“India’s culture is the only one in the world that has been in existence for thousands of years and is still alive and vibrant.”
“ലക്ഷക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന, ഇന്നും ജീവസുറ്റതായും ചൈതന്യമാർന്നതായും തുടരുന്ന ഏക സംസ്കാരമേ ലോകത്ത് നിലവിലുള്ളൂ അത് ഇന്ത്യയുടെ സംസ്കാരമാണ്.” ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ശില്പികളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന രാഷ്ട്രപിതാവ് ഗാന്ധിജിയുടെ വാക്കുകളാണിത്.
വ്യത്യസ്ത സംസ്കാരങ്ങളെയും മതവിശ്വാസങ്ങളെയും ഉൾക്കൊണ്ട ചരിത്രമാണ് ഇന്ത്യയുടേത്. ആധുനിക ഇന്ത്യ രൂപീകരിക്കുന്നതിന് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഈ ഭൂമിക്ക് വരദാനമായി ലഭിച്ച പ്രത്യേകതയാണിത്. അതുകൊണ്ടുതന്നെ ലോകത്ത് നിലവിലുള്ള മഹാഭൂരിപക്ഷം മതങ്ങൾക്കും അനുയായികളുള്ള ഭൂമികയായി ഇന്ത്യ എക്കാലത്തും ലോക ഭൂപടത്തിൽ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. “നാനാത്വത്തിൽ ഏകത്വം” (Unity in diversity) എന്ന മഹത്തരമായ സന്ദേശം ലോകത്തിനു മുന്നിൽ അഭിമാനപൂർവ്വം പ്രകാശിപ്പിക്കാൻ ഇന്ത്യക്ക് സാധിച്ചതും ഈ ഉൾക്കൊള്ളൽ മനോഭാവമാണ്.
സൂഫിസം ഇന്ത്യയെ കെട്ടിപ്പടുത്ത വിധം
സൂഫി എന്ന പദത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വിഭിന്നമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. തെളിമ എന്ന് അർഥം വരുന്ന ‘സ്വഫാഅ്’ എന്ന പദത്തിൽ നിന്നാണെന്നാണ് ഒരു അഭിപ്രായം. സൂഫികളുടെ ജീവിത വിശുദ്ധിയാണ് ഈ പേരിന് ആധാരം. സൂഫ് അഥവാ ആട് രോമം എന്നർഥം വരുന്ന അറബ് പദത്തിൽ നിന്നാണെന്നാണ് മറ്റൊരു പ്രബല അഭിപ്രായം. ലളിത ജീവിതം നയിച്ച് രോമ വസ്ത്രങ്ങൾ ഉപയോഗിച്ചതിനാലാണ് ഈ പേര് അവർക്ക് വന്ന് ചേർന്നത്.
സൂഫിസം ഇസ്ലാമിനെ സംബന്ധിച്ച് പുതിയ ചിന്താധാരയല്ല. പ്രവാചകൻ (സ്വ)യും അവരുടെ അനുചരന്മാരും കാണിച്ച പാതയിലൂടെയുള്ള സഞ്ചാരം തന്നെയായിരുന്നു അത്. ഇന്ത്യാ ചരിത്രത്തിൽ തുല്യതയില്ലാത്ത വിധം മുദ്രകൾ പതിപ്പിച്ചവരാണ് സൂഫി ഗുരുവര്യർ. കേവലം ആത്മീയതലത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ലായിരുന്നു അവരുടെ പ്രവർത്തന മണ്ഡലം. സാംസ്കാരികവും സാമൂഹികപരവുമായ സർവ്വ മണ്ഡലങ്ങളിലും സൂഫി പണ്ഡിതരുടെ സ്വാധീനം കാണാം.
മതേതരത്വം നിലനിർത്തുന്നതിൽ ഗണ്യമായ പങ്ക് വഹിച്ചവരാണ് ഇന്ത്യയിലെ സൂഫികൾ. അവരുടെ ഖാൻഖാഹുകൾ മതസൗഹാർദ്ദത്തിന്റെ മലർവാടികളായി നില നിന്നു. ജാതിമതഭേദമന്യേ മനുഷ്യർ അവിടേക്ക് ഒഴുകി. നൂറ്റാണ്ടുകൾക്ക് ശേഷം ഇന്നും അവിടെക്കുള്ള ഒഴുക്ക് നിർബാധം തുടർന്നുകൊണ്ടേയിരിക്കുന്നു.
അപരമത വിദ്വേഷത്തിന്റെ വർത്തമാനകാലത്ത് പ്രതീക്ഷയുടെ വിളക്കുമാടങ്ങളായി അവകൾ ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്നു. ഖാജാ തങ്ങളും (റ) നിസാമുദ്ദീൻ ഔലിയ (റ)യും എന്നും മതേതരത്വത്തിന്റെ പ്രതീകമായി തങ്ങളുടെ അടുത്ത് വരുന്നവർക്ക് സമാശ്വാസത്തിന്റെ വെട്ടം കാണിക്കുന്നു.
