ഇത് മുഹറം, വിശ്വാസിയുടെ പുതുവര്‍ഷപിറവിയുടെ മാസം.ഹിജ്‌റ വര്‍ഷത്തെ പ്രാര്‍ഥനകളും പുനര്‍വിചിന്തനങ്ങളുമൊക്കെയായി സമുചിതമായി തന്നെ വരവേല്ക്കാന്‍ സമുദായം ഇന്ന് ഏറെ ഉത്സാഹം കാണിക്കുന്നു എന്നത് ആശാവഹമാണ്. അസ്തിത്വ പ്രതിസന്ധിയുടെ ഈ കാലത്ത് നമ്മുടെ സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണത്തിന് കൂടി ഇത് സഹായകമാകുമെന്ന് പറയേണ്ടതില്ലല്ലോ.
കേവല പുതുവത്സരം എന്നതിലുപരി ‘ ഹിജ്‌റ’ എന്ന നാമകരണം തന്നെ ഉമ്മത്തിന്റെ അതിജീവനത്തിന്റെ പാഠങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. പരിശുദ്ധദീനിന്റെ പ്രഥമസമൂഹമായ പുണ്യ സഹാബത്തിനിടയില്‍ തിരുനബി നടത്തിയ തുല്യതയില്ലാത്ത സാമൂഹ്യവിപ്ലവത്തിന്റെ പ്രതീകങ്ങളായി നിലകൊള്ളുന്ന മുഹാജിര്‍-അന്‍സാര്‍ സംജ്ഞകളുടെ അടിസ്ഥാനവും ഹിജ്‌റ തന്നെ.
ഈ സാഹചര്യത്തില്‍ ഒരു മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഹിജ്റ കലണ്ടറിന്റെ ഉത്ഭവം, ചരിത്രം, പ്രാധാന്യം എന്നിവയെ സംബന്ധിച്ച് ഒരു അവലോകനം ഉചിതമാകും എന്ന് തോന്നുന്നു.
കാലഗണനയുടെ കഥ,കലണ്ടറിന്റെയും
ഭൂമിശാസ്ത്രപരമായും കാലാവസ്ഥാപരമായുമുള്ള പ്രതിഭാസങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പ്രാചീന മനുഷ്യര്‍ കാലഗണന നടത്തിയിരുന്നത്. കാലഗണനക്കായി പ്രാചീന സമൂഹം ഉപയോഗിച്ചിരുന്ന കലണ്ടറുകളുടെ ചരിത്രം സംബന്ധിച്ച വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വര്‍ഷം തോറുമുള്ള നൈല്‍ നദിയുടെ വെള്ളപ്പൊക്കത്തെ അടിസ്ഥാനമാക്കി ഈജിപ്തുകാര്‍ ആ കാലഘട്ടത്തില്‍ കാല ഗണന നടത്തിയിരുന്നു.ഇമാം അബൂ ഹിലാല്‍ ഹസനുല്‍ അസ്‌കരി എന്നവര്‍ തങ്ങളുടെ അല്‍ അവാഇല്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നത് പ്രകാരം മഹാനായ ഇബ്രാഹിം നബി (അ) തീ കുണ്ഠാരത്തിലേക്ക് എറിയപ്പെട്ട വര്‍ഷത്തെ അടിസ്ഥാനമാക്കിയാണ് ലോകത്ത് ആദ്യ കലണ്ടര്‍ വന്നത് എന്ന് കാണാം.ഇത് ബി.സി രണ്ടായിരത്തിനടുത്ത കാലത്താണ്.പരിശുദ്ധ കഅബയുടെ നിര്‍മ്മാണവുമായി ബന്ധപ്പെടുത്തിയും മഅദ് വംശത്തിലെ ചേരിതിരിവിനെ അടിസ്ഥാനമാക്കിയും കഅബുബ്‌നു ലുഅയ്യിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും അബ്റഹത്തിന്റെ ആനപ്പടയെ അബ്ദുല്‍ മുത്തലിബ് തുരത്തിയ ആനക്കലഹ സംഭവത്തെ അടിസ്ഥാനമാക്കിയുമെല്ലാം വിവിധ കലണ്ടറുകള്‍ വന്നിട്ടുണ്ട്.
