വിദ്യാഭ്യാസത്തെയും അതിന്റെ പ്രത്യുല്‍പാദനയിടങ്ങളെയും ലക്ഷ്യങ്ങളെയും സംബന്ധിച്ചുള്ള ആലോചനകളും വ്യവഹാരങ്ങളും യൂറോകേന്ദ്രിതമായി നിലകൊള്ളുന്ന ഘട്ടത്തില്‍ ഗൗരവകരമായ പ്രതിവ്യവഹാരങ്ങളും പുനരാഖ്യാനങ്ങളും നിര്‍മ്മിക്കുന്നത് വളരെ ആവശ്യമാണ്. പടിഞ്ഞാറ് ഉല്‍പാദിപ്പിച്ച് കോളനിവല്‍കൃത ദേശങ്ങളില്‍ ബോധപൂര്‍വം വിതരണം നടത്തിയ ഒരു ആശയമാണ് ആധുനികത. നിയതമായ നിര്‍വചനത്തിനു പോലും കഴിയാത്ത വിധം സങ്കീര്‍ണ്ണമായ ഒരു സംജ്ഞയായി അതു നിലകൊള്ളുന്നു. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പിറവികൊണ്ട ജ്ഞാനോദയ മുന്നേറ്റങ്ങളും നവോത്ഥാന ചിന്തകളും പരിശ്രമങ്ങളും കോളനിവല്‍ക്കരണ പ്രക്രിയകളിലൂടെ ദേശാന്തരാഗമനം നടത്തി ഇരുപതാം നൂറ്റാണ്ടോടുകൂടെ ദിഗന്തങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. അതായത് ആധുനികതയും കോളനിവല്‍ക്കരണവും തമ്മിലുള്ളത് പരസ്പരാശ്രിതത്വ ബന്ധമാണ്. യൂറോപ്യന്‍ പ്രബുദ്ധതയുടെ ഉല്‍പന്നമായ സാമൂഹ്യപരിവര്‍ത്തനം ആയിട്ടാണ് ഇന്നതു നിര്‍വചിക്കപ്പെടുന്നത്. ‘യുക്തിചിന്തയിലും ശാസ്ത്രീയതയിലും വസ്തുനിഷ്ഠതയിലും മതേതരത്വത്തിലുമൊക്കെ അടിസ്ഥാനപ്പെട്ട സാമൂഹ്യവികസനത്തെയാണ് ആധുനികത കൊണ്ടര്‍ഥമാക്കുന്നത്. കൊളോണിയലിസവും വ്യവസായവല്‍കരണവും ദേശരാഷ്ട്ര സങ്കല്പവും അതിന്റെ ഭാഗമായിരുന്നു. (മലയാളം volume 01: No.07)
മതകീയ വലയങ്ങളെ ഭേദിച്ച് അന്ധവിശ്വാസങ്ങളില്‍ നിന്നു മോചനം നേടി സയുക്തിക വിചാരമാതൃകയായി ജ്ഞാനോദയ ചിന്തയെ പാശ്ചാത്യ ചിന്തകര്‍നോക്കികണ്ടു. ശാസ്ത്രം ഉല്‍പാദിപ്പിക്കുന്ന പൊതുതത്വങ്ങളാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്നും മതത്തിന്റെയും മിത്തുകളുടെയും അയുക്തികമായ ഉടയാട ഉരിയണമെന്നും അത് ഉദ്‌ഘോഷിക്കുന്നു. ഇന്നു ആധുനികതയെന്ന് വിളിക്കുന്നത് പാശ്ചാത്യ പ്രബുദ്ധതയുടെ സന്തതിയാണെന്നും അത് നവോത്ഥാനന്തര സമൂഹത്തിന്റെ സൃഷ്ടിയാണെന്നും പൗലോസ്മാര്‍ ഗ്രിഗോറിയസ് ഭാഷാപോഷിണിയില്‍ എഴുതിയ ‘പാശ്ചാത്യ പ്രബുദ്ധതയും ആധുനികോത്തരതയും’ എന്ന പ്രബന്ധത്തില്‍ നിരീക്ഷിക്കുന്നു.
യൂറോപ്യന്‍ പ്രബുദ്ധതയുടെ ഉല്‍പന്നമായി ആധുനികതയെ കാണുന്ന പാശ്ചാത്യന്‍ ചിന്തകര്‍ അതുകൊണ്ടുതന്നെ ആധുനികതയെ നിര്‍വചിക്കുന്നത് അയുക്തികവും അസംഗതവുമായ സര്‍വതിന്റെയും ആഴിയില്‍ നിന്നും മനുഷ്യനെ വെളിച്ചത്തിലേക്ക് നയിച്ച സ്ഥാപനങ്ങളുടെ നിയമമെന്നാണ്.
ഇത് അനിവാര്യമായ ഒരു അപരനെ സൃഷ്ടിക്കുന്നുണ്ട്. യൂറോപ്യന്‍ ശക്തികളുടെ സാമ്രാജ്യത്വ അജണ്ട നടപ്പാക്കാന്‍ ഇത്തരമൊരു അപരനിര്‍മ്മിതി ബോധപൂര്‍വം നിര്‍മ്മിച്ച അവര്‍ ചെയ്തത് ഇതിലൂടെ യൂറോപ്പിന് പുറത്തുള്ളതൊക്കെ ഇരുളടഞ്ഞ സംസ്‌കാരശൂന്യരായ യുക്തിരഹിതരായ മനുഷ്യരാണെന്ന് എളുപത്തില്‍ സ്ഥാപിച്ചെടുക്കുകയാണ്. പടിഞ്ഞാറ് കേന്ദ്രിതമായ ഇത്തരം ആഖ്യാനങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും ധാരാളം വിമര്‍ശനങ്ങളും പ്രതിവ്യവഹാരങ്ങളും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ കോളനിവല്‍കൃത പ്രദേശങ്ങളില്‍ പടിഞ്ഞാറിന്റെ മേല്‍ക്കോയ്മ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ വേണ്ടവിധത്തിലുള്ള ശ്രദ്ധ അവക്ക് ലഭിക്കാതെ പോകുന്നു. പൗരസ്ത്യരുടെ സാംസ്‌കാരിക മണ്ഡലത്തെ ആപാദചൂഢം ഗ്രസിച്ച സാംസ്‌കാരിക ധൈഷണിക അധിനിവേശമായി അതിനെ കാണാം.
