മലയാള കാവ്യ പ്രപഞ്ചത്തിലെ തിരു നബി(സ്വ) – (2)

ഒന്നര സഹസ്രാബ്ദങ്ങളായി സര്‍വ സംവിധാനങ്ങളും പ്രകീര്‍ത്തിച്ചിട്ടും വര്‍ണ്ണനകളുടെ വിഹായസ്സിലേക്ക് പാറിപ്പറന്ന പറവകള്‍ക്ക് ഇനിയും മദ്ഹിൻ ഈരടികള്‍ക്ക് അറ്റം കാണാന്‍ കഴിഞ്ഞില്ല എന്നത് അത്ഭുതമാണ്. അവിടുത്തെ സ്തുതിഗീതം പാടിയും പറഞ്ഞും കവികളുടെ ഖലമുകള്‍ തളര്‍ന്നുപോയി. മലയാളത്തിന്റെ വള്ളത്തോള്‍ പറഞ്ഞിട്ട് മതിവരാതെ ഇനിയും പറയുകയാണ് തിരുദൂതരെ കുറിച്ച്…

മുഹമ്മദ് നബി(സ്വ) ഒരിക്കല്‍ മക്കയില്‍ നിന്നും മദീനയിലേക്ക് പോകുമ്പോള്‍ വഴിക്ക് വെച്ച് നടന്ന ഒരു സംഭവമാണ് വള്ളത്തോളിന്റെ സാഹിത്യമഞ്ജരി അഞ്ചാം ഭാഗത്തുള്ള ‘അല്ലാഹു’ എന്ന കവിതയുടെ പ്രമേയം. ചുട്ടുപൊള്ളുന്ന മണല്‍ പരപ്പിലൂടെ ആകാശത്ത് ജ്വലിച്ചു നില്‍ക്കുന്ന സൂര്യന്റെ ശക്തമായ ചൂടേറ്റുകൊണ്ട് നടന്നുപോകുന്ന മുഹമ്മദ് നബി(സ്വ) യെ കവി ഇങ്ങനെ വര്‍ണ്ണിക്കുന്നു:

“മനോജ്ഞവും പുണ്യായതനവുമായ
മദീനാക്കുപോകും മുഹമ്മദ് നബി
ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍
ധരയിലേക്കീശന്‍ നിയോഗിച്ച സൂര്യന്‍”

പുണ്യസ്ഥലമായ മദീനയിലേക്ക് പോകുന്ന മുഹമ്മദ് നബി(സ്വ) യെ ഏറെ നാളായി ഭൂമിയില്‍ പെരുത്ത് വന്ന അജ്ഞതയാകുന്ന തമസ്സിനെ തുടച്ചുനീക്കുവാന്‍ ഭൂമിയിലേക്ക് അല്ലാഹു നിയോഗിച്ച സൂര്യനായിട്ടാണ് കവി ഈ വരികളിലൂടെ വിശേഷിപ്പിക്കുന്നത്. നബി(സ്വ) യെ വിശുദ്ധ ഖുര്‍ആന്‍ പ്രകാശിക്കുന്ന വിളക്കായി വിശേഷിപ്പിച്ചത് ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ജനങ്ങളുടെ മനസ്സില്‍ നിന്ന് അജ്ഞതയും അന്ധകാരവും തുടച്ച്‌ നീക്കി അവര്‍ക്ക് ഈമാനികമായ വെളിച്ചം നല്‍കിക്കൊണ്ട് അടിമുടി സംസ്‌ക്കരിച്ചെടുക്കുകയായിരുന്നു പ്രവാചക ദൗത്യം.

നട്ടുച്ചവെയിലിന്റെ ശക്തമായ താപമേറ്റ് നടന്ന് പോകുന്ന നബി(സ്വ) യെ കവി വീണ്ടും വര്‍ണ്ണിക്കുന്നു:

”പരമേശനതിത്തഴമ്പ്
പൊങ്ങിയ
വീരിനെറ്റിയിന്മേല്‍ വിയര്‍പ്പ്
മുത്തുമായ്
ഒരു പാദപത്തെശ്ശരണം പ്രാപിച്ചാ
നുരുത്തണല്‍തപ്തര്‍ക്കുതകുമിപ്പാന്ഥന്‍”

