ഭർതൃജീവിതത്തിന്റെ സ്വഹാബീ ഭാഗധേയം

സ്വഹാബത്ത് വിവാഹത്തെ ഇഷ്ടപ്പെടാനുണ്ടായ എഴ് കാരണങ്ങളിവയാണ്:

  • നബി(സ)യുടെ ചര്യ പിൻപറ്റൽ വിവാഹത്തിലുണ്ട്. നബി(സ) പറഞ്ഞു: “നികാഹ് എന്റെ ചര്യയാണ്. എന്റെ ചര്യയെ ആരെങ്കിലും വെറുത്താൽ അവൻ എന്നിൽ പെട്ടവനല്ല.
  • മാതാപിതാക്കൾക്കു വേണ്ടി പ്രാർഥിക്കുന്ന സന്താനങ്ങളെ ലഭിക്കും. ഒരാൾ മരണപ്പെട്ടാൽ മുറിഞ്ഞു പോകാത്ത മൂന്ന് അമലുകളിൽ ഒന്ന് പ്രാർഥിക്കുന്ന സ്വാലിഹായ സന്താനമാണ്. വിവാഹത്തിലൂടെ സൽസന്താനങ്ങളെ ലഭിക്കും.
  • നബി(സ) ഉമ്മത്തിന്റെ ആധിക്യം കൊണ്ട് അഭിമാനം കൊള്ളും. നിങ്ങൾ ധാരാളം പ്രസവിക്കുന്ന ഭാര്യമാരെ വിവാഹം ചെയ്യണമെന്ന് നബി(സ) പറഞ്ഞു. ഖിയാമത്ത് നാളിൽ ഉമ്മത്തിന്റെ എണ്ണം വർധിച്ചതിൽ നബി(സ) അഭിമാനിക്കും.
  • മകൾ നരക മോചനത്തിന്റെ കാരണമാണ്. ഒന്നോ, രണ്ടോ,മൂന്നോ മക്കളെ പോറ്റിവളർത്തിയാൽ അവർ നരകത്തിൽ നിന്നുള്ള സംരക്ഷണമാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. മരണപ്പെട്ടവരാണെങ്കിൽ അവരുടെ ശുപാർശയും സഹായവും മാതാപിതാക്കൾക്ക് ലഭിക്കും.
  • പൈശാചികതയിൽ നിന്ന് സംരക്ഷണമാണ് വിവാഹം. വ്യഭിചാരത്തിൽ നിന്നും കണ്ണ് കൊണ്ടും മറ്റുള്ള ഹറാമുകളിൽ നിന്നും സംരക്ഷണം ലഭിക്കും.
  • ഭാര്യ, മക്കൾ എന്നിവർക്ക് വേണ്ടി ചെലവഴിക്കുന്നതിലൂടെ ധർമം ചെയ്യുന്ന പ്രതിഫലം ലഭിക്കും. കുടുംബത്തിന് ചെലവഴിക്കുന്നതാണ് ഏറ്റവും മഹത്വമുള്ള സ്വദഖ: എന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
  • അല്ലാഹുവിന്റെ സഹായം ലഭിക്കും. “മൂന്ന് വിഭാഗം ആളുകളെ അല്ലാഹു നിർബന്ധമായും സഹായിക്കും. അല്ലാഹുവിന്റെ മാർഗത്തിലെ യോദ്ധാവ്, മോചനപത്രം എഴുതപ്പെട്ട അടിമ, ചാരിത്ര്യ ശുദ്ധി ഉദ്ദേശിച്ച് വിവാഹം ചെയ്തവർ’ എന്ന് നബി (സ്വ)പറഞ്ഞിട്ടുണ്ട്.
അബൂബക്കർ സിദ്ദീഖി(റ)ന്റെ വിവാഹം

ഖുതൈലത്ത് ബിൻത് അബ്ദിൽ ഉസ്സയാണ് സിദ്ദീഖി(റ)ന്റെ ആദ്യ ഭാര്യ. അബ്ദുല്ല(റ), അസ്മാഅ്(റ) എന്നീ മക്കൾ അവരിൽ ഉണ്ടായവരാണ്. ജാഹിലിയ്യാ കാലത്ത് തന്നെ അവരെ വിവാഹ മോചനം നടത്തിയിരുന്നു. മകൾ അസ്മാസ്(റ) മദീനയിലായിരിക്കുമ്പോൾ അവർ പാൽക്കട്ടിയും മധുരപലഹാരങ്ങളും സമ്മാനമായിക്കൊണ്ട് വന്നു. അത് സ്വീകരിക്കാനോ കാണാനോ അസ്മാഅ് (റ) വിസമ്മതിച്ചു.

