ലോകത്തെ സെമിറ്റിക് മതവിശ്വാസികൾക്കിടയിൽ സർവ സ്വീകാര്യനായ പ്രവാചകനാണ് ഇബ്രാഹീം നബി(അ).പ്രവാചകന്മാരായ മുഹമ്മദ് മുസ്തഫ(സ്വ),മൂസ(അ),ഈസ(അ) എന്നിവരുടെ കുടുംബ പരമ്പരകൾ സംഗമിക്കുന്നത് കാരണം മുസ്‌ലിം ജൂത ക്രൈസ്തവ മത വിശ്വാസികൾ ഇബ്രാഹീം നബി(അ)ൻ്റെ കുടുംബത്തെ ഏറെ ആദരിക്കുന്നു.ലോക ചരിത്രത്തിൽ ഇബ്രാഹീം (അ)ൻ്റെ കുടുംബത്തിന് ലഭിച്ച സ്വീകാര്യതയുടെ കാരണങ്ങളെയും ഇതര പ്രവാചകന്മാരിൽ നിന്ന് ഇബ്രാഹീം നബി (അ)നെ വ്യത്യസ്തനാക്കുന്നതിൻ്റെ ഘടകങ്ങളെയും പഠന വിധേയമാക്കേണ്ടതുണ്ട്.
പ്രവാചകന്മാരുടെ കൂട്ടത്തിൽ ഒട്ടേറെ സവിശേഷതകൾ കൊണ്ട് ഇബ്രാഹീം നബി(അ) വ്യത്യസ്തനായിരുന്നു. അന്ധവിശ്വാസങ്ങളും ബിംബാരാധനയും വ്യാപകമായിരുന്ന ഇറാഖിലെ ബാബിലോണിലാണ് ഇബ്രാഹീം നബി(അ) ജനിക്കുന്നത്.ബാല്യകാലം മുതൽ തന്നെ സമൂഹത്തിലെ അനാചാരങ്ങളെ അദ്ദേഹം വിമർശിച്ചു.സാറ,ഹാജർ,ഖൻതൂറ,ഹജൂൻ എന്നീ നാല് ഭാര്യമാരിലായി പതിനാല് സന്താനങ്ങൾ ഇബ്രാഹീം നബി (അ)ക്ക് ഉണ്ടായിരുന്നു. അതിൽ ഖുർആനിൽ പരാമർശിക്കപ്പെട്ട മക്കളാണ് ഇസ്മാഈൽ നബിയും(അ) ഇസ്ഹാഖ് നബിയും(അ). ഇബ്രാഹീം (അ)ന് ശേഷമുള്ള ഖുർആനിൽ പേര് പരാമർശിക്കപ്പെട്ട , മുഹമ്മദ് (സ്വ) ഒഴികെയുള്ള എല്ലാ പ്രവാചകന്മാരും ഇസ്ഹാഖ് (അ)ന്റെ സന്താനപരമ്പരയിൽ പെട്ടവരാണ്.ഇസ്മാഈൽ(അ)ന്റെ സന്താന പരമ്പരയിലാണ് അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ(സ്വ) കടന്നുവന്നത്.ഇരുവരിലൂടെയും
പ്രവാചക പരമ്പരകൾ ഇബ്രാഹീം നബിയിൽ (അ) സംഗമിക്കുന്നതിനാൽ ‘അബുൽ അമ്പിയാ’ (പ്രവാചകരുടെ പിതാവ്) എന്ന സ്ഥാനപ്പേര് ഇബ്രാഹീം (അ)ന് ലഭിച്ചു.
