മഹാ പ്രപഞ്ചത്തിലെ അനേകായിരം ജന്തുജാലങ്ങളില്‍ നിന്നും മനുഷ്യവര്‍ഗ്ഗത്തെ സവിശേഷമാക്കുന്നത് സമ്പന്നമായ വിവേകബുദ്ധി തന്നെയാണ്. അത്യത്ഭുതങ്ങളായ പ്രാപഞ്ചിക രഹസ്യങ്ങളെ എന്നും മനുഷ്യബുദ്ധി ചുരുളഴിക്കാന്‍ ശ്രമിച്ചുവന്നു. ബൗദ്ധിക വികാസത്തിനനുസരിച്ച് അന്വേഷണ-നിരീക്ഷണ നൈരന്തര്യങ്ങളിലൂടെ നിരവധി മുന്നേറ്റങ്ങള്‍ മനുഷ്യകുലം സാധ്യമാക്കി. അറിയാനുള്ള അടങ്ങാത്ത അഭിനിവേശവും അന്വേഷണത്വരയും അന്തര്‍ലീനമായ മനുഷ്യമനസ്സ് സ്വാഭാവികമായും അവന്റെ ഉല്‍പത്തിയെ കുറിച്ചും അന്വേഷിച്ചിരുന്നു. ജൈവിക വ്യവസ്ഥയുടെ നിലവിലെ യാഥാര്‍ഥ്യങ്ങളെ കുറിക്കുന്ന യഥാതഥമായ യാതൊന്നും കൃത്യവും വ്യക്തവുമായി മതഗ്രന്ഥങ്ങളോ ദാര്‍ശനിക വചസ്സുകളോ പ്രസ്താവിക്കുന്നുമില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ജൈവിക ഘടനയുടെ ഇന്നലെകളെ വ്യാഖ്യാനിക്കാനാവും വിധം പരിണാമസിദ്ധാന്തം ഉയര്‍ന്നുവന്നു. കാലാന്തരങ്ങളുടെ സഞ്ചാരപഥത്തില്‍ പരിണാമസിദ്ധാന്തവും പല പരിണാമങ്ങള്‍ക്കും വിധേയമായി.
ജൈവ വ്യവസ്ഥിതിയുടെയും വികാസത്തിന്റെയും ഗുപ്ത ബന്ധങ്ങളെക്കുറിച്ചുള്ള പലതരം ആശയങ്ങള്‍ പൗരാണിക കാലം മുതല്‍ക്കേ നിലനിന്നിരുന്നതായി കാണാം. അരിസ്റ്റോട്ടിലിന്റെ ഭാഷ്യമനുസരിച്ച് സൃഷ്ടിപ്പില്‍ ഒരു ബാഹ്യശക്തിയുടെ ബോധപൂര്‍വമായ സ്വാധീനമുണ്ടായിരുന്നു. ജൈവ വ്യതിയാനങ്ങളെ ഗുണാത്മകമായി പരിപൂര്‍ണതയില്‍ എത്തിക്കുന്ന പ്രസ്തുത ബാഹ്യ ശക്തിയുടെ സ്വാധീനഫലമായി ജൈവലോകത്ത് പ്രഥമമായി സസ്യങ്ങളും അവയില്‍നിന്ന് ഉയര്‍ന്ന സസ്യലോകവും കക്കകള്‍ പോലെയുള്ള മൊളുസ്‌കകളിലൂടെ ആര്‍ത്രോപോഡുകളും ഉരഗങ്ങളും പക്ഷികളും ക്രമാനുഗതമായി മത്സ്യങ്ങളും സസ്തനികളും മനുഷ്യനും നിലവില്‍വന്നു.

സിസിലിയിലെ തത്ത്വചിന്തകനായിരുന്ന എംപിഡോകിള്‍സ് (Empedocles- BC: 495-435) ജീവോല്‍പത്തിയിലൂടെ സസ്യങ്ങളും അവയില്‍ നിന്ന് ക്രമാനുഗതമായി ജന്തുക്കളും ഉയിരെടുത്തുവന്നതായി സങ്കല്‍പിച്ചു. പ്രകൃതിശാസ്ത്രജ്ഞനായ ബഫണ്‍ (Buffon 1707-1788) മനുഷ്യനും ആള്‍കുരങ്ങിനും കുതിരക്കും കഴുതക്കും അതുപോലെ മറ്റു പല മൃഗങ്ങള്‍ക്കും സമാനമായ മുന്‍ഗാമികളുണ്ടെന്ന് സങ്കല്‍പിച്ചിരുന്നു. വീട്ടുമൃഗങ്ങളിലെ വൈജാത്യങ്ങള്‍ക്കു കാരണം കൃത്രിമമായ നിര്‍ധാരണമാണെന്നും അത്തരം നിര്‍ധാരണം പ്രകൃതിയില്‍ സ്വാഭാവികമായും സംഭവിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്രീയമായി പരിണാമ സിദ്ധാന്തത്തില്‍ കൈവച്ച ആദ്യ വ്യക്തിയായി ഡാര്‍വിന്‍ ബഫണെ അംഗീകരിക്കുന്നു.
ജൈവപരിണാമത്തിന്റെ ആശയ വൈപുല്യങ്ങളില്‍ ശാസ്ത്രീയമായ പരിവേഷത്തോടെ സിദ്ധാന്തമവതരിപ്പിച്ചതില്‍ ശ്രദ്ധേയനായിരുന്നു ഫ്രഞ്ച് ജൈവശാസ്ത്രജ്ഞനായിരുന്ന ‘ലാമാര്‍ക്ക്’ (1744-1829). ‘ആര്‍ജിത ഗുണങ്ങളുടെ പാരമ്പര്യസംക്രമണം’ (Inheritance of acquired characterstisc) എന്ന തന്റെ സിദ്ധാന്തത്തിലൂടെ ജന്തുക്കള്‍ അവയുടെ കായികപ്രവൃത്തികളുടെ ഫലമായി അവയവങ്ങളെ പരിഷ്‌കരിക്കുകയും അത്തരം വ്യതിയാനങ്ങള്‍ തലമുറകളിലേക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡാര്‍വിന്‍ എഴുതുന്നു: ‘പരിണാമ സിദ്ധാന്തത്തില്‍ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയ പ്രഥമ വ്യക്തി ലാമാര്‍ക്കായിരുന്നു. വിഖ്യാതനായ ഈ പ്രകൃതി ശാസ്ത്രജ്ഞന്‍ തന്റെ വീക്ഷണങ്ങള്‍ ആദ്യമായി 1801-ല്‍ പ്രസിദ്ധീകരിച്ചു.1809-ല്‍ തന്റെ Philoopshie Zoologique യിലൂടെയും 1815-ല്‍ Hiorstie naurtelle desanimaux Sans vertertressa ആമുഖത്തിലൂടെയും അവയെ സവിസ്തരം പ്രതിപാദിക്കുകയും ചെയ്തു. ജൈവ- അജൈവ ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രകൃത്യാതീതമായ ഇടപെടലുകളിലൂടെ ഉണ്ടായതല്ലെന്നും പ്രത്യുത, ചില നിയമങ്ങള്‍ക്കു വിധേയമായി സംഭവിക്കുന്നതാണെന്നുമുള്ള