ബി.സി 45 ല്‍ ഗോളശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി വാനശാസ്ത്രജ്ഞനായ ശോസി ജിന്‍സിന്റെ ഉപദേശപ്രകാരം ജൂലിയസ് സീസര്‍ രൂപം നല്‍കിയ കലണ്ടറാണ് ജൂലിയന്‍ കലണ്ടര്‍. ഇന്ന് ഉപയോഗത്തിലുള്ള ഗ്രിഗോറിയന്‍ കലണ്ടറിന്റെ മുന്‍ഗാമിയായി ഈ കലണ്ടര്‍ ഗണിക്കപ്പെടുന്നു. ജൂലിയന്‍ കലണ്ടര്‍ അടക്കമുള്ള കലണ്ടറുകള്‍ കാലത്തെ അതിജീവിച്ചില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്.നാമിന്ന് ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍ 490 വര്‍ഷങ്ങള്‍ക്കു മുമ്പ് എ.ഡി 1528 ല്‍ ഗ്രിഗറി മാര്‍പാപ്പ പ്രഖ്യാപിച്ച കലണ്ടര്‍ ആണ്.
ഹിജ്റ കലണ്ടര്‍
രണ്ടാം ഖലീഫ ഉമര്‍(റ)ന്റെ ഭരണകാലത്ത് രണ്ട് വ്യക്തികള്‍ തമ്മില്‍ നടന്ന ഒരു സാമ്പത്തിക ഇടപാടിന്റെ അവധിയുമായി ബന്ധപ്പെട്ട തര്‍ക്കം ഖലീഫയുടെ മുമ്പില്‍ എത്തി. ഈ അവസരത്തിലാണ് കാലഗണനക്ക് ഒരു സ്ഥിരമായ വ്യവസ്ഥ/ കലണ്ടര്‍ വേണമെന്ന് ഖലീഫ ചിന്തിക്കുന്നത്. ആനക്കലഹ വര്‍ഷത്തെയും ഹര്‍ബുല്‍ഫിജാറിനെയുമെല്ലാം അടിസ്ഥാനമാക്കിയുള്ള അനൗദ്യോഗികമായ കാലഗണനകള്‍ അറബികള്‍ക്കിടയിലും മുമ്പേ ഉണ്ടായിരുന്നുവെങ്കിലും അവ വേണ്ടത്ര ജനകീയത കൈവരിക്കുകയോ ഔദ്യോഗിക രൂപത്തിലേക്ക് വളരുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഹിജ്‌റ കലണ്ടറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഖലീഫ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എന്താണ് കലണ്ടറിന്റെ അടിസ്ഥാനമാകേണ്ടത് എന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു.തിരുനബിയുടെ ജനനം, പ്രവാചകത്വ ലബ്ധി,ഹിജ്‌റ,വഫാത്ത് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നിരുന്നുവെങ്കിലും നബി(സ)യുടെ ജീവിതത്തിലും ഇസ്‌ലാമിക പ്രബോധന ചരിത്രത്തിലും തുല്യതയില്ലാത്ത സംഭവമായ ഹിജ്‌റയെ തന്നെ ഇതിന് ആധാരമാക്കാന്‍ ആയിരുന്നു യോഗ തീരുമാനം. ഇതുപ്രകാരം ക്രിസ്താബ്ധം 622 ആണ് ഹിജ്‌റ വര്‍ഷം ഒന്നായി വരുന്നത് റബീഉല്‍ അവ്വല്‍ മാസത്തില്‍ ആണെങ്കിലും ഹിജ്‌റ വര്‍ഷമായി പരിഗണിക്കുന്നത് മുഹറം മാസം മുതലാണ്.ആനോ ഹെഗിറെയില്‍ എന്നതിന്റെ ചുരുക്കരൂപമായ അഒ ആണ് ഹിജ്‌റ വര്‍ഷത്തെ സൂചിപ്പിക്കാന്‍ പാശ്ചാത്യന്‍ നാടുകളില്‍ലെല്ലാം ഉപയോഗിക്കപ്പെടുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ഒട്ടേറെ നിര്‍ണ്ണായക സംഭവങ്ങള്‍ക്ക് സാക്ഷിയായ മുഹറം മാസത്തെ തന്നെ പുതുവത്സരത്തിന്റെ ആരംഭമാക്കിയതിലും വിശ്വാസിക്ക് പാഠങ്ങള്‍ ഏറെയാണ്. വര്‍ഷത്തിന്റെ ആദ്യവും അവസാനവും വരുന്നത് യുദ്ധം ഹറാമായ മാസങ്ങളാണ് എന്നതും ശ്രദ്ധേയം.
