തുനീഷ്യ
തുനീഷ്യയിലെ സംസ്കാരിക ചരിത്ര പ്രാധന്യമുള്ള ഖൈറുവാൻ പട്ടണത്തിൽ മീലാദ് പ്രത്യേകമായി ആഘോഷിക്കപ്പെടുന്നു. ഹിജ്റ 1329 ലാണ് ഇവിടെ ആദ്യത്തെ മീലാദ് ആഘോഷം നടന്നത്. ദിക്റ് ഹൽഖകൾ കൊണ്ടും മന്ത്രാേച്ചാരണങ്ങൾ കൊണ്ടും ആത്മീയ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ വീടുകളെല്ലാം ബുഖൂറിന്റെ പരിമളം പടർത്താൻ തുടങ്ങും. റബീഇന് ഔലിയാക്കളെ സന്ദർശിക്കുന്ന രീതിയും ഇവിടെയുണ്ട്. العصيدة, مقروض എന്നീ പ്രത്യേക വിഭവം തുനീഷ്യയിലെ റബീഅ് കാഴ്ച്ചകളാണ്. ദാറുത്വാബിഇൽ കരകൗശല വസ്തുകളുടെയും കൃഷി വസ്തുകളുടെയും ചെമ്പ് പാത്രങ്ങളുടെയും ഒപ്പം വസ്ത്രങ്ങളുടെയും പ്രദർശനവും ഉണ്ടാവാറുണ്ട്. ഇത് വലിയ തോതിൽ വിദേശികളെ ആകർഷിക്കുന്നു. അവരെയും സ്വീകരിക്കാൻ തുനീഷ്യ സജ്ജമാണ്.
അൽജീരിയ
അൽജീരിയയിലെ സൂഫി വിഭാഗമാണ് മദ്ഹ് കൊണ്ടും ദിക്റ് കൊണ്ടും നബിദിന സജീവമാക്കുന്നത്. സൂഫീ വിഭാഗങ്ങളുടെ ആധികം കൊണ്ട് മുസ്തഗ്നാം പട്ടണം ഈ ആഘോഷങ്ങളുടെ കേന്ദ്രമാവുന്നു. الرشتة، الشخشوخة، التريدة തുടങ്ങി വിഭവങ്ങൾ റബീഇലെ അൽജീരിയൻ രൂപാന്തരങ്ങളാണ്. രാത്രി വീടുകളിൽ തീക്ക് ചുറ്റും ഇരുന്ന് ചായയും ഇത്തരം ഭക്ഷണങ്ങളും പങ്കുവെക്കുന്ന മനോഹര കാഴ്ച റബീഅ് ആഘോഷങ്ങളുടെ ഭാഗമാണ്.
മൊറോക്കോ
മൊറോക്കയിൽ മൗലിദ് “മയ്ലൂദിയ്യ” എന്നാണ് അറിയപ്പെടുന്നത്. ആഴ്ചകളോളം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് മൊറോക്കോയിലേത്. നശീദകളും ഖസ്വീദകളും ആലപിക്കുന്ന സദസ്സുകളാണ് മഗ് രിബിന് ശേഷം. നബിമാരുടെയും സ്വഹാബികളുടെയും ചരിത്രം പഠന ക്ലാസുകളും നടത്തപ്പെടാറുണ്ട്. കുട്ടികൾക്ക് പുതു വസ്ത്രങ്ങൾ വാങ്ങി നൽകിയും الكسكسى എന്ന പ്രത്യേക ഭക്ഷണം തയ്യാറാക്കിയും അവർ റബീഇനെ ധന്യമാകും. ചില ഇനം ഹൽവകളും റബീഇന്റെ ഭാഗമാണ്.
