ഏതാനും വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഉറ്റ മിത്രമായി ഒരു Al വന്നാൽ എങ്ങനെയായിരിക്കുമെന്ന് സങ്കല്പിക്കുക. ഇതാണ് മുൻ ആപ്പിൾ ജീവനക്കാരനും സിലിക്കൺ വാലിയിലെ ഗുരുവുമായ ജിം കെല്ലർ പ്രവചിക്കുന്നത്. ChatGPT യുടെ ആവിർഭാവത്തിന്റെയും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉത്കണ്ഠയുടെയും പ്രതേക സാഹചര്യത്തിൽ നിന്ന് വിലയിരുത്തുമ്പോൾ ഒരുപക്ഷേ, അത്തരം പ്രവചനങ്ങൾ ഗൗരവ സ്വഭാവമുള്ളവയായി തന്നെ കാണേണ്ടി വരും. ഡാറ്റകളിൽ നിന്ന് സ്വയം പഠിക്കുകയും നെറ്റിൽ ലഭ്യമായ ഡാറ്റകളുടെ വിപുലമായ ശേഖരങ്ങളിലൂടെയുള്ള ട്രൈനിംഗുകൾക്കും ശേഷം ബൗദ്ധികപരമായ രചനകളും സംഭാഷണങ്ങളും രൂപപ്പെടുത്താൻ സാധ്യമാവുകയും ചെയ്യുന്ന ഒരു മെഷീൻ ലേണിംഗ് സിസ്റ്റമാണ് ചാറ്റ്ജിപിടി. യന്ത്രവുമായാണോ മനുഷ്യനോടാണോ സംവദിക്കുന്നത് എന്ന് മനുഷ്യന് തിരിച്ചറിയാൻ കഴിയാത്ത വിധം മനുഷ്യനുമായി സമ്പർക്കത്തിലേർപ്പെടുന്ന ഒരു ഇന്റലിജന്റ് യന്ത്രത്ത നിർമ്മിക്കുന്നതിനെ കുറിച്ചുള്ള അലൻ ട്യൂറിങ്ങിന്റെ സ്വപ്നങ്ങളോട് ഏറെക്കുറെയൊക്കെ ഇത് അടുത്ത് നിൽക്കുന്നുണ്ടന്ന പ്രസ്താവനയെ വില കുറച്ചു കാണാനാവില്ല.
എന്തൊക്കെ തന്നെയായാലും ChatGPT-യെ ചുറ്റിപ്പറ്റിയുള്ള സകല ഉത്കണ്ഠങ്ങളുടെയും നിദാനമായി വർത്തിക്കുന്നത് വിദ്യാഭ്യാസം, ഗവേഷണം, അസമത്വം തുടങ്ങിയവയിൽ സാങ്കേതികവിദ്യയാൽ ഉണ്ടായേക്കാവുന്ന ആഘാതങ്ങളെ കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യനാവുക എന്നത് എന്തർഥമാക്കുന്നു എന്നതിനെ കുറിച്ചുമൊക്കെയുള്ള ഗൗരവപരമായ ചോദ്യങ്ങളാണ്.