പടിഞ്ഞാറിന്റെ ഈ വിചാര മാതൃകയില്‍ നിന്നും രൂപമെടുത്ത വിദ്യാഭ്യാസ ആലോചനകളും ചിന്തകളും ഇന്നും നമുക്ക് ശ്രേഷ്ഠവും പരിഷ്‌കൃതവും ആയിത്തീരുന്നതിനുള്ള കാരണം ഈ അധീശത്വമാണ്. ആധുനിക അറിവന്വേഷണ മാര്‍ഗങ്ങളുടെ പരിമിതമായ വൃത്തത്തിനകത്തേക്ക് വിദ്യാഭ്യാസ ചിന്തയെ കൊണ്ടുവരുന്നത് അപ്രയോഗികവും അയുക്തികവുമാണ്. അതിനര്‍ഥം യൂറോപ്പ് സാധ്യമാക്കിയ എല്ലാ നവോത്ഥാന ശ്രമങ്ങളും തിരസ്‌കൃതവും വിമുഷ്ടവുമാണെന്നല്ല. വ്യാവസായിക വിപ്ലവാനന്തരമുണ്ടായ സാമൂഹിക സാമ്പത്തിക മുന്നേറ്റങ്ങളെ ഉള്‍ക്കൊള്ളുമ്പോഴും, യൂറോപ്പിന്റെ അധീശത്വ നടപടികളെ ചോദ്യം ചെയ്യുകയും പശ്ചാത്യരീതികളെ അന്ധമായി അനുകരിക്കുയും ഇതര സമൂഹങ്ങളെ പാശ്ചാത്യ മാതൃക അനുസരിച്ച് പുനഃക്രമീകരിക്കണം എന്നുള്ള ബൃഹത്താഖ്യാനങ്ങളെ പൊളിച്ചെഴുതുകയും അത്തരം വ്യവഹാരങ്ങള്‍ക്ക് പ്രതിവ്യവഹാരങ്ങള്‍ നിര്‍മ്മിക്കുകയുമാണ് ആവശ്യം.
പ്രധാനമായും മതനിരാസത്തിലൂന്നിയുള്ളതാണ് പടിഞ്ഞാറ് പ്രദാനം ചെയ്യുന്ന ആധുനിക വിദ്യാഭ്യാസ ചിന്ത. ആധുനിക വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവെന്നറിയപ്പെടുന്ന ജോണ്‍ ഡ്യൂയിയുടെ വിദ്യാഭ്യാസ ദര്‍ശനങ്ങള്‍ ലോകത്ത് ഏറെ സ്വാധീനമുണ്ടാക്കിയ ഒന്നാണ്. ഹെഗല്‍, മാര്‍ക്‌സ്, ഡാര്‍വിന്‍ എന്നിവരാല്‍ സ്വാധീനിക്കപ്പെട്ടിരുന്ന ജോണ്‍ ഡ്യൂയിയുടെ നിരീക്ഷണം, ചരിത്രാതീത കാലം മുതലെ മനുഷ്യന്‍ തന്റെ ഭയത്തില്‍ നിന്നു മോചനം നേടാന്‍ കണ്ടെത്തിയ ഒരു ആശയം മാത്രമായിരുന്നു ദൈവമെന്നാണ്. സ്വന്തത്തെ രക്ഷിക്കാനായി ഒരു അതിമാനുഷിക ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുവാനുള്ള മനുഷ്യന്റെ ശ്രമം മാത്രമാണ് ദൈവവിശ്വാസമെന്ന് അദ്ദേഹം സമര്‍ഥിച്ചു. ഈയൊരു തട്ടിപ്പില്‍ നിന്നു മനുഷ്യനെ രക്ഷിച്ചെടുക്കാനുള്ള പരിഹാര മാര്‍ഗമായി ജോണ്‍ ഡ്യൂയി നിര്‍ദേശിക്കുന്നത് അവര്‍ക്ക് വ്യവസ്ഥാപിതമായ വിദ്യാഭ്യാസം നല്‍കുക എന്നതു മാത്രമാണ്. ഇത്തരം ദൈവനിരാസത്തിന്റെ വക്താക്കള്‍ നെയ്‌തെടുത്ത വിദ്യാഭ്യാസ പദ്ധതികളില്‍ ഭൗതികവാദത്തിലധിഷ്ഠിതമായ ചിന്തകള്‍ക്കു മാത്രമേ സ്ഥാനമുണ്ടായിരിക്കുകയുള്ളുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. എന്നാല്‍ ഇതു കേവലം ജോണ്‍ ഡ്യൂയില്‍ തുടക്കം കുറിച്ച ഒന്നല്ല. വ്യാവസായിക വിപ്ലവാനന്തരം ഉടലെടുത്ത മധ്യ വര്‍ഗ വിഭാഗത്തിന്റെ വളര്‍ച്ച വിദ്യാഭ്യാസത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചു. നാം ഇന്നു കാണുന്ന മാതൃകയിലുള്ള സ്‌കൂളുകള്‍ക്ക് തുടക്കം കുറിക്കുന്നത് ഈ കാലയളവിലാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഭൗതികവാദ ബുദ്ധിജീവികളുടെ മതനിഷേധത്തിലധിഷ്ടിതമായ ദര്‍ശനങ്ങളുടെ സ്വാധീനം അന്നേ വിദ്യാഭ്യാസ രംഗത്തെ ബാധിച്ചിരുന്നു. ഫ്രഞ്ച് വിപ്ലവാനന്തരം മതമെന്നത് വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നല്ലെന്നും മതേതരങ്ങളായ വിഷയങ്ങളാണ് സ്‌കൂളുകളില്‍ പഠിപ്പിക്കപ്പെടേണ്ടതുമെന്ന ധാരണ ശക്തമായി. ഇതു മതത്തെ വ്യവസ്ഥാപിത വിദ്യാഭ്യാസ പ്രക്രിയക്ക് പുറത്തു നിര്‍ത്താന്‍ ഭൗതികശാസ്ത്രം,രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങള്‍ മതേതരവല്‍ക്കരിക്കപ്പെടുകയും, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ ദേശീയവല്‍ക്കരിക്കപ്പെടുകയും ചെയ്തു.
