ഭൂവിതാനത്തിലെ അത്ഭുതജീവിയാണ് മനുഷ്യൻ. ആകാരസൗഷ്ഠവത്തിലും ഭാവനാശക്തിയിലും മനുഷ്യനെ മറികടക്കാൻ കഴിയുന്ന ഒരു സൃഷ്ടിയും ഈ ഉലകത്തിൽ വേറെയില്ല. ‘മനന ശീലന മാനുഷൻ’ എന്നാണ് മനുഷ്യനെ സംബന്ധിച്ച് കൂടുതലറിഞ്ഞ ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. അഥവാ മനനം ചെയ്യുന്നവനാണ് മനുഷ്യൻ. ഓർമ്മ, ചിന്ത, വിചാരം, ഭാവന, ധ്യാനം തുടങ്ങിയവ മനനത്തിന്റെ അർഥതലങ്ങളാണ്. ആദരണീയനായ മനുഷ്യനെ ഏറ്റവും ഉത്തമമായ രൂപത്തിലാണ്; അഥവാ ലംബ(Vertical)മായിട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. വിതാനക(Horizontal)മായി സൃഷ്ടിക്കപ്പെട്ട ഇതരജീവികളെയെല്ലാം അടക്കിഭരിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയത് ഈ ആകാര വൈശിഷ്ട്യത്തോടൊപ്പം അവന്റെമാത്രം പ്രത്യേകതയായ വിജ്ഞാനവും വിവേകവുമത്രെ. മനുഷ്യൻ അവന്റെ മഹത്വത്തെ കുറിച്ച് മനസ്സിലാക്കാൻ പലപ്പോഴും ശ്രമിക്കാറില്ല. തത്വജ്ഞാനികൾ പറഞ്ഞത് പോലെ

 وتحسب أنك جرم صغير

وفيك انطوي العالم الأكبر

“മനുഷ്യാ, നീയൊരു ചെറിയ ജീവിയാണെന്നാണ് നിന്റെ വിചാരം, എന്നാൽ നിന്നിൽ വലിയൊരു ലോകം അന്തർലീനമായിട്ടുണ്ട്” (സ്വാവി: 4:153). ബുദ്ധിയും വിവേകവുമുള്ള മനുഷ്യരെ നയിക്കൽ, ശരിയായ പാന്ഥാവിലൂടെ അവരെ വഴി നടത്തൽ ക്ഷിപ്രസാധ്യമല്ല. മനുഷ്യന്റെ ഇംഗിതങ്ങളും സ്വഭാവരീതികളും വ്യത്യസ്തമാണ് എന്നതു തന്നെ കാരണം. മൃഗങ്ങളെ നയിക്കുന്നതിനെക്കാൾ പ്രയാസമാണ് മനുഷ്യരെ നയിക്കാൻ.  سياسة الناس أشد من سياسة الدواب (المجموع شرح المهذب) എന്ന് ഇമാം ശാഫിഈ പ്രഖ്യാപിച്ചിത് അനുഭവത്തിന്റെ പശ്ചാതലത്തിൽ നിന്നായിരിക്കുമല്ലോ. വഴിയറിയുന്നവരും വഴിയേനടക്കുന്നവരും വഴിനടത്തുന്നവരുമെല്ലാം ഉൾകൊള്ളുന്ന മനുഷ്യരുമായി ഹ്യദ്യമായ ഇടപെടലുകൾക്ക് മനഃശാസ്ത്രജ്ഞാനം അത്യന്താപേക്ഷിതമാണ്. മനഃശാസ്ത്രപരമല്ലാത്ത പ്രബോധനപ്രവർത്തനങ്ങൾ ജനങ്ങളിൽ ഫലം ചെയ്യുകയില്ല.

