ചരിത്രത്തെ അപരവല്‍കരിക്കാന്‍ ഇസ്‌റാഈല്‍ ശ്രമിക്കുന്നതെന്തിന്?

ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന്റെ ഓക്ടോബര്‍ 24 ലെ പ്രസ്താവന ഇസ്‌റാഈലിന്റെ രൂക്ഷമായ പ്രതികരണത്തിലേക്കാണ് വഴിവെച്ചത്.
യു എന്‍ സെക്ക്യൂരിറ്റി കൗണ്‍സിലിനെ അഭിമുഖികരക്കവെ, ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ കൂട്ടക്കൊലയെ നിശിതമായി അപലപിക്കുന്നതോടെപ്പം പ്രസ്തുത സംഭവം ശുന്യതയില്‍ നിന്ന് ഉദ്ഭവിച്ചതല്ലെന്ന് ലോകത്തെ ഓര്‍മ്മിപ്പിക്കാന്‍ ഗുട്ടറസ് ആഗ്രഹിച്ചു. 56 വര്‍ഷത്തെ അധിനിവേശ ചരിത്രം അന്നേ ദിവസത്തെ ദാരുണ സംഭവത്തില്‍ നിന്ന് അടര്‍ത്തിമാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം വീശദരിക്കുകയുണ്ടായി.
ഗുട്ടറസിന്റെ പ്രസ്താവനയെ അപലപിച്ച് ഇസ്‌റാഈല്‍ ഗവണ്‍മെന്റ് ഉടന്‍ രംഗത്തെത്തി. ഹമാസിനെ പിന്തുണക്കുകയും അതുവഴി അവര്‍ നടപ്പിലാക്കിയ കൂട്ടക്കാെലയെ ന്യായീകരിക്കുകയും ചെയ്‌തെന്നരോപിച്ച് ഇസ്‌റാഈല്‍ പ്രതിനിധികള്‍ ഗുട്ടറസിന്റെ രാജി ആവശ്യപ്പെടുകയുണ്ടായി. മറ്റു പല കാര്യങ്ങള്‍ സ്ഥാപിക്കുന്ന കൂട്ടത്തില്‍ ഐക്യരാഷ്ട്ര സഭ മേധാവി അതിശയകരമായ ധാര്‍മ്മിക പാപ്പരത്തമാണ് പ്രകടമാക്കുന്നതെന്നും സമര്‍ഥിച്ച് ഇസ്‌റാഈലീ മീഡിയകളും ഈ ‘ബാന്‍ഡ് വാഗണ്‍’ (നിലവില്‍ സ്വീകാര്യമായ, പ്രസിദ്ധമായ, പിന്തുണ വര്‍ധിപ്പിക്കുന്ന ഒരു പ്രവര്‍ത്തിയെ സൂചിപ്പിക്കുന്നു) സജീവമായി ഏറ്റെടുത്തു.

പുതിയൊരു ആരോപണം യഹൂദ വിരുദ്ധതയുടെ ഭാഗമാക്കി നിര്‍മ്മിച്ചെടുക്കുന്നതിലേക്കാണ് ഈ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇസ്‌റാഈല്‍ രാഷ്ട്രത്തിനു മേലുള്ള വിമര്‍ശനങ്ങളും സയണിസത്തിന്റെ ധാര്‍മ്മിക അടിത്തറയെ ചുറ്റിപറ്റിയുള്ള ചോദ്യങ്ങളും യഹുദ വിരുദ്ധതയുടെ ഭാഗമായി ചിത്രീക്കരിക്കാന്‍ പരിശ്രമിക്കുകയായിരുന്നു ഓക്ടോബര്‍ 7 വരെ ഇസ്‌റാഈല്‍. നിലവിലെ സാഹചര്യങ്ങളെ ചരിത്രവല്‍ക്കരിക്കുകയും സാന്ദര്‍ഭികവല്‍ക്കരിക്കുകയും വഴി യഹൂദ വിരുദ്ധതയുടെ ഭാഗമായി ഈ ആരോപണം മാറ്റിയെടുക്കാന്‍ കഴിഞ്ഞേക്കാം.

