മറ്റു ശാസ്ത്ര ശാഖകളിലെന്ന പോലെ സാമ്പത്തികശാസ്ത്രത്തിലും വലിയ മുന്നേറ്റം നടക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഗവേഷണങ്ങളും പുതിയ സിദ്ധാന്തങ്ങളും വ്യത്യസ്ത സാമ്പത്തിക ബദലുകളുടെ പരീക്ഷണങ്ങളുമൊക്കെ ലോകത്തു വ്യാപകമായി നടക്കുന്നുണ്ടെങ്കിലും ആഗോളതലത്തിലും പ്രാദേശികതലത്തിലും അങ്ങേയറ്റത്തെ സാമ്പത്തിക പ്രതിസന്ധി മനുഷ്യ സമൂഹം നേരിടുന്നു എന്നത് ഒരു വസ്തുതയാണ്. ഓരോ ശാസ്ത മേഖലകളിലും നടക്കുന്ന അന്വേഷണങ്ങൾ സമൂഹം നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനും വിജയിക്കാനുമാണ് സഹായിക്കേണ്ടത്. മെഡിക്കൽ സയൻസിലും ആധുനിക സാങ്കേതികവിദ്യകളിലും നടക്കുന്ന പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളുമൊക്കെ അതത് മേഖലകളിൽ സമൂഹം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കുന്നുണ്ട്. എന്നാൽ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ കാലത്തെ അന്വേഷണങ്ങളും പരീക്ഷണങ്ങളുമൊന്നും മനുഷ്യ സമൂഹത്തിന്റെ സാമ്പത്തികമായ സന്തുലിതാവസ്ഥയും സുസ്ഥിരതയും നിലനിർത്താൻ സഹായിക്കുന്നില്ല.
മനുഷ്യ ജീവിതത്തിന് സമഗ്രമായ ദിശ നിർണ്ണയിക്കാനാണ് മതങ്ങൾ നിലകൊ ള്ളുന്നതെങ്കിലും ഇസ്‌ലാമിനോളം മനുഷ്യ ജീവിതത്തെ സമഗ്രമായി സ്പർശിക്കുന്ന മത ദർശനങ്ങൾ കാണുക സാധ്യമല്ല. ഇസ്‌ലാമിക നിയമ നിർമ്മാണങ്ങളിലെ സൂക്ഷ്മതയും സമഗ്രതയുമെല്ലാം ഇസ്‌ലാം മാത്രമാണ് ശരിയായ മതമെന്ന് ചിന്തിക്കുന്നവരെ ബോധ്യപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും സാമ്പത്തികമേഖലയിൽ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാനവികവും മനുഷ്യ വംശത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതുമായ കാഴ്ചപ്പാടുകൾ ശ്രദ്ധേയമാണ്. ‘നിങ്ങൾക്ക് ഞാൻ നൽകിയതിൽ നിന്നും നിങ്ങൾ ചിലവഴിക്കണമെന്നാണ് ഖുർആൻ മനുഷ്യനോട് കല്പിക്കുന്നത് (2:254).
മനുഷ്യനിർമ്മിത സമ്പദ്‌വ്യവസ്ഥകളെല്ലാം തകർന്നടിയുകയും സമൂഹത്തിലെ സാമ്പത്തിക സന്തുലിതാവസ്ഥ ഇല്ലാതാക്കുകയുമാണ് ചെയ്തത്. സാമ്പ്രദായിക സമ്പദ് വ്യവസ്ഥകളായി പൊതുവേ അറിയപ്പെടുന്നത് മുതലാളിത്ത സമ്പദ് വ്യവസ്ഥയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയും മിശ്ര സമ്പദ് വ്യവസ്ഥയുമാണ്. എന്നാൽ മേല്പറയപ്പെട്ടവയെല്ലാം ചില നിക്ഷിപ്ത താൽപര്യങ്ങളെ മാത്രം പരിഗണിച്ചു കൊണ്ടും ഊഹങ്ങളെ തത്വങ്ങ ളാക്കിയും നിർമ്മിക്കപ്പെട്ടവയാണ്.