നബി(സ)യോട് ആയിശാ(റ) മുഖേന അഭിപ്രായം ചോദിച്ചു. നബി(സ്വ) പറഞ്ഞു: അവരെ വീട്ടിൽ പ്രവേശിപ്പിക്കുകയും ഹദ് യകൾ സ്വീകരിക്കുകയും വേണം. ആ ഘട്ടത്തിലാണ് ഖുർആനിക വചനം ഇറങ്ങിയത്. മതകാര്യങ്ങളിൽ നിങ്ങളോട് അങ്കം വെട്ടാതിരിക്കുകയും സ്വഭവനങ്ങളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ പറ്റി, അവർക്ക് നന്മയും നീതിയും ചെയ്യുന്നതിൽ അല്ലാഹു നിങ്ങളെ തടയുന്നില്ല. നീതിമാന്മാരെ അവൻ ഇഷ്ടപ്പെടുകതന്നെ ചെയ്യുന്നു (അൽ മുൻതഹന: 8). അമുസ്‌ലിംകളായവരോടും കുടുംബ ബന്ധം പുലർത്താനും നല്ല രീതിയിൽ പെരുമാറാനുമാണ് അല്ലാഹു നിർദ്ദേശിക്കുന്നത്. ഖുതൈലത്ത് മുസ്‌ലിമായോ എന്ന കാര്യത്തിൽ ചരിത്രകാരന്മാരിൽ ഭിന്നാഭിപ്രായമുണ്ട്.

പിന്നീട് കിനാന ഗോത്രത്തിലെ ഉള്ളുറുമാൻ(റ) എന്നവരെ വിവാഹം ചെയ്തു. നേരത്തെ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും മദീനയിലേക്ക് ഹിജ്റ പോവുകയും ചെയ്തവരാണ് മഹതി. ആശിയാ(റ)ന്റെയും അബ്ദുറഹ്മാൻ(റ)ന്റെയും ഉമ്മയാണവർ. നബി(സ) ജീവിച്ചിരിക്കുമ്പോൾ മദീനയിൽ വെച്ച് മഹതി മരണപ്പെട്ടു.

അസ്മാ ബിൻത് ഉമസിനെ സ്വിദ്ദീഖ്(റ) വിവാഹം ചെയ്തു. വളരെ നേരത്തെ ഇസ്‌ലാം സ്വീകരിക്കുകയും ധാരാളം ഹദീസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തത മഹതിയാണവർ. ആദ്യകാല മുഹാജിരീങ്ങളിൽ പെട്ടവരാണ് മഹതി. മുഹമ്മദ് എന്ന ഒരു കുട്ടി അവരിൽ ജനിച്ചു. പിന്നീട് ഖസ്റജി കുടുംബത്തിലെ അൻസ്വാരി വനിതയായ ഹബീബത്ത് ബിൻത് ഖാരിജത്ത് എന്നവരെയും വിവാഹം ചെയ്തു. ഉമ്മുകുൽസൂം എന്ന കുട്ടി അവരിലാണ് ജനിച്ചത്.