മെക്നെസ് കേന്ദ്രീകരിച്ച് ഖുർആൻ സെമിനാറും മറ്റും സംഘടിപ്പിക്കാറുണ്ട്. അവസാന ദിനം ഒരു പ്രദർശന റാലിയുമുണ്ടാവും. അതിൽ നടോടികളുടെ ഒരു ഗ്രൂപ്പ് , പൈത്രക തനിമ അവതരിപ്പിക്കുന്ന സംഘം, മദ്ഹ് ആലപിക്കുന്ന ഒരു സംഘം എനിങ്ങനെ ക്രമീകരിക്കപ്പെടും. 4 മീറ്ററോളം നീളം വരുന്ന മെഴുകുതിരികൾ നാടോടികളെ വ്യതസ്തരാക്കും. നാടോടി കലയുടെ പ്രദർശനവും ഈ ഘോഷയാത്രയിൽ ഉണ്ടാകും. ഖുർആനും ഹദീസും എഴുതിയ വലിയ പ്ലക്കാർഡുകൾ ഘോഷയാത്രയെ മനോഹരമാക്കും. 2015 ൽ മെറോക്കൻ രാജാവ് 307 ജയിൽ പുള്ളികൾക്ക് മീലാദു പ്രമാണിച്ച് പൊതുമാപ്പ് നൽകിയത് വാർത്ത പ്രധ്യാനം നേടിയിരുന്നു.
സുഡാൻ
സുഡാനിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിലും മീലാദുന്നബി ഭംഗിയായി ആഘോഷിക്കപ്പെടാറുണ്ട്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ മയ്ദാനുൽ മാലിദ് സ്ഥാപിക്കപ്പെടും. ഇതിൽ ചില ടെന്റുകളും മദ്ഹ് മജ്ലിസിന് വേണ്ടിയും ചിലത് ചന്തകൾക്കായും നിശ്ചയിക്കപ്പെടും. രാജ്യ തലസ്ഥാനമായ ഖർത്വൂമിൽ ഇത്തരം മയ്ദാനുൽ മാലിദ് ധാരാളം ഉണ്ടാക്കും. സൂഫി വിഭാഗത്തിന്റെ ഗണ്യമായ സാനിദ്ധ്യം കൊണ്ട് ധന്യമായ ഒംദുർമാനിൽ (ام درمان) ഇവ പ്രത്യേകം കാണാം.
ഫലസ്തീൻ
സ്വലാഹുദ്ധീൻ അയ്യൂബി ഖുദ്സ് കീഴ്പ്പെടുത്തിയപ്പോൾ വലിയ സൈനിക വ്യൂഹവുമായി കാഹളങ്ങളുടെ അകമ്പടിയോടെ ബൈത്തുൽ മുഖദ്ദസ്സിലേക്ക് പ്രകടന റാലി നടത്തിയിരുന്നു. ഈ ചരിത്ര നിമിഷത്തെ അനുസ്മരിക്കും വിധം റബീഉൽ അവ്വൽ 12 ന് പലസ്തീൻ ജനത ബാന്റുകളും മറ്റും ഉപയോഗിച്ച് വലിയ അലങ്കാരത്തോട് കൂടി ഘോഷയാത്ര സംഘടിപ്പിക്കാറുണ്ട്. ഇതിന് العدة എന്ന് പറയപ്പെടും. നാബേൽസിൽ വലിയ ജനപിന്തുണയോടെ കൂടെ റബീഅ് പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഫലസ്തീനിലെ തെരുവുകളും കെട്ടിടങ്ങളും റബീഇനെ വരവേൽക്കാനായി പ്രത്യേകം അലങ്കാരങ്ങൾ സ്വീകരിക്കാറുണ്ട്. ജാഥകളും മധുരവിതരണവും ഒക്കെ റബീഇനെ പുൽകുന്നതിന്റെ ഭാഗമാണ്. كنافة എന്ന വിഭവവും ഇവിടുത്തെ സവിശേഷതയാണ്.