മുതലാളിത്ത സമ്പദ്‌വ്യവസ്ഥ യഥാർഥത്തിൽ സാമൂഹ്യജീവിയായ മനുഷ്യനെ വ്യക്തികളിലേക്ക് ചുരുക്കുന്ന സ്വാർഥതയെ നിർമ്മിക്കുന്നു. ധനികരുടെ ആധിപത്യത്തിൽ നിന്നും ഉദ്യോഗസ്ഥരുടെ ചൂഷണത്തിലേക്ക് സാമ്പത്തികമേഖലയെ പരിവർത്തിപ്പിച്ചു എന്നതല്ലാതെ സോഷ്യലിസം സമഗ്ര സാമൂഹ്യനീതി നടപ്പിലാക്കിയിട്ടില്ല.
ഈ രണ്ട് രൂപങ്ങളിലുള്ള സമ്പദ് വ്യവസ്ഥകളുടെ മധ്യേ നിലകൊള്ളുന്ന പ്രായോഗിക കാഴ്ചപ്പാടാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്.
ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ മേന്മകൾ
മനുഷ്യ ജീവിതത്തിലെ ഏറ്റവും സുപ്രധാ നമായ മേഖലയാണ് സാമ്പത്തികവ്യവ ഹാരങ്ങൾ. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമ്പത്തികനയത്തിലെ സൈദ്ധാന്തിക വശങ്ങൾ ഒരു പ്രായോഗിക ക്ഷേമ സമ്പദ് വ്യവസ്ഥയാണ് വിഭാവനം ചെയ്യുന്നത്. ഇസ്‌ലാമിക സാമ്പത്തികനയങ്ങളുടെ അടിസ്ഥാന സ്രോതസായ വിശുദ്ധ ഖുർആനും പ്രവാചകചര്യയും രൂപപ്പെടുത്തിയ സാമ്പത്തിക കാഴ്ചപ്പാടുകളിലൂടെ മാത്രമേ ക്ഷേമ സമ്പദ്‌വ്യവസ്ഥ നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്നാണ് പരിത്രം നമ്മെ പഠിപ്പിക്കുന്നത്.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ സമ്പത്തിന്റെ ആത്യന്തിക ഉടമസ്ഥൻ അല്ലാഹുമാത്രമാണ്. ഭൂമിയിലെ മനുഷ്യൻ്റെ ആവശ്യങ്ങൾ നിർവഹിക്കാൻ, അല്ലാഹുവിന്റെ പ്രതിനിധികൾ എന്ന നിലക്ക് ചെലവഴിക്കാൻ വേണ്ടി ഏല്പിക്കപ്പെട്ട താൽക്കാലിക സൂക്ഷിപ്പുകാർ മാത്രമാണ് മനുഷ്യർ ആ ദൗത്യം കൃത്യമായി നിർവഹിക്കുന്നവർക്ക് മാത്രമാണ് ഔന്നിത്യമുള്ളത് എന്നാണ് ഖുർആൻ സൂചിപ്പിക്കുന്നത്. പ്രപഞ്ചത്തിലെ സർവതിൻ്റെയും ഉടമസ്ഥാവകാശം അല്ലാഹുവിന് മാത്രമാണ് എന്ന ഇസ്‌ലാമിക കാഴ്ചപ്പാട് ഒരു ന്യൂനതയായി ചിലർ ചിത്രീകരിക്കാറുണ്ട്. യഥാർഥത്തിൽ ഇത് ഒരു ആനുകൂല്യമാണ്. കാരണം ഭൂമി യിലുള്ളതിന്റെയെല്ലാം സംരക്ഷണ ചുമതല അല്ലാഹു ഏറ്റെടുത്തിട്ടുണ്ടെന്ന ആനുകൂല്യത്തെ തുടർന്നാണ് ഈ കാഴ്ചപ്പാട് രൂപപ്പെട്ടുവരുന്നത്. മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ ആനുകൂല്യം വലിയ ഗുണഫലമാണ് സൃഷ്ടിക്കുക. ദുർബലരുടെ സംരക്ഷണം യോഗ്യതയുള്ള ഒരു അതോറിറ്റി ഏറ്റെടുക്കുന്നുവെന്നത് ദുർബലരെ സംബന്ധിച്ചിടത്തോളം ആശ്വാസവും സമാധാനം പകരുന്നതുമാണ്. ഒരു രാജ്യത്തെ പൗരന്മാരുടെ സുരക്ഷിതത്വം ആ രാഷ്ട്രം