സാധ്യതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയായിരുന്നു അദ്ദേഹം ചെയ്ത ആദ്യത്തെ സ്തുത്യര്‍ഹമായ സേവനം. ജീവജാതികളിലെ ക്രമാനുഗതമായ ഗുണവ്യതിയാനങ്ങള്‍ എന്ന ആശയത്തില്‍ എത്തിച്ചേര്‍ന്ന അദ്ദേഹം ക്രമാനുഗതമായ ജൈവവളര്‍ച്ച എന്ന നിയമത്തിലും വിശ്വസിച്ചിരുന്നു. വ്യതിയാനങ്ങളുടെ കാരണങ്ങളായി ചുറ്റുപാടുകളുടെ സ്വാധീനവും സങ്കരപ്രജനനവും അവയവങ്ങളുടെ ഉപയോഗവും ഉപയോഗരാഹിത്യവുമായിരുന്നു അദ്ദേഹം പരിഗണിച്ചത്. ഉദാഹരണത്തിന്, വൃക്ഷശിഖിരങ്ങളിലെ ഇലകള്‍ കടിച്ചു തിന്നുന്നതിന്നു വേണ്ടി ശ്രമിച്ച ജിറാഫിന്റെ കഴുത്ത് നീണ്ടു വന്നു….’ (chapter hiorstical sketch The origin of psecise)
ഗ്രീക്ക് ചിന്തകര്‍ മുതല്‍ ലാമാര്‍ക്ക് വരെ നീണ്ടു നിന്ന പരിണാമ ചിന്തകള്‍ സംഗ്രഹിക്കുമ്പോള്‍ അത് വൈവിദ്ധ്യങ്ങളുടെയും വൈരുദ്ധ്യങ്ങളുടെയും ഭാഗമാണെന്ന് ബോധ്യമാവും. പില്‍കാലത്ത് ഭൗതിക ശാസ്ത്രത്തില്‍ വിപ്ലവാത്മകമായ ചുവടുവെപ്പുകള്‍ നടന്നെങ്കിലും ജൈവശാസ്ത്രം ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത ചില സങ്കല്‍പങ്ങളില്‍ ചുരുങ്ങി. സങ്കല്‍പ്പങ്ങളും സിദ്ധാന്തങ്ങളും ധാരാളമായി ഉണ്ടായിരുന്നുവെങ്കിലും അതൊന്നും യുക്തിഭദ്രമായി വ്യാഖ്യാനിക്കാന്‍ കഴിഞ്ഞിരുന്നില്ല. ലാമാര്‍ക്കിനു ശേഷം ശ്രദ്ധേയമായ പരിണാമ വീക്ഷണങ്ങളൊന്നും ഉയര്‍ന്നുവരാത്ത ഒരു ഘട്ടത്തിലാണ് ചാള്‍സ്ഡാര്‍വിന്‍ ചില പ്രത്യേക വാദഗതികളുമായി രംഗപ്രവേശം ചെയ്യുന്നത്.
പരിണാമസിദ്ധാന്തത്തിന്റെ ഡാര്‍വിന്‍ പക്ഷം
ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വിന്‍ (1809-1882) മുന്നോട്ടുവെച്ച ആദ്യ വാദമല്ല പരിണാമവാദമെന്നത് ബോധ്യമായല്ലോ. എങ്കിലും 1859-ല്‍ അദ്ദേഹം തന്റെ ‘The origin of Species by means of naurtal selection’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ജൈവ പരിണാമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പുതിയൊരു മാനം നല്‍കുകയും ചെയ്തു. പരിണാമസിദ്ധാന്തമെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചാള്‍സ് ഡാര്‍വിന്‍ ക്ഷിപ്രരൂപം പ്രാപിക്കുന്നത് സാധാരണമാണ്.
ജീവിവര്‍ഗങ്ങളെല്ലാം പൊതു പൂര്‍വികന്മാരില്‍ നിന്ന് കാലക്രമത്തില്‍ പ്രകൃതി നിര്‍ധാരണ (Naurtal selection)ത്തിലൂടെ രൂപപ്പെട്ടുവന്നതാണെന്ന് ഡാര്‍വിന്‍ സ്ഥാപിക്കാന്‍ ശ്രമിച്ചു. 1830-കളില്‍ തന്നെ ഇത്തരമൊരു വാദം ഡാര്‍വിന്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും സംതൃപ്തമായൊരു വിശദീകരണം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. തുടര്‍ന്ന് അഞ്ചു വര്‍ഷത്തെ ‘ബീഗിള്‍’ യാത്രയും തോമസ് റോബര്‍ട്ട് മാല്‍ത്തൂസിന്റെ ‘തിയറി ഓഫ് പോപ്പുലേഷ’ന്റെ സ്വാധീനവും 1858-ല്‍ ബ്രിട്ടീഷ് ജീവശാസ്ത്രജ്ഞനായിരുന്ന ആല്‍ഫ്രഡ് റസ്സല്‍ വാലസ്(1823-1913) സമാനമായ സിദ്ധാന്തമവതരിപ്പിച്ച തന്റെ ഒരു പ്രബന്ധം കൈമാറിയതുമെല്ലാം ഡാര്‍വിന്റെ ‘പ്രകൃതി നിര്‍ധാരണ’ത്തെ സമ്പന്നമാക്കി. അങ്ങനെ 1859-ല്‍ വാലസിന്റെ സിദ്ധാന്തം കൂടെ ചേര്‍ത്ത് ഒരു പ്രസിദ്ധീകരണം സാധ്യമായി. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ഉത്തരാധുനിക ശാസ്ത്ര നിഗമനങ്ങള്‍ വെച്ച് അപഗ്രഥിച്ചാല്‍ ഡാര്‍വിന് ഭീമാബദ്ധങ്ങള്‍ പിണഞ്ഞതായി കാണാം. ഒരു സ്പീഷ്യസും അതിനകത്തെ വിവിധ തരം ഉപസ്പീഷ്യസുകളും വഴി പിരിഞ്ഞുവരുന്ന മറ്റനേകം സ്പീഷ്യസുകളും ചേര്‍ന്ന ഡാര്‍വിന്റെ ജീവ വൃക്ഷം (Evolutionary rtee) തന്നെ അബദ്ധവും അര്‍ഥശൂന്യവുമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. തന്റെ വിഖ്യാത കൃതിയില്‍ ഡാര്‍വിന്‍ സ്ഥാനം നല്‍കിയ ഏക ചിത്രമായ ‘ജീവവൃക്ഷം’ ശാസ്ത്രീയ തെളിവിന്റെ പിന്‍ബലമില്ലാത്തതാണെന്ന് കാനഡയിലെ ഡല്‍ഹൗസി യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തുകയുണ്ടായി.
