മതരാഹിത്യം എന്ന ഗുപ്തമതം

athism

‘നാസ്തികര്‍ നൂറു ശതമാനം മതങ്ങളെ നിരാകരിക്കുന്നുവെങ്കില്‍ മതവിശ്വാസികള്‍ 99% മതങ്ങളെയും നിരാകരിക്കുന്നുണ്ട്. കാരണം, ഒരു മതവിശ്വാസിയും തന്റേതല്ലാത്ത വിശ്വാസത്തെ അംഗീകരിക്കുന്നില്ല, അതിനാല്‍ മതവിശ്വാസികളെല്ലാം സെമിനാസ്തികരാണ്’. സി. രവിചന്ദ്രന്‍ തന്റെ രാഷ്ട്രീയമതം ഒളിച്ച് കടത്താനുപയോഗിക്കുന്ന വാദങ്ങളിലൊന്നാണിത്. ഏതെങ്കിലും ഒരു അകാരണകാര്യം ആദികാരണമായി ഉണ്ടോ, ഇല്ലയോ എന്ന വ്യത്യാസമാണ് ആസ്തികതയും നാസ്തികതയും എന്ന ബാലപാഠം പോലും അറിയാതെയാണ്/ ഓര്‍ക്കാതെയാണ് അദ്ദേഹം അത് പറയുന്നത് എന്ന കാര്യം അവിടെയിരിക്കട്ടെ, ആ തെറ്റായ ലോജിക്ക് സവര്‍ണ ഹിന്ദുത്വത്തെ ഒളിച്ച് കടത്താനുള്ള പച്ചനുണയാണ് എന്നതാണ് ഇവിടെ പറയുന്നത്. മതവിശ്വാസികള്‍ മതരാഹിത്യത്തോട്
അടുത്തവരാണെന്നത് പോലെ ആ വാദത്തിന്റെ മറുപുറം മതരാഹിത്യം മതവിശ്വാസത്തോട് അടുത്ത് നില്‍ക്കാം എന്നതാണ്. കേരളത്തിലെ ലിറ്റ്മസ് അതായത് എലൈറ്റ് യുക്തിവാദികള്‍ ജനനം, വിവാഹം, മരണം, മരണാനന്തരം തുടങ്ങിയ കാര്യങ്ങളില്‍ അവര്‍ ‘ദേശീയമായി വാഴ്ത്തപ്പെട്ട’ ഹൈന്ദവ ശീലങ്ങളാണ് പാലിക്കുന്നത്. എളുപ്പത്തില്‍ മനസ്സിലാവുന്ന വേറൊരുദാഹരണം പറയാം, സ്വന്തം ചിന്താസ്വാത്രന്ത്ര്യത്തിന്റെ ഭാഗമായി നജ്മല്‍ ബാബുവായി മാറിയ ടിഎന്‍. ജോയി എന്ന എക്‌സ് ലെഫ്റ്റ് നക്‌സല്‍ തന്റെ ഭൗതികദേഹം കൊടുങ്ങല്ലൂര്‍ പള്ളിപ്പറമ്പില്‍ അടക്കം ചെയ്യണം എന്ന് സ്വന്തക്കാരെ ഏല്‍പിച്ചിരുന്നു. പക്ഷേ, അവര്‍ ഹൈന്ദവമായിട്ടാണ് നജ്മലിന് അന്ത്യയാത്ര നേര്‍ന്നതും ശാന്തി നിമജ്ഞനം ചെയ്തതും. അതിന്റെ രാഷ്ട്രീയമല്ല പറയുന്നത്. മരണമെന്നത് കേവലം രാസ-ജൈവനിര്‍വ്വാണം മാത്രമാണെന്നും അലൗകികമായ അനന്തരത്വങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത ഭൗതിക വസ്തു മാത്രമാണ് മൃതദേഹമെന്നും പറയുന്നവര്‍ക്ക് മുസ്‌ലിം പള്ളിക്കാടും കൃസ്ത്യന്‍ പെട്ടിക്കൂടും ഹിന്ദൂ അശോകച്ചിതയും ഒരുപോലാവണം. പക്ഷേ, അങ്ങനെ ആകാനാവാത്തത്, അവരുടെ തന്നെ തത്വമനുസരിച്ച് പറഞ്ഞാല്‍ യുക്തിവാദികള്‍ സെമി മതവിശ്വാസികള്‍ ആയതിനാലാണ്. ഇവിടെയും അവര്‍ക്ക് അവസാനവാക്ക് പറയുന്ന കള്‍ട്ടുകളുണ്ട്. അവര്‍ പറയുന്ന ‘പ്രമാണങ്ങള്‍’ പരീക്ഷണ നിരീക്ഷണമധ്യേ ‘അന്ധമായി’ വിശ്വസിക്കുകയാണ് അനുയായികള്‍ ചെയ്യുന്നത്.