കിരാതരായ സാമ്രാജത്വ ശക്തികൾ പലസ്തീനിനെ ക്രൂരമായി പിടിച്ചെടുക്കുകയും സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരുടെ രക്തം ചിന്തുകയും ചെയ്ത ദാരുണമായ സാഹചര്യത്തിലും പലസ്തീൻ ജനത അവരുടെ ദുർബലതകൾക്കും അവശതകൾക്കുമിടയിലും പ്രവാചക അനുരാഗം പ്രകടമാക്കാൻ മറന്നിട്ടില്ല എന്നത് തന്നെയാണ് അവരുടെ അത്യന്തികമായ ഈമാനികാവേശത്തിന്റെ സാക്ഷ്യപത്രം. പാവപ്പെട്ട പലസ്തീൻ ജനത അവരുടെ ക്യാമ്പുകളിൽ ഒരുമിച്ചു കൂടി മദ്ഹ് പാടുന്ന കരളലിയിപ്പിക്കുന്ന ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്.
ലിബിയ, ഇറാഖ്, സിറിയ
ലിബിയയിൽ റബീഇനെ വരവേൽക്കാനായി അലങ്കാരവിളക്കുകൾ സ്ഥാപിക്കാറുണ്ട്. പാട്ടുകളുടെ അകമ്പടിയോടുകൂടെ തെരുവുകളൊക്കെ റബീഇന് സജ്ജമാവും. തീക്ക് ചുറ്റുമിരുന്ന് മദ്ഹ് പറഞ്ഞും ഭക്ഷണങ്ങൾ വിതരണം ചെയ്തും റബീഇനെ സജീവമാക്കും. ഇറാഖിൽ മെഴുകുതിരികൾ കത്തിച്ചും നശീദകൾ പാടിയും ഹൽവ വിതരണം ചെയ്തും റബീഇനെ സുന്ദരമാക്കും. സിറിയയിൽ ദിക്റിന്റെയും മദ്ഹിന്റെയും സദസ്സുകൾ വ്യാപകമാവും. കുട്ടികൾക്ക് പുതിയ വസ്ത്രം വാങ്ങുന്ന പതിവും സിറിയയിലുണ്ട്. റോഡുകൾ ലൈറ്റുകൾ കൊണ്ടും പതാകകൾ കൊണ്ടും അനുകരിക്കും. ഖുർആൻ പരായണം വർധിക്കും. മധുര പലഹാരങ്ങൾ വിതരണം ചെയ്യും
നൈജീരിയ, ഇന്ത്യോനേഷ്യ
നൈജീരിയയിൽ ഏറ്റവും കൂടുതൽ ജനങ്ങൾ ഒരുമിച്ചുകൂടുന്നത് റബീഉൽ അവ്വൽ 12 നാണ്. കടുന, ബൗച്ചി, കാനോ, മൈദുഗുരി എന്നീ പ്രദേശങ്ങളിൽ മൂന്നു മുതൽ നാലു കിലോമീറ്റർ വരെ ദൈർഘ്യത്തിൽ ജനങ്ങൾ ഒരുമിച്ചു കൂടും.
കക്ഷി രാഷ്ട്ര ഭേദ്യമന്യേ സംഘടിപ്പിക്കപ്പെടുന്ന ഇത്തരം സദസ്സുകളിൽ പ്രധാനമായും
തീജാനി ദിക്റുകളാണ് ചൊല്ലുക. പ്രത്യേക മൗലിദുകളും ഉണ്ടാവും.
ആഫ്രിക്കൻ കിതാബുകൾ വായിച്ച് അർഥം പറഞ്ഞു കൊടുക്കുന്ന രീതിയുമുണ്ട്. സൂഫി സ്വാധീനമുള്ള നൈജീരിയൻ വിശ്വാസികളെ സംബന്ധിച്ചിടത്തോളം റബീഉൽ അവ്വൽ 12 ദുആഇന് ഇജാബത്തുള്ള ദിവസമാണ്. അന്ന് പ്രത്യേക ഔറാദുകളും ഉണ്ടാവും.
ദീർഘനേരം നീണ്ടു നിൽക്കുന്ന പ്രസംഗങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരം സദസ്സുകളിൽ പൊതുവേ ഭക്ഷണ വിതരണം ഉണ്ടാവാറില്ല.