ഏറ്റെടുക്കുന്നുവെന്നു പറയുന്ന ത് പൗരന്മാരെ ചെറുതായി കാണലല്ല. മറിച്ച് അവരെ പരിഗണിക്കലാണ്. ‘ഭൂമിയിലുള്ള മുഴുവൻ ജീവജാലങ്ങളുടെയും അന്നദാന ബാധ്യത അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്’ എന്ന വിശുദ്ധ ഖുർആന്റെ പ്രഖ്യാപനം (11:06) ഭുവ നിവാസികൾക്കുള്ള പരിഗണനയും സുരക്ഷിതത്വവുമാണ്. സമ്പത്തിന്റെ സംരക്ഷണം അല്ലാഹുവിനാണ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹു എല്ലാം നേരിട്ട് നിർവഹിക്കുന്നുവെന്നല്ല. മനുഷ്യ വംശത്തിന് ആവശ്യമായ ധനം ഉൾപ്പെടെയുള്ള വിഭവങ്ങൾ ഭൂമിയിലുണ്ട്. അത് അല്ലാഹു നിശ്ചയിക്കുന്ന നിയമങ്ങൾക്ക് വിധേയമായി സമ്പാദിക്കുകയും ഉപയോഗിക്കുകയും ചെയ്യുവാനുള്ള സ്വാതന്ത്ര്യവും നിർദേശങ്ങളും അല്ലാഹു മനുഷ്യർക്ക് നൽകിയിട്ടുണ്ട്. ആ നിർദേശങ്ങൾക്കനുസരിച്ച് ധനസമ്പാദനവും വിനിയോഗവും വിതരണവും അവർ നിർവഹിക്കണം എന്നതാണ് ഇസ്‌ലാമിൻ്റെ അടിസ്ഥാന വീക്ഷണം.

ഉടമസ്ഥനും ഉൽപാദകനുമാണല്ലോ ഉൽപന്നത്തിന്റെ വിനിയോഗത്തെക്കുറിച്ചുള്ള നിയമനിർമ്മാണം നടത്താൻ യോഗ്യർ. എന്നാൽ സ്രഷ്ടാവിന്റെ നിയമവ്യവസ്ഥിതികളെ മറികടന്ന് സ്വതന്ത്രമായ കാഴ്ചപ്പാടുകളിലൂടെ കേവലം ഭൗതിക താൽപര്യങ്ങൾക്കു വേണ്ടി നടത്തിയ നിയമനിർമ്മാണങ്ങളായത് കൊണ്ടാണ് സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥകളൊന്നും സമൂഹത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥക്ക് പരിഹാരമാകാത്തത്. മനുഷ്യനിർമ്മിത വ്യവസ്ഥകളുടെയൊക്കെ പൊതുസ്വഭാവം വൈയക്തിക താൽപര്യ ങ്ങളായിരിക്കും. സമ്പത്തിനോടുള്ള ആർത്തിയും താൽപര്യവും മനുഷ്യൻ്റെ ജനിതക പ്രത്യേകതയാണ്. ‘സ്വർണ്ണ. വെള്ളിക്കുമ്പാരങ്ങളടക്കമുള്ള ഭൂമിയിലെ വിഭവങ്ങളിൽ മനുഷ്യർക്ക് മോഹമുദിക്കുമെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് (03: 14) നബി( സ്വ) പറയുന്നു: “മനുഷ്യന് സ്വർണ്ണം കൊണ്ട് നിറക്കപ്പെട്ട ഒരു താഴ്‌വര തന്നെ കിട്ടിയാ ലും അതുപോലെ രണ്ട് താഴ്‌വരകൾ ലഭി ക്കണമെന്നായിരിക്കും അവൻ്റെ മോഹം. മരിച്ച് മണ്ണോട് ചേർന്നാലല്ലാതെ മനുഷ്യ ന്റെ മോഹം അടങ്ങുകയില്ല” (സ്വഹീഹുൽ ബുഖാരി). ഇങ്ങനെയുള്ള മനുഷ്യരെ തന്നെ സാമ്പത്തികനിയമങ്ങൾ നിർമ്മിക്കാൻ ഏല്പിക്കുന്നതും അതിൽ നീതി പ്രതീക്ഷിക്കുന്നതും കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്ത് നിധിക്കായി കാത്തിരിക്കുന്ന പോലെയാണ്.