ഈ സംഭവങ്ങളെ ചരിത്ര പശ്ചാത്തലങ്ങളില്‍ നിന്ന് അടര്‍ത്തിയെടുക്കല്‍, കഴിഞ്ഞ കാലങ്ങളില്‍ തന്ത്രപരമായതോ നയപരമായതോ ധാര്‍മ്മികപരമായതോ ആയ പരിഗണനകള്‍ക്ക് വേണ്ടി ഉപേക്ഷിക്കേണ്ടി വന്ന രാഷ്ട്രീയ നയങ്ങളെ നേടിയെടുക്കാന്‍ ഇസ്‌റാഈലിനെയും മറ്റു പാശ്ചാത്യ ഗവണ്‍മെന്റുകളെയും സഹായിക്കും.

അതുകൊണ്ടു തന്നെ, ഒക്ടോബര്‍ 7 ലെ അക്രമണം ഗാസയിലെ കൂട്ടക്കൊല നടപടികള്‍ക്ക് ന്യായവാദമായി ഇസ്‌റാഈല്‍ ഉപയോഗിക്കുന്നു. അമേരിക്കക്കും തങ്ങളുടെ പശ്ചിമേഷ്യയിലെ സാന്നിധ്യം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ന്യായമാണിത്. ഭീകരവാദത്തിനെതിരെയുള്ള യുദ്ധം എന്ന പേരില്‍, ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കാനും പരിമിതപ്പെടുത്താനും ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഇത് ന്യായമാണ്.

പക്ഷെ, നിരാകരിക്കാന്‍ കഴിയാത്ത നിരവധി ചരിത്ര പശ്ചാത്തലങ്ങള്‍ നിലവിലെ ഇസ്‌റാഈല്‍ – ഫലസ്തീന്‍ സംഭവങ്ങള്‍ക്കുണ്ട്. പ്രവിശാലമായ ഈ ചരിത്ര പശ്ചാത്തലം പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിലേക്ക് മടങ്ങുന്നു. പടിഞ്ഞാറിലെ ക്രിസ്തു യഥാസ്തികത്വം ജുതരുടെ തിരിച്ചു വരവെന്ന ആശയത്തെ നുറ്റാണ്ടിലെ അതിപ്രധാനമായ മത പ്രശ്‌നമായി മാറ്റുകയും ഫലസ്തീനില്‍ ഒരു ജൂത രാഷ്ട്രം നിര്‍മ്മിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇത് മരിച്ചവരുടെ പുനര്‍ജന്മത്തിലേക്കും മിശിഹായുടെ തിരിച്ചു വരവിലേക്കും ലോകവസനത്തിലേക്കും നയിക്കുന്ന സംഭവങ്ങളുടെ ഭാഗമായാണ്.

19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഒന്നാം ലോക മഹായുദ്ധത്തിലേക്ക് നയിച്ച വര്‍ഷങ്ങളിലും ഈ തിയോളജി രണ്ട് കാരണങ്ങള്‍ക്ക് വേണ്ടി ഒരു നയമായി തീര്‍ന്നു.ഒന്നമതായി, ഒട്ടോമന്‍ സാമ്രാജ്യം തകര്‍ക്കുകയും അതിന്റെ ഭാഗങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കാനും ആഗ്രഹിച്ചിരുന്ന ബ്രിട്ടനിലെ ആളുകളുടെ താല്പര്യത്തിനനുസൃതമായിരുന്നു ഇത്. രണ്ടാമതായി, ബ്രിട്ടീഷ് പ്രഭുവര്‍ഗത്തിലെ ജൂത ക്രിസ്താനികള്‍ക്കിടയില്‍ ഈ ആശയം അന്തര്‍ലീനമായിരുന്നു. സ്വാഗതാര്‍ഹമല്ലാത്ത
ജൂത കുടിയേറ്റ തരംഗം സൃഷ്ടിച്ച മധ്യ പൗരസ്ത്യ യുറോപ്പിലെ ജൂത വിരുദ്ധതയുടെ ആത്യന്തിക പരിഹാരമായി സയണിസം എന്ന ആശയത്തില്‍ വശംവദരായി തീര്‍ന്നിരുന്നു ഇവര്‍.

