തങ്ങളുടെ സാമാന്യബുദ്ധിക്ക് നിരക്കാത്തതിനാല്‍ ദൈവാസ്തിക്യവും മറ്റിതര മതവിശ്വാസങ്ങളും മിഥ്യയും അര്ഥശൂന്യവുമാണെന്ന വാദമാണ് യുക്തിവാദികള്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്നവര്‍ പൊതുവെ ഉന്നയിക്കാറുള്ളത്. മനുഷ്യന്റെ സാമാന്യ അവബോധമാണ് ‘യുക്തി’ യെന്ന തെറ്റിദ്ധാരണ ചുമന്ന് നടക്കുന്നത് കൊണ്ടാണ് ഇത്തരം വാദഗതികളുമായി അവര്‍ രംഗപ്രവേശനം ചെയ്യുന്നത്. യുക്തിയിലൂടെ ബോധ്യപ്പെട്ട അറിവുകള്‍ മാത്രമേ സ്വീകാര്യയോഗ്യമാകൂ എന്നാണ് ഇവര്‍ പറയുന്നതിന്റെ ചുരുക്കം.
ഈ വാദഗതിയുടെ നെല്ലും പതിരും വേര്തിരിയണമെങ്കില് എന്താണ് യുക്തി, അറിവ് നേടാന്‍ യുക്തിമാത്രം പര്യാപ്തമാണോ, യുക്തിചിന്തയിലൂടെ ലഭ്യമാകുന്ന ജ്ഞാനങ്ങളുടെ സ്വഭാവമെന്താണ് തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.
എന്താണ് യുക്തി?
മനുഷ്യന്റെ മാനസിക വ്യവഹാരങ്ങളില്പെട്ട കാര്യമാണ് ചിന്ത. (thinking) മനസ്സിന്റെ ചിന്തയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിവിധ തലങ്ങളിലുണ്ട്. ആശയ രൂപീകരണം (conception), വിധിപ്രസ്താവന (judgment), യുക്തി ചിന്ത (reasoning) എന്നീ മൂന്ന് പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ചിന്തയുടെ വിഭാഗങ്ങളായി കണക്കാക്കപ്പെടുന്നത്. അറിയാവുന്ന ഒന്നോ അതിലധികമോ വിധിപ്രസ്താവനകളിൽ നിന്നും പുതിയൊരു വിധി പ്രസ്താവനയിലേക്ക് എത്തിച്ചേരുന്ന മാനസിക പ്രക്രിയയാണ് യുക്തിചിന്ത എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. നമുക്ക് നേരത്തെ അറിയാവുന്ന വസ്തുതകളില്‍ നിന്നുമാത്രമേ യുക്ത്യാധിഷ്ഠിത നിഗമനങ്ങളിലേക്കെത്തിച്ചേരാന് കഴിയുകയുള്ളൂ. ഇങ്ങനെ യുക്തിയെ അടിസ്ഥാനപ്പെടുത്തി യാഥാര്ഥ്യത്തിലേക്കെത്തിച്ചേരാന് പ്രത്യേകമായ ചില നിയമങ്ങളിലേക്ക് സ്വാഭാവികമായും ആവശ്യം വരും. ആ നിയമമാണ് തര്ക്കശാസ്ത്രമെന്ന വിജ്ഞാനശാഖയായി അറിയപ്പെടുന്നത്. സത്യാന്വേഷണമാണ് ഇതിന്റെ ലക്ഷ്യം. യഥാര്‍ഥ ചിന്തയിലൂടെ മാത്രമേ സത്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിയൂ. ചിന്തയെ ശരിപ്പെടുത്താന്‍ ആവശ്യമായ അത്തരം നിയമങ്ങളെയാണ് തര്‍ക്കശാസ്ത്രം പരിചയപ്പെടുത്തുന്നത്.