ഉടമാവകാശങ്ങൾ അല്ലാഹുവിന് മാത്രമാണെന്ന് പ്രഖ്യാപിച്ച ഖുർആൻ വ്യക്തികൾക്കുള്ള വിനിമയ സ്വാതന്ത്ര്യത്തെ പൂർണ്ണമായും നിരാകരിക്കുന്നില്ല. മറിച്ച് നിയമത്തിനകത്ത് നിന്നുകൊണ്ട് സ്വതന്ത്രമായി ധനസമ്പാദന വിനിയോഗം നടത്താനുള്ള അവകാ ശങ്ങൾ നൽകുന്നുണ്ട്. ഇസ്‌ലാം ക്ഷേമസമ്പദ് വ്യവസ്ഥയാണ് മുന്നോട്ടുവെക്കുന്നത് എന്നു പറയാനുള്ള പ്രധാന കാരണം അന ർഹമായ മാർഗത്തിലൂടെയോ മറ്റുള്ളവർക്ക് ഉപദ്രവം ഏൽക്കുന്ന രീതിയിലോ ധനസമ്പാദനം നടത്താൻ പാടില്ലെന്ന് ഖുർആൻ കർശനമായി വിലക്കുന്നുണ്ട്. ഒരാളുടെ കയ്യിൽ സമ്പത്തുണ്ട് എന്നതിനർഥം സമുഹത്തിന്റെ ക്ഷേമത്തിനായി ആ വ്യക്തി യുടെ കയ്യിൽ അമാനത്തായി ധനം ഏല്പിക്കപ്പെട്ടിട്ടുണ്ട് എന്നതാണ്. അതുകൊണ്ടു തന്നെ കൂടുതൽ ധനം കയ്യിൽ എത്തുന്നവർ കൂടുതൽ സാമൂഹ്യ ക്ഷേമത്തിൻ്റെ ഉത്തരവാ ദിത്വമുള്ളവരായി മാറുകയാണ് ഇസ്‌ലാമിക വ്യവസ്ഥയിൽ ധനികൻ. ദരിദ്രൻ എന്ന വേർതിരിവ് മതപരമായി അംഗീകരിക്കുന്നില്ല. ധനം ഉള്ളവൻ ആണെങ്കിലും ഇല്ലാത്തവൻ ആണെങ്കിലും തഖ്‌വയാണ് ഇസ്‌ലാമിൽ പ്രധാനം. ഈ കാഴ്ചപ്പാടിനെ ഉൾക്കൊണ്ടവർക്ക് ധനസമ്പാദനത്തിലും വിനിയോഗ ത്തിലും സ്രഷ്ടാവിൻ്റെ നിയന്ത്രണങ്ങളെ മറികടക്കാൻ കഴിയില്ല. ഈ അടിസ്ഥാന തത്വം ഉള്ളതുകൊണ്ടാണ് ഇസ്‌ലാമികവ്യവസ്ഥ സമൂഹത്തിൽ സാമൂഹികക്ഷേമം ഉറപ്പുവരുത്തുന്നു എന്നുപറയുന്നത്.
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ചർച്ചയിൽ പൊതുവേ ഉയർന്നു കേൾക്കുന്ന പദാവലികളാണ് സാമ്പത്തികവളർച്ചയും സാമൂഹ്യ ക്ഷേമവും. സമ്പത്തും ക്ഷേമവും തമ്മിലുള്ള ബന്ധം നൂറ്റാണ്ടുകളായി സാമ്പത്തിക വിദഗ്‌ധരും തത്വചിന്തകരും ചർച്ച ചെയ്യുന്ന സങ്കീർണ്ണമായ ഒന്നാണ്. സമ്പത്തും ക്ഷേമവും പരസ്പര ബന്ധിതമാണോ അതോ അവ പരസ്പരം പൊരുത്തപ്പെടാത്ത ഏതെങ്കിലും ഘട്ടങ്ങൾ ഉണ്ടോ എന്ന് കൃത്യമായി പറയാൻ സാമ്പത്തികവിദഗ്ദ ർക്ക് സാധിച്ചിട്ടില്ല. സമ്പത്ത് കൂടുന്നതാണ് വ്യക്തി ക്ഷേമത്തിന്റെ മനദണ്ഡമെന്നാണ് സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥയിൽ കരുതിപ്പോരുന്നത്. ഒരാളുടെ ക്ഷേമം കണക്കാക്കപ്പെടുന്നത് അയാൾക്ക് എത്ര സാമ്പത്തിക വർധനവുണ്ടാകുന്നു എന്നതിനെ പരിഗണിച്ചാണ്. പണം കൂടുമ്പോൾ തന്റെ അവശ്യങ്ങളൊക്കെ വലിയ ബുദ്ധിമുട്ടുകളില്ലാതെ നിർവഹിക്കാനാകും. അതിലൂടെ ക്ഷേമം മറ്റുള്ളവരേക്കാൾ സാധ്യമാകും. അതുകൊണ്ട് ക്ഷേമം ആഗ്രഹിക്കുന്നവർ കൂടുതൽ സമ്പാദിക്കാൻ ശ്രമിക്കുക എന്നതാണ് അവർ മുന്നോട്ടു വെക്കുന്ന പരിഹാരം.
