബാദിലെത്തുകയും അവിടെ നിളാമിയ്യ കോളേജിന് അടിത്തറയിടുകയും ഇന്ത്യയിലെ ഏറ്റവും ശക്തമായ മുസ്ലിം ഭരണത്തിന്റെ പിന്തുണ ഫറങ്കി മഹല്ലുകാർക്ക് നേടിക്കൊടുക്കയും ചെയ്തു. മുല്ലാ അബ്ദുൽ അലി ബഹ്റുൽ ഉലൂം (മ: 1810) തന്റെ 60 വർഷത്തെ ജീവിതത്തിന്നിടയിൽ ലഖ്നോ, ഷാജഹാൻപൂർ, ശാംപൂർ, ബുഹാർ എന്നിവിടങ്ങളിൽ പഠിച്ചതിന് ശേഷം മദ്രാസിലെത്തുകയും തെക്കേന്ത്യയിലെ ഇസ്ലാമിക വിജ്ഞാനത്തെ പുനരുദ്ധരിക്കുകയും ചെയ്തു. വെല്ലൂരിലെ ബാഖിയാത്തിലും ലത്തീഫിയ്യയിലുമൊക്കെ ബലാഗ, മൻഥിഖ്, അഖീദ, കലാം, ഫൽസഫ, ഗോളശാസ്ത്രം തുടങ്ങിയ ‘മഅ്ഖുലാത്ത്’ (rational science) സ്ഥാനം പിടിക്കുന്നത് ഈ വിധത്തിലാണെന്ന് ചരിത്രനിരീക്ഷണം.
പോയ സ്ഥലങ്ങളിലെല്ലാം ഫറങ്കിമഹൽ പണ്ഡിതർ തങ്ങളുടെ ‘ദർസെ നിസാമി’ കരിക്കുലം പ്രചരിപ്പിച്ചു. മുല്ലാ നിസാമുദ്ദീൻ എന്നവരാണ് ഈ സിലബസ് തയ്യാറാക്കിയത്. ഓരോ വിഷയത്തിലേയും ഏറ്റവും ബുദ്ധിമുട്ടുള്ള ഗ്രന്ഥങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുക. അത് വഴി അവനെ അഗാധമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും 16-17 വയസ്സാകുമ്പോഴേക്കും വളരെ ഉത്തമമായ നിലവാരത്തിൽ കോഴ്സ് പൂർത്തിയാക്കാൻ അവരെ പാകമാക്കുകയും ചെയ്യുക എന്നതായിരുന്നു ദർസെ നിസാമിയുടെ പിന്നിലെ ലക്ഷ്യം. പഠനത്തിലും മനനത്തിലും അതീവ വേഗത കൈവരിക്കാൻ നിസാമി സിലബസിലൂടെ വിദ്യാർത്ഥികൾക്ക് സാധിച്ചത് കൊണ്ടാണ് ഈ പഠനരീതി ഇന്ത്യയിലാകമാനം പെട്ടെന്ന് വ്യാപിക്കാൻ കാരണമായത്. 1840 കളിൽ ഭരണഭാഷ പേർഷ്യനിൽ നിന്ന് ഇംഗ്ലീഷിലേക്കാകും വരെ ദർസെ നിസാമിയിൽ കോഴ്സ് പൂർത്തീകരി ച്ചവർക്ക് അഡ്മിനിസ്ട്രേറ്റീവ് മേഖലയിൽ ഉയർന്ന ഉദ്യോഗങ്ങളാണ് ലഭിച്ചിരുന്നത്. 