യുക്തിവാദികളും ഈ വിശദീകരണത്തെ സാധൂകരിക്കുന്നവരാണ്. അവര്‍ രേഖപ്പെടുത്തുന്നത് കാണുക, മനുഷ്യന്റെ ബുദ്ധിപരമായ വിവേചന ശക്തി(Reaos)യിലുള്ള ശക്തമായ വിശ്വാസമാണ് യുക്തിവാദമെന്നു ഡോ. അംബേദ്കര്‍ പറയുന്നു: ‘പ്രാപഞ്ചിക പ്രതിഭാസ ങ്ങളോടും മാനുഷിക ബന്ധങ്ങളോടുമുള്ള സമീപനത്തില്‍ ഈ വിശ്വാസം പ്രായോഗികമാക്കുമ്പോഴാണ് ഒരാള്‍ യുക്തിവാദിയാകുന്നത്.’ (യുക്തിവാദിയുടെ സാമൂഹ്യവീക്ഷണം, ഏറ്റുമാനൂര്‍ ഗോപാലന്, 7).
ഒരു കാര്യം യുക്തി ഭദ്രമാകണെമെങ്കില് അത് ചിന്താ നിയമങ്ങള്‍ (Law of thought) പാലിക്കുന്നതോടൊപ്പം യുക്തിയിലെ പാളിച്ചകളില്‍ (Logical fallacies) നിന്നും മുക്തമായിരിക്കണം. അടിസ്ഥാനപരമായ മൂന്ന് ചിന്താനിയമങ്ങളാണുള്ളത്. അരിസ്റ്റോട്ടിലാണ് ഈ നിയമങ്ങളുടെ ഉപജ്ഞാതാവ്.
- The law of identity (ഏകരൂപതാ നിയമം)
- The law of non contradiction (വൈരുദ്ധ്യ നിയമം)
- The law of excluded middle (മധ്യസാധ്യതാ ബഹിഷ്കരണ നിയമം)
ഈ നിയമങ്ങള്‍ക്ക് പുറമെ ലെബനിസ് നാലാമതൊരു നിയമം കൂടി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.അതാണ് The law of sufficient reason. (കൃത്യകാരണ നിയമം)
1. The law of identity (ഏകരൂപതാ നിയമം)
ഓരോ കാര്യവും അതിന് തുല്യമാണ്, മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ് എന്നതാണ് സ്വത്വനിയമം. ഇതിനര്‍ഥം ഓരോ വസ്തുവും അതിന്റേതായ സവിശേഷമായ സ്വഭാവഗുണങ്ങളോ സവിശേഷതകളോ ചേര്‍ന്നതാണ്, അതുകൊണ്ട് തന്നെ, ഒരേ സത്തയുള്ള കാര്യങ്ങള്‍ ഒന്നുതന്നെയാണ്, അതേസമയം വ്യത്യസ്ത സത്തകളുള്ള കാര്യങ്ങള്‍ വ്യത്യസ്ത കാര്യങ്ങളാണ്.
ഈ നിയമപ്രകാരം ഏതൊന്നാണോ അത് അതു തന്നെയായിരിക്കും. ഓരോ വസ്തുവും അതിനോടുതന്നെ സാദൃശ്യപ്പെട്ടും മറ്റുള്ളവയില്‍ നിന്നും വ്യത്യാസപ്പെട്ടും നിലകൊള്ളുന്നു. ഉദാഹരണമായി, ഒരു കിലോഗ്രാം എന്നത് എപ്പോഴും ഒരു കിലോഗ്രാമും ഒരു പൗണ്ട് എന്നത് എപ്പോഴും ഒരു പൗണ്ടും ആയിരിക്കും.
ഒരു വസ്തുവിന് രണ്ട് അസ്ഥിത്വങ്ങള്‍ ഉണ്ടാകില്ല. ഓരോന്നും അത് തന്നെയായി നില നില്ക്കുന്നു, ഒരു വസ്തുവിന് ഒന്നില്‍ കൂടുതല്‍ സ്വഭാവസവിശേഷതകള്‍ ഉണ്ടാകാം. എന്നാല്‍, അതിന്റെ സ്വഭാവ സവിശേഷതകള്‍ അതിന്റെ അസ്തിത്വത്തിന്റെ ഭാഗമാണ്. ഒരു ചുമരിന്റെ കളര്‍ നീലയും ചുവപ്പും ആകാം, പക്ഷേ, ഒരേസമയം അല്ലെങ്കില്‍ ഒരേ കാര്യത്തില്‍ പറ്റില്ല. നീലനിറമുള്ള ഭാഗം ഒരേ സമയം ചുവപ്പ് ആകാന്‍ കഴിയില്ല. ചുമരിന്റെ പകുതി ചുവപ്പും മറ്റേ പകുതി നീലയും ആകാം. എന്നാല്‍, മുഴുവന്‍ ചുമരും ചുവപ്പും നീലയും ആകില്ല.
