വിശ്വസിക്കുകയും പലായനം നടത്തുകയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരത്തിലേർപ്പെടുകയും ചെയ്തവരും, അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാർഥ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ വിഭവങ്ങളും ഉണ്ടായിരിക്കും. (അൽ അൻഫാൽ: 74)
ഹിജ്റക്ക് മനുഷ്യചരിതത്തോളം തന്നെ പാരമ്പര്യമുണ്ടെന്നതാണ് വസ്തുത. വ്യത്യസ്ഥ കാരണങ്ങളാൽ ഓരോ വിഭാഗം മനുഷ്യരും നടത്തിയ പലായനങ്ങളാണ് ഇന്നത്തെ സമൂഹങ്ങളുടെ കൂട്ടായ്മകൾക്ക് രൂപം നൽകിയത്. ഹള്റത്ത് ഇബ്റാഹീം(അ) ഇറാഖിൽ നിന്ന് ഹിജാസിലേക്ക് നടത്തിയതും ഒരു ഹിജ്റ തന്നെയായിരുന്നു. വിവിധ സംസ്കാരങ്ങൾ തമ്മിലറിയാനും ഇഴുകിച്ചേരാനും ഹിജ്റകൾ വഴിവെക്കുന്നു.
ഹിജ്റ എന്ന പേരിൽ ഒരു കലണ്ടറിന്റെ തുടക്കത്തിന് തന്നെ കാരണമായ ചരിത്രപ്രസിദ്ധമായ ഹിജ്റ പ്രവാചകൻ(സ്വ)യുടെ ഹിജ്റയാണ്. ക്രൈസ്തവഭരണം നിലനിന്നിരുന്ന എത്യോപ്യയിലേക്ക് പ്രവാചക ശിഷ്യർ നടത്തിയ ഹിജ്റ ചരിത്രപ്രസിദ്ധമാണെങ്കിലും ഈ മഹത് വ്യക്തിത്വങ്ങൾ അവിടെ തങ്ങാതെ തിരിച്ചു പോരുകയാണുണ്ടായത്. ഇവരിൽ പലരും ശേഷം മദീനയിലെത്തുകയും ചെയ്തു. അബ്സീനിയൻ രാജാവിന്റെ പുത്രനടക്കമുള്ള ഏഴംഗസംഘം പിന്നീട് അറേബ്യയിലേക്ക് തിരിച്ചെങ്കിലും ചെങ്കടലിൽ കപ്പൽ മുങ്ങി പ്രസ്തുത സംഘം മരണത്തിന് കീഴ്പ്പെടുകയായിരുന്നു. ഇന്നും തുടരുന്ന പലായന ദുരന്തത്തിന്റെ ഓർമ്മയാണീ സംഭവം.
മക്കയും മദീനയും
മക്ക അതിപുരാതന തീർഥാടന കേന്ദ്രമാണെങ്കിൽ പ്രവാചകന് അഭയം നൽകാനും അന്ത്യവിശ്രമ കേന്ദ്രമാകാനുമുള്ള അവസരം മദീനാമുനവ്വറക്കായിരുന്നു. ‘ദാറുൽ ഹിജ്റ’ (പലായന കേന്ദ്രം) എന്നാണീ രാജ്യം അറിയപ്പെടുന്നത് തന്നെ. പഴയ പേര് യസ്രിബ് എന്നാണ്. മക്ക കരിമ്പാറകളുടെ
സംഗമമാണെങ്കിൽ മദീന കൃഷിയുടെയും സമ്പൽസമൃദ്ധിയുടെയും കേന്ദ്രമാണ് ഇന്നും. വിസ്തൃതമായ ഈന്തപ്പനത്തോട്ടങ്ങൾ ഈ രാജ്യത്തുള്ളതാണ്. ലോകത്ത് മക്കക്കാർ കച്ചവടക്കാരും മദീനക്കാർ കർഷകരും എന്ന വിശേഷണം അങ്ങനെ വന്നുചേർന്നതാണ്.
ഇരു നാട്ടുകാരും തമ്മിൽ സ്വഭാവത്തിൽ ഇന്നും അന്തരം പ്രകടമാണ്. നിങ്ങൾ മസ്ജിദുന്നബവിയിലേക്ക് പോകാനായി റോഡിൽ കാത്തുനിൽക്കുകയാണെങ്കിൽ സ്വദേശികളുടെ വാഹനം നിങ്ങൾക്ക് മുമ്പിലെത്തി നിൽക്കും. തുടർന്ന് പള്ളിയിലിറക്കി വിടും. കാശും വാങ്ങില്ല. നോമ്പുകാലങ്ങളിൽ തുറയൊരുക്കി വിരുന്നുകാരെ അന്വേഷിക്കുന്ന പതിവ് ഇന്നും മദീനയിലുണ്ട്.
