സെനഗലിലേക്കുള്ള രണ്ടാം യാത്ര അടുത്ത വർഷം തന്നെയായിരുന്നു. കഴിഞ്ഞ വർഷം ഞാൻ പങ്കെടുത്ത് പ്രസംഗിച്ച അതേ സംഘാടകർ തന്നെയാണ് എന്നെ രണ്ടാമതും ക്ഷണിച്ചത്. എന്റെ സംസാരവും തസവുഫ് സംബന്ധമായ വിഷയാവതരണവും താരതമ്യങ്ങളും അവരെ വളരെ ആകർഷിച്ചിരിക്കണം. അതുകൊണ്ടാണ് രണ്ടാമതുമൊരു ക്ഷണം ലഭിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നു.
ക്ഷണക്കത്ത് മെയിൽ വഴി വന്നതോടെ ഞാൻ പോകാനുള്ള തയ്യാറെടുപ്പിലായി. യാത്രാ സംബന്ധമായ രേഖകളെല്ലാം അവർ തന്നെ ശരിപ്പെടുത്തിയതിനാൽ യാത്ര സുഗമമായി. കോഴിക്കോട് നിന്നും ദുബൈ വഴി സെനഗൽ തലസ്ഥാന നഗരിയായ ഡെക്കാറിലേക്ക്.
കഴിഞ്ഞ വർഷത്തെ പോലെ എമിറേറ്റ്സ് വിമാനത്തിൽ പത്തു മണിക്കൂറിലധികം ദീർഘിച്ച യാത്ര. ആകാശയാത്ര ഏറെ അതിശയിപ്പിക്കുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള സംസ്കാരങ്ങൾ തമ്മിലുമുള്ള അകലം കുറക്കാൻ ആധുനിക ശാസ്ത്രം സംവിധാനിച്ച ഏറ്റവും വലിയ സംവിധാനമായിരിക്കും വിമാനമെന്ന് ഞാൻ ചിന്തിച്ചു. മനുഷ്യർ തമ്മിൽ ഏറ്റവും വേഗത്തിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുന്നത് വ്യോമഗതാഗതം തുടങ്ങിയതുമുതലാവണം. ആഫ്രിക്കയുടെ ഇരുണ്ട ഗ്രാമങ്ങളിൽ നിന്ന് കേരളത്തിന്റെ പച്ചപ്പിലേക്ക് മണിക്കൂറുകൾ കൊണ്ട് എത്താൻ കഴിയുന്നുവെങ്കിൽ സ്രഷ്ടാവിന്റെ സൃഷ്ടിവിസ്മയം എങ്ങനെ പറഞ്ഞറിയിക്കും.
സെനഗലിലെ ത്വരീഖത്ത് സമ്മേളനത്തിന്റെ സംഘാടക സമിതി നിശ്ചിത രാജ്യങ്ങളിൽ നിന്ന് എണ്ണപ്പെട്ട പ്രതിനിധികളെയാണ് രണ്ടാം യോഗത്തിലേക്ക് ക്ഷണിച്ചത്. ഇന്ത്യയിൽ നിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറെ അഭിമാനം തോന്നിയ നിമഷങ്ങളായിരുന്നു അന്ന്. അന്നത്തെ യാത്ര നാലു ദിവസം മാത്രമായിരുന്നു.
എമിറേറ്റ്സ് വിമാനം ഡെക്കാറിൽ ലാന്റ് ചെയ്ത് ഞാൻ രേഖകൾ ശരിപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ എന്നെ സ്വീകരിക്കാൻ സംഘാടകരെത്തിയിരുന്നു. പഴയ പോലെത്തന്നെ യോഗം തുബയിൽ തന്നെയായിരുന്നു. കഴിഞ്ഞ വർഷത്തെ യോഗം നാടിന്റെ മൊത്തം ആഘോഷമായപ്പോൾ ഇത്തവണ യോഗം വളരെ പരിമിതപ്പെടുത്തിയിരുന്നു. ഈ സമിതിയുടെ എക്സിക്യൂട്ടീവ് മീറ്റിംഗ് മാത്രമായിരുന്നു ഇത്തവണ. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം.