സമ്പത്ത്= ക്ഷേമം: അസമത്വം സൃഷ്ടിക്കും
യഥാർഥത്തിൽ ഈ നയം സാമ്പത്തിക അസമത്വം ഉണ്ടാക്കുകയും സമ്പന്നർക്ക് കൂടുതൽ ചൂഷണ വഴികൾ ഒരുക്കി കൊടുക്കുകയുമാണ് ചെയ്യുന്നത്. സമ്പത്താണ് ക്ഷേമത്തിന്റെ അളവുകോൽ എന്ന നയമാണ് ഇന്ന് ആഗോളതലത്തിൽ പൊതുവേ സ്വീകരിക്കപ്പെടുന്നത്. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ അവരുടെ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജി.ഡി.പി അല്ലെങ്കിൽ പ്രതിശീർഷ വരുമാനം തുടങ്ങിയ അളവുകോലുകൾ ഉപയോഗിക്കുന്നതും ഇതിനെ അടിസ്ഥാനമാക്കിയാണ്.
ഈ നയങ്ങൾ സമൂഹത്തെ വലിയൊരു അളവിൽ പിറകോട്ട് നയിക്കുന്നവയാണ്. വ്യക്തിഗത സാമ്പത്തിക വളർച്ച കൂടുതൽ അസമത്വം വർധിപ്പിക്കുന്നതിന് ഇടയാക്കും. ചെറിയൊരു വിഭാഗം ആളുകൾ സമ്പത്തിന്റെ വലിയൊരു പങ്ക് കൈവശപ്പെടുത്തുന്നത് അധികാരവും മറ്റു സ്വാധീനങ്ങളും അവരിലേക്ക് മാത്രം കേന്ദ്രീകരിക്കാനും സാമ്പത്തികശ്രേണിയുടെ താഴെത്തട്ടിലുള്ളവർ കൂടുതൽ അപരവൽക്കരിക്കപ്പെടാനും തഴയപ്പെടാനും കാരണമാകും. അതിലൂടെ സ്വാർഥത വർധിക്കുകയും എങ്ങനെയും കൂടുതൽ പണം സമ്പാദിക്കണമെന്ന അത്യാഗ്രഹം ഓരോരുത്തരിലും ഉടലെടുക്കുകയും അതിനായി സ്വാഭാവികമായും അധാർമ്മിക വഴികൾ തിരഞ്ഞെടുക്കുകയും ചെയ്യും. ഇതാണ് പലപ്പോഴും കുറ്റകൃത്യങ്ങൾക്കും ചൂഷണത്തിനും വഞ്ചനക്കുമെല്ലാം കാരണമായി തീരുന്നത്. സമ്പന്നനാവുക എന്നത് ഉയർന്ന പദവിയും ദരിദ്രനാവുക എന്നത് താഴ്ന്ന പദവിയുമാണ് എന്ന തോന്നലിൽ നിന്നാണ് ഈ സാമൂഹിക അസമത്വം സൃഷ്ടിക്കപ്പെടുന്നത്.