ഈ രണ്ട് താല്പര്യങ്ങള്‍ കൂടി ചേര്‍ന്നപ്പോള്‍ 1917 – ലെ പ്രസിദ്ധമായ – അല്ലെങ്കില്‍ കുപ്രസിദ്ധമായ – ബാള്‍ഫര്‍ പ്രഖ്യാപനം പുറപ്പെടുവിക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റില്‍ അവര്‍ സ്വാധീനം ചെലുത്തി. ജൂതായിസത്തെ ദേശീയതയായി പുനര്‍നിര്‍വചിച്ച ജൂത ചിന്തകരും ആക്ടിവിസ്റ്റുകളും, ജൂത രാഷ്ട്രത്തിന്റെ പുനര്‍ജന്മത്തിന് അഭിലക്ഷണീയമായ ഇടമായി ഫലസ്തീനിലേക്ക് ചേക്കേറുന്നതോടെ, യൂറോപിലെ അസ്തിത്വപരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് ജൂത സമുദായങ്ങളെ ഈ നിര്‍വചനം സംരക്ഷിക്കുമെന്നാഗ്രഹിച്ചു.

ഈ പ്രക്രിയയില്‍ സംസ്‌കാരിക ബൗദ്ധിക സയണിസം ഒരു കുടിയേറ്റ കോളോണിയല്‍ പദ്ധതിയായി രൂപാന്തരപ്പെട്ടു. തദ്ദേശീയ ജനവിഭാഗങ്ങള്‍ അധിവസിച്ചിരുന്ന ചരിത്രപരമായ ഫലസ്തീനിനെ ജൂതവല്‍ക്കരിക്കാന്‍ അത് ലക്ഷ്യമിട്ടു.

തിരിച്ച്, അക്കാലത്ത് തികച്ചും യഥാസ്ഥികരും ആധുനികവല്‍ക്കരണത്തിന്റെയും ദേശീയ അസ്തിത്വ രൂപീകരണത്തിന്റെയും തുടക്കത്തിലുമായിരുന്ന ഫലസ്തീന്‍ ജനത അവരുടെതായ കോളോണിയല്‍ വിരുദ്ധ പ്രസ്ഥാനങ്ങള്‍ നിര്‍മ്മിച്ചു. സയണിസ്റ്റ് കോളോണിയല്‍ പദ്ധതിക്കള്‍കെതിരെ അതിന്റെ ആദ്യത്തെ പ്രധാന തിരിച്ചടി 1929 – ലെ അല്‍ ബുറാഖ് പ്രക്ഷോഭമാണ്. ശേഷം കോളണി വിരുദ്ധ പോരാട്ടങ്ങള്‍ അവസാനിച്ചിട്ടില്ല.

നിലവിലെ പ്രതിസന്ധിക്ക് പ്രസക്തമായ മറ്റൊരു ചരിത്ര സംഭവമാണ് ഗ്രാമങ്ങളില്‍ നിന്ന് ഗാസയിലെക്ക് ഫലസ്തീന്‍ ജനതയെ ബലാല്‍കാരമായി പുറന്തള്ളിയ 1948 – ലെ ഫലസ്തീനിലെ വംശീയ ഉന്മൂലനം. ഓക്ടോബര്‍ 7 ന് അക്രമിക്കപ്പെട്ട ഇസ്‌റാഈല്‍ വാസസ്ഥലങ്ങള്‍ പലതും ഇവരുടെ അവശിഷ്ടങ്ങളുടെ മേല്‍ നിര്‍മ്മിക്കപ്പെട്ടവയായിരുന്നു. വീട് നഷ്ടപ്പെട്ട് അഭയാര്‍ഥിക്കളാവേണ്ടി വന്ന 750,000 ഫലസ്തീനകളുടെ ഭാഗമായിരുന്നു വേരോടെ പിഴുതെറിയപ്പെട്ട ഇവര്‍.

ഈ വംശീയ ഉന്മൂലനം ലോകം കണ്ടെങ്കിലും അപലപിച്ചാരും രംഗത്തെത്തിയില്ല. തല്‍ഫലമായി, ചരിത്ര പ്രധ്യാനമുള്ള ഫലസ്തീനിലെ തദ്ദേശീയരുടെ എണ്ണം സാധ്യമായത്ര ചുരുക്കി ഫലസ്തീനില്‍ പുര്‍ണ്ണാധികാരം സ്ഥാപിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ഇസ്‌റാഈല്‍ വംശീയ ഉന്മൂലനം തുടര്‍ന്നു. 1967 ലെ യുദ്ധ സമയത്തും ശേഷവും നാടുകടത്തപ്പെട്ട 300,000 ഫലസ്തീനികളും വെസ്റ്റ് ബാങ്കില്‍ നിന്നും ജെറുസലേമില്‍ നിന്നും ഗാസയില്‍ നിന്നും നാടുകടത്തപ്പെട്ട 600,000 അധികം ഫലസ്തീനികളും ഇതില്‍ ഉള്‍പ്പെടുന്നു.

