മുസ്ലിം സ്ത്രീക്ക് നിരവധി അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെടുന്നു എന്ന വ്യാപകമായ പ്രചരണങ്ങള്‍ക്കിടയിലാണ് ജെന്‍ഡര്‍ റോളുകള്‍ ചര്‍ച്ചയാകുന്നത്. മതത്തിനുള്ളിലെ സ്ത്രീ പരിമിതികള്‍ക്കകത്ത് ആണെന്നും പരിധിയും പരിമിതിയുമില്ലാത്ത സ്വാതന്ത്ര്യവും അവസരവും നല്‍കപ്പെടുമ്പോള്‍ മാത്രമാണ് സ്ത്രീയുടെ അവകാശ സംരക്ഷണം പൂര്‍ത്തിയാകുന്നതെന്നുമുള്ള ചിന്തയാണ് ആധുനിക ലിബറല്‍ ഫെമിനിസ്റ്റ് പുരോഗമനവാദികള്‍ മുന്നോട്ടുവെക്കുന്നത്. സമൂഹത്തില്‍ സ്ത്രീകള്‍ നിരവധി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതിന് പ്രാദേശികവും സാമൂഹ്യപരവും ചരിത്രപരവുമായ നിരവധി കാരണങ്ങളുമുണ്ട്. ഈ പ്രശ്‌നത്തെ പരിഹരിക്കാനെന്ന വ്യാജേനയാണ് തികച്ചും വൈകാരികവും വ്യക്ത്യാധിഷ്ഠിതവുമായ പുരോഗമന കാഴ്ചപ്പാടുകള്‍ സമൂഹത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. സ്ത്രീയായി എന്നതിന്റെ പേരില്‍ ഒരവകാശവും അവസരവും ഒരാള്‍ക്കും നിഷേധിക്കപ്പെടരുത് എന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. പക്ഷേ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരം സ്ത്രീത്വം എന്ന സൃഷ്ടിപരമായ വ്യത്യസ്തതയെ ഒഴിവാക്കി പൂര്‍ണ്ണമായ ലിംഗസമത്വം നടപ്പിലാക്കലാണെന്ന പുരോഗമന നാട്യക്കാരുടെ വാദം അബദ്ധവും വസ്തുതയെ നിരാകരിക്കലുമാണ്.
മനുഷ്യനെ അല്ലാഹു ഭൂമിയിലേക്ക് സൃഷ്ടിച്ചത് അവന്റെ പ്രതിനിധിയായിട്ടാണ് . അഥവാ അല്ലാഹുവിന്റെ തീരുമാനങ്ങളും നിര്‍ദേശങ്ങളും ഭൂമിയില്‍ നടപ്പിലാക്കാന്‍ നിയോഗിക്കപ്പെട്ട അവന്റെ അടിമകളാണ് മനുഷ്യര്‍. ഈ അടിമത്വത്തെ സ്വീകരിക്കുന്നവരാണ് മുസ്ലിംകള്‍. അതുകൊണ്ടുതന്നെ ശരിഅത്തിന്റെ ഓരോ നിയമങ്ങളെയും വിവക്ഷകളെയും അടിമത്ത ബോധത്തോടെ ഉള്‍ക്കൊള്ളാന്‍ ഓരോ മുസ്ലിമും സന്നദ്ധമായിരിക്കും. മനുഷ്യര്‍ക്കിടയില്‍ വിവിധ വൈവിധ്യങ്ങളിലൂടെയാണ് അല്ലാഹു സൃഷ്ടിപരിപാലനം നടത്തുന്നത് . അല്ലാഹുവിന്റെ പ്രതിനിധികളായി അന്ത്യനാള്‍ വരെ ഈ ഭൂമിയില്‍ ജീവിക്കേണ്ടവരാണ് മനുഷ്യരെന്ന നിലക്ക്, മനുഷ്യവംശം ഗുണകരമായി നിലനില്‍ക്കാന്‍ ആവശ്യമായ നിയമ നിര്‍മ്മാണങ്ങളെല്ലാം ഇസ്ലാമില്‍ കാണാന്‍ സാധ്യമാകും. എല്ലാ ജീവികളിലുമെന്നപോലെ മനുഷ്യരെയും സ്ത്രീ-പുരുഷന്‍ എന്ന ലൈംഗിക ബൈനറിയിലാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അല്ലാഹു പറയുന്നു: ”ഹേ മനുഷ്യരേ, ഒരേയൊരു വ്യക്തിയില്‍ നിന്നും നിങ്ങളെ പടക്കുകയും അതില്‍ നിന്നു തന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവരിരുവരില്‍ നിന്നുമായി ഒട്ടേറെ സ്ത്രീപുരുഷന്മാരെ വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍(4:1).
