സാദാത്തീ ഖബീലകൾ: തിരുനബിയിൽ ചേരുന്ന വിശുദ്ധ വഴികൾ

മുഹമ്മദ് നബി(സ) യുടെ കുടുംബ പരമ്പരയിൽപെട്ട ഗോത്രങ്ങൾക്കാണ് ഖബീല എന്ന് പറയുന്നത്. സയ്യിദുമാർ പ്രവാചകപുത്രിയുടെ സന്താന പരമ്പരയാണെങ്കിലും പിന്നീട് പിതാക്കന്മാരുടെ പരമ്പരയിലേക്ക് ചേർത്ത് ഗോത്രങ്ങൾ (ഖബീല) രൂപം കൊണ്ടു. ഈ ഖബീലയുടെ പേരും പിന്നീട് സ്വന്തം പേരിനൊപ്പം ചേർത്തുതുടങ്ങി. ഉദാഹരണത്തിന്, മുഹമ്മദലി ശിഹാബ് തങ്ങൾ ഉൾക്കൊള്ളുന്ന തങ്ങൾ കുടുംബം ശിഹാബുദ്ദീൻ ഗോത്രത്തിൽപ്പെട്ടവരാണ്. വളപട്ടണത്ത് മരണപ്പെട്ട സയ്യിദ് അലി ശിഹാബുദ്ദീൻ എന്നവരാണ് ഈ ഗോത്രത്തിൽ കേരളത്തിലെത്തിയ ആദ്യ വ്യക്തി. മുഹമ്മദ് നബി(സ) യുടെ 34-ാം തലമുറയിൽപ്പെട്ട ഇദ്ദേഹം ഹിജ്റ വർഷം 1181 ലാണ് കേരളത്തിലെത്തിയത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ പിന്നീട് പേരിനൊപ്പം ശിഹാബുദ്ദീൻ എന്ന വാക്കും ഉപയോഗിച്ചിരുന്നു. ഇതിന് മാറ്റംവരുത്തി ശിഹാബ് എന്ന പദം ആദ്യമായുപയോഗിച്ചത് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ്. എന്നാൽ ശിഹാബ് തങ്ങളുടെ പിതാവ് പൂക്കോയ തങ്ങൾ പേരിനൊപ്പം ഗോത്രപ്പേര് ചേർക്കാതെ വീട്ടുപേര് ചേർത്ത് പി.എം.എസ്.എ. പൂക്കോയ തങ്ങൾ (പുതിയ മാളിയേക്കൽ സയ്യിദ് അഹ്മദ് പൂക്കോയ തങ്ങൾ) എന്നാണ് ഉപയോഗിച്ചിരുന്നത്.

ദക്ഷിണ യമനും ഇന്ത്യയും പ്രത്യേകിച്ച് കേരളവുമായി ഇസ്‌ലാം മതത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ വ്യാപാര ബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണുന്നു. ഹളർമൗത്തിൽ നിന്ന് പല ഗോത്രങ്ങളും കിഴക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇന്തോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളിലും കുടിയേറിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയവർ മലബാർ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് വാസമുറപ്പിച്ചത്. ഹളർമൗത്ത്, ഹിജാസ്, ഇറാഖ് എന്നിവിടങ്ങളിൽ നിന്ന് അഹ്‌ലുബൈത്തിലെ പ്രമുഖരുടെ മലബാറിലേക്കുള്ള പലായനം ആരംഭിച്ചത് ഹിജ്റ 500 നു (പൊതുവർഷം 1106) ശേഷമാണെന്നാണ് അനുമാനം. ഇമാം മുഹമ്മദ് ബിൻ അലിഖാലി അൽ കസമിന്റെ (ഹി. 556) പുത്രന്മാരുടെ കാലത്താണ് അന്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചതും ഓരോ പിതാവിന്റേയും പേരിൽ ഗോത്രശാഖകളായി അറിയപ്പെടാനിടയായതും. കേരളത്തിലെത്തിയ അഹ്‌ലുബൈത്ത് അംഗങ്ങളിൽ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചകകീർത്തനങ്ങളും ക്ഷണികമായ ഐഹികജീവിതത്തിൻ്റെ നിഷ്ഫലത സൂചിപ്പിക്കുന്ന സൂഫി ശൈലിയിലുള്ള പ്രാർഥനകളും അദ്ധ്യാത്മിക ചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണ വിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തു പ്രതികൾ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തിലുണ്ട്.