മനുഷ്യന്റെ മാനസിക ശാരീരികാവസ്ഥകളെ സംബന്ധിച്ചുള്ള പഠനവും അപഗ്രഥനവുമാണ് മനഃശാസ്ത്രം. തന്നെക്കുറിച്ചറിയുക എന്നതാണ് മനഃശാസ്ത്രത്തിന്റെ പടവുകളിൽ ഇദംപ്രഥമമായിട്ടുള്ളത്. തന്നെത്താനറിയുമ്പോഴാണ് പരിസരബോധവും ദിശാബോധവും ഉണ്ടായിത്തീരുന്നത്. “തന്നെത്താനറിഞ്ഞീല, പിന്നെ യെങ്ങനെയന്യനെ” എന്ന കവിവാക്യം ശ്രദ്ധേയമാണ്.

ലോകം കണ്ട മനഃശാസ്ത്ര വിശാരദരിൽ അഗ്രേസരനാണ് മുഹമ്മദ് നബി (സ്വ). മനഃശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്മണ്ട് ഫ്രോയിഡ് (Sigmund Freud, 1856-1939) ജനിക്കുന്നതിന്റെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ സൈക്കോളജിക്കൽ തിയറിയനുസരിച്ചാണ് നബി (സ്വ) തങ്ങൾ അവിടത്തെ ദൗത്യം നിർവഹിച്ചിരുന്നത്. മനുഷ്യ മനസ്സുകളിൽ മൂടുറച്ചിരുന്ന തിന്മകളെ വിഭാടനം ചെയ്തു നന്മപ്രതിഷ്ഠിക്കാൻ മനസിനെ തൊട്ടുണർത്തുന്ന ഉപദേശങ്ങൾ അവിടന്ന് നൽകിപ്പോന്നു.

സ്വഹാബി പ്രമുഖനായ അബൂ ഉമാമ (റ) പറയുന്നു: ”ഞങ്ങൾ പ്രവാചക സന്നിധിയിൽ ജ്ഞാന സമ്പാദനത്തിനായി സംഗമിച്ചിരിക്കെ ഒരു ചെറുപ്പക്കാരൻ വിളിച്ചു പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വ്യഭിചാരത്തിനു അങ്ങ് സമ്മതം തരുമോ?!” യുവാവിന്റെ ആവശ്യം കേട്ട് സദസ്യരെല്ലാം ക്ഷുഭിതരായി. ഉദ്വേഗജനകമായ നിമിഷം! വളരെ സൗമ്യമായ നിലയിൽ നബി (സ്വ) ആ ചെറുപ്പക്കാരനെ അരികിലേക്ക് വിളിച്ചു. “മോനേ നിനക്ക് ഉമ്മയുണ്ടോ?” തന്റെ ചാരത്തു വന്നിരുന്ന യുവാവിനോട് നബി (സ്വ) ചോദിച്ചു. “അതെ” അദ്ദേഹം മറുപടി പറഞ്ഞു. “നിന്റെ മാതാവിനെ ആരെങ്കിലും വ്യഭിചരിച്ചു കഴിഞ്ഞാൽ നിനക്കത് സഹിക്കാൻ കഴിയുമോ?” “ഇല്ല, ഞാനവനെ വെറുതെ വിടില്ല.” ചെറുപ്പക്കാരൻ ഉടനെ പ്രതികരിച്ചു. “മോനേ, നിനക്ക് സഹോദരിയുണ്ടോ?” അവിടന്ന് വീണ്ടും ചോദിച്ചു. ചെറുപ്പക്കാരൻ “അതെ” എന്ന് മറുപടി പറഞ്ഞപ്പോൾ നബി (സ്വ) ചോദിച്ചു. “നിന്റെ സഹോദരിയെ ആരെങ്കിലും വ്യഭിചരിച്ചാലോ?” “എനിക്ക് സഹിക്കാൻ കഴിയില്ല. ഞാനവനെ കൊന്ന് കളയും” എന്നായിരുന്നു യുവാവിന്റെ പ്രത്യുത്തരം “മോനേ, നിനക്ക് സഹധർമ്മിണിയുണ്ടോ?” അവിടന്ന് അന്വേഷണം തുടർന്നു. “അതെ” ചെറുപ്പക്കാരൻ പറഞ്ഞു. “നിന്റെ ഭാര്യയെ ആരെങ്കിലും വ്യഭിചരിച്ചാലോ?” “ഇല്ല, എനിക്കത് സഹിക്കാൻ കഴിയില്ല, ഞാനവനെ വാളിന്നിരയാക്കും.” “എന്നാൽ നീ ചിന്തിക്കുക. മനുഷ്യരെല്ലാം അതുപോലെത്തന്നെയാണ്. നീ വ്യഭിചരിക്കുന്ന സ്ത്രീ നിന്റെ സഹോദരന്റെ മാതാവോ, സഹോദരിയോ, സഹധർമ്മിണിയോ ആയിരിക്കില്ലേ?” നബി (സ്വ) യുടെ ചോദ്യം കേട്ട് ചെറുപ്പക്കാരൻ കുറ്റബോധത്താൽ തലതാഴ്ത്തി. “ഇല്ല, പ്രവാചകരേ, ഇനി ഞാൻ വ്യഭിചാരത്തെ സംബന്ധിച്ച് ചിന്തിക്കുക പോലുമില്ല.” അദ്ദേഹം ആത്മഗതം ചെയ്തു. “അല്ലാഹുവേ ഈ യുവാവിന്റെ മനസ്സിനെ നീ ശുദ്ധിയാക്കണേ, പാപങ്ങളെല്ലാം പൊറുത്തു കൊടുക്കണേ, ഗുഹ്യസ്ഥാനം പരിശുദ്ധമാക്കണേ” എന്ന് അദ്ദേഹത്തിന്റെ നെഞ്ചിന്മേൽ കൈവെച്ച് നബി (സ്വ) പ്രാർത്ഥിക്കുകയുണ്ടായി (തുഹ്ഫത്തുൽ വാഇദീൻ പുറം-98).”