ഈ വൈവിധ്യത്തെ വിരോധമായോ വിഭാഗിയതയായോ ഇസ്ലാം കാണുന്നില്ല. മനുഷ്യര്‍ക്കിടയിലുള്ള വ്യത്യസ്തതകളെല്ലാം ഈ ഭൂമിയില്‍ മനുഷ്യന്റെ ദൗത്യ നിര്‍വഹണത്തിന് സഹായകമാകുന്ന ചില ഘടകങ്ങള്‍ മാത്രമാണ്. ലിംഗപരമായും വര്‍ഗപരമായും മറ്റുമെല്ലാം നിലനില്‍ക്കുന്ന എല്ലാ വ്യത്യസ്തതകളും മനുഷ്യരെ രണ്ട് തട്ടുകളിലാക്കുന്ന കാഴ്ചപ്പാടല്ല ഇസ്ലാമിലുള്ളത്. മനുഷ്യന്റെ ദൗത്യ നിര്‍വഹണത്തിന് സഹായകമാകുന്ന കാര്യങ്ങള്‍ മാത്രമാണ് അവ. ഖുര്‍ആന്‍ പറയുന്നു: ‘ഹേ മര്‍ത്യകുലമേ, ഒരാണില്‍ നിന്നും പെണ്ണില്‍ നിന്നുമാണ് നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നത്. പരസ്പരം മനസ്സിലാക്കുവാന്‍ നിങ്ങളെ നാം വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കി. അല്ലാഹുവിങ്കല്‍ നിങ്ങളിലെ അത്യാദരണിയന്‍ ഏറ്റം ധര്‍മ്മിഷ്ഠനത്രേ (49:13). മതപരമായും സാമൂഹ്യപരമായും മനുഷ്യര്‍ക്കിടയില്‍ ഉത്തമരെ നിശ്ചയിക്കുന്നത് അവരുടെ മതബോധത്തിന്റെയും ധര്‍മ്മ നിഷ്ഠയുടെയും അടിസ്ഥാനത്തിലാണ്. ആ സല്‍ഗുണങ്ങള്‍ ഐച്ഛികവുമാണ്. ഐച്ഛികമായ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണല്ലോ മനുഷ്യര്‍ക്കിടയില്‍ നന്മയും തിന്മയും നിര്‍ണ്ണയിക്കാനാവുകയുള്ളു.
ഇസ്ലാമില്‍ മതപരമായും സാമൂഹ്യപരമായും മനുഷ്യരുടെ ശ്രേഷ്ഠതയുടെ നിദാനമായി കണക്കാക്കപ്പെടുന്നത്, അവര്‍ക്ക് ഒരിക്കലും ഐച്ഛിക സ്വാതന്ത്ര്യമില്ലാത്ത സൃഷ്ടിപരമായ ലിംഗപരമായ പ്രത്യേകതകളല്ല. ലിംഗപരമായ വ്യത്യസ്തതകള്‍ ഒരു മനുഷ്യനെ മറ്റൊരാളെക്കാള്‍ ഗുണമേന്മയുള്ളവനാക്കുന്നുമില്ല. അതുകൊണ്ടാണ് ഇസ്ലാമില്‍ ആണ്‍കോയ്മയോ പെണ്‍കോയ്മയോ ഇല്ല എന്നു പറയുന്നത്. ഇസ്ലാം ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നത് മനുഷ്യന്‍/അടിമ എന്ന തലത്തിലാണ്. ആണ്‍, പെണ്‍ എന്ന ബൈനറിയെ മുന്‍നിര്‍ത്തിയുള്ള നിയമ നിര്‍ദേശങ്ങളല്ല ഇസ്ലാം മുന്നോട്ടു വെക്കുന്നത്. ഒരാള്‍ ആണായി പിറക്കുന്നുവെന്നത് ഐശ്വര്യവും പെണ്ണായി പിറക്കുന്നത് നിരാശയുമാകുന്ന മനോഗതിയല്ല ഇസ്ലാം വച്ചുപുലര്‍ത്തുന്നത്. ആണിന്റെയും പെണ്ണിന്റെയും അവകാശങ്ങളെ കുറിച്ചും കടമകളെ കുറിച്ചും സംസാരിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. കാരണം ഭൂമിയില്‍ വ്യത്യസ്തങ്ങളായ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ടവരാണ് അവരെല്ലാം. സ്ത്രീകള്‍ക്ക് ബാധ്യതകള്‍ ഉള്ളതുപോലെതന്നെ ന്യായമായ അവകാശങ്ങളുമുണ്ട് ‘(2:228) എന്നതാണ് ഖുര്‍ആനികാധ്യാപനം. പുരുഷന് കൂടുതല്‍ മേല്‍ക്കോയ്മ ലഭിക്കുന്ന അധികാര വ്യവസ്ഥയാണ് ഇസ്‌ലാമിലുള്ളത് എന്നത് തെറ്റായ വ്യാഖ്യാനമാണ്. സ്ത്രീയുടെ അവകാശങ്ങളെയും സ്ത്രീയെ തന്നെയും സംരക്ഷിക്കാനുള്ള സുരക്ഷയുടെ ഘടനയാണ് ഇസ്ലാമില്‍ സംവിധാനിക്കപ്പെട്ടിട്ടുള്ളത്. ഭരണ സൗകര്യത്തിനു വേണ്ടി രാഷ്ട്ര സംവിധാനത്തിലും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമെല്ലാം സ്വാഭാവികമായും നടപ്പിലാക്കപ്പെടാറുള്ള ചുമതലകളുടെ വിന്യാസം മാത്രമാണ് ഭൂമിയില്‍ തന്റെ പ്രതിനിധികളായി നിയോഗിക്കപ്പെട്ട മനുഷ്യര്‍ക്കിടയില്‍ അല്ലാഹു നിര്‍വഹിച്ചിട്ടുള്ളത്. പുരുഷനും സ്ത്രീയും തമ്മിലുള്ള സഹജമായ വ്യത്യാസങ്ങളും അതിനനുസൃതമായി ഇരു വിഭാഗവും പ്രകടിപ്പിക്കുന്ന സ്വഭാവ വൈവിധ്യങ്ങളും അതിനെ തുടര്‍ന്നു വരുന്ന മറ്റു കാര്യങ്ങളെയുമെല്ലാം പരിഗണിച്ചുകൊണ്ട് സ്ത്രീയും പുരുഷനും പരസ്പരം കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ സമൂഹ നിര്‍മ്മാണത്തില്‍ ഏറ്റെടുക്കേണ്ട വ്യത്യസ്ത ചുമതലകളെ കുറിച്ചുള്ള ബോധ്യപ്പെടുത്തലാണ് ഇസ്ലാമിക നിയമനിര്‍മ്മാണത്തില്‍ കാണാന്‍ കഴിയുക.
മതപരമായും സാമൂഹ്യപരമായും മനുഷ്യര്‍ക്കിടയില്‍ ഉത്തമരെ നിശ്ചയിക്കുന്നത് അവരുടെ മതബോധത്തിന്റെയും ധര്‍മ്മ നിഷ്ഠയുടെയും അടിസ്ഥാനത്തിലാണ്. ആ സല്‍ഗുണങ്ങള്‍ ഐച്ഛികവുമാണ്. ഐച്ഛികമായ കാര്യങ്ങളെ മുന്‍നിര്‍ത്തിയാണല്ലോ മനുഷ്യര്‍ക്കിടയില്‍ നന്മയും തിന്മയും നിര്‍ണ്ണയിക്കാനാവുകയുള്ളു.
സ്ത്രീയെക്കുറിച്ചും പുരുഷനെക്കുറിച്ചും ഇസ്ലാമിന്റെ അടിസ്ഥാന സങ്കല്പങ്ങള്‍ എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയതിനു ശേഷം മാത്രമാകണം ഇസ്ലാമിന്റെ നിയമങ്ങളെയും നിയമനിര്‍മ്മാണ രീതികളെയും സമീപിക്കേണ്ടത്. അല്ലാഹുവിന്റെ സവിശേഷ സൃഷ്ടിയാണെന്ന നിലക്കും അവന്റെ അടിമയാണെന്ന നിലക്കും സ്ത്രീയും പുരുഷനും ഇസ്ലാമില്‍ തുല്യപദവി അലങ്കരിക്കുന്നവരാണ്. സ്ത്രീയും പുരുഷനും ഒരേ ആത്മാവില്‍ നിന്നും സൃഷ്ടിക്കപ്പെട്ട വ്യത്യസ്തമായ ചുമതലകള്‍ വഹിക്കുന്നവരാണെന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വ്യത്യസ്ത ചുമതലകളുണ്ടെന്നതോടൊപ്പം തന്നെ രണ്ടുപേരുടെയും ചുമതലകള്‍ കൂടിച്ചേരുമ്പോള്‍ മാത്രം പൂര്‍ണ്ണത കൈവരുന്ന ചില ഉത്തരവാദിത്വങ്ങള്‍ കൂടിയുണ്ട്. അവിടെ സ്ത്രീയും പുരുഷനും പാരസ്പര്യത്തില്‍ ജീവിക്കേണ്ടവര്‍ കൂടിയായി മാറുന്നു.