ഉദാഹരണമായി, “അസമത്വ”ത്തെ പരിഗണിക്കാം. സാമ്പത്തിക അസമത്വത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ഉൽപ്പാദനക്ഷമത വിടവ് (productivity gap) വർധിപ്പിക്കുന്നതിൽ AI കാര്യമായ പങ്കുവഹിക്കുന്നുണ്ടന്ന വാദം വളരെ വ്യാപകമായി തന്നെ നിലനിൽക്കുന്നുണ്ട്. എറിക് ബ്രൈൻ ജോൾഫ്സണന്റെ വാദ പ്രകാരം , മനുഷ്യ സമാനമായ AI യെ കൂടുതലായി ഉപയോഗപ്പെടുത്തുമ്പോൾ, മനുഷ്യാധ്വാനത്തിന് പകരം വെക്കാനാവുന്ന മികച്ച ബദലായി യന്ത്രങ്ങൾ മാറുകയും, കൂടാതെ തൊഴിലാളികൾക്ക് സാമ്പത്തികവും രാഷ്ട്രീയവുമായ വിലപേശൽ ശക്തി (Bargaining power) നഷ്ടപ്പെടുകയും സാങ്കേതികവിദ്യയെ നിയന്ത്രിക്കുന്നവരെ കൂടുതലായി ആശ്രയിക്കേണ്ടതായി വരികയും ചെയ്യുന്നു. അതുപോലെ, AI-യിൽ ഉണ്ടായ പുരോഗതികൾ എങ്ങനെയാണ് യുഎസിലെ നിലനിന്നിരുന്ന അസമത്വത്തെ കൂടുതൽ വഷളാക്കിയത് എന്നതിന് Acemoglu ഉം Restrepo യും ശ്രദ്ധേയമായ ചില തെളിവുകൾ മുന്നോട്ടു വെക്കുന്നുണ്ട്. അവരുടെ നിഗമനങ്ങൾ പ്രകാരം, 1980 നും 2016 നും ഇടയിൽ യുഎസിലെ വേതന അസമത്വത്തിലുണ്ടായ വളർച്ചയുടെ 50 ശതമാനം മുതൽ 70 ശതമാനത്തിന് വരെ കാരണമായത് യന്ത്രവൽക്കരണത്തിന്റെ വിവിധങ്ങളായ രൂപങ്ങളാണ്. അനേകം ഡ്രൈവർമാരുടെ ജോലിയെ ഇല്ലാതാക്കുന്നു എന്നത് കൊണ്ട് തന്നെ ഓട്ടോണമസ് കാറുകളുടെ നിർമ്മാണത്തിനായി ചിലവഴിച്ച കോടിക്കണക്കിന് ഡോളർ തൊഴിൽ വിപണിയിൽ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെ ആന്റൺ കൊറിനെക്കിനെപ്പോലുള്ളവർ പ്രവചിക്കുന്നുണ്ട്.
എന്നാൽ AI-യുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന സാങ്കേതികവിദ്യകളിൽ സമീപകാലത്ത് ഉണ്ടായ വികാസങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ ഘടനാപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നാണ് മനസ്സിലാകുന്നത്. ഈയിടെ പ്രസിദ്ധീകൃതമായ തന്റെ ദി “അൽഗോരിതമിക് ലീഡർ” ൽ മൈക്ക് വാൽഷ്, അൽ ഗോരിതങ്ങളുടെ മേഖലയിൽ പ്രവർത്തിക്കുന്ന, അൽഗോരിതമിക് സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യാനും പരിശീലിപ്പിക്കാനും കഴിവും പ്രാപ്തിയുമുള്ള പ്രബല പ്രൊഫഷണൽ വിഭാഗങ്ങൾക്കിടയിലും (ഉദാ: കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ) ലോകത്തെ നിയന്ത്രിക്കുന്ന അൽഗോരിതം പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥരായ അതിസമ്പന്നരായ വിഭാഗങ്ങൾക്കിടയിലും വർധിച്ചുവരുന്ന വർഗാടിസ്ഥാനത്തിലുള്ള വേർതിരിവിനെ കണ്ടത്താനാവുന്ന ഭയാനകമായ ഒരു പ്രതേക സാഹചര്യത്തെ അന്വേഷണ വിധേയമാക്കുന്നുണ്ട്. അതിലൂടെ ഇതിനകം തന്നെ ആഗോളപരവും കുറഞ്ഞ വേതനവുമുള്ള അൽഗോരിതത്തിന്റെ അധ്വാന ശക്തിയെ ഉപയോഗപ്പെടുത്തിയുള്ള Uber നെയും Amazon നെയും ഉദാഹരണമായി അദ്ദേഹം മുന്നോട്ടു വെക്കുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഈ ബിസിനസ് വ്യവഹാരങ്ങൾ എല്ലാം തന്നെ അവരുടെ തൊഴിലാളികളെ നിരന്തരമായ നിരീക്ഷണത്തിനും മേൽനോട്ടത്തിനും വിധേയമാക്കിക്കൊണ്ട് AI മുഖേനയുള്ള അൽഗോരിതപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.