2. The law of contradiction (വൈരുധ്യ നിയമം):
രണ്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ രണ്ടും ഒരേ അര്‍ഥത്തില്‍ ഒരേ സമയം ശരിയാകാന്‍ കഴിയില്ല എന്നതാണ് വൈരുധ്യ നിയമം. ‘A is B’ and ‘A is not B’ എന്നതില്‍ ഒന്ന് മാത്രമേ ശരിയാകൂ. രണ്ടും ശരിയാകില്ല. ‘അ’ ഒരേ സമയം ‘ആ’ ആവാനും ആവാതിരിക്കാനും സാധ്യമല്ല എന്നതാണ് ഈ നിയമം വ്യക്തമാക്കുന്നത്. ഒരേ സ്ഥലകാലത്ത് നിന്നു കൊണ്ട് ഒരു വസ്തുവിലും വൈരുധ്യഗുണങ്ങള് ഉണ്ടാവില്ല. ശാസ്ത്രീയ രീതിയില്‍ വിപുലമായി ഉപയോഗിക്കുന്ന ലോജികിന്റെ ഒരു നിയമമാണിത്. Falsifiability യുടെ അടിസ്ഥാനം. ഉദാഹരണത്തിന്, ഒരു വീട്ടില്‍ കരീം ഉണ്ടെന്നും അതേസമയം അവിടെ ഇല്ലെന്നും പറയാന്‍ പറ്റില്ല. ഹാമില്ട്ടണ് ഇതിനെ വൈരുധ്യ രഹിത (Non Contradiction) നിയമമായാണ് കണക്കാക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ശരിയായ ചിന്തയെന്നത് വൈരുദ്ധ്യ രഹിതമായിരിക്കണം. ഈ നിയമം പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്ന് സ്ഥാപിക്കാന്‍ സഹായകമാണ്. കാരണമില്ലാതെ ഒന്നും ഉണ്ടാകില്ല എന്നത് ലോകത്ത് എല്ലാവരും അംഗീകരിക്കുന്നതാണ്, മനുഷ്യന്റെ സഹജബോധവുമാണ്. വൈരുധ്യാത്മകപ്രമാണം അനുസരിച്ച് കാരണമില്ലാതെ ഒന്നും ഉണ്ടാകില്ല എന്നത് തെറ്റാണെങ്കില്‍ കാരണമില്ലാതെ എല്ലാം ഉണ്ടാകും എന്ന് സ്ഥിരപ്പെടണം, അത് അസംഭവ്യവുമാണ്. അപ്പോള്‍ ഈ നിയമമനുസരിച്ച് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്നതിലേക്ക് എത്തിച്ചേരാന്‍ കഴിയും. കാരണം അനാദിയല്ലാത്ത സൃഷ്ടിയായ പ്രപഞ്ചത്തിനും ഒരു നിർമാതാവ് വേണമെന്ന നിഗമനമാണ് യുക്തിചിന്താപരമായി ശരിയായ വീക്ഷണം. അല്ലാതെ, ഈ പ്രപഞ്ചം ശൂന്യതയില്‍ നിന്നും പിറവി കൊണ്ടു എന്നാണ് പറയുന്നതെങ്കില്‍ അത് വൈരുദ്ധ്യാത്മക പ്രമാണമനുസരിച്ച് തെറ്റാണ്.