ഉദാഹരണമായി മനുഷ്യവംശത്തിന്റെ ആത്യന്തികമായ നിലനില്പിന് ഇസ്ലാം വിവാഹത്തെ നിയമമാക്കുന്നുണ്ട്. വിവാഹം, കുടുംബം തുടങ്ങിയ സമൂഹത്തിലെ അടിസ്ഥാന യൂണിറ്റുകളില്‍ മനുഷ്യജീവിതത്തിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ സ്ത്രീപുരുഷബന്ധത്തില്‍ പരസ്പര സ്‌നേഹവും കരുണയും ആര്‍ദ്രതയും വാത്സല്യവുമെല്ലാം നിലനില്‍ക്കണം. വിവാഹത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നിടത്തും ഈ സന്ദേശം കൈമാറുന്നുണ്ട്. കേവലം ലൈംഗികമായ വൈകാരിക താല്‍പര്യങ്ങള്‍ക്ക് ശമനം കണ്ടെത്തുക എന്നതല്ല വിവാഹം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മനുഷ്യവംശത്തിന്റെ നിലനില്പ് തന്നെയാണ് അതിന്റെ ആധാരം. അതുകൊണ്ടാണ് പരസ്പരം ഒത്തുചേരേണ്ട സ്ത്രീ പുരുഷ ബന്ധത്തെയും അവര്‍ക്കിടയില്‍ രൂപപ്പെട്ടുവരുന്ന സ്‌നേഹ വാത്സല്യങ്ങളെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളായി പരിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. ‘നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് ‘(30:21).
പുരുഷന്‍ സ്ത്രീ എന്ന ലൈംഗിക ബൈനറികള്‍ നോക്കിയല്ല ഇസ്ലാമിക നിയമങ്ങള്‍ അനുസരിക്കാനുള്ള ഉത്തരവാദിത്വം ഓരോ മുസ്ലിമിലും വന്നുചേരുന്നത്. മറിച്ച് താന്‍ അല്ലാഹുവിന്റെ അടിമയാണ്, അനുസരണ ശീലമുള്ളവനാണ് എന്ന വിധേയത്വത്തിന്റെ സൃഷ്ടി ബോധമാണ് ഇസ്ലാമിക നിയമങ്ങള്‍ അനുഷ്ഠിക്കാന്‍ ഓരോരുത്തരും ബാധ്യതപ്പെടുന്നതിന്റെ കേന്ദ്രബിന്ദു. അല്ലാഹുവിന്റെ അടിമ എന്ന സംജ്ഞക്കകത്ത് സ്ത്രീ-പുരുഷ വേര്‍തിരിവുകളില്ല. ഇസ്ലാമിക നിയമങ്ങള്‍ പുരുഷന് നിര്‍ബന്ധമാകാനുള്ള കാരണം ഏതാണോ അതേ കാരണം തന്നെയാണ് സ്ത്രീക്കും ഇസ്ലാമിക നിയമങ്ങള്‍ ബാധകമാകാനുള്ളത്. ഇരുവരും അല്ലാഹുവിന്റെ അടിമയാകുന്നു എന്ന ഒറ്റ കാരണമാണ് അതിനുള്ളത്. ഇസ്ലാമിക നിയമബാധ്യതകളെ പരിചയപ്പെടുത്താന്‍ അടിമകള്‍ എന്ന പ്രയോഗമാണ് വിശുദ്ധ ഖുര്‍ആനും സുന്നത്തും ഉപയോഗിക്കുന്നത്. എന്നാല്‍ മനുഷ്യ ജീവിതത്തിലെ വിവിധ വ്യവഹാരങ്ങള്‍ സന്തുലിതമായി നടപ്പാക്കാന്‍ വേണ്ടി ചില പൊതു മസ്വ്‌ലഹത്തുകളെ ഇസ്ലാം സ്വീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്വമല്ല ഇസ്ലാം നല്‍കിയിട്ടുള്ളത്. ഭരണാധികാരികള്‍ക്കുള്ള ഉത്തരവാദിത്വങ്ങളും ബാധ്യതകളുമല്ല ഭരണിയര്‍ക്കുള്ളത്. എല്ലാ ഉത്തരവാദിത്വങ്ങളും എല്ലാവരും നിര്‍വഹിക്കണം എന്നു വന്നാല്‍ സാമൂഹ്യമായ പല സന്തുലിതാവസ്ഥകളും തകരുകയും നാട്ടില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുകയും ചെയ്യും.
ആ നിലക്കാണ് പുരുഷന് സ്ത്രീകള്‍ക്ക് ഇല്ലാത്ത ചില ഉത്തരവാദിത്വങ്ങള്‍ നല്‍കുകയും, സ്ത്രീകള്‍ക്ക് പുരുഷനില്ലാത്ത മറ്റു ഉത്തരവാദിത്വങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തത്.