എന്തുകൊണ്ടാണ് സാമ്പ്രദായിക സമ്പദ് വ്യവസ്ഥയിൽ ഇത്രയധികം സാമൂഹ്യമായ പരിക്കുകൾ ഉണ്ടാക്കുന്ന നയങ്ങൾ ഉടലെടുത്തത്. മനുഷ്യന്റെ പ്രകൃതിയെയോ സ്വഭാവത്തെയോ പരിഗണിക്കാതെ പണം. വിപണി, സമൂഹം എന്നീ അച്ചുതണ്ടിൽ മാത്രം നിന്നു കൊണ്ട് മെറ്റീരിയലായ ക്ഷേമത്തെ മാത്രം മുന്നിൽ നിർത്തി സാമ്പത്തിക കാഴ്ചപ്പാടുകൾ വികസിപ്പിച്ചതുകൊണ്ടാണ് ധാർമ്മികത യും നീതിയുമൊന്നും പരിഗണിക്കാത്ത സാമ്പത്തികനയങ്ങൾ വികസിച്ചുവന്നത്
എല്ലാം അല്ലാഹുവിന്റെ അധീനതയിലാണ് എന്ന ബോധ്യമാണ് ഇസ്‌ലാം. അല്ലാഹു ദാനമായി, ഭിക്ഷയായി നൽകിയ വിഭവങ്ങളിൽ അധികാര ഭാവം കാണിക്കുന്നത് പരിഹാസ്യമല്ലേ. വിഭവങ്ങളെല്ലാം അവൻ പരീക്ഷിക്കാൻ വേണ്ടി നൽകിയതാണ് എന്ന ദൈവഭക്തിയുള്ള വിശ്വാസിയെ സാമ്പത്തിക അധാർമ്മികതകൾ പിടികൂടില്ല.
അത്യാർത്തിയോടെ ഉത്തരവാദിത്വ ബോധമില്ലാതെ ധനസമ്പാദനം നടത്തുന്നത് ഇസ്ലാം കർശനമായി വിലക്കിയിട്ടുണ്ട്. അത്തരം ചിന്തയുള്ള ആളുകളുടെ ധനസമ്പാദനത്തിലൂടെ രാഷ്ട്രത്തിനു നികുതി ഇനത്തി ലും മറ്റുമായി ലാഭം ഉണ്ടാകാമെങ്കിലും സമൂഹത്തിന്റെ സന്തുലിതാവസ്ഥയിൽ അവർ വലിയ പരിക്കുകൾ ഉണ്ടാക്കും. കാരണം ഏതു വിധേനയും പണമുണ്ടാക്കാനുള്ള പ്രചോദനമാണ് അവർ മറ്റുള്ളവർക്ക് നൽകുന്നത്.അതിലൂടെ എല്ലാവരിലും ആർത്തിയും അമിതാഗ്രഹവും ജനിക്കുകയും ഉള്ളതിൽ തൃപ്തിയടയുന്ന ശീലം ഇല്ലാതെയാവുകയും ചെയ്യും. അതിനാൽ അങ്ങനെയുള്ള ധനസമ്പാദനത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ധനത്തിൽ ആത്മരതി കൊള്ളു ന്നവർക്ക് ഖുർആൻ മുന്നറിയിപ്പ് നൽകുന്നുണ്ട്. ‘മറ്റുള്ളവരെ ഗുരുതരമായി പരദൂഷണം പറയുകയും ഇടിച്ചു താഴ്ത്തുകയും ചെയ്യുന്ന, ധനം ശേഖരിച്ചുവെച്ച് എണ്ണിക്കണക്കാക്കിക്കൊണ്ടിരിക്കുന്ന സർവർക്കും മഹാനാശം! സമ്പത്ത് തന്നെ ശാശ്വതനാക്കിയിരിക്കുന്നു എന്നാണ് അവന്റെ ധാരണ. അതുവേണ്ട,ഹുത്വമയിലേക്ക് അവൻ തള്ളിവിടപ്പെടുക തന്നെ ചെയ്യും’ (104:1-4). പ്രവാചകന്റെ പ്രാർഥനകളിൽ സമ്പത്തിനോടുള്ള അത്യാഗ്രഹത്തെ തൊട്ട് കാവൽ തേടിയിരുന്നതായി അനസ് (റ) റിപ്പോർട്ട് ചെയ്യുന്നുണ്ട് (നസാഈ). അതുകൊണ്ട്, മതബോധവും ദൈവഭക്തിയുള്ളവർക്കും മാത്രമാണ് ധനവിനിയോഗം സമൂഹത്തിന് ഉപകരിക്കുന്ന രീതിയിൽ നടത്താൻ കഴിയൂ. അല്ലാത്തവർ സ്വാർഥത ബാധിച്ചവരാകാനുള്ള സാധ്യത കൂടുതലാണ്. സ്വർഥതയുള്ള ധനികരാണ് വലിയ സാമൂഹ്യവിരുദ്ധർ.
