1986 ആഗസ്റ്റില്‍ ഇന്ത്യയിലെ ലിബിയന്‍ എംബസിക്കു കീഴില്‍ ഹൈദരബാദില്‍ വെച്ച് വിപുലമായ ഒരു അന്തര്‍ദേശീയ ഇസ്ലാമിക കോണ്‍ഫറന്‍സ് നടന്നു. എംബസിക്കു കീഴിലെ സാംസ്കാരിക വകുപ്പായിരുന്നു പരിപാടി സ്പോണ്സര് ചെയ്തത്. യുവാക്കളെ പങ്കെടുപ്പിച്ച് പുതിയ സമസ്യകള്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു പ്രധാന അജണ്ട. ആയിരത്തിലേറെ പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിക്ക് കേരളത്തിലെ വിവിധ സംഘടനകളില്‍ നിന്ന് അമ്പതിലേറെ യുവാക്കളുണ്ടായിരുന്നു. മൂന്നു ദിവസത്തോളം നീണ്ടുനിന്ന പരിപാടി സംഘാടന മികവു കൊണ്ട് ഏറെ പ്രശംസിക്കപ്പെട്ടു. ഇങ്ങനെ ഒരു പരിപാടിയുണ്ടെന്നും പരിപാടിയില്‍ സംബന്ധിക്കണമെന്നും എന്നെ ആദ്യം അറിയിച്ചത് പത്രപ്രവര്‍ത്തകനും സുഹൃത്തുമായ റഹീം മേച്ചേരിയാണ്. ഞാന്‍ വരാമെന്നേറ്റു. പിന്നീട് ബഹാഉദ്ദീന്‍ നദ്വിയും എന്നോട് പരിപാടിയെക്കുറിച്ച് പറഞ്ഞു. പരിപാടിക്ക് നിങ്ങളും സംബന്ധിക്കണമെന്ന് നദ്വി കൂടി ആവശ്യപ്പെട്ടപ്പോള്‍ കേരള സംഘത്തോടൊപ്പം പോകാനുള്ള തയ്യാറെടുപ്പായി. കോണ്‍ഫറന്‍സില്‍ സംസാരിക്കുമെന്നുള്ള യാതൊരു ധാരണയും തുടക്കത്തിലുണ്ടായിരുന്നില്ല. അതിന് തയ്യാറായിട്ടുമുണ്ടായിരുന്നില്ല.
സൗദി പോലെയുള്ള അറബ് രാജ്യങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും ദഅ്വ പ്രവര്‍ത്തനങ്ങളും മാതൃകയാക്കി മറ്റു പല രാജ്യങ്ങളും അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന കാലമായിരുന്നു അത്. സൗദിയെപ്പോലെ എണ്ണ സമ്പത്തുള്ള രാജ്യമാണ് ലിബിയ. മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ ലിബിയ വലിയൊരു സാമ്പത്തിക ശക്തിയായിരുന്നു അന്ന്. ഇത്തരം പരിപാടികള്‍ വിവിധ ലോക രാജ്യങ്ങളില്‍ ലിബിയന്‍ എംബസികള്‍ക്കു കീഴില്‍ നടക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തതെന്നാണ് എന്റെ ഓര്‍മ്മ.
കേരളാ സംഘം ചെന്നൈ വഴി ഒരുമിച്ചാണ് യാത്ര പുറപ്പെട്ടത്. ട്രെയിനിലുള്ള യാത്ര ഏറെ അവിസ്മരണീയമായിരുന്നു. യാത്രാ ചെലവും അനുബന്ധ ചെലവുകളും ലിബിയന്‍ എംബസി തന്നെയാണ് വഹിച്ചത്. ഞാനും ബഹാഉദ്ദീന്‍ നദ്വിയും കൂടെത്തന്നെയായിരുന്നു. യാത്രക്കൊരുങ്ങുന്ന അവസാന ഘട്ടത്തിലാണ് ഏതെങ്കിലും സെഷനില്‍ എന്തെങ്കിലും സംസാരിക്കണമെന്ന ആലോചനയുണ്ടായത്. യാത്ര തുടങ്ങിയത് ഷൊര്‍ണ്ണൂരിൽ നിന്നാണോ ഒലവക്കോട് നിന്നാണോ എന്നിപ്പോള്‍ ഓര്‍ക്കുന്നില്ല. ആദ്യം ചെന്നൈയിലേക്കും പിന്നീട് അവിടുന്ന് ഹൈദരാബാദിലേക്കുമായിരുന്നു യാത്ര. ചെന്നൈയില്‍ ഒരു ദിവസം തങ്ങി പിറ്റേ ദിവസം ഹൈദരാബാദിലേക്ക് പോവുക എന്ന രീതിയിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.
