മീലാദുന്നബി; ആഘോഷങ്ങളിലെ പ്രാമാണികത

തിരുമുസ്ത്വഫ (സ്വ)യോടുള്ള അവാച്യമായ പ്രണയം കൊണ്ട് ഇലാഹീ വിശ്വാസം സൗഗന്ധികമാക്കൽ നമ്മുടെ ആവശ്യമാണ്. ലോകാനുഗ്രഹിയും പ്രപഞ്ചസൃഷ്ടിപ്പിന്റെ ഹേതുകവുമായ പ്രേമഭാജനത്തിന്റെ പിറവി പ്രേമിയെ സംബന്ധിച്ച് വൈകാരികമാണ്. ഈ അനുരാഗത്തിന്റെ സ്വാഭാവിക പ്രതിഫലനമാണ് നബിജന്മദിനത്തിലെ പ്രകടനങ്ങൾ. പുണ്യനബി(സ്വ) യുടെ ഔന്നത്യത്തെ ആദരിക്കുക, തിരുജന്മത്തിന്റെ ആനന്ദം പ്രകടിപ്പിക്കുക, പ്രസ്തുത അനുഗ്രഹത്തിൽ റബ്ബിന് നന്ദി അർപ്പിക്കുക,അവിടുത്തെ മുഹിബ്ബുകളിൽ ഇടം നേടുക തുടങ്ങിയവയാണ് നബിദിനാഘോഷത്തിന്റെ പരമപ്രധാന ലക്ഷ്യം. പവിത്രതയാർന്ന സുദിനത്തിന്റെ ആദരവും സവിശേഷതയും ചോദ്യം ചെയ്യപ്പെടുന്ന കലുഷിത കാലത്ത് ആഘോഷത്തിന്റെ പ്രാമാണികതയും