ഏറ്റവും നല്ല കുടുംബ നാഥന്റെയും ഭർത്താവിന്റെയും ഉത്തമ ഗുണങ്ങളെല്ലാം സ്വിദ്ദീഖി(റ)ൽ ഉണ്ടായിരുന്നു. സ്വിദ്ദീഖ്(റ) ഏറ്റവും വലിയ മഹാനായത് ഉത്തമ സ്വഭാവ ഗുണങ്ങളെ കൊണ്ടായിരുന്നു. “നിങ്ങളെക്കാൾ നിസ്കാരം കൊണ്ടും നോമ്പുകൊണ്ടുമല്ല സ്വിദ്ദീഖ്(റ) ഉന്നതനായത്. മറിച്ച് അദ്ദേഹത്തിന്റെ ഹൃദയ ശുദ്ധിയും സൽസ്വഭാവവും കൊണ്ടാണെ”ന്ന് നബി(സ) പറഞ്ഞിരുന്നു.

ഉമറി(റ)ന്റെ വിവാഹം

ജാഹിലിയ്യാ കാലത്തും ഇസ്‌ലാമിക കാലഘട്ടത്തിലുമായി ഉമർ(റ) ഏഴ് വിവാഹങ്ങൾ ചെയ്തിട്ടുണ്ട്. ആകെ പതിമൂന്ന് മക്കളുണ്ടായിട്ടുണ്ട്. ഉമർ(റ) പറഞ്ഞിരുന്നു: “ഞാൻ വികാരപൂർത്തീകരണത്തിന് ഒരു സ്ത്രീയെയും സമീപിക്കുകയില്ല. മക്കളുണ്ടാവുക എന്ന ലക്ഷ്യമില്ലെങ്കിൽ ഒരു സ്ത്രീയെയും ഞാൻ നോക്കുക പോലും ചെയ്യുകയില്ല’. മറ്റൊരിക്കൽ ഉമർ(റ) പറഞ്ഞു: ‘അല്ലാഹുവിന് ദിക്റും തസ്ബീഹും ചൊല്ലുന്ന മക്കളുണ്ടാവുക എന്ന ലക്ഷ്യമില്ലെങ്കിൽ ഞാൻ സംഭോഗത്തെ വെറുക്കുമായിരുന്നു.’

അല്ലാഹുവിനെ ഭയപ്പെടുന്ന ഉത്തമ തലമുറ നിലനിൽക്കാനും നബി(സ)യുടെ ഉമ്മത്തിൽ വർധനവ് ഉണ്ടാവാനും ആഗ്രഹിച്ചാണ് ഉമർ(റ) വിവാഹങ്ങൾ ചെയ്തത്. ഉസ്മാൻ ബിൻ മള്ഊൻ(റ)ന്റെ സഹോദരി സൈനബിനെയാണ് ആദ്യം വിവാഹം ചെയ്തത്. അബ്ദുല്ലാഹി ബ്ൻ ഉമർ(റ), ഹഫ്സ(റ), അബ്ദുറഹ്മാൻ(റ) എന്നീ മക്കൾ അവരിൽ ജനിച്ചവരാണ്. മുലൈകത്ത് ബിൻത് ജർവൽ, ഖുറൈബത്ത് ബിൻത് അബീ ഉമയ്യ, ഉമ്മു ഹക്കീം ബിൻത് ഹാരിസ്, ജമീല ബിൻത് ആസിം, ആതിഖ ബിൻത് സൈദ് (റ) എന്നിവരെയും ഉമർ(റ) വിവാഹം ചെയ്തു.

ഉസ്മാന്‍(റ)ന്റെ വിവാഹം

നബി(സ)യുടെ രണ്ട് പെൺമക്കളെ വിവാഹം ചെയ്തവരാണ് ഉസ്മാൻ (റ). ആദ്യം റുഖിയ്യ(റ)യെയും അവരുടെ മരണ ശേഷം ഉമ്മു കുൽസൂമി(റ)നെയും വിവാഹം ചെയ്തു. ഒരു നല്ല ഭർത്താവിന്റെ ഉത്തമ മാതൃകയുണ്ടായത് കൊണ്ടാണ് നബി(സ്വ) തന്റെ രണ്ട് മക്കളെയും നൽകി ഉസ്മാനെ(റ) മരുമകനാക്കിയത്.

