ഇന്ത്യാ മഹാരാജ്യം പുതിയൊരു സ്വാതന്ത്ര്യ ദിനാഘോഷങ്ങളിലേക്ക് കാലെടുത്തുവെക്കുകയാണ്.
കൊളോണിയൽ കരാളഹസ്തങ്ങളിൽ നിന്ന് ഈ രാജ്യത്തിന്റെ സ്വതന്ത്രത്തിനു വേണ്ടി ചോര നീരാക്കിയവരായിരുന്നു നമ്മുടെ മുൻഗാമികൾ. അവരുടെ ചോര കൊണ്ട് ചിത്രം വരച്ചതിന്റെ ബാക്കി പത്രമായിരുന്നു ‘സ്വതന്ത്ര ഇന്ത്യ.’ എന്നാൽ, ‘സ്വതന്ത്ര ഇന്ത്യ’യെന്നത് ഇന്ന് വെറും സങ്കല്പം മാത്രമാണ്. ജനാധിപത്യ ഇന്ത്യ’യെന്നതാവട്ടെ ഇന്ന് ഏറ്റവും വലിയ വൈരുദ്ധ്യവും.
സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും സമൂഹമെന്ന പാരമ്പര്യത്തിൽനിന്ന് തുടർച്ചയായി അധഃപതിപ്പിച്ച് ഇന്ത്യയെ അടിമുടി തകർത്ത് നാണംകെടുത്തുകയാണ് നരേന്ദ്ര മോദിയും പരിവാരങ്ങളും. പാർലമെന്ററി ജനാധിപത്യം, അഭിപ്രായ സ്വാതന്ത്ര്യം, മൗലികാവകാശം തുടങ്ങിയ മൂല്യങ്ങളെല്ലാം എക്കാലത്തുമില്ലാത്ത ഗുരുതര വെല്ലുവിളിയാണ് ഈ ‘സ്വതന്ത്ര്യ ഇന്ത്യ’യിൽ നേരിടുന്നത്. മതത്തിന്റെ പേരിൽ ആളുകളെ കൊന്നും ആക്രമിച്ചും വർഗീയത പറഞ്ഞും നൃത്തം വെക്കുന്ന പരിതസ്ഥിതിയിലേക്ക് ഈ രാജ്യം എത്തിപ്പെട്ടിരിക്കുന്നു. വിമർഷിക്കുന്നവരെ കൊന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ആക്രമിച്ചും രംഗം കൊഴുപ്പിക്കുന്നവർ രാജ്യം ഭരിക്കുമ്പോൾ സ്വാതന്ത്ര്യ ഇന്ത്യയിൽ ശുദ്ധവായു കിട്ടുന്നുണ്ടെന്ന് വിശ്വസിക്കാൻ രാജ്യത്തെ പൗരന്മാരെല്ലാം മണ്ടൻമാരാണോ ?
ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനല്‍കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം. അമ്പതിയാറ് ഇഞ്ച് നെഞ്ചളവിന്റെ വീമ്പ് പറഞ്ഞ് രാജ്യം ഭരിക്കുന്നവർ രാജ്യത്തെ പൗരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിൽ വരെ കൈ വെച്ച് കാര്യം നേടുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് ‘നമ്മുടെ ഇന്ത്യ’യാണ്. സംഘപരിവാറിന്റെ കടുത്ത വിമര്‍ശകരായിരുന്ന
പ്രഫ. എം.എം. കൽബുർഗി, നരേന്ദ്ര ധബോൽക്കർ, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങൾ കണ്ട് രാജ്യം പൊട്ടിക്കരഞ്ഞത് മൗനത്തിന്റെ വാൽമീകത്തിലിരുന്ന് മുനിയായിത്തീർന്ന പ്രധാനമന്ത്രിയുടെ മുതലക്കണ്ണീർ കണ്ടു കൊണ്ട് കൂടിയാണ്.