ഇസ്‌റാഈലിന്റെ വെസ്റ്റ് ബാങ്ക്, ഗാസ അധിനിവേശങ്ങളുടെയും ചരിത്ര പശ്ചാത്തലമുണ്ട് നിലവിലെ സാഹചര്യങ്ങള്‍ക്ക്. കഴിഞ്ഞ 50 വര്‍ഷങ്ങളായി, ഇസ്‌റാഈല്‍ കുടിയേറ്റക്കാരുടെയും സുരക്ഷ സേനകളുടെയും നിരന്തരമായ പീഡനകള്‍ക്ക് ഫലസ്തീന്‍ ജനതയെ തുറന്നു കൊടുക്കുക വഴിയും ലക്ഷക്കണക്കിനാളുക്കളെ തുറങ്കലടുക്കുക വഴിയും, അധിനിവേശ ശക്തികള്‍ സ്ഥിരമായ കൂട്ട ശിക്ഷക്കള്‍ക്ക് ഫലസ്തീനിക്കളെ ഇരയാക്കുകയായിരുന്നു.

മതമൗലികവാദികളായ മെസിയാനിക്കുകളായ നിലവിലെ ഇസ്‌റാഈല്‍ ഗവണ്‍മെന്റിനെ 2022 നവബംറില്‍ തിരഞ്ഞെടുക്കപ്പട്ടതു മുതല്‍ ഈ കടുത്ത നിലപാടുകളെല്ലാം അഭൂതപൂര്‍വമായ തലത്തിലെത്തി. അധിനിവേശ വെസ്റ്റ് ബാങ്കില്‍ കൊല്ലപ്പെട്ട , മുറിവേല്‍ക്കപ്പെട്ട , അറസ്റ്റ് ചെയ്യപ്പെട്ട ഫലസ്തീനികളുടെ എണ്ണം കുതിച്ചുയര്‍ന്നു.
അതിലെല്ലാം ഉപരി, ജെറുസലേമിലെ മുസ്ലിം – ക്രിസ്തു പുണ്യ ഭൂമികകളോടുള്ള ഇസ്‌റാഈലിന്റെ സമീപനം കൂടുതല്‍ അക്രമണപരമായി തീര്‍ന്നു.

അവസാനമായി, 16 വര്‍ഷമായി തുടര്‍ന്നു വരുന്ന ഗാസയിലെ ഉപരോധത്തിന്റെ ചരിത്രവും പ്രസക്തമാണ്. ഗാസയിലാവട്ടെ ജനസംഖ്യയുടെ പകുതിയിലധികവും കുട്ടികളാണ്. 2020 ഓടോ ഗാസ മനുഷ്യന്‍ വാസയോഗ്യമല്ലാത്ത ഇടമായി തിരുമെന്ന് 2018-ല്‍ തന്നെ ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇസ്‌റാഈലിന്റെ ഏകപക്ഷീയമായ പിന്‍മാറ്റത്തിനു ശേഷം, ഫലസ്തീനില്‍ ജനാധിപത്യ തെരഞ്ഞെടുപ്പ് ഹമാസ് വിജയിച്ചതിന്റെ പ്രതികരണമായിരുന്നു ഈ ഉപരോധം എന്ന വസ്തുതയും വിസ്മരിക്കാന്‍ കഴിയാത്തതാണ്. ഓസ്ലോ ഉടമ്പടികള്‍ക്ക് ശേഷവും ഗാസയെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നും കിഴക്കന്‍ ജെറുസലേമില്‍ നിന്നും വിച്ഛേദിച്ച് മുള്ളുവേലികള്‍ സ്ഥാപിക്കപ്പെട്ടിരുന്ന 1990 കളെ വിചിന്തനം നടത്തലാണ് അതിലും പ്രധാനം.