18-ാം നൂറ്റാണ്ടിൽ യമനിലെ ഹളർമൗത്തിൽ നിന്ന് കേരളത്തിലേക്ക് വിവിധ ഗോത്രക്കാരായ പണ്ഡിതരും പ്രബോധകരും വരികയുണ്ടായി. ബാഅലവി, ബാഫഖീഹ്, ജിഫ്രി തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട ഇവർ ‘ഹദ്റമീ സാദാത്തുകൾ’ എന്നു വിളിക്കപ്പെട്ടു. അവരുടെ തലപ്പത്ത് ബസ്വറയിൽ നിന്ന് റാഫിളുകളുടെ ഉപദ്രവം കാരണമായി യമനിലേക്ക് അഭയം തേടിവന്ന അഹ്മദ് ബ്നു ഈസൽ മുഹാജിർ എന്ന മഹാനാണ്. അദ്ദേഹത്തിന്റെ പരമ്പര ഇപ്രകാരമാണ്: മുഹമ്മദ് ജമാലുദ്ദീൻ, ഇമാം മുഹമ്മദ് അലിയ്യുൽ ഉറൈളീ, അൽ ഇമാം ജഅ്ഫർ സ്വാദിഖ്, അൽ ഇമാം മുഹമ്മദ് ബാഖിർ, അൽ ഇമാം അലി സൈനുൽ ആബിദീൻ, കർബലയിൽ വഫാത്തായ അൽ ഇമാം ഹുസൈൻ (റ), അവരുടെ പിതാവ് അലിയ്യുബ്നു അബീത്വാലിബ്, മാതാവ് ഫാത്വിമത്തുസ്സഹ്റാഅ് ബിൻതു റസുലില്ലാഹി (സ). യമനീ പാരമ്പര്യത്തിലൂടെ വന്നവരായതുകൊണ്ട് പൊതുവെ ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായിരുന്നു ഹദ്റമീ തങ്ങന്മാർ. ഇസ്‌ലാമിക വിജ്ഞാന പ്രചാരണത്തിൽ ഇവർ തങ്ങളുടേതായ സംഭാവനകൾ അർപിക്കുകയുണ്ടായി. കോഴിക്കോട് കല്ലായിയായിരുന്നു ജിഫ്രി കുടുംബത്തിന്റെ ആദ്യ കേന്ദ്രം, ശൈഖ് ജിഫ്രി ഇബ്നു മുഹമ്മദ്, ജിഫ്രി ഹസൻ, മമ്പുറം സയ്യിദ് അലവി, ഫസൽ പൂക്കോയ തങ്ങൾ എന്നിവർ പ്രസ്തുത പരമ്പരയിലെ പ്രഗത്ഭരാണ്. ഖാൻ ബഹദൂർ മുത്തു കോയ തങ്ങൾ, സയ്യിദ് അബ്ദുല്ലക്കോയ തങ്ങൾ, അഹ്മദ് ജിഫ്രി പൂക്കോയ തങ്ങൾ എന്നിവരും ഈ പാരമ്പര്യത്തിലുള്ളവരാണ്. സയ്യിദ് അലവി തങ്ങളും ഫസൽ പൂക്കോയ തങ്ങളും കേരള മുസ്‌ലിം ചരിത്രത്തിലെ അദ്വിതീയ വ്യക്തിത്വങ്ങളാണ്.

ഏകദേശം 1770 ൽ യമനിൽ നിന്ന് മലബാറിലെത്തിയവരാണ് ബാഫഖീഹ് കുടുംബം. കച്ചവട സംഘത്തോടൊപ്പമാണ് ശൈഖ് അഹ്മദ് എന്ന ആദ്യ ബാഫഖീഹ് കൊയിലാണ്ടിയിലെത്തിയത്. വടക്കേ മലബാറിൽ നിരവധി പള്ളികൾ അദ്ദേഹത്തിന്റെ പരിശ്രമഫലമായി പണിയിക്കപ്പെട്ടു. ഹാശിം ബാഫഖി തങ്ങൾ, അബ്ദുൽ ഖാദിർ ബാഫഖി തങ്ങൾ, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ തുടങ്ങിയവർ ഈ കുടുംബത്തിലെ പ്രധാനികളാണ്.