ആധുനിക വിദ്യാഭ്യാസ നയങ്ങളുടെയും ലക്ഷ്യങ്ങളുടെയും രീതികളുടെയും പരിമിതികളെക്കുറിച്ചും അപകടങ്ങളെ കുറിച്ചും പല ചിന്തകരും സുദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസ നയങ്ങളെയും രീതികളെയും വിമര്‍ശനാത്മകമായി സമീപിക്കുകയും പടിഞ്ഞാറന്‍ ആധുനികതയിലൂന്നിയുള്ള സ്ത്രീവിദ്യാഭ്യാസ ആലോചനകളുടെ പരിമിതികളെയും അതുയര്‍ത്തുന്ന സാമൂഹിക പ്രത്യാഘാതങ്ങളെയും അതില്‍ ഒളിഞ്ഞിരിക്കുന്ന അധീശത്വ അജണ്ടകളെയും പഠനവിധേയമാക്കുന്ന ഒരു എളിയ അന്വേഷണമാണ് ഈ പഠനം. ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജ്ഞാന സമ്പാദന മാര്‍ഗവും അറിവിന്റെ പ്രത്യുല്‍പാദനക്ഷമതയും ഇടങ്ങളും സംവാദാത്മകമായി സമീപിക്കുകയും ചെയ്യുന്നു.
മേല്‍ നിര്‍വചിക്കപ്പെട്ട യൂറോകേന്ദ്രിത ആധുനികതയുടെ വിചാര മാതൃകയില്‍ നിന്നും വിദ്യാഭ്യാസ പ്രക്രിയയെ അഴിച്ചെടുക്കണമെന്നും രൂപപ്പെടുത്തണമെന്നുമുള്ള അധിനിവിഷ്ട സമൂഹത്തില്‍ വേരൂന്നിയിട്ടുള്ള ചിന്ത ധൈഷണിക അടിമത്വത്തെയും കീഴ്‌പ്പെടലിനെയുമാണ് അര്‍ഥമാക്കുന്നത്.
ആധുനിക വിദ്യാഭ്യാസത്തെ അതിന്റെ താത്വികാടിത്തറയില്‍ നിന്നു തന്നെ പല ചിന്തകരും പ്രശ്‌നവല്‍ക്കരിച്ചിട്ടുണ്ട്. ഗാന്ധിയും സ്വാമി വിവേകാനന്ദനും അത്തരക്കാരില്‍ പ്രധാനികളാണ്. അക്ഷരാഭ്യാസത്തിനപ്പുറം മനുഷ്യന്റെ ധാര്‍മ്മിക സാംസ്‌കാരിക വികാസത്തിനു ഊന്നല്‍ നല്‍കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ഗാന്ധി മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം. പടിഞ്ഞാറ് കൊണ്ടുവന്ന സര്‍വതിനെയും കണ്ണടച്ചു വിമര്‍ശിക്കുന്ന തീവ്ര പാരമ്പര്യ വാദിയായിരുന്നില്ല വിവേകാനന്ദന്‍, മറിച്ച് പദാര്‍ഥ കേന്ദ്രിതമായ ചിന്താ ധാരയെയാണ് അദ്ദേഹം പ്രശ്‌നവല്‍ക്കരിക്കുന്നത്. അതായത്, കേവല അക്ഷരസാഹിത്യ അഭ്യാസത്തേക്കാള്‍ പ്രധാനമായത് ഓരോ വിദ്യാര്‍ഥിയിലും ആന്തരികവല്‍കൃതമാവേണ്ട ധാര്‍മ്മിക മൂല്യങ്ങളും ജീവിതസാഹചര്യങ്ങളോടു ഏറ്റുമുട്ടാന്‍ പര്യപ്തമാകുന്ന വിദ്യാഭ്യാസവുമാണ്. ഇന്ന് നാം കാണുന്ന വിദ്യാഭ്യാസ പ്രക്രിയ നിരവധി ഘട്ടങ്ങളിലൂടെ പരിണമിച്ച് രൂപാന്തരീകരിച്ചതാണ്. കാലിക സ്ഥാപിക വൈവിധ്യങ്ങള്‍ അതിന്റെ ഘടനയിലും ലക്ഷ്യങ്ങളിലും കാണാം. ഉദാഹരണത്തിന്, പുരാതനകാലത്ത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ദിനേനയുള്ള ഭക്ഷണം കണ്ടെത്തുക. തനിക്കും കുടുംബത്തിനും വേണ്ട പാര്‍പ്പിടം തയ്യാറാക്കുക, ശരീരം മറക്കാന്‍ ഉതകുന്ന രീതിയില്‍ വസ്ത്രം കണ്ടെത്തി തയ്യാറാക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു പ്രധാന പാഠ്യവിഷയങ്ങള്‍. പിന്നീട് മനുഷ്യര്‍ നാഗരിക വളര്‍ച്ച പ്രാപിച്ചപ്പോള്‍ ആവശ്യങ്ങളും കൂടി വന്നു. ഈ ആവശ്യങ്ങളെ നിറവേറ്റാനുള്ള മാധ്യമങ്ങളും വ്യത്യസ്തമായി. സമൂഹങ്ങള്‍ കൂടുമ്പോള്‍ സ്വാഭാവികമായും ഉണ്ടാവുന്ന സംഘട്ടനങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നീതിന്യായ വ്യവസ്ഥയും സൈനിക പരിശീലനവും പഠിക്കേണ്ടതായിവന്നു.