ഇതിനർഥം ഇസ്‌ലാം ധനസമ്പാദനത്തെ വിലക്കുന്നുണ്ടെന്നല്ല. പരിത്യാഗിയായി ജീവിക്കാൻ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത് മനുഷ്യ സ്വഭാവമനുസരിച്ച് ധനവർധനവ് അവനെ ദുഷിപ്പിക്കാൻ കൂടുതൽ സാധ്യതയുള്ളത് കൊണ്ടാണ്. ചുമതലകളെക്കുറിച്ചും ഉത്തരവാദിത്വ ബോധത്തെക്കുറിച്ചും വിസ്മരിക്കാൻ അത് കാരണമാകാനിടയുള്ളത് കൊണ്ടാണ്. അതുകൊണ്ട് വളരെ ശ്രദ്ധിച്ചു കരുതലോടെ ഉപയോഗിക്കാനാണ് ഇസ്‌ലാം നിർദേശിച്ചത്. ധനസമ്പാദനം ഇസ്ലാം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിൻറെ അനുഗ്രഹമെന്ന നിലയിൽ അതിനെ കാണണമെന്ന് മാത്രം. ‘അല്ലാഹുവിന്റെ അനുഗ്രഹം തേടിയിറങ്ങുക’ എന്നാണ് ധനസമ്പാദനത്തെ പരാമർശിക്കുന്നിടത്ത് ഖുർആൻ കല്പിക്കുന്നത്. കൂടാതെ പണത്തെക്കുറിച്ച് നന്മയെന്നും വസ്ത്രത്തെക്കുറിച്ച് ഭംഗിയെന്നും അല്ലാഹു വിശേഷിപ്പിക്കുന്നുണ്ട്. അതോടൊപ്പം ഭൗതിക ജീവിതത്തിൽ മനുഷ്യരെ വഞ്ചിക്കുന്ന ഒരു ചരക്കായും പണത്തെ ഖുർആൻ അവതരിപ്പിക്കുന്നുണ്ട്. ദാരിദ്ര്യത്തെ തൊട്ട് കാവൽ തേടുന്ന പ്രാർഥനകൾ പ്രവാചക൪ പഠിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം അല്ലാഹു നൽകിയ വിഭവങ്ങളെ അവന്റെ മാർഗത്തിൽ ചെലവഴിക്കാൻ മാർഗനിർദേശങ്ങൾ നൽകുന്നുമുണ്ട്. ഈ മധ്യമ സമീപനമാണ് ധനസമ്പാദന വിനിയോഗവുമായി ബന്ധപ്പെട്ട് യുക്തിഭദ്രം.
വ്യക്തി ക്ഷേമവും ദാനധർമ്മങ്ങളും
കൂടുതൽ ധനസമ്പാദനം നടത്തുന്നത് ക്ഷേമത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്നതിന്റെ പ്രധാന പ്രശ്നം അത് ദാനധർമ്മങ്ങളെ നിരുത്സാഹപ്പെടുത്തുന്നുണ്ടെന്നതാണ്. ധനം വർധിപ്പിച്ച് കൂടുതൽ ക്ഷേമത്തിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവന് എങ്ങനെയാണ് തന്റെ കയ്യിലുള്ള ധനം മറ്റൊരാൾക്ക് കൊടുക്കാൻ സാധ്യമാവുക. തന്റെ കൈയിലുള്ള പണം എങ്ങനെയെങ്കിലും വർധിപ്പിക്കണം എന്നായിരിക്കും അവനോട് മനസ്സ് മന്ത്രിക്കുക. യഥാർഥത്തിൽ ഈ സാമ്പത്തികനയങ്ങൾ വ്യക്തി ക്ഷേമവും സാമൂഹിക ക്ഷേമവും ഉണ്ടാക്കുന്നില്ല എന്നതാണ് വാസ്തവം. പണം ഉള്ളവൻ കൂടുതൽ പണമുള്ളവരിലേക്കാണ് നോക്കിക്കൊണ്ടിരിക്കുക. മരിക്കുന്നതുവരെ ഒരു ഘട്ടത്തിലും താൻ ക്ഷേമത്തിൽ എത്തി എന്ന സംതൃപ്തി അവന് ലഭിക്കില്ല. കാരണം അവനെക്കാൾ മുകളിലുള്ള സമ്പന്നരോടൊപ്പം