ഒരു അൽഗോരിതമിക് തൊഴിൽ ശക്തിയുടെ ഫലം K ആകൃതിയിലുള്ള ഗ്രാഫിലേക്ക് നയിക്കുന്ന തൊഴിൽ ധ്രുവീകരണമാണ്. ഉയർന്ന ലെയറുകളിലുള്ളവരുടെ സാധ്യതകൾ കുത്തനെ ഉയരുകയും മറ്റുള്ളവരുടെ സാധ്യതകൾ കുത്തനെ ഇടിയുകയും
ചെയ്യുന്ന സ്ഥിതിവിശേഷമാണിത്. ജീവിതഗതിയുടെ ചലനാത്മതക്കും പുരോഗതിക്കും വിഘാതം സൃഷ്ടിക്കുന്ന ഒരു “കോഡ് സീലിംഗ്” “K “ആകൃതിയിലുള്ള ഈ സാഹചര്യത്തിൽ നില നിൽക്കുന്നുണ്ട്. കാരണം, Uber അല്ലെങ്കിൽ ആമസോൺ പോലെയുള്ള AI- നിർമിത സ്ഥാപനങ്ങളിൽ, കുറഞ്ഞ വേതനം കൈ പറ്റുന്ന ജീവനക്കാർ അൽഗോരിതങ്ങൾ മുഖേന നിയന്ത്രിക്കപ്പെടുന്നതിനാൽ വളരെ അപൂർവമായാണ് തങ്ങളേക്കാൾ ഉന്നതങ്ങളിലുള്ള മനുഷ്യ സഹപ്രവർത്തകരുമായി ഇടപഴകുന്നത്. അത്കൊണ്ട് തന്നെ സമ്പത്തും അധികാരവും ന്യൂനപക്ഷത്തിന്റെ കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടാനും അതുവഴി സാമ്പത്തിക അസമത്വം വർധിക്കാനും AI കാരണമാകുന്നു എന്നത് യുക്തിരഹിതമാണന്ന് വിലയിരുത്താനാവില്ല. ആഗോള തലത്തിൽ പോലും ഇത് സാധുവാണ്. IMF സ്റ്റാഫ് അടുത്തിടെ നടത്തിയ പഠനം അതിയന്ത്രവത്കൃതമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ള വികസിത സമ്പദ്വ്യവസ്ഥകളിലേക്ക് നിക്ഷേപങ്ങൾ കൂടുതലായി നിക്ഷേപിക്കപ്പെടുന്നതിലൂടെ സമ്പന്ന, ദരിദ്ര രാജ്യങ്ങൾക്കിടയിൽ നില നിൽക്കുന്ന വിടവ് വർധിക്കാൻ Al യെ അടിസ്ഥാനപെടുത്തിയുള്ള സാങ്കേതിക വിദ്യ കാരണമാകുന്നുണ്ടന്ന നിഗമനമനത്തിലാണ് എത്തിച്ചേർന്നത്. അവികസിത സമ്പദ്വ്യവസ്ഥകൾക്ക് അനുകൂല ഘടകമായി വർത്തിക്കുന്ന തൊഴിൽ ശക്തിയെ പിന്തുണയ്ക്കുന്നതിനുപകരം മാറ്റിസ്ഥാപിക്കുമെന്ന ഭീഷണി ഉയർത്തുന്നതിലൂടെ വികസ്വര സമ്പദ്വ്യവസ്ഥകളിലെ തൊഴിൽ മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്ക് ഇത് ഇടവരുത്തും. ചുരുക്കത്തിൽ, AI മൂലധനത്തെ ശാക്തീകരിക്കുകയും അധ്വാനത്തെ നശിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല അതിവൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അനുകൂലമായി വർത്തിക്കുകയും, ശരാശരി തൊഴിലാളിയുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുകയും ചെയ്യുന്നു.
സാമ്പത്തിക അസമത്വവുമായി ബന്ധപ്പെട്ട് മാത്രമല്ല Al ഉയർത്തുന്ന ആശങ്കകൾ നില നിൽക്കുന്നത്. ഞാൻ “മെറ്റാഫിസിക്കൽ അസമത്വ” മെന്ന് പരിചയപ്പെടുത്തുന്ന അത്യന്തം ദുഷ്കരമായ പ്രതിസന്ധിയിലേക്ക് അവ വഴിവെക്കുന്നുണ്ട്. സാമ്പത്തിക അസമത്വത്തിൽ നിന്ന് വ്യത്യസ്തമായി, മെറ്റാഫിസിക്കൽ അസമത്വം മനുഷ്യന്റെ ഓന്തോളജിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇപ്പോൾ തന്നെ AI-യുടെ വിനാശകരമായ സ്വാധീനം ഒരു വ്യക്തിയുടെ സാധാരണ വ്യക്തിത്വത്തിനും യഥാർഥ വ്യക്തിത്വത്തിനുമിടയിൽ വർധിച്ചു കൊണ്ടേയിരിക്കുന്ന അന്തരത്തെ സൃഷ്ടിച്ചിട്ടുണ്ട്.