ബാഅലവി കുടുംബത്തിന്റെ താവഴികളിൽ പെട്ടവരാണ് ശിഹാബുദ്ദീൻ കുടുംബം. ഇവരുടെ പിതാവ് സയ്യിദ് അലി ശിഹാബുദ്ദീൻ വളപട്ടണത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകൻ ഹുസൈൻ ശിഹാബുദ്ദീൻ കോഴിക്കോട്ടേക്ക് താമസം മാറ്റി. ഇദ്ദേഹത്തിന്റെ പുത്രൻ ഹുസൈൻ ആറ്റക്കോയതങ്ങൾ മലപ്പുറം ജില്ലയിലെ പാണക്കാടാണ് താമസമാക്കിയത്.

ഹിജ്റ 9-ാം ശതകത്തിൽ മധ്യേഷ്യയിലെ ബുഖാറയിൽ നിന്ന് വന്നവരാണ് ബുഖാറ തങ്ങന്മാർ. തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇവർ പിന്നീട് താമസമാക്കിയത്. സയ്യിദ് ഇസ്മാഈൽ ബുഖാരി, സയ്യിദ് അഹ്മദ്, ബാഫഖ്റുദ്ദീൻ, സയ്യിദ് ഹാമിദുൽ ബുഖാരി, മുഹമ്മദ് ഫഖ്റുദ്ദീൻ എന്ന കോയിക്കുട്ടി തങ്ങൾ, സയ്യിദ് ഹാമിദ് കോയ തങ്ങൾ തുടങ്ങിയവർ ഈ കുടുംബത്തിലെ പ്രമുഖരാണ്. മനാസികുൽ മലൈബാരി, വൈതുല്യം, സൈഫുൽ മുബീൻ, റദ്ദുൽ മതീൻ തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ് കോയക്കുട്ടി തങ്ങൾ. ചാവക്കാട് ബുഖാറയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഈസാ ചെറുകോയ തങ്ങൾ, അസ്സയ്യിദ് മഹ്മൂദ് ഹിബത്തുല്ലാഹ്, അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ സയ്യിദ് മുഹമ്മദ് ബുഖാരി, പുത്രൻ സയ്യിദ് ഹാമിദ് ബുഖാരി, രാമന്തളി ജുമുഅത്ത് പള്ളിയുടെ ഓരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ് അൽ ബുഖാരി തങ്ങൾ തുടങ്ങിയ അഖ്താബുകളും അബ്ദാലുകളും ആ ഖബീലയിൽ ഉൾകൊള്ളുന്നു. ഉദാഹരണത്തിന്, കണ്ണൂരിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സയ്യിദ് മൗലൽ ബുഖാരി, മലപ്പുറം കിഴക്കേപ്പുറം മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ദീനുൽ ബുഖാരി തുടങ്ങി ധാരാളം ഉന്നതന്മാർ ചരിത്രത്തിൽ കാണാവുന്നതാണ്. അവരുടെ ആദ്യ തലമുറ സയ്യിദ് അഹ്മദ് ജലാലുദ്ദീനുൽ ബുഖാരി എന്ന മഹാനാണ്. അദ്ദേഹം ബുഖാറയിൽ നിന്ന് ഡൽഹി വഴി കേരളത്തിലേക്ക് 40 മുരീദുകളുമായി വന്ന് വളപട്ടണം കക്കുളങ്ങരയിൽ അന്ത്യവിശ്രമം കൊള്ളുന്നു. അദ്ദേഹം ഡൽഹിയിൽ വെച്ച് നസ്വീറുദ്ദീൻ ചിറാറുമായും, മക്കയിൽ വെച്ച് പ്രസിദ്ധ സൂഫിവര്യൻ അബുദുല്ലാഹിൽ യാഫിഇയ്യുമായും ബന്ധപ്പെട്ടതായി ചരിത്രങ്ങളിൽ കാണാം. മഖ്ദും ജഹാനിയാം ജഹാൻ ഗസ്ത് എന്ന നാമം കൂടിയുള്ളതായി പറയപ്പെടുന്നു. ഗുജറാത്തിലെ അഹമ്മദാബാദിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുൽആലം, ലാഹോർ മോച്ച് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മീറാൻ മുഹമ്മദ് തുടങ്ങി ധാരാളം ബുഖാരികളായ മഹാൻമാർ ഇന്ത്യയുടെയും പാകിസ്താന്റെയും വിവിധ ഭാഗങ്ങളിലായി അന്ത്യവിശ്രമം കൊള്ളുന്നു. ഹദീഖത്തുൽ ഔലിയാഅ്, അൽ അസ്‌ലുൽ അരിഖ്, ഖളാഉൽ ഇറബ്, മിൻഹത്തുൽ ബാരി, മത്വാലിഉൽ ഹുദാ, മവാഹിബുസ്സമദ്, തുടങ്ങിയ രിസാലകളിൽ ഇക്കാര്യം വിശദമായി പരാമർശിച്ചത് കാണാം.