ഗാസയെ ഒറ്റപ്പെടുത്തിയതും അതിനെ ആവരണം ചെയ്ത മതിലുകളും വെസ്റ്റ് ബാങ്കിന്റെ വര്‍ധിച്ചുവരുന്ന ജൂത വല്‍ക്കരണവുമെല്ലാം ഓസ്ലോ ഇസ്‌റാഈലിന്റെ കണ്ണില്‍ മറ്റര്‍ഥത്തിലുള്ള അധിനിവേശം മാത്രമായിരുന്നു, അല്ലാതെ സമാധാനം സ്ഥാപിക്കാനുള്ള വഴിയായിരുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനകളായിരുന്നു.

ഗാസ ഗെട്ടൊയിലെക്കുള്ള (Ghetto) എല്ലാ പ്രവേശന കവാടങ്ങളും ഇസ്‌റാഈല്‍ നിയന്ത്രിച്ചു. ഗാസയിലേക്കുള്ള ഭക്ഷണ വിഭവങ്ങള്‍ വരെ അവര്‍ നീരീക്ഷിച്ചു. ചില സമയങ്ങളില്‍ നിശ്ചിത കലോറിയായി പരിമിധപ്പെടുത്തി. ദുര്‍ബലപ്പെടുത്തുന്ന ഈ ഉപരോധിനെതിരെ, ഇസ്‌റാഈലിലെ പൗരപ്രദേശങ്ങളില്‍ റോക്കറ്റ് വിക്ഷേപണം നടത്തി ഹമാസ് പ്രതികരിച്ചു.

രണ്ട് ദശലക്ഷം ജനങ്ങളുടെ മേല്‍ നടപ്പിലാക്കിയ മനുഷ്യത്വരഹിതവും കിരാതവുമായ ഉപരോധത്തിന്റെയും, നഖ്ബയുടെയും, ഫലസ്തീനിലെ മറ്റു ഭാഗങ്ങളില്‍ തദ്ദേശീയരാല്‍ അടിച്ചമര്‍ത്തപ്പെട്ടതിന്റെയും ചരിത്രത്തെ അവഗണിച്ച്, ജൂതരെ കൊലപ്പെടുതാനുള്ള ഹമാസിന്റെ ആദര്‍ശപരമായ ആശയാണ് ഈ അക്രമണങ്ങള്‍ ലക്ഷ്യവെച്ചെതെന്ന് ഇസ്‌റാഈല്‍ ഭരണകൂടം അവകാശപ്പെട്ടു. നാസിസത്തിന്റെ പുതിയൊരു പതിപ്പാണ് ഈ അവകാശവാദം.

ഇത്തരം നടപടിക്കള്‍ക്കെതിരെ പ്രതികരിക്കാനോ അല്ലെങ്കില്‍ പകചെയ്യാനോ ഉറപ്പു നല്‍കിയ ഫലസ്തീനിലെ എക കൂട്ടമായിരുന്നു പല തരത്തില്‍ ഹമാസ്. എന്നിരുന്നാലും, ഹമാസ് പ്രതികരിക്കാന്‍ സ്വീകരിച്ച രീതി ഗാസയിലെങ്കിലും അതിന്റെ തന്നെ നാശത്തിന് കാരണമായേക്കാം, ഫലസ്തീന്‍ ജനതക്ക് മേല്‍ കൂടുതല്‍ അടിച്ചമര്‍ത്തലുകള്‍ക്കുള്ള ന്യായവാദമായി തീര്‍ന്നേക്കാം.

ഹമാസിന്റെ അക്രമണത്തിന്റെ മൃഗീയതയെ ഒരു തരത്തിലും ന്യയീക്കരിക്കാന്‍ കഴിയില്ല. പക്ഷേ, അതിനെ വീശദീകരിക്കാനോ സന്ദര്‍ഭോചിതമാക്കാനോ പാടില്ലെന്ന് ഇതിനര്‍ഥമില്ല.

അതി ഭീകരമായ ഈ അക്രമണ പ്രത്യാക്രമണങ്ങള്‍ രണ്ടു ഭാഗത്തും ഭീമമായ മനുഷ്യ നഷ്ടമുണ്ടാകിയെങ്കിലും സങ്കടകരമായ വാര്‍ത്ത എന്തെന്നാല്‍ ഇതൊരു വഴിത്തിരിവായി തീരില്ലെന്നാണ്. അങ്ങനെയെങ്കില്‍ എന്താണ് ഈ സാഹചര്യങ്ങള്‍ ഭാവിയിലേക്ക് അര്‍ഥമാക്കുന്നത്.