കഴിഞ്ഞ വർഷമാണ് ജനങ്ങൾ തെരഞ്ഞെടുത്ത പാർലമെന്റംഗങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾക്ക് വിലങ്ങണിയിച്ചത്. അഴിമതി ഉള്‍പ്പെടെ അറുപത്തിയഞ്ച്
വാക്കുകള്‍ക്കാണ് അന്ന് പാര്‍ലമെന്റില്‍ വിലക്ക് വീണത്.സ്വേച്ഛാധിപതി,അഴിമതിക്കാരൻ, നാട്യക്കാരന്‍,വിനാശപുരുഷൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി, അരാജകവാദി, ശകുനി, ഗുണ്ട, കരിദിനം, നാടകം, മുതലക്കണ്ണീര്, കരിദിനം, നാട്യം, കാപട്യം, ചതി, ചാരവൃത്തി, അഹങ്കാരം, ലൈംഗികാതിക്രമം തുടങ്ങിയ ഒരു കൂട്ടം വാക്കുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇരട്ട വ്യക്തിത്വം, വഞ്ചന, ചോരകൊണ്ടുള്ള കളി, ഉപയോഗശൂന്യം എന്നിങ്ങനെ ഒരുകൂട്ടം വാക്കുകളും ആ പട്ടികയിലുൾപ്പെടും. സ്പീക്കർക്കെതിരെ ഉപയോഗിക്കുന്ന പക്ഷംപിടിക്കൽ, നിഷ്പക്ഷത പാലിക്കണം തുടങ്ങിയവയുടെയും നാവറുത്തിരുന്നു. സൂക്ഷിച്ച് നോക്കിയാൽ ഈ വാക്കുകളെല്ലാം ആരെക്കുറിച്ചാണ് മുമ്പ് പാർലമെന്റില്‍ ഉന്നയിക്കപ്പെട്ടിരിക്കുക എന്ന് വ്യക്തമാവും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് തടസ്സപ്പെടുത്താനാണ് വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് വളരെ വ്യക്തമാണ്. മിണ്ടുന്നവരെ നിശബ്ദരാക്കാനുള്ള ഇത്തരം വഴികളുടെ പിന്നിൽ അസഹിഷ്ണുതയുടെ ഉഗ്രമൂർത്തികളായ ആർഎസ്എസ് ബുദ്ധികേന്ദ്രങ്ങളാണ് വ്യക്തം. മോദി സർക്കാരിന്റെ വിനാശകരങ്ങളായ നയങ്ങൾക്കെതിരായ വിമർശങ്ങൾ പൂർണ്ണമായി മറച്ചുപിടിക്കുകയാണ് കാവിപ്പടയുടെ നിഗൂഢലക്ഷ്യം. ആർ എസ് എസിന്റെ അജൻഡയാണ് ഭരണകൂടം നടപ്പാക്കുന്നത്. നാനാത്വത്തിൽ ഏക്ത്വമെന്നത് അവരുടെ കണക്കു പുസ്തകത്തിലേയില്ല. അവരുടെ കണ്ണിൽ ഇന്ത്യ ഹിന്ദുവിന്റേതാണ്. ഗുജറാത്ത് വംശഹത്യ ഇരകള്‍ക്ക് നീതി തേടി നിയമ പോരാട്ടം നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിനെയും മുന്‍ ഗുജറാത്ത് എ.ഡി.ജി.പി ആര് ബി ശ്രീകുമാറിനെയും ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിന്റെയുമൊക്കെ അറസ്റ്റുകൾ സ്വാതന്ത്ര്യ ഇന്ത്യയിൽ തന്നെയാണ് നടക്കുന്നതെന്നറിയുമ്പോഴാണ് ഇന്ത്യയിലെ നിലവിലെ സ്വാതന്ത്ര്യത്തിന്റെ അർത്ഥവ്യാപ്തി മനസ്സിലാവൂ..

തുഗ്ലക്ക് പരിഷ്കാരത്തിന് സമാനമായി നേരം വെളുക്കുമ്പോഴേക്കും ഒരു മുൻകരുതലും ഇല്ലാതെ നോട്ടുനിരോധനം അടിച്ചേൽപ്പിച്ചതുപോലെ ലാഘവത്തോടെയാണ് വാക്കുകൾക്ക് പൂട്ടിട്ടത്. ഭരണഘടന ഉറപ്പാക്കുന്ന അഭിപ്രായപ്രകടന സ്വാതന്ത്ര്യം പാർലമെന്റിനുള്ളിൽ റദ്ദാക്കാനുള്ള നീക്കം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമല്ലെങ്കിൽ മറ്റെന്താണ് ? വിമർശന പ്രയോഗങ്ങൾ ഭയക്കുന്നവരുടെ ഭ്രാന്തൻ തീരുമാനം മാത്രമായല്ല ഈ നീക്കത്തെ നിരീക്ഷിക്കേണ്ടത്, ഭാവിയിൽ മറ്റു മൗലികാവകാശങ്ങളും ഔദ്യോഗികമായി റദ്ദാക്കപ്പെടുമെന്ന അപകടമതിനു പിന്നിൽ പതിയിരിപ്പുണ്ട്. അഡോൾഫ് ഹിറ്റ്ലറുടെ ജർമനിയിലും ബെനിറ്റോ മുസോളിനിയുടെ ഇറ്റലിയിലും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിന് ചരിത്രംസാക്ഷിയാണ്.