ഞാനാണെങ്കില്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും വിഷയം തയ്യാറാക്കിയിരുന്നില്ല. ചെന്നൈയില്‍ തങ്ങിയ ദിവസം വിഷയം ക്രോഡീകരിക്കാന്‍ സമയം കണ്ടെത്തി. രാത്രി മുഴുവന്‍ അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആദൃശ്ശേരി കുഞ്ഞിമാന് സാഹിബിന്റെ ഹോട്ടലിലായിരുന്നു താമസം. വൈകിട്ട് അഞ്ചു മണിക്കാണ് ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വണ്ടി. യാത്രാ സംഘം അതിനുള്ള തയ്യാറെടുപ്പിലായിരുന്നു. തമിഴ്നാട്ടിലൂടെ ആന്ധ്രയിലേക്കുള്ള രാത്രി യാത്ര ഞങ്ങള്‍ നന്നായി ആസ്വദിച്ചു.
പുലര്‍ച്ചെയാണ് ഞങ്ങള്‍ ഹൈദരാബാദില്‍ വണ്ടിയിറങ്ങിയത്. നൈസാമിന്റെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ തന്നെ മുസ്ലിം പ്രതാപത്തിന്റെ ശേഷിപ്പുകള്‍ കാണാമായിരുന്നു. തലയുയര്‍ത്തി നില്ക്കുന്ന പള്ളി മിനാരങ്ങളും താഴികക്കുടങ്ങളും പേര്‍ഷ്യന്‍ വാസ്തു ശില്പത്തിന്റെ കമനീയ കാഴ്ചകളും ഹൈദരാബാദിനെ ഒരു പൈതൃക നഗരമാക്കി അപ്പോഴും നിര്‍ത്തുന്നതായി തോന്നി. ഈ പ്രൗഢി കാരണം കൊണ്ടു മാത്രമായിരിക്കണം സംഘാടകരെ ഇങ്ങോട്ടാകര്‍ഷിച്ചത്. ലോക മുസ്ലിമീങ്ങളുടെ സമസ്യകള്‍ക്ക് പൂരണം തേടാനും പരിഹാരം നിര്‍ദേശിക്കാനും ഒത്തുകൂടിയ സ്ഥലം എന്തുകൊണ്ടും അനുയോജ്യമായിത്തോന്നി.
ഒന്നാംദിവസം അതിരാവിലെ ഹൈദരാബാദിലിറങ്ങിയ ഞങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കാനായി ഒരുങ്ങി. കോണ്‍ഫറന്‍സ് തുടങ്ങുന്നത് കാലത്ത് പത്തു മണിക്കാണെന്നാണ് ഞങ്ങള്‍ക്ക് വിവരം കിട്ടിയത്. അതിനനുസരിച്ച് ഞങ്ങള്‍ കുളിച്ച് വസ്ത്രം മാറി പ്രസ്തുത സ്ഥലത്തെത്തി. ഒരു അന്തര്‍ദേശീയ പരിവേഷമുള്ള ആദ്യ പരിപാടിയില്‍ പങ്കെടുക്കുന്ന ഞങ്ങള്‍ എല്ലാവരും എന്തുകൊണ്ടും പുതുമ ആസ്വദിച്ചു. വായിച്ചും കേട്ടറിഞ്ഞുമുള്ള ആഗോള സംഗമം നേരിട്ടനുഭവിക്കുമ്പോഴുണ്ടാകുന്ന കൗതുകം എല്ലാവരുടെയും മുഖത്തു കാണാമായിരുന്നു. ഞങ്ങള്‍ മലയാളികള്‍ അമ്പതിലധികം ആളുകളുണ്ടെന്നു പറഞ്ഞല്ലോ. സംഘത്തിലെ വലിയ അംഗസംഖ്യ ഞങ്ങളാണെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ മുസ്ലിം യുവാക്കളില്‍ വിവിധ മേഖലകളില്‍ സേവന പ്രവര്‍ത്തനം നടത്തുന്നവരായിരുന്നു സംഘാംഗങ്ങള്‍. കോളേജ് പ്രൊഫസര്‍മാര്‍, പത്ര പ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍. കേരളത്തിലെ ഈ സംഘടിത മുന്നേറ്റം ലിബിയന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ നന്നായി നോട്ടു ചെയ്യുന്നുണ്ടെന്ന വിവരം പിന്നീട് ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു. സക്രിയമായി ഇടപെടാനും നിര്‍മ്മാണാത്മകമായി ചിന്തിക്കാനും പ്രായോഗിക തലത്തില്‍ ചെയ്തുകാണിക്കാനും കേരളത്തിലെ മുസ്ലിങ്ങള്‍ ഇതര സമൂഹങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണെന്നതിന്റെ അംഗീകാരം കൂടിയായിരുന്നു അത്.