ഏകദൈവ വിശ്വാസത്തിന്റെ ദൃഢതയും അചഞ്ചലമായ അനുസരണ ശീലവും മുഖമുദ്രയാക്കിയ യഥാർഥ മുസ്‌ലിമിന്റെ മാതൃകയായിട്ടാണ് ഇബ്രാഹീം നബി(അ)നെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്. അല്ലാഹുവിന്റെ കല്പനകൾ പൂർണ്ണമായും സംതൃപ്തിയോടെ സ്വീകരിച്ചതിന്റെ ഫലമായി ധാരാളം അനുഗ്രഹങ്ങൾ ഇബ്രാഹീം (അ)ന്റെ മേൽ വർഷിക്കപ്പെട്ടു.വിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു : ഇബ്രാഹീം നബിയെ തന്റെ നാഥന്‍ ചില അനുശാസനങ്ങളിലൂടെ പരീക്ഷിച്ചതും അദ്ദേഹം പൂര്‍ത്തീകരിച്ചതും സ്മരണീയമത്രേ (സൂറത് അൽ ബഖറ,122). ഈ ആയത്തിൽ പറയപ്പെട്ട അല്ലാഹുവിന്റെ അനുശാസനങ്ങളെക്കുറിച്ചു ഖുർആൻ വ്യാഖ്യാതാക്കൾ വ്യത്യസ്ത വീക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്.ശരീഅത്തിലെ മുപ്പതു നിയമങ്ങൾ,കഅബയെ പരിപാലിക്കൽ, മകനെ ബലിയറുക്കൽ, ശാമിൽ നിന്ന് മക്കയിലേക്ക് ഹിജ്‌റ പോവൽ,ഹജ്ജിന്റെ കർമ്മങ്ങൾ,വായ കഴുകൽ, പല്ല് തേക്കൽ, മീശ വെട്ടൽ, മുടി ഇരുവശത്തെക്കും മുടഞ്ഞിടൽ,നഖം മുറിക്കൽ, കക്ഷരോമം പറിക്കൽ,ഗുഹ്യരോമം കളയൽ, ചേലാകർമ്മം ചെയ്യൽ തുടങ്ങിയ വ്യത്യസ്ത വ്യാഖ്യാനങ്ങളാണ് പ്രസ്തുത ആയത്തിന് നൽഖകപ്പെട്ടത്. ഈ കല്പനകൾ പൂർണ്ണമായും ഇബ്രാഹീം (അ) പാലിച്ചപ്പോൾ അല്ലാഹു പറഞ്ഞു: ഞാന്‍ താങ്കളെ മാനവതയ്ക്കു നേതാവാക്കുകയാണ്.ആ സമയത്ത് ഇബ്രാഹീം നബി(അ) തന്റെ സന്താനങ്ങളിൽ നിന്നും നേതാക്കളെ തിരഞ്ഞെടുക്കാൻ അല്ലാഹുവിനോട് പ്രാർഥിച്ചു.എന്നാൽ അല്ലാഹു പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: എന്റെ വാഗ്ദാനം അക്രമികള്‍ക്ക് ലഭിക്കില്ല (സൂറത് അൽ ബഖറ,123).ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് മുഫസ്സിറുകൾ വ്യക്തമാക്കുന്നു:ഇബ്രാഹീം നബി (അ)ന്റെ പ്രാർഥനാഫലമായാണ് അദ്ദേഹത്തിന്റെ സന്താന പരമ്പരയിൽ നിന്ന് ധാരാളം പ്രവാചകന്മാർ കടന്നു വന്നത് (ഹാഷിയത്തു സ്സ്വാവി, ഭാഗം 1,പേജ് 53).
ഖലീൽ എന്ന മഹത്തായ പദവി ഇബ്രാഹീം നബി (അ)ന് ലഭിച്ചതിന്റെ പിന്നിൽ വ്യത്യസ്ത കാരണങ്ങൾ ചരിത്രഗ്രന്ഥങ്ങളിൽ പറയപ്പെടുന്നുണ്ട്. ഒരിക്കൽ ഭക്ഷ്യക്ഷാമം രൂക്ഷമായത് കാരണം മിസ്റിലെ ധനാഢ്യനായ തന്റെ സുഹൃത്തിന്റെ അരികിലേക്ക് ഇബ്രാഹീം നബി(അ) യാത്ര പുറപ്പെട്ടു.പക്ഷേ മിസ്റിൽ വെച്ച് സുഹൃത്തിനെ കാണാൻ കഴിഞ്ഞില്ല.ഭക്ഷണത്തിനായി കൊണ്ടുപോയ പാത്രത്തിൽ വീട്ടുകാരെ സമാധാനിപ്പിക്കാൻ വേണ്ടി മണൽ നിറച്ച് അദ്ദേഹം വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ യാത്രാക്ഷീണം കാരണം ഉറങ്ങിപ്പോയി.വീട്ടുകാർ പാത്രം തുറന്നു നോക്കിയപ്പോൾ അതിൽ മാവുണ്ട്. അവർ ആ മാവ് ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി. ഇബ്രാഹീം നബി(അ) ഉറക്കമുണർന്നപ്പോൾ വീട്ടുകാർ ചോദിച്ചു:നിങ്ങളുടെ കൂട്ടുകാരന്റെ അടുത്ത് നിന്നാണോ ഈ മാവ്?