ഫ്രാൻസ്, അമേരിക്ക, ഈജിപ്ത്, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഞാൻ നേരിട്ടു പരിചയപ്പെട്ടു. ഇന്ത്യൻ ആണെന്നു പറഞ്ഞപ്പോൾ അവർക്കൊക്കെ വലിയ മതിപ്പ് തോന്നി.
യോഗത്തിൽ പ്രധാനമായും സംഘാടകർ ഉദ്ദേശിച്ചിരു ന്നത് അവരുടെ സ്വൂഫീ പ്രവർത്തനങ്ങൾക്ക് പുറം രാജ്യ ങ്ങളിൽ നിന്നുള്ളവരിൽ നിന്ന് ഉപദേശം സ്വീകരിക്കുക എന്നതായിരുന്നു. ഭാവിയിൽ തങ്ങൾ ഏതുരീതിയിൽ മുന്നോട്ടു പോവണമെന്നും ഇതര വിജ്ഞാന ശാഖകളും തസവുഫും തമ്മിലുള്ള അകലം കുറക്കുക എന്നതും ചർച്ചയുടെ ലക്ഷ്യമായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള പ്രതിനിധി എന്ന നിലയിൽ ഒരു ചർച്ചയിൽ സംഘാടകർ എന്നെ അധ്യക്ഷനാക്കി. തസവു ഫിന്റെ ദഅവ സാധ്യതകളെക്കുറിച്ചായിരുന്നു പ്രധാന ചർച്ച. കൂടാതെ തസവുഫും കർമശാസ്ത്രവും തമ്മിലുള്ള സമഗ്രമായ താരതമ്യവും നടന്നു. ചർച്ച നയിക്കാനും ക്രോഡീകരിക്കാനും അധ്യക്ഷനെന്ന നിലയിൽ ഞാൻ ബാധ്യസ്ഥനാണല്ലോ? ഞാൻ തസവുഫിലൂടെയുള്ള ദഅവ ത്തിന്റെ അനന്ത സാധ്യതകൾ വിവരിച്ചുകൊണ്ട് ഒരു പ്രസംഗം നടത്തി. അതിന്റെ ഇന്ത്യൻ ചരിത്രങ്ങളും വിശദീകരിച്ചു. നിസാമുദ്ദീൻ ഔലിയ മുതൽ മുഈനുദ്ദീൻ ചിശ്തി വരെയുള്ളവരെക്കുറിച്ചും, അവർ ഇന്ത്യയിൽ നടത്തിയ ദഅവാ പ്രവർത്തനങ്ങളെക്കുറിച്ചും ഞാൻ എണ്ണിയെണ്ണി പറഞ്ഞു.
ഇന്ത്യയിൽ ഇസ്ലാമിന്റെ വ്യാപനം പ്രധാനമായും പടയോട്ടങ്ങളിലൂടെയായിരുന്നില്ലെന്നും സാംസ്കാരികമായ വലിയൊരു ചരിത്രാനുഭവമാണ് ഇന്ത്യയിൽ സംഭവിച്ചതെന്നും ഞാൻ പറയാൻ ശ്രമിച്ചു. ചിശ്തിയെപോലുള്ളവരുടെ വ്യക്തിവിശുദ്ധിയായിരുന്നു പരലക്ഷങ്ങളെ ഇസ്ലാമിലേക്ക് ആകർഷിച്ചതെന്ന് ഞാൻ സമർഥിച്ചു. സമൂഹത്തെ സമുദ്ധരിക്കുന്നതിനു മുമ്പ് വ്യക്തിശുദ്ധിക്ക് മുൻഗണന നൽകാൻ സാധിച്ചാൽ സമൂഹം താനേ സമുദ്ധരിക്കപ്പെടുമെന്ന് ഞാൻ അധ്യക്ഷ ഭാഷണത്തിൽ പറഞ്ഞു. ത്വരീഖത്തുകൾ സാമൂഹിക സമുദ്ധാരണത്തിന്റെ ആത്മീയ പാതയാണെന്നും അതിനെ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയണമെന്നും ഞാൻ നിർദ്ദേശിച്ചു.