ഒരു രാഷ്ട്രത്തിലും സ്ഥാപനത്തിലുമൊക്കെ ഉത്തരവാദിത്വങ്ങള്‍ വിഭജിച്ചു നല്‍കുന്നത് ആ സംവിധാനങ്ങള്‍ വ്യവസ്ഥാപിതമായും സന്തുലിതമായും നിലനിന്നു പോകാനാണ്. രാഷ്ട്രത്തിനകത്ത് പൗരന്മാര്‍ എന്ന നിലക്ക് എല്ലാവരും സമന്മാരാണ്. സ്ഥാപനത്തിനകത്ത് ജോലിക്കാര്‍ എന്ന നിലക്ക് എല്ലാവരും സമന്മാരാണ്. പക്ഷേ ചില വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ വേണ്ടി ഉത്തരവാദിത്വങ്ങളിലുള്ള വിഭജനം ഇവിടെയെല്ലാം നടക്കാറുണ്ട്. അതുകൊണ്ടുതന്നെ ആ ഉത്തരവാദിത്വങ്ങളെ തുടര്‍ന്നുവരുന്ന നിയമങ്ങള്‍ ഓരോ ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടവര്‍ക്കു മാത്രം ബാധകമായിരിക്കുമല്ലോ?. ഈ രീതിയില്‍ പരിശോധിച്ചാല്‍ ഇസ്ലാമില്‍ പുരുഷന് നല്‍കപ്പെട്ട ഉത്തരവാദിത്വങ്ങളെ തുടര്‍ന്നു വരുന്ന നിയമങ്ങള്‍ ആ ഉത്തരവാദിത്വങ്ങളെ പരിഗണിച്ചുകൊണ്ടുള്ളതായിരിക്കും. സാമ്പത്തിക ചുമതലകള്‍ നിര്‍വഹിക്കേണ്ടതും വീട്, ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ തനിക്കും തന്റെ ആശ്രിതര്‍ക്കും കണ്ടത്തേണ്ടതും പുരുഷന്റെ ഉത്തരവാദിത്വമാണ്. കാരണം കൂടുതല്‍ ശാരീരികക്ഷമത ആവശ്യമുള്ള കാര്യങ്ങളാണ് അതെല്ലാം. അതിനനുസരിച്ച പ്രകൃതിയിലാണ് പുരുഷന്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. സാമ്പത്തികവും ശാരീരികക്ഷമത കൂടുതല്‍ ആവശ്യമുള്ളതുമായ വ്യവഹാരങ്ങള്‍ പുരുഷന്റെ നിര്‍ബന്ധിത ബാധ്യതയാകുന്നതോടൊപ്പം തന്നെ തന്റെ ആശ്രിതരായ സ്ത്രീകളുടെയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംരക്ഷണ ചുമതലയും അവനെ ഇസ്ലാം ഏല്പിക്കുന്നു. ഒരാളുടെ സംരക്ഷണത്തില്‍ കഴിയുക എന്നത് ന്യൂനതയൊന്നുമല്ലല്ലോ. നമ്മളെല്ലാവരും സ്റ്റേറ്റിന്റെ സംരക്ഷണത്തിലാണ്. വിദ്യാര്‍ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനത്തിന്റെ സംരക്ഷണത്തിലാണ്. വ്യക്തികളും വാഹനങ്ങളുമൊക്കെ ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സംരക്ഷണത്തിലാണ്. ഇതൊന്നും ഒരു ന്യൂനതയായി ആരും കാണാറില്ല. സംരക്ഷണത്തില്‍ കഴിയുകയെന്നത് സുരക്ഷിതത്വബോധം നല്‍കുന്ന കാര്യമാണ്. അതോടൊപ്പം ഈ ആശ്രിതരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതോപാധികള്‍ പുരുഷനില്‍ നിന്നും ലഭിക്കല്‍ അവരുടെ അവകാശമായാണ് ഇസ്ലാം പരിചയപ്പെടുത്തുന്നത്. അത് പുരുഷന്റെ ഔദാര്യമല്ല. അവകാശമായി ലഭിക്കുന്ന ഇത്തരം കാര്യങ്ങളെ അഭിമാനമായാണല്ലോ നമ്മള്‍ പൊതുവെ കാണാറുള്ളത്. സ്റ്റേറ്റിന്റെ സംരക്ഷണത്തില്‍ കഴിയുമ്പോള്‍ സ്റ്റേറ്റില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സംവരണമടക്കമുള്ള പല ആനുകൂല്യങ്ങളും