അറബി മലയാളം; ഭാഷ, സാഹിത്യം, സംസ്‌കാരം

അറബി മലയാളത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പറഞ്ഞു വരുന്നത്, അറബ് ദേശങ്ങളില്‍ നിന്ന് കേരളത്തിലെത്തിയ അറബികള്‍ക്ക് തങ്ങളുടെ കച്ചവട വാണിജ്യാവശ്യങ്ങള്‍ക്കും ഇവിടുത്തെ സാമൂഹിക ജീവിതത്തില്‍ ഉള്‍ച്ചേര്‍ന്നു കഴിയേണ്ടതിനും ഇവിടെ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നതിനും ഒരു വിനിമയ ഭാഷയുടെ അനിവാര്യതയുണ്ടായപ്പോള്‍ രൂപം കൊണ്ടതാണ് അതെന്നാണ്. അങ്ങനെ, അറബി-സിന്ധിയും അറബി-പഞ്ചാബിയും അറബി-തമിഴും അറബി-സിംഹളയുമൊക്കെയുണ്ടായതുപോലെയും ഹിന്ദിക്ക് അറബി ലിപി കിട്ടി ഉര്‍ദു ഉണ്ടായതു പോലെയും മലയാളത്തിന്റെ അറബി എഴുതാനുള്ള സാധ്യത ഉപയോഗപ്പെടുത്തിയപ്പോള്‍ അറബി മലയാളവുണ്ടായി.

തുഞ്ചത്തെഴുത്തച്ഛന്‍ മലയാള ഭാഷക്ക് ഒരു ഏകീകൃത ലിപി സമുച്ചയം തയ്യാറാക്കുന്നതിന്റെ നാലോ അഞ്ചോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് അഥവാ ഒമ്പതോ പത്തോ നൂറ്റാണ്ടില്‍ മലയാളത്തിന് അറബി ലിപി കൊടുത്തുകൊണ്ട് സ്വന്തമായ ഒരു ഭാഷ സൃഷ്ടിച്ചെടുത്തു ഇവിടുത്തെ മാപ്പിള സമുദായമെന്നതാണു ചരിത്രം. അറബിക്കു പുറമെ ഉര്‍ദു, പാഴ്‌സി, തമിഴ്, കന്നട, സംസ്‌കൃതം, തുളു തുടങ്ങിയ മറ്റു ഭാഷകളില്‍ നിന്നുള്ള ധാരാളം പദങ്ങള്‍ അറബി മലയാളത്തില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതായി കണ്ടെത്താന്‍ കഴിയും. അറബിയിലെ ചില അക്ഷരങ്ങള്‍ക്ക് ചില പ്രത്യേക അടയാളങ്ങള്‍ ചേര്‍ത്തുകൊണ്ട് മലയാള അക്ഷരങ്ങളുടെ സ്വരം നല്‍കിയിരിക്കുകയാണിതില്‍. ആ അക്ഷരങ്ങള്‍ ഉര്‍ദുവിലോ പാഴ്‌സിയിലോ ഉള്ളതോ ‘ള’ പോലെ അവയിലൊന്നുമില്ലാത്തതോ ആയിരിക്കും.

മഹാപണ്ഡിത പ്രതിഭയായിരുന്ന ശുജായി മൊയ്തു മുസ്‌ലിയാര്‍ (1869 -1919) അവര്‍കളാണ് മലയാളത്തിന്റെ വളര്‍ച്ചയുടെ ഗതിക്കൊത്ത് അറബി മലയാളത്തെയും പരിഷ്‌കരിക്കാനുള്ള ശ്രമം ആദ്യമായി നടത്തിയത്. അദ്ദേഹത്തിന്റെ സഫലമാല, ഫൈളുല്‍ ഫയ്യാള്, ഫത്ഹുല്‍ ഫത്താഹ്, നഹ്ജുദ്ദഖാഇഖ് ഫീ ഇല്‍മില്‍ ഹഖാഇഖ് തുടങ്ങിയ ഗദ്യത്തിലും പദ്യത്തിലുമുള്ള ഗ്രന്ഥങ്ങള്‍ ഇതിനു സാക്ഷ്യങ്ങളാണ്. സത്യത്തിലേക്കും സദാചാരത്തിലേക്കും ആത്മീയതയിലേക്കും അനുവാചകരെ വഴി നടത്തുന്നതിനുതകുന്ന സഫലമാല, ഫൈളുല്‍ ഫയ്യാള് എന്ന ഗദ്യകൃതിയുടെ പദ്യാവിഷ്‌കാരമാണെന്നു പറയാവുന്നതാണ്.

തത്വചിന്തയുടെ ഗഹനതയും സൂഫി ആധ്യാത്മികതയുടെ പൊരുളുകളും വൈവിധ്യമാര്‍ന്ന ജ്ഞാനരത്‌നങ്ങളുമുള്‍ക്കൊള്ളുന്ന ഈ കൃതി ശുജായിയുടെ മാഗ്‌നം ഓപ്പസായി വിശേഷിപ്പിക്കാവുന്നതാണ്. മുമ്പു കാലത്ത് പാതിരാ മത പ്രസംഗകര്‍ സഫലമാലയില്‍ നിന്നുള്ള വരികള്‍ ഈണത്തില്‍ ചൊല്ലി അര്‍ഥം പറഞ്ഞ് വിശദീകരിച്ച് ജനങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കുമായിരുന്നു.