Herbert Spencer, Auguste Comte

ഏത് അതിഭ്രമവും ആരാധനയാണ് തത്വശാസ്ത്രത്തില്‍. പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും. വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും. ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും. പദാര്‍ഥഗുണത്തോടുള്ള അതിഭ്രമം സയന്റിസമാവും. വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും. ഇതെല്ലാം തെളിവുകളേക്കാള്‍ ‘വിശ്വാസം’ തീര്‍പ്പ് കല്‍പ്പിക്കുന്ന ഡോഗ്മകള്‍ പ്രസക്തമായ മതങ്ങള്‍ തന്നെയാണ്. പ്രസ്തുത ഫാന്‍സ് കള്‍ട്ടിനാണ് ആള്‍ദൈവം എന്ന് പറയുന്നത്. അതായത്, മാതാ അമൃതാനന്ദമയി എന്താണോ അതിന്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി. രവിചന്ദ്രന്‍ എന്ന ഊതിവീര്‍പ്പിച്ച ബിംബവും. തെളിവുകള്‍ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഭക്തരെ നയിക്കുന്നത് സവര്‍ണ വംശീയതയിലേക്ക് തന്നെയാണ്. പറയുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്? അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവര്‍ ഭക്തരല്ലെങ്കില്‍ പിന്നാരാണ് ഭക്തര്‍? ആശ്രമത്തിലെ ആള്‍ദൈവങ്ങള്‍ വേദങ്ങള്‍ പറഞ്ഞ് വര്‍ണവെറിയും പൂജനീയ രക്തശുദ്ധിയും സ്ഥാപിക്കുമ്പോള്‍, ഇത്തരക്കാര്‍ പരിസ്ഥിതിയുടെ, പ്രകൃതിയുടെ സ്വയം പരിപാലനവും പരിണാമവും പറഞ്ഞ് സംവരണം ആര്‍ട്ടിഫിഷലാണെന്ന് പറയും. അബലയായ മാനിനെ സുബലനായ കടുവ തിന്നുന്നത് പ്രകൃതിനിയമമാണെങ്കില്‍ മണ്ണിലെ കുടിയാനെ മന്ദിരത്തിലെ ജന്മി നിയന്ത്രിക്കുന്നത് അതേ നീതിയാണെന്ന് പറയും. ഫെഡറിക് നിത്ഷേയും ഇമ്മാനുവല്‍ കാന്റും ഹെര്‍ബര്‍ട് സ്പെന്‍സറും അഗസ്റ്റ് കോംപ്‌റ്റേയും ബര്‍ണാട് റസലും ഡേവിഡ് ഹ്യൂമും അവരുടെ ചര്‍ച്ചയില്‍ വരും, വേണ്ട അളവില്‍ കഷ്ണിക്കപ്പെട്ട നിലയില്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെ നാവായി പൊങ്ങിയ വാരിയന്‍കുന്നന്മാര്‍ അവരുടെ വര്‍ഗശത്രു ആവുന്നതിന്റെ
പ്രത്യയശാസ്ത്രതലം അതാണ്. ജയിക്കുന്നവരാണ് പ്രകൃതിപരമായി ശരി എന്നത് വലതുപക്ഷ യുക്തിവാദത്തിന്റെ പൊതുതത്ത്വമാണ്. അവര്‍ക്ക് ഗാന്ധിജിയും അംബേദ്ക്കറും അനഭിമതരാവുന്നത് വേറൊന്നും കൊണ്ടല്ല. വാരിയന്‍ കുന്നന്റെ പോരാട്ടം ( ജയിക്കാന്‍ പിറന്ന) ഭൂജന്മിമാരോടും ബ്രിട്ടീഷുകാരോടുമായിരുന്നു എന്ന കൂട്ടിക്കെട്ടലും ചില യുക്തിവാദികള്‍ നടത്തിയത് ഇയ്യിടെ നാം കണ്ടതാണ്. അപ്പോള്‍ ചിത്രം വ്യക്തമാണ്. ആയുര്‍വേദം, പ്രകൃതി ചികിത്സ, നാടന്‍ ചികിത്സ തുടങ്ങിയവയെ എതിര്‍ക്കുന്നവര്‍ എന്‍ഡോസള്‍ഫാനെ എതിര്‍ക്കാറില്ല, അലോപ്പതിയിലെ അമാനവിക പരീക്ഷണങ്ങളെ ചോദ്യം ചെയ്യാറില്ല. ഭാരതത്തില്‍, ഹിന്ദുത്വയുടെ ചാണകം ജയിക്കാന്‍ അവകാശപ്പെട്ടത് എന്‍ഡോസള്‍ഫാനാണ് എന്ന വിരുദ്ധദ്വന്ദങ്ങളെ പാലമിട്ട് ഒന്നാക്കലിന്റെ പേരാണ് സവര്‍ണ യുക്തിവാദം.

Total
0
Shares
Previous Article

അല്‍ അന്‍സ്വാറു വല്‍ മുഹാജിറൂന്‍; പാരസ്പര്യത്തിന്റെ സൗന്ദര്യം

Next Article
മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം

മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം

Related Posts
Total
0
Share