ഗ്രിഗര്‍ മെന്റലിന്റെ പാരമ്പര്യ ശാസ്ത്രത്തിലൂന്നിയ പരീക്ഷണങ്ങളും പഠനങ്ങളും ഡാര്‍വിന് അക്കാലത്ത് മനസ്സിലായിരുന്നില്ലായെന്ന് മാത്രമല്ല പില്‍ക്കാലത്ത് ജനറ്റിക്‌സിന് വികാസമുണ്ടായപ്പോള്‍ പ്രകൃതിനിര്‍ദ്ധാരണവും മേന്മയുടെ അതിജീവനവുമെല്ലാം അര്‍ഥ ശൂന്യവുമായി. സാഹചര്യങ്ങളുടെ സ്വാധീനവും സമ്മര്‍ദ്ദവുമല്ല; പ്രത്യുത, ജീനുകളുടെ കൈമാറ്റവും വര്‍ഗപരമായ പാരമ്പര്യ ഘടകങ്ങളുമാണ് ജൈവവികാസത്തിന്റെ ആധാരശിലകളെന്ന് പാരമ്പര്യ ശാസ്ത്ര പഠനങ്ങള്‍ കണ്ടെത്തി. പരിണാമത്തില്‍ പ്രകൃതിനിര്‍ദ്ധാരണത്തിന് കാര്യമായ പങ്കൊന്നുമില്ലായെന്ന് ജനിതക ശാസ്ത്രം സമര്‍ഥിക്കുന്നു. അമേരിക്കയിലെ National Institutte of Health ലെ ശാസ്ത്രജ്ഞനായ യൂജിന്‍ കൂനിന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്തുവെക്കാം. ‘റിപ്പയര്‍ ചെയ്യാനാവാത്ത വിധം ആധുനിക പരിണാമ സിദ്ധാന്തത്തിന്റെ അടിത്തറ തകര്‍ന്നതായി കാണപ്പെടുന്നു’ (Trends in Genetisc Vol-25 P-473).
ജൈവപരിണാമത്തിന്റെ അതിവിശാലമായ വീക്ഷണലോകത്തു നിന്നും പ്രകൃതി നിര്‍ധാരണത്തിലൂടെ തന്റെ പക്ഷം ചിലപ്പോഴെങ്കിലും സ്വാർഥതയോടെ അവതരിപ്പിച്ചതാണ് ഡാര്‍വിന് വിനയായെന്നത് അവിതര്‍ക്കിത വസ്തുതയാണ്. നടേ പറഞ്ഞതു പോലെ പരിണാമവാദം പലരും മുമ്പ് പലവിധത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അവരാരും അതില്‍ ഉറച്ചു നിന്നിട്ടില്ല. പക്ഷേ, ഡാര്‍വിന്‍ പലപ്പോഴും തന്റെ വാദങ്ങളില്‍ അനാവശ്യമായ ദുര്‍വാശി പ്രകടമാക്കി.
മനുഷ്യധിഷണയെ വലിയരീതിയില്‍ സ്വാധീനിക്കും വിധം ഒരു പരിണാമവാദം മുന്നോട്ടുവെച്ച ഡാര്‍വിന്‍ പ്രതിഭാശാലിയായ പ്രകൃതി ശാസ്ത്രജ്ഞന്‍ തന്നെയാവാം. എന്നാല്‍, ജൈവവര്‍ഗങ്ങളുടെ ഉത്ഭവങ്ങളെ വിശദീകരിക്കാന്‍ ശ്രമിച്ച അദ്ദേഹം തന്റെ നിഗമനങ്ങളെ തര്‍ക്കശാസ്ത്രത്തിലൂടെ വികസിപ്പിച്ചു. കണിശമായ നിരീക്ഷണങ്ങളിലൂടെ ജൈവവര്‍ഗങ്ങള്‍ക്കിടയിലെ പാരസ്പര്യവും നിര്‍ധാരണവും അതിജീവനവുമെല്ലാം സിദ്ധാന്തിച്ച ഡാര്‍വിന്‍ അതവതരിപ്പിച്ചപ്പോള്‍ തീരെ ദുര്‍ബലമായ അടിത്തറയാണ് തെരഞ്ഞെടുത്തത്. ഇടക്കിടെ തന്റെ ഗ്രന്ഥത്തിലൂടെ അവമതിക്കാന്‍ ശ്രമിച്ച ‘സൃഷ്ടിവാദികള്‍’ക്കു പുറമെ ശാസ്ത്ര വിശാരദന്മാര്‍ പോലും ഡാര്‍വിനിസത്തിനെതിരെ രംഗത്തുവന്നത് ഉപര്യുക്ത കാരണങ്ങള്‍ കൊണ്ടാണ്. സിദ്ധാന്തം മുന്നോട്ടുവെച്ച് ഒന്നര നൂറ്റാണ്ട് പിന്നിട്ടപ്പോഴും വിമര്‍ശനത്തിന്റെ മൂശയില്‍ തന്നെ നിലകൊള്ളുകയാണ് ഡാര്‍വിനിസം. ശാസ്ത്രരംഗത്ത് നിന്ന് തന്നെ നിരവധി വിമര്‍ശന പഠനങ്ങള്‍ ഡാര്‍വിനിസത്തിനെതിരായി പുറത്തുവന്നു. നിരവധി ശാസ്ത്രജ്ഞന്മാരും ഡാര്‍വിന്റെ വാദഗതികളോട് വിയോജിപ്പ് പ്രകടിപ്പിച്ചു. http://www.dissentfrom darwin.org പോലോത്ത വെബ്‌സൈറ്റുകള്‍ തന്നെ ഇത്തരം വിയോജിപ്പുകള്‍ സുവ്യക്തമാക്കുന്നു. ജൈവ സങ്കീര്‍ണതയെ വിശദീകരിക്കാന്‍ ഡാര്‍വിന്‍ മുന്നോട്ടു വെച്ച വാദഗതികള്‍ വിശ്വാസയോഗ്യമല്ലെന്ന് പ്രസ്താവനയിറക്കിയ ആയിരത്തിലേറെ പ്രഗത്ഭ ശാസ്ത്രജ്ഞരെ ‘ഡിസെന്റ് ഫ്രം ഡാര്‍വിനി’ല്‍ മാത്രം കാണാം.
പരിണാമ സിദ്ധാന്തത്തിന്റെ ഇസ്‌ലാമിക വായന
ജൈവോല്‍പത്തിയടക്കം സൃഷ്ടി പ്രപഞ്ചത്തിലെ സകലതിനെക്കുറിച്ചും ആലോചിക്കാനും അന്വേഷിക്കാനും ഖുര്‍ആന്‍ നിരന്തരം ആവശ്യപ്പെടുന്നത് കാണാം. ഭൂമിയിലൂടെ സഞ്ചരിച്ച് സൃഷ്ടിപ്പിന്റെ ആരംഭം അന്വേഷിക്കാനുള്ള ആഹ്വാനം (29: 19, 20) ഉള്‍പെടെ മനുഷ്യകുലത്തിന്റെയും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെയും സൃഷ്ടിപ്പിനെക്കുറിച്ചുള്ള (38: 71, 72, 7: 185, 10: 101, 50: 6) പരാമര്‍ശങ്ങള്‍ ഖുര്‍ആനില്‍ പലയിടങ്ങളിലുമുണ്ട്.
വിശുദ്ധ ഖുര്‍ആനില്‍ നിന്നും ലഭ്യമായ വിശാലമായ അന്വേഷണ തൃഷ്ണയുമായി അറിവിന്റെ സമസ്തമേഖലകളിലും കണ്ടെത്തലുകള്‍ നടത്തിയവരായിരുന്നു മുസ്‌ലിം പണ്ഡിതര്‍. നിരതമായ അറിവനുഭവങ്ങളുടെ വ്യാപനത്തിലൂടെ ജൈവോല്‍പത്തിയും അവര്‍ അന്വേഷിച്ചു. ഖുര്‍ആനില്‍ സുവ്യക്തമായ പരാമര്‍ശങ്ങള്‍ ഇല്ലെങ്കില്‍കൂടി ജൈവോല്‍പത്തിയുടെ ഖുര്‍ആനിക സൂചനകളില്‍ അവര്‍ ഗവേഷണം ചെയ്തു. അത്തരം അന്വേഷണങ്ങളിലൂടെ ധാരാളം മുസ്‌ലിം ചിന്തകന്മാര്‍ ജൈവോൽപത്തിയില്‍ പരിണാമസിദ്ധാന്തത്തിന്റെതായ ഒരു ആശയതലം മുന്നോട്ടുവയ്ക്കുന്നത് കാണാം.