സൂഫികൾ നയിച്ച സ്വാതന്ത്ര്യ സമരം
ബ്രിട്ടീഷുകാരിൽ നിന്ന് ഈ നാടിന്റെ മോചനത്തിനായി മുൻനിരയിൽ നിന്ന് പോരാട്ടം നയിച്ചവരാണ് മുസ്ലിംകൾ. എന്നാൽ ചരിത്ര രേഖകളും അതിന് നേതൃത്വം നൽകിയവരും തികഞ്ഞ അനീതിയാണ് ഈ സമുദായത്തോട് ചെയ്തത്. ബ്രിട്ടീഷ് ചരിത്രകാരന്മാർ അറിഞ്ഞും അറിയാതെയും ഈ സമുദായത്തെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിർത്താൻ ശ്രമിച്ചു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഏതു നാട്ടിലാണോ ജീവിക്കുന്നത് ആ നാടിനെ സ്നേഹിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരാണ്. അതുകൊണ്ടുതന്നെ മാതൃരാജ്യത്തിന്മേലുള്ള കൊളോണിയൽ കടന്നുകയറ്റം അവർക്ക് വലിയ തരത്തിലുള്ള മനോവേദനയാണ് സമ്മാനിച്ചത്.
മുഗൾ ഭരണത്തിൽ തന്നെ സൂഫി പണ്ഡിതരുടെ രാഷ്ട്രീയ ഇടപെടലുകൾക്ക് സാക്ഷ്യം വഹിച്ചവരാണ് ഇന്ത്യൻ മുസ്ലിംകൾ. പ്രസിദ്ധ സൂഫിവര്യനായിരുന്ന ശാഹ് വലിയുള്ളാഹി ദഹ്ലവി ഇത്തരത്തിലുള്ള നവോത്ഥാനത്തിന് തുടക്കം കുറിച്ചവരാണ്. അവരുടെ മരണശേഷം അവരുടെ പിൻഗാമികളും അനുചരരും അധിനിവേശ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിന് മുൻനിരയിൽ നിന്ന് ചരട് വലിച്ചു.
1857ലെ വിശ്വപ്രസിദ്ധമായ ഒന്നാം സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യൻ സൂഫി സ്വാധീനം നമുക്ക് ദർശിക്കാനാകും. ഇന്ത്യയിലെ പണ്ഡിതരും സൂഫികളും അവരോട് ചേർന്ന് മുസ്ലിം ഭരണാധിപന്മാരും ഒരുമിച്ച് നടത്തിയ പോരാട്ടം ആയിരുന്നു ശിപ്പായി ലഹള എന്ന പേരിൽ പ്രസിദ്ധമായ ഒന്നാം സ്വാതന്ത്ര്യ സമരം. ഈ സമരത്തിലേക്ക് മുസ്ലിം ജനസഞ്ചയത്തെ അടുപ്പിച്ചത് ഫൈസാബാദിലെ സൂഫിവര്യനായ മൗലവി അഹമ്മദുല്ലയുടെയും ഡൽഹി പണ്ഡിതൻ ഖൈറാബാദിയുടെയും ഫത്വകൾ ആയിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ്ണ ഏടുകളിൽ ഒന്നായ ഖിലാഫത്ത് പ്രസ്ഥാനത്തിലും സൂഫി സാന്നിധ്യം പ്രകടമാണ്. ഖിലാഫത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഒട്ടേറെ മുസ്ലിം പണ്ഡിതരും നേതാക്കളും ജയിൽവാസം വരിച്ചു. ഉത്തരേന്ത്യയിലെ മുസ്ലിം സമൂഹത്തിനിടയിൽ ഇവർക്കുള്ള സ്വീകാര്യതയും ഇവരുടെ സംശുദ്ധ ജീവിതവും ഈ പോരാട്ടത്തിലേക്ക് യുവാക്കളടക്കമുള്ള ഇന്ത്യൻ മുസ്ലിമീങ്ങളെ അടുപ്പിക്കുവാൻ കാരണമായി.
കേരളവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളും
കൊളോണിയൽ വിരുദ്ധത ഏറ്റവും ശക്തമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. ഇവിടുത്തെ സ്വാതന്ത്ര്യ സമരത്തെയും മുന്നിൽ നിന്ന് നയിച്ചിരുന്നത് നിസ്വാർത്ഥരായ സൂഫികളും പണ്ഡിതന്മാരും ആയിരുന്നു. വിശിഷ്യാ മലബാറിലെ മാപ്പിളമാർ ബ്രിട്ടീഷുകാർക്കെതിരെ സന്ധിയില്ലാ സമരം നയിക്കുമ്പോഴും അവർക്ക് മതകീയമായ പിന്തുണ നൽകിയിരുന്നത് ഇവിടുത്തെ സൂഫി പണ്ഡിതർ തന്നെയായിരുന്നു. കാരണം, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ദേശീയപരം എന്നതോടുകൂടെ തന്നെ മതപരമായ ഒരു മാനവും ഈയൊരു പോരാട്ടത്തിനുണ്ടായിരുന്നു. ബ്രിട്ടീഷുകാരും ഈയൊരു കണ്ണോടു കൂടിയാണ് മാപ്പിളമാരെ എതിരേറ്റത്. മാപ്പിള മുസ്ലിംകൾക്കെതിരായ യുദ്ധം പോർച്ചുഗീസ് രേഖകളിൽ എട്ടാം കുരിശുയുദ്ധം എന്നാണ് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
കേരളീയ ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ സംസ്ഥാപകരായി അറിയപ്പെടുന്ന മഖ്ദൂമുമാർ പ്രതിരോധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖരാണ്. സൈനുദ്ദീൻ മഖ്ദൂം ഒന്നാമന് ശേഷം ഈ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മതകീയവും ധാർമികവുമായ ദിശാബോധം നൽകിയത് അദ്ദേഹത്തിന്റെ പുത്രനായ ഷെയ്ഖ് അബ്ദുൽ അസീസ് മഖ്ദൂം ആയിരുന്നു. ഇദ്ദേഹത്തിന്റെ സമകാലികനും മാപ്പിള മുസ്ലിംകൾക്കിടയിൽ സർവ്വാദരണീയരും ഗുരുതുല്യനും ആയിരുന്ന ഷെയ്ഖ് അബ്ദുൽ വഫ ഷംസുദ്ദീൻ മുഹമ്മദ് എന്നവരും സമരരംഗത്ത് ശക്തമായ സാന്നിധ്യം ആയിരുന്നു. ബ്രിട്ടീഷുകാർക്ക് മുമ്പ് കേരളത്തിലേക്ക് കടന്നുവന്ന പറങ്കികൾക്കെതിരെയുള്ള യുദ്ധത്തിന് ജിഹാദിന്റെ ആത്മവീര്യവും ഈമാനിന്റെ കരുത്തും പ്രധാനം ചെയ്തവരിൽ മുഖ്യസ്ഥാനം വഹിക്കുന്നവരാണ് ഇവർ.
കേരളീയ മുസ്ലിം നവോത്ഥാനത്തിന്റെ നായകനായി അറിയപ്പെടുന്ന മമ്പുറം തങ്ങളും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പോരാളിയായിരുന്നു. കേവലം വൈകാരികമായ സമീപനങ്ങളിലൂടെ ആയിരുന്നില്ല തങ്ങൾ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയത് മറിച്ച് ആത്മീയതയുടെ മാധുര്യം പകർന്നുകൊണ്ടായിരുന്നു. മലബാറിൽ നിലനിൽക്കുന്ന അസൂയാവഹമായ മതസൗഹാർദം കെട്ടിപ്പടുക്കുന്നതിലും തങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്. അധിനിവേശ ശക്തികൾക്കെതിരെ തങ്ങൾ രചിച്ച ‘സൈഫുൽ ബത്താർ’ സാമ്രാജ്യത്വ വിരുദ്ധ രചനയിൽ മുന്നിട്ടു നിൽക്കുന്ന ഗ്രന്ഥമാണ്. അറബ് തങ്ങൾ എന്നാണ് മമ്പുറം തങ്ങളെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിരുന്നത്. ആധുനിക ചരിത്രകാരന്മാർ പലപ്പോഴും കേരളീയ ചരിത്ര രചനയിൽ മുഖ്യ റഫറൻസായി ഉപയോഗിക്കുന്ന മലബാർ കലക്ടർ ആയിരുന്ന വില്യം ലോഗന്റെ മലബാർ മാനുവലിൽ മമ്പുറം തങ്ങളെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: അറബ് തങ്ങൾ ആണ് മാപ്പിളമാരെ കലാപത്തിന് പ്രേരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ മരണ ശേഷം, തിരൂരങ്ങാടിയുടെ എതിർ വശത്ത് കൂടി ഒഴുകുന്ന പുഴയുടെ തീരത്തുള്ള മമ്പുറം പള്ളിയിലാണ് അദ്ദേഹത്തെ മറവ് ചെയ്തത്. കലാപമുണ്ടാക്കാൻ പോകുന്നവരും കലാപമുണ്ടാക്കിയവരുമായ മത ഭ്രാന്തന്മാർ ഇപ്പോഴും ഒരു മുറ പോലെ മമ്പുറത്ത് ചെന്ന് പ്രാർത്ഥിക്കുന്നു.
മമ്പുറം തങ്ങളുടെ അരുമ ശിഷ്യനായിരുന്ന വെളിയങ്കോട് ഉമർ ഖാളിയും ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ ആത്മീയ നായകനായിരുന്നു. ഭൂനികുതിക്കെതിരെ സന്ധിയില്ലാ സമരം നയിച്ച നായകനായിരുന്നു ബഹുമാനപ്പെട്ടവർ.
ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത സൂഫികളും പണ്ഡിതന്മാരും നേതൃത്വം നൽകി പോരാടി നൽകിയതാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യം. ചരിത്രവക്രീകരണത്തിന്റെ വർത്തമാനകാലത്ത് ഇത്തരത്തിലുള്ള ചരിത്ര യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കലും പ്രതിരോധമാണ്.
👍