നിഷ്കളങ്കരായ ഹിന്ദുക്കളെ പറഞ്ഞു വിശ്വസിപ്പിക്കാനും വികാരം ഇളക്കി വിടാനും കള്ളക്കഥകൾ മെനഞ്ഞുണ്ടാക്കുകയാണ് സ്വതന്ത്ര്യ ഇന്ത്യയിലെ സംഘപരിവാർ. മുസ്ലിം ടച്ചുള്ള സ്ഥല നാമങ്ങൾ മാറ്റി പുതിയ പേരുകൾ ചാർത്തി കൊടുക്കുന്നതിനെ അങ്ങനെ വേണം വിലയിരുത്താൻ. ഔറംഗബാദിന്റെ പേര് ‘സംഭാജിനഗർ’ എന്നും ഉസ്മാനാബാദിന്റേത് ‘ധാരാശിവ്’ എന്നും മാറ്റി വെച്ചത് അതിന്റെ ബഹിർ സ്ഫുരണമാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിനാണ് രാഷ്ട്രപതി ഭവനിലെ ‘മുഗൾ ഗാർഡന് ‘ അമൃത് ഉദ്യാൻ’ എന്ന് പേര് നൽകിയത്. മുസ്ലിം സ്മാരകളും പള്ളികളും മറ്റെന്തൊക്കെയോ ആയിരുന്നുവെന്ന് വെച്ചുവിളമ്പുകയാണവർ.
കുത്തബ് മിനാർ പണിതത് അഞ്ചാം നൂറ്റാണ്ടിൽ വിക്രമാദിത്യ രാജാവാണെന്ന വാദവുമായി എത്തിയിരിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയിലെ (എ.എസ്ഐ) മുൻ ഉദ്യോഗസ്ഥനാണ്. സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനായി നിർമ്മിക്കപ്പെട്ട സൂര്യഗോപുരമാണ് കുത്തബ് മിനാർ എന്നാണ് എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടറായ ധരംവീർ ശർമ പറഞ്ഞത്. അത് കുത്തബ് മിനാറല്ലെന്നും സൂര്യ ഗോപുരമാണെന്നും ഇക്കാര്യങ്ങൾ സ്ഥാപിക്കാൻ തെളിവുണ്ടെന്നും എ.എസ്ഐയുടെ ഭാഗമായി നിരവധി തവണ സ്മാരകത്തിൽ സർവേ നടത്തിയ ധരംവീർ ശർമ പറയുന്നതിങ്ങനെ: ‘ഗോപുരത്തിന് 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നിർമിച്ചത്. ജൂൺ 21ന് സൂര്യാസ്തമയത്തിന്റെ സ്ഥാനം മാറുമ്പോൾ കുത്തബ് മിനാറിലെ ചരിവ് കാരണം പ്രദേശത്ത് നിഴൽ വീഴാതിരിക്കാൻ സഹായിക്കുന്നു. ഇത് ശാസ്ത്രമാണ്. പുരാവസ്തു സംബന്ധമായ കാര്യമാണ്. കുത്തബ് മിനാർ എന്നറിയപ്പെടുന്നത് ഒരു സ്വതന്ത്ര നിർമിതിയാണ്. ഇതിന് സമീപത്തെ മസ്ജിദുമായി ബന്ധമില്ല. ഗോപുരത്തിന്റെ വാതിലുകൾ വടക്ക് അഭിമുഖമായാണ് നിർമിച്ചിരിക്കുന്നത്. ഇത് രാത്രികാലത്ത് ആകാശത്തിലെ ധ്രുവ നക്ഷത്രം കാണാനാണ്’.. യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പലതും