ഔദാര്യമായല്ല അവകാശമായാണ് നമ്മള്‍ കാണാറുള്ളത്. ഒരു സമൂഹത്തിന്റെ സുരക്ഷിതവും സന്തുലിതവുമായ നിലനില്പിനു വേണ്ടിയാണ് ഇത്തരം ക്രമീകരണങ്ങളും ഉത്തരവാദിത്വ വിഭജനങ്ങളുമൊക്കെ നമ്മുടെ സമൂഹത്തില്‍ നടക്കുന്നത്. ഇങ്ങനെ സാമ്പത്തികമായ ചുമതലകള്‍ പുരുഷന് നല്‍കപ്പെട്ടതു കൊണ്ടാണ് അനന്തരാവകാശം ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ പുരുഷന് ചില ഘട്ടങ്ങളില്‍ സ്ത്രീയേക്കാള്‍ കൂടുതല്‍ ധനം ലഭിക്കുന്നത്. കാരണം സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കാര്യമായ സാമ്പത്തിക ബാധ്യതയൊന്നും വരുന്നില്ല. ഇതുപോലെ തന്നെ ജുമുഅയില്‍ പങ്കെടുക്കലും സൈനിക പോരാട്ടങ്ങളുടെ ഭാഗമാകലും ഇസ്ലാമിക രാഷ്ട്ര സംവിധാനത്തില്‍ അധികാരം കയ്യാളലുമെല്ലാം പുരുഷന് മാത്രമാണ് നിയമമാക്കപ്പെട്ടത്. ഓരോരുത്തരുടെയും ജനിതക പ്രത്യേകതക ള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള നിയമനിര്‍മ്മാണങ്ങളാണ് ഇസ്ലാം നടത്തിയത്. അതു കൊണ്ടുതന്നെയാണ് ഇസ്ലാമിനെ പ്രകൃതി മതമെന്ന് വിശേഷിപ്പിക്കപ്പെടുന്നതും. ഈ പ്രകൃതി നീതിയെ പരിഗണിച്ചതു കൊണ്ടാണ് ചില മത നിയമനിര്‍മ്മാണങ്ങളില്‍ നിന്ന് സ്ത്രീക്ക് ഇളവ് നല്‍കിയത്. കൂടുതല്‍ ശാരീരിക ക്ഷമത ചെലവഴിക്കേണ്ടി വരുന്ന അല്ലെങ്കില്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പല ചുമതലകളും, സ്ത്രീകള്‍ അത് ഏറ്റെടുക്കേണ്ടതില്ല എന്ന മട്ടില്‍ അവര്‍ക്ക് ഇസ്ലാം ഇളവ് ചെയ്ത് കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. പൊതുവെ ശാരീരിക ക്ഷമത കൂടുതലുള്ള പുരുഷനെയാണ് അത്തരം ചുമതലകള്‍ ഏല്പിച്ചിട്ടുള്ളത്.
ഇതൊന്നും സ്ത്രീ നിര്‍വഹിക്കേണ്ടതില്ല എന്നതിനര്‍ഥം സ്ത്രീയെ രണ്ടാം തരക്കാരിയായി കണക്കാക്കുന്നു എന്നല്ല. സ്ത്രീക്കും പുരുഷനും ചുമതലകള്‍ വര്‍ഗീകരിച്ചു കൊടുത്തു എന്നു മാത്രമേ അര്‍ഥമാക്കേണ്ടതുള്ളൂ. പ്രകൃതിപരമായി ചില പരിമിതികള്‍ സ്വാഭാവികമായും സ്ത്രീകള്‍ക്കുണ്ട്. ആ പരിമിതികള്‍ക്കകത്തു നിന്ന് സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ കാര്യക്ഷമതയോടു കൂടി ചെയ്തുതീര്‍ക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. ഗര്‍ഭധാരണവും ആര്‍ത്തവ വേദനയും ശാരീരിക ബലക്കുറവുമെല്ലാം പ്രകൃതിയാലുള്ള പ്രത്യേകതകളാണ്. ഈ പരിമിതികളെ കണ്ണടച്ച് ഇരുട്ടാക്കി സമത്വവാദത്തിന്റെ പേരില്‍ നിയമനിര്‍മ്മാണങ്ങള്‍ നടത്തി അവരെ ബുദ്ധിമുട്ടിക്കുന്നത് അതിക്രൂരമാണ്. അതുകൊണ്ടാണ് അധികാരം പോലെയുള്ള മാനസിക സംഘര്‍ഷം നേരിടേണ്ടിവരുന്ന ചുമതലകള്‍ നല്‍കി അവരെ പ്രയാസപ്പെടുത്തരുതെന്ന് ഇസ്ലാം അനുശാസിക്കുന്നത്.