അതുല്യ മാതൃക
‘അൽ അൻസ്വാർ’ (സഹായികൾ) എന്ന് വിശുദ്ധ ഖുർആനും ചരിത്രവും പേരിട്ടുവിളിച്ച മദീനക്കാർ ലോകചരിത്രത്തിൽ തന്നെ ആതിഥ്യമര്യാദയുടെ പര്യായങ്ങളായി അറിയപ്പെടുന്നു. സ്വന്തം പുത്രിമാരെയും സഹോദരിമാരെയും മാത്രമല്ല, ഭാര്യമാരെപ്പോലും മുഹാജിറുകൾക്ക് നൽകാൻ ഇവർ സന്നദ്ധരായി. മദീനയുടെ ചരിത്രത്തിൽ ആനന്ദം അലതല്ലിയ ദിവസമേതാണെന്ന ചോദ്യത്തിന് പ്രവാചകർ(സ്വ) മദീനയിലെത്തിയ ദിവസം എന്നാണ് അവർ പറഞ്ഞ മറുപടി. ഇവിടെയും തീർന്നില്ല, സൗഹൃദ ഹൃദയത്തിന്റെ വ്യാപ്തി. ബദ്ർ വിജയം വരെ രക്തബന്ധത്തിന് സമാനമായി പരിഗണിച്ച് മുഹാജിറുകൾക്ക് സ്വത്തവകാശം പോലും നൽകിയിരുന്നു. പ്രായശ്ചിത്ത ബാധ്യത ഏറ്റെടുക്കാനും അവർ ഒരുക്കമായിരുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: “വിശ്വാസം ഉൾക്കൊള്ളുകയും ഹിജ്റ പോവുകയും തങ്ങളുടെ സമ്പത്തും ശരീരവും കൊണ്ട് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരത്തിലേർപ്പെടുകയും ചെയ്തവരും അവർക്ക് അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും പരസ്പരം ഉറ്റമിത്രങ്ങളാകുന്നു’. (അൽ അൻഫാൽ 72). ‘മിത്രങ്ങൾ’ എന്നതിന്റെ വ്യാപ്തിയിൽ അനന്തരം നൽകലും പെട്ടുവെന്നർഥം.
മദീനക്കാരുമായുള്ള പ്രവാചകബന്ധത്തിന്റെ ഊഷ്മളമായ രംഗങ്ങൾ ചരിത്രത്തിൽ വായിക്കാം. ഒരു ഉദാഹരണം, ഹുനൈൻ യുദ്ധത്തിൽ മുസ്ലിംകൾക്ക് വമ്പിച്ച ധനം ലഭിച്ചിരുന്നു. ഈ ധനത്തിൽ ഏറിയ പങ്കും ലഭിച്ചിരുന്നത് അഭയാർഥികളായി എത്തിയവർക്കായിരുന്നു. ഇതേ കുറിച്ച് ചിലർക്കിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തു. പ്രവാചക തിരുമേനി(സ്വ) അവരെ വിളിച്ച് സംഗതികൾ അന്വേഷിച്ചു. മുതിർന്നവരുടെ മറുപടി ഇങ്ങിനെയാ യിരുന്നു: ഞങ്ങൾക്കൊരു പരാതിയുമില്ല, എന്നാൽ ചില ചെറുപ്പക്കാർക്ക് പരാതിയില്ലാതില്ല. ഇതുകേട്ട് നബിതിരുമേനി(സ്വ) അവരെ വിളിച്ചുകൂട്ടി. അർഥവത്തായൊരു പ്രസംഗം നടത്തി: ‘അഗ്നിയുടെ വക്കിലായിരുന്ന നിങ്ങളെ രക്ഷപ്പെടുത്തിയത് ഞാനല്ലേ? തമ്മിലടിച്ച് കാലം കഴിച്ചിരുന്ന നിങ്ങളെ ഈ സൗഹാർദ്ദത്തിന്റെ മാർഗത്തിൽ കോർത്തിണക്കിയത് ഞാനല്ലേ?’ ഇങ്ങനെ കുറേ ചോദ്യങ്ങൾ ഉന്നയിച്ച ശേഷം അവിടുന്ന് തുടർന്നു: ‘നിങ്ങൾക്ക്
വേണമെങ്കിൽ എന്നോട് തിരിച്ചും ചോദിക്കാം, ‘സ്വന്തം നാട്ടുകാർ ആട്ടിയോടിച്ചപ്പോൾ അഭയവും സംരക്ഷണവും ഒരുക്കിയത് ഞങ്ങളല്ലേ?’ന്ന്… അവർ പക്ഷെ ഒന്നും ചോദിച്ചില്ല. ഒടുവിൽ അവിടുന്ന് പറഞ്ഞു: ‘ജനങ്ങൾ ആടുകളും ഒട്ടകങ്ങളുമായി തിരിച്ചുപോകുമ്പോൾ നിങ്ങൾ കൊണ്ടുപോകുന്നത് അല്ലാഹുവിന്റെ ദൂതനെയാണ്. അതല്ലേ കരണീയം? ഈ ആതിഥ്യമര്യാദയാണ് മുസ്ലിം രാജ്യങ്ങളിൽ ഇന്നും ഒരളവ് വരെ നിലനിർത്തിപ്പോരുന്നത്. മുസ്ലിംകളെ പീഢിപ്പിക്കുന്ന രാജ്യക്കാരോട് പോലും അറബികൾ നിസ്സഹകരണം പുലർത്തുന്നില്ലല്ലോ!.
