മധ്യ ധരണ്യാഴിയുടെ തീരത്ത് വിശാലമായി കിടക്കുന്ന മരുഭൂമി പ്രദേശമാണ് ലിബിയ. 2011 ല്‍ ലിബിയയില്‍ വലിയൊരു സൂഫി സമ്മേളനം നടന്നു. പ്രസിഡന്റായിരുന്ന മുഅമ്മര്‍ ഗദ്ദാഫി തന്നെയായിരുന്നു മുഖ്യ സംഘാടകന്‍. വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് ആയിരത്തിലധികം സൂഫീപണ്ഡിതര് പങ്കെടുത്ത പരിപാടി എന്നെ സംബന്ധിച്ചിടത്തോളം വലിയ വഴിത്തിരിവായിരുന്നു. കൂടുതല്‍ ആസൂത്രണമില്ലാത്ത യാത്രയായിരുന്നു ലിബിയയിലേക്കുള്ളത്. കേരളത്തില്‍ നിന്ന് ഞാനും നദ്വിയും കോഴിക്കോട്ടെ രണ്ടു ഖാള്വിമാരും എന്റെ മരുമകന് സലാം ഫൈസിയും, കക്കാട് മുഹമ്മദ് ഫൈസിയും സംഘത്തിലുണ്ടായിരുന്നു.
മുമ്പ് ഹൈദരാബാദില്‍ ലിബിയന്‍ എംബസി നടത്തിയ അന്തര്ശേീയ കോണ്‍ഫറന്‍സില്‍ ഞാന്‍ സംബന്ധിച്ചിരുന്നെങ്കിലും ലിബിയയിലേക്ക് പോകുന്നത് ആദ്യമായിട്ടാണ്. കോഴിക്കോട് നിന്ന് ദുബൈ വഴി ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയിലേക്കായിരുന്നു യാത്ര. മണിക്കൂറുകള്‍ നീണ്ട വ്യോമ യാത്രക്കൊടുവില്‍ ട്രിപ്പോളിയില്‍ ഞങ്ങള്‍ വിമാനമിറങ്ങി.
ആഫ്രിക്കന്‍ അറബ് രാജ്യങ്ങളില്‍ മുന്‍നിരയിലാണ് ലിബിയ അന്നുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളെപ്പോലെ എണ്ണ സമ്പത്തുള്ള രാജ്യമായിരുന്നു ലിബിയയും. ഉമര്‍(റ)ന്റെ ഭരണകാലത്ത് അംറുബ്നുല്‍ ആസ്വ്(റ)ന്റെ നേതൃത്വത്തിലായിരുന്നല്ലോ ആഫ്രിക്കന്‍ വന്‍കരയില്‍ ഇസ്ലാമെത്തിയത്. അന്ന് മഗ്രിബിന്റെ ഭാഗമായി ലിബിയയിലും അതിന്റെ വിളിയാളങ്ങളെത്തി. ഭരണകാലമായപ്പോഴേക്കും ലിബിയയടങ്ങുന്ന മഗ്രിബ് ദേശം മുഴുവന്‍ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഭാഗമായി മാറിയിരുന്നു. പഴയ ബാര്‍ബേറിയന്‍ സംസ്കാരത്തിന്റെ ഉറവിടം ലിബിയയാണെന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. നൂറ്റാണ്ടുകള്‍ നീണ്ട മുസ്ലിം ഭരണത്തെ അടിച്ചമര്‍ത്തിയാണ് ലിബിയയില്‍ ഇറ്റലി കോളനി കെട്ടുന്നത്. ഇറ്റലിക്ക് ആഫ്രിക്കന്‍ അധിനിവേശത്തിനുള്ള ഒരു കവാടമായി അവര്‍ ലിബിയയെക്കണ്ടു. പക്ഷേ, ലിബിയ അവര്‍ക്കൊരു മുള്‍ക്കിരീടമായി മാറി. ആഫ്രിക്കയില്‍ ഇറ്റലി ആസൂത്രണം ചെയ്ത പദ്ധതികളെല്ലാം ലിബിയന്‍ ജനതയെ പ്രതിരോധത്തിലാക്കി. ലിബിയയിലെ സൂഫീ പ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്ന ഉമര്‍ മുഖ്താറാണ് ഇറ്റലിയുടെ അധിനിവേശ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തിയത്. ലിബിയ കീഴടക്കി മറ്റു രാജ്യങ്ങള്‍ക്കെതിരെ ലിബിയയെ താവളമാക്കാനായിരുന്നു റോമിന്റെ പദ്ധതി. ഈ പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് മുസ്സോളിനിയായിരുന്നു.