സഫലമാലയില്‍ തന്റെ കാവ്യ പ്രതിഭയില്‍ നിന്നു നിര്‍ഗമിച്ച് ഗുപ്തമായിക്കിടക്കുന്ന അര്‍ഥതലങ്ങള്‍ ഗ്രഹിക്കാനാവാത്തവര്‍ക്ക് ഈ മാലയുടെ പാരായണം വെറും പാഴ്‌വേലയായിരിക്കുമെന്ന് കവി തന്നെ പറയുന്നുണ്ട്, ‘ചൊല്ലിപ്പിരിന്തു തൈ സഫലമാല / സാരം ദരിക്കാദോര്‍ക്ക ഫലമാല’. അറബിമലയാളത്തെ മലയാളീകരിച്ചു സാമാന്യവല്‍കരിക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയതിനോടൊപ്പം തന്നെ അതിന്റെ അര്‍ഥ ഗാംഭീര്യം ചോര്‍ന്നു പോകാതിരിക്കാനും ശ്രദ്ധിച്ചിട്ടുമുണ്ട് ശുജായി എന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണ്. ശുജായിയുടെ ഫൈളുല്‍ ഫയ്യാള് ചരിത്ര ഗ്രന്ഥമാണ്. മനുഷ്യരാശിയുടെ ആദി പിതാവ് ഹസ്രത്ത് ആദം നബി (അ) തൊട്ട് അബ്ബാസി വംശ ഭരണാധികാരി മുതവക്കില്‍ അലല്ലാഹി (ക്രിസ്തുവര്‍ഷം 847-861) വരെയുള്ള ഇസ്‌ലാമിക ചരിത്രമുള്‍ക്കൊള്ളുന്ന ഈ ബൃഹദ് ഗ്രന്ഥം കേവലമൊരു ചരിത്ര ഗ്രന്ഥം എന്നതിലുപരി ചരിത്രത്തിന്റെ ദാര്‍ശനികമായ വിലയിരുത്തല്‍ കൂടിയാണ്. അറബി മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു രചന അപൂര്‍വമായ ഒന്നായിട്ടാണ് രംഗത്തിറങ്ങിയത്. 1887 ലാണ് ഇതിന്റെ രചന നടന്നത്. കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ ബ്രിട്ടീഷധിനിവേശത്തോടുള്ള അമര്‍ഷം അണപൊട്ടിയൊഴുകിക്കൊണ്ടിരുന്ന ചരിത്ര ദശാസന്ധിയില്‍ ഇത്തരമൊരു സമഗ്ര ഇസ്‌ലാം ചരിത്രത്തിന്റെ നിര്‍മ്മാണത്തിന് വൈജ്ഞാനികമായ പ്രാധാന്യമെന്നപോലെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യവുമുണ്ടായിരുന്നുവെന്നോര്‍ക്കണം.

ശുജായിയുടെ മറ്റൊരു ഇസ്‌ലാം ചരിത്ര ഗ്രന്ഥമാണ് ഫത്ഹുല്‍ ഫത്താഹ്. നാലു വോള്യത്തിലായുള്ള ഈ ബൃഹദ് ഗ്രന്ഥം 1909 ലാണ് എഴുതിത്തീര്‍ന്നത് . മനുഷ്യോല്‍പത്തി മുതല്‍ താന്‍ ജീവിച്ചിരുന്ന കാലഘട്ടം വരെയുള്ള മുസ്‌ലിം ലോക ചരിത്രം സമഗ്രമായി സമാഹരിച്ചു രേഖപ്പെടുത്തി ഗ്രന്ഥമാക്കുകയെന്ന മഹത്തായൊരു കാര്യമാണ് ശുജായി അവര്‍കള്‍ ഇതുവഴി ചെയ്തത്. മനുഷ്യ പിതാവ് ഹസ്രത്ത് ആദം നബിയുടെ ചരിത്രത്തില്‍ നിന്നു തുടങ്ങി തുര്‍ക്കിയിലെ ഉസ്മാനീ രാജാവ് അബ്ദുല്‍ഹമീദ് രണ്ടാമന്റെ (1842- 1918) ചരിത്രത്തില്‍ അവസാനിക്കുന്ന ഇത്തരമൊരു ഗ്രന്ഥം ലോകചരിത്ര സാഹിത്യത്തെ എത്രയാണ് സമ്പന്നമാക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ. ഏതൊരു കാലഘട്ടത്തിലെയും ഏതൊരു സമൂഹത്തിന്റെയും പുനരുദ്ധാരണത്തിനും പുനരുത്ഥാനത്തിനും ആ സമൂഹത്തെ തങ്ങളുടെ പൂര്‍വകാല ചരിത്രത്തെക്കുറിച്ച് അറിവും ബോധവുമുള്ളവരാക്കുകയെന്നത് പരമപ്രധാനമാണ്. ഈ ദൗത്യമാണ് ഇവിടത്തെ കൊളോണിയല്‍ ചരിത്രസന്ധിയില്‍ ശുജായി അവര്‍കള്‍ ഫത്ഹുല്‍ ഫത്താഹിന്റെ രചനയിലൂടെ നിര്‍വഹിച്ചതെന്നത് തന്റെ കാലഘട്ടത്തോടുള്ള പണ്ഡിത ധര്‍മ്മം സമര്‍ഥമായി നിറവേറ്റിയ വ്യക്തിയായി ശുജായിയെ നമുക്കു മനസ്സിലാക്കി തരുന്നതാണ്.