പരിണാമസിദ്ധാന്തത്തിന്റെ പേറ്റന്റ് മുഴുവനായും ഡാര്‍വിന്‍ പകരുന്ന യൂറോ കേന്ദ്രീകൃത കുത്തകവാദത്തെ മാറ്റിവെച്ചാലോചിച്ചാല്‍ പരിണാമവാദ സങ്കല്‍പത്തിന്റെ സവിശേഷമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയത് മുസ്‌ലിം പണ്ഡിതര്‍ മാത്രമാണെന്ന് ബോധ്യമാകും. മധ്യകാല മുസ്‌ലിം ചിന്തകനായ അല്‍ മസൂദി (896-956) ധാതുക്കളില്‍ നിന്നും സസ്യങ്ങളിലേക്കും അവിടെ നിന്ന് ജന്തുക്കളിലേക്കും അന്തിമമായി മനുഷ്യരിലേക്കും എത്തിച്ചേരുന്ന ബന്ധങ്ങളുടെ ഒരു ശൃംഖലയെപ്പറ്റി പ്രതിപാദിക്കുന്നു. ജീവജാതിയില്‍ നിന്നും ജീവജാതിയിലേക്ക് പുരോഗമിക്കുന്നതിനെ പരിണാമമായി കണക്കാക്കാനാവില്ലെങ്കിലും ഇതും പരിണാമവാദം തന്നെയാണ്. ഡാര്‍വിന്റെയും നാനൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ച ഇബ്‌നു ഖല്‍ദൂന്റെ (1332-1406) ‘മുഖദ്ദിമ’യിലും പരിണാമസിദ്ധാന്തത്തിന്റെ പരാമര്‍ശങ്ങള്‍ കാണാം. കൃഷി വിദഗ്ധന്മാരുടെ കൃത്രിമ നിര്‍ധാരണവും അന്തരീക്ഷ സ്വഭാവങ്ങള്‍ക്ക് മനുഷ്യ സ്വഭാവരൂപീകരണത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നതുമെല്ലാം ‘മുഖദ്ദിമ’യുടെ വായനയില്‍ കാണാം. ഇപ്രകാരം തന്നെ ഇബ്‌നു മിസ്‌കവൈഹി (932-1030), ഹസന്‍ ഇബ്‌നു ഹൈതം (965-1040), അല്‍ബിറൂനി (973-1050) തുടങ്ങി പല മുസ്‌ലിം പണ്ഡിതന്മാരും പരിണാമവാദത്തിന്റെതായ നിഗമനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഇവരാരും തന്നെ പരിണാമവാദത്തെ തന്റേതായ ഒരു സിദ്ധാന്തമായി അവതരിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്. അഥവാ, അപരിഹാര്യമെന്ന് തോന്നാവുന്ന ജൈവോല്‍പത്തിയുടെ നിഗൂഢതകള്‍ പരിഹരിക്കാനാവും വിധമുള്ള പരിണാമസിദ്ധാന്തത്തില്‍ ഒരുപക്ഷേ, ഏകപരിഹാരമാര്‍ഗവും അതാവാം. അവര്‍ അവരുടെ സ്വാഭാവികമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയെന്നര്‍ഥം.
പരിണാമവാദത്തിന്റെ പ്രഖ്യാപിത അപ്പോസ്തലനായ ഡാര്‍വിന്‍ തന്നെ മുസ്‌ലിം പണ്ഡിതന്മാരുടെ ചിന്തകളില്‍ ആകൃഷ്ടനായിരുന്നുവെന്നത് പഠനങ്ങളില്‍ കാണാം. കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ദൈവശാസ്ത്രത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന ഡാര്‍വിന്‍ മതതാരതമ്യപഠനത്തിനിടയില്‍ പരിണാമവാദത്തിന്റെ മുസ്‌ലിം ചിന്തകള്‍ തീര്‍ച്ചയായും വായിച്ചിരിക്കണം.അറബി ഭാഷയുള്‍പ്പെടെ ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ പഠനം നടത്തിയ ഡാര്‍വിന്‍, കേംബ്രിഡ്ജ് കരിക്കുലത്തില്‍ ‘ഇഖ് വാന്‍ അല്‍ -സ്വഫ’യുടെ നിബന്ധങ്ങളുടെ ഭാഗങ്ങളോ ‘ഇബ്‌നു മിസ്‌കവൈഹി’യുടെ ‘അല്‍-ഫൗസുല്‍ അസ്ഗറി’ല്‍ നിന്നുള്ള തെരഞ്ഞെടുത്ത ഭാഗങ്ങളോ വായിച്ചു കാണുമെന്നും ഗവേഷകനായ ഡോ. ഹമീദുല്ല അഭിപ്രായപ്പെടുന്നു. പ്രസ്തുത കൃതികളിലൊക്കെയും പരിണാമസിദ്ധാന്തത്തിന്റെ വിശദീകരണങ്ങളുണ്ട് താനും. ഡാര്‍വിന്‍ തന്റെ പരിണാമവാദത്തിന്റെ ബാലപാഠങ്ങള്‍ ആലോചിക്കുന്നതിനു മുമ്പെ മുസ്‌ലിം ബുദ്ധി കേന്ദ്രം തദ് വിഷയകമായി അത്ഭുതാവഹമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നു. ഡാര്‍വിന്റെ സമകാലികനായ ‘സര്‍ വില്ല്യം ഡ്രാപ്പര്‍’ തന്റെ ‘Hiortsy of the Conflitc Bewteen Religion and Science’ ല്‍ ‘മുഹമ്മദന്‍ തിയറി ഓഫ് എവല്യുഷന്‍’ പരാമര്‍ശിക്കുന്നത് കാണാം (Page 188). ഡാര്‍വിനിസം ‘തിയറി ഓഫ് എവല്യുഷ’നായി പരിണമിക്കും മുമ്പ് തന്നെ ‘മുസ്‌ലിം തിയറി ഓഫ് എവല്യുഷന്‍’, ‘മുഹമ്മദന്‍ തിയറി ഓഫ് എവല്യുഷന്‍’ എന്ന പേരില്‍ വ്യാപരിച്ചിരുന്നു എന്ന് സാരം.