എന്ത് കൊണ്ട് ഹിജ്റ കലണ്ടര്‍..?

പരിശുദ്ധ ഇസ്‌ലാം സാംസ്‌കാരിക സത്വത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്ന മതമാണ്. ജീവിതത്തിന്റെ നിഖില മേഖലകളിലും വിശ്വാസി സമൂഹത്തിന് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നുണ്ട്.ഇസ്‌ലാമിക ശരീഅത് എന്നത് കേവലം ആരാധന കര്‍മ്മങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതല്ല. ജീവിതത്തിന്റെ അര്‍ഥ തലങ്ങള്‍ മനസ്സിലാക്കുന്നതിനും ലൗകിക പാരത്രിക ജീവിതങ്ങള്‍ വിജയകരമാക്കുന്നതിനുമുള്ള സമഗ്ര ജീവിത വ്യവസ്ഥയാണത്.ഓരോ ചലന നിശ്ചലനങ്ങളിലും പരിശുദ്ധ ദീനിന്റെ വിധിവിലക്കുകള്‍ക്കുള്ള പ്രാധാന്യം ഉള്‍ക്കൊള്ളുകയും അതിനെ പിന്തുടരുകയും ചെയ്യുമ്പോള്‍ മാത്രമാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ചൈതന്യം ആവാഹിക്കാന്‍ നമുക്കാകുന്നത്.
ഗ്രിഗോറിയന്‍, ജൂലിയന്‍ തുടങ്ങിയ കലണ്ടറുകളില്‍ നിന്ന് വിഭിന്നമായി ചാന്ദ്രിക ചലനത്തെ അടിസ്ഥാനപ്പെടുത്തിയ കലണ്ടര്‍ രീതിയില്‍ ഹിജ്‌റ കലണ്ടറിനെ രൂപപ്പെടുത്തിയതിന്റെ പിന്നിലുള്ള യുക്തിയെ ചെറുതായെങ്കിലും നമുക്ക് അനുമാനിച്ചെടുക്കാനാവും. ഹജ്ജ്, നോമ്പ്, സക്കാത്ത് പോലുള്ള ദിവസം, മാസം, വര്‍ഷം എന്നിവയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആത്മീയവും സാംസ്‌കാരിവുമായ പ്രാധ്യാന്യങ്ങള്‍ ഉള്‍കൊള്ളുന്ന ആചാര അനുഷ്ഠാനങ്ങളെ എല്ലാ കലാവസ്ഥകളിലും ചുറ്റുപാടുകളിലും വ്യത്യസ്തമായ അനുഭൂതികളോടെയും ഉന്മേഷത്തോടെയും അനുഷ്ഠിക്കാനും അതിലൂടെ ഏത് സാഹചര്യത്തിലും ഒരു വിശ്വാസി തന്റെ രക്ഷിതാവിന്റെ നിര്‍ദ്ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം ജീവിതത്തെ ക്രമീകരിക്കേണ്ടതന്നെ സന്ദേശം കൈമാറാനും ഇതിലൂടെ സാധ്യമാകുന്നുണ്ട്. മാത്രമല്ല അസ്ഥിരമായ ഉദയ ചന്ദ്രന്റെ കാഴ്ചയോട് ഒരു മാസത്തിന്റെ ആരംഭത്തെ ബന്ധപ്പെടുത്തിയതിലും വിശ്വാസി സമൂഹം എപ്പോഴും തങ്ങളുടെ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെടണമെന്നും മുന്‍കൂട്ടി പ്രവചിക്കാനാവാതെ വരുമ്പോള്‍ അതിന് വേണ്ടിയുള്ള കാത്തിരിപ്പും അന്വേഷണവും വിശ്വാസിയെ കൂടുതല്‍ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെടാന്‍ കാരണമാകുമെന്നുള്ള യുക്തിയെ നമുക്ക് മനസ്സിലാക്കാനും അനുഭവിക്കാനുമാകുന്നുണ്ട്. തന്റെ മതപരമായ കാര്യങ്ങളില്‍ ഒരു വിശ്വാസി തന്റെ ഉന്മേഷത്തെ നിരന്തരം അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്ന പല ഹദീസുകളേയും നമുക്ക്കണ്ടത്താനാവും.