ശുജാഇയുടെ എടുത്തുപറയേണ്ട മറ്റൊരു അറബി മലയാള കൃതിയാണ് ‘നഹ്ജുദ്ദഖാഇഖ്’. 136 പുറം വരുന്ന നഹ്ജുദ്ദഖാഇഖ് ഫീ ഇല്‍മില്‍ ഹഖാഇഖ് (സത്യ സാരജ്ഞാനത്തിലൂടെയുള്ള സൂക്ഷ്മപാത) എന്ന കൃതിയുടെ ഉള്ളടക്കത്തെ കുറിച്ചറിയാന്‍ അതിന്റെ നാമകരണം തന്നെ മതി. സൂഫി ആധ്യാത്മിക വിഷയത്തിലെ മുഖ്യ കൃതികളായ ഇബ്‌നു അറബി(റ)യുടെ ഫുതൂഹാത്ത്, ജീലി (റ)യുടെ അല്‍ ഇന്‍സാനൂല്‍ കാമില്‍, ശഅറാനിയുടെ യവാഖീത്ത്, ഗസ്സാലി(റ)യുടെ ഇഹ്‌യ തുടങ്ങിയവയിലെ ആശയണുക്കള്‍ ഈ കൃതിയില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നത് കാണാം. ഇവയെല്ലാം തന്റെ കൃതിയുടെ രചനക്ക് ആധാരങ്ങളായിട്ടുള്ളത് ഗ്രന്ഥകര്‍ത്താവ് തന്നെ സൂചിപ്പിക്കുന്നുണ്ട്.

ശുജായിക്കും ഏറെ മുമ്പ് ജീവിച്ച രസികശിരോമണി കുഞ്ഞായിന്‍ മുസ്‌ലിയാരാണ് അറബി മലയാളത്തിലെ രചയിതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ മറ്റൊരു പഴയകാല സാഹിത്യ വ്യക്തിത്വം. അദ്ദേഹത്തിന്റെ ജനനം തലശ്ശേരിയായിരുന്നെങ്കിലും ഉയര്‍ന്നു പഠിച്ച് വളര്‍ന്നതും പ്രസിദ്ധിയാര്‍ജിച്ചതും പൊന്നാനിയില്‍ വച്ചായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രം പഠിച്ചവരില്‍ നിന്നറിയാന്‍ കഴിയുന്നത്. മുസ്‌ലിയാരുടെതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള സുപ്രധാന കൃതികളാണ് നൂല്‍ മദ്ഹും കപ്പപ്പാട്ടും. നൂല്‍ മദ്ഹ് ഒരു ഖണ്ഡകാവ്യമാണ്. 666 വരികളുള്ള അതിന്റെ ഉള്ളടക്കമത്രയും പ്രവാചക പ്രകീര്‍ത്തനമാണ്. അറബിയില്‍ സ്തുതികാവ്യത്തിന് ‘മദ്ഹ്’ എന്നു പറയും. അല്ലാഹുവിനും ജനങ്ങള്‍ക്കും ഇടയിലെ നൂല്‍ പാലമായതുകൊണ്ട് നബിയെ നൂല്‍ എന്നു വിളിച്ചതായിരിക്കാം. പ്രവാചകപുംഗവര്‍ മുഹമ്മദ് മുസ്ത്വഫ(സ)യോടുള്ള അളവറ്റ സ്‌നേഹത്താല്‍ പുളകിതനായ കവിയുടെ അകതാരില്‍ നിന്നുറവയെടുത്ത വാചാലമായ ഒരു പദ നിഷ്യന്ദമാണ് നൂല്‍ മദ്ഹ്.

കപ്പപ്പാട്ടാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ മാഗ്‌നം ഓപ്പസ്. 600 വരികളുള്ള ഈ ഖണ്ഡകാവ്യം തികച്ചും ദാര്‍ശനികമായതിനോടൊപ്പം അനുഭൂതി മാധുര്യമൂറുന്ന ഭാഷാപ്രയോഗങ്ങളാലും ഉപമാലങ്കാരങ്ങളാലും ആര്‍ക്കും ആസ്വാദ്യമായിട്ടാണുള്ളത്. മരണാനന്തര ശാശ്വത ജീവിതത്തിലേയ്ക്ക് മനുഷ്യനെ കരയടുപ്പിക്കുന്ന കപ്പലായിട്ടാണ് കവി ശരീരത്തെ ചിത്രീകരിക്കുന്നത്. ശരീരം കപ്പലും ആത്മാവ് യാത്രക്കാരനും. എത്ര ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം ഒരു വ്യക്തിക്ക് തന്റെ ജീവിത നൗകയെ അധര്‍മ്മം അലയടിക്കുന്ന ലൗകിക സാഗരത്തില്‍ കൂടി തുഴഞ്ഞ് ലക്ഷ്യസ്ഥാനത്തെത്തിക്കാനെന്നു ചിന്തിച്ചു നോക്കിയാല്‍ മനുഷ്യശരീരത്തെ കപ്പലിനോടുപമിച്ച കവിയുടെ ചിന്താ സാമര്‍ഥ്യവും ഭാവനാവിലാസവും മനസ്സിലാകും.

കപ്പപ്പാട്ടിന്റെ രചനയ്ക്ക് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പ്രേരിതനായതിനെക്കുറിച്ച് പലരും എഴുതിക്കാണുന്ന ഒരു സംഭവമുണ്ട് പൊന്നാനിയില്‍ പഠിക്കുന്ന കാലത്ത് ഉസ്താദ് അബ്ദുറഹ്മാന്‍ മഖ്ദൂമിന്റെ വീട്ടില്‍ രാത്രി ഭക്ഷണത്തിന് ചെന്ന കുഞ്ഞായിന്‍ മുസ്‌ലിയാരോട് മഖ്ദൂമിന്റെ നിഷ്‌കളങ്കയായ ഭാര്യ കിടക്കുമ്പോള്‍ ചൊല്ലാന്‍ എന്തെങ്കിലും പറഞ്ഞു തരണമെന്നാവശ്യപ്പെട്ടു. ‘ഏലെമാലെ’ എന്നാണു ചൊല്ലാന്‍ പറഞ്ഞുകൊടുത്തത്. നിഷ്‌കളങ്കയായ ആ സ്ത്രീ ഇതങ്ങു ചൊല്ലാന്‍ തുടങ്ങി. രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരിക്കല്‍ മഖ്ദും ഇത് ശ്രദ്ധിക്കാനിടയായി. കാര്യമന്വേഷിച്ച മഖ്ദൂമിന് ഭാര്യയില്‍ നിന്നും കിട്ടിയ മറുപടി അത് കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പറഞ്ഞുകൊടുത്തതാണെന്നായിരുന്നു. പിറ്റേ ദിവസം ഉസ്താദ് കുഞ്ഞായിന്‍ മുസ്‌ലിയാരോട് ചോദിച്ചുവത്രെ നീ മനുഷ്യനെ കപ്പലാക്കുകയാണോ എന്ന്. അങ്ങനെ മനുഷ്യനെ കപ്പലിനോടുപമിച്ച് കവിത എഴുതുകയായിരുന്നുവത്രെ മുസ്‌ലിയാര്‍.

അറബിയും പാഴ്‌സിയുമൊക്കെ മുല്ലാ നസ്‌റുദ്ദീനെയും ജുഹയെയുമൊക്കെ ഫലിത ലോകത്തിന് സംഭാവന ചെയ്തത് പോലെ അറബിമലയാളം ഫലിത ലോകത്തിന് സംഭാവന ചെയ്ത ഹാസ്യസമ്രാട്ടായും തത്വജ്ഞാനിയും മഹാ പണ്ഡിതനും കവിയുമായ ഈ കുഞ്ഞായിന്‍ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോള്‍ നാം വിസ്മയഭരിതരായിപ്പോകും. തന്റെ നര്‍മ്മ ശക്തികൊണ്ടു മാത്രം രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ക്ലേശത്തിലാക്കിയ ഒരു സമരം പൊളിച്ചത്രേ കുഞ്ഞായിന്‍ മുസ്‌ലിയാര്‍. നാട്ടില്‍ മുടിവെട്ട് തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കിയതായിരുന്നു സന്ദര്‍ഭം. ആളുകളുടെ ശിരസ്സുകള്‍ കേശഭാരം കൊണ്ട് കുനിയാന്‍ തുടങ്ങിയപ്പോള്‍ സാമൂതിരി രാജാവ് ഒരു പ്രതിവിധിക്ക് മഖ്ദൂമിന്റെ അടുത്തേക്ക് ദൂതന്മാരെ വിട്ടു. മഖ്ദൂം ചിന്താകുലനായിരിക്കുന്നതു കണ്ട കുഞ്ഞായിന്‍ മുസ്‌ലിയാര്‍ ഉസ്താദിനോട് കാരണം തിരക്കി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍ പ്രശ്‌നം താന്‍ കൈകാര്യം ചെയ്തു കൊള്ളാമെന്നേറ്റു. വിദേശങ്ങളിലേക്ക് മുടി കയറ്റി അയക്കുന്നുവെന്ന ശീര്‍ഷകത്തില്‍ മുസ്‌ലിയാര്‍ നാട്ടിലാകെ നോട്ടീസൊട്ടിച്ചതേയുള്ളൂ; ബാര്‍ബര്‍മാര്‍ വീടുവീടാന്തരം കയറി മുടിവെട്ടാനും മുണ്ഡനം ചെയ്യാനും തുടങ്ങി. കുന്നുകൂടിയ മുടി കയറ്റി അയക്കാന്‍ തിരക്കുകൂട്ടിയ ബാര്‍ബര്‍മാരോട് മുസ്‌ലിയാര്‍ കല്പിച്ചു: ‘ഇനി ആ കറുത്തതും വെളുത്തതും വേര്‍തിരിക്കുക, രണ്ടും രണ്ടായിട്ടു തന്നെ വേണം കയറ്റി അയക്കാന്‍’, പിന്നെ കഥ എന്തായി എന്നാവോ, സമരം പൊളിഞ്ഞുവെന്ന കാര്യം തീര്‍ച്ച.