എന്നാല്‍ ആധുനിക ലോകവീക്ഷണ പ്രകാരം അധികാരത്തെ പ്രൊഫഷണലായ തൊഴിലിടമായാണ് പരിഗണിക്കപ്പെടുന്നത്. അധികാരം ഒരു പ്രിവിലേജായി കണക്കാക്കപ്പെടുന്ന മനോഗതി നിലനില്‍ക്കുന്നതു കൊണ്ടാണ് സ്ത്രീകള്‍ക്ക് എന്തുകൊണ്ട് അധികാരം നല്‍കപ്പെട്ടിട്ടില്ല എന്ന ചോദ്യം ഉന്നയിക്കപ്പെടുന്നത്. എന്നാല്‍ ഇസ്ലാം അധികാരത്തെ കാണുന്നത് തൊഴിലായിട്ടല്ല. അതൊരു അമാനത്തായിട്ടാണ്. അന്ത്യ നാളില്‍ വലിയ ഭാരമായി അനുഭവപ്പെടുന്ന ഉത്തരവാദിത്വമാണത്. അവരുടെ അധികാരപരിധിയില്‍ കൃത്യവിലോപം കാണിച്ചതിനെതിരെ അന്ത്യനാളില്‍ ചോദിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടല്‍ വലിയ പ്രയാസമായിരിക്കും. അങ്ങനെ ഉയര്‍ന്ന ശാരീരികക്ഷമതയും മാനസികക്ഷമതയും വച്ചുപുലര്‍ത്തേണ്ട ഉത്തരവാദിത്വങ്ങള്‍ പ്രകൃതിപരമായ പരിമിതികള്‍ നിലനില്‍ക്കുന്ന സ്ത്രീകളെ ഏല്പിക്കുക എന്നത് നീതിബോധം ഉയര്‍ത്തിപ്പിടിക്കുന്ന മതകീയ പരിസരത്ത് സാധ്യമാകില്ല.
സ്ത്രീയുടെ നിയമങ്ങളുടെ കാര്യത്തില്‍ മാത്രമല്ല പുരുഷന്റെ നിയമങ്ങളിലും മറ്റെല്ലാ നിയമങ്ങളിലും ഇസ്ലാമിക ലോകവീക്ഷണത്തിന്റെ അടിസ്ഥാനം മനസ്സിലാക്കിയതിനുശേഷമായിരിക്കണം ഇത്തരം വിശകലനങ്ങള്‍ നടത്തേണ്ടത്. ഇസ്ലാമിക നിയമ നിര്‍ധാരണത്തിന്റെ നിദാനവും നിയമങ്ങളുടെ സാകല്യവും ഉള്‍ക്കൊള്ളാതെ അതിന്റെ ഏതെങ്കിലും നിശ്ചിത ഭാഗങ്ങള്‍ മാത്രം ചെറി പിക്കിങ് നടത്തി വിമര്‍ശിക്കല്‍ നീതികരിക്കാവുന്ന നിരൂപണമല്ല.
സ്ത്രീകള്‍ക്ക് നല്‍കപ്പെട്ട ഉത്തരവാദിത്വങ്ങളെ തുടര്‍ന്നുവരുന്ന നിയമങ്ങളാണ് അവരുടെ ചുമതലകളായി ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത്. പുരുഷന്‍ സ്ത്രീ എന്ന ലൈംഗികമായ വ്യത്യാസത്തെ പരിഗണിച്ചു കൊണ്ടല്ല ആ നിയമങ്ങള്‍ വരുന്നത്, മറിച്ച് നേരത്തെ നല്‍കപ്പെട്ട ഉത്തരവാദിത്വങ്ങളെ തുടര്‍ന്നു വരുന്ന നിയമങ്ങള്‍ മാത്രമാണ്. വീട് പരിപാലിക്കലും കുട്ടികളുടെ തര്‍ബിയത്തുമെല്ലാം സ്ത്രീകളുടെ ഉത്തരവാദിത്വമാണ്. ഈ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കണമെങ്കില്‍ നേരത്തെ പുരുഷന് നല്‍കപ്പെട്ട ചുമതലകളിലേക്ക് സ്ത്രീകളെ കൊണ്ടുവരാന്‍ പാടില്ല. കാരണം വീട്ടിലെ ഭരണവും കുട്ടികളുടെ പരിപാലനവുമെല്ലാം ഏറെ ശ്രദ്ധയോടെയും കരുതലോടെയും നിര്‍വഹിക്കേണ്ട കാര്യങ്ങളാണ്. അതിനെ ഇസ്ലാം വളരെയധികം മാനിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അതെല്ലാം കേവലം ചടങ്ങുകള്‍ മാത്രമായി കണക്കാക്കപ്പെടുകയും ഉദ്യോഗവും കരിയറും മാത്രമാണ് മനുഷ്യന്റെ സ്റ്റാറ്റസ് നിര്‍ണ്ണയിക്കുന്ന ഘടകങ്ങളെന്ന് കരുതപ്പെടുകയും ചെയ്യുന്ന ആധുനിക ലോക വീക്ഷണത്തിനകത്ത്, വീട്ടു ഭരണവും തര്‍ബിയത്തുമെല്ലാം പരിഹാസ്യമായി തോന്നുന്നത് ഇസ്ലാമിന്റെ കുഴപ്പമല്ല. പഠനം, ജോലി, സമ്പാദനം, ആസ്വാദനം എന്നിവമാത്രം ജീവിതലക്ഷ്യമായി കാണുന്ന ലോകവീക്ഷണങ്ങള്‍ക്കിടയില്‍ അടുത്തൊരു തലമുറയെ ഉല്‍പാദിപ്പിക്കലും ധാര്‍മ്മിക ബോധത്തില്‍ പരിപാലനം നടത്തലും ഭാരമായി കാണുന്ന മനോഗതികള്‍ വളര്‍ന്നു വരുന്നുണ്ട്. ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങളില്‍ വിഭജനം നടന്നത് ഈ കാര്യങ്ങളെല്ലാം വ്യവസ്ഥാപിതമായി നടക്കാന്‍ വേണ്ടി മാത്രമാണ്.