എന്തായിരുന്നാലും രണ്ടാം സെനഗൽ യാത്ര ജീവിതത്തിൽ വലിയ സൗഭാഗ്യമായി ഞാൻ കണക്കാക്കുന്നു. താബിഉകളടങ്ങുന്ന നിരവധി മഖാമുകൾ സന്ദർശിക്കാനും പ്രാർത്ഥിക്കാനും എനിക്കവസരമുണ്ടായി. ഈ യാത്രയിൽ ഞാൻ സെനഗലിലെ ഭക്ഷണ രീതിയെക്കുറിച്ചും ജീവിത സംസ്കാരത്തെക്കുറിച്ചും പഠിക്കാൻ ശ്രമിച്ചു.
ചോറിൽ ഒരുതരം എണ്ണ ഉപയോഗിക്കാറുണ്ട് സെനഗലുകാർ. നല്ല രുചിയാണിതിന്. മിക്കവാറും ആഫ്രിക്കൻ രാജ്യങ്ങളിലും ഇതേ രീതിയാണെന്നറിയാൻ കഴിഞ്ഞു. രാവിലെ റൊട്ടിയും ജാമും ചായയും. ഉച്ചക്ക് ചോറും കറിയും വൈകുന്നേരം വീണ്ടും റൊട്ടിയും ജാമും. രാത്രി ലഘു ഭക്ഷണമാണ് പതിവ്. ഭക്ഷണത്തിന്റെ കൂടെ പ്രകൃതിദത്തമായ പച്ചവെള്ളമാണ് അവർ കുടിക്കുക. എന്നാലും നല്ല രുചിയാണ് ഈ വെള്ളത്തിന്. നമ്മൾ നേരെ തിരിച്ചാണ്. ചൂടു വെള്ളമാണ് നമ്മുടെ പൊതു ഉപയോഗമെങ്കിൽ അവർ നന്നായി പച്ച വെള്ളം കുടിക്കുന്നു. ഭക്ഷണ ശേഷം നല്ലയിനം പച്ചയില കഴിക്കുന്നവരാണ് സെനഗലുകാർ. വെയിലിന് താപനില കൂടുതലായിട്ടും ആരോഗ്യപരമായി ആഫ്രിക്കക്കാർക്ക് ഒരു കുഴപ്പവുമില്ലാത്തത് ഇത്തരം ഭക്ഷണ ചിട്ടകൊണ്ടായിരിക്കണം.
1737 ൽ മൊറോക്കോയിൽ ജനിച്ച ശൈഖ് അഹ്മദ് തിജാനി(റ)വിലൂടെ വ്യാപിച്ച തീജാനീ ത്വരീഖത്തിന് സെനഗലിൽ നല്ല വേരോട്ടമുണ്ട്. ദേശാന്തര സഞ്ചാരങ്ങൾക്കിടയിൽ ശൈഖ് തിജാനി സെനഗലിലും എത്തി. അവിടുത്തെ വ്യക്തിവിശുദ്ധിയും പ്രഭാവവും വഴി ധാരാളം ആളുകൾ അദ്ദേഹത്തെ ബൈഅത്ത് ചെയ്തു. അവരുടെ ശിഷ്യ പരമ്പരയിൽ പെട്ടവരാണ് സെനഗലിൽ ആ ത്വരീഖത്തിന്റെ ഇന്നത്തെ പ്രചാരകർ.
സെനഗലിൽ നിന്നു കിട്ടിയ അവസരങ്ങളും അംഗീകാരവും ജീവിതത്തിലെ വലിയ മുഹൂർത്തമായിരുന്നു. ദീനിനു വേണ്ടി ഇനിയും ധാരാളം സഞ്ചരിക്കാനുള്ള സൗഭാഗ്യം ലഭിക്കുമെന്ന പൂർണ പ്രതീക്ഷയോടെയാണ് ഡെക്കാറിൽ നിന്നും ദുബൈയിലേക്ക് വിമാനം കയറിയത്.