ലിബിയൻ സൂഫീ സമ്മേളനം എന്നെ സംബന്ധിച്ചിടത്തോളം മറ്റു പല അന്തർദേശീയ വേദികളിലേക്കുമുള്ള കവാടമായിരുന്നു. ലിബിയയിൽ എന്റെ പ്രബന്ധവും സംസാരവും ഏറെ പ്രശംസിക്കപ്പെട്ടു. അതിലൂടെ പല പ്രമുഖരുമായി ബന്ധം സ്ഥാപിക്കാനായി. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളെ ഞാൻ അങ്ങോട്ടും അവരിങ്ങോട്ടും പരിചയപ്പെട്ടു. ലിബിയയിലെ പ്രബന്ധം മുന്നൊരുക്കമില്ലാതെ തയ്യാറാക്കിയതായിരുന്നെങ്കിലും തസ്വവ്വുഫിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്നെയായിരുന്നു ഞാൻ പറയാൻ ശ്രമിച്ചത്. ലിബിയയിൽ നിന്ന് പരിചയപ്പെട്ട സെനഗൽ പ്രതിനിധികളാണ് എന്നെ സെനഗലിലേക്ക് ക്ഷണിച്ചത്.
അങ്ങനെയാണ് 2013 ൽ ആഫ്രിക്കൻ രാജ്യമായ സെനഗലിൽ പോവാൻ സാധിച്ചത്. ഇന്ത്യയിൽ നിന്ന് ഞാൻ മാത്രമായിരുന്നു പങ്കെടുത്തത്. സെനഗലിനെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഞാൻ വളരെ ജിജ്ഞാസയോടെയാണ് യാത്ര ആസ്വദിച്ചത്. കോഴിക്കോട് നിന്ന് മുംബെയിലേക്കും അവിടെ നിന്ന് എമിറേറ്റ്സ് വിമാനം വഴി സെനഗൽ തലസ്ഥാന നഗരിയായ ഡെക്കാറിലേക്കുമായിരുന്നു യാത്ര. ജീവിതത്തിലെ ഏറ്റവും ദീർഘിച്ച വിമാന യാത്രയായിരുന്നു അത്. ദുബൈയിൽ നിന്ന് പതിനൊന്നര മണിക്കൂർ നീണ്ട വിമാന യാത്രയാണ് ഡക്കാറിലേക്കുള്ളത്. എമിറേറ്റ്സ് വിമാന യാത്ര ഏറെ സുഖകരമായതുകൊണ്ട് നീണ്ട യാത്ര വലിയ ക്ലേശമില്ലാതെ കഴിഞ്ഞുപോയി. ആഗോള സൂഫി സമ്മേളനം തന്നെയായിരുന്നു സെനഗലിലേതും. ദീർഘ നേരത്തെ വ്യോമ സഞ്ചാരത്തിലൂടെ ഡെക്കാറിലെത്തിയപ്പോൾ പുതിയൊരു ലോകത്തെത്തിയ പ്രതീതിയായിരുന്നു.
ഡെക്കാർ ഒരു തലസ്ഥാന നഗരിയുടെ എല്ലാ പ്രതാപവും കാട്ടിത്തന്നെ തലയുയർത്തി നിൽക്കുന്നു. അവികസിത രാജ്യമായതുകൊണ്ട് അതിന്റേതായ എല്ലാ പരിമിതികളും ഡെക്കാറിനുമുണ്ട്. എന്നിരുന്നാലും ഡെക്കാർ ദിനം തോറും വികസിക്കുകതന്നെയാണ്.