1820 കളിൽ വാറൻ ഹേസ്റ്റിംഗ് പ്രഭു ആരംഭിച്ച കൽക്കത്താ മദ്രസയിൽ പോലും നിസാമി സിലബസ് സ്വീകരിക്കാൻ കാരണം അത് വിദ്യാർത്ഥികളിലുണ്ടാക്കിയ ബൗദ്ധിക വികാസമായിരുന്നുവെന്ന് തെക്കേഷ്യൻ ചരിത്രകാരൻ ഫ്രാൻസിസ് റോബിൻസൺ പറയുന്നു. മലേഷ്യൻ പണ്ഡിതരായ തഫ്താസാനി, ജൂർജാനി പേർഷ്യക്കാരായ ദവ്വാനി, മുല്ലാസദ്റ എന്നിവരുടെ ബൗദ്ധിക സ്വാധീനങ്ങളുടെ ഫലമായി ഹറങ്കി മഹലുകൾ വികസിപ്പിച്ച പഠന ക്രമത്തിൽ കാണാതെ പഠിക്കുന്ന രീതിയെ നിരുത്സാഹപ്പെടുത്തി കാര്യങ്ങളെ വിശകലനം ചെയ്തും തർക്കിച്ചും വാദപ്രതിവാദം നടത്തിയും ചിന്തകൾ ഉപയോഗപ്പെടുത്തിയും പഠിക്കുന്ന രീതിയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. 1857 ലെ ഒന്നാം സ്വാതന്ത്യസമരത്തിന് ശേഷം ഉത്തരേന്ത്യൻ മുസ്ലിംകളുടെ അവസ്ഥകളിൽ കാതലായ മാറ്റങ്ങൾ വന്നെങ്കിലും, അഖീഗർ മൂവ്മെന്റിലൂടെ ഭൗതിക വിദ്യാഭ്യാസം വളരുകയും ദയൂബന്തിലെ ദാറുൽ ഉലൂം, ലഖ്ദനോയിലെ നദ്വത്തുൽ ഉലമാ അവയുടെ ചുവട് പിടിച്ച് ഉയർന്നുവന്ന അനേകം സ്ഥാപനങ്ങൾ, 20-ാം നൂറ്റാണ്ടിലുടനീളം ദയൂബന്തി-ബറേൽവി-അഹ്ലേ ഹദീസ്- ജമാഅത്തെ ഇസ്ലാമി- ചിന്താധാരകൾക്ക് കീഴിൽ അണിനിരന്ന് പൊട്ടിമുളച്ച അനേകം മദ്രസകൾ ഇവയിലൂടെ മതവിദ്യാഭ്യാസവും പുനരുത്ഥാനം നേടുകയും ചെയ്തെങ്കിലും എല്ലാറ്റിനും പിന്നിൽ 400 വർഷത്തോളം നീണ്ട നിലക്കാത്ത ഫറങ്കി മഹൽ പണ്ഡിത പാരമ്പര്യം കാണാവുന്നതാണ്. 18-ാം നൂറ്റാണ്ടിന്റെയവസാനത്തിൽ ജീവിച്ച ഗുലാം അലി ആസാദ് ബിൽ ഗ്രാമി പറഞ്ഞു: “ഇന്ത്യയിലെ മതവിദ്യയുടെ എല്ലാ ചങ്ങലകളും ചെന്ന് ചേരുന്നത് മുല്ലാ ഖുതുബുദ്ദീൻ സിഹാൽവിയിലാണ്.” 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിഖ്യാത ചിന്തകൻ അല്ലാമാ ശിബ് ലി നുഅ്മാനി പറഞ്ഞു: “കൽക്കത്ത മുതൽ പെഷവാർ വരെയുള്ള സകല വിദ്യാഭ്യാസ കേന്ദ്രങ്ങളും ദർസെ നിസാമിയുടെ അനുബന്ധങ്ങളാണ്.”