ഇസ്ലാമിക ചിന്തയിൽ, മനുഷ്യന്റെ ബുദ്ധി, പെരുമാറ്റ ചായ്വുകൾ, പ്രവണതകൾ, ഉൾപ്രേരണകൾ, സഹജവാസനകൾ, പ്രചോദനങ്ങൾ എന്നിവയൊക്കെ ഉൾക്കൊള്ളുന്നതാണ് സാധാരണ വ്യക്തിത്വം (നഫ്സ്). പ്രലോഭനങ്ങൾക്കും യുക്തിരഹിതമായ ചിന്തകൾക്കും വിധേയപ്പെടുന്ന മാനുഷികമായ ദുർബലതയെയും ഇത് അടയാളപ്പെടുത്തുന്നുണ്ട്. അതേ സമയം, “യഥാർഥ വ്യക്തിത്വത്തെ” ഒരു വ്യക്തിയുടെ കലർപ്പില്ലാത്ത ശുദ്ധ പ്രകൃതം എന്നർഥം വരുന്ന ഖുർആനിക പദമായ “ഫിത്റ” എന്ന പദത്തെ അടിസ്ഥാനപ്പെടുത്തിയാണ് പലപ്പോഴും മനസ്സിലാക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാൽ, ദൈവത്തിന്റെ ഏകത്വത്തെ (തൗഹീദ്) അംഗീകരിക്കുന്ന ഒരു വ്യക്തിയുടെ സഹജവും, ദൈവം തന്നെ നൽകിയതുമായ വ്യക്തിത്വത്തെയാണ് ഫിത്റ കൊണ്ട് അർഥമാക്കുന്നത്. ഭൗതിക ജീവിതത്തിലെ നിരന്തരമായ വ്യവഹാരങ്ങളിൽ നിമഗ്നനാവുന്നതിനാൽ , ഫിത്റയുടെ പ്രകടമായ രൂപം ക്രമേണ നഷ്ടമാകുമെങ്കിലും ഫിത്റയുടെ അടയാളപ്പെടുത്തലോടു കൂടി തന്നെയാണ് എല്ലാവരും ജനിക്കുന്നത് എന്നാണ് ഇസ്ലാമിന്റെ അധ്യാപനം.
നമ്മുടെ ജീവിത ചുറ്റുപാടുകളെ AI- സഹായത്തോടെയുള്ള സാങ്കേതികവിദ്യകൾക്ക് അനുസൃതമായി ക്രമപ്പെടുത്തപ്പെടുന്ന ഈ കാലഘട്ടത്തിൽ, ആളുകൾ സ്വന്തത്തേയും അവരുടെ അഭിലാഷങ്ങളെയും നിർവചിക്കുന്നത് യന്ത്രങ്ങളുടെ പുരോഗതിയെയും നേട്ടങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ്. മാത്രമല്ല AI-യുമായുള്ള താരതമ്യപ്പെടുത്തലുകളിലൂടെ തന്റെ ധൈഷണിക വിലാസത്തെ നിസ്സാരവത്ക്കരിക്കുന്നതിലും തരംതാഴ്ത്തുന്നതിലും ആശങ്കപ്പെടാൻ പോലും അവന്ന് സാധ്യമാവാതെ വരുന്നു. കമ്പ്യൂട്ടറിനെ രൂപപ്പെടുത്തിയത് മനുഷ്യനായിട്ട് പോലും “നിങ്ങളുടെ മസ്തിഷ്കം കമ്പ്യൂട്ടർ സമാനമായി പ്രവർത്തിക്കുന്നു” എന്നതുപോലുള്ള ഉപചാരക വാക്യങ്ങൾ നമുക്ക് പലപ്പോഴും കേൾക്കേണ്ടതായി വരുന്നു. വ്യക്തിത്വത്തിന്റെ പരിധിയിൽ യുക്തി, അവബോധം, ഗ്രഹണ ശക്തി, ജ്ഞാനം, ധാർമ്മിക മനഃസാക്ഷി, സൗന്ദര്യ ബോധം എന്നിവയെല്ലാം ഉൾപ്പെട്ടിരിക്കണമെന്നതാണ് യാഥാർഥ്യമെങ്കിലും ഇതോടെ മനുഷ്യ ധൈഷണികതയെ അതിന്റെ വിശകലന പ്രവർത്തനങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെടുന്നു. AI- ആധിപത്യം നിലനിൽക്കുന്ന ലോക ക്രമത്തിൽ, ബൗദ്ധികത എന്നത് യാന്ത്രികമായ അപഗ്രഥന പ്രവർത്തനത്തെ മാത്രമാണ് അർഥമാക്കുന്നത്. അത് കൊണ്ട് തന്നെ, AI വൃന്ദത്തെ സംബന്ധിച്ചിടത്തോളം, ” നൈസർഗിക ബുദ്ധി” ക്കും “കൃത്രിമ ബുദ്ധി” ക്കും ഇടയിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഒന്നും തന്നെ നിലനിൽക്കുന്നില്ല. ചുരുക്കത്തിൽ, മനുഷ്യൻ കമ്പ്യൂട്ടറുകളിലേക്കും അൽഗോരിതങ്ങളിലേക്കും പരിമിതപ്പെടുന്നു.