ഇരുപതു വര്‍ഷത്തോളമാണ് ഉമര്‍ മുഖ്താറിന്റെ നേതൃത്വത്തില്‍ ലിബിയന്‍ ജനത ഇറ്റലിയെ തടഞ്ഞുനിര്‍ത്തിയത്. ഇതിഹാസ തുല്യമായ പോരാട്ട വീര്യമാണ് അവര്‍ പുറത്തെടുത്തത്. ഉമര്‍ മുഖ്താര്‍ ഒരു മതാധ്യാപകനായിട്ടാണ് പൊതുജീവിതം തുടങ്ങിയത്. തികഞ്ഞ സൂഫിയും പക്വമതിയായ പണ്ഡിതനുമായിരുന്നു അദ്ദേഹം. ശാഫിഈ കര്‍മ്മ സരണിയെ അംഗീകരിച്ചു ജീവിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം അദ്ദേഹത്തെ മുന്‍നിരയിലെത്തിച്ചു. ചെറിയ ചെറിയ സംഘങ്ങളെ സംഘടിപ്പിച്ചാണ് ഉമര്‍ മുഖ്താര്‍ തന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. പിന്നീട് വലിയ മുന്നേറ്റമായി അതു മാറി. നീണ്ട ഇരുപതോളം വര്‍ഷം നടത്തിയ പോരാട്ടം കാരണം ഇറ്റലിയുടെ പല സാമ്രാജ്യത്വ മോഹങ്ങളും ഇല്ലാതായി. ലിബിയ അവര്‍ക്കും ഭാരമായി മാറി. പക്ഷേ, ഉമര്‍ മുഖ്താര്‍ തൂക്കിലേറ്റപ്പെട്ടതോടെ ഇറ്റലിയുടെ അധിനിവേശ മോഹങ്ങള്‍ക്കു ചിറകു മുളച്ചു. പിന്നീട് ഇറ്റലി ലിബിയയില്‍ നടത്തിയത് കൂട്ടക്കുരുതിയായിരുന്നു. 1960 കളില്‍ യുവാവായ മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തോടെയാണ് ലിബിയയുടെ ആധുനിക ചരിത്രം തുടങ്ങുന്നത്. എണ്ണ സമ്പത്ത് കണ്ടെത്തിയതോടെ ലിബിയ ലോക രാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയ സാന്നിധ്യമായി മാറി. ഗദ്ദാഫിയാണെങ്കില് ലോക ശക്തികളെ നിരന്തരം വെല്ലു വിളിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ലിബിയയെ ശത്രുപക്ഷത്ത് നിര്‍ത്താന്‍ ലോക ശക്തികളെ പ്രേരിപ്പിച്ചു.
ലിബിയയില്‍ ഞങ്ങളെത്തിയത് ഗദ്ദാഫി സംഘടിപ്പിച്ച സൂഫി സമ്മേളനത്തിനായിരുന്നല്ലോ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൂഫികളുമായി കൂടിയിരിക്കുക എന്നതായിരുന്നു ഗദ്ദാഫിയുടെ ലക്ഷ്യം. ഒരു രാജ്യത്തിന്റെ ഔദ്യോഗിക പരിപാടിയുടെ എല്ലാ പ്രൗഢിയും പരിപാടിക്കുണ്ടായിരുന്നു. സംഗമത്തില്‍ ഗദ്ദാഫിയുടെ അറബിയിലുള്ള ഗംഭീരമായ ഒരു പ്രസംഗമുണ്ടായിരുന്നു. ലോകശക്തികള്‍ക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള പ്രസംഗം മുസ്ലിം ഐക്യത്തെക്കുറിച്ച് പറഞ്ഞാണവസാനിപ്പിച്ചത്.