ലിംഗാടിസ്ഥാനത്തിലുള്ള വിവേചനത്തെ ഖുര്‍ആന്‍ അംഗീകരിക്കുന്നില്ല. സ്ത്രീ-പുരുഷ സമത്വം എന്ന ഉട്ടോപ്യന്‍ ആശയത്തെ പുര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്യുന്നു. സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്നത് പ്രകൃതിവിരുദ്ധമാണ്. സൃഷ്ടിപരമായ പ്രത്യേകതകള്‍ പരിഗണിക്കാതെ, എതിര്‍ലിംഗത്തിന്റെ ചുമതലകള്‍ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയുമാണ്. ആണിനെയും പെണ്ണിനെയും അവരിരുവര്‍ക്കും പ്രകൃതി അനുവദിക്കുന്ന സ്ഥാനങ്ങളില്‍ തന്നെ നിലനിര്‍ത്തുകയും ജൈവികമായും മാനസികമായും അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള ചുമതലകള്‍ ഏല്പിക്കുകയും ചെയ്യുകയാണ് അവരോട് കാണിക്കേണ്ട നീതി. ആ നീതിബോധം ഇസ്ലാമിക ശരീഅത്തിന്റെ ഓരോ നിയമനിര്‍മ്മാണങ്ങളിലും നമുക്ക് കണ്ടെത്താനാവും. ശരീഅത്തിന്റെ നിയമങ്ങള്‍ സ്രഷ്ടാവില്‍ നിന്നുള്ളതായതുകൊണ്ട് തന്നെ അതു പൂര്‍ണ്ണമായും മനുഷ്യനന്മ ലക്ഷ്യംവച്ചു കൊണ്ടുള്ളത് മാത്രമാണ്. കാരണം ‘മനുഷ്യകുലത്തെ നാം ആദരിച്ചിരിക്കുന്നു’ എന്ന് സ്രഷ്ടാവ് തന്നെ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അല്ലാഹു നിശ്ചയിച്ച ഇസ്ലാമിക നിയമങ്ങളുടെയും രഹസ്യങ്ങളുടെയും യഥാര്‍ഥ താല്‍പര്യവും ഹിക്മതും സൃഷ്ടികള്‍ക്ക് ബോധ്യമായി കൊള്ളണമെന്നില്ല. മനുഷ്യര്‍ സൃഷ്ടികളാണ് എന്ന പരിമിതി തന്നെയാണ് അതിനു കാരണം. ഈ പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും, സൃഷ്ടിപ്പിന്റെയും ജീവിതത്തിന്റെയും ഉള്ളടക്കങ്ങളും സൂക്ഷ്മമായ രഹസ്യങ്ങളുമെല്ലാം തന്റെ കുഞ്ഞു ബുദ്ധിക്കകത്ത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നത് കുട്ടികളുടെ ദുര്‍വാശി പോലെയുള്ളൊരു വിഫല ശാഠ്യമാണ്. ശരീഅത്തിന്റെ നിയമങ്ങള്‍ക്കെല്ലാം കൃത്യമായ ഹിക്മത്തുകളും മസ്വ്‌ലഹത്തുകളും ഉണ്ട്. എന്നാല്‍ അത് മനുഷ്യര്‍ക്കെല്ലാം ബോധ്യമായി കൊള്ളണമെന്നില്ല. ചിലര്‍ക്ക് ബോധ്യമാകാനും മറ്റു ചിലര്‍ക്ക് ബോധ്യമാകാതിരിക്കാനും സാധ്യതയുണ്ട്. ഈ വസ്തുതയെ മുന്‍നിര്‍ത്തിയാണ് ശരീഅത്തിന്റെ എല്ലാ നിയമങ്ങളെയും നാം നോക്കികാണേണ്ടത്.