റുഖിയ്യ(റ)യോട് നബി(സ) പറഞ്ഞു. “പ്രിയ മകളേ, നീ ഉസ്മാന്(റ) ധാരാളം നന്മ ചെയ്യുക. എന്നോട് കൂടുതൽ താദാത്മ്യം പുലർത്തുന്നവരാണദ്ദേഹം”. ഏറ്റവും നല്ല ഇണകളായിരുന്നു ഉസ്മാനും(റ) റുഖിയ്യ(റ)യും എന്ന് പല സ്വഹാബിമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. റുഖിയ്യ(റ)ക്ക് രോഗം ബാധിച്ച് കിടപ്പിലായ കാരണത്താൽ ശുശ്രൂഷിക്കാനും പരിചരിക്കാനും ഉസ്മാൻ (റ) കൂടെ തന്നെ നിന്നു. അക്കാരണത്താൽ ബദ്റിൽ പങ്കെടുക്കാൻ സാധിച്ചില്ല. എന്നാലും ബദ്രീങ്ങളിൽ പെട്ടവരാണ് ഉസ്മാൻ(റ) എന്ന് നബി(സ) പറഞ്ഞു. ബദ്രീങ്ങൾക്ക് ദുൻയാവിലും ആഖിറത്തിലും കിട്ടുന്ന എല്ലാ പദവിയും ഉസ്മാനു(റ)മുണ്ടെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. പിന്നീടാണ് ഉമ്മു കുൽസൂമിനെ(റ) വിവാഹം ചെയ്തു കൊടുത്തത്.

ആയിശ(റ) പറയുന്നു: ‘നബി(സ) മകൾ ഉമ്മു കുൽസൂമിനെ വിവാഹം കഴിച്ച് കൊടുക്കാൻ ഉദ്ദേശിച്ചപ്പോൾ ഉമ്മു ഐമൻ(റ)യോട് പറഞ്ഞു: ഉമ്മു കുൽസൂമിനെ ഒരുക്കി വരൻ ഉസ്മാൻ (റ)ന്റെ അടുത്തേക്ക് ആനയിക്കുക. ദഫ് മുട്ടി ആഘോഷമാക്കുക. ഉമ്മു ഐമൻ(റ) പറഞ്ഞു: ഞാൻ അപ്രകാരം ചെയ്തു. കല്യാണ ശേഷം മൂന്നാം ദിവസം നബി(സ്വ) ഉമ്മു കുൽസുമി(റ)ന്റെ അടുത്തെത്തി ചോദിച്ചു: എങ്ങനെയുണ്ട് നിന്റെ ഭർത്താവ്? മഹതി പറഞ്ഞു: ഏറ്റവും അനുയോജ്യനും ഉത്തമനുമായ ഭർത്താവാണ് അദ്ദേഹം. റുഖിയ ബീവി(റ)ക്ക് നൽകിയ തുല്യ മഹർ തന്നെയാണ് ഉമ്മു കുൽസൂം(റ)ക്കും നൽകിയത്. അല്ലാഹുവിന്റെ തീരുമാനം ജിബ്രീൽ(അ) അറിയച്ചത് പ്രകാരമായിരുന്നു ഈ വിവാഹം എന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്.

അലി(റ)യുടെ വിവാഹം

ഏറ്റവും നല്ല മാതൃകാദമ്പതികളായിരുന്നു അലി(റ)യും ഫാത്വിമ(റ)യും. നികാഹ് കഴിഞ്ഞാലുള്ള പ്രാർത്ഥനകളിൽ പണ്ഡിതന്മാർ ഇങ്ങനെ ദുആ ചെയ്യാറുണ്ട്. ‘അല്ലാഹുവെ, അലി- ഫാത്വിമ ദമ്പതികളെ ഇണക്കിയത് പോലെ ഈ ദമ്പതിമാരെ ഇണക്കമുള്ളവരാക്കണേ’ എന്ന്.