3. The law of excluded middle (മധ്യ സാധ്യതാ ബഹിഷ്കരണ നിയമം):
ഏതൊരു പ്രസ്താവന/വാദം ഒന്നുകില്‍ ശരിയായിരിക്കും അല്ലെങ്കില്‍ തെറ്റായിരിക്കും, ഇത് രണ്ടുമല്ലാത്ത ഒന്ന് സാധ്യമല്ല. ചിലപ്പോള്‍ ഇല്ലായിരിക്കാം, Maybe എന്നത് യുക്തിയുടെ മേഖലയില്‍ സാധുത ഇല്ലാത്ത ഒന്നാണ്.ഈ നിയമപ്രകാരം എല്ലാം ഒന്നുകില്‍ ശരിയോ അല്ലെങ്കില്‍ തെറ്റോ ആയിരിക്കും.അതായത് ഒന്നുകില്‍ അ ആയിരിക്കും അല്ലെങ്കില്‍ അ അല്ലായിരിക്കും. ഉദാഹരണത്തിന് മിഠായി മധുരമുള്ളതോ മധുരമില്ലാത്തതോ ആകാം.
The law of sufficient reason (കൃത്യകാരണ നിയമം):
എല്ലാത്തിനും ഒരു മതിയായ കാരണമുണ്ടായിരിക്കും. ഇതെന്തുകൊണ്ട് ഇങ്ങനെ ആയിത്തീര്‍ന്നു, മറിച്ചായില്ല? ഈ നിയമത്തെ കാരണ സിദ്ധാന്തം എന്നും പറയുന്നു. മേല്‍ സൂചിപ്പിച്ചപോലെ ഏതൊരു കാര്യവും യുക്തിയുടെ പാളിച്ചകളില്‍ Logical fallacies നിന്നും മുക്തമായിരിക്കണം. ഒരു വാദത്തിന്റെ യുക്തിയെ ദുർബലപ്പെടുത്തുന്ന ന്യായ വൈകല്യങ്ങളാണ് ലോജിക്കല്‍ ഫാലസികള്‍. കൂടാതെ മുകളില്‍ പറഞ്ഞ നിയമങ്ങളുമായി വിരുദ്ധമാണെങ്കിലും അത് ലോജിക്കല്‍ ഫാലസിയാണ്. നിയമങ്ങള്‍ പാലിക്കാതെയും, ന്യായവൈകല്യങ്ങളുള്ള വാദങ്ങള്‍ അവതരിപ്പിക്കുന്നവരുമായും ഒരു നല്ല സംവാദം സാധ്യമല്ല. യുക്തിവാദികള്‍ സാധാരണ ഉന്നയിക്കുന്ന പല വാദങ്ങളും യുക്ത്യാധിഷഠിതമല്ല എന്നതാണ് വസ്തുത. ഉദാഹരണത്തിന്, ദൈവമില്ല എന്നതിന് നിരീശ്വരവാദികള്‍ സ്ഥിരമായി ഉന്നയിക്കുന്ന ഒരു വാദമാണ്, ‘ദൈവമുണ്ടെങ്കില്‍ എന്ത് കൊണ്ട് ഈ ലോകത്ത് അപകടങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍, ദാരിദ്ര്യം, രോഗങ്ങള്‍ എന്നിവ ഉണ്ടാവുന്നു? വിശ്വാസികളക്കും ആരാധനാലയങ്ങളക്കും വരെ അപകടങ്ങളും പ്രയാസങ്ങളും സംഭവിക്കുന്നു?’ എന്നൊക്കെയുള്ള വാദങ്ങള്‍. യഥാർഥത്തില്‍ ഇതൊരു വൈകാരികമായ പ്രതികരണമാണ്. ഇതിലെ യുക്തി പരിശോധിച്ചാല്‍, എന്തിന്റെയെങ്കിലും സവിശേഷതയോ പോരായ്മകളോ (ഇത് രണ്ടും അപേക്ഷികമാണ്) അതിനൊരു സ്രഷ്ടാവില്ല എന്നതിന്റെ തെളിവാണ് എന്ന് വരും. കാറിനു അപകടം സംഭവിക്കാറുണ്ട്, ഇടക്ക് റിപ്പയര്‍ ചെയ്യേണ്ടി വരുന്നു, പറക്കാന്‍ കഴിയില്ല; അത് കൊണ്ട് കാറിനു ഒരു ഡിസൈനര്‍ ഇല്ല എന്ന് പറയുന്നത് പോലെയുള്ള ഒരു വിഡ്ഢിത്തമാണിത്.
