റാബിത്വയുടെ ഹൃദയത്തിൽ അപ്രതീക്ഷിതമായി

നാലു വര്‍ഷം മുമ്പാണ് സംഭവം. ഉംറക്കും മറ്റു സ്വകാര്യ സന്ദര്‍ശനത്തിനുമായി സഊദിയിലെത്തിയതായിരുന്നു. എവിടെ ചെന്നാലും കാഴ്ച്ചകള്‍ കാണാനും പ്രമുഖ വ്യക്തിത്വങ്ങളുമായി സംവദിക്കാനും കുത്ബ്ഖാനകള്‍ സന്ദര്‍ശിക്കാനും ഞാന്‍ സമയം കണ്ടെത്താറുണ്ട്. ഉംറയുടെ കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ് മക്കയിലെ മുറിയില്‍ വിശ്രമിക്കുമ്പോഴാണ് ആഗോള മുസ്‌ലിം പണ്ഡിത സഭയായ റാബിത്വയുടെ കാര്യാലയം സന്ദര്‍ശിക്കാന്‍ ആഗ്രഹം ജനിച്ചത്. ആഗ്രഹം കൂടെയുള്ളവരോട് പങ്കുവെച്ചപ്പോള്‍ പോകാനുള്ള ഒരുക്കമായി. അങ്ങനെ യാദൃച്ഛികമായി മക്കയിലെ റാബിത്വയുടെ കാര്യാലയത്തിലെത്തി. കുറച്ച് പുസ്തകങ്ങളൊക്കെ അന്വേഷിക്കണമെന്ന മനസ്സോടെയാണ് അവിടെയെത്തിയത്.

ബഹുമുഖ സൗകര്യത്തോടെയുള്ള ഓഫീസ് സമുച്ഛയം എന്തുകൊണ്ടും ആകര്‍ഷകമായിരുന്നു. പിന്നെ മക്കയിലെന്ന സവിശേഷതയുമുണ്ടല്ലോ? ചരിത്രത്തില്‍ നാം കേട്ടറിഞ്ഞ മക്കയുടെ ഒരംശം പോലും ഇന്നവിടെ കാണാന്‍ കഴിയില്ല. എവിടെയും പ്രകാശപൂരിതവും ബഹുനില കെട്ടിടങ്ങളും. എന്റെ ചിന്ത ദാറുല്‍ അര്‍ഖമിലൂടെ കടന്നുപോയി. രാത്രിയുടെ യാമങ്ങളില്‍ ദാറുല്‍ അര്‍ഖമില്‍ നബി(സ്വ)യും അനുയായികളും രഹസ്യമായി ഒത്തുകൂടിയിരുന്ന മണ്ണാണിതെന്ന് ചിന്തിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒരു വിങ്ങല്‍. ഈ നാടാണല്ലോ നുബുവ്വത്തിനെ തിരസ്‌കരിച്ചതെന്നു കൂടി ചിന്തിച്ചപ്പോള്‍ ആശ്വാസമായി മനസ്സിലോടിയെത്തിയത് പ്രവാചകന്റെ ആദ്യത്തേയും അവസാനത്തെയും ഹജ്ജായിരുന്നു. നിരന്തര മര്‍ദനം നടത്തിയ ശത്രുപക്ഷത്തോട്; നിങ്ങള്‍ പോവുക, നിങ്ങള്‍ സ്വതന്ത്രരാണെന്ന് വിളിച്ചുപറഞ്ഞ പുണ്യപുരുഷന്റെ ആഹ്വാനത്തിന്റെ അലയൊലികള്‍ ഇപ്പോഴും മക്കയുടെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന പോലെ.