ഫിത്റയിൽ നിന്ന് നമ്മെ വേർപ്പെടുത്തുന്നതിലൂടെ എങ്ങനെയാണ് AI മെറ്റാഫിസിക്കൽ അസമത്വത്തിന് കാരണമാകുന്നതെന്ന് ഇതിലൂടെ വളരെ ലളിതമായി മനസ്സിലാക്കാനാകും. ഇതോടെ ജ്ഞാനം, ആത്മീയ പൂർണ്ണത തുടങ്ങിയ സംജ്ഞകളെ ഉൾകൊള്ളാൻ ഇടങ്ങളില്ലാതാവുന്നു. ഈ രംഗത്ത് AI യുടെ പരിമിതികളെ തിരിച്ചറിയേണ്ടതും പ്രധാനമാണ്, ഉദാഹരണമായി നമ്മുടെ ഫിത്റയെയോ യഥാർഥ മാനവികതയോ അനുകരിക്കാൻ ഒരിക്കലും Al ക്ക് സാധ്യമാകില്ല.
അത് കൊണ്ട് തന്നെ മനുഷ്യ പ്രകൃതത്തെ കുറിച്ചുള്ള ഖുർആനിന്റെ വീക്ഷണം സാധുവാകുന്ന പക്ഷം മനുഷ്യ വ്യക്തിത്വത്തിന്റെ പരിമിതമായ ഒരു വശത്തെ മാത്രമാണ് അഥവാ മനുഷ്യന്റെ വിശകലന ബുദ്ധിയെ മാത്രമാണ് Al ക്ക് അനുകരിക്കാനാവുന്നത്. AI തൽപരരുടെ മനുഷ്യ സമാനമായ AI യെ വികസിപ്പിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് തന്നെ, മനുഷ്യൻ വെറും ജൈവിക യന്ത്രങ്ങൾ മാത്രമാണന്ന അനുമാനത്തോടെയാണ്. ആത്മീയ അഭിലാഷങ്ങളൊന്നുമില്ലാത്ത വൈകാരികത മാത്രമുള്ള മൃഗങ്ങളായി മനുഷ്യനെ താരം താഴ്ത്തുന്നത് കൊണ്ട് തന്നെ ഇത്തരം വീക്ഷണങ്ങളിൽ നില നിൽക്കുന്ന ധാർമ്മിക പ്രശ്നങ്ങളെ നിസ്സാരവത്കരിക്കാനാവില്ല.