“വിശ്വാസത്തെയും രാജ്യത്തയും നേരത്തേതന്നെ സങ്കേതമാക്കിയവരും പലായനം ചെയ്തെത്തിയവരെ സ്നേഹിക്കുന്നവരും അവർക്ക് ലഭിച്ചതിന്റെ പേരിൽ മനസ്സിൽ ഒരു പ്രയാസവും തോന്നാത്തവരും എത്ര ദാരിദ്യമുണ്ടെങ്കിലും സ്വന്തത്തേക്കാൾ മറ്റുള്ളവർക്ക് മുൻഗണന നൽകുന്നവരുമാണവർ” ഈ വാക്യത്തിന്റെ അവതരണ പശ്ചാത്തലമായി ഇബ്നു കസീർ(റ) ഉദ്ധരിക്കുന്ന ഒരു സംഭവം കാണുക: ‘ഒരാൾ മദീനയിൽ വന്ന് തന്റെ ദയനീയാവസ്ഥ പ്രവാചകരോട് പങ്കുവെച്ചു. അവിടുന്ന് ഭാര്യമാരിലേക്ക് ആളെയയച്ചു. വല്ലതും ഉണ്ടായെന്നറിയാൻ. ഫലം നിരാശയായിരുന്നു. അവിടുന്ന് സദസ്യരോട് ചോദിച്ചു: ‘ഇയാളെ സൽക്കരിക്കാൻ ആരുണ്ട്?’ ഒരു അൻസ്വാരി എഴുന്നേറ്റ് പറഞ്ഞു: ഞാൻ. അങ്ങനെ അദ്ദേഹം അതിഥിയെ കൂട്ടി വീട്ടിലെത്തി. ഭാര്യയോട് പറഞ്ഞു: ഇയാൾ
പ്രവാചകന്റെ അതിഥിയാ
ണ്. ഒന്നും മറച്ചുവെക്കരുത്. അവർ പറഞ്ഞു: കുട്ടികൾക്ക് കരുതിവെച്ച ഭക്ഷണമല്ലാതെ ഇവിടെ യാതൊന്നുമില്ല. എങ്കിൽ കുട്ടികളെ ഉറക്കിക്കിടത്തുക.അയാൾ ഭക്ഷണത്തിനിരുന്നാൽ വിളക്കണക്കുകയും ചെയ്യണം. അങ്ങനെ വീട്ടുകാരൻ ഭക്ഷണം കഴിക്കുന്നതായി അഭിനയിക്കുകയും ഉള്ള ഭക്ഷണം വിരുന്നുകാരൻ കഴിക്കുകയും ചെയ്തു. പിറ്റേന്ന് വിവരമറിഞ്ഞ നബിതിരുമേനി(സ്വ) പറഞ്ഞു: ‘ഈ ദമ്പതിമാരുടെ കാര്യത്തിൽ അല്ലാഹു സന്തോഷിച്ചിരിക്കുന്നു.’ അന്നേരമാണ് ഈ വാക്യം അവതരിക്കുന്നത്. ഈ വ്യക്തി അബൂത്വൽഹതുൽ അൻസ്വാരി(റ)യായിരുന്നു എന്നും റിപ്പോർട്ടുകളിൽ കാണാം (ഇബ്നു കസീർ).
പരസ്പര സഹകരണത്തിന്റെയും സഹായത്തിന്റെയും ഉദാത്ത മാത്യകയാണ് ആദ്യകാല മുസ്ലിംകൾ ലോകത്തിന് സമർപ്പിച്ചത്. ഈ സമർപ്പണത്തിന് രംഗമൊരുക്കിയതാണെങ്കിൽ പ്രവാചക നഗരിയായ മദീനയും. വിശുദ്ധ ഖുർആൻ ഈ സൗഹാർദ്ദത്തെ അനാവരണം ചെയ്യുന്നതാണ് നേരത്തെ നാം വായിച്ചത്. യാദ്യശ്ചികമാകാം, ആധുനിക കാലത്തും പലായനത്തിന്റെയും സംരക്ഷണത്തിന്റെയും ചരിത്രം മുസ്ലിം ലോകത്താണ് ഏറ്റവും അരങ്ങേറുന്നത്. എല്ലാവർക്കും ഉത്തമമാതൃകയായി മക്കയും മദീനയും പ്രോജ്വലിക്കുന്നു.