നിരീശ്വരത്വം: അപൂർണതകളുടെ പൂർണത

മനുഷ്യയുക്തിയിൽ അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം.(Rationalism) അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലനം ചെയ്ത് സത്യം കണ്ടെത്താന്‍ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് സാമാന്യമായി പറയുന്നു. അന്തഃപ്രജ്ഞയെ (Intuition) സമ്പൂര്‍ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, അന്തഃപ്രജ്ഞയ്ക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നല്‍കുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. എന്നാല്‍, സാമാന്യമായി നിലനില്‍ക്കുന്ന ഒരു തെറ്റിദ്ധാരണ ‘യുക്തിവാദം’ എന്നത് ‘നിരീശ്വരവാദം’ എന്നതിന്റെ പര്യായമാണ് എന്നാണ്. അതിനിടയില്‍ സെമി പാരഡോക്‌സിക്കല്‍ ബൈനറിയുണ്ട്.

യുക്തിവാദികള്‍ പലരും നിരീശ്വരവാദികള്‍ ആവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടും രണ്ടാണ്. സാമാന്യമായി ദൈവം, പരലോകം, ആത്മാവ് തുടങ്ങിയ കാര്യങ്ങള്‍ നിരാകരിക്കുന്ന വിശ്വാസമോ ദര്‍ശനമോ ആണ് നിരീശ്വരവാദം.

എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (Scepticism) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളില്‍ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളും, ചിന്ത, അറിവ്, ബുദ്ധി എന്നിവയും ഉപയോഗിച്ചു വിശകലനം ചെയ്തു സത്യം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരു രീതിയാണിത്. പുരാതന ഭാരതത്തില്‍ നിലനിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയായ ചര്‍വാകദര്‍ശനം ഇതിന്റെ ഉദാഹരണമാണ്. നിരീശ്വരവാദത്തിന്റെ പിതാവായി തത്വചിന്താ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത് ഗ്രീക്ക് ചിന്തകനായ അനക്‌സ ഗോറസി (500-428 ബി.സി)നെയാണ്. പ്രപഞ്ചം എന്നെന്നും ഉണ്ടായിരുന്നുവെന്നും അതിന് ആരംഭമില്ലെന്നുമാണ് ഇദ്ദേഹം സിദ്ധാന്തിച്ചത്. എക്കാലത്തെയും പ്രമുഖരായ നിരീശ്വര ചിന്താഗതിക്കാരുടെ വീക്ഷണം ഇതായിരുന്നു.

ന്യായനിദാനങ്ങളും യുക്തി പ്രമാണങ്ങളും നിരത്തി ഇസ്‌ലാമിക വിശ്വാസത്തെ സ്ഥിരപ്പെടുത്തുകയും എതിര്‍വാദങ്ങളെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന ജ്ഞാന ശാസ്ത്രമാണ് ഇല്‍മുല്‍കലാം. അബൂ ഹാമിദില്‍ ഗസ്സാലി (റ) സഅ്ദുത്തഫ്താസാനി, ഫഖ്‌റുദ്ധീന്‍ റാസി, നാസിറുദ്ധീനുത്തൂസി (റ) തുടങ്ങിയ വിശ്വാസ വിചക്ഷണര്‍ പ്രധാനമായും നേരിട്ടത് നാസ്തികന്മാരിലെ അജ്ഞേയവാദികളോടാണ്. ‘സൂഫസ്താഇയ്യ’ (Sophist) എന്നറിയപ്പെടുന്ന ഈ വിഭാഗം പ്രാപഞ്ചികതയുടെ ആദിനിദാനത്തെയും സൃഷ്ടിഭിന്ന സൃഷ്ടാവിനേയും മാത്രമല്ല ചരാചരോണ്മ യെയും ഉണ്മയുടെ അസ്തിത്വത്തെ തന്നെയും നിരാകരിച്ചവരായിരുന്നു . സത്യത്തില്‍, ആധുനിക നിരീശ്വരവാദികളുടെ തലവനായ റിച്ചാര്‍ഡ് ഡോകിൻസ് പോലും അജ്ഞേയവാദിയാണെന്ന് ‘ഗോഡ് ഡില്യൂഷണിലൂടെ’ സഞ്ചരിച്ചാല്‍ ബോധ്യമാവും. ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ മനുഷ്യ ബുദ്ധിക്ക് തെളിയിക്കാനാവുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. അത് തന്നെയാണ് അജ്ഞേയവാദം.