ബൗദ്ധിക ശാസ്ത്രങ്ങൾക്ക് നിസാമി സിലബസ് അമിത പ്രാധാന്യം കൊടുത്തതിൽ ചില പണ്ഡിതർക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഹദീസ് തഫ്സീർ പോലെയുള്ള ‘മൻഖൂലാത്ത്’ വിജ്ഞാനശാഖകൾക്ക് വേണ്ടത്ര പ്രാധാന്യം കൽപ്പിക്കുന്നില്ല എന്നതായിരുന്നു അവരുടെ പരാതി. ഹദീസ് പഠനത്തിന് ഒരു പുത്തനുണർവ്വ് നൽകുന്നതിൽ ഈ ചിന്താധാര വിജയിച്ചു. ദൽഹിയിലെ അബ്ദുൽ ഹഖ് (1551-1642) എന്നവർ ഹിജാസിൽ പോവുകയും ഹദീസ് ശാസ്ത്രശാഖകളിൽ അവഗാഹം നേടുകയും ഇന്ത്യയിലെ ഇസ്ലാമിക പഠന മേഖലയിൽ ഈ ശാഖകൾക്ക് പുതുജീവൻ നൽകുകയും ചെയ്തു. ദൽഹിയിൽ ശാഹ് അബ്ദുൽ രഹീം എന്ന വിഖ്യാത പണ്ഡിതൻ സ്ഥാപിച്ച റഹീമിയ്യ മദ്രസ അബ്ദുൽ ഹഖ് മുഹദ്ദീസു ദ്ദഹ്ലവി യുടെ ഈ പാതയാണ് പിന്തുടർന്നത്. നിസാമി സിലബസിലെ മൻഥിഖും ഫിലോസഫിയുമൊക്കെ ഇവിടെയും പഠിപ്പിക്കപ്പെട്ടെങ്കിലും ഖുർആൻ ഹദീസ് പഠനങ്ങൾക്കായിരുന്നു പ്രാമുഖ്യം. റഹീം ദഹ്ലവിയുടെ പ്രശസ്ത പുത്രൻ ശാഹ് വലിയുല്ലാഹി ദഹ്ലവി ഈ പഠനരീതിക്ക് കൂടുതൽ പ്രചാരം നൽകി. സൂഫിവര്യനും കൂടിയായിരുന്ന അദ്ദേഹത്തിന്റെ ദഹ്ലവി പണ്ഡിതകുടുംബ പാരമ്പര്യവും ഫറങ്കി മഹൽ പാരമ്പര്യത്തോടൊപ്പം ഉത്തരേന്ത്യൻ മദ്രസകളുടെ പുതിയ രൂപങ്ങളിൽ കാണാവുന്നതാണ്.
വർത്തമാന കാലത്തെ സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ ഇസ്ലാമിക കലാലയമായ ദയൂബന്ത് ദാറുൽ ഉലൂം ദഫലവി വിജ്ഞാനപാതയാണ് പിന്തൂർന്നത്. ഫറങ്കിമഹൽ സിലബസിലെ മിശ്കാത്തുൽ മസാബീഹിനപ്പുറം സിഹാഹുസ്സിത്തയുടെ ദൗറ ഫറങ്കിമഹൽ സിലബസിലെ ഹനഫീ ഫിഖ്ഹ് പാരമ്പര്യവും വിളക്കി ചേർത്താണ് ദയൂബന്ത് പാഠ്യപദ്ധതി രൂപപ്പെടുത്തിയത്.