ഡെക്കാർ വിമാനത്താവളത്തിലിറങ്ങുമ്പോൾ അതിഥികളെ സ്വീകരിക്കാൻ സംഘാടകരിലെ പ്രമുഖർ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നെ സ്വീകരിച്ചത് ഖാദിരി ത്വരീഖത്തിന്റെ നേതാവായ ഖാദീം എന്ന വ്യക്തിയാണ്. ഡെക്കാറിനടുത്ത് തൂബ എന്ന സ്ഥലത്താണ് അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. ഏകദേശം എട്ടു കിലോമീറ്ററോളം ദൂരം കാണും തൂബയിലേക്ക്. അതിഥികളുടെ വാഹനങ്ങളല്ലാതെ മറ്റെല്ലാം നാലുദിവസത്തേക്ക് നിരോധനം കല്പിക്കപ്പെട്ടിരുന്നു. എട്ടു കിലോമീറ്റർ മുഴുവൻ വലിയ അലങ്കാരങ്ങളും തോരണങ്ങളും, തൂബയിലേക്ക് കാറിൽ നീങ്ങുമ്പോൾ പുറത്ത് നല്ല കാഴ്ചയായിരുന്നു. വീതി കുറഞ്ഞതും കൂടിയതുമായ പാതകൾ. റോഡിന്റെ ഇരുഭാഗത്തും ജനവാസമുള്ള ചേരിപ്രദേശങ്ങൾ. ജനങ്ങൾ മുഴുവൻ പരിപാടിയുടെ ആരവത്തിലായിരുന്നു. ഞാൻ പങ്കെടുത്ത ഏറ്റവും ജനപങ്കാളിത്തമുള്ള പരിപാടിയായിരുന്നു അത്. മുപ്പതുലക്ഷത്തോളം ആളുകൾ പൊതുപരിപാടിയിൽ സംബന്ധിച്ചുവെന്നാണ് സംഘാടകർ അവകാശപ്പെട്ടത്.
സെനഗൽ സൂഫി പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ്. പ്രധാനമായും ഖാദിരി, തീജാനി, മൗലിദി ത്വരീഖത്തുകാരാണ് ജനങ്ങളിൽ അധികവും. ഏറ്റവും പ്രചാരമുള്ള ത്വരീഖത്ത് തീജാനിയാണെങ്കിലും ഖാദിരി സരണിക്കും വലിയ ജനപിന്തുണയുണ്ട്. ഞാൻ പങ്കെടുത്ത പരിപാടിയുടെ സംഘാടകർ ഖാദിരീ ത്വരീഖത്തുകാരായിരുന്നു. ത്വരീഖത്തുകൾക്കിടയിൽ അസ്വാരസ്യങ്ങളോ ആരോപണ പ്രത്യാരോപണങ്ങളോ ഞാൻ അന്വേഷിച്ചിടത്തോളം കാണാൻ സാധിച്ചിട്ടില്ല.
സെനഗലിലെ സൂഫി പ്രസ്ഥാനത്തിന്റെ ചരിത്രം പ്രധാനമായും ഫ്രാൻസിന്റെ കോളനിവാഴ്ചക്കെതിരെയുള്ള പോരാട്ടവുമായി അഭേദ്യ ബന്ധം പുലർത്തുന്നു. ഫ്രഞ്ച് കോളനിവൽകരണത്തിനെതിരെ നിരന്തര സമരം നടത്തിയ ചരിത്രമുണ്ട് സെനഗലിലെ ത്വരീഖത്ത് പ്രസ്ഥാനങ്ങൾക്കെല്ലാം. അക്രമരഹിത സമരങ്ങളായിരുന്നു ഇവിടുത്തെ ത്വരീഖത്തുകൾ സ്വീകരിച്ച വഴി. പലപ്പോഴും പ്രകോപനം സൃഷ്ടിക്കാൻ ഫ്രഞ്ച് പട്ടാളം ശ്രമിച്ചപ്പോഴും സമാധാന സമരമായിരുന്നു സ്വൂഫികളുടെ വഴി.