ഇബ്രാഹീം (അ):അതെ. എന്റെ ഖലീലായ (കൂട്ടുകാരൻ) അല്ലാഹുവിൽ നിന്നാണ് ഈ ഭക്ഷണം.ഈ സംഭവത്തിന് ശേഷമാണ് ഇബ്രാഹീം(അ)ന് ഖലീലുല്ലാഹ് എന്ന സ്ഥാനപ്പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. മറ്റൊരു അഭിപ്രായത്തിൽ അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കേണ്ടതിനെ സ്നേഹിക്കുകയും വെറുക്കേണ്ടതിനെ വെറുക്കുകയും ചെയ്തതിന്റെ ഫലമായാണ് ‘ഖലീലുല്ലാഹ്’ എന്ന പദവി ലഭിച്ചത് (തഫ്സീർ ത്വബരി,ഭാഗം 9, പേജ് 252).
അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ) തങ്ങളും ഇബ്രാഹീം നബിയും (അ) തമ്മിലുള്ള ആത്മബന്ധത്തിന് സാക്ഷിയായ പ്രദേശമാണ് മക്ക.അഞ്ചു തവണ ഇബ്രാഹീം (അ) മക്കയിൽ എത്തിയിട്ടുണ്ട്. ജന്മനാടായ ഇറാഖിലും അയൽനാടുകളായ സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലും പ്രബോധനം നടത്തിയതിന് ശേഷം ഭാര്യ ഹാജർ ബീവി, മകൻ ഇസ്മാഈൽ (അ) എന്നിവരോടുകൂടെ ഇബ്രാഹീം(അ) മക്കയിൽ എത്തുകയും ഭാര്യയേയും മകനേയും മക്കയിൽ ഉപേക്ഷിച്ച് ഫലസ്തീനിലേക്ക് മടങ്ങുകയും ചെയ്തു.ഈ യാത്രയിൽ ഇബ്രാഹീം (അ) നടത്തുന്ന പ്രാർഥന വിശുദ്ധ ഖുർആൻ ഉദ്ദരിക്കുന്നുണ്ട്.
” എന്റെ നാഥാ, ഈ മക്കാരാജ്യം നീ വിശ്വസ്തമാക്കുകയും എന്നെയും മക്കളെയും ബിംബങ്ങളെ ആരാധിക്കുന്നതില്‍ നിന്നു ദൂരീകരിക്കുകയും ചെയ്യേണമേ…
ഞങ്ങളുടെ നാഥാ, എന്റെ ചില സന്തതികളെ കൃഷിയൊന്നുമില്ലാത്ത ഈ താഴ്‌വരയില്‍ നിന്റെ വിശുദ്ധ ഗേഹത്തിനു (കഅബ) സമീപം ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് ജനഹൃദയങ്ങള്‍ അവരോടു ചായ്‌വുള്ളതാക്കുകയും അവര്‍ക്ക് ആഹരിക്കാനായി ഫലങ്ങള്‍ നല്‍കുകയും ചെയ്യേണമേ (സൂറത്ത് ഇബ്രാഹിം 35,37). ഇസ്മാഈൽ നബി(അ)നെ ബലി നൽകാനായി അല്ലാഹുവിന്റെ ഉത്തരവ് വന്നപ്പോഴാണ് രണ്ടാമത് മക്കയിൽ ഇബ്രാഹീം നബി(അ) എത്തിയത്. ഇസ്മാഈൽ നബിയുടെ വിവാഹ ശേഷവും ഇബ്രാഹീം നബി രണ്ട് തവണ മക്കയിൽ എത്തി.അവസാനമായി കഅബയുടെ പുനരുദ്ധാരണത്തിനാണ് ഇബ്രാഹീം നബി(അ) മക്കയിൽ എത്തിയത്. മക്കയിൽ ഒരു പ്രവാചകൻ ഭൂജാതനാവാൻ വേണ്ടി കഅബ നിർമ്മാണത്തിന്റെ ശേഷം ഇബ്രാഹീം നബി(അ) പ്രാർഥിക്കുന്നുണ്ട്.