ഒന്നാം ദിവസം ഉദ്ഘാടനവും മറ്റു പരിപാടികളുമൊക്കെയായി അങ്ങനെ കഴിഞ്ഞുപോയി. അന്നു തന്നെ ഞങ്ങള്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കാനുള്ള അവസരത്തിന് സംഘാടകരെ സമീപിച്ചു. സമയമുണ്ടെങ്കില്‍ അറിയിക്കാമെന്നും എപ്പോഴും ഒരുങ്ങിയിരിക്കാനും നിര്‍ദേശം കിട്ടി. രണ്ടാം ദിവസത്തെ പരിപാടി കാലത്ത് ഒമ്പതു മണിക്കാണ് തുടങ്ങുക. ഞങ്ങള്‍ കുളിച്ച് ഫ്രഷായി ഹാളിലെത്തി. ഞാന്‍ മുമ്പില്‍ തന്നെ സ്ഥാനം പിടിച്ചു. എന്റെ കയ്യില്‍ അവസരം കാത്തിരിക്കുന്ന എന്റെ പ്രബന്ധവുമുണ്ട്. പിന്നീട് എല്ലാം നാടകീയമായിരുന്നു. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ അല്ലാഹുവിന്റെ അലംഘനീയമായ വിധി. പരിപാടിയുടെ ഉദ്ഘാടകന്‍ എത്താന്‍ അല്പം വൈകി. അതിഥികളെല്ലാം അവരുടെ ഇരിപ്പിടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. സംഘാടകരിലൊരാള്‍ എന്നെ സമീപിച്ചു. ഉദ്ഘാടകനെത്താന് അല്പം താമസിക്കുമെന്നും വിഷയമവതരിപ്പിക്കാന്‍ പറ്റുമോ എന്നും ചോദിച്ചു. ഞാന്‍ ഒരുക്കമാണെന്നറിയിച്ചു. അന്തര്‍ദേശീയ കോണ്‍ഫറന്‍സിന്റെ ഏറ്റവും മുഖ്യമായ രണ്ടാം ദിവസം തുടങ്ങിയതു തന്നെ എന്റെ പ്രബന്ധം കൊണ്ടായിരുന്നു. ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ സുവര്‍ണ്ണാവസരം. ആള് ഇന്ത്യാ പേഴ്സണല്‍ ലോബോര്‍ഡ് പ്രസിഡന്റായിരുന്ന മിന്നത്തുള്ള റഹ്മാനി, വിശ്വപ്രസിദ്ധ പണ്ഡിതന് അബുല്‍ ഹസന് നദ്വി തുടങ്ങിയവരും അവിടെ സന്നിഹിതരായിരുന്നു.

‘ആധുനിക സമസ്യകള്‍ക്ക് ഫിഖ്ഹി പരിഹാരം’ എന്നായിരുന്നു ഞാന്‍ അവതരിപ്പിച്ച വിഷയം. സാധാരണ ഇത്തരം വേദികളില്‍ ഖുര്‍ആനും ഹദീസും സമര്‍ഥിക്കുന്ന രീതിയായിരുന്നു പൊതുവെ ഉണ്ടായിരുന്നത്. ഞാന്‍ ഖുര്‍ആനും ഹദീസും ഫിഖ്ഹും ഉള്‍ക്കൊള്ളിച്ച് ഇരുപത് മിനുട്ട് നീണ്ട പേപ്പര്‍ അവതരിപ്പിച്ചു. എഴുതി ക്രോഡീകരിച്ചത് മുഴുവന്‍ വായിച്ചുതീര്‍ത്തു.