സഹസ്രാബ്ദങ്ങള്‍ക്കപ്പുറം, ഹസ്‌റത്ത് ഇബ്രാഹീം നബിയും കുടുംബവും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വരിച്ച ത്യാഗത്തിന്റെ ഓര്‍മ്മകള്‍ മക്കയിലെ മലമടക്കുകള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അബൂഖുബൈസ് കുന്നുകള്‍ മറ്റു കുന്നുകളെ നോക്കി ഇപ്പോഴും മേനി പറയുന്നുണ്ട്; തന്റെ പുറത്തുകയറിയാണ് മാനവസമൂഹത്തിന്റെ മാതൃകയായ ഹസ്‌റത്ത് ഇബ്രാഹീം(അ) ലോകത്തോട് ഹജ്ജിനാഹ്വാനം ചെയ്തതെന്ന് പറഞ്ഞുകൊണ്ട്.

നമ്മുടെ പലപൂര്‍വികരും ഈ നാട്ടിലേക്കാണല്ലോ നടന്നുകൊണ്ട് ഹജ്ജിനെത്തിയതെന്ന് മക്കയിലെത്തുമ്പോഴെല്ലാം ചിന്തിക്കാറുണ്ട്. റൂമില്‍ നിന്ന് റാബിത്വയുടെ ഓഫീസിലെത്തുന്നതു വരെ അനവധി ചരിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. അറഫാ സംഗമം മുസ്‌ലിം ലോകത്തിന്റെ ഐക്യം വിളംബരം ചെയ്യുന്നപോലെ അന്താരാഷ്ട്ര കൂട്ടായ്മകളും ഇസ്‌ലാമിക ലോകത്തിന്റെ ഐക്യം വിളംബരം ചെയ്യുന്നുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്.

1962 ല്‍ സഊദി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയതാണ് റാബിത്വ എന്ന സഭ. സ്ഥാപിത കാലത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ന് സംഘടന ഏറെ മുന്നോട്ടു പോയിട്ടുണ്ട്. മുസ്‌ലിം ലോകത്തെ പല വിഷയങ്ങളിലും തങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്താന്‍ സംഘത്തിന് കഴിയുന്നു. നിരവധി പരിമിതികളുണ്ടെങ്കിലും സംഘം ഒരു വലിയ ശബ്ദമായി ഇന്നും നിലകൊള്ളുന്നു.

റാബിത്വയെ കൂടുതല്‍ അറിയണമെന്ന ആഗ്രഹമായിരുന്നു പിന്നീട്. അങ്ങനെയാണ് ഞാന്‍ ഓഫീസിലെത്തിയത്. ഹെഡ് ക്വാര്‍ട്ടേഴ്‌സെല്ലാം നടന്നുകണ്ട എനിക്ക് നല്ല സംതൃപ്തി തോന്നി. വിവിധ വകുപ്പുകളുടെ ഓഫീസുകള്‍. എല്ലാം വളരെ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ഞാന്‍ നടന്നു കാണുന്നതിനിടയില്‍ ഒരു ഇന്‍ഡോര്‍ ചര്‍ച്ച നടക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ചര്‍ച്ച ശ്രദ്ധിച്ചു. ഒരു കര്‍മ്മശാസ്ത്ര തര്‍ക്കമാണെന്നു ബോധ്യപ്പെട്ടു. റാബിത്വയുടെ ഫിഖ്ഹ് കൗണ്‍സിലിലെ പ്രമുഖര്‍ ചര്‍ച്ചയിലുണ്ട്. ഞാന്‍ കയറിയിരിക്കാന്‍ സമ്മതംചോദിച്ചു. അങ്ങനെ തികച്ചും യാദൃശ്ചികമായാണ് ഞാന്‍ റാബിത്വയുടെ ഔദ്യോഗിക ചര്‍ച്ചയില്‍ എത്തിപ്പെട്ടത്. അവര്‍ ചര്‍ച്ച ചെയ്തിരുന്ന കാര്യങ്ങള്‍ മിനയില്‍ കെട്ടിടം പണിയാമോ എന്നതിനെ സംബന്ധിച്ചായിരുന്നു. ഇതു സംബന്ധമായ ഒരു തിരുവചനവുമുണ്ട്. നബി(സ) തന്റെ ആദ്യത്തെയും അവസാനത്തെയും ഹജ്ജില്‍ മിനയില്‍ രാപാര്‍ക്കുന്നതിന്റെ തലേദിവസം സ്വഹാബാക്കള്‍ വന്ന് നബിയോട് മിനയില്‍ തങ്ങള്‍ക്ക് താമസ സ്ഥലം ഒരുക്കട്ടെ എന്ന് ചോദിച്ചു. മിനയിലാദ്യമെത്തുന്നതാരോ അവര്‍ക്കുള്ളതാണ് മിന എന്ന് മറുപടി പറഞ്ഞ നബി, താമസ സ്ഥലം ഒരുക്കുന്നതിനെ തടഞ്ഞു. ഈ ഹദീസ് നിലനില്‍ക്കുമ്പോള്‍ മിനയില്‍ ഇന്ന് കെട്ടിടം പണിയാന്‍ വല്ല വകുപ്പുകളുമുണ്ടോ എന്നതായിരുന്നു ചര്‍ച്ച.