യുക്തിയെ അടിസ്ഥാനമാക്കി മതത്തെയും, അതിന്റെ അടിസ്ഥാന തത്ത്വങ്ങളെയും പരിഹസിക്കുന്നവര്‍ അവരുടെ വാദങ്ങളില്‍ നിറയെ ലോജികല്‍ ഫാലസികള്‍ നിറച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നവരാണ്. അതായത് യുക്തിയെ പ്രധാന തെളിവായി കാണുന്നവര്‍, യുക്തിചിന്താ നിയമങ്ങളക്കനുസൃതമായി തങ്ങളുടെ വാദങ്ങള്‍ പോലും അവതരിപ്പിക്കാന്‍ കഴിയാത്തവരാണ്. യുക്തി വൈകല്യങ്ങള്‍ നിറഞ്ഞതാണ് അവരുടെ ഓരോ വിമർശനങ്ങളും. ശരിയായ യുക്തിയെ ക്രമപ്പെടുത്തുന്നതിനും യുക്തിചിന്തയിലൂടെ പിഴവില്ലാതെ ന്യായവാദങ്ങള്‍ അവതരിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്ന തർക്കശാസ്ത്രം എന്ന വിജ്ഞാനശാഖയില്‍ പരിചയപ്പെടുത്തുന്ന മിക്ക ലോജിക്കല്‍ ഫാലസികളും യുക്തിവാദികളുടെ സംസാരത്തിലും വിമർശനത്തിലും കാണാന്‍ കഴിയും. അവയില്‍ ചലത് പരിശോധിക്കാം.
Argument from Ignorance
ഒരു വാദം ശരിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് തെറ്റാണെന്നോ, ഒരു നിര്‍ദ്ദേശം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അത് ശരിയാണെന്നോ ഉള്ള വാദം. ദൈവത്തിന് തെളിവില്ല അത് കൊണ്ട് ദൈവമില്ല എന്ന വാദവും, ദൈവമില്ല എന്ന് തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ദൈവമുണ്ട് എന്ന് വാദവും ലോജിക്കല്‍ ഫാലസിയാണ്. ദൈവമുണ്ടെന്നോ ഇല്ലെന്നോ വാദമുന്നയിക്കുന്നവര്‍ അതിന് മതിയായ കാരണങ്ങളും തെളിവുകളും ഉന്നയിക്കാന്‍ ബാധ്യസ്ഥരാണ്. തെളിവില്ലാത്തതിനാല്‍ ദൈവമില്ല എന്ന് രായ്ക്കുരാമാനം പാടി നടക്കുന്നവരാണ് യുക്തിവാദികള്‍. എന്നാല്‍ ഒരുകാര്യത്തിന് തെളിവില്ല എന്നത് ആ കാര്യം ഇല്ല എന്നതിനുള്ള തെളിവല്ല, മറിച്ച് ആ കാര്യം തെളിയിക്കാന്‍ തെളിവ് കിട്ടിയിട്ടില്ല എന്നതിനേ തെളിവാവുകയുള്ളൂ. അല്ലെങ്കിലും ഇവര്‍ പറയുന്ന പോലെ ശാസ്ത്രീയ തെളിവുകള്‍ കൊണ്ട് സ്ഥിരപ്പെടാത്ത കാര്യങ്ങളെ നിഷേധിക്കുന്നത് ശാസ്ത്രത്തിന്റെ രീതിയല്ല, ശാസ്ത്രവിരുദ്ധമാണ്. ദൈവമില്ല എന്ന് തീര്‍ത്ത് പറയാന്‍ ശാസ്ത്രം എന്ന മാപിനി കൊണ്ട് കഴിയില്ല എന്ന് ശാസ്ത്രജ്ഞര്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. പരമാവധി അവര്‍ക്കു പറയാന്‍ കഴിയുന്നത് ഇതുവരേ ശാസ്ത്രത്തിന് ദൈവാസ്തിക്യം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നുമാത്രമാണ്. ദൈവാസ്തിക്യം പൂര്‍ണ്ണമായും നിഷേധിച്ച് അന്വേഷണത്തിന്റെ വഴികളെ കൊട്ടിയടക്കുന്നത് യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമാണ്.