ഖാദിരിയ്യ വിഭാഗം അവർ തന്നെ രചിച്ച കവിതകൾ ദഫ് അർബന എന്നിവയോട് കൂടെ ആലപിക്കാറുണ്ട്. റസൂലിന്റെ ജന്മ സമയമായ സുബഹിയോട് അടുത്ത സമയത്ത് ശാന്തമായി നിസ്കരിച്ചു ദുആ ചെയ്യുന്ന പതിവുണ്ട്. പിറ്റേന്ന് രാവിലെ ഭരണാധികാരികളും മന്ത്രിമാരും അണിനിരക്കുന്ന വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ഔദ്യോഗിക ജാഥയും ഉണ്ടാവും. ഇത്തരം ജാഥകളിൽ നൈജീരിയൻ രാജാക്കന്മാരും കൊട്ടാരത്തിലെ പ്രധാന സ്ഥാനം വഹിക്കുന്നവരും കുതിരപ്പുറത്ത് എഴുന്നള്ളും. റസൂലിന് പേര് നൽകിയ ദിവസം പേരിടൽ ചടങ്ങന്നെ പേരിൽ പ്രത്യേക ആഘോഷവും നൈജീരിയൻ സംസ്കാരികതയുടെ ഭാഗമാണ്. ഇന്ത്യോനേഷ്യ പല സംസ്കാരങ്ങളുടെയും സങ്കരമാണ്. അവരുടെ മതാചാരങ്ങളിൽ ഈ സംസ്കാരങ്ങളുടെ സ്വാധീനം കാണാം. ഹബബ് ഇദ്രുസ് ഐദ്രൂസി നേതൃത്വം നൽകുന്ന മൗലദുൽ അക്ബർ ഇന്ത്യനേഷ്യയുടെ സവിശേഷതയാണ്.
ഇന്ത്യോനേഷ്യൻ ഭാഷയായ ബഹാസയിൽ ജമൂറോ (Jamuro) എന്നാണ് ആണുങ്ങൾ മാത്രമുള്ള മൗലിദ് സദസ്സിനു പറയുക. സ്ത്രീകൾ മാത്രമുള്ള സദസ്സുകളാണ് ജമൂരി (Jamuri). ജമൂരിയുടെ സംഘാടകരും പ്രഭാഷകരും സ്ത്രീകൾ തന്നെയാണ്. പ്രകീർത്തന കാവ്യങ്ങൾക്ക് മാത്രമുള്ളതാണ് സ്വലവാത് (Sholawat) സദസ്സുകളും ഉണ്ട്. ഇത്തരം സദസ്സുകളിൽ ആലപിക്കപ്പെടുന്ന പാട്ടുകൾ തദ്ദേശീയ ഭാഷയായ ബഹാസയിലും അതുപോലെ അറബിയിലുമാണ്. സ്വലവാത് മജ്ലിസിൽ
ചിലങ്ക ഉപയോഗിച്ച ദഫ് ഉപയോഗിക്കാറുണ്ട്. ലൈറ്റിംഗ് സംവിധാനങ്ങളും കൊണ്ട് മജിലിസിനെ വർണാഭമാക്കും
ലാമു
കെനിയയിലെ പ്രസിദ്ധമായ ലാമൂ ദ്വീപിലെ മൗലിദ് ആഘോഷങ്ങൾ ആ ദ്വീപിന് മൗലിദിന്റെ ദ്വീപ് എന്ന് വിശേഷണം ചാർത്തി കൊടുക്കുന്നുണ്ട്.
കെനിയയിലെ ലാമു ദ്വീപിൽ തന്നെയുള്ള ലാമു ഓൾഡ് ടൗൺ, കെനിയയിലെ തുടർച്ചയായി ജനവാസമുള്ള ഏറ്റവും പഴയ പട്ടണമാണ്. 1370 ൽ സ്വാഹിലീ സെറ്റിൽമെൻറ്കളുടെ ഭാഗമായി സ്ഥാപിതമായ ലാമു പട്ടണം 700ലധികം വർഷമായി സംരക്ഷിച്ചു പോരുന്നു. 1963-ൽ കെനിയ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യമായതോടെ ലാമുവും കെനിയയുടെ ഭാഗമായ സ്വതന്ത്ര പ്രദേശമായി.