AI നിർമ്മാണ ചുമതലയുള്ള AI ഗവേഷകർ തങ്ങളുടെ നൂതന നിർമ്മിതിയുടെ ധാർമ്മിക പ്രശ്നങ്ങളെ കുറിച്ച് തീർത്തും നിസ്സംഗരാണന്നതാണ് യഥാർഥത്തിൽ നമ്മെ ആശ്ചര്യപ്പെടുത്തുന്നത്. AI-യെ ചുറ്റിപ്പറ്റിയുള്ള ധാർമ്മിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതരായാൽ “മനുഷ്യ സമാനമായ ഒരു യന്ത്രം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ജോലി” എന്നതായിരിക്കും അവർക്ക് പറയാനുള്ളത്. നമ്മുക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ശാസ്ത്രവും ഗണിതവും ഉപയോഗപ്പെടുത്തി പണ്ടോറയുടെ പെട്ടി തുറക്കുകയും അത് വഴിവെക്കുന്നതിന്റെയൊന്നും ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്നതിന് സമാനമാണിത്. Al വിദഗ്ധന്മാർ കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെ ലോകത്തിലെ ‘എല്ലാ വലിയ പ്രശ്നങ്ങളും സാങ്കേതികവിദ്യയാൽ പരിഹരിക്കപ്പെടും’ എന്നത്പോലുള്ള സർവ സാധാരണമായ സങ്കല്പങ്ങളെ നിരന്തരം പ്രോത്സാഹിപ്പിക്കുന്നതായിട്ടാണ് പലപ്പോഴും നമുക്ക് കേൾക്കേണ്ടി വരുന്നത്. മനുഷ്യബുദ്ധിക്ക് വിശകലനം ചെയ്യാനാവാത്തതൊക്കെ AI- ഉപയോഗപ്പെടുത്തിയുള്ള സാങ്കേതികവിദ്യയ്ക്ക് സാധ്യമാകും. രോഗവും ദാരിദ്ര്യവും ഇല്ലായ്മ ചെയ്യാനും പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിലേക്കും പുരോഗതികളിലേക്കും മറ്റും വഴി നടത്താനും Ai ടെക്നോളജിക്ക് സാധ്യമാകും.
എന്നാൽ AI, യാഥാർഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ വളച്ചൊടിക്കുന്നു എന്നതാണ് സത്യം. ഒരു വെർച്വൽ ലോകം സൃഷ്ടിക്കുന്നതിനെ കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നതോടപ്പം പ്രകൃതിയുമായുള്ള ബന്ധങ്ങളിൽ നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്നതിലൂടെ കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങളെ കൂടുതൽ അപകടകരമാക്കുകയാണ് Al ചെയ്യുന്നത്. പ്രകൃതിയെയും മനുഷ്യനെയും കുറിച്ചുള്ള യാന്ത്രികമായ വീക്ഷണത്തെ അത് സ്ഥാപിച്ചെടുക്കുകയും ചെയ്യുന്നു. മാത്രമല്ല, എല്ലാ സാങ്കേതികവിദ്യകളെയും പോലെ, AI യും പ്രകൃതിയെയും മനുഷ്യരെയും നിർവഹണപരമായ ഉപയോഗത്തിലേക്കോ അല്ലെങ്കിൽ ഹൈഡെഗർ വിളിക്കുന്ന “enframing” എന്നതിലേക്കോ മാത്രം. പരിമിതപ്പെടുത്തുന്നു.
അത് കൊണ്ട് തന്നെ തത്വചിന്തകർ, സാമ്പത്തിക വിദഗ്ധർ, സാമൂഹ്യശാസ്ത്രജ്ഞർ എന്നിവരൊക്കെ ഉൾകൊള്ളുന്ന IPCC (ദി ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) മാതൃകയിലുള്ള ആഗോള നിരീക്ഷണ സംഘടനകളാണ് നമുക്കാവശ്യം. ഇതിനെ നിസ്സാര കാര്യമായല്ല മനസ്സിലാക്കേണ്ടത്.. പ്രമുഖ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ Yoshua Bengio ഇതിനകം തന്നെ AI യുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ഭീഷണികളെ ആണവായുധങ്ങളുമായി താരതമ്യം ചെയ്തിട്ടുണ്ട്. നമുക്ക് വേണ്ടത് കൂടുതൽ നിയന്ത്രണങ്ങളും സാങ്കേതികവിദ്യയുടെ നിയന്ത്രിത ഉപയോഗവുമാണ്. അതിനൊക്കെ പുറമെ മനുഷ്യനാവുക എന്നതിന്റെ യഥാർഥ അർഥ തലങ്ങളെ കുറിച്ചും, ദൈവത്തിന്റെ ഫിത്റയിൽ നിർമ്മിതമായ ആത്മീയവും അതിഭൗതികവുമായ അസ്തിത്വത്തിൽ നിന്ന് കൊണ്ട് തന്നെ എന്തൊക്കെ നമുക്ക് കൈവരിക്കാനാവും എന്നതിനെ കുറിച്ചുമൊക്കെ ബോധ്യമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്താൻ മാനവിക മൂല്യങ്ങളുൾക്കൊള്ളുന്ന വിദ്യാഭ്യാസത്തെ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
വിവ: അബ്ദുൽ ബാസ്വിത് മൈത്ര