അധ്യാപനത്തോടൊപ്പം ഗ്രന്ഥരചനയിലും ഫറങ്കി മഹലുകാർ പ്രാവീണ്യം തെളിയിച്ചു. ഇസ്ലാമിക വൈജ്ഞാനിക ശാഖകളിലെ വിവിധ മേഖലകളിലായി എഴുനൂറോളം ഗ്രന്ഥങ്ങൾ ഈ പണ്ഡിത കുടുംബത്തിന്റെ വകയായുണ്ട്. 1810 ൽ അന്തരിച്ച മുല്ലാ മൂഖിനും 111 പുസ്തകങ്ങൾ രചിച്ച മുല്ലാഅബ്ദുൽബാരി (മ: 1925) യും ആണ് ഇവരിൽ പ്രമുഖർ. മിക്ക രചനകളും മറ്റു ഗ്രന്ഥങ്ങളുടെ ശറഹുകളോ ഹാശിയകളോ ശറഹിന്റെ ശറഹുകളോ ആയിരുന്നെങ്കിലും സിബ്ത്തുല്ലാ ശഹീദിന്റെ സാറുൽ മുദരിസീൻ പോലെ ജിവിത ചരിത്രങ്ങളും കവിതാസമാഹരണങ്ങളും ആധ്യാത്മിക പ്രാസ്ഥങ്ങളും ഇവരുടെ രചനകളിൽ കാണാവുന്നതാണ്. ഏഴ് വാള്യങ്ങളുള്ള ഖുർആൻ തഫ്സീർ മുതൽ “അദബുസ്സലാത്തീൻ’ എന്ന ഭരണസംവിധാനത്തെ കുറിച്ചുള്ള വിവരണം വരെ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്ത് മുല്ലാ വലിയുല്ലാ (മ. 1853) നൂറ്റാണ്ടുകളായി തർക്കശാസ്ത്രം പഠിക്കുന്നവരുടെയിടയിൽ പ്രചാരം നേടിയ മുഹിബുല്ല ഹിൽബീഹാരിയുടെ സുല്ലമുൽ ഉലൂമിന് ശറഹ് എഴുതിയ മുല്ല ഹസൻ ഫറങ്കി മഹലി, മൗലാനാ ജലാലുദ്ദീൻ റൂമിയുടെ മസ്നവിക്ക് വിശദീകരണം നൽകിയ മുല്ലാ ബഹ്റുൽ ഉലൂം ഫറങ്കിമഹൽ കുടുംബത്തിന്റെ ആത്മീയ ശൈഖായിരുന്ന ബൻസായിലെ അബ്ദുർറസാഖ് (മ: 1723) എന്നവരെക്കുറിച്ച് മനോഹരമായ ജീവചരിത്ര ഗ്രന്ഥമെഴുതിയ മുല്ലാ നിസാമുദ്ദീൻ, അറബിയിൽ മാത്രം അനേകം ഗ്രന്ഥങ്ങൾ ചേചിക്കുകയും ലഖ്നോയെ തന്റെ പേരിലുള്ള പട്ടണമായി അറിയപ്പെടാൻ മാത്രം സേവനങ്ങൾ ചെയ്യുകയും ചെയ്ത മുല്ലാ അബ്ദുൽ ഹയ്യ് (മ: 1886) എന്നിവരെല്ലാം ഫറങ്കി മഹൽ കുടുംബത്തിലെ ഗ്രന്ഥകാരാണ്.
ഹറങ്കി മഹലുകാർ പണ്ഡിതന്മാർ എന്നതിലപ്പുറം അധ്യാത്മിക നേതാക്കൾ കൂടിയായിരുന്നു. തങ്ങളുടെ മുൻഗാമികളായ പണ്ഡിതരുടെയും ആത്മീയ നായകരുടെയും മഖ്ബറകൾ സ്ഥിരമായി സിയാറത്ത് ചെയ്യുകയും മുടങ്ങാതെ ഉറുസുകൾ സംഘടിപ്പിക്കുകയും പരലോക മോക്ഷം മാത്രം കാംശിച്ച് ജീവിച്ച പൂർവ്വികരുടെ വിശുദ്ധവും കറപുരളാത്തതുമായ ജീവിതത്തിലെ ഏടുകൾ തലമുറകളിലൂടെ അവർ പകർന്ന് കൊടുക്കുകയും ചെയ്തു. ലഖ്നോയിലെ മുല്ലാനിസാമുദ്ദീന്റെ മഖ് സന്ത പട്ടണത്തിലെ മറ്റൊരു സ്ഥലത്ത് മൗലാനാ അൻവാറുൽ ഹഖിന്റെ മഖ്ബറ രണ്ടിനോട് ചേർന്ന് കിടക്കുന്ന കുടുംബത്തിലെ മഹത്തുക്കളുടെ അനേകം ഖബ്റുകൾ -മാനസികാശ്വാസം തേടിയും പുണ്യം തേടിയും ഓരോ ഫറങ്കി മഹൽ പണ്ഡിതനും ഇവിടങ്ങളിൽ സിയാറത്തുകൾ നടത്തിപ്പോന്നു.