അല്ലാഹുവിന് വേണ്ടി നിസ്‌കരിച്ച് സുജൂദ് അധികരിപ്പിച്ചത് കൊണ്ട് തഴമ്പുണ്ടായിത്തീര്‍ന്ന തിരുനെറ്റിയില്‍ ചൂടിന്റെ കാഠിന്യത്തില്‍ വിയര്‍പ്പ് പൊടിഞ്ഞതും ഒരു വൃക്ഷത്തിന്റെ തണല്‍ കണ്ടപ്പോള്‍ അവിടെയല്പം വിശ്രമിക്കാനിരുന്നതുമാണ് ഈ വരികളിലൂടെ കവി സൂചിപ്പിക്കുന്നത്. തന്റെ കൈവാള്‍ ആ മരകൊമ്പുകളിലൊന്നില്‍ തൂക്കിയിട്ട് വൃക്ഷത്തണലില്‍ മലര്‍ന്ന് കിടക്കുന്ന നബി(സ്വ) യുടെ മുഖത്തിലെ മാധുര്യത്തെ മരക്കൊമ്പുകളിലിരുന്നിരുന്ന പറവകള്‍ നുകര്‍ന്നു എന്ന് പറയുന്ന കവി തുടര്‍ന്നുള്ള വരികളില്‍ നബി(സ്വ) യെ മുനി എന്നു വിശേഷിപ്പിക്കുന്നു. നബി(സ്വ) യെ മുനി എന്ന് വിളിക്കുമ്പോഴുള്ള പുതുമ പ്രത്യേകം ശ്രദ്ധേയമാണ്.

മരത്തണലില്‍ കിടക്കുന്ന നബി(സ്വ) യുടെ വിശ്രമത്തിന് ഭംഗം വരുത്തിക്കൊണ്ട് അവിടെ ഒരു നീചന്‍ പ്രത്യക്ഷപ്പെടുന്ന രംഗമാണ് വള്ളത്തോള്‍ അടുത്ത വരികളില്‍ വളരെ മനോഹരമായി വിവരിക്കുന്നത്. ദുഷ്ടനായ ആ ശത്രുവിനോട് നീ ഏത് ഇരുള്‍ക്കുഴിയില്‍ നിന്നാണ് എഴുന്നേറ്റ് വന്നതെന്നു കവി ചോദിക്കുന്നു. ഈ മഹാനായ ഗുരുവിനെ ശല്യം ചെയ്യാന്‍ വന്ന നീ നരകാര്‍ഹന്‍ തന്നെ എന്നാണു കവി പറയുന്നത്. വള്ളത്തോള്‍ അവര്‍ രണ്ട് പേരെയും ഇങ്ങനെ താരതമ്യം ചെയ്യുന്നു.

“നരകാര്‍ഹന്‍ നീയിഗ്ഗുരു സന്നിധിയോ
മരുഭൂവായാലും മഹനീയ സ്വര്‍ഗ്ഗം
അകന്നൊഴിഞ്ഞ് പോകഴുക്കു നീര്‍, നീയിബ് ഭഗന്തൂര്‍ത്തിയോ പരിശുദ്ധ തീര്‍ത്ഥം
ദുരഹങ്കാരം നീയിതോ.
ശാന്തി ഗുണം
അറുക പടം നീ യിതോ
സാക്ഷാല്‍ സത്യം”

നബി(സ്വ) കിടക്കുന്നത് മരുഭൂമിയിലായാലും ആ ഗുരുസന്നിധി മഹനീയ സ്വര്‍ഗമാണെന്നും ഈ മഹനീയ സന്നിധിയില്‍ നിന്ന് ഒഴിഞ്ഞ് പോകാനും കവി ആ ദുഷ്ടനോട് ആവശ്യപ്പെടുന്നു. ശത്രുവിനെ ദുരഹങ്കാരിയും കപടനുമായിട്ടാണ് വിശേഷിപ്പിക്കുന്നത്. നബി(സ്വ) യെ പരിശുദ്ധാത്മാവും ശാന്തനും സത്യവാനുമായാണ് പരിചയപ്പെടുത്തുന്നത്.

തുടര്‍ന്ന് മുഹമ്മദ് നബി(സ്വ) യുടെ കഴുത്ത് വെട്ടി മഹാമതത്തിന്റെ വേരറുക്കലായിരുന്നു ഈ ദുഷ്ടന്റെ ലക്ഷ്യമെന്ന് കവി കണ്ടെത്തുന്നു. ലോകത്ത് കൊലപാതകികള്‍ക്കാണ് അഭയമുള്ളതെന്നും ജീവിത വിജയം നേടാന്‍ പാതയൊരുക്കുന്ന ഗുരുവര്യന്മാര്‍ക്ക് എങ്ങും പൊറുതിയില്ലായ്മയാണെന്നുമുള്ള വൈപരീത്യം വള്ളത്തോള്‍ തുടര്‍ന്ന് പങ്ക് വെക്കുന്നു.