നൂല്‍മദ്ഹ് പോലെ മുസ്‌ലിയാര്‍ രചിച്ച മറ്റൊരു കാവ്യകൃതിയാണ് നൂല്‍മാല. ഇത് ശൈഖ് ജീലാനിയുടെ വാഴ്ത്തുകളാണ്. ഇതിനെക്കുറിച്ച് പറയുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ വരുന്ന അറബി മലയാളത്തില്‍ തന്നെയുള്ള ഒരു വാഴ്ത്തു കൃതിയാണ് ഖാസി മുഹമ്മദ് രചിച്ച ശൈഖിനെ കുറിച്ചുള്ള മുഹിയുദ്ദീന്‍ മാല. രണ്ടും ശൈഖിന്റെ വാഴ്ത്തും ചരിതവുമാണെങ്കിലും മുഹിയുദ്ദീന്‍ മാല പോലെ പ്രചാരം നേടാന്‍ നൂല്‍മാലക്കായില്ല എന്നത് അതിന് കാവ്യഭംഗിയോ ശൈലിവിശേഷമോ അര്‍ഥ പുഷ്ടിയോ കുറഞ്ഞതു കൊണ്ടാവില്ല. മുഹിയുദ്ദീന്‍ മാല പോലെ ലളിതമോ ഗാനപരമോ അല്ല നൂല്‍മാല എന്നതിനാലായിരിക്കണം. ഏതാണ്ടൊരു തമിഴ് കാവ്യം പോലെ തോന്നിപ്പിക്കുന്ന തമിഴ് ബഹുലതയുണ്ട് നൂല്‍മാലയില്‍. നബി(സ)ക്കു ശേഷം അല്ലാഹുവുമായി ബന്ധിപ്പിക്കുന്ന നൂല്‍പ്പാലമാണ് ശൈഖെന്നതിനാലായിരിക്കണം നൂല്‍മദ്ഹിലെന്നതുപോലെ നൂല്‍മാലയിലും നൂല്‍ എന്നു പ്രയോഗിച്ചിരിക്കുന്നത്.