കുടുംബത്തിലെ മിക്കവരും തങ്ങളുടെ ആത്മീയ നേതാവായി ബൈഅത്ത് ചെയ്തിരുന്ന ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖായ അബ്ദുൽ റസാഖ് എന്നവരുടെ ബൻസ യിലെ (ലഖ്നോയിൽ നിന്ന് 30 കിലോമീറ്റർ ദൂരെ) ഖബറിടത്തിൽ ഫറങ്കി മഹലുകാർ കാവൽ വെളിച്ചമായി അദ്ദേഹത്തെ കാണുകയും ചെയ്തിരുന്നു. 20-ാം നൂറ്റാണ്ടായപ്പോഴേക്കും ഇന്ത്യയിലെ ആത്മീയസരണികളുടെ പ്രമുഖ സ്ഥാനത്തൊക്കെ ഫറങ്കി മഹൽ പണ്ഡിതരെത്തുകയും വിവിധ ത്വരീഖത്തുകളുമായി ബന്ധപ്പെട്ടു ജീവിക്കുന്നവരേയും അവരുടെ മക്കളെയുമൊക്കെ ആലിയ നിസാമിയ മദ്രസയിൽ പഠിപ്പിക്കുകയും ചെയ്തവർ ആസരണിയിൽ അവസാനത്തെ പ്രമുഖരായിരുന്ന മുല്ലാ അബ്ദുൽ ബാരിയുടെ ആത്മീയ ശിഷ്യഗണത്തിൽ ഉന്നത ഭൂമിഹാർമാർ മുതൽ മുഹ മ്മദലി ശൗക്കത്തലി സഹോദരങ്ങളെപ്പോലെയുള്ള രാഷ്ട്രീയക്കാർ, അജ്മീറിലെ ചിശ്ത്തി ദർഗ്ഗയിലെ കൈകാര്യകർത്താക്കൾ വരെ അംഗങ്ങളുമായിരുന്നു. ഇന്ത്യയിലെ ആത്മീയ സരണികളെ പുനരുദ്ധരിക്കുന്നതിന് 1916- ൽ അജ്മീറിൽ വെച്ച് നടന്ന ബസ്മു സൂഫിയായെ ഹിന്ദ് എന്ന മഹൽ സംഗമത്തിന് മുഖ്യ കാർമികത്വം നൽകിയത് മുല്ലാ അബ്ദുൽ ബാരിയായിരുന്നു.
വിഖ്യാത പണ്ഡിതനായിരുന്ന മുല്ല അബ്ദുൽ ഹയ്യ് (1848-56) ബൻസയിലെ തങ്ങളുടെ ആത്മീയ ഗുരുവിന്റെ ഖബറിടം സിയാറത്ത് ചെയ്യാനും ഇമാം ഗസ്സാലിയുടെ അമൂല്യ തസവുഫ് ഗ്രന്ഥം ഇഹ്്യ പഠിക്കാനും തന്റെ ശിഷ്യരുടെ ബന്ധുക്കളോടും വസിയ്യത്ത് ചെയ്തിരുന്നു. ബൻസയിലെയും ലഖ്നോയിലെ രണ്ടിടങ്ങളിലേയും മഖ്ബറകൾക്ക് പുറമെ മദ്രാസിലെ വലജാഹി പള്ളിയിലുള്ള മൗലാനാ അബ്ദുൽ അലി ബഹ്റുൽ ഉലൂമിന്റെ മഖ്ബറക്ക് അദ്ദേഹത്തോടുള്ള ആത്മീയ ബന്ധങ്ങൾക്കും ഫറങ്കി മഹൽ പണ്ഡിതർ വലിയ സ്ഥാനമാണ് കൽപിച്ചിരുന്നത്. മൂന്ന് ആത്മീയസരണികളിലാണ് പ്രധാനമായും ഫറങ്കിമഹലുകാർ ബൈഅത്ത് ചെയ്തിരുന്നത്.