“അഹോ വൈപരീത്യം ! കൊലപാതകികള്‍
ക്കരയ സ്ഥാനങ്ങള്‍ സുലഭം ലോകത്തിന്‍,
പൊരുള്‍കാട്ടി നമ്മെ സജീവിതരാക്കും
ഗുരുവരന്മാര്‍ക്കോ പൊറുതിയില്ലെങ്ങും!”

നബി(സ്വ) മരക്കൊമ്പില്‍ തൂക്കിയിട്ടിരുന്ന വാള്‍ കൈക്കലാക്കിയ ദുഷ്ടന്‍ ചെകുത്താന്റെ വായ കൊണ്ട് ഇങ്ങനെ ചോദിക്കുന്നു:

“ഇതാ നിന്‍ വാള്‍ താന്‍ നിന്‍ നിണം കൂടിക്കയായ്
ഇതില്‍ നിന്ന് നിന്നെയെവന്‍ സംരക്ഷിക്കും?”

വാളാല്‍ തന്റെ ചോര കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ശത്രുവിന്റെ ആ ചോദ്യത്തിന് മുമ്പില്‍ യാതൊരു പതര്‍ച്ചയും അങ്കലാപ്പും ആശങ്കയും പ്രവാചകരില്‍ പ്രകടമായില്ല. തന്റെ തല കൊയ്യാന്‍ വന്ന ശത്രുവിനെ ലോകാനുഗ്രഹിയായ പ്രവാചകന്‍ തന്റെ പ്രിയ സുഹ്യത്തിനെ കാണുന്നത് പോലെ പ്രസന്ന വദനനായി നോക്കി നില്‍ക്കുന്ന കാഴ്ച വള്ളത്തോള്‍ തുടര്‍ന്ന് വിവരിക്കുന്നു:

“പ്രജകള്‍ തന്‍ കുറ്റം പൊറുത്തരുളുവാന്‍
ത്രി ജഗതി പിതാവോട് പലപ്പോഴും
നിബിഡ പ്രേമത്തോടപേക്ഷിച്ചു പോന്ന
നബിത്തിരുനാവിന്‍ തലയ്ക്കല്‍ നിന്നപ്പോള്‍,
ഗുരുവധ ക്രിയയ്ക്കുഴറി നില്‍ക്കുമാ-
ക്കാരാളന്നും കൈവാള്‍ വഴുതിപ്പോം വണ്ണം
അതിസഗ്ദ്ധ ഭക്തി രസമൊഴുക്കി
നിഷ്പതിച്ച തല്ലാഹെ എന്നൊരു ചെറുപദം!”

തന്റെ അനുയായികളുടെ പാപം പൊറുക്കുവാന്‍ ലോക രക്ഷിതാവിനോട് നിറഞ്ഞ സ്‌നേഹത്തോടെ എന്നും അപേക്ഷിക്കുന്ന നബി(സ്വ) യുടെ തിരുനാവില്‍ നിന്ന് അല്ലാഹു എന്ന ഒരു ചെറുപദം പുറത്തേക്ക് വന്നു. നിന്നെ ആര് രക്ഷിക്കും? എന്ന ചോദ്യത്തിന് ”അല്ലാഹ്” എന്ന് മറുപടി പറയുമ്പോള്‍ നബി (സ്വ) യുടെ മുഖത്ത് സ്ഫുരിച്ച ഭക്തിരസത്തിന്റെ ഒഴുക്ക് കൊലയാളിയുടെ കയ്യിലുള്ള വാളിനെ വഴുതി വീഴിച്ചു കളഞ്ഞു. ഈ ഒരു സംഭവമാണ് മഹാകവി വള്ളത്തോള്‍ ‘അല്ലാഹ്’ എന്ന കവിതയില്‍ വളരെ തന്മയത്വത്തോടും ചാരുതയോടും കവിത്വത്തിന്റെ മുഴുവന്‍ ഭാവനാ സമ്പന്നതയോടും വിവരിക്കുന്നത്