ആത്മീയപരമായി ലാമുവിന് ആഫ്രിക്കക്കാർക്കിടയിൽ ഇന്നത്തെ സ്ഥാനം ലഭിച്ചത്യെമനിലെ ഹദ്റമൗത്തിൽ നിന്നുള്ള പണ്ഡിതനും സൂഫി വര്യനുമായ ഹബീബ് സാലിഹ് ബിൻ അലവി ജലാൽ അൽ-ലൈലി ലാമൂവിലേക്ക് വന്നതിനുശേഷമാണ്. പ്രവാചകൻ (സ) യുടെ വംശപരമ്പരയിലേക്ക് എത്തിച്ചേരുന്ന മഹാനവർകളുടെ സാന്നിധ്യം ലാമുവിന്റെ ആത്മീയാന്തരീക്ഷത്തിന് ഊഷ്മളമായ പരിവർത്തനം നൽകി. അദ്ദേഹത്തിന്റെ പഴയ വീടിനോട് ചേർന്ന് നിർമിച്ച റിയാള പള്ളിയും ബോർഡിങ് സ്കൂളും അല്ലാഹുവിനെ കുറിച്ചുള്ള പഠനത്തിനും, ഇലാഹീ സ്മരണക്കുമുള്ള കേന്ദ്രമായി ഇന്നും നിലകൊള്ളുന്നു. ദ്വീപിലെ ഏറ്റവും പഴക്കം ചെന്ന പള്ളി പതിനാലാം നൂറ്റാണ്ടിൽ പണിത പവാനി മസ്ജിദാണ്. പവാനി മസ്ജിദ് അടക്കം ഇരുപത്തിമൂന്ന് പള്ളികളുണ്ട് ഇന്ന് ലാമുവിൽ.

ലാമുവിലെ മൗലിദ് ആഘോഷങ്ങൾക്ക് വേണ്ടി ആഫ്രിക്കയുടെ എല്ലാ ഭാഗത്തുനിന്നും സന്ദർശകർ വലിയ എണ്ണത്തിൽ ഒഴുകി എത്താറുണ്ട്. റബീഉൽ ആയി കഴിഞ്ഞാൽ ആഷിക്കിങ്ങൾക്ക് ആത്മീയനുഭൂതിയിൽ റസൂലിനെ പാടാനും പറയാനും അവിടുത്തേക്ക് അടുക്കാനുമുള്ള ശാന്ത സുന്ദരമായ പ്രദേശമായി ലാമു നിലനിൽക്കുന്നു.
തുടർച്ചയായി മൂന്നു ദിവസമാണ് ലാമുവിലെ മീലാദാഘോഷം. ഈ ആഘോഷങ്ങൾക്ക് വരുന്ന സന്ദർശകർ ലാമുവിനെ റെഡ് ക്രസൻറ് മെഡിക്കൽ ദൗത്യത്തെ പിന്തുണക്കാനായി ദ്വീപിലേക്ക് മരുന്നുകൾ കൊണ്ടുവരും. രക്തദാനത്തിൽ പങ്കാളികളാവുകയും ചെയ്യും. റസൂലിനോടുള്ള ഇശ്ഖ് ഉണർത്തുന്ന ഗാനങ്ങളും കവിതകളും ആലപിക്കുന്ന നിരവധി സദസ്സുകളിലൂടെയാണ് ലാമു റസൂലിലേക്ക് അടുക്കുന്നത്. അതിനുപുറമെ വിവിധതരം പരിപാടികളും നടക്കുന്നു. റബീഇനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന പായക്കപ്പൽ മത്സരവും ലാമുവിന്റെ സവിശേഷതകളിലൊന്നാണ്.