മേല്‍ സൂചിപ്പിച്ച രണ്ടു പണ്ഡിത കേസരികളും താന്താങ്ങളുടെ ജീവിത ചുറ്റുപാടിലെ ജനതകളെ സമുദ്ധരിക്കാന്‍ വേണ്ടി ഗ്രന്ഥരചന നടത്തിയവരെന്ന നിലക്ക് ഉദാഹരണങ്ങള്‍ മാത്രമാണ്. കൂടാതെ വിജ്ഞാനത്തിന്റെയും സാഹിത്യത്തിന്റെയും വിവിധ ശാഖകളിലായി അറബിമലയാളത്തില്‍ രചന നടത്തിയ നിരവധി പേരാല്‍ സമ്പന്നമായ ഒരു പൈതൃകമാണ് ഇവിടുത്തെ മാപ്പിളമാര്‍ക്കുള്ളത്. ഖുര്‍ആന്‍ തര്‍ജമകള്‍, ദിക്ര്‍ ദുആ എടുകള്‍, മാലകള്‍, മൗലിദ് തര്‍ജമകള്‍, പടപ്പാട്ടുകള്‍, വിശ്വാസ സംഹിതകള്‍, കര്‍മ്മശാസ്ത്ര വിധികള്‍, വൈദ്യ നിര്‍ദേശങ്ങള്‍, നബി ചരിതങ്ങള്‍, കഥകള്‍, കവിതകള്‍, നോവലുകള്‍, കല്യാണപാട്ടുകള്‍, നിഘണ്ടുകള്‍ തുടങ്ങി ഇവിടത്തെ മഹത്തുക്കളായ പണ്ഡിത ശ്രേഷ്ഠരും എഴുത്തുകാരും അറബി മലയാളത്തിലൂടെ സമര്‍പ്പിച്ചിട്ടുള്ള സാഹിത്യസംഭാവനകള്‍ നിരവധിയാണ്. പരേതരായ കെ. കെ. മുഹമ്മദ് അബ്ദുല്‍ കരീം സാഹിബും സി.എന്‍ അഹ്മദ് മൗലവിയും ചേര്‍ന്നു തയ്യാറാക്കി പ്രസിദ്ധം ചെയ്ത 624 പുറം വരുന്ന മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന ഗ്രന്ഥത്തില്‍ അവര്‍ക്ക് കിട്ടിയേടത്തോളം അറബിമലയാള കൃതികളെയും അവയുടെ കര്‍ത്താക്കളെയും പരിചയപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും പ്രസ്തുത ഗ്രന്ഥത്തിന്റെ അപര്യാപ്തത വിളിച്ചോതുന്ന പല പ്രമുഖരും അതിനു പുറത്തുള്ളതായി കാണാം. 60 പുറം വരുന്ന ഹജ്ജ് യാത്രാവിവരണം മാപ്പിളപ്പാട്ടുള്‍പ്പെടെ അനേകം കൃതികള്‍ രചിക്കുകയും കേരളത്തില്‍ അങ്ങുമിങ്ങോളം പരന്നുകിടക്കുന്ന മദ്രസകള്‍ക്ക് അറബി മലയാളത്തില്‍ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് മേല്‍ നോട്ടം വഹിക്കുകയും ചെയ്ത മഹാ പണ്ഡിതനും കവിയും എഴുത്തുകാരനുമായ മര്‍ഹൂം കെ ടി മാനു മുസ്‌ലിയാര്‍ പ്രസ്തുത ഗ്രന്ഥത്തില്‍ പെടാതെ പോയിരിക്കുന്നത് ഒരുദാഹരണം മാത്രം. ലോക ചരിത്രത്തില്‍ അറിയപ്പെടുന്ന ക്ലാസ്സിക്കായ ‘അല്‍ഫു ലൈലിന്‍ വ ലൈല’ എന്ന അറബിക്കഥകള്‍ മലയാളത്തില്‍ പ്രസിദ്ധീകൃതമാകുന്നതിന്റെ എത്രയോ മുമ്പ് അറബിമലയാളത്തില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. കറിയാടന്‍ കുഞ്ഞിമൂസ എന്നവരാണ് ആയിരത്തൊന്ന് രാവുകള്‍ എന്ന പേരില്‍ അറബി മലയാളത്തിലേക്ക് അത് പരിഭാഷപ്പെടുത്തിയത്. കൂടാതെ, അമീര്‍ ഹംസ, ഛാര്‍ ദര്‍വീശ്, അലാവുദ്ധീന്‍, ഖമറു മാന്‍, ശംസുസ്സമാന്‍, ഉമര്‍ അയ്യാര്‍, ഗുലെ ശിനാവര്‍ എന്നീ കഥകള്‍ അറബി മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അറബിയും പാഴ്‌സിയുമൊക്കെ മുല്ലാ നസ്‌റുദ്ദീനെയും ജുഹയെയുമൊക്കെ ഫലിത ലോകത്തിന് സംഭാവന ചെയ്തത് പോലെ അറബിമലയാളം ഫലിത ലോകത്തിന് സംഭാവന ചെയ്ത ഹാസ്യസമ്രാട്ടായും തത്വജ്ഞാനിയും മഹാ പണ്ഡിതനും കവിയുമായ ഈ കുഞ്ഞായിന്‍ പ്രത്യക്ഷപ്പെടുന്നതു കാണുമ്പോള്‍ നാം വിസ്മയഭരിതരായിപ്പോകും. തന്റെ നര്‍മ്മ ശക്തികൊണ്ടു മാത്രം രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം ക്ലേശത്തിലാക്കിയ ഒരു സമരം പൊളിച്ചത്രേ കുഞ്ഞായിന്‍ മുസ്‌ലിയാര്‍.

വൈദ്യ സംബന്ധമായ പല ഗ്രന്ഥങ്ങളും അറബിമലയാളത്തില്‍ മുമ്പേ ലഭ്യമായിരുന്നു. പൊന്നാനി മഖ്ദൂം തങ്ങളുടെ മകന്‍ കൊങ്ങണം വീട്ടില്‍ അഹ്മദ് എന്ന ബാവ മുസ്‌ലിയാര്‍ രചിച്ചതും 460 പുറമുള്ളതുമായ വൈദ്യസാരം തര്‍ജമ എന്ന വൈദ്യ ഗ്രന്ഥം ഈ ലേഖകന്റെ കൈവശമുണ്ട്. വിശുദ്ധ ഖുര്‍ആനിലെ وإذا مرضت فهو يشفين എന്ന വാക്യവും ما خلق الله من داء إلا وجعل له شفاء എന്ന നബി വാക്യവും ആ മുഖമായി ചേര്‍ത്തു കൊണ്ടാണ് പ്രസ്തുത ഗ്രന്ഥം ആരംഭിച്ചിരിക്കുന്നത്. അപ്രകാരം തന്നെ ഈ ലേഖകന്റെ കൈവശമുള്ള വളരെ ബൃഹത്തായ ഒരു അറബി മലയാള കയ്യെഴുത്ത് ഗ്രന്ഥമാണ് 920 പുറമുള്ള يقاظ الهمم في شرح الحكم അശ്ശെയ്ഖ് ഇബ്‌നു അത്വാഇല്ലാഹ് അല്‍ ഇസ്‌കന്ദറിയുടെ ‘അല്‍ ഹികം’ എന്ന കൃതിയുടെ അഗാധവും വിശദവുമായ വിവരണമാണിത്. ആത്മജ്ഞാനപരമായ തത്വോപദേശങ്ങളടങ്ങിയിട്ടുള്ള അല്‍ ഹികമിന്റെ ചില ഭാഗങ്ങള്‍ അടുത്തകാലത്ത് ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, വര്‍ഷങ്ങള്‍ക്കുമുമ്പ് ഗ്രന്ഥം മുഴുവനായും തര്‍ജമയും വിശദീകരണവും സഹിതം ഇത്രമാത്രം ദൈര്‍ഘ്യത്തില്‍ സ്വന്തം കൈപ്പടയില്‍ മനോഹരമായി ഒരാള്‍ എഴുതി സൂക്ഷിക്കുകയെന്നത് തികച്ചും വിസ്മയാവഹം തന്നെ.