പല മേഖലകളിലും എന്നപോലെ ഇസ്‌ലാമിക സ്വത്വം വെടിഞ്ഞുകൊണ്ട് കാലഗണനയുടെ വിഷയത്തിലും നമ്മള്‍ ഹിജ്‌റ കലണ്ടറിനെ അവഗണിക്കുകയും മറ്റു പലരെയും അനുകരിക്കുകയും അവര്‍ നിര്‍മ്മിച്ച മാതൃകകള്‍ അവലംബിക്കുകയും ചെയ്യുന്ന ഖേദകരമായ സ്ഥിതിവിശേഷം നിലവിലുണ്ട്.ഇന്ന് നാം സ്റ്റാന്‍ഡേര്‍ഡ് കലണ്ടറായി ഉപയോഗിക്കുന്ന ഈ കലണ്ടറിന് ഒരുപാട് പോരായ്മകള്‍ ഉള്ളതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ വര്‍ഷത്തില്‍ 12 മാസമുള്ളത് ആദ്യകാലത്ത് 10 മാസം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ജനുവരി ഫെബ്രുവരി മാസങ്ങള്‍ ഇതിലേക്ക് ചേര്‍ക്കുകയായിരുന്നു.
ഈ കലണ്ടറില്‍ ഒരു വര്‍ഷത്തില്‍ 365 1/4 ദിവസമാണ് ഉള്ളത്. ഇതൊരു പൂര്‍ണ്ണ ദിവസമായി മാറണമെങ്കില്‍ നാലുവര്‍ഷം കാത്തിരിക്കണം.ഈ പോരായ്മകളെല്ലാം ഉണ്ടായിട്ടും ഇതിനെ ഔദ്യോഗിക പരിവേഷവും ആഗോള സ്വീകാര്യതയും കൈവന്നതില്‍ അസ്വാഭാവികത ഒട്ടുമില്ല എന്ന് പറയാന്‍ ഒക്കില്ല.എങ്കിലും നിലവിലെ ലോകക്രമത്തില്‍ പൊതു അംഗീകാരമുള്ള കലണ്ടര്‍ എന്ന നിലയില്‍ നാം ഗ്രിഗേറിയന്‍ കലണ്ടറിനെ തന്നെ പിന്തുടരുമ്പോഴും ഒരു മുസ്‌ലിം എന്ന നിലയില്‍ മറ്റെന്തിനേക്കാളും പ്രാധാന്യമുള്ള പരിശുദ്ധ ശരീഅത്തില്‍ അധിഷ്ഠിതമായ ജീവിതത്തിന് ഹിജ്റ കലണ്ടര്‍ പിന്തുടരല്‍ അത്യന്താപേക്ഷിതമാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇസ്‌ലാമിലെ ആരാധനാ കര്‍മ്മങ്ങളുടെയെല്ലാം അടിസ്ഥാന നിബന്ധനയായ ‘പ്രായപൂര്‍ത്തിയാവുക’ എന്നതുപോലും ഹിജ്‌റ കലണ്ടര്‍ അടിസ്ഥാനമാക്കി കണക്കാക്കപ്പെടേണ്ടതാണ്. എന്നാല്‍ നമ്മില്‍ പലര്‍ക്കും ഹിജ്‌റ വര്‍ഷ അടിസ്ഥാനത്തിലുള്ള ജനന തീയതിയൊ പ്രയമോ പോലും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം.ഈ സാഹചര്യത്തിന് നിര്‍ബന്ധമായും മാറ്റം വന്നേ തീരൂ.നമ്മുടെ ജീവിതത്തിലെയും സാമൂഹ്യ വ്യവഹാരങ്ങളിലെയും പ്രധാന സംഭവങ്ങള്‍ക്കെല്ലാം ഹിജ്റ കലണ്ടര്‍ ആസ്പദമാക്കാന്‍ നമുക്കാകണം..തുല്യതയില്ലാത്ത പാലായണത്തിന്റെ ഓര്‍മ്മക്ക്…
സ്വത്വസംരക്ഷണത്തിന്..