അവസാന ദിവസം ഉച്ചകഴിഞ്ഞ് കടൽത്തീരത്ത് ജനത്തിരക്കനുഭവപ്പെടും. ഓരോരുത്തരും അവരുടെ നഗരത്തെയോ രാജ്യത്തെയോ ഗ്രാമത്തെയോ പ്രതിനിധീകരിക്കുന്ന പതാകകളുമായി കടൽത്തീരത്ത് പോയി നൃത്തം ചെയ്യുന്ന ഒരുതരം വ്യത്യസ്ത ആഘോഷത്തിന്റെ ഭാഗമാണിത്. മീലാദിനോടനുബന്ധിച്ച് തങ്ങളുടെ ആത്മീയ ഗുരുവായ ഹബീബ് സാലിഹിന്റെ ഖബറിടത്തിലേക്ക് നയിക്കുന്ന ഘോഷയാത്രയും നടക്കുന്നു.
ഇന്ത്യയിലെ മീലാദുന്നബി
കേരളത്തിൽ പൊതുവേ മൗലിദ് പാരായണം, ഘോഷയാത്ര, അലങ്കാരപണികൾ, മദ്ഹ് കലാപരിപാടികൾ, അന്നദാനം തുടങ്ങിയ സൽകർമ്മങ്ങളിലൂടെയാണ് പ്രവാചകനു രാഗം റബീഉൽ അവ്വലിൽ പൂത്തുലയുന്നത്. എന്നാൽ ഇതിൽ തന്നെ പല വ്യത്യാസങ്ങളുമുണ്ടാവും. ചിലർ റബീഉൽ അവ്വലിൽ മുഴുവൻ ദിവസവും മൗലിദ് പാരായണം നടത്തുമ്പോൾ ചിലർ 12 വരെ ചുരുക്കുന്നു. അതിൽ തന്നെ വ്യാപകമായും മൻഖൂസ് മൗലിദാണെങ്കിലും മറ്റു മൗലിദുകൾ പാരായണം ചെയ്യുന്ന പതിവ് ചില സ്ഥലങ്ങളിലുണ്ട്. ദേശവ്യത്യാസങ്ങൾക്ക് അനുസരിച്ച് ഭക്ഷണ രീതികൾ പലതാകുമ്പോൾ നബിദിനവുമായി ബന്ധപ്പെട്ട അന്നദാനത്തിലും ഈ വ്യത്യാസം പ്രകടമാണ്. നാടിന്റെ ജനസംഖ്യാ വലിപ്പത്തെ പരിഗണിച്ച് നബിദിനം ആഴ്ചകൾ നീളുന്ന സ്ഥലവും ഒരു ദിവസത്തിൽ ഒതുങ്ങുന്ന സ്ഥലവും ഉണ്ട്. കേരളത്തിന്റെ പൊതുവായ രീതിയാണ് മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന് ഒരുക്കുക എന്നുള്ളത്. ഇത് റബീഉൽ അവ്വൽ 12ന് തന്നെ നടത്തണമെന്ന് ശാഠ്യം പൊതുവേ ഇല്ല. എന്നാൽ, 12ന് പ്രത്യേകമായ മൗലിദ് പാരായണം എല്ലാ മഹല്ലുകളിലും തകൃതിയായി നടക്കാറുണ്ട്. അധികവും 12ന് സുബഹിയോടടുപ്പിച്ച് റസൂലിന്റെ ജന്മസമയത്തെ പ്രത്യേകം പരിഗണിച്ച് ബൃഹത്തായ മൗലിദ് സദസ്സുകൾ പള്ളികൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കാറുണ്ട്.
കേരളത്തിന് പുറത്ത് സാംസ്കാരിക ഭാഷ വ്യത്യാസങ്ങൾക്ക് ഫലമായി പല രീതിയിലും മീലാദുന്നബി ആഘോഷിക്കപ്പെടുന്നു. നോർത്തിന്ത്യയിൽ ബറേൽവികൾ ആണ് നബിദിനം ആഘോഷിക്കാറുള്ളൂ. കാശ്മീരിലെ പ്രസിദ്ധമായ ഹസ്രത്ത് ബാൽ മസ്ജിദിൽ റബീഉൽ അവ്വലിന് തിരുകേശം പ്രത്യേകം പ്രദർശിപ്പിക്കുന്ന ആചാരം നിലനിൽക്കുന്നു. പ്രധാനപ്പെട്ട മുസ്ലിം സാംസ്കാരിക ഇടങ്ങളിലെല്ലാം റബീഉൽ അവ്വലിനെ വരവേൽക്കുന്ന ആരവങ്ങൾ ഇന്ത്യയുടെ പൊതുസ്വഭാവമാണ്.