Richard Dawkins

ആസ്തികവാദികള്‍ ദൈവമുണ്ടെന്നു വിശ്വസിക്കുന്നു. നാസ്തികര്‍ ഈശ്വരന്റെ അസ്തിത്വത്തെ നിഷേധിക്കുന്നു. എന്നാല്‍, അജ്ഞേയതാവാദികള്‍ ഈ രണ്ടു വാദങ്ങളും തെളിയിക്കാന്‍ പറ്റില്ല എന്നു വിശ്വസിക്കുന്നു. അജ്ഞേയതാവാദികളില്‍ തന്നെ നാസ്തിക അജ്ഞേയതാവാദികള്‍ ദൈവം ഇല്ല എന്നു വിശ്വസിക്കുകയും എന്നാല്‍, ഉണ്ടാവാനുള്ള സാധ്യത തള്ളികളയാത്തവരുമാണ്. (Agnostic atheism ) ആസ്തിക അജ്ഞേയതാവാദികള്‍ (Agnostic theism) ദൈവത്തില്‍ വിശ്വസിക്കുന്നവരും അതേ സമയം തന്നെ ദൈവം ഉണ്ടെന്നു തെളിയിക്കാനാവില്ല എന്നു കരുതുന്നവരുമാണ്. മറ്റൊന്ന്, ഉദാസീന അഥവാ പ്രായോഗിക അജ്ഞേയതാവാദമാണ്.(Apathetic or pragmatic agnosticism) ദൈവം ഉണ്ടോ ഇല്ലയോ എന്നത് കാര്യമാക്കേണ്ടതില്ല എന്ന വാദമാണിത്. വേറൊന്ന് ദൃഢ അജ്ഞേയതാവാദം’ (Strong agnosticism) ആണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് നിര്‍ണയിക്കാനാവില്ല എന്ന വാദമാണിത്. ഒടുവില്‍ ഉണ്ടായത് ‘മൃദു അജ്ഞേയതാവാദം’ (weak agnosticism) ആണ്. ദൈവം ഉണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ നിര്‍ണയിക്കാനാവില്ല എങ്കിലും ഭാവിയില്‍ സാധിച്ചേക്കാം എന്ന വാദമാണിത് .

എന്നാല്‍ പദാര്‍ഥവാദം (Materialism) എന്ന പദം ഇന്ന് എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്ന വിധം സാങ്കേതികമായി ഉപയോഗിക്കുന്നു. എറ്റിമോളജിക്കല്‍ ചരിത്രത്തിന്റെ പശ്ചാത്തല വസ്തുതകള്‍ ഇതിനോടെതിരാണ്. കാരണം, യുക്തിവാദത്തിന് ആശയവാദത്തോടും പദാര്‍ഥവാദത്തിന് അനുഭവ വാദത്തോടുമാണ് ബന്ധം. അവ രണ്ടും പരസ്പര വിരുദ്ധങ്ങളാണ്. ആധുനിക നാസ്തികതയുടെ അടിസ്ഥാനമായ ശാസ്ത്രമാത്രവാദത്തിന്നും അനുഭവ വാദത്തോടാണ് ബന്ധം. പക്ഷേ, അവര്‍ അതിനെതിരായ യുക്തിവാദത്തെ കൂടി ഒപ്പം ചേര്‍ക്കുന്നു. ആധുനിക മാനവികവാദവും ഇതേ വൈരുധ്യങ്ങള്‍ ഉള്‍വഹിക്കുന്നുണ്ട്.