അന്നേരം ഞാന്‍ ഇടപെട്ടോട്ടെയെന്ന് സമ്മതം ചോദിച്ചു. എല്ലാവര്‍ക്കും സമ്മതമായിരുന്നു. ഇതു സംബന്ധമായ എല്ലാ മസ്അലകളും ഞാന്‍ മുമ്പ് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പിന്റെ അമീറായപ്പോള്‍ നോക്കി മനസ്സിലാക്കിയിരുന്നു. ഞാന്‍ സദസ്സിനു മുമ്പില്‍ കാര്യങ്ങള്‍ ഓരോന്നായി വിശദീകരിച്ചു. നബി(സ്വ) താമസ സ്ഥലമൊരുക്കാന്‍ സമ്മതം ചോദിച്ചപ്പോഴാണ് വിലക്കിയത്. നേരെ മറിച്ച് ഹാജിമാര്‍ക്ക് താമസ സ്ഥലം ഒരുക്കാനാണ് നബിയോടാവശ്യപ്പെട്ടതെങ്കില്‍ നബി(സ്വ) ഇങ്ങനെയാകുമായിരുന്നില്ല മറുപടിയെന്ന പ്രമാണങ്ങളുടെ പിന്‍ബലത്തോടെയുള്ള എന്റെ മറുപടി അവര്‍ക്ക് നന്നായി ബോധിച്ചു. പിന്നീട് അവര്‍ എന്നോട് പല സംശയങ്ങളും ചോദിച്ചു. ഞാന്‍ എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി പറഞ്ഞു. യോഗം പിരിഞ്ഞശേഷം എല്ലാവരും എന്നോട് വലിയ മതിപ്പോടെയാണ് സംസാരിച്ചത്. കേരളത്തിലെ പള്ളി മൂലകളിലിരുന്ന് മതം പഠിച്ച നമ്മള്‍ അറബികള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന്റെ കൗതുകം ഒന്നു വേറെത്തന്നെ. യോഗ ശേഷം ഫിഖ്ഹ് കൗണ്‍സില്‍ ചെയര്‍മാന്‍ എന്റെ അഡ്രസ്സും മറ്റും വാങ്ങി. ഞങ്ങള്‍ നിങ്ങളെ ഇനിയും ബന്ധപ്പെടുമെന്നും പറഞ്ഞാണ് അന്ന് പിരിഞ്ഞത്. തിരിച്ചുപോന്നപ്പോള്‍ ഈ യാത്ര സഫലമായെന്ന വലിയ അഭിമാന ബോധമായിരുന്നുമനസ്സില്‍

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

സമസ്ത : മുസ്‌ലിം സ്വത്വത്തിന്റെ കാവൽ സൗഭാഗ്യം

Next Article

ഹിജ്റ കലണ്ടർ; മുസ്‌ലിം സംസ്കാരത്തെ രൂപപ്പെടുത്തേണ്ട വിധം

Related Posts
Total
0
Share