വള്ളത്തോളിന്റെ ശ്രദ്ധേയമായ മറ്റൊരു കവിതയാണ് ‘സാഹിത്യമഞ്ജരി’ നാലാം ഭാഗത്തിലെ ജാതകം തിരുത്തി എന്ന കവിത. ഉമര്‍(റ) വിന്റെ ഇസ്ലാം മതാശ്ലേഷത്തിന്റെ നിമിഷങ്ങളെ ആധാരമാക്കിയുള്ളതാണിത്. പ്രവാചകനായ മുഹമ്മദ് നബി(സ്വ) യെ തെറ്റിദ്ധരിച്ച് അദ്ദേഹത്തെ അക്രമിക്കാന്‍ പുറപ്പെടുന്നത് കണ്ട് കവി സ്വയം ഉമര്‍ (റ)ന്റെ മുമ്പില്‍ ചെന്ന് ആശ്വസിപ്പിക്കുന്ന രീതിയിലാണ് വള്ളത്തോള്‍ ഈ കാവ്യ രചന നിര്‍വഹിച്ചിട്ടുള്ളത്:

“സ്തുതിച്ചു കൊണ്ടതൊരു കണ്ഠസീമനിതേ-
നുതിര്‍ന്ന നീലോല്‍പല മാല ചാര്‍ത്തണം.
അതിങ്കലിപ്പാമ്പെതിര്‍ വാള്‍ മയക്കുവാന്‍
മുതിര്‍ന്നുവല്ലോ മുഴുപാപിപോലെ നീ!”

എന്ന വരികളില്‍ കവി ഉമര്‍(റ) നെ ഓര്‍മ്മപ്പെടുത്തുന്നത് മുഹമ്മദ് നബി(സ്വ) യെ സ്തുതിച്ച് കൊണ്ട് കഴുത്തില്‍ നീലോല്‍പലം മാല ചാര്‍ത്തേണ്ട താങ്കള്‍ വാള്‍ കൊണ്ട് വെട്ടാന്‍ തുനിഞ്ഞത് വളരെ കഷ്ടമായിപ്പോയി എന്നാണ്. നീലോല്‍പലം എന്നാല്‍ കരിംകൂവളപ്പൂവ് എന്നാണര്‍ഥം. വാളിനോട് വര്‍ണസാമ്യം കിട്ടാനാണ് നീലോല്‍പലം എന്ന് പറഞ്ഞത്. തുടര്‍ന്ന് വള്ളത്തോള്‍ നബി(സ്വ) യെ പുകഴ്ത്തുന്നു:

”അഹര്‍മുഖപ്പൊന്‍കതിര്‍പോലെ പോന്നവന്‍ മുഹമ്മദപ്പേരിനിതാ നമശ്ശതം!
സ്വഹസ്ത വാളായ തമിത്ര രേഖയാ
മഹസ്സിനെന്തുണ്ടതുമോര്‍പ്പ തില്ല നീ!”

താങ്കള്‍ ചെന്നാക്രമിച്ചാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കയില്ല എന്ന് കവി ഉമര്‍(റ) നെ ഓര്‍മ്മപ്പെടുത്തുന്നു. കാരണം പുലരിയിലെ പൊന്‍ നിറമാര്‍ന്ന കതിര്‍പോലെയുള്ള ശക്തവാനും മിടുക്കനുമാണ് മുഹമ്മദ് നബി(സ്വ). ഇരുട്ടാകുന്ന നിന്റെ കയ്യിലുള്ള വാള്‍കൊണ്ട് തേജസ്വിയായ നബി(സ്വ) യെ എന്ത് ചെയ്യാന്‍ കഴിയും എന്ന് കവി ചോദിക്കുന്നു. ഇരുട്ടിന് പ്രകാശത്തിന് നേരെ എന്ത് കാട്ടാന്‍ കഴിയും എന്ന് സാരം. നബി(സ്വ) യെ സൂര്യരഷ്മിയോടും പ്രകാശത്തോടും ഉപമിക്കുകയും തനിക്കെതിരെയുള്ള ഏത് ശക്തിയും ഇരുട്ടിനെപോലെയാണെന്ന് വിശേഷിപ്പിക്കുകയുമാണ് കവി ഇവിടെ ചെയ്യുന്നത്. ഇത്‌പോലെ വള്ളത്തോള്‍ കവിതകളില്‍ ധാരാളം സ്ഥലങ്ങളില്‍ നബി(സ്വ) യുടെ മഹത്വം വിവരിച്ചതായി കാണാം.

[തുടരും]

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article
prophet muhmmed in malayalam poetry

മലയാള കാവ്യ പ്രപഞ്ചത്തിലെ തിരു നബി(സ്വ) - (1)

Next Article
prophet muhmmed in malayalam poetry

മലയാള കാവ്യ പ്രപഞ്ചത്തിലെ തിരുനബി(സ്വ) - (3)

Related Posts
Total
0
Share