അഭിപ്രായ പ്രകടനങ്ങളിലെ മതവും മത വിരുദ്ധതയും
പരിണാമസിദ്ധാന്തത്തിലെ മുസ്‌ലിം പക്ഷം വായിക്കുമ്പോള്‍ സ്വാഭാവികമായും വിശ്വാസത്തിന്റെ വ്യവസ്ഥയും വ്യതിചലനവും സംബന്ധിയായ ഉത്കണ്ഠ ഉയര്‍ന്നുവരാം. ‘ആകാശഭൂമികളുടെയും അവരുടേത് തന്നെയും സൃഷ്ടിപ്പിനെ നാം അവര്‍ക്ക് കാണിച്ചു കൊടുത്തിട്ടില്ല’ എന്ന ഖുര്‍ആനിക വചനവും (18: 51) അതേസമയം, അതിലെല്ലാം അന്വേഷണങ്ങള്‍ നടത്താനുള്ള ആഹ്വാനവും ഉണ്ടാവുമ്പോള്‍ വ്യത്യസ്തങ്ങളായ സമീപനരീതികള്‍ ജീവോൽപത്തി സംബന്ധമായ വിവരങ്ങളില്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്.
ഖുര്‍ആനിക ഭാഷ്യമനുസരിച്ച് മനുഷ്യേതര ജന്തുജാലങ്ങളുടെ സൃഷ്ടിപ്പില്‍ പരിണാമ ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും മനുഷ്യസൃഷ്ടിപ്പില്‍ പരിണാമവാദത്തിന് അശേഷം അവസരമില്ല. പൂര്‍ണ മനുഷ്യനായ ആദമിനെ സൃഷ്ടികര്‍മം ചെയ്തത് ഖുര്‍ആനില്‍ നിന്ന് വായിക്കാമല്ലോ. മനുഷ്യ കുലത്തിനും മുമ്പേ മറ്റു ജന്തുജാലങ്ങളും സസ്യലതാദികളും ഉണ്ടായേക്കാവുന്ന ഭൂമിയില്‍ അവയുടേതായ പരിണാമ പ്രക്രിയകള്‍ അന്വേഷിക്കുന്നതിന് യാതൊരു തടസ്സവുമില്ല; പരിണാമ പ്രക്രിയയുടെയും നാഥനായ മേലെയായ റബ്ബിനെ അത് അശക്തമാക്കുന്നുമില്ല. മനുഷ്യസൃഷ്ടിപ്പിന്റെ ഘട്ടത്തില്‍ പരിണാമത്തിന്റെ മാധ്യമമേതുമില്ലാതെ അല്ലാഹു മനുഷ്യസൃഷ്ടിപ്പ് സാധ്യമാക്കി. അതിനുശേഷം ആദ്യ മനുഷ്യന്‍ തന്റെ ഇണയുമായി ജീവിച്ച് ഭൂമിയില്‍ മനുഷ്യ കുലത്തിന് നിവാസ വികാസം ഉണ്ടാക്കി.
മനുഷ്യേതരമായ മറ്റൊന്നിലും പരിണാമപ്രക്രിയയുടെ സാധ്യതകള്‍ തള്ളിക്കളയേണ്ടതില്ല. പ്രത്യുത, മറ്റു ജീവിവര്‍ഗങ്ങളുടെ ഉൽപത്തി വിശദീകരിക്കാന്‍ ഏറ്റവും അനുഗുണമായ വാദവും പരിണാമ സിദ്ധാന്തം തന്നെയാവും. മനുഷ്യകുലത്തിലാവട്ടെ പ്രസ്തുത സിദ്ധാന്തത്തിന്റെതായ സൂക്ഷ്മപരിണാമം (Micro evolution) സ്വാഭാവികമാണ്. ഒരു സ്പീഷ്യസിനുള്ളില്‍ നടക്കുന്ന പരിണാമ പ്രക്രിയയെ സ്വാഭാവിക രീതിയില്‍ തന്നെ സമീപിക്കാം. മനുഷ്യകുലത്തിന്റെ തന്നെ ഇടയില്‍ നടക്കുന്ന ആകാരവികാര വ്യതിയാനങ്ങള്‍ അത്രയും സൂക്ഷ്മ പരിണാമമാണ്. എന്നാല്‍ കാലാന്തരങ്ങളില്‍ ജീവിവര്‍ഗം തന്നെ മാറി മറ്റൊന്നായി തീരുമെന്ന ‘സ്തൂല പരിണാമ’ത്തിന്റെതായ (macro evolution) ജനിറ്റിക് മ്യൂട്ടേഷനുകള്‍ ഇനിയും പഠനവിധേയമാക്കേണ്ടതു ണ്ട്. ഡാര്‍വിന്‍ സിദ്ധാന്തിച്ചതിനിടയില്‍ ‘കാണാതായ കണ്ണി’ ഇന്നും ശാസ്ത്രലോകത്ത് ഒരു പ്രഹേളികയായി തുടരുന്നതും ഇതിനോട് ചേര്‍ത്ത് വായിക്കാമല്ലോ.
വിശ്വാസികളെ സംബന്ധിച്ചിടത്തോളം മനുഷ്യകുലത്തിന്റേതല്ലാത്ത പരിണാമ ചര്‍ച്ചകള്‍ ഏതുരീതിയില്‍ പോയാലും യാതൊരു പ്രശ്‌നവുമില്ല. ‘വെള്ളത്തില്‍ നിന്ന് സര്‍വ്വ ജീവജാലങ്ങളെയും സൃഷ്ടിച്ചു’വെന്ന (21: 30) പ്രഖ്യാപനമടക്കം പലതും നമുക്ക് ജൈവോൽപത്തിയെ അറിയാനും പറയാനും പോന്നതാണ്. എന്നാല്‍ മനുഷ്യന്റേതായ പരിണാമ പ്രക്രിയക്ക് ഇസ്‌ലാമിക പ്രമാണങ്ങളുമായി യാതൊരു സാധൂകരണവും ഇല്ലതാനും.
യഥാര്‍ഥത്തില്‍, ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനോടുള്ള കടുത്ത എതിര്‍പ്പ് പ്രകടമാക്കിയത് ക്രൈസ്തവ സഭയാണ്. ശാസ്ത്രത്തിന്റെ പുതിയ അന്വേഷണങ്ങള്‍ക്ക് മുന്നില്‍ ക്രൈസ്തവ വെളിപാടുകള്‍ക്ക് പിടിച്ചു നില്‍ക്കാനാവാതെ പോയത് സുവിദിതമാണല്ലോ. ശാസ്ത്രമുന്നേറ്റങ്ങളെ എന്നും അടിച്ചമര്‍ത്താനുള്ള ശ്രമം സഭ നടത്തിയിരുന്നു. ജൈവോൽപത്തിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തങ്ങളുടെ പ്രമാണങ്ങള്‍ പറഞ്ഞുവെച്ചത് പുതിയ പഠനങ്ങളുമായി പൊരുത്തപ്പെട്ട് പോവാന്‍ കഴിയാത്തതായിരുന്നു എന്നതാണ് പരിണാമവാദത്തിന് എതിരായുള്ള ക്രൈസ്തവ സഭയുടെ പടപ്പുറപ്പാടിന് ഹേതുകം. എന്നാല്‍ അന്വേഷണ തൃഷ്ണയെ അങ്ങേയറ്റം ഉദ്ദീപിപ്പിച്ച മുസ്‌ലിം സമൂഹം പരിണാമ വാദത്തിന്റെ പുതിയ സങ്കേതങ്ങളേയും സമതലമായി വ്യാഖ്യാനിച്ചു.