അർഹമായ അംഗീകാരം (Approval) വകവെച്ചു കൊടുക്കാത്തതാണ് ആധുനിക ലോകത്തുണ്ടാകുന്ന പ്രശ്നങ്ങളിലെ സിംഹഭാഗവും. കുടുംബത്തിലും സമൂഹത്തിലും സംഘടനയിലുമെല്ലാം അംഗീകാരം ലഭിക്കാത്തതിന്റെ പേരിൽ വ്യക്തികൾ നിരാശപ്പെടുകയും അത് കലഹത്തിലും പൊട്ടിത്തെറിയിലും കലാശിക്കുകയും ചെയ്യുന്നു. വ്യക്തികൾക്ക്  അർഹമായ സ്ഥാനം വകവെച്ചുകൊടുക്കുക എന്നതാണ് മനഃശാസ്ത്രം ഇതിനു നൽകുന്ന പരിഹാര മാർഗം.

ആയിശ (റ) പറയുന്നു: “ജനങ്ങളോട് അവരുടെ നിലയനുസരിച്ച് ഇടപഴകാൻ നബി (സ്വ) കൽപിച്ചിരിക്കുന്നു.” انزلو الناس منازلهم (ابودود)

മദീനയിലെ ബനൂഖുറൈദാ ഗോത്രക്കാർക്കിടയിൽ ഉണ്ടായിത്തീർന്ന ഒരു തർക്കം പരിഹരിക്കാൻ വേണ്ടി അവർ നേതാവായി കണക്കാക്കിയിരുന്ന സഅദ്ബ്നു മുആദി(റ)നെ നബി (സ്വ) ക്ഷണിച്ചു വരുത്തുകയുണ്ടായി. അദ്ദേഹം ആഗതമായപ്പോൾ നബി (സ്വ) പറഞ്ഞു:  “قومو إلى سيدكم ” “നിങ്ങളുടെ നേതാവിനു വേണ്ടി നിങ്ങൾ എഴുന്നേൽകുക (കിതാബുത്താജ്, 1:66).” നബി(സ്വ)ക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതുകൊണ്ടല്ല, അർഹരെ ആദരിക്കുന്ന രൂപം പഠിപ്പിച്ചുകൊടുക്കലായിരുന്നു ഈ പ്രവൃത്തിയിലൂടെ അവിടന്ന് നിർവഹിച്ചത്.