അല്ലാഹുവിന്റെ നിർദ്ദേശപ്രകാരമായിരുന്നു ആ വിവാഹം. മഹർ നൽകാൻ അലി(റ)യുടെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല. നബി(സ) ചോദിച്ചു: ‘ഞാൻ തന്ന അങ്കി നിന്റെ കൈവശമില്ലേ? നബിയേ.. അത് നാലു ദിർഹം മാത്രമേ വിലയുള്ളൂ. അത് മഹ്റായി നിശ്ചയിച്ചു കൊണ്ടാണ് വിവാഹം ചെയ്തത്. നികാഹ് കഴിഞ്ഞു വീടുകൂടുന്നതിന് മുമ്പ് നബി(സ) അലി(റ)യെ വിളിച്ചു. നബി(സ) വുളൂഅ് ചെയ്ത ശേഷം ബാക്കി വെള്ളം കൊണ്ട് അലി(റ)യുടെ മുഖവും നെഞ്ചും തടവിക്കൊടുത്ത ശേഷം ഇങ്ങനെ ദുആ ചെയ്തു. “അല്ലാഹുവേ, ഇവർക്ക് ബറക്കത്ത് ചെയ്യണേ. ഇവർ രണ്ട് പേരിലും അവരുടെ മണിയറയിലും മക്കളിലും ബറകത്ത് ചെയ്യണേ… “

നബി(സ) നൽകിയ പടയങ്കിയും മറ്റു ചില വസ്തുക്കളും വിറ്റ് കിട്ടിയ നാനൂറ്റി എൺപത് ദിർഹമുണ്ടായിരുന്നു അലി (റ)യുടെ പക്കല്‍. മൂന്നിലൊന്നുകൊണ്ട് വസ്ത്രങ്ങളും മൂന്നിലൊന്നുകൊണ്ട് സുഗന്ധ വസ്തുക്കളും വാങ്ങാൻ നബി(സ) കൽപിച്ചു.

സഅദ് (റ ) കൊണ്ട് വന്ന ആടിനെ അറുത്ത് വിവാഹ സദ്യ ഒരുക്കി. പല സ്വഹാബിമാരും കൊണ്ടുവന്ന ഭക്ഷണങ്ങളും ഈത്തപ്പഴവും മുന്തിരിയുമെല്ലാം സദ്യക്കുണ്ടായിരുന്നു. ജാബിർ(റ) പറഞ്ഞു: ‘ഏറ്റവും നല്ല സന്തോഷവും നന്മയും നിറഞ്ഞതായിരുന്നു അലി(റ)യുടെ വിവാഹവും വിവാഹ സൽക്കാരവും’.

അലി(റ)യെ തന്റെ പൊന്നു മോൾ ഫാത്വിമ(റ)ക്ക് വരനായി തെരഞ്ഞെടുത്തത് സമ്പത്ത് നോക്കിയായിരുന്നില്ല. പലപ്പോഴും അവരുടെ വീട്ടിൽ പട്ടിണിയായിരുന്നു. അലി(റ)യുടെ ഇൽമും ഈമാനും ഒരു ഉത്തമ ഭർത്താവിന്റെ ഏറ്റവും നല്ല ഗുണമായി നബി(സ) കണ്ടു. ഈ വഴി തന്നെയാണ് സ്വഹാബത്ത് പിൻതുടർന്നത്.

അബുദ്ദർദാഅ്(റ)ന്റെ സുന്ദരിയായ മകൾ ദർദാഇനെ സമ്പന്നനായ യസീദ് ബിൻ മുആവിയ വിവാഹാലോചന നടത്തിയപ്പോൾ മഹാനവർകൾ സമ്മതിച്ചില്ല. പിന്നീട് വളരെ ഫഖീറും ദുർബലനുമായ ഒരു സ്വഹാബിക്ക് വിവാഹം ചെയ്തു നൽകി. ദീനും ഈമാനും ഉള്ളവർക്കാണ് അവർ പ്രാധാന്യം നൽകിയത്.

Total
0
Shares
Previous Article

ഇസ്‌ലാമിലെ സൂഫിസവും അക്കാദമിക് സൂഫിസവും തമ്മിലുള്ള അന്തരം

Next Article

റഹീം മേച്ചേരിയുടെ ഫീച്ചറും എന്റെ നൈസാം കാഴ്‌ചകളും

Related Posts
Total
0
Share