ഇവിടെ, പരിണാമ സിദ്ധാന്തത്തെ മുഴുവന്‍ അങ്ങേയറ്റം പ്രതിലോമപരമായി ഗണിക്കുന്ന മുസ്‌ലിം അഭിപ്രായ പ്രകടനങ്ങളെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതര മതവിഭാഗങ്ങളുടെ ജൈവോൽപത്തിയിലുള്ള ആശയദാരിദ്ര്യം നമ്മെ ഭയപ്പെടുത്തേണ്ടതില്ലല്ലോ. ‘എവല്യൂഷന്‍ തിയറി’ കേവലം ‘തിയറി’ മാത്രമാണെന്ന നിസ്സാരപ്പെടുത്തലും ശാസ്ത്രം വിയോജിച്ചതാണെന്ന നിസ്സംഗതയും അന്ത:ശൂന്യതയാണ്. ഡാര്‍വിനിസത്തോട് ശാസ്ത്രം വിമുഖത കാണിക്കുന്നുണ്ടെങ്കിലും ജൈവോൽപത്തിയുടെ വിശാലതലങ്ങള്‍ ശാസ്ത്രം വിശദീകരിക്കുന്നതിനിടയില്‍ പരിണാമവാദത്തിന്റെ വിവിധ തലങ്ങളും കാണാം. ബയോളജി ടെക്സ്റ്റുകളില്‍ പരിണാമസിദ്ധാന്തം കാണുമ്പോഴേക്ക് ഹാലിളകുന്നത് സിദ്ധാന്തത്തിന്റെ സമൂലമായ ആശയ തലങ്ങളിലുള്ള അജ്ഞതയുടെ പരിച്ഛേദനം മാത്രമാണ്. മനുഷ്യന്റെതല്ലാത്ത പരിണാമവാദ പഠനങ്ങളോട് അസ്പൃശ്യതയും അസഹിഷ്ണുതയും കാണിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നേയില്ല.
ഓസ്ട്രിയന്‍ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സിറ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ ആന്ത്രോപോളജി ‘darwin and Dunya;muslim reponssse to darwinian evolution’ എന്ന ശീര്‍ഷകത്തില്‍ നടത്തിയ പഠനത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളില്‍ പരിണാമവാദ പഠനങ്ങള്‍ അങ്ങേയറ്റം കുറയുന്നതായും ചിലയിടങ്ങളില്‍ എവല്യൂഷനെ സംബന്ധിച്ച പ്രാഥമികമായ വിവരങ്ങള്‍ പോലും ഉള്‍ക്കൊള്ളുന്ന പാഠ്യപദ്ധതികള്‍ ഇല്ലാത്തതായും കണ്ടെത്തുകയുണ്ടായി. പഠനാവതരണങ്ങളിലെ ആധികാരികത അന്വേഷണ വിധേയമാക്കേണ്ടതാണെങ്കിലും പരിണാമ സിദ്ധാന്തങ്ങളോട് മൊത്തത്തില്‍ മുഖം തിരിയുന്ന പ്രവണത അപലപനീയം തന്നെയാണ്. മുസ്‌ലിങ്ങള്‍ക്കിടയില്‍ ശാസ്ത്രപഠനങ്ങള്‍ കാര്യമായി നടക്കുന്ന ഇടങ്ങളില്‍ പരിണാമവാദത്തെ അംഗീകരിക്കലും മുസ്ലിം പണ്ഡിതര്‍ പ്രമാണബദ്ധമായി വ്യാഖ്യാനിക്കലും നടക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പ്രസ്തുത പഠനം പരിണാമവാദത്തെ മൊത്തമായി എതിര്‍ക്കുന്നവര്‍ ക്രൈസ്തവ ജൂത സങ്കൽപങ്ങളിലെ അതിരുകടന്ന ‘സൃഷ്ടിവാദ’ത്തിന്റെ സ്വാധീന ഫലത്തിലാണെന്നും ചൂണ്ടിക്കാട്ടിയത് ശ്രദ്ധേയമാണ്. ഡോക്ടര്‍ യാസിര്‍ ഖാദി,ഹംസ സോര്‍ട്ടിസ് തുടങ്ങി പലരും മുസ്‌ലിം വിശ്വാസ സംഹിതയുടെയും നവപരിണാമസിദ്ധാന്തത്തിന്റെ ശാസ്ത്ര സങ്കേതങ്ങളുടെയും ഇടയിലെ അനുരഞ്ജനത്തിന്റെ ഭാഷ്യം വിശദീകരിക്കുമ്പോള്‍ ഹാറൂന്‍ യഹ്‌യയെ പോലുള്ളവര്‍ അങ്ങേയറ്റം അവജ്ഞയോടെ എവല്യുഷന്‍ തിയറിയെ മൊത്തത്തില്‍ ഗണിക്കുന്നത് അറിവനുഭവങ്ങളിലെ അപര്യാപ്തമായേ കാണാനാവൂ. യാസിര്‍ ഖാദി ലണ്ടനില്‍ നടത്തിയ ‘തിയോളജിക്കല്‍ ഡിബേറ്റ് ഓണ്‍ എവല്യൂഷന്‍ ‘ പോലോത്ത പ്രഭാഷണപരമ്പരകള്‍ക്ക് തടസ്സം സൃഷ്ടിച്ച ചില വിശ്വാസികള്‍ പരിണാമവാദം മൊത്തമായും ഇസ്‌ലാം വിരുദ്ധമാണെന്ന് തെറ്റിദ്ധരിച്ചവരോ തെറ്റിദ്ധരിപ്പിക്കുന്നവരോ ആണ്.
നാസ്തിക മുതലെടുപ്പുകള്‍
ആശയദാരിദ്ര്യത്തിന്റെ സമ്പന്നത കാരണം എന്നും എന്തിനേയും തനിക്കാക്കി വെടക്കാക്കാന്‍ ശ്രമിച്ചവരാണ് നാസ്തിക ലോബികള്‍. അത്തരമൊരു മുതലെടുപ്പോ മോഷണമോ പരിണാമവാദത്തിലും ഉണ്ടായി. പരിണാമവാദം ഈശ്വരനിരാകരണമാണ് സിദ്ധാന്തിക്കുന്നതത്രെ!
ഡാര്‍വിന്‍ കൃതിയുടെ സ്വഭാവവും സ്വരൂപവും പരിശോധിക്കുമ്പോള്‍ അത് ചരിത്രത്തിലുള്ള അനുമാനങ്ങളുടെ ചിത്രമാണെന്ന് ബോധ്യമാവും. ജീവന്റെ ഉത്ഭവം തന്റെ വിഷയമല്ലെന്നും ഡാര്‍വിന്‍ പ്രസ്താവിച്ചു. ഡാര്‍വിനിസം നേരിട്ട സൈദ്ധാന്തിക പ്രശ്‌നങ്ങള്‍ പിന്നീട് പലതും കൂട്ടിച്ചേര്‍ത്തുള്ളനിയോ ഡാര്‍വിനിസം വരെ – അവതരണ ശ്രമങ്ങള്‍ക്ക് കാരണമായി.എന്നാല്‍, അതൊന്നും ദൈവാസ്തിക്യത്തിന്റെ നിരാകരണത്തിലേക്കോ ജീവോത്ഭവത്തിലെ അവിതര്‍ക്കിതമായ ഫാക്റ്റ് പ്രസന്റിങ്ങിലേക്കോ ഇന്നും എത്തിയിട്ടില്ല.