നേരത്തെ പറഞ്ഞ വൈദ്യസാരം തര്‍ജമയുടെ കര്‍ത്താവ് അഹ്മദ് ബാവ മുസ്‌ലിയാരുടെ സഹോദരന്‍ കൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍ (1849-1905) അദ്വിതീയനായ ഒരു പണ്ഡിതനും സമുദായ പരിഷ്‌കരണ കുതുകിയായ ഒരു അറബിമലയാള ഗ്രന്ഥകാരനുമാണ്. അദ്ദേഹത്തെക്കുറിച്ച് ഈ ലേഖകന്റെ സുഹൃത്തും പണ്ഡിതനുമായ ആലുവ സ്വദേശി സമീര്‍ പി ഹസന്‍ നഈമി നഈമി രചിച്ച സ്വതന്ത്രകൃതിയില്‍ അദ്ദേഹത്തില്‍ നിന്നു വന്ന 38 കൃതികള്‍ എണ്ണി രേഖപ്പെടുത്തിയിട്ടുണ്ട്. അറബിയില്‍ അഗാധജ്ഞാനവും രചനാ വൈഭവവുമുള്ള ആളായിട്ടും ലളിതമായ അറബി മലയാളത്തിലാണദ്ദേഹം തന്റെ അധികകൃതികളും തയ്യാറാക്കിയിട്ടുള്ളതെന്നും സംസ്‌കൃതത മിഴ്പദങ്ങളുടെ ധാരാളിത്തം കൊണ്ട് സ്വന്തം വായനക്കാര്‍ക്ക് ക്ലേശകരമാക്കിത്തീര്‍ക്കുന്ന പതിവുള്ള അക്കാലത്തെ പല എഴുത്തുകാരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു അദ്ദേഹമെന്നുമുള്ള വസ്തുത ശമീര്‍ നഈമി തന്റെ കൃതിയില്‍ എടുത്തുപറയുന്നുണ്ട്. ‘ദ സീക്രട്ട് ഓഫ് ഇഫക്ഷന്‍ ഈസ് ഇന്‍ സിംപ്ലിസിറ്റി’ എന്ന് ഇംഗ്ലീഷില്‍ ഒരു മൊഴിയുണ്ട്. ഒരു സൃഷ്ടി ലളിതമായാലാണ് ഫലപ്രദമാവുകയെന്നര്‍ഥം. അതിനാല്‍ സമുദായ പരിഷ്‌കരണോദ്യമമുള്ളവര്‍ കാര്യങ്ങള്‍ ലളിതമായിട്ടായിരിക്കും എഴുതുകയും പറയുകയും ചെയ്യുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ ഇബ്രാഹിംകുട്ടി മുസ്‌ലിയാരുടെ അറബി മലയാള കൃതികളില്‍ അനുഭവപ്പെടുന്നതാണ്.

അറബി മലയാളത്തിലെ ഒട്ടേറെ പാട്ടുകള്‍ പടപ്പാട്ടുകളായതിന് സാഹചര്യ കാരണങ്ങള്‍ തന്നെയായിരിക്കും കണ്ടെത്താന്‍ കഴിയുക. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ട്, ഉഹുദ് പടപ്പാട്ട്, മലപ്പുറം പടപ്പാട്ട്, സലീഖത്ത് പടപ്പാട്ട്, ചേനുവായ് പരീക്കുട്ടിയുടെ ഫത്ഹുശ്ശാം പടപ്പാട്ട്, ചേറൂര്‍ സ്വദേശികളായ മമ്മദ് കുട്ടിയും മുഹ്‌യുദ്ദീനും ചേര്‍ന്നെഴുതിയ സാരസര്‍ഗുണ തിരുതരുള മാല എന്ന ചേറൂര്‍ പടപ്പാട്ട്, ഖാസിയാരകത്ത് കുഞ്ഞാവ സാഹിബിന്റെ ഫത്ഹുല്‍ ബഹ്‌നസ്, ഫത്ഹു കിസ്‌റാ വ ഖൈസര്‍, വലിയ ജിന്‍ പടപാട്ട്, ചെറിയ ജിന്‍ പടപ്പാട്ട്, ചാക്കീരി മൊയ്തീന്‍ കുട്ടി സാഹിബിന്റെ ഗസ്വതു ബദ്‌റിനില്‍ കുബ്‌റ, മുണ്ട ഉണ്ണി മമ്മദ് സാഹിബിന്റെ കര്‍ബല, കൊടികയറ്റം എന്നിവ ഉദാഹരണങ്ങള്‍. പോര്‍ച്ചുഗല്‍ അധിനിവേശ കാലം മുതല്‍ ഇന്ത്യ ബ്രിട്ടീഷധിനിവേ ശത്തില്‍ നിന്ന് സ്വതന്ത്രയാകുന്നതുവരെ പോരാട്ട കാല ഘട്ടങ്ങള്‍ തന്നെയായിരുന്നുവല്ലോ മാപ്പിളമാരെ സംബന്ധിച്ചിടത്തോളം. അതിനാല്‍ തങ്ങള്‍ക്കു തിരിയുന്ന ഭാഷയിലുള്ള സാഹിത്യ സൃഷ്ടികളിലൂടെ സമരോത്തേജനം കിട്ടിക്കൊണ്ടിരിക്കേണ്ടിയിരുന്നു അവര്‍ക്ക്. ചേറൂര്‍ പടപ്പാട്ടും ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്‌ലിയാരുടെ തര്‍കുല്‍ മുവാലാതും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്റെ തുഹ്ഫതുല്‍ മുജാഹിദീനിന് മൂസാന്‍ കുട്ടി മൗലവി തയ്യാറാക്കിയ പരിഭാഷയില്‍ നിന്ന് ജിഹാദിനെക്കുറിച്ച് പറയുന്ന ഭാഗവുമെല്ലാം ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടുകയോ സെന്‍സര്‍ ചെയ്ത് ഒഴിവാക്കുകയോ ചെയ്തതാണ് ചരിത്രം.