“ഞങ്ങളുടെ നാഥാ, ഈ ജനതക്കു നിന്റെ വചനങ്ങള്‍ ഓതിക്കൊടുക്കുകയും വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും സംസ്‌കാരം ശീലിപ്പിക്കുകയും ചെയ്യുന്ന ഒരു ദൂതനെ അവരില്‍ നിന്നു തന്നെ നിയോഗിക്കേണമേ. നീ തന്നെയാണ് പ്രതാപശാലിയും യുക്തിമാനും”(സൂറത്ത് അൽ ബഖറ,129).ഇബ്രാഹീം നബി(അ)ന്റെ പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയും അന്ത്യ പ്രവാചകനെ മക്കയിൽ നിന്ന് തിരഞ്ഞെടുക്കുകയും ചെയ്തു.
ഇബ്രാഹീം നബിയുടെ (അ) യഥാർഥ മതത്തെക്കുറിച്ചും ജീവിത മാർഗങ്ങളെക്കുറിച്ചും വിശദീകരിക്കേണ്ട സവിശേഷ സാഹചര്യം ഹബീബായ റസൂലുള്ളാഹി(സ്വ)യുടെ പ്രബോധന ജീവിതത്തിൽ ഉണ്ടായിരുന്നു.കാരണം ജൂതന്മാരും ക്രിസ്ത്യാനികളും ഇബ്രാഹിം നബിയുടെ മതത്തെ തങ്ങൾക്ക് അനുകൂലമാക്കി വ്യാഖ്യാനിച്ചിരുന്നു.ഈ ഘട്ടത്തിലാണ് ഇബ്രാഹീം നബി(അ) ജൂതനും ക്രിസ്ത്യാനിയുമല്ല എന്ന ഖുർആനിക പ്രഖ്യാപനം വരുന്നത്.അന്ത്യ പ്രവാചകനെക്കുറിചുള്ള മുന്നറിയിപ്പ് വേദഗ്രന്ഥങ്ങളിൽ നൽകപ്പെട്ടിട്ടും വേദക്കാരിലധികവും മുഹമ്മദ് നബി(സ്വ) തങ്ങളെ വിശ്വസിക്കാത്തതിന്റെ കാരണം നബിയുടെ അറബി പാരമ്പര്യമായിരുന്നു. ഈ പക്ഷപാതിത്വ നയത്തെ ശക്തമായി വിമർശിച്ചുകൊണ്ട് ഖുർആൻ പറയുന്നു:
“നബിയെ….താങ്കള്‍ ചോദിക്കുക: ഞങ്ങളുടെയും നിങ്ങളുടെയും നാഥന്‍ അല്ലാഹുവായിരിക്കെ അവന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോടു തര്‍ക്കിക്കുകയോ? ഞങ്ങള്‍ക്കു ഞങ്ങളുടേതും നിങ്ങള്‍ക്കു നിങ്ങളുടേതുമായ കര്‍മ്മങ്ങളാണുണ്ടാവുക.അതല്ല, ഇബ്രാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, ഇസ്രാഈല്‍ സന്തതികള്‍ എന്നിവര്‍ ജൂതന്മാരോ ക്രിസ്ത്യാനികളോ ആയിരുന്നു എന്നാണോ നിങ്ങളുടെ വാദം? താങ്കള്‍ ചോദിക്കുക: നിങ്ങളാണോ പരിജ്ഞാനികള്‍, അതോ അല്ലാഹുവോ? (സൂറത്ത് അൽ ബഖറ,139-141).ഇബ്രാഹീം നബിയുടെ മതം തന്നെയാണ് മുഹമ്മദ് നബി(സ്വ) പ്രബോധനം ചെയ്യുന്നതെന്ന് വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു.