ധാര്‍മ്മിക വിദ്യാഭ്യാസത്തിനു മാത്രമാണ് വ്യക്തിയുടെ സ്വഭാവത്തെ വിമലീകരിച്ച് ആത്മസംസ്‌കരണം സാധ്യമാക്കാനാവുക. അടിസ്ഥാനപരമായി ഈ ആത്മസംസ്‌കരണ പ്രക്രിയ മതങ്ങള്‍ക്കു മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. മതനിരപേക്ഷ നൈതിക വിചാരമെന്നത് മിഥ്യയാണ്. മതേതരമായ ധര്‍മ്മവിചാരങ്ങളും മൂല്യ ചിന്തകളും എല്ലായ്‌പ്പോഴും മതാനുരൂപമാണ്. കാലാന്തരങ്ങളില്‍ മനുഷ്യര്‍ അനുശീലിച്ച് പോന്ന മതമൂല്യങ്ങളെ സ്വാഭാവികമായി സ്വാംശീകരിച്ചാണ് മതേതര ദര്‍ശനങ്ങള്‍ എത്തിക്‌സിനെ രൂപപ്പെടുത്തിയത്. മതമുക്തമായ ധര്‍മ്മനീതിയെന്ന് അവകാശപ്പെടുന്ന മതനിരപേക്ഷ ധര്‍മ്മ നീതി ചിന്താധാരകള്‍ എല്ലാ ധര്‍മ്മ വിചിന്തനങ്ങളും പ്രവര്‍ത്തനങ്ങളും പ്രകൃത്യാ മതസമീപനങ്ങളോ അതല്ലെങ്കില്‍ മതാനുരൂപമായതോ ആണെന്നു തെളിയിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് അലിജാ അലി ഇസ്സത് ബെഗോവിച് തന്റെ Islam Between East And West എന്ന ഗ്രന്ഥത്തില്‍ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ആധുനിക അറിവന്വേഷണ രീതിശാസ്ത്രത്തില്‍ ഇത്തരം ധാര്‍മ്മിക ജ്ഞാന വ്യവഹാരങ്ങള്‍ക്ക് ഒരു ഇടവും നല്‍കുന്നില്ല. പ്രശസ്ത അനുഭവൈകവാദി (empiricist)യായിരുന്ന ഡേവിഡ് ഹ്യൂം (1711 – 1776) പ്രപഞ്ചത്തിന്റെ സംവിധാന ക്രമത്തില്‍ ദൈവത്തിന്റെ കരങ്ങള്‍ ദര്‍ശിക്കാനാവുമെന്ന മതങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്നു. സദാചാരത്തിനു പ്രകൃതിദത്തമായ യാതൊരു അടിത്തറയുമില്ലെന്നും ഏതെങ്കിലും ധാര്‍മ്മിക ദാര്‍ശനിക തത്വങ്ങളുടെ അടിസ്ഥാനത്തില്‍ സദാചാരത്തെ വിലയിരുത്തുക അസാധ്യമാണെന്നും അതു സാധ്യമാകുന്നത് അനുഭവജ്ഞാനങ്ങളിലൂടെ മാത്രമാണെന്നും അദ്ദേഹംസമര്‍ഥിക്കുന്നു. ഉത്തരാധുനിക തത്വശാസ്ത്രത്തില്‍ ഇതിന് ധാരാളം വിമര്‍ശനങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ, നേരത്തെ ഈ ചിന്തയില്‍ രൂപപ്പെട്ട വിദ്യാഭ്യാസ ചിന്തകളെ അത്തരം വിമര്‍ശനങ്ങള്‍ക്കു മറികടക്കാന്‍ കഴിഞ്ഞിട്ടില്ല.
സ്ത്രീ വിദ്യാഭ്യാസം, ഇസ്‌ലാം
ഒന്നാമതായി, വിദ്യ അഭ്യസിക്കുന്നതില്‍ നിന്നും അതു പ്രത്യുല്‍പാദനം നടത്തുന്നതില്‍ നിന്നും ഏതെങ്കിലും ഒരു വിഭാഗത്തെ മാറ്റിനിര്‍ത്തുന്ന ജാതീയ വ്യവസ്ഥ പോലുള്ള ബഹിഷ്‌കരണ സ്ഥാപനങ്ങള്‍ ഇസ്‌ലാമിലില്ല. ഇസ്‌ലാമിലെ ഏറ്റവും പവിത്രത കല്പിക്കപ്പെടുന്ന ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്‍ മുസ്‌ലിമായ ശുദ്ധിയുള്ള ആര്‍ക്കും ഓതാനും പഠിക്കാനും പറ്റും. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ ഏതു മണ്ഡലവും ആര്‍ക്കും പ്രാപ്യമാണ്. വൈജ്ഞാനിക പ്രബുദ്ധതയുടെ ഉന്നത സ്ഥാനങ്ങള്‍ കീഴടക്കിയ മഹിളാരത്‌നങ്ങളാല്‍ പ്രഫുല്ലമാണ് ഇസ്‌ലാമിക ചരിത്രം. അതതു കാലങ്ങളില്‍ മനുഷ്യര്‍ക്കാവശ്യമായ അറിവുകള്‍ അവര്‍ അഭ്യസിച്ചിരുന്നു. പക്ഷേ വളരെ കണിശവും കൃത്യവും മനുഷ്യ പുരോഗതിക്ക് അനുകൂലവുമാകുന്ന അഭ്യാസന രീതിയായിരുന്നു അവര്‍ അവലംബിച്ചിരുന്നത്. നബി(സ്വ)യുടെ കാലത്ത് സ്ത്രീകള്‍ ഇങ്ങോട്ടു വന്നും നബി(സ്വ) അങ്ങോട്ടു പോയും സ്ത്രീ വിദ്യാഭ്യാസം നടന്നിരുന്നതിനു ധാരാളം ഹദീസുകള്‍ കാണാം. ഈ പ്രവാചക മാതൃക നബി(സ്വ)യുടെ കാലശേഷവും തുടര്‍ന്നുപോന്നു. അങ്ങനെ ലോകപ്രശസ്ത പണ്ഡിത വനിതകളുണ്ടായി. സ്വഹാബത്തിന്റെ കാലത്തും ഇമാം ശാഫി(റ) മുതല്‍ ഇമാം സുബിഷി(റ), സുയൂത്വി(റ), ഇബ്‌നു ഹജര്‍(റ) തുടങ്ങിയ പില്‍ക്കാല പണ്ഡിതന്മാര്‍ക്കും പണ്ഡിത വനിതകളായ ഗുരുശ്രേഷ്ഠര്‍ ഉണ്ടായിരുന്നുവെന്നത് ചരിത്രത്തില്‍ സുവിദിതമാണല്ലോ.