ഡാര്‍വിന്‍ പ്രകൃതി നിര്‍ധാരണത്തിലധിഷ്ഠിതമായ പരിണാമവാദം അവതരിപ്പിച്ച ആ കാലത്ത് ഭൗതികവാദം വൈരുദ്ധ്യാത്മകമായി അവതരിപ്പിച്ച് കുഴങ്ങിയ കമ്മ്യൂണിസ്റ്റ് ബുദ്ധി നടത്തിയ സാമൂഹിക രാഷ്ട്രീയ മുതലെടുപ്പ് തന്നെയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സിനെ പോലോത്ത പുതിയ കാല ഭൗതികവാദികളും ഈ കാലത്ത് നടത്തുന്നത്. നവനാസ്തികതയുടെ ‘കുതിരപ്പടയാളി’യായ ഡോക്കിന്‍സ് ഡാര്‍വിനെ വായിക്കുന്നത്, ‘ചാള്‍സ് ഡാര്‍വിനെന്ന ഒരാള്‍ ഇവിടെ കടന്ന് വരും മുമ്പ് ജീവികള്‍ എന്തെന്നറിയാത്ത 300 കോടിയിലധികം സംവത്സരങ്ങള്‍ ഇവിടെ നിലനിന്നിരുന്നു’ എന്ന പ്രസ്താവനയി ലൂടെയാണ്.പരിണാമവാദത്തിന്റെ ചരിത്രപരമായ ഘട്ടങ്ങളിലുള്ള അജ്ഞത മാത്രമാണിത് കുറിക്കുന്നത്. തന്നെക്കുറിച്ചോ തന്റെ സിദ്ധാന്തങ്ങളെക്കുറിച്ചോ അപ്രമാദിത്വത്തിന്റെതോ അനിഷേധ്യതയുടെതോ ആയ ഒരു തലം ഡാര്‍വിന്‍ പോലും അവതരിപ്പിച്ചില്ലെന്നിരിക്കെ ഡാര്‍വിന്റെ തലയില്‍ പലതും വെച്ചുകെട്ടല്‍ നയം സ്വീകരിക്കുന്ന നാസ്തിക ബുദ്ധി ബഹുരസം തന്നെ!. ഡാര്‍വിന്റെ തന്നെ വിശ്വാസ രീതികളില്‍ അഭിപ്രായാന്തരങ്ങളുണ്ടായിരിക്കെ ഡാര്‍വിനെ ഒരു മികച്ച നിരീശ്വരവാദിയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും തകൃതിയായി നടക്കുന്നു.
ശാസ്ത്രത്തിൻ്റെ അട്ടിപ്പേറവകാശം തട്ടിയെടുക്കാനും സൃഷ്ടാവിന്റെ സാന്നിധ്യത്തെ തിരസ്‌കരിക്കാനുമാണ് അതിപ്രധാനമായും പരിണാമ സിദ്ധാന്തത്തെ നവനാസ്തികര്‍ ആഘോഷപൂര്‍വ്വം ഏറ്റെടുക്കാറുള്ളത്. ഡാര്‍വിന്‍ 1859-ല്‍ തന്റെ കൃതി പുറത്തിറക്കിയതിനു ശേഷം പിന്നീടുള്ള വിവിധ പതിപ്പുകളില്‍ പല പരിഷ്‌കരണങ്ങളും വരുത്തിയിരുന്നു. ഇതര ശാസ്ത്രജ്ഞരുടെ വിമര്‍ശനങ്ങള്‍ അംഗീകരിച്ചത് കാരണമായിരുന്നു ഈ പരിഷ്‌കരണവും തിരുത്തലുകളും. എന്നാല്‍ ഇക്കാലത്തെ ചാള്‍സ് ഡാര്‍വിന്റെ ഏറ്റവും വലിയ വക്താവും പ്രചാരകനുമായ റിച്ചാര്‍ഡ് ഡോക്കിന്‍സിന് ഈ പരിഷ്‌കരണങ്ങളോട് പോലും സഹിഷ്ണുത പുലര്‍ത്താന്‍ പറ്റാതെ പോവുന്നത് കാണാം. The Greatest Show on Earth: The Evidence for Evolution എന്ന തന്റെ കൃതിയില്‍ ഡോക്കിന്‍സ് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത അന്ധമായ മത വിരോധത്തിന്റെ പരിഛേദം മാത്രമാണ്.
കൃത്രിമ നിര്‍ധാരണത്തിലൂടെയുള്ള മാറ്റം വരുത്തലുകളടക്കം പരിണാമത്തിന്റെ വിശാല വായനകള്‍ സാധ്യമാവുമ്പോഴും അതിനിടയില്‍ സാധുതകള്‍ സംഭവിക്കുമ്പോഴും സൃഷ്ടാവിന്റെ അസ്തിത്വത്തിന് അപ്രസക്തി പറയാനാവില്ലെന്നത് തീര്‍ച്ച. സ്പീഷ്യസുകളുടെ ഒറിജിനെ കുറിച്ച് ഗവേഷണം നടത്തിയ ഡാര്‍വിന്റെ മുമ്പും ശേഷവുമുള്ള പ്രകൃ തി ശാസ്ത്രജ്ഞരൊന്നും തീര്‍ച്ചപ്പെടുത്താത്ത ‘ഒറിജിന്‍’ ഡാര്‍വിനും കണ്ടെത്താനായിട്ടില്ല. കൃതിയുടെ പേരില്‍ ‘ഒറിജിന്‍ ഓഫ് സ്പീഷ്യസ്’ എന്നു കാണാമെങ്കിലും പേരിനു പോലും ഒരു സ്പീഷ്യസിന്റെയെങ്കിലും ഉത്ഭവം ശാസ്ത്രീയമായി ഡാര്‍വിന്‍ വിശകലനം ചെയ്യുന്നില്ല.അടിസ്ഥാന പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യാന്‍ പോലും മുതിരാത്ത ഒരു വാദം വിശ്വാസത്തെ അപ്രസക്തമാക്കുന്നുവെന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ കേവലം വമ്പുപറച്ചില്‍ മാത്രമാണെന്ന് സാരം.
സൈദ്ധാന്തികമായും ശാസ്ത്രീയമായും യാതൊരടിത്തറയുമില്ലാത്ത ഇത്തരം ജൽപനങ്ങളുടെ പ്രതിസന്ധികള്‍ കേവലം അറിവനുഭവങ്ങളുടെ മണ്ഡലങ്ങളില്‍ മാത്രം പരിമിതപ്പെടുന്നവയല്ല. ഡാര്‍വിനിസം സോഷ്യല്‍ ഡാര്‍വിനിസമായി മാറിയതും പിന്നീട് യൂജനിക്‌സ് എന്ന വംശീയ ശാസ്ത്രവും കിരാത പദ്ധതിയും പരിണാമം പ്രാപിച്ചതും ആലോചനാ വിധേയമാക്കേണ്ടതാണ്. നാസി – ഫാസിസ്റ്റ് വംശീയവാദങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറ നല്‍കിയും വംശഹത്യകളും വംശീയ ഉന്മൂലനങ്ങളും ലോകത്ത് സാധ്യമാക്കുകയും ചെയ്തതില്‍ സോഷ്യല്‍ ഡാര്‍വിനിസത്തിന് വലിയ പങ്കുണ്ട്. ചാള്‍സ് ഡാര്‍വിന്റെ മകന്‍ ലിയൊണാഡ് ഡാര്‍വിന്‍ യൂജനിക്‌സ് പ്രസ്ഥാനത്തിന്റെ നേതാവായത് യാദൃശ്ചികമല്ല. പരിണാമ – നിരീശ്വര വാദങ്ങളും സാമ്രാജ്യത്വ വംശീയ മോഹങ്ങളും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടും അവിഹിത ബന്ധവും ഇനിയും വിശാല വിശകലനങ്ങള്‍ക്ക് വിധേയമാവേണ്ടതുണ്ട്. ലോകത്തെ പല പ്രതിസന്ധികളിലേക്കും നയിച്ച കിരാത നടപടികള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ നല്‍കിയ ഇത്തരം വാദമുഖങ്ങളെ ശാസ് ത്രീയമായും സാമൂഹികമായും പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്.