തട്ടിവിട്ട് മതേതരത്വത്തിന് വിള്ളൽ വീഴ്ത്തുന്നവരെ ഇരുട്ടിലടക്കാൻ വഴിയൊന്നുമില്ലാത്തതാണ് സ്വാതന്ത്ര്യ ഇന്ത്യ അനുഭവിക്കുന്ന വലിയ പ്രശ്നം. ഭരണകൂട കോപ്രായങ്ങൾക്കെതിരെ വിരലുയർത്തുന്ന മതേതര ജനങ്ങളെ ബുൾഡോസർ കൊണ്ട് വിരട്ടുന്ന പുത്തൻ പ്രവണതയാണ് വർത്തമാന ഇന്ത്യയിലെ ട്രെൻഡ്. സാരനാഥിലെ അശോക സ്തംഭം പാര്‍ലിമെന്റ് മന്ദിരത്തില്‍ പ്രതിഷ്ഠിക്കാന്‍ രൂപകല്‍പ്പന ചെയ്തപ്പോള്‍ സിംഹങ്ങളുടെ ഭാവം അക്രമാസക്തമായത് മാറുന്ന ഇന്ത്യയുടെ പ്രതീകമാണ്. ഇന്ത്യയുടെ ഗാംഭീര്യം, ശാന്തത, ആത്മവിശ്വാസം, ലക്ഷ്യബോധം എന്നിവ സ്ഫുരിക്കുന്നതാണ് നമ്മുടെ യഥാർഥ അശോക സ്തംഭം. പ്രതിപക്ഷത്തെ ക്ഷണിക്കാതെ, പൂജ നടത്തി, പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത സ്തംഭം ദ്യോതിപ്പിക്കുന്നത് ക്രൂരത, കൈയൂക്ക്, ആക്രമണോൽസുകത, ലക്ഷ്യബോധമില്ലായ്മ എന്നിവയാണ്. ഗാന്ധിയുടെ ഇന്ത്യയിൽ നിന്ന് ഗോദ്സെയുടെ ഇന്ത്യയിലേക്കുള്ള മാറ്റമാണിത്.
മണിപ്പൂർ മുതൽ ഹരിയാന വരെ നീളുന്ന അക്രമാസ്ക്ത പ്രവർത്തനങ്ങളിൽ നിന്ന് കേൾക്കുന്നത് സ്വതന്ത്ര്യ വായു ശ്വസിക്കാനാവാത്ത ഇന്ത്യയുടെ നിലവിയാണ്.
വൈവിധ്യങ്ങൾ സംരക്ഷിക്കുക എന്നത് ജനാധിപത്യത്തിന്റെ മൗലികസത്തയാണ്. അത് അനുവദിച്ചില്ലെങ്കിൽ, ഭരണഘടന നിരർഥകമാകും. അഭിപ്രായങ്ങളോട് ഭരണാധികാരികൾ തുറന്ന സമീപനം കൈക്കൊണ്ടില്ലെങ്കിൽ പൗരന്മാർ വെറും പ്രജകളായി തരംതാഴുന്നതും സ്വാഭാവികമാണ്. വാക്കുകകളെയും ചിഹ്നങ്ങളെയും കൊലചെയ്യുന്ന മോദിയുടെ അമിതാധികാര പ്രവണതയ്ക്കെതിരെ നാം ഒന്നിച്ച് അണിനിരക്കേണ്ടതുണ്ട്. അതിന് ഈ സ്വാതന്ത്ര്യ ദിനമൊരു കാരണമാവട്ടെ! സ്വാതന്ത്ര്യസമരത്തിൽ ജീവൻ പൊലിഞ്ഞ ലക്ഷങ്ങൾ ആഗ്രഹിച്ചതുപോലെ, സ്വതന്ത്ര ഇന്ത്യയിൽ ജീവിതം തുടങ്ങിയ ജനങ്ങൾ ആഗ്രഹിച്ചതുപോലെ രാജ്യം അതിന്റെ എല്ലാ വൈവിധ്യ ഭംഗിയോടെയും നിലനിൽക്കണം. ഇനിയും ഒട്ടേറെ സ്വാതന്ത്ര്യദിനങ്ങളിലും രാജ്യം സ്വതന്ത്ര്യമായി തന്നെ ഉണ്ടാകണം. അതാണ് ഇന്നു വേണ്ട ജാഗ്രത.