എന്റെ പ്രഭാഷണം നേരത്തെ തയ്യാറാക്കപ്പെട്ടതായിരുന്നില്ലെങ്കിലും ലിബിയയില്‍ കിട്ടിയ അവസരം ഞാന്‍ മുതലെടുത്തു. തസവ്വുഫിന്റെ അടിസ്ഥാന ശില പരസ്പര മര്യാദകളും കടമകളും പാലിക്കുന്നിടത്താണെന്നുള്ള പോയിന്റില്‍ നിന്നാണ് ഞാന്‍ പ്രസംഗിച്ചത്. ഇത് പലര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. ഈ പ്രഭാഷണം കേട്ട പലരുമാണ് ശേഷമുള്ള വര്‍ഷങ്ങളില്‍ എന്നെ അവരുടെ നാട്ടിലേക്ക് ക്ഷണിച്ചത്. ഈ പ്രസംഗം നാലോളം വിവിധ ചാനലുകളിലും സംപ്രേഷണം ചെയ്തിരുന്നു. ആഗോള സൂഫി ചലനങ്ങളും ശൈഖ് ജീലാനിയെ പോലെ തസവ്വുഫിന്റെ സാമൂഹിക ജീവിതവുമായി ഇണക്കാന്‍ യത്നിച്ച മഹാന്മാരെക്കുറിച്ചും ഞാന്‍ സംസാരത്തില്‍ പരാമര്‍ശിച്ചു.
നാലു ദിവസത്തെ പരിപാടിയായിരുന്നു ലിബിയയില്‍. ഇതിനിടയില്‍ ലിബിയയിലെ പ്രധാനപ്പെട്ട പല കാഴ്ചകള്‍ കാണാനും അവസരമൊരുക്കിയിരുന്നു. മെഡിറ്ററേനിയന്‍ കടലിന്റെ പശ്ചാത്തലത്തില്‍ ലിബിയന്‍ തീരങ്ങള്‍ കാണാന്‍ ഏറെ സുന്ദരമാണ്. തെളിഞ്ഞ കടല്‍ വെള്ളവും ഉയര്‍ന്ന പാറക്കെട്ടുകളുമുള്ള തീരദേശങ്ങള്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കും. സംഘത്തിലെ ചിലരെല്ലാം ആ പാറ കെട്ടുകള്‍ക്കിടയിലൂടെ ഇറങ്ങുകയും നടക്കുകയും ചെയ്തു. അപകട സാധ്യത കൂടിയതിനാല്‍ ഞാനതിനൊന്നും മുതിര്‍ന്നില്ല.
എണ്ണ സമ്പത്താണ് ലിബിയയുടെ ദേശീയ വരുമാനത്തെ നിയന്ത്രിക്കുന്നത്. വിശാലമായ എണ്ണ ശുദ്ധീകരണ ശാലകള്‍ സന്ദര്‍ശിക്കാന്‍ ഞങ്ങള്‍ക്കവസരമുണ്ടായി. കൂടാതെ ട്രിപ്പോളി യൂണിവേഴ്സിറ്റി സന്ദര്‍ശിക്കാനും അവസരമുണ്ടായി. വലിയ സൗകര്യങ്ങളും സംവിധാനങ്ങളും നിറഞ്ഞതാണ് ലിബിയന്‍ നഗരങ്ങളെങ്കിലും ഭരണാധികാരിയായിരുന്ന ഗദ്ദാഫിയോട് പൊതുവെ ആര്‍ക്കും അഭിപ്രായമില്ലെന്ന് അന്നു തന്നെ എനിക്ക് തോന്നിയിരുന്നു. ചില ഇന്ത്യന്‍ വിദ്യാര്‍ഥികളെയും ഞങ്ങള്‍ ലിബിയയില്‍ പരിചയപ്പെട്ടു. പുതിയ പല അന്തര്‍ദേശീയ ബന്ധങ്ങള്‍ക്കും ലിബിയന്‍ യാത്രനിമിത്തമായി.