മനുഷ്യന്റെ കൂടെപ്പിറപ്പായ അലസതയും ഉത്സംഗവും ഒഴിവാക്കി കർമ്മനിരതരാക്കാനുള്ള ഒരു മനഃശാസ്ത്ര ട്രിക്കാണ് പോസിറ്റീവ് ഫീഡ്ബാക്ക് (Positive Feedback); അഥവാ വ്യക്തി ചെയ്ത സുകൃതങ്ങളെ അഭിനന്ദിച്ച് തെറ്റുകൾ തിരുത്താനോ കൂടുതൽ ചെയ്യാനോ പ്രോത്സാഹനം നൽകുക. പഠിതാക്കളിൽ പഠനസന്നദ്ധതയുണ്ടാക്കാനും, തൊഴിലാളികളിൽ കാര്യക്ഷമത വർധിപ്പിക്കാനും കുടുംബത്തിൽ ആരാധനാബോധം വളർത്തിയെടുക്കാനും ഏറ്റവും അനുയോജ്യമായ ആയുധമാണ് പോസിറ്റീവ് ഫീഡ് ബാക്ക്. അടുത്തകാലത്ത് മനഃശാസ്ത്രവിദഗ്ധർ കണ്ടെത്തിയ ഈ വിദ്യ നബി (സ്വ) പ്രയോഗിച്ച് ഫലം കണ്ടതാണ് എന്നതത്രെ യാഥാർഥ്യം.

സാലിം (റ) ഉദ്ധരിക്കുന്നു. ഇബ്നു ഉമറി(റ)നെ സംബന്ധിച്ച് ഒരിക്കൽ നബി (സ്വ) പറഞ്ഞു: “അബ്ദുല്ല എത്ര നല്ല വ്യക്തിയാണ്! അദ്ദേഹം രാത്രിയിൽ  നിസ്കരിക്കുന്നയാളാണെങ്കിൽ.” സാലിം (റ) പറഞ്ഞു: “നബി(സ്വ)യുടെ ഈ അഭിനന്ദനം ഉണ്ടായ ശേഷം അബ്ദുല്ലാ (റ) വളരെ കുറഞ്ഞ സമയം മാത്രമേ രാത്രിയിൽ ഉറങ്ങാറുണ്ടായിരുന്നുള്ളൂ (ബുഖാരി, ഉംദത്തുൽഖാരി 11:471).”

ഉമ്മഹാത്തുൽ മുഅ്മിനീൻ ഹഫ്സ(റ)യോട് നബി (സ്വ) ഒരിക്കൽ പറഞ്ഞു:

إن أخاك رجل صالح لو أنه يقوم الليل، فلم يترك قيامه بعده وكان من فقهاء الصحابة.

നിന്റെ സഹോദരൻ സദ്‌വൃത്തനാണ്, അദ്ദേഹം ഖിയാമുല്ലൈൽ നിർവ്വഹിക്കുന്ന വ്യക്തിയാണെങ്കിൽ, ഇതറിഞ്ഞ ശേഷം ഒരിക്കലു അദ്ദേഹം (ഇബ്നു ഉമർ (റ)) രാത്രി നിസ്കാരം ഉപേക്ഷിച്ചിരുന്നില്ല, അദ്ദേഹമാകട്ടെ സ്വഹാബാക്കളിലെ പ്രമുഖ പണ്ഡിതനായിരുന്നു.(ദലീലുൽ ഫാലിഹീൻ 1:79)

ഖുറൈം(റ)നെ സംബന്ധിച്ച് ഒരിക്കൽ നബി (സ്വ) പറയുകയുണ്ടായി:

نعم الرجل خريم الأسيدي لولا طول جمته واسبال إزاره

“തലമുടി നീട്ടി വളർത്തുകയും ഉടുവസ്ത്രം താഴ്ത്തിയിടുകയും ചെയ്തില്ലായിരുന്നെങ്കിൽ ഖുറൈമുൽ ഉസൈദി വളരെ നല്ല മനുഷ്യനായിരുന്നു.” ഈ വിവരമറിഞ്ഞ ഉടനെ ഖുറൈം (റ) തന്റെ ഇരു ചെവികളും വെളിവാക്കും വിധം തലമുടി മുറിക്കുകയും കണങ്കാലിന്റെ മധ്യംവരെ മുണ്ട് പൊക്കിയുടുക്കുകയും ചെയ്തു. (മുസ്‌ലിം)

നബി (സ്വ) കാണിച്ചുതന്ന മാതൃക അഥവാ പോസിറ്റീവ് ഫീഡ്ബാക്ക് ആധുനികർ പലരും അവഗണിക്കുകയാണ്. അതിന്റെ വിപര്യമായ നെഗറ്റീവ് അറ്റൻഷൻ (Negative Attention) അഥവാ തെറ്റുകൾ മാത്രം കണ്ടെത്തി ആക്ഷേപിക്കുന്ന രീതിയോടാണ് പലർക്കും പ്രതിപത്തി. ഉത്സാഹമല്ല, നിരുത്സാഹമായിരിക്കും അതിന്റെ പരിണതി എന്നു മാത്രം.

നല്ല വ്യക്തികളുണ്ടാകുക എന്നതാണ് ഉത്തമ സമൂഹ സൃഷ്ടിയുടെ ഒന്നാമത്തെ ഘടകം. വ്യക്തികളെ നന്നാക്കിയെടുക്കാൻ വേണ്ടി വ്യക്തിത്വവികസന പാഠങ്ങൾ (Personality Development Coaching) ഇന്ന് സാർവത്രികമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു.“നല്ല മനസ്സോടെ പുഞ്ചിരി തൂകിക്കൊണ്ട് മറ്റു മനുഷ്യരെ അഭീമുഖീകരിക്കുക, ഇങ്ങോട്ട് പുഞ്ചിരിച്ചില്ലെങ്കിലും അപരന് ഒരു പുഞ്ചിരി സൗജന്യമായി നൽകുക. അത് നിങ്ങളെ സംബന്ധിച്ച് ഒരു നല്ല ധാരണ അദ്ദേഹത്തിൽ സ്ഥാനം പിടിക്കും.” വ്യക്തിത്വവികസനത്തിന് ആധുനിക സൈക്കോളജിസ്റ്റുകൾ നൽകുന്ന ഒന്നാമത്തെ അധ്യായം ഇതാണെങ്കിൽ നൂറ്റാണ്ടുകൾക്കു മുമ്പ് അല്ലാഹുവിന്റെ റസൂൽ (സ്വ) മാനവകുലത്തെ പഠിപ്പിച്ചു “നിന്റെ സഹോദരന്റെ മുഖത്തുനോക്കി പുഞ്ചിരിക്കൽ നിനക്ക് ധർമ്മമാണ്” എന്ന്. تبسمك في وجه أخيك لك صدقه (ترمذي)

അബൂദർറ് (റ) പറയുന്നു. എന്നോട് നബി (സ്വ) പറഞ്ഞു: لا تحقرن من العروف شيئا ولو ان تلقى اخاك بوجه طليق (مسلم)

“സദ്കർമ്മങ്ങളിൽ നിന്ന് ഒന്നും തന്നെ നീ നിസാരമാക്കി തള്ളരുത്. മുഖപ്രസന്നതയോടെ നിന്റെ സഹോദരനെ സമീപിക്കുന്നത് പോലും.”

ഭൗതികലോകത്ത് നല്ല വ്യക്തിയായിരിക്കുന്നതോടൊപ്പം പരലോകവിജയവും മുഖപ്രസന്നത മൂലം കരസ്ഥമാക്കാൻ കഴിയുന്നു.