എത്താനാ ണ് അവന്റെ പരിശ്രമം മുഴുവനും. എന്നാൽ പ്രവാചകർ പഠിപ്പിക്കുന്ന ഇസ്‌ലാമിക കാഴ്ചപ്പാട് നോക്കൂ ‘നിങ്ങളേക്കാൾ വിഭവങ്ങൾ കുറഞ്ഞവരിലേക്കാണ് നിങ്ങൾ നോക്കേണ്ടത്. നിങ്ങളേക്കാൾ ഉയർന്നവരിലേക്ക് നോക്കിയാൽ അത് നിങ്ങൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ വില കുറച്ചു കാണാൻ കാരണമാകും’ (തിർമിദി), നോക്കൂ! എന്തൊരു മനോഹരമായ അധ്യാപനമാണിത്. സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഉൾക്കൊള്ളുന്ന, മാനസിക സംഘർഷങ്ങളെ പരിഹരിക്കാൻ സഹായിക്കുന്ന സമീപനമാണിത്. സമൂഹത്തിലെ മിഡിൽ ക്ലാസ് സമ്പന്നരായ ആളുകളുടെ സമ്പത്ത് ദരിദ്രരിലേക്കോ സാധാരണക്കാരിലേക്കോ ദാനധർമ്മങ്ങളിലൂടെ വിതരണം ചെയ്യപ്പെടാതിരിക്കാൻ വേണ്ടി നിർമ്മിക്കപ്പെട്ട വ്യക്തിനിഷ്ഠ മനോഗതിയിൽ ഊന്നുന്നതാണ് ആധുനിക സാമ്പത്തിക ശാസ്ത്ര നിയമം.
പണമല്ല, ആത്മസംതൃപ്തിയാണ് പരിഹാരം
പണമാണ് യഥാർഥ പരിഹാരം എന്ന് കരുതുന്ന ആധുനിക സമൂഹത്തോട് ഇസ്‌ലാം പറയുന്നു: ‘ഭൗതികതയും പണവുമല്ല, ആത്മാവിന്റെ സന്തോഷവും സംതൃപ്തിയുമാണ് ക്ഷേമം കൊണ്ട് വരുന്നത്’. സിദ്ധാന്തങ്ങളും സാങ്കേതികത്വങ്ങളും മാറ്റിവെച്ചാൽ എല്ലാ മനുഷ്യരും ഇതംഗീകരിക്കുമെന്ന കാര്യം മറ്റൊരു വസ്തുതയാണ്. ലോകം നിയന്ത്രിക്കുന്നതും സാമൂഹ്യനിയമങ്ങൾ നിർമ്മിക്കുന്നതും കോർപ്പറേറ്റ് താൽപര്യക്കാരായത് കൊണ്ടാണ് അവർക്കനുകൂലമായ തികച്ചും സാമൂഹ്യ വിരുദ്ധമായ നിയമങ്ങൾ ഇന്നും നമ്മെ ഭരിച്ചു കൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക കാഴ്ചപ്പാടനുസരിച്ചുള്ള സമ്പന്നർ വർധിച്ചാൽ അത് സാധാരണക്കാർക്കും സമൂഹത്തിന് മൊത്തത്തിലും ഗുണഫലമായിരിക്കും. കാരണം അവർക്ക് സമ്പത്ത് കൂടുന്തോറും അത് സകാത്തിലൂടെയും ഐച്ഛിക ദാനധർമ്മങ്ങളിലൂടെയും സമൂഹത്തിലെ ദരിദ്രർ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലേക്ക് വിതരണം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കും. എന്നാൽ സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥയിൽ വിശ്വസിക്കുന്ന സമ്പന്നർക്ക് പണം കൂടുന്നതിനനുസരിച്ച് അവർ മറ്റുള്ളവരെ തന്റെ സാമ്പത്തിക നേട്ടത്തിന് ഉപാധിയാക്കി മാറ്റും. ഉന്നത ശ്രേണിയിലുള്ളവർക്ക് മാത്രമാണ് ആ നയം ഉപകാരം ചെയ്യുന്നത്.