എന്നാൽ ഫ്രഞ്ച് കോളനീകരണത്തെ ന്യായീകരിച്ച് അതിന്റെ ആനുകൂല്യം പറ്റുന്ന ഒരു വിഭാഗം മുസ്‌ലിംകളും സെനഗലിലുണ്ടായിരുന്നു. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ ഭാഗമായി അവിടുത്തെ മുസ്‌ലിമീങ്ങൾ ഇരുചേരിയായി. ഫ്രഞ്ച് അനുകൂലികൾ ഭരണം കയ്യാളിയപ്പോൾ സൂഫീ നേതാക്കളെ തെരഞ്ഞുപിടിച്ച് വകവരുത്തുന്ന സംഭവങ്ങളുണ്ടായി. അക്രമരഹിത സമരങ്ങൾക്ക് നേതൃത്വം നൽകിയ ഒരു മഹനീയ വ്യക്തിയുണ്ടായിരുന്നു അവിടെ. പേര് ഓർക്കുന്നില്ല. അദ്ദേഹത്തെ ഒരു സുപ്രഭാതത്തിൽ കാണാതായി. നേതാവിനെ കാണാതായപ്പോൾ അനുയായികൾ പ്രതിഷേധിക്കാനിറങ്ങി. ഒരു പരിഹാരവുമുണ്ടായില്ല. അദ്ദേഹം അപ്രത്യക്ഷനായത് അറ്റ്ലാന്റിക് സമുദ്രത്തിന്റെ തീരപ്രദേശത്തു നിന്നായതുകൊണ്ട് പല ദുരൂഹതകളും പരന്നു. തട്ടിക്കൊണ്ടുപോയതാകാമെന്ന് അഭിപ്രായമുയർന്നു.
പ്രതിഷേധമെല്ലാം അമർന്നപ്പോൾ കാണാതായ ശൈഖ് തിരിച്ചുവന്നു. അദ്ദേഹം തന്റെ ആത്മീയ ഗുരുവിന്റെ ഖബറിടം സന്ദർശിച്ചു പിറ്റേ ദിവസം വീണ്ടും കാണാതായി. ഈ അപ്രത്യക്ഷമാവലിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ഞാൻ പങ്കെടുത്ത പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഞാൻ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.
ഇന്ത്യയിൽ നിന്നു വന്ന എന്നെ സ്വീകരിക്കാനും എനിക്കുള്ള സൗകര്യങ്ങൾ ഒരുക്കാനും അംബാസിഡർ തന്നെയുണ്ടായിരുന്നു. സെനഗലിലെ സൂഫി സ്വാധീനത്തെക്കുറിച്ച് പറഞ്ഞല്ലോ. തൊണ്ണൂറ് ശതമാനത്തിലധികം ആളുകളും മുസ്‌ലിമീങ്ങളാണിവിടെ. ഭൂരിപക്ഷവും മാലികി മദ്ഹബുകാരായ സുന്നികളാണ്. തൂബ എന്ന സ്ഥലത്തായിരുന്നു സമ്മേളനമെന്നു പറഞ്ഞല്ലോ. റസൂൽ മദീനക്ക് ത്വയ്ബ എന്നാണല്ലോ പേരിട്ടത്. അതിനെ അനുസ്മരിച്ച് മുമ്പ് ഏതോ സ്വൂഫീവര്യനാണ് ഈ സ്ഥലത്തിന് തൂബ എന്നു പേരിട്ടത്. ഞാനടക്കമുള്ള കുറച്ച് അതിഥികൾ താമസിച്ചിരുന്ന ഈ സൂഫിയുടെ വീടിന് പരിസരത്തായിരുന്നു. പിന്നീട് ഫൈവ്സ്റ്റാർ ഹോട്ടലിലേക്ക് മാറി. ഈ വീട്ടിൽ ആ മഹാൻ കൈകൊണ്ടെഴുതിയ നിരവധി ഗ്രന്ഥങ്ങൾ ഞാൻ മറിച്ചുനോക്കി. തസ്വവ്വുഫിന്റെയും തഫ്സീറിന്റെയും അമൂല്യ നിധികളാണ് അതിലധികവും.
തീജാനി ത്വരീഖത്തിന്റെ സ്വാധീനം സെനഗലിലുണ്ട്. ഭൂരിപക്ഷമാളുകളും തീജാനി സരണിയിൽ അണിനിരക്കുന്നവരും അതുമായി ജീവിതം ചിട്ടപ്പെടുത്തിയവരുമാണ്. മറ്റു ധാരക്കാരുമായി ഒരു ഭിന്നിപ്പോ അഭിപ്രായ വ്യത്യാസമോ അവർ കാണിക്കാറില്ല. യഥാർഥ സൂഫിസം വിഭാവനം ചെയ്യുന്ന പെരുമാറ്റമാണ് എന്നെ ഏറെ ആകർഷിച്ചത്.
