2011-ലെ ലിബിയന്‍ യാത്രയിലെ പ്രസംഗമായിരിക്കണം അടുത്ത വര്‍ഷം തന്നെ എന്നെ മൊറോക്കോയിലേക്ക് ക്ഷണിക്കപ്പെടാന്‍ കാരണം. മൊറോക്കോയിലെ ഇസ്ലാമിക ചലനങ്ങളെക്കുറിച്ചും ഇസ്ലാമിന്റെ ആഗമന ചരിത്രത്തെക്കുറിച്ചും മുമ്പ് ഞാന്‍ എഴുതുകയും ഏറെ വായിക്കുകയും ചെയ്തിരുന്നു. ഇതൊക്കെ നേരില്‍ കാണാനും അനുഭവിക്കാനും കഴിയുക എന്നത് വലിയ സൗഭാഗ്യമല്ലേ? 2012 ല്‍ മൊറോക്കോയില്‍ നടന്ന സൂഫി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സഹയാത്രികരായി ബഹാഉദ്ദീന്‍ നദ്വിയും മുനവ്വറലി ശിഹാബ് തങ്ങളുമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു യാത്ര. ഇന്ത്യയില്‍ നിന്ന് ഞങ്ങള്‍ മൂന്നു പേര്‍ക്കു പുറമെ മറ്റാരെങ്കിലും ഉള്ളതായി ഓര്‍ക്കുന്നില്ല. മൊറോക്കോയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തസവ്വുഫ് സമിതിയായിരുന്നു സംഘാടകര്‍. ഡോക്ടര്‍ അബ്ദുല്‍ മുഗീസ്, ശൈഖ് ഇസ്മാഈല്‍ തുടങ്ങി പ്രമുഖരായ പലരും ഈ സമിതിയില്‍ അംഗങ്ങളായിരുന്നു. ഞങ്ങള്‍ വിമാന മാര്‍ഗം ദുബൈയില്‍ ഇറങ്ങി. അവിടുന്ന് മൊറോക്കോയിലെ കാസാബ്ലാങ്കാ നഗരത്തിലേക്കുള്ള ദീര്‍ഘ നേരത്തെ വിമാന യാത്ര. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ഞങ്ങള്‍ ചരിത്രത്തിലെ ‘മഗ്രിബ്’ മണ്ണില്‍ കാലുകുത്തി.
അവിടെയെത്തിയപ്പോള്‍ മൊറോക്കോയുടെ ഇസ്ലാമിക ചരിത്രവും സാംസ്കാരിക വളര്‍ച്ചയും മനസ്സിലേക്ക് കടന്നുവന്നു. പഴയ ബാര്ബേറിയക്കാരുടെ വാസസ്ഥലമായിരുന്നു മുമ്പ് മൊറോക്കോ. ഈ സംസ്കാരത്തിലേക്കായിരുന്നു എ.ഡി. 680- ല്‍ ഇസ്ലാമിക സംസ്കാരം കടന്നുചെന്നത്. മുആവിയ(റ) ഡമസ്കസ് ആസ്ഥാനമായി മുസ്ലിം ലോകം നിയന്ത്രിക്കുന്ന കാലം. അദ്ദേഹം തന്റെ ആഫ്രിക്കന്‍ ദൗത്യം ഏല്പിച്ചിരുന്നത് ഉഖ്ബതുബ്നു നാഫിഅ് എന്ന സൈന്യാധിപനെയായിരുന്നു. ആഫ്രിക്കയിലേക്കുള്ള ഇസ്ലാമിന്റെ കവാടം ഈജിപ്തിലൂടെ തുറന്നിട്ട ചരിത്ര പുരുഷന് അംറുബ്നുല്‍ ആസ്വ്(റ)ന്റെ അനന്തിരവനായിരുന്നു ഉഖ്ബ്. മൊറോക്കോയും അള്‍ജീരിയയും ടുണീഷ്യയും ലിബിയയുമടങ്ങുന്ന മഗ്രിബിലേക്ക് പട നയിക്കാനുള്ള ദൗത്യം ഉഖ്ബക്കായിരുന്നു. ഉഖ്ബ ലക്ഷണമൊത്ത ഒരു സൈന്യാധിപനായിരുന്നു. അംറുബ്നുല്‍ ആസ്വ്(റ)ന്റെ പോരാട്ട വീര്യം ഉഖ്ബക്ക് പാരമ്പര്യമായിത്തന്നെ കിട്ടിയിരുന്നു. ഉഖ്ബ ജനിച്ചതും വളര്‍ന്നതും മക്കയിലാണെങ്കിലും യുവാവായിരുന്നപ്പോള്‍ ഈജിപ്തിലും പരിസര പ്രദേശങ്ങളിലും സൈനിക നടപടികള്‍ക്കായി ഖലീഫയാല്‍ നിയോഗിക്കപ്പെട്ടു. മുസ്ലിങ്ങള്‍ക്കിടയില്‍ ശക്തമായ അഭ്യന്തര കലഹങ്ങള്‍ നടന്ന കാലമായിരുന്നെങ്കിലും ഉഖ്ബയിലൂടെ ആഫ്രിക്കന്‍ ഗ്രാമാന്തരങ്ങളില്‍ സത്യമതം പ്രചരിച്ചു. അതൊരു ചരിത്ര നിയോഗമായിരുന്നു. ഈ നാട്ടിലാണ് പിന്നീട് നിരവധി സൂഫികളും ജ്ഞാനികളും ധര്‍മ്മപാത നിര്‍മ്മിച്ചത്. ഇതിന് ശിലയിടുകയെന്ന വലിയ ദൗത്യത്തിന് നിയോഗിക്കപ്പെട്ടത് ഉഖ്ബയായിരുന്നു.