ഇസ്‌ലാമിലെ ഏറ്റവും പവിത്ര ഗ്രന്ഥമായ
ഖുര്‍ആനിന് വ്യാഖ്യാനം എഴുതിയ പണ്ഡിതകള്‍ പോലും സ്ത്രീകളില്‍ ഉണ്ടായി. പ്രശസ്ത മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ആലങ്കിറിന്റെ പുത്രി സൈബുന്നിസാഅ് രചന നടത്തിയ സൈബുത്താഫാസിര്‍, ഖുര്‍ആന്‍ പഠന മേഖലയില്‍ ഇന്ത്യയില്‍ നിന്നുള്ള പണ്ഡിത വനിത നടത്തിയ വൈജ്ഞാനിക സംഭാവനയാണ്. മറ്റിതര വിജ്ഞാന മേഖലകളിലും മഹത് സംഭാവനകള്‍ നടത്തിയ മുസ്‌ലിം പണ്ഡിത വനിതകള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ധാരാളം കാണാം. കേരളത്തില്‍ തന്നെയും മദ്രസ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പ് ഇവിടെ വ്യാപകമായി നടന്നിരുന്ന ഓത്തുപള്ളികളില്‍ പെണ്‍കുട്ടികള്‍ക്ക് സ്ത്രീകള്‍ തന്നെയായിരുന്നു അധ്യാപികമാര്‍. മൊല്ലാപ്പിമാര്‍ എന്നായിരുന്നു അവര്‍ വിളിക്കപ്പെടാറ്. പിന്നീട് ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ പടിഞ്ഞാറിന്റെ ചിന്താവൈകല്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ലിംഗസമത്വ നയത്തിലൂന്നിയുള്ള മിക്‌സഡ് സ്‌കൂളുകള്‍ നിലവില്‍ വരികയും അവിടങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിക്‌സഡ് ക്ലാസ് മുറികള്‍ കലര്‍ന്ന് പഠിക്കുന്നത് വ്യാപകമാവുകയും ചെയ്തു. ഇസ്‌ലാമിക പ്രമാണങ്ങളുമായി യാതൊരു വിധത്തിലും യോജിച്ചു പോവാത്ത ഇത്തരം ഘട്ടങ്ങളില്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് വിദ്യ അഭ്യസിക്കാന്‍ പറ്റിയ ഇടങ്ങള്‍ ഇല്ലാതാക്കപ്പെട്ടു. സ്വാഭാവികമായും മുസ്‌ലിം സ്ത്രീകള്‍ വിദ്യാഭ്യാസ മേഖലയില്‍ പിന്നോട്ടു പോയി. ഇത്തരം ഘട്ടങ്ങളെ തരണം ചെയ്യാനും മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് പൂര്‍ണ്ണ മതകീയ ചുറ്റുപാടില്‍ വിദ്യ അഭ്യസിക്കാനുമുള്ള ഇടങ്ങള്‍ സ്ഥാപിക്കപ്പെടാനുള്ള ശ്രമങ്ങള്‍ നടന്നു. സമസ്തയുടെ മുന്‍ ജനറല്‍ സെക്രട്ടറി പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാർ പെണ്‍കുട്ടികള്‍ക്ക് മാത്രമായി സംവിധാനിച്ച മദ്രസത്തുല്‍ ബനാത്തിന് സമസ്ത അംഗീകാരം (രജിസ്റ്റര്‍ നമ്പര്‍ രണ്ട്) നല്‍കി. കുറച്ചുകാലങ്ങള്‍ക്ക് ശേഷമാണെങ്കിലും പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഉന്നത പഠനം നടത്താന്‍ പര്യാപ്തമായ വിദ്യാപീഠങ്ങളും നമ്മുടെ നാട്ടില്‍ വ്യാപകമായി. പെണ്ണിന് അവളുടെ ഇടങ്ങളില്‍ ഏറ്റവും ക്രിയാത്മകമായ വിദ്യാഭ്യാസം എന്നതാണ് മുസ്‌ലിം പണ്ഡിതന്മാര്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപാട്. എല്ലാ ഡിസിപ്ലിനുകളും എല്ലാവരും പഠിക്കുക എന്ന അശാസ്ത്രീയ കാഴ്ചപാട് ഉലമാക്കള്‍ക്കില്ല. അതിലൂടെ സംഭവിക്കുന്നത് സമയ ഊര്‍ജ്ജ നഷ്ടവും അനാവശ്യമായ ധന വിനിയോഗവുമാണ്. ആധുനികപാഠശാലകള്‍ സമൂഹത്തെ അരാജകത്വത്തിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ച് മഹാത്മ ഗാന്ധിയെ പോലുള്ള പലരും ആകുലപ്പെട്ടിട്ടുണ്ട്. (അ)രാഷ്ട്രീയ അക്രമങ്ങളുടെയും ലൈംഗിക അരാജകത്വങ്ങളുടെയും കേന്ദ്രങ്ങളായി വളര്‍ന്നുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ രാജ്യത്തിന്റെ തന്നെ തകര്‍ച്ചക്കാണു വഴിയൊരുക്കുന്നത്. ഉദാര ലൈംഗിക വീക്ഷണവും പരക്ഷേമകാംക്ഷയില്ലാത്ത വ്യക്തി സ്വതന്ത്ര കാഴ്ച്ചപ്പാടും കലാലയ മുദ്രകളായിമാറുന്നു.
മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം കൃത്യമായ നിയമങ്ങളും നിര്‍ദേശങ്ങളുമാണ് അവനെ വഴിനടത്തുന്നത്. ജൈവികമായി സ്ത്രീയും പുരുഷനും തുല്യരല്ല. ഇരുവര്‍ക്കും വ്യത്യസ്ത ബാധ്യതകള്‍ സമൂഹത്തില്‍ നിറവേറ്റാനുണ്ട്. അതിനനുയോജ്യമായ വിദ്യാഭ്യാസ പ്രക്രിയയും ആവശ്യമാണ്. സ്ത്രീകള്‍ക്ക് വിദ്യ അഭ്യസിക്കുന്നതില്‍ നിന്ന് യാതൊരു വിലക്കും ഇസ്‌ലാം ഏര്‍പ്പെടുത്താത്തത് പോലെ ഏറ്റവും അനുയോജ്യമായ രൂപത്തില്‍ ജ്ഞാനാര്‍ജനം നടത്താനും ഇസ്‌ലാം ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അന്യോന്യം കണ്ടു പഠിക്കേണ്ട സാഹചര്യം ഉണ്ടാകുന്നതിനെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു: ‘ആണിനും പെണ്ണിനും അധ്യാപകരായി ഉണ്ടാവേണ്ടത് ഒന്നുകില്‍ യോഗ്യരായ മഹ്‌റമുകളോ അല്ലെങ്കില്‍ സ്വവര്‍ഗത്തില്‍ പെട്ടവരോ ആണ്. ഇവരുടെ അഭാവത്തില്‍ നിര്‍ബന്ധമായും മതത്തില്‍ പഠിക്കേണ്ട വാജിബ് ഐനിയായ (വ്യക്തി നിര്‍ബന്ധ ബാധ്യത) കാര്യങ്ങളിലും ഒരാളില്‍ നിക്ഷിപ്തമാവുന്ന (തഅയ്യുന്‍ ) സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ വാജിബ് കിഫാഇയ്യായ (സാമൂഹ്യ നിര്‍ബന്ധ ബാധ്യത) കാര്യങ്ങളിലും മാത്രമാണ് പരസ്പരം കണ്ടുകൊണ്ടുള്ള വിദ്യാഭ്യാസം അനുവദനീയമാവുക. അതുതന്നെ മറയുടെ പിന്നില്‍ ആവുന്നതിന് പ്രയാസം നേരിടുന്ന പക്ഷം മാത്രം. എന്നാല്‍ ഫര്‍ള് കിഫായയും സുന്നത്തും ഇതില്‍പെടുമെന്ന് അഭിപ്രായപെട്ട പണ്ഡിതരുമുണ്ട്. മേല്‍ പറഞ്ഞ എല്ലാ നിബന്ധനകളും പൂര്‍ണ്ണമായും പാലിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ വീടുവിട്ട് പുറത്തുപോയി പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. പൂര്‍ണ്ണമായും ശര്‍ഇയ്യായ വസ്ത്രധാരണം പാലിക്കുക, സുഗന്ധം പൂശി ആകര്‍ഷണീയ വസ്ത്രങ്ങള്‍ ധരിച്ചു പുറപ്പെടാതിരിക്കുക, സ്ത്രീ പുരുഷ സങ്കല്പനം ഒഴിവാക്കുക, തനിച്ച് യാത്രപോകുന്ന അവസരങ്ങള്‍ ഇല്ലാതിരിക്കുക. ഇതിനെല്ലാമുപരി ഒരു നിലക്കുള്ള ഫിത്‌ന പ്രതീക്ഷിക്കുന്ന സാഹചര്യം ഇല്ലാതിരിക്കുക. അതായത് വിദ്യാഭ്യാസം ലക്ഷ്യത്തെ സാധൂകരിക്കുണമെന്നര്‍ഥം.