സയ്യിദ് അബറുർറസാഖിയുടെ ഖാദിരിയ്യ, സാഫിപൂരിലെ ശാഹ്ഖുദ്റത്തുള്ള നിസാ മങ്ങളിൽ നിപുണനായിരുന്ന ശൈഖ് മുഹിബുല്ല അലഹാബാദി എന്നവരിലേക്കും ചിശ്തി-സ്വാബിരി എന്നിവയാണവ. വെറും അധ്യാപകരും മുഫ്തികളുമായി ജീവിച്ചവർ, ആത്മീയതയിൽ മാത്രം അഭയം തേടിയവർ, ആത്മീയ സരണിയും ഉന്നത പാണ്ഡിത്യവും ഒന്നിച്ചു കൊണ്ടുവന്നവർ എന്നീ മൂന്ന് വിധത്തിൽ ഫറങ്കി മഹൽ കുടുബങ്ങളെ കാണാം. ഇവരിൽ മുല്ലാനിസാമുദ്ദീൻ, മുല്ലാഖുതുബുദ്ദീൻ, മുല്ലാ അസൽ ബാരി, മുല്ലാ അബ്ദുൽ അലിബഹ്റുൽ ഉലൂം തുടങ്ങിയ മൂന്നാം വിഭാഗത്തിൽ പെട്ട പണ്ഡിതരായിരുന്നു ഏറ്റവും വിഖ്യാതരായതും ആത്മീയനായകരായി വളർന്നതും പൊതു സമൂഹത്തിന്റെ ഇടയിൽ ഏറ്റവും ആദരവ് നേടിയതും എന്നത് ‘ഇൽമ്’- തസവുഫ് എന്നിവ സമ്മേളിച്ച പണ്ഡിതർക്ക് എല്ലാ കാലത്തും എല്ലായിടത്തും പൊതുസമൂഹം നൽകിയ സ്വീകാര്യതയെ സൂചിപ്പിക്കുന്നു.
അറിവ് നുകരുന്നതിലും പകരുന്നതിലും അവർകാണിച്ച അത്യുത്സാഹം, ആദ്ധ്യാത്മിക വിജ്ഞാനം പ്രചരിപ്പിക്കുന്നതിൽ അവർ സ്വീകരിച്ച മാർഗ്ഗങ്ങൾ, ജീവിതത്തിൽ അങ്ങേയറ്റത്തെ വിശുദ്ധി സൂക്ഷിക്കാനും വളരെ നിസ്സാര കാര്യങ്ങൾ പോലും അല്ലാഹുവിന്റെയും റസൂലിന്റെയും ഇഷ്ടം മാത്രം നോക്കിയുള്ള പ്രവർത്തനരീതി തലമുറകളിലൂടെ ഫവങ്കി മഹൽ പണ്ഡിതന്മാർ കൈമാറിവന്ന ഈ മാതൃകാ ചിട്ടയാണ് ഒരർത്ഥത്തിൽ 300 വർഷത്തോളം ഇന്ത്യയിലെ ഇസ്ലാമിക വിദ്യാ പ്രസരണത്തിന്റെ കടിഞ്ഞാൺ ഈ കുടുംബത്തിന്റെ കയ്യിൽ ഭദ്രമായിരിക്കാൻ കാരണമായതും രാജാക്കന്മാർ, നവാബുമാർ, സമ്പന്നർ, ഉന്നത കുടുംബാംഗങ്ങൾ മുതൽ വളരെ സാധാരണക്കാർ വരെയുള്ളവരുടെ അകമഴിഞ്ഞ പിന്തുണയും സ്നേഹവും അവർക്ക് നേടിക്കൊടുത്തതും. 