ഞങ്ങളുടെ പരിപാടി നടക്കുന്ന സ്ഥലം ദാറുല്‍ ബൈളാഅ് ആണെന്നാണ് ഓര്‍മ്മ. ഞാനും നദ്വിയും മുനവ്വറലി തങ്ങളും ഒരു അമേരിക്കക്കാരനും ഒരുമിച്ചാണ് യോഗസ്ഥലത്തേക്ക് കാറില്‍ പോയത്. അഞ്ചു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് പല പ്രമുഖരും പങ്കെടുത്തു.
ഞാന്‍ തസവ്വുഫിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് വിഷയാവതരണം നടത്തിയത്. നദ്വി മമ്പുറം തങ്ങളെക്കുറിച്ചും. മുനവ്വറലി തങ്ങള്‍ ദഅ്വത്തിന്റെ സാധ്യതകളെപ്പറ്റിയും പേപ്പര്‍ അവതരിപ്പിച്ചു. എന്റെ സംസാരത്തില്‍ തസവ്വുഫിന്റെ ഉന്നമനത്തിന് പ്രാഥമികമായി വേണ്ടത് വ്യക്തി ശുദ്ധിയാണെന്ന് ഞാന്‍ സമര്‍ഥിച്ചു. ബഹാഉദ്ദീന്‍ നദ്വി അവിടെ പ്രസംഗിച്ചത് മമ്പുറം തങ്ങളെക്കുറിച്ചായിരുന്നു. തങ്ങളുടെ ആധ്യാത്മികവും രാഷ്ട്രീയവുമായ ഇടപെടലുകള്‍ മലബാറില്‍ ചെലുത്തിയ സ്വാധീനവും ഹള്റമികളുടെ സാന്നിധ്യം മലബാറില്‍ വരുത്തിയ സാമൂഹിക പരിവര്‍ത്തനങ്ങളും നദ്വിയുടെ അവതരണത്തില്‍ ഉള്‍പ്പെട്ടിരുന്നു.
മുനവ്വറലി തങ്ങള്‍ ദഅ്വത്തിൽ തസവ്വുഫിന്റെ പങ്കിനെക്കുറിച്ചാണ് സംസാരിച്ചത്. ഇംഗ്ലീഷിലായിരുന്നു സംസാരം. സൂഫീ പ്രസ്ഥാനങ്ങളുടെ ദൗത്യം കൂടുതല്‍ മേഖലകളിലേക്ക് തിരിക്കാന്‍ ഇത്തരം കൂട്ടായ്മകളുടെ സാന്നിധ്യം ആവശ്യമാണെന്ന് തങ്ങള്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമായി.
മൊറോക്കോയിലെ നിരവധി മസാറുകള്‍ സന്ദര്‍ശിക്കാന്‍ ഈ യാത്രയിലായി. മുസ്ലിം ലോകത്ത് പ്രസിദ്ധമായ ദലാഇലുല്‍ ഖൈറാത്തിന്റെ മുസ്വന്നിഫായ മുഹമ്മദ് സുലൈമാന്‍ ജസൂലിയുടെ മഖാം, പ്രസിദ്ധ പ്രവാചക പ്രേമിയും പ്രവാചക പ്രകീര്‍ത്തന ഗ്രന്ഥമായ അശ്ലിഫയുടെ രചയിതാവുമായ ഖാള്വി ഇയാളിന്റെ ഖബറിടം എന്നിവിടങ്ങളില്‍ ഞങ്ങള്‍ സിയാറത്ത് നടത്തി.
ജസൂലി(റ)ന്റെ കുടുംബ പരമ്പര ഹസ്റത്ത് ഹസന്(റ)വിന്റെ പരമ്പരയിലേക്ക് എത്തുന്നു. മൊറോക്കോയിലെ സൂസ് പ്രവിശ്യയിലെ ജലയിലാണ് ജനിച്ചതും വളര്‍ന്നതും. ഇമാം നബ്ഹാനി(റ), ദലാഇലുല്‍ ഖൈറാത്ത് രചിക്കാനുള്ള കാരണം ഇങ്ങനെ വിശദീകരിക്കുന്നു.