സ്വഭാവഗുണത്തെ അടിസ്ഥാനമാക്കി മനുഷ്യരെ രണ്ടു വിഭാഗമായി മനഃശാസ്ത്രം പരിചയപ്പെടുത്തുന്നുണ്ട്. ശുഭചിന്തകരാണ് (Optimist) ഒന്നാം വിഭാഗം. രണ്ടാമത്തേത് ദോഷൈക ദൃക്കുകളുമാണ് (Pessimist). ഫോസ്റ്റർ എന്ന ഗവേഷകൻ പറയുന്നു: ശാരീരികാസ്വാസ്ഥ്യങ്ങളിൽ മുക്കാൽ ഭാഗവും നമ്മുടെ മനസിൽ നിന്നാണ് ഉദ്ഭവിക്കുന്നത്. അശുഭചിന്തകൾ ശരീരത്തിലെ രാസഘടകങ്ങളിൽ മാറ്റങ്ങൾ വരുത്തും. മറ്റൊരാളോട് ഈർശ്യതയുണ്ടാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന രാസമാറ്റം കൊളസ്ട്രോളിന്റെ അളവു വർധിക്കാൻ ഇടയാക്കുന്നു (മലയാള മനോരമ 22.4.2007).”

കാർഡിയോ വാസ്കുലർ സിസ്റ്റത്തിൽ ദോഷകരമായ പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ പകയും വിദ്വേഷവും കാരണമാകുന്നു എന്ന് ഐലൻ്റിലെ ബ്രൗൺ മെഡിക്കൽ സ്കൂൾ തലവൻ ഡോ. ജോൺ. എഫ്. ഡി അഭിപ്രായപ്പെടുകയുണ്ടായി. സ്റ്റെഫാനി ബ്രൗൺ എന്ന അമേരിക്കൻ നരവംശ ഗവേഷക നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന 423 വനിതകളിൽ വർഷങ്ങളോളം ഗവേഷണം നടത്തി സ്വഭാവം, ജീവിതരീതി, ആരോഗ്യം എന്നിവയാണ് നിരീക്ഷണവിധേയമാക്കിയിരുന്നത്. തന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ചില സ്ത്രീകൾ എഴുപതിലേറെ വയസ്സുവരെ ജീവിച്ചപ്പോൾ ചിലരെ മുപ്പതുകളിൽ തന്നെ രോഗങ്ങൾ കീഴ്പെടുത്തുകയും മൃത്യുവരിക്കുകയും ചെയ്തുവത്രെ. ദീർഘായുസ്സ് ലഭിച്ചവർ കുടുംബങ്ങളോടും അയൽവാസികളോടും സ്നേഹത്തോടെ ഇടപഴകുന്നവരും വിട്ടുവീഴ്ചാമനോഭാവമുള്ളവരും സഹതാപഗുണമുള്ളവരുമായിരുന്നു എന്നായിരുന്നു പഠനഫലം. കുടുംബാംഗങ്ങളുമായുള്ള മമത (Affection) ഒരു ആരോഗ്യസംരക്ഷണ ഉപാധിയായി ശാസ്ത്രം പരിചയപ്പെടുത്തുന്നു.

നബി(സ്വ) പറഞ്ഞു: من أحب أن يبسط له في رزقه وينسأ له في أثره فليصل رحمه (بخاري ٫مسلم)