മൂന്നു നാലു വേദികളിൽ ഞാൻ സംസാരിച്ചു. ഒരു പൊതു പരിപാടിയിലും സംബന്ധിച്ചു. ഇന്ത്യൻ പ്രതിനിധിയെന്ന നിലയിൽ ഞാൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്റെ പ്രഭാഷണങ്ങളെല്ലാം ഇംഗ്ലീഷിലേക്കോ ഫ്രഞ്ചിലേക്കോ വിവർത്തനം ചെയ്യപ്പെടുകയും ചെയ്തു. പരിപാടി കേൾക്കാനും കാണാനുമുള്ള സൗകര്യങ്ങൾ റോഡിന് ഇരുവശങ്ങളിലും സമ്മേളന മൈതാനിയിലും സംവിധാനിച്ചിരുന്നു.
അധ്വാനശീലമാണ് സെനഗലികളുടെ പ്രത്യേകത. കൃഷി തന്നെയാണ് പ്രധാന ആശ്രയം. ഗോതമ്പും പഴവർഗങ്ങളുമാണ് പ്രധാന കൃഷി. ഭക്ഷണരീതിയും ഇതുമായി ബന്ധിതമാണ്.
ഡെക്കാറിൽ സഊദി സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർ ഹോട്ടലുണ്ട്. ഈ സ്ഥാപനത്തിന്റെ വരുമാനം മുഴുവൻ വിനിയോഗിക്കുന്നത് സെനഗലിലെ ദീനീ പ്രവർത്തനങ്ങൾക്കാണ്. നിരവധി മദ്റസകളും പാഠശാലകളും ഇതിനെ ആശ്രയിച്ച് മുന്നോട്ടുപോവുന്നതെന്നറിയാൻ കഴിഞ്ഞു. സഊദിക്ക് കീഴിൽ പിന്നാക്ക രാജ്യങ്ങളിൽ ഇത്തരം സംരംഭങ്ങൾ ധാരാളം വേറെയുമുണ്ട്. ഇവിടെയാണ് അവസാന രണ്ടു ദിവസം ഞാൻ താമസിച്ചത്. ഇവിടത്തെ ഔദ്യോഗിക ഭാഷ ഫ്രഞ്ചാണ്. ഇംഗ്ലീഷും അല്പമൊക്കെയുണ്ട്.
എന്റെ സംസാരങ്ങൾ പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത് തസ്വവ്വുഫും മദ്ഹബും തമ്മിലുള്ള താരതമ്യത്തിലായിരുന്നു. കൂടാതെ അവിടുത്തെ സൂഫീ പ്രസ്ഥാനത്തിന്റെ അധിനിവേശ വിരുദ്ധ സമരങ്ങളെ ഞാൻ നമ്മുടെ നേതാക്കളായിരുന്ന മമ്പുറം തങ്ങൾ, ഉമർ ഖാള്വി(റ) എന്നിവരുടെ പോരാട്ടവുമായി താരതമ്യം ചെയ്തു. കളങ്കമില്ലാത്ത സൂഫിസം അനുഭവിക്കണമെങ്കിൽ ആഫ്രിക്കയിലെത്തണമെന്ന് സെനഗലിൽ എനിക്ക് കൂടുതൽ ബോധ്യപ്പെട്ട നാളുകളായിരുന്നു അത്.
ഒന്നാം സെനഗൽ യാത്ര അല്ലാഹുവിന്റെ അനുഗ്രഹത്താൽ നല്ല അനുഭവമായി മാറിയിരുന്നു. തിരിച്ചുപോരുമ്പോൾ ഡെക്കാർ വഴി ദുബൈലേക്കു തന്നെയാണ് വന്നത്. കൂടെ ഒരു പിടി നല്ല മനുഷ്യരെ കണ്ട് സംതൃപ്തിയും.