ഹൈദരാബാദിൽ لا اله الا الله എന്ന് ആലേഖനം ചെയ്യപ്പെട്ട ഹരിത പതാകകൾ റബീഇനെ വരവേറ്റുകൊണ്ട് കെട്ടിടങ്ങളിലും വീടുകളിലും പള്ളികളിലും വാഹനങ്ങളിലും തദ്ദേശീയർ സ്ഥാപിക്കാറുണ്ട്. തക്ബീർ മുഴക്കി കൊണ്ടുള്ള കുട്ടികളുടെ സൈക്കിൾ റാലി ഹൈദരാബാദിന്റെ സവിശേഷതകളിൽ ഒന്നാണ്. വലിയ ബോക്സുകളിൽ ആയി വ്യത്യസ്ത സമയങ്ങളിൽ നഅ്ത്തുകൾ ആലപിക്കുകയും എല്ലാ ഗല്ലകളിലും ഭക്ഷണവിതരണവും ഹൈദരാബാദ്കാർ ചെയ്യാറുണ്ട്. ലക്ഷ്യ ദ്വീപിൽ പ്രത്യേക മൗലിദ് പാരായണവും നാടൊട്ടാകെ അലങ്കാര പണിയും മീലാദ് പ്രമാണിച്ചുണ്ടാവാറുണ്ട്.
മറ്റിതര രാഷ്ട്രങ്ങൾ
അറേബ്യൻ രാഷ്ട്രങ്ങളിൽ ഭരണ തലത്തിൽ നിന്ന് മീലാദ് ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും റസൂലിനെ അധികരിച്ചുള്ള സെമിനാറുകളും പഠന ക്ലാസുകളും സംഘടിപ്പിക്കപ്പെടാറുണ്ട്. റബീഉൽ അവ്വൽ പ്രമാണിച്ച് മക്കയിലെ ക്ലോക്ക് ടവർ ഹരിത വർണ്ണാഭമായ കാഴ്ച നയന മനോഹരമാണ്. യൂറോപ്യൻ രാഷ്ട്രങ്ങളിൽ തദ്ദേശീയരായ മുസ്ലിമീങ്ങൾ കൂട്ടം കൂടി അവരുടേതായ രീതിയിൽ മീലാദ് ആഘോഷങ്ങളിൽ ഏർപ്പെടാറുണ്ട്.ഇതിനുപുറമേ, മലേഷ്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ അവരുടേതായ സാംസ്കാരിക തനിമയിൽ മീലാദാഘോഷങ്ങൾ വ്യത്യസ്ത രീതിയിൽ കൊണ്ടാടപ്പെടുന്നുണ്ട്.
ചുരുക്കത്തിൽ, ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണ് റസൂൽ. അവിടുത്തെ പുണരാത്ത ഒരു ദിവസവും വിശ്വാസിക്കുണ്ടായിക്കൂടാ. അവിടുത്തെ ജന്മദിനത്തിന് പൂർണ്ണ വിശ്വാസികൾ ലോകത്തിന്റെ എവിടെയായാലും സന്തോഷം പ്രകടപ്പിക്കും. അതിന്റെ ഭാഷയിലും രൂപത്തിലും സാംസ്കാരികമായ വൈചാത്യങ്ങൾ നിലനിൽക്കുമെങ്കിലും അവകൾകൊക്കെ പിന്നിൽ ഒരോ ഒരു ലക്ഷ്യമെ ഉണ്ടാവൂ. ഹുബ്ബു റസൂൽ
Reference
https://www.middleeasteye.net/discover/palestine-jerusalem-mawlid-prophet-muhammad-birthday-commemorated-pictures https://www.middleeasteye.net/news/mawlid-al-nabi-celebrations-across-middle-east https://risalaupdate.com/story/indonesia-java-mouliduunnabi-meelad-prophet