ഒരു പാടുകാലം മുമ്പു തന്നെ പലരും നടത്തിയ നിഗമനങ്ങളും അനുമാനങ്ങളുമാണ് പരിണാമവാദത്തിന്റെ വിവിധ തലങ്ങളിലുണ്ടായതെന്ന് പറഞ്ഞല്ലോ. എന്നാല്‍ ഡാര്‍വിന്‍ ഒരായുഷ്‌ക്കാലം മുഴുക്കെ തന്റെ കണ്ടെത്തലിലൂടെ പരിണാമവാദത്തെ ന്യായീകരിക്കാന്‍ ശ്രമിച്ചു. തന്റെ നിരീക്ഷണങ്ങള്‍ക്ക് കഴിയും വിധം തെളിവുകളവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പലപ്പോഴും തന്റെ അനുമാനങ്ങളും അഭിപ്രായപ്രകടനങ്ങളും മാത്രമാണിതെന്നും പറഞ്ഞു. കാലപ്രയാണത്തില്‍ സാധ്യമായ ബൗദ്ധിക വികാസം അദ്ദേഹത്തിന്റെ പല വാദങ്ങളെയും ദുര്‍ബലപ്പെടുത്തിയെങ്കിലും പരിണാമ ചിന്തയുടെ മേഖലയില്‍ ഡാര്‍വിന്‍ കൃതികള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ടെന്നത് വസ്തുതയാണ്.
പില്‍ക്കാലത്ത് വികാസം പ്രാപിച്ച പരിണാമ സിദ്ധാന്തങ്ങളില്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങളുമുണ്ടായി. ആസ്തിക നാസ്തിക വാദികളൊക്കെയും അതില്‍ അഭിപ്രായ പ്രകടനവും നടത്തി. നാസ്തികര്‍ ദൈവാസ്തിത്വത്തെ നിഷേധിക്കാനുള്ള ആയുധമായല്ലാതെ പില്‍ക്കാല പരിണാമ ചിന്താധാരയെ ഉപയോഗിക്കാതെ വന്നതിനാല്‍ നാസ്തികബുദ്ധി പുതിയ ജീവോല്പത്തി പഠനങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടഗതികേടിലായി.
എന്നാല്‍, മതവിശ്വാസികളില്‍ വിപ്ലവാത്മകമായ അന്വേഷണ പഠനങ്ങള്‍ ഈ രംഗത്തുണ്ടായി. 1859-കള്‍ക്ക് ശേഷം പരിണാമ ചിന്താധാരയും ജീവോൽപത്തി സംബന്ധിയായ പ്രമാണങ്ങളെയും യോജിപ്പിക്കാന്‍ കഴിയാത്തതിനാല്‍ അതിനിശിതമായി വിമര്‍ശിച്ചു പോന്ന ക്രൈസ്ത്രവ സഭയില്‍ പോലും പിന്നീട് അഭിപ്രായാന്തരങ്ങളുണ്ടായത് കാണാം. പോപ്പ് പയസ്സ് പന്ത്രണ്ടാമന്‍ (1939-1958) പരിണാമ ചിന്തയെ ശരിവച്ച് സംസാരിച്ചത് വിവാദമായെങ്കിലും 2014 ഒക്ടോബറില്‍ വത്തിക്കാനിലെ ശാസ്ത്ര പഠന കേന്ദ്രമായ പോന്‍ടിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രപഞ്ചത്തെക്കുറിച്ച വികസിത സങ്കൽപങ്ങളെക്കുറിച്ച് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പാപ്പയും പരിണാമവാദത്തെ അനുകൂലിച്ചു. പരിണാമ സിദ്ധാന്തത്തില്‍ ദൈവസങ്കൽപത്തെ എതിര്‍ക്കുന്ന യാതൊന്നുമില്ലെന്നും ജീവോൽപത്തി സംബന്ധിയായ ദൈവികവചനങ്ങളെ വിശദീകരിക്കാന്‍ ഈ സിദ്ധാന്തം ആവശ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
പില്‍ക്കാല മുസ്‌ലിം പഠനങ്ങളാണ് പരാമര്‍ശിക്കേണ്ടതായ മറ്റൊരുവശം. ദൈവനിഷേധത്തിലൂന്നിയതാണ് പരിണാമപഠനങ്ങള്‍ മുഴുക്കെയുമെന്ന ഭയത്താല്‍ ചിലരെങ്കിലും മാറിനിന്നെങ്കിലും ആശാവഹമായ പഠനങ്ങള്‍ മുസ്‌ലിം സമൂഹത്തിലുമുണ്ടായി. ഖുര്‍ആനിലെ 71: 14, 71 : 17 പോലോത്ത സൂക്തങ്ങള്‍ ഉദ്ധരിച്ച് മനുഷ്യപരിണാമത്തിന്റേതടക്കം മുഴുവനായും വ്യാഖ്യാനിച്ചെടുത്ത ചില അതിരുകടന്ന അതിവാദങ്ങള്‍ പ്രകടമായെങ്കില്‍ പോലും മധ്യവര്‍ത്തികളായ ഉത്തമ സമൂഹം ഈ രംഗത്തും ഔന്നിത്യം പുലര്‍ത്തി. ഖുര്‍ആന്‍ സ്പഷ്ടമായി പറഞ്ഞ പൂര്‍ണതയുടെ മനുഷ്യ സൃഷ്ടിപ്പിനെ പൂര്‍ണ്ണമായും വിശ്വസിച്ച സമൂഹം ഇതര ജീവിവര്‍ഗങ്ങളുടെതായ പരിണാമ പഠനങ്ങളെ പുരസ്‌കരിക്കുകയും ചെയ്തു.അതുവഴി സമഗ്രവും സര്‍വകാലികവുമായ ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങളെ ആത്മവിശ്വാസത്തോടെ തന്നെ നവസാഹചര്യത്തിലെ ശാസ്ത്ര മുന്നേറ്റങ്ങളുമായി യോജിപ്പിച്ചുകൊണ്ട് പോവാന്‍ മുസ്‌ലിം പണ്ഡിത വരേണ്യര്‍ക്ക് സാധിച്ചു. അന്ധമായ സ്വീകരണ – നിരാകരണ വഴികളില്‍ മധ്യമനിലപാടിന്റെ മനോഹര സരണിയിലായി മുസ്‌ലിം സമൂഹം സഞ്ചാരപദം സാധ്യമാക്കിയത് സുഭദ്രമായ വിശ്വാസസംഹിത കൊണ്ടുതന്നെയാണ്.