Samuel Benjamin Harris, Daniel Dennett

സാം ഹാരിസ്, ഡാനിയല്‍ സി ഡെന്നത്ത്, റിച്ചാര്‍ഡ് ഡോക്കിന്‍സ്, വിക്ടര്‍ ജെ
സ്റ്റെന്‍ജര്‍, ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് എന്നിവരുടെ എഴുത്തുകളാണ് പുത്തന്‍ നിരീശ്വരവാദ സമീപനങ്ങളെ രൂപപ്പെടുത്തിയിരിക്കുന്നത്. ജനിതകശാസ്ത്രത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും മറ്റും നടന്ന നൂതന കണ്ടെത്തലുകളാണ് മത നിഷേധത്തിന്റെയും, ഈശ്വര നിഷേധത്തിന്റെയും ദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ ഇവര്‍ ഉപയോഗിക്കുന്നത്. മുന്‍തലമുറയുടെ നിരീശ്വരവാദങ്ങളുടെ അടിത്തറ തത്വചിന്തയായിരുന്നുവെങ്കില്‍ പുതുനിരീശ്വരവാദം ശാസ്ത്രത്തിനാണ് ഊന്നല്‍ നല്‍കുന്നത്. ‘ദൈവം ഉണ്ടെന്ന’ പ്രസ്താവന ഒരു ഹൈപ്പൊതിസിസ് ആണെന്നും, ഇത് ശാസ്ത്രീയ പരീക്ഷണത്തിന് വിധേയമാക്കുമ്പോള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ കഴിയുമെന്നും ഡോക്കിന്‍സും വിക്ടര്‍ സ്റ്റെന്‍ജറും വാദിക്കുന്നു. ജീവോല്‍പത്തിയും ഗ്യാലക്‌സികളും മാനസിക പ്രതിഭാസങ്ങളും തലച്ചോറുമൊക്കെ നാച്വറലിസത്താല്‍ വിശദീകരിക്കപ്പെടാന്‍ കഴിയുമെന്നാണ് ഇവരുടെവാദം. ദൈവമുണ്ടെന്നതിന് തെളിവുകളില്ല എന്നതിനര്‍ഥം ദൈവം ഇല്ലെന്നതിന്റെ തെളിവാണെന്ന് പുതുനിരീശ്വരവാദം സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു.

നിരീശ്വരവാദികള്‍ നിരന്തരം ഉയര്‍ത്തുന്ന ഒരു സന്ദേഹമാണ് ദൈവാസ്തിക്യം എങ്ങനെ എന്നത്. സത്യത്തില്‍ ‘ആരാലും ഉണ്ടാക്കപ്പെടാത്ത അസ്തിത്വത്തിനാണ് ദൈവം’ എന്ന് പറയുന്നത്. ഇസ്‌ലാം പരിചയപ്പെടുത്തുന്ന അല്ലാഹു ‘ജനികനോ ജാതനോ’ അല്ല. അപ്പോള്‍; ആരാണ് അല്ലാഹുവിനെ ഉണ്ടാക്കിയത് എന്ന ചോദ്യം അസംഗതമാണ്. അവ്വിധം മറ്റൊരു കാരണങ്ങളാലോ കരങ്ങളാലോ ഉണ്ടാക്കപ്പെട്ടവനല്ലാത്തവനായ അല്ലാഹുവിനെ നിങ്ങള്‍ വിശ്വസിക്കണമെന്ന് പറയുമ്പോള്‍ യുക്തിവാദി വീണ്ടും ചോദിക്കുന്നത് സ്രഷ്ടാവിന്റെ സ്രഷ്ടാവ് ആരാണ് എന്നാണ്. സത്യത്തില്‍ ‘നീല നിറത്തിന്റെ മണം എന്താണ്, തീവണ്ടി എന്തുകൊണ്ട് പറക്കുന്നില്ല’ തുടങ്ങിയ ചോദ്യങ്ങളുടെ അന്തഃശൂന്യത തന്നെയാണ് അത്തരം ചോദ്യങ്ങളും ഉള്‍വഹിക്കുന്നത്. പറക്കുക എന്നത് തീവണ്ടിക്ക് ഇല്ലാത്തത് പോലെ സൃഷ്ടിക്കപ്പെടുക എന്നത് ഇല്ലാത്ത അസ്ഥിത്വമാണ് സ്രഷ്ടാവ്. മറ്റൊരര്‍ഥത്തില്‍, ആരാണ് ദൈവത്തെ സൃഷ്ടിച്ചത് എന്ന സന്ദേഹത്തിന്റെ സാരം ദൈവമുണ്ടാവുന്നതിനും മുമ്പേ മറ്റൊരു സ്രഷ്ടാവ് എന്ന സങ്കല്‍പ്പമാണ്. ‘മുമ്പ്’ എന്നത് സമയമാണ്. സമയമാവട്ടെ പ്രാപഞ്ചികമായ ചരാചരങ്ങളുടെ ചലനമാപിനിയാണ്. സോളാര്‍ വ്യവസ്ഥ പ്രകാരമാണ് ഭൂമിയില്‍ രാപ്പകലുകള്‍ അനുഭവപ്പെടുന്നത്. ശാസ്ത്രീയമായി വ്യവസ്ഥീകരിക്കപ്പെട്ട സമയ സങ്കല്‍പത്തിന്റെ ആധാരം ചരാചരങ്ങളുടെ ചലനങ്ങളോടാണ്. അപ്പോള്‍ മതവിശ്വാസപ്രകാരം സമയം ദൈവിക സൃഷ്ടിയാണ്. ഫലത്തില്‍ സൃഷ്ടി രൂപപ്പെടുന്നതിന് മുമ്പേ സ്രഷ്ടാവ്
ഉണ്ടായിരിക്കണം എന്ന അവസ്ഥയാണ് യുക്തിവാദി സങ്കല്‍പ്പിക്കുന്നത്. അതായത്, ‘ദൈവത്തിന് മുമ്പേ’ എന്ന
ഒരവസ്ഥ ഇല്ലായിരുന്നു. അതാണ് ദൈവത്തിന്റെ അനാദ്യത്വം.