അറബികളുമായുള്ള കൂടിക്കലരല്‍ അനിവാര്യമാക്കിയതാണ് അറബിമലയാളത്തിന്റെ രൂപപ്പെടലിനെയെന്ന ചരിത്രവസ്തുത മുമ്പു പറയുകയുണ്ടായി. ഇരുവിഭാഗങ്ങള്‍ക്കുമിടയിലെ ബന്ധം കേവലം വാണിജ്യപരമോ വൈവാഹികമോ ആയിരുന്നില്ല, അതിലൂടെയെല്ലാം രുപം കൊണ്ട് ഒരു സാംസ്‌കാരിക കൈമാറ്റം കൂടി നടക്കുന്നുണ്ടായിരുന്നു ഇവിടെ. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തില്‍ നിന്ന് അസ്തിത്വം നേടിയ ഒരു സാംസ്‌കാരിക സ്വത്വം ആര്‍ജിച്ചെടുത്തു. ഇസ്‌ലാം മത സ്വീകരണം വഴി ഇവിടെ രൂപമാര്‍ജിച്ച മുസ്‌ലിം ജനത അവരുടെ സാംസ്‌കാരികജീവിതത്തിന്റെ ഭാഷയായിരുന്നു അറബിമലയാളം, ആ ഭാഷയിലുള്ള മൗലിക സംഭാവനകളുമായി ബന്ധപ്പെടുവാന്‍ ആ ഭാഷ ഇവിടെ നിലനിര്‍ത്തപ്പെടേണ്ടതുണ്ടായിരുന്നു. പക്ഷേ, ഇന്നിപ്പോള്‍ സമസ്തയുടെ മദ്രസകളിലെ പാഠപുസ്തകങ്ങളില്‍ കൂടി മാത്രം ജീവിക്കുന്ന ഒരവസ്ഥയിലാണ് പ്രസ്തുത ഭാഷ എത്തിനില്‍ക്കുന്നത്. മാപ്പിളമാരെ നിരക്ഷരര്‍ എന്ന വിശേഷണം ഒരിക്കലും ഒരു കാലത്തും ചേരാത്ത സാക്ഷര സമുദായമാക്കി നിര്‍ത്തിയതും കയ്യെഴുത്തുപ്രതികളോ പ്രിന്റഡ് കോപ്പികളോ ആയ ആയിരക്കണക്കിന് സൃഷ്ടികളാല്‍ സമ്പന്നമെന്ന് ചരിത്രകാരന്മാരാല്‍ വാഴ്ത്തപ്പെട്ടതുമായ അറബിമലയാളം ഇന്ന് ഒരു പുനരുജ്ജീവനത്തിന് പോലും പ്രസക്തി കല്പിക്കപ്പെടാത്ത ഭാഷയായി മാറിയിരിക്കുകയാണ്.

ആധാര ഗ്രന്ഥങ്ങള്‍

കെ കെ മുഹമ്മദ് അബ്ദുല്‍ കരീം & സി എന്‍ അഹ്മദ് മൗലവി,
മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. അല്‍ഹുദ ബുക്സ്റ്റാള്‍ കോഴിക്കോട്

പി കെ മുഹമ്മദ് കുഞ്ഞി, മുസ്‌ലീങ്ങളും കേരള സംസ്‌കാരവും. കേരള സാഹിത്യ അക്കാദമി, തൃശൂര്‍

ഡോ പി സക്കീര്‍ ഹുസൈന്‍, ശുജാഇ മൊയ്തു മുസ്‌ലിയാര്‍: ധിഷണ, സമരം, അതിജീവനം. ഐ. പി. ബി കോഴിക്കോട്

സമീര്‍ പി.ഹസന്‍ : കൊങ്ങണം വീട്ടില്‍ ഇബ്രാഹിം കുട്ടി മുസ്‌ലിയാര്‍

Total
0
Shares
Previous Article

റഹീം മേച്ചേരിയുടെ ഫീച്ചറും എന്റെ നൈസാം കാഴ്‌ചകളും

Next Article

ജെന്‍ഡര്‍ റോള്‍; ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ രീതിശാസ്ത്രം

Related Posts
Total
0
Share