3000ത്തോളം അമൂല്യ ഗ്രന്ഥങ്ങൾ തേടിപ്പിടിച്ച് തന്റെ ഗ്രന്ഥപുരയിൽ ദാഹം തീരാതെ വിദ്യാസപര്യയിൽ ഏർപ്പടുകയും തന്റെ മരണദിവസം അവശനായിട്ടുപോലും മുടക്കമില്ലാതെ ശിഷ്യഗണങ്ങൾക്ക് ക്ലാസെടുത്ത് കൊടുക്കുകയും വൈജ്ഞാനികമായ തന്റെ സംശയങ്ങൾ തീർക്കാൻ എത്ര ചെറിയ ആളുടെ അടുത്ത്പോലും പോകാൻ മടികാണിക്കാതിരിക്കുകയും ചെയ്ത മദ്റസ ആലിയ നിസാമിയ്യയുടെ പ്രിൻസിപ്പൽ മൗലാനാ ഇനായത്തുള്ള…, 50,000ത്തിലധികം ഹദീസുകൾ ഹൃദ്യസ്ഥമാക്കിയിരുന്ന സൂഫിവര്യരായ മൗലാനാ അബ്ദുർറസാഖ്…, വലാജയിലെ നവാബ് നൽകിയ 100 രൂപ സ്റ്റൈപൻ്റിൽ നിന്നും 40 രൂപ മാത്രം തന്റെ കുടുംബത്തിന് കൊടുത്തു ബാക്കി മുഴുവനും തന്റെ കൂടെ ഭോപ്പാലിൽ നിന്ന് മദ്രാസിലേ ട്രെയിൻ കയറിയ 400ഓളം വിദ്യാർഥികളുടെ ആവശ്യങ്ങൾക്ക് ചെലവഴിച്ച മുല്ല അബ്ദുൽ അദീ ബഹ്റൂൽ ഉലൂം, യാതൊരു പ്രതിഫലവും വാങ്ങാതെ (ലാഭേച്ഛയില്ലാതെയും ശമ്പളം പറ്റാതെയും വിദ്യാപ്രസരണത്തിൽ വ്യാപൃതരായിരുന്നു ഈ പണ്ഡിത കുടുംബം) എന്നാൽ അനേകം പാവപ്പെട്ട കുട്ടികൾക്ക് അങ്ങോട്ട് പണം കൊടുത്ത് സഹായിച്ച് തലമുറകളിലെ പണ്ഡിതർക്ക് ഫറങ്കിമഹൽ കുടുംബം ചെയ്ത സേവനങ്ങൾ സ്മരിക്കപ്പെടുന്നു. അവരെ ജനമനസ്സുകളിലെ നായകരാക്കുന്നതും ഇത്തരം അനേകം സംഭവങ്ങളാണ്.