യോഗാധ്യക്ഷനായ ലിബിയന്‍ അംബാസിഡര്‍ എന്നെ നന്നായി ശ്രവിക്കുന്നതായി എനിക്ക് മനസ്സിലായി. പുതിയ വിഷയങ്ങളായിരുന്ന പ്ലാസ്റ്റിക് സര്‍ജറി, ക്ലോണിംഗ്, രക്തദാനം, അവയവദാനം തുടങ്ങി എല്ലാ കാര്യങ്ങളുടെയും ഫിഖ്ഹീ വീക്ഷണം ഞാന്‍ ചുരുക്കി വിവരിച്ചു. അംബാസിഡര്‍ക്ക് ഇത് നന്നായി ബോധിച്ചു. അദ്ദേഹം എന്റെ സംസാര ശേഷം എന്റെ പ്രബന്ധത്തിന്റെ കോപ്പി വാങ്ങിവെച്ചു. ഈ വിഷയം ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്ത് ചര്‍ച്ച ചെയ്യുമെന്നും ഇത്തരം ക്രിയാത്മകമായ ചര്‍ച്ചകളാണ് ഈ കോണ്ഫറന്സു കൊണ്ടുദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്റെ അന്നത്തെ സംസാരം ഭാഷാന്തരം നടത്തിയത് ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്നു. യോഗ ശേഷം അംബാസിഡറെ കാണാന്‍ റഹീം മേച്ചേരിയും സംഘവും സമയം ചോദിച്ചിരുന്നു. അവര്‍ക്ക് അദ്ദേഹം അര മണിക്കൂര്‍ സമയം അനുവദിച്ചു. പിന്നീട് റഹീം മേച്ചേരി എന്നോട് പറഞ്ഞത്, ഞങ്ങള്‍ അര മണിക്കൂര്‍ അംബാസിഡറുടെ അടുക്കല്‍ ചെലവഴിച്ചു. അതില്‍ ഇരുപത് മിനുട്ടും നിങ്ങളെപ്പറ്റിയാണ് അദ്ദേഹം സംസാരിച്ചത് എന്നാണ്. എന്റെ ആദ്യത്തെ അന്തര്‍ദേശീയ അനുഭവമായിരുന്നു ഹൈദരാബാദ് കോണ്‍ഫറന്‍സ്.
ഹൈദരാബാദ് എന്തുകൊണ്ടും വൈവിധ്യപൂര്‍ണ്ണമായ നഗരമാണ്. നൈസാമിന്റെ പ്രൗഢിയുടെ നിഴല്‍ അന്നും ഹൈദരാബാദിനെ വലയം വെച്ചിരുന്നു. മക്കാ മസ്ജിദും ചാര്‍മിനാറും ഗോല്ക്കോണ്ടയും അതിന്റെ നിദര്‍ശനമായി ഇന്നും നിലനില്ക്കുന്നു. ഹൈദരാബാദിലെ ശിയാ മുസ്ലിം സ്വാധീനം ഏറെ പ്രസിദ്ധമാണ്. അതിന്റെ അടയാളങ്ങള്‍ ഞാന്‍ യാത്രയിലുടനീളം ശ്രദ്ധിച്ചിരുന്നു. നാട്ടിലെത്തിയപ്പോഴാണ് അറിഞ്ഞത്, എന്റെ പ്രബന്ധാവതരണം ഫോട്ടോ സഹിതം റഹീം മേച്ചേരി ചന്ദ്രികയില്‍ നീണ്ട റിപ്പോര്‍ട്ടായി കൊടുത്തിട്ടുണ്ടായിരുന്നു. ഏത് അന്താരാഷ്ട്ര വേദിയിലേക്ക് ക്ഷണിക്കപ്പെടുമ്പോഴും ഞാന്‍ നൊമ്പരത്തോടെ ഓര്‍ക്കുന്ന പത്രപ്രവര്‍ത്തക സുഹൃത്താണ് റഹീം മേച്ചേരി. കൂടെ മുന്നോട്ടുള്ള യാത്രകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഞാന്‍ ഇപ്പോഴും ആ പഴയ ചന്ദ്രിക പത്രം ഫയലില്‍ സൂക്ഷിക്കുന്നു.