സ്ത്രീയും കരിയറും; ചില ലിബറല്‍ ആകുലതകള്‍
സമൂഹത്തിന്റെ അടിസ്ഥാനശിലകള്‍ തന്നെ ഇളക്കുന്ന തരത്തിലാണ് ഉത്തരാധുനിക തത്വചിന്തകര്‍ മുന്നോട്ടുവെക്കുന്ന കാഴ്ചപാടുകള്‍ രൂപപെട്ടിട്ടുള്ളത്. പ്രശസ്ത ഫ്രഞ്ച് തത്വചിന്തകന്‍ മിഷേല്‍ ഫൂക്കോയുടെ ഇടപെടലുകള്‍ ഇവയില്‍ പരാമര്‍ശമര്‍ഹിക്കുന്നു. അദ്ദേഹത്തിന്റെ മാഡ്‌നസ് ആന്റ് സിവിലൈസേഷന്‍, ആര്‍ക്കിയോളജി ഓഫ് നോളജ്, ഓര്‍ഡര്‍ ഓഫ് തിങ്ങ്‌സ് തുടങ്ങിയ ഗ്രന്ഥങ്ങളിലൂടെയാണ് ഇത്തരം ആശയങ്ങള്‍ വെളിച്ചം കണ്ടത്. പോസ്റ്റ്‌മോഡേണ്‍ ചിന്തയുടെ അടിസ്ഥാനമായി വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ചിന്തയെ ഇങ്ങനെ സംഗ്രഹിക്കാം. ഒരു പ്രത്യേക സിസ്റ്റത്തിനകത്ത് സംഗതമാകുന്ന ഡിസ്‌കോസാണ് അറിവിനെ നിര്‍മ്മിച്ചെടുക്കുന്നത്. അധികാര കേന്ദ്രങ്ങളാണ് ഇവയുടെ സ്രോതസ്സ്. അങ്ങനെ നോക്കുമ്പോള്‍ ലിംഗം(gender) ഒരു സിസ്റ്റത്തിനകത്ത് മാത്രം സംഗതമാകുന്ന ഒന്നാണ്. ജൈവിക ഘടനയല്ലെന്നര്‍ഥം. ബ്രിട്ടീഷ് തത്വചിന്തകന്‍ ബര്‍ട്രന്റ് റസലും സമാന ആശയം മുന്നോട്ടു വെക്കുന്നു. മാര്‍ക്‌സ്, നീഷെ,ഹെഗല്‍ എന്നിവരാല്‍ പ്രചോദിതയായ ഫ്രഞ്ച് ഫെമിനിസ്റ്റ്
സിമോണ്‍ ഡി ബുവയാണ് ആധുനിക ഫെമിനിസത്തിന് ശക്തമായ ദാര്‍ശനിക അടിത്തറ പാകിയ മറ്റൊരു ഫിലോസഫര്‍. ‘ആരും സ്ത്രീയായി ജനിക്കുന്നില്ല, സാമൂഹ്യ സാഹചര്യങ്ങള്‍ അവളെ സ്ത്രീയാക്കി മാറ്റുകയാണ്’ എന്ന പ്രശസ്ത വാക്യം ഇവരുടേതാണ്. സ്ത്രീയുടെ ജീവശാസ്ത്രഘടന തന്നെ ഒരു അംഗവൈകല്യമാണെന്നും ലൈംഗിക പ്രക്രിയയില്‍ അവള്‍ കേവലം ഒരു ഇര മാത്രമാണെന്നും അതിനാല്‍ തന്നെ വിവാഹം, പ്രസവം, മുലയൂട്ടല്‍ തുടങ്ങി സമൂഹം സ്ത്രീയ്ക്ക് കല്പിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയാണ് സ്ത്രീ യഥാര്‍ഥത്തില്‍ ചെയ്യേണ്ടതെന്നും ഇവര്‍ തന്റെ ഗ്രന്ഥങ്ങളില്‍ സമര്‍ഥിക്കുന്നു. ഇവരുടെ ചിന്തകള്‍ സ്വതന്ത്ര ലൈംഗികതയില്‍ സ്ത്രീയ്ക്ക് തത്വശാസ്ത്രപരമായ ചട്ടക്കൂട് നിര്‍മ്മിച്ചു നല്‍കി. ധാര്‍മ്മിക രംഗത്തെ മതത്തിന്റെ നിയമങ്ങള്‍ക്കു പകരംവെക്കാവുന്ന ഒന്നായി റസ്സലിന്റെയും സിമോണിന്റെയും സംഭാവനകളെ യുക്തിവാദികള്‍ മനസ്സിലാക്കി.
പടിഞ്ഞാറ് മുന്നോട്ടുവെക്കുന്ന ഈ ഉദാര ലൈംഗിക വീക്ഷണങ്ങള്‍ സമൂഹത്തില്‍ ലൈംഗിക അരാജകത്വവും വലിയ തോതിലുള്ള സാമൂഹിക പ്രശ്‌നങ്ങളും തീര്‍ക്കും എന്നത് അവിതര്‍ക്കസത്യമാണ്. എതിര്‍ ലിംഗങ്ങളില്‍പ്പെട്ട ആളുകളോടുള്ള അപരവിദ്വേഷം കൂടിയാണ് ഇത്തരം ചിന്തകള്‍ പ്രദാനം ചെയ്യുന്നത്. മനുഷ്യ വികാരങ്ങളില്‍പ്പെട്ട ഒരു തീവ്രവികാരമാണ് ലൈംഗികാസക്തി. അവയെ ഏറ്റവും നല്ല അനുവദനീയ നിലയില്‍ മാത്രം ശമിപ്പിക്കുകയും അല്ലാത്ത ഘട്ടങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രണം പാലിക്കുകയുമാണ് വേണ്ടത്.
മനുഷ്യജീവിതത്തിന്റെ സമഗ്ര തലങ്ങളിലും ഇടപെടുന്ന ഒരു ദര്‍ശനം എന്ന നിലയില്‍ സ്ത്രീയുടെ തൊഴിലിടങ്ങളെ (workplace) ക്കുറിച്ചും ഇസ്‌ലാമിന് വ്യക്തമായ ധാരണയുണ്ട്. സ്ത്രീയുടെ ശാരീരിക മാനസിക പ്രകൃതിക്ക് അനുയോജ്യമായ കടമകളും ഉത്തരവാദിത്വങ്ങളുമാണ് അവര്‍ക്ക് ഇസ്‌ലാം നല്‍കിയിട്ടുള്ളത്. ആ ബാധ്യതകളെ നിറവേറ്റാതെ പൊതുയിടങ്ങളിലേക്ക് സ്ത്രീകളെ ആനയിക്കപ്പെടലും പുരുഷബന്ധനങ്ങളില്‍ നിന്നു മുക്തയാകലുമാണ് പുരോഗമനം എന്നു വിശ്വസിക്കുന്ന വലിയൊരു സമൂഹം നമ്മുടെ ചുറ്റിലും രൂപപ്പെടുന്നു എന്നുള്ളത് സത്യമാണ്. എന്നാല്‍ പകരം ഒരു സുസ്ഥിര സാമൂഹിക പദ്ധതി രൂപപ്പെടുത്താന്‍ അവര്‍ക്ക് ഇന്നുവരെ കഴിഞ്ഞതുമില്ല. ഇത്തരം ലിബറല്‍ പൊതുബോധത്തിന്റെ ഇരകളായ, സ്ത്രീ പൊതുരംഗപ്രവേശനത്തെ പ്രോത്സാഹിപ്പിക്കുകയും പൊതുവേദികളില്‍ നിരുപാധികം പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ സ്ത്രീകളെ സ്ത്രീകള്‍ക്ക് മാത്രമായി ഇസ്‌ലാമിക അന്തരീക്ഷത്തില്‍ നാം സംവിധാനിച്ച സ്ഥാപനങ്ങളിലും ചടങ്ങുകളിലും കൊണ്ടുവരുന്നത് അവര്‍ക്ക് തെറ്റായ സന്ദേശമാണ് കൊടുക്കുന്നത്.