പ്രമുഖ സൗത്ത് ഏഷ്യൻ ചരിത്രകാരനും, 30 വർഷത്തോളം ഫറങ്കിമഹൽ കുടുംബത്തെകുറിച്ച് യഥാർത്ത ചരിത്രരേഖകൾ പരതിയും പുതിയ തലമുറകളോട് സംസാരിച്ചും ആധികാരിക പഠനം നടത്തുകയും ഇസ്ലാമിലെ വിജ്ഞാന കൈമാറ്റത്തിന്റെ യഥാർത്ഥ ചിത്രം അവതരിപ്പിക്കുകയും ചെയ്ത ഇംഗ്ലീഷുകാരായ ഫ്രാൻസിസ് റോബിൻസന്റെ ഈ പണ്ഡിത കുടുംബത്തെകുറിച്ചുള്ള പുസ്തകമാണ് ഈ ലേഖനത്തിന്നാധാരം. (The Ulama of Farangi Mahall and Islamic Culture in south Asia) പുസ്തകത്തിന്റെ ഓരോ പുറങ്ങൾ വായിക്കുമ്പോഴും കേരളത്തിലെ മഖ്ദൂമീ പാരമ്പര്യവും അവരുടെ പാത പിന്തുടർന്ന് കഴിഞ്ഞ നൂറ്റാണ്ടിലെ യുഗ പ്രഭാവരായ ഇൽമും തസ്വവുഫും സമന്വയിപ്പിച്ച് മാതൃകാപരമായി നമ്മുടെ മുന്നിൽ ജീവിച്ച മഹത്തുക്കളുടെയും ജീവിതമാണ് മനസ്സിൽ ഉയർന്ന് വന്നത്. അവരുടെ ചരിത്രങ്ങൾ നാം വീണ്ടും പുനർവായനക്ക് വിധേയമാക്കണമെന്നും മഹിതമായ ഒരു സാംസ്ക്കാരിക പാരമ്പര്യവും ഇതര മതസ്തരോടുള്ള സഹിഷ്ണുതയും കൈമുതലായുള്ള ഒരു മുസ്ലിം സമുദായത്തിന് രൂപം നൽകിയതിൽ അവരുടെ പങ്ക് ലോകത്തെ അറിയിക്കണമെന്നുമുള്ള ചിന്തകളുമാണ് മനസ്സിനെ മഥിച്ചത്.
പുരോഗമന വാദത്തിന്റെയും തിരുത്തൽ വാദത്തിന്റെയും മേലങ്കി അണിഞ്ഞ് വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട വികാര ഇസ്ലാമിസത്തിന്റെ വിത്തുകൾ കേരളീയ മുസ്ലിം സമൂഹത്തിന്റെ ഇടയിൽ പോലും വിനാശം വിതക്കാൻ തുടങ്ങിയ ഈ സാഹചര്യത്തിൽ വിശേഷിച്ചും. ഈ മഹത്തുക്കളായ പണ്ഡിതരുടെ ജീവിത സരണി നാം പുനർ വായന നടത്തുകയും അവരുടെ സൂക്ഷ്മത, ദൈവഭക്തി, സമസ്യഷ്ടി സ്നേഹം, ഉന്നത മൂല്യങ്ങളിലുള്ള പ്രതിബദ്ധത, വക്രമായ സകല മാർഗങ്ങളോടുമുള്ള വെറുപ്പ് എല്ലാം പുതിയ മുസ്ലിം തലമുറ അറിയണം. അവർക്കത് പാഠമാകണം. വായനയുടെ ഓരോ നിമിഷത്തിലും 7 വർഷത്തോളം മഹാനായ സൈനുൽ ഉലമ ചെറുശ്ശേരി ഉസ്താദിന്റെ മുന്നിൽ വിദ്യ അഭ്യസിക്കാൻ ഇരുന്ന അസുലഭ മുഹൂർത്തങ്ങൾ മനസ്സിൽ തികട്ടിവന്നു. മാലൗനാ ഖുതുബിയുടെയും ശംസുൽ ഉലമയുടെയും കണ്ണിയത്തുസ്താദിന്റെയും ബഹുവന്ദ്യരായ പാങ്ങുകാരന്റെയും കോട്ടുമല ഉസ്താദിന്റെയും കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാരുടെയും തന്റെ പിതാമഹന്മാരുടെയുമൊക്കെ ജീവിതത്തിലെ അനർഘമായ അനേകം നിമിശങ്ങൾ ഉസ്താദ് വശ്യമായി അവതരിപ്പിക്കുമായിരുന്നു. ഇത് ഈ പണ്ഡിത പാരമ്പര്യത്തിന്റെ മഹിതമായ ചരിത്രരേഖകളാണ്. അത് തലമുറകളിലൂടെ കൈമാറാൻ ജവാരെ അനുഭവിച്ച് ഇന്നിന്റെ ഉസ്താദുമാർ കൂടുതൽ സമയം കാണണം. നാഥൻ അനുഗ്രഹിക്കട്ടെ – ആമീൻ.