Strawman Argument
ഇത് മറ്റൊരു യുക്തിവൈകല്യമാണ്. പ്രതിവാദം എളുപ്പമാക്കുന്നതിനു വേണ്ടി എതിര്‍ഭാഗത്തിന്റെ ആരോപണം മന:പ്പൂര്‍വം തെറ്റായി അവതരിപ്പിക്കുകയും ദുർവ്യാഖാനിക്കുകയും ചെയ്യുക, എന്നിട്ട് എതിര്‍ഭാഗം ഉന്നയിക്കാത്ത ആ വാദത്തെ എതിര്‍ക്കുക, യഥാര്‍ഥ വാദത്തില്‍ നിന്നും തന്ത്രപരമായി ഒഴിഞ്ഞു മാറുക. യുക്തിവാദികള്‍ മതവിശ്വാസികളെ വിമര്‍ശിക്കാന്‍ നിരന്തരം ഉപയോഗിക്കുന്ന കുതന്ത്രമാണിത്.
ഉദാഹരണമായി , ശാസ്ത്രം Falsifiable ആണ്, പുതിയ വിവരങ്ങള്‍ ലഭ്യമാകുന്നതിനനുസരിച്ച് പഴയ ധാരണകള്‍ തിരുത്തും. അതുകൊണ്ട് തന്നെ ശാസ്ത്രം ആത്യന്തിക സത്യങ്ങളല്ല. ഇങ്ങനെ നിലവിലെ ശാസ്ത്ര കണ്ടെത്തലുകള്‍ നൂറ് ശതമാനം ശരിയാണ്, ഒരിക്കലൂം മാറില്ല എന്ന് ശാസ്ത്രത്തിന് തന്നെ വാദമില്ലാത്തതു കൊണ്ട്, ഈ ശാസ്ത്ര വസ്തുതകള്‍ വെച്ച് മതഗ്രന്ഥങ്ങളില്‍ അശാസ്ത്രീയത തിരയുന്നത് യുക്തി രാഹിത്യമാണ് എന്ന് നമ്മള് വാദിക്കുമ്പോള്‍ അതെ, ശാസ്ത്രം മാറിക്കൊണ്ടിരിക്കുന്നതാണ്, ആ മാറ്റങ്ങള്‍ പുരോഗതിയാണ്, പഴയ കാറല്ല പുതിയ കാറുകള്‍, പഴയ ഫോണ്‍ അല്ല പുതിയ ഫോണുകള്‍, പണ്ടില്ലാത്ത മരുന്നുകള്‍ ഇന്നുണ്ട്, എല്ലാം മാറുന്നുണ്ട് എന്നൊക്കെ പറഞ്ഞ് മതവിശ്വാസികളെ മാറ്റത്തെ എതിര്‍ക്കുന്നവരായി ചിത്രീകരിച്ചു പ്രതിവാദം എളുപ്പാമാക്കുന്ന രീതി സ്ട്രോമാന്‍ വാദമാണ്. യുക്തിവാദികളുമായുള്ള സംവാദങ്ങള്‍ പരിശോധിച്ചാല്‍ ഈ യുക്തിവൈകല്യം ധാരാളം കാണാന്‍ കഴിയും. വ്യക്തമായ ഉത്തരമില്ലാത്ത നിസ്സഹായാവസ്ഥയില്‍ നിന്നാണ് ഇത്തരം യുക്തി വൈകല്യങ്ങളെ അവര്‍ക്ക് ആശ്രയിക്കേണ്ടിവരുന്നത്.
Hasty Generalisation
ചില ഉദാഹരണങ്ങള്‍ മാത്രം പരിഗണിച്ചോ, ഒരൊറ്റ കേസ് മാത്രം കണക്കിലെടുത്തോ മൊത്തം വസ്തുക്കളെയോ പ്രതിഭാസങ്ങളെയോ സാമാന്യവത്കരിക്കുന്ന രീതായാണിത്. ചില വിശ്വാസികളുടെ പ്രവൃത്തിയെ മാത്രം കണക്കിലെടുത്ത്, മുഴുവന്‍ വിശ്വാസികളെയും സാമാന്യ വത്കരിക്കുക, അത് മതം അനുശാസിക്കുന്നതിനെതിരാണെങ്കില് പോലും. തീവ്രവാദികള്‍ മുസ്ലിംകളാണ്, അതുകൊണ്ട് മുസ്ലിംകളെല്ലാവരും തീവ്രവാദികളും അപകടകാരികളുമാണ്. ഇതൊരു പൂര്‍ണമായ യുക്തിരഹിത സമീപനമാണ്.
False Cause
രണ്ട് കാര്യങ്ങള്‍ തമ്മില്‍ പരസ്പരബന്ധം ഉണ്ട് എന്നത് കൊണ്ട് ഒന്ന് മറ്റൊന്നിനു കാരണമാണ് എന്നോ, ഒരു കാര്യം മറ്റൊരു കാര്യത്തിന് ശേഷം സംഭിവിച്ചു എന്നത് കൊണ്ട് ആദ്യത്തേത് രണ്ടാമത്തേതിന് കാരണമാണ് എന്നോ ഉള്ള വാദം. യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങളെ പരസ്പരം കാര്യകാരണങ്ങളാക്കുക. കോഴി കൂവുമ്പോള്‍ സൂര്യന് ഉദിക്കുന്നുവെങ്കില്‍, കോഴി കൂവുന്നത് കൊണ്ടാണ് സൂര്യന് ഉദിക്കുന്നത് എന്ന് പറയുന്നത് പോലെയുള്ള വാദമാണിത്. യുക്തിവാദികള്‍ പൊതുവെ ചെയ്യുന്നത് ആദ്യം Hasty Generalisation ഉപയോഗിച്ച് സാമാന്യവല്‍ക്കരിക്കും, പിന്നെ False Cause കൂടെ പ്രയോഗിച്ചാല്‍ ഇസ്ലാമിനെയും മുസ്ലിംകളെയും മോശമായി ചിത്രീകരിക്കാന്‍ എളുപ്പമാണ്.
Appeal to Emotion
വസ്തുതാപരമായ തെളിവുകളുടെ അഭാവത്തില്‍ ഒരു വാദം ജയിക്കുന്നതിന് സ്വീകർത്താവിന്റെ വികാരങ്ങളെ സ്വാധീനിക്കുന്ന രീതിയാണിത്. ചില മുസ്ലിം രാജ്യങ്ങളില്‍ അക്രമങ്ങളും മറ്റും നടക്കുന്നത് കണ്ടില്ലേ, അത് കൊണ്ടാണ് ഇസ്ലാം അപകടകരമാണ് എന്ന് ഞങ്ങള്‍ പറയുന്നത് തുടങ്ങിയ വാദങ്ങള്‍ ഇതിനുദാഹരണമാണ്.
Red Herring
അപ്രസക്തമായ വിഷയങ്ങള്‍ ഉന്നയിച്ച് യഥാര്‍ഥ വാദത്തില്‍ നിന്ന് ശ്രോതാക്കളുടെയോ വായനക്കാരുടെയോ ശ്രദ്ധ തിരിക്കുന്ന രീതിയാണ് റെഡ് ഹെറിംഗ്. വസ്തുതാപരമായ, ദാര്‍ശനിക വാദങ്ങള്‍ വിശ്വാസികള്‍ ഉന്നയിച്ചാല്‍ അതിനെകുറിച്ച് യുക്ത്യാധിഷ്ഠിത മാര്‍ഗത്തില്‍ പ്രതികരിക്കാതെ, ഏതെങ്കിലും മത ഗ്രന്ഥങ്ങളെക്കുറിച്ചോ, നേതാക്കളെക്കുറിച്ചോ സംസാരിച്ച് വിഷയം മാറ്റുക. ഇങ്ങനെ എന്ത് വാദമുന്നയിച്ചാലും വാദങ്ങളെ യുക്തിപരമായി ഖണ്ഡിക്കുന്നതിനു പകരം വൈയക്തിക വിഷയങ്ങളിലോ, മറ്റോ ഇടപെട്ട് ശ്രദ്ധ തിരിക്കുകയാണ് അവരുടെ ശൈലി.
Appeal to Ridicule
എതിരാളിയുടെ വാദം അസംബന്ധവും പരിഹാസ്യവുമാണ് എന്ന തരത്തില്‍ അവതരിപ്പിച്ച് , പരിഗണനക്ക് യോഗ്യമല്ല എന്ന് വരുത്തി തീര്‍ക്കുക. വ്യാപകമായി അവര്‍ ഉപയോഗിക്കുന്ന യുക്തിവൈകല്യമാണിത്.
Ad Hominem
യഥാര്ഥവാദത്തില് നിന്ന് ഒഴിഞ്ഞുമാറുന്നതിനായി വാദം ഉന്നയിച്ച വ്യക്തിയുടെ സ്വഭാവം, ഉദ്ദേശ്യം അല്ലെങ്കില്‍ മറ്റ് പ്രത്യേകതകളെ ആക്രമിക്കുക. ഇത്തരം യുക്തിരഹിത സമീപനങ്ങളാണ് നാസ്തികരുടെ കൈമുതല്‍. യഥാർഥത്തില്‍ നിയമങ്ങള്‍ പാലിക്കുകയാണെങ്കില്‍ അറിവ് നേടാനുള്ള നല്ലെരു മാര്‍ഗമാണ് യുക്തിയെന്നിരിക്കെ മതങ്ങളെയും, ദൈവവിശ്വാസത്തെയും വിമര്‍ശിക്കുക എന്ന ഒറ്റക്കാര്യത്തിനായി യുക്തിചിന്തയുടെ തത്ത്വങ്ങളെക്കുറിച്ച് ഒന്നുമറിയാതെ നിരൂപണവും പരിഹാസവും ഒരു തൊഴിലാക്കി മാറ്റുകയാണ് യുക്തിവാദികള്‍ എന്ന് സ്വയം പേരിട്ട് യുക്തിരഹിതവാദമുന്നയിക്കുന്നവര് ചെയ്യുന്നത്.
യുക്തിയോട് യുക്തിപരമായി സമീപിക്കുന്ന രീതിയാണ് ഇസ്ലാമിക ജ്ഞാനമാര്‍ഗം. ഇസ്ലാമിക വിജ്ഞാനശാഖകള്‍ യുക്തിയെ മാത്രം അവലംബിക്കുകയോ യുക്തിയെ പൂര്‍ണ്ണമായി നിരാകരിക്കുകയോ ചെയ്യുന്നില്ല. അത് രണ്ടും യുക്തിരഹിതവുമാണ്. ഈ രണ്ട് എകസ്ട്രീമുകൾക്കുമിടയിലെ ശരിയായ നിലപാടാണ് ഇസ്ലാം മുന്നോട്ടുവെക്കുന്നത്. ജ്ഞാനസമ്പാദനത്തിനുള്ള ഒരു മാര്‍ഗമാണ് യുക്തി എന്നാണ് ഇസ്ലാമിക ജ്ഞാനശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നത്. യുക്തി മാത്രമാണ് ജ്ഞാനവഴിയെന്നോ യുക്തി പൂര്‍ണമായി അവഗണിക്കണമെന്നോ പറയുന്നില്ല. അത്കൊണ്ട് തന്നെ എല്ലാ മതനിയമങ്ങളിലും യുക്തിതേടല് അപ്രസക്തവും യുക്തിരഹിതവുമാണ്. ദീന് എന്താണ്? ദീന് നിയമങ്ങള്‍ നിര്‍ധാരണം ചെയ്തെടുക്കേണ്ട രീതി എങ്ങനെയാണ്?ഇസ്ലാമിക് എപ്പിസ്റ്റമോളജി എന്താണ്? തുടങ്ങിയ കാര്യങ്ങളിലെ അജ്ഞതയാണ് എല്ലാ മതനിയമങ്ങളിലും യുക്തി തേടുന്ന യുക്തിരഹിത സമീപനത്തിന്റെ ഹേതു.