ബിംബാരാധനയെ ശക്തിയുക്തം എതിർത്ത ഇബ്രാഹീം നബിയുടെ ചരിത്രം മക്കാ മുശ് രീക്കീങ്ങൾക്കും ഗുണപാഠമായിരുന്നു. ഇബ്രാഹീം മില്ലത്തിനെ അനുധാവനം ചെയ്യാൻ വേണ്ടി മുഹമ്മദ് മുസ്തഫ(സ്വ) തങ്ങളോട് അല്ലാഹു കല്പ്പിച്ചിട്ടുണ്ട്.മാത്രമല്ല പ്രതിസന്ധിഘട്ടങ്ങളിൽ ക്ഷമയോടെ അല്ലാഹുവിന്റെ കല്പ്പനകളിൽ സംതൃപ്തി കണ്ടെത്തിയ ഇബ്രാഹീം നബിയുടെ ചരിത്രം നബി(സ്വ) തങ്ങൾക്ക് പലപ്പോഴും ആശ്വാസകരമായിരുന്നു. സത്യസന്ധത,സഹന ശീലം,ഉദാര മനസ്കത, ധർമ്മിഷ്ഠത, അതിഥി സൽക്കാരം തുടങ്ങിയ ധാരാളം സ്വഭാവ വിശേഷണങ്ങളുടെ ഉടമയായിരുന്നു ഇബ്രാഹീം(അ).അതുകൊണ്ടുതന്നെ ഒരു സമൂഹത്തിന് ഉണ്ടാവേണ്ട സ്വഭാവ ഗുണങ്ങൾ പൂർണ്ണമായും സമ്മേളിച്ചത് കൊണ്ട് ഇബ്രാഹീം നബിയെ കുറിച്ച് വിശുദ്ധ ഖുർആൻ ‘ഉമ്മത്ത്’എന്നാണ് പരിചയപ്പെടുത്തിയത്.
“നിശ്ചയം, ഇബ്രാഹീം നബി അല്ലാഹുവിനു സര്‍വാത്മനാ വിധേയനും സന്മാര്‍ഗാവലംബിയുമായിരുന്ന സമുദായ സമാനനായിരുന്നു. ഒരിക്കലും ബഹുദൈവ വിശ്വാസിയായിരുന്നിട്ടില്ല”
(സൂറത്തു ന്നഹ്ൽ,120)
നിസ്കാരങ്ങളിലെ സ്വലാത്തുൽ ഇബ്രാഹീമിയ്യ,പരിശുദ്ധ ഹജ്ജ് കർമ്മം, ഉള്ഹിയ്യത്ത് തുടങ്ങിയ നിരവധി കർമ്മങ്ങളിലൂടെ ആലു ഇബ്രാഹീം സ്മരണകൾക്ക് നിരന്തരം ലോക മുസ്‌ലിംകൾ ജീവൻ നൽകിക്കൊണ്ടിരിക്കുകയാണ്. അനുസരണയുടെ ഉയർന്ന തലങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കിയ ഇബ്രാഹീം നബിക്കും കുടുംബത്തിനും അല്ലാഹു നൽകിയ അനുഗ്രഹമാണ് ഈ നിത്യ സ്മരണ.
അവലംബം
സയ്യിദുനാ ഇബ്രാഹീം ഫിൽ ഖുർആനിൽ കരീം,ഡോ മുഹമ്മദ് ശാക്കിർ അബ്ദുല്ലാഹ് അൽ കുബൈസി, ദാറുൽ ഖുതുബിൽ ഇൽമിയ്യ,ലബനാൻ,2007
സുഹൈൽ ഫൈസി കൂമണ്ണ
Suhailkp9497@gmail.com