പ്രപഞ്ചോണ്മ ദൈവത്താലല്ല;

ശാശ്വതശൂന്യത (Infinite singularity) യാണ് എല്ലാത്തിന്റെയും പ്രഭവോണ്മ എന്ന നവനാസ്തിക സങ്കല്‍പം യവന ദാര്‍ശനികരില്‍ പലരും മറ്റൊരു രൂപത്തില്‍ ഉയര്‍ത്തിയിരുന്നു, ഹയൂലവ സ്വൂറ: അതായത് അഭേദ്യസ്വത്വവും അനുബന്ധ ചിത്രവുമാണ് അടിസ്ഥാനാസ്തിത്വം എന്നൊരു വാദമുണ്ടായിരുന്നു. കാര്യകാരണാധീതമായി രൂപവ്യതിയാനം വരുന്ന നിദാനാധീതമായ മാറാത്തൊരു അസ്ഥിത്വമുണ്ട് എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇതിനെ താത്വികമായി ഖണ്ഡിക്കാന്‍ അക്കാലത്തെ
ആസ്തികാചാര്യന്മാര്‍ ആവിഷ്‌ക്കരിച്ച ബൗദ്ധിക ബദലാണ് ‘അംശരഹിതയംശം’ (ജുസ്ഉന്‍ ലാ യതജസ്സ) എന്ന അടിസ്ഥാന സ്വത്വം. ശാസ്ത്രീയമായ പര്യവേക്ഷണങ്ങളായിരുന്നില്ല, ചിന്താപരമായ നൈതികന്യായങ്ങളായിരുന്നു അക്കാലത്തെ മൂല്യ നിര്‍ണയോപാധി. ഏതൊരു സ്വത്വവും ഒന്നുകില്‍ വസ്തുവോ (Matter) അല്ലെങ്കില്‍ ആ വസ്തുവിന്റെ സ്ഥൂലതയില്‍ പക്ഷേ, വസ്തുവിന് നിര്‍ഗുണാവസ്ഥ പ്രാപിക്കാനാവില്ല. നീളം, വീതി, ആഴം (three diamensions) തുടങ്ങിയ ഏതെങ്കിലും മാനങ്ങളെ സ്വീകരിക്കേണ്ടി വരും. മറ്റൊരു മാനത്തെ ആശ്രയിച്ചു മാത്രം നില്‍ക്കാന്‍ കഴിയുന്ന ആ വസ്തു എങ്ങനെയാണ് എല്ലാത്തിന്റെയും ഉറവിടമാവുക എന്ന ന്യായചിന്തക്കു മുമ്പില്‍ നാസ്തികതയുടെ വാമനത്വം ബോധ്യമായി. ഇനി, പ്രസ്തുത നിസ്സംശയംശം ഗുണമാണെങ്കില്‍, ഒരു ഗുണവും മൗലികാസ്ഥിത്വം ഉള്ളതല്ല; വസ്തുവിന്റെ സ്ഥൂലതയിലാണ് അത് ഉണ്ടാവുന്നത്. അത്തരം സങ്കല്‍പത്തെയും ‘അനാദ’മായി ഗണിക്കാനാവില്ല. അവിടെയാണ് സൃഷ്ടി സങ്കല്‍പങ്ങള്‍ക്കതീതമായ ഊര്‍ജ്ജത്തിന്റെ ഉറവിടം, പ്രാപഞ്ചികതക്കും
പ്രാതിഭാസികതക്കുമപ്പുറത്തെ ശാശ്വതസ്വത്വത്തെ അംഗീകരിക്കേണ്ടി വരുന്നത്.

Total
0
Shares
Previous Article

ശാസ്ത്രം നാസ്തികമല്ല, മതകീയമാണ്

Next Article

യുക്തിയുടെ മാനദണ്ഡങ്ങളും യുക്തി വിചാരവും

Related Posts
Total
0
Share