ഇസ്‌ലാമില്‍ ഒരു പെണ്‍ മകള്‍, ഭാര്യ, മാതാവ് തുടങ്ങിയ ഏതവസ്ഥകളിലും സുരക്ഷിതയാണ്. അവരുടെ പൂര്‍ണ്ണ ചെലവ് പുരുഷന്റെ മേല്‍ ബാധ്യതയാണ്. എന്നാല്‍ പോലും വീടിനു പുറത്തുപോകുമ്പോള്‍ പാലിക്കേണ്ട ഇസ്‌ലാമിക കര്‍മ്മശാസ്ത്രം നിര്‍ണ്ണയിച്ച മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് ഭര്‍ത്താവിന്റെ സമ്മതപ്രകാരം ഒരു സ്ത്രീക്ക് ജോലി ചെയ്യുന്നതില്‍ തടസ്സമില്ല. അങ്ങനെ ജോലി ചെയ്യുകയാണെങ്കില്‍ പോലും കുടുംബം നോക്കേണ്ട ബാധ്യത സ്ത്രീയുടെ മേല്‍ വരുന്നില്ല. കുടുംബം പുലര്‍ത്താന്‍ സാമ്പത്തികശേഷിയില്ലാത്ത ഭര്‍ത്താവിനെ ഇഅ്‌സാര്‍ കാരണത്താല്‍ ഖാളി ഫസ്ഖ് ചെയ്ത് കൊടുക്കുന്നതിനു മുമ്പായി ഭര്‍ത്താവിന് ഖാളി നല്‍കുന്ന മുഹല്ലത്തിന്റെ (സാവകാശം നല്‍കല്‍) കാലയളവില്‍ സ്ത്രീക്ക് ഭര്‍ത്താവിന്റെ സമ്മതമില്ലാതെ തന്നെ ജോലിക്ക് പോകാമെന്ന് കര്‍മ്മശാസ്ത്രം പറയുന്നു. ഇവിടെയും സ്ത്രീക്ക് അവരുടെ ശാരീരിക മാനസിക സ്ഥിതിക്ക് അനുയോജ്യമായ ജോലിയില്‍ ഏര്‍പ്പെടുന്നതാണ് അഭികാമ്യം. കൃഷി, തയ്യല്‍, നൂല്‍ നൂല്‍ക്കല്‍, ഡാറ്റാ എന്‍ട്രി തുടങ്ങിയ ജോലികള്‍ അവരുടെ സാഹചര്യത്തിനനുസരിച്ച് ചെയ്യാന്‍ പറ്റുന്നവയാണ്. അധ്യാപനം പോലുള്ള മറ്റു ഇതരജോലികളും ചെയ്യാവുന്നതാണ്. നമ്മുടെ നാടുകളില്‍ തൊഴിലിടങ്ങള്‍ പല പ്പോഴും സ്ത്രീ പുരുഷ സങ്കലന സാധ്യതയുള്ള സ്ഥലങ്ങളാണ്. അനാശാസ്യ സാധ്യതകളും വളരെ കൂടുതലാണ്. ഇത്തരം തൊഴിലിടങ്ങള്‍ കുടുംബ വ്യവസ്ഥയെ സാരമായി ബാധിക്കുന്നതും കാണാം. ഇസ്‌ലാം ഇത്തരം തൊഴിലിടങ്ങളില്‍ സ്ത്രീ വ്യാപൃതയാകുന്നത് കണിശമായി വിലക്കുന്നുണ്ട്.
സ്ത്രീ അടുക്കള വിട്ട് തൊഴിലിടങ്ങളില്‍ എത്തിയാലേ വിമോചിതയാവൂ എന്ന ലിബറല്‍ ആഖ്യാനങ്ങള്‍ക്കൊപ്പിച്ചുള്ള പുരോഗമനം അല്ല തൊഴിലടങ്ങളെ കൊണ്ടു നാം അര്‍ഥമാക്കുന്നത്. മറിച്ച്, സ്ത്രീ അവളുടെ സമയങ്ങളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തുക എന്ന നിലക്കാണ്. അതുതന്നെ കുടുംബം എന്ന സ്ഥാപനത്തിലെ ഏറ്റവും അനിവാര്യമായ സന്താന പരിപാലനം, ഗൃഹപരിപാലനം തുടങ്ങിയ മസ്‌ലഹത്തുകള്‍ നിര്‍വഹിച്ചതിനു ശേഷമാണു വേണ്ടത്. കാരണം, സന്താനപരിപാലനം പുരുഷന്മാരുടെ മാനസിക പ്രകൃതിക്ക് ഇണങ്ങാത്തതായതുകൊണ്ട് ആ നന്മക്ക് ഭംഗം വരുത്തുന്ന തരത്തിലുള്ള തൊഴില്‍ സ്ത്രീക്ക് അഭികാമ്യമല്ല. സ്ത്രീ തൊഴിലിടങ്ങളിലേക്ക് എത്തിയാല്‍ പുരോഗമനം സാധ്യമായി എന്നത് പുരോഗമനത്തെ കുറിച്ചുള്ള അജ്ഞതയാണ് വിളിച്ചോതുന്നത്. സ്ത്രീയും പുരുഷനും അവരവരുടെ ഇടങ്ങള്‍ തിരിച്ചറിയുകയും ബാധ്യതകള്‍ നിറവേറ്റുകയും പരസ്പരം ചേര്‍ന്നു ഉത്തമ സാമൂഹിക നിര്‍മ്മിതിക്ക് അവരുടേതായ പങ്കുവഹിക്കുകയും ചെയ്യുകയാണുവേണ്ടത്.