ഇസ്‌റാഈല്‍, അധിനിവേശ കൊളോണിയല്‍ പ്രസ്ഥാനത്താല്‍ രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രമായി തുടരും. ഈ പ്രസ്ഥാനം ഇസ്‌റാഈലിന്റെ രാഷ്ട്രീയ ഡി.എന്‍ എ യില്‍ സ്വാധീനം തുടരുകയും അതിന്റെ ആദര്‍ശ സ്വഭാവം തീരുമാനിക്കുന്നത് തുടരുകയും ചെയ്യും. പശ്ചിമേഷ്യയിലെ ഏക ജനാധിപത്യം എന്ന് സ്വയം പരുവപ്പെടുത്തിയെങ്കിലും, ജൂത പൗരന്‍മാര്‍ക്ക് മാത്രമായുള്ള ഒരു ജനാധിപത്യ രാഷ്ട്രമായി ഇസ്‌റാഈല്‍ നിലനില്‍ക്കും.

ഇസ്‌റാഈല്‍ കൂടുതല്‍ വംശീയമാവണമെന്നും ഭരണകൂടം മതകീയ യമാവണമെന്നും ആഗ്രഹിക്കുന്ന ‘ജൂത രാഷ്ട്രം’ എന്ന് വിളിക്കാന്‍ കഴിയുന്ന കുടിയേറ്റക്കാരുടെ രാഷ്ട്രവും സ്ഥിതിവിശേഷം മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ഇഷ്ടപ്പെടുന്ന ഇസ്‌റാഈല്‍ രാഷ്ട്രവും തമ്മില്‍ ഇസ്‌റാഈലില്‍ തന്നെയുള്ള, ഓക്ടോബര്‍ 7 വരെ ഇസ്‌റാഈലിനെ അലട്ടിയ ആന്തരിക സംഘര്‍ഷം വീണ്ടും പ്രവഹിക്കും. യഥാര്‍ഥത്തില്‍, ഈ സംഘര്‍ഷാവസ്ഥയുടെ സൂചനകള്‍ ഇപ്പോള്‍ തന്നെയുണ്ട്.

നിരവധി മനുഷ്യാവാകാശ സംഘടനകള്‍ പ്രഖ്യാപിച്ചത് പോലെ ഇസ്‌റാഈല്‍ ഒരു വര്‍ണ്ണവിവേചന രാഷ്ട്രമായി തുടരും. എന്നിരുന്നാലും ഗാസയിലെ സാഹചര്യങ്ങള്‍ വികാസം പ്രാപിക്കും. ഫലസ്തീനികള്‍ ഓടി ഒളിക്കില്ല. കൂടുതല്‍ ആര്‍ജവത്തോടെ നിരവധി പൗര സമൂഹങ്ങളുടെ പിന്തുണയോടു കൂടെ – അവരുടെ ഭരണകൂടങ്ങള്‍ മുഴുവനും ഇസ്‌റാഈലിനെ പിന്താങ്ങുകയും അവര്‍ക്ക് അസാധാരണമായ പ്രതിരോധ ശേഷി നല്‍കുകയും ചെയ്താലും – അവരുടെ സ്വാത്രന്ത്യ പോരാട്ടങ്ങള്‍ തുടരും.

പ്രശ്‌ന പരിഹാരം ഒന്നേയുള്ളു. നദിമുതല്‍ കടലുവരെയുള്ള എല്ലാവര്‍ക്കും ത്യുല്യാവകാശം കൊണ്ടുവരുകയും ഫലസ്തീന്‍ അഭയാര്‍ഥിക്കളെ മടങ്ങിവരാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു അധികാര മാറ്റം ഇസ്‌റാഈല്‍ സംഭവിക്കലാണ്. അല്ലാത്ത പക്ഷം, രക്ത ചൊരിച്ചിലിന്റെ കാലചക്രം അവസാനിക്കുകയില്ല.

(കടപ്പാട് : അല്‍ ജസീറ)


വിവ: മുഹമ്മദ് അര്‍ഷല്‍ ഗസ്സാലി

Total
0
Shares
Previous Article

മൊറൊക്കോയിലെ നാലുദിനങ്ങൾ

Next Article

സമസ്ത പാരമ്പര്യത്തെ അടയാളപ്പെടുത്തിയ വിധം

Total
0
Share