“ഭൗതികവിഭവങ്ങളിൽ അഭിവൃദ്ധിയുണ്ടാകാനും ആയുസ്സിൽ വർധനവുണ്ടാകാനും ആഗ്രഹിക്കുന്നവർ തന്റെ കുടുംബബന്ധം ചേർത്തുകൊള്ളട്ടെ.” സ്നേഹത്തിന്റെയും സഹകരണമനോഭാവത്തിന്റെയും പ്രഭവകേന്ദ്രം മനസ്സാണ്. ശുഭചിന്തകൾ ഉദയം ചെയ്യുന്ന മനസ്സുണ്ടാവണം. എന്നാൽ ശരീരവും സമൂഹവും നന്നായിത്തീരുന്നു. ശുഭചിന്തയെ നബി (സ്വ) ‘മത’മായിട്ടാണ് പരിചയപ്പെടുത്തിയത്. അവിടന്ന് പറഞ്ഞു: “الدين النصيحة” ദീൻ എന്നാൽ ഗുണകാംക്ഷയാണ്. തനിക്കു താൻ എന്തെല്ലാം കാംക്ഷിക്കുന്നുവോ അതെല്ലാം തന്റെ സഹോദരങ്ങൾക്കും ഉണ്ടാകണമെന്ന ചിന്തയുണ്ടാകുമ്പോഴാണ് വ്യക്തിയിൽ ദീൻ ഉണ്ടാവുകയുള്ളൂ എന്ന് സാരം. 

ചെയ്യുന്ന കാര്യങ്ങളേതും സൂക്ഷ്മതയോടെയും ഭദ്രതയോടെയും ആയിരിക്കൽ നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ചെയ്യുന്നതിൽവെച്ച് ഏറ്റവും നല്ലത് ഇന്ന് ചെയ്യുക. കഴിഞ്ഞ കാലങ്ങളിൽ ചെയ്ത കാര്യമോർത്ത് അഭിമാനിക്കുകയോ ഭാവിയിൽ ചെയ്യാമെന്ന് തീരുമാനിച്ച് നിഷ്ക്രിയനാവുകയോ ചെയ്യുന്നത് ഭൂഷണമല്ല. കാരണം ‘Yesterday is a history, tomorrow is a mystery, today is our mastery’. ഇന്നലെ ചരിത്രമാണ്, നാളെ നിഗൂഢതയും ഇന്നാണ് നമ്മുടെ കർമ്മദിനം’ എന്നത്രെ ശാസ്ത്രതത്വം. ഈ തത്ത്വം ഇതിനെക്കാൾ ഭംഗിയായി നബി (സ്വ) പഠിപ്പിക്കുന്നു:

العمل عمل أمرء يظن أن لن يموت أبدا واحذر حذر امرء يخش أن يموت غدا

“ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കണമെന്ന ചിന്തയോടെ നീ പ്രവർത്തിക്കുക. നാളെത്തന്നെ മരണപ്പെട്ടുപോകുമെന്ന വിചാരത്തോടെ നീ സുക്ഷ്മത പാലിക്കുകയും ചെയ്യുക. (ബൈഹഖീ)

സമാധാനത്തിന്റെ അന്തകനായി മനുഷ്യനിൽ നിലകൊള്ളുന്ന ദുസ്വഭാവമാണ് അത്യാഗ്രഹം. എത്ര ലഭിച്ചാലും മതിവരാത്ത അവസ്ഥ മനുഷ്യനെ വിഷാദരോഗിയാക്കി മാറ്റുമെന്നാണ് മനഃശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ആർത്തിവെടിയലും ഉള്ളതുകൊണ്ട് തൃപ്തിപ്പെടലുമാണ് ഇതിന് പ്രതിവിധിയായി നിർദേശിക്കപ്പെടുന്നത്. ഈ വിഷയത്തിലും നബി(സ്വ)യുടെ അധ്യാപനത്തെ ശരിവെക്കുകയാണ് മനഃശാസ്ത്രം. അവിടന്ന് പ്രഖ്യാപിച്ചു:

انظروا إلى من هو اسفل منكم ولا تنظروا إلى من هو فوقكم (بخاری، مسلم)

“ഐഹിക വിഭവങ്ങളിൽ, നിങ്ങൾ നിങ്ങളെക്കാൾ താഴ്ന്നവരിലേക്ക് നോക്കുക, നിങ്ങളെക്കാൾ ഉയർന്ന നിലവാരമുള്ളവരിലേക്കല്ല ശ്രദ്ധിക്കേണ്ടത്.” അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങൾക്ക് മൂല്യം കൽപിക്കാനും സമാധാനപരമായ ജീവിതം നയിക്കാനും അത് ആവശ്യമത്രെ.