‘ഇമാം ജസൂലി ഒരു യാത്രയിലായിരിക്കെ നിസ്കാരം സമയം അടുത്തു. വുളൂ എടുക്കാനായി ഒരു കിണറിന്നടുത്തെത്തിയെങ്കിലും വെള്ളം കോരാനുള്ള സൗകര്യമില്ലായിരുന്നു. അദ്ദേഹം ചുറ്റുപാടും നോക്കി. അല്പം മുകളിലായി ഒരു പെണ്‍കുട്ടി ഇരിക്കുന്നത് ജസൂലി(റ) കാണാനിടയായി. പെണ്‍കുട്ടി ഇമാമിനോട് കാര്യമന്വേഷിക്കുകയും പരിചയപ്പെടുകയും ചെയ്തു. നിങ്ങള്‍ ഒരു മഹാവ്യക്തിയായിട്ടു കൂടി എന്തുകൊണ്ട് ഈ കിണറ്റില്‍ നിന്ന് നിങ്ങള്‍ക്ക് വെള്ളമെടുക്കാന്‍ കഴിയുന്നില്ല. ശേഷം പെണ്‍കുട്ടി കിണറ്റിലേക്ക് തുപ്പിയപ്പോള്‍ വെള്ളം ഉയര്‍ന്നു വന്നു. നിനക്ക് ഇതെങ്ങനെ സാധിക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ധാരാളമായി സ്വലാത്ത് വര്ധിപ്പിക്കുന്നവളാണെന്ന് പെണ്‍കുട്ടി മറുപടി പറഞ്ഞു. ഇവിടെ വെച്ച് അദ്ദേഹം പ്രവാചകന്റെ പേരില്‍ ഒരു മദ്ഹ് ഗ്രന്ഥം രചിക്കുമെന്ന് പ്രതിജ്ഞയെടുത്തു. അതാണ് മുസ്ലിം ലോകം ഏറ്റുപിടിച്ച ദലാഇലുല്‍ഖൈറാത്ത് എന്ന ഗ്രന്ഥം.
മൊറോക്കോ സന്ദര്ശനത്തിനിടയെ ”മൂലില്‍ ഖുസ്വൂര്” എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ഒരു സൂഫിയുടെ ദര്‍ഗയില്‍ ഞങ്ങള്‍ സിയാറത്ത് ചെയ്തു. കൊട്ടാര വില്പനക്കാരനെന്നാണ് ഇദ്ദേഹത്തിന്റെ അപര നാമത്തിന്റെ അര്‍ഥം. അദ്ദേഹം തെരുവിലിറങ്ങി കൊട്ടാരം വില്‍ക്കാനുണ്ടെന്ന് പറയുമത്രെ. അദ്ദേഹം ഉദ്ദേശിക്കുന്നത് സ്വര്‍ഗത്തിലെ കൊട്ടാരമായിരുന്നു. കൊട്ടാരത്തിന് നിശ്ചിത വിലയും ഈടാക്കിയിരുന്നു. അദ്ദേഹത്തിന്റെ സൂഫി ജീവിതത്തില്‍ മതിപ്പ് തോന്നിയ പലരും കൊട്ടാരത്തിനുള്ള പണം ഏല്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ചരിത്രം. ഈ പണം അദ്ദേഹം പാവപ്പെട്ടവര്‍ക്കിടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കുകയും ചെയ്യും. ഈ ഖബറിന്നടുത്തെത്തിപ്പോള് സാധാരണ ചെയ്യുന്നപോലെ വിവരണങ്ങള്‍ അന്വേഷിച്ചപ്പോഴാണ് ഈ ചരിത്രം കേള്‍ക്കാനായത്.
ചരിത്രത്തില്‍ മഗ്രിബെന്നും മഗ്രിബുല് അഖ്സയെന്നും അറിയപ്പെടുന്ന മൊറോക്കോ സൂഫീ ചലനങ്ങള്‍ കൊണ്ട് ഇസ്ലാമിന് ആധിപത്യം ലഭിച്ച നാടാണ്. കൃഷി തന്നെയാണ് പ്രധാന വരുമാന മാര്‍ഗം. ഞങ്ങളുടെ പരിപാടി അഞ്ചു ദിവസമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നാലാം ദിവസം തന്നെ ഞാന്‍ മടങ്ങി. തുര്‍ക്കിയിലേക്കായിരുന്നു അവിടുന്ന് എന്റെ യാത്ര. നേരത്തെ ചാര്‍ട്ടു ചെയ്തതു പോലെ നാലു ദിവസം മൊറോക്കോയില്‍ ചെലവഴിച്ച് ഞാന്‍ അവിടുത്തെ ഇസ്ലാമിക ചലനങ്ങള്‍ നന്നായി ആസ്വദിച്ചു.
ചരിത്രവും സംസ്കാരവും എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള വലിയ മനസ്സും മൊറോക്കോയിലെ സൂഫീ പ്രസ്ഥാനങ്ങള്ക്കെല്ലാമുണ്ട്. കൂടെ ഏറ്റവും ശാന്തമായും സമാധാനത്തോടെയും ജീവിക്കുന്ന ചുരുക്കം മുസ്ലിം രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ മൊറോക്കോയെ കാണാം. സൂഫിസ്വത്തിന്റെ സ്വാധീനമാണതെന്നുറപ്പ്.