ഹദ്റമി- ബുഖാരി തങ്ങന്മാർക്ക് മലബാറിലെ മുസ്‌ലിം സമൂഹത്തിൽ ആത്മീയ നേതൃത്വത്തിന്റെ പരിവേഷമുണ്ടായിരുന്നു. പൊതുവേ, ശാഫിഈ മദ്ഹബ് പിന്തുടരുന്നവരായതിനാൽ, അവരുടെ മതപരമായ വ്യവഹാരങ്ങൾ പ്രസ്തുത മദ്ഹബ് അനുസരിച്ചുതന്നെ മുന്നോട്ട് പോവുകയാണുണ്ടായത്. ഇവിടെ ഒരു കാര്യം ശ്രദ്ധേയമാണ്. ഹദ്റമീ, ബുഖാരി തങ്ങന്മാർക്കു മുമ്പുതന്നെ കേരളത്തിൽ ഇസ്‌ലാം വ്യാപകമായി പ്രചാരം നേടുകയും ശാഫിഈ മദ്ഹബിന് ശക്തമായ സ്വാധീനവും വൈജ്ഞാനിക സംഭാവനകളും കരഗതമാവുകയും ചെയ്തിട്ടുണ്ട്. 18-ാം നൂറ്റാണ്ടിൽ ഹള്റമി സാദാത്തുകൾ ഇവിടെ എത്തുന്നതിനും മുമ്പാണ് മഖ്ദൂം പണ്ഡിതന്മാരുടെ നേതൃത്വത്തിൽ ഇത് നടന്നത്.

കേരളത്തിൽ ഐദറൂസ് ഖബീലയുടെ പിതാമഹനായി അറിയപ്പെടുന്ന സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദറൂസിയുടെ ആഗമനം പൊന്നാനിയുടെ ചരിത്രത്തിലെ സുവർണാധ്യായമാണ്. അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവത്തിൽ ആകൃഷ്ടരായി ധാരാളം ആളുകൾ ഇസ്‌ലാം സ്വീകരിച്ചു. ഇപ്പോൾ പൊന്നാനി വലിയ ജാറം എന്നറിയപ്പെടുന്ന സിയാറത്ത് കേന്ദ്രവും തൊട്ടരികിലുള്ള പുരാതന തറവാടും കേരളത്തിലെ ഐദറുസ് ഖബീലയുടെ ആസ്ഥാന കേന്ദ്രവും സയ്യിദ് അബ്ദുറഹ്മാൻ അൽ ഐദറുസിയുടെ മഖ്ബറയുമാണ്. ഇതുപോലെ ശൈഖ് ജിഫ്രി കോഴിക്കോട് കാലുകുത്തുമ്പോൾ രാജകീയ പ്രൗഢിയോടെയാണ് സാമൂതിരി മാനവിക്രമൻ രാജാവും ഖാസി മുഹിയുദ്ദീൻ അബ്ദുസ്സലാമും അദ്ദേഹത്തെ സ്വീകരിച്ചത്.

പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ ജീവിച്ചിരുന്ന സൂഫിവര്യനായിരുന്നു ജമലുല്ലൈലി സയ്യിദ് മുഹമ്മദ് ബാഹസൻ. ഇന്തോനേഷ്യയിലെ അച്ചി പ്രവിശ്യാ രാജാവ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലിയുടെ മകനാണ് ബാഹസ്സൻ. കൊട്ടാരം വിട്ടു ആത്മീയതയിൽ അഭയം തേടിയ സൂഫിവര്യന്മാരുടെ കുട്ടത്തിലാണ് ഇദ്ദേഹം എണ്ണപ്പെടുന്നത്. ചെറുപ്പത്തിലേ സൂഫിസത്തോടു താല്പര്യം ജനിക്കുകയും ഖാദിരിയ്യ, നഖ്ശബന്ദിയ്യ, ചിശ്തിയ്യ, സുഹ്റ വർദ്ദിയ്യ, ത്വബഖാതിയ്യ തുടങ്ങിയ സൂഫി മാർഗങ്ങളിൽ അവഗാഹം നേടി ആത്മീയാചാര്യനായി മാറുകയും ചെയ്തു. സൂഫി അത്യുന്നത സഭയിലെ ഖുതുബ് എന്ന പദവിയിൽ എത്തിച്ചേർന്ന ആളാണ് ബാ അലവി ഹസ്സൻ എന്ന് കരുതപ്പെടുന്നു. ഒട്ടനേകം വർഷം ദേശാടനം നടത്തിയ ബാ അലവി പിന്നീട് പ്രബോധനാവശ്യാർഥം മലബാറിലെ കടലുണ്ടിയിൽ എത്തിച്ചേരുകയായിരുന്നു. ചന്ദ്രവർഷം 1180 ലാണ് സയ്യിദ് കടലുണ്ടിയിൽ വരുന്നത്. ശേഷം ഇവിടം സ്ഥിര താമസമാക്കിയ ഇദ്ദേഹം ചന്ദ്രവർഷം 1230 ൽ മരണപെട്ടു. ഹാലിമ ബീവി ഭാര്യയും സയ്യിദ് ഹസ, അലിയ്യുൻ മുഅ്തലി, സയ്യിദ് ശൈഖ് എന്നിവർ മക്കളുമാണ്. പ്രശസ്തനായ സുഫി വര്യൻ മമ്പുറം സയ്യിദ് അലവി ഇദ്ദേഹത്തിൻറെ സഹകാരിയാണ്.

ഖാദിരിയ്യ സൂഫി സരണിയിലെ ഉപവിഭാഗമാണ് ബാ അലവിയ്യ സരണി. യമനിലെ ഹളറൽമൗത്ത് നിവാസിയായിരുന്ന സൂഫി ആചാര്യൻ ഖുതുബ് സയ്യിദ് ഫഖീഹുൽ മുഖദ്ദം മുഹമ്മദ് ബിൻ ബാ അലവി വഴി ഖാദിരിയ്യ സരണി പ്രചരിച്ചതിനാൽ ഖാദിരിയ്യ ബാ അലവി എന്ന പേരിലുള്ള സാധക മാർഗ്ഗമായി ഇതറിയപ്പെടുകയായിരുന്നു. അലവിയ്യ എന്നത് പ്രവാചക പരമ്പരയിൽ പെട്ട ഒരു ഗോത്രമാണ്. ഹള്റമികൾ, ഹള്റമീ സാദാത്തുമാർ എന്ന പൊതുവായ പേരിലായിരുന്നു ഈ സാധക മാർഗത്തിലെ സൂഫി സന്യാസികൾ ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. സാൻസിബാർ, കോമറോസ്, ഗുജറാത്ത്, കൊങ്കൺ തീരപ്രദേശങ്ങൾ ഹൈദരാബാദ്, മലായ, അച്ചി, ജാവ, ഇന്തോനേഷ്യ, മലേഷ്യ, തിമോർ, മലബാർ എന്നീ പ്രദേശങ്ങളിലെല്ലാം ഇസ്‌ലാമികപ്രചരാണാർഥം ഈ മാർഗത്തിലെ സന്യാസികൾ ദേശാടനം നടത്തിയിരുന്നു. ഇസ്‌ലാമിക കർമശാസ്ത്രം, തസവുഫ്, തഫ്സീർ, ഹദീസ്, ഗോളശാസ്ത്രം, അൻസാബ് എന്നീ മേഖലകളിൽ ബാ അലവിയ്യ ആത്മീയാചാര്യന്മാർ പ്രശംസനീയമായ നിരവധി സംഭാവനകൾ അർപ്പിച്ചിട്ടുണ്ട്. ശൈഖ് അബൂമദ് യൻ ശുഐബ് എന്നിവരിൽ നിന്നാണ് സയ്യിദ് ഫഖീഹുൽ മുഖദ്ദം സരണി സ്വീകരിക്കുന്നത്. അബുബക്കർ ഹൈദ്രോസ്,ശൈഖ് ഹദ്ദാദ്, മുഹമ്മദ് അലവി മാലിക്കി എന്നിവർ ലോക പ്രശസ്തരായ ബാ അലവിയ്യ സൂഫികളാണ്. 1551 ഗുജറാത്തിൽ പ്രബോധനാവശ്യാർഥം എത്തിയ സയ്യിദ് ശൈഖ് ബിൻ അബ്ദുല്ലാഹിൽ ഐദറൂസ് ആണ് ഇന്ത്യയിലെത്തിയ ആദ്യ ബാ അലവിയ്യ ആചാര്യൻ എന്ന് കരുതപ്പെടുന്നു .കൊയിലാണ്ടിയിൽ വന്നു ചേർന്ന സയ്യിദ് ജലാലുദ്ധീൻ മുഹമ്മദ് അൽ വഹ്ഥ് എന്ന സൂഫി സന്യാസിയാണ് കേരളത്തിലെ ആദ്യ ബാ അലവി സൂഫിയെന്നും വിശ്വസിക്കപ്പെടുന്നു. അബ്ദുറഹ്മാൻ ഐദറൂസി,സയ്യിദ് ജിഫ്രി, ഹസ്സൻ ജിഫ്രി, മമ്പുറം സയ്യിദ് അലവി, മമ്പുറം ഫസൽ തങ്ങൾ , ഖുസ്വയ്യ് ഹാജി, വരക്കൽ മുല്ലക്കോയ തങ്ങൾ എന്നിവർ പ്രശസ്തരായ കേരളീയ ബാ അലവി ആത്മിയ ആചാര്യന്മാരാണ്. യമനിലെ ഹബീബ് ഉമർ, ഹബീബ് അലി ജിഫ്രി എന്നിവർ ബാ അലവിയാ സരണിയിലെ ആധുനിക യോഗികളായി അറിയപ്പെടുന്നു.

സാദാത്ത് കുടുംബത്തിലെ പ്രമുഖ കണ്ണിയായിരുന്നു വടക്കൻ മലബാറിലെ ആത്മിയ മണ്ഡലത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിച്ച സയ്യിദ് അബുബക്ർ ജലാലുൽ ബുഖാരി ഉദ്യാവരം (കാർത്തോർ). അദ്ദേഹത്തിന്റെ നാലാം തലമുറയാണ് പൈവളികെയിൽ അന്ത്യവിശ്രമം കൊള്ളുന്നത്. പൈവളികെയുടെ കെടാവിളക്കായാണ് പൈവളികെ സാദാത്തീങ്ങൾ അറിയപ്പെടുന്നത്. കോയമ്മാർ എന്നാണ് അളുകൾ ബഹുമാനത്തേടെ വിളിക്കുന്നത്. വയസ്സിന് എത്ര ഇളയതായാലും ആരും അവരെ ബഹുവചനത്തോടെയല്ലാതെ വിളിക്കാറില്ല. പൈവളികെ തങ്ങൻമാരുടെ ആഗമന സമയത്ത് ഭരിച്ചിരുന്നത് ബല്ലാക്കൻമാരായിരുന്നു. അവരെ സ്വാഗതം ചെയ്ത നാടുവാഴികൾ അവർ താമസിക്കുന്ന സ്ഥലത്തിന് ബഹുമാനപൂർവം ‘ഗുരുഹിത്തിലു’ (ഗുരുക്കളുടെ വാസസ്ഥലം ) എന്ന പേരും നൽകി. ഇന്ന് ആ സ്ഥലം ‘കോയത്തില’ എന്നാണ് അറിയപെടുന്നത്. നാട്ടിലാകെ വബാ, വസൂരി രോഗങ്ങൾ പടർന്നു ആളുകൾ നരകിച്ച് മരണപ്പെട്ട കാലത്താണ് പൈവളികെ വലിയ ജമാഅത്ത് പള്ളിയിൽ തങ്ങൻമാരുടെ നേതൃത്വത്തിൽ പതാകയുമേന്തി വാർഷിക റാത്തീബ് നേർച്ചയാരംഭിച്ചത്. അതൊരു പ്രത്യേകതരം റാത്തീബാണ്. അതിന്റെ കിത്താബ് ഇന്നും സൂക്ഷിക്കുന്നത് പൈവളികെയിലെ തങ്ങൻമാരുടെ വീട്ടിലാണ്. റാത്തീബിന് തലേദിവസം പള്ളി മുക്രി അവരുടെ അനന്തരവർ സൂക്ഷിച്ച കിത്താബ് വാങ്ങി, റാത്തീബ് കഴിഞ്ഞാൽ അവരെ തന്നെ തിരിച്ചേൽപിക്കലാണ് പതിവ്.

Total
0
Shares
Previous Article

ഖബീലകൾ: പേരുകളിലെ പൊരുളും പുകളും

Next Article

പ്രവാചക വൈദ്യത്തിന്റെ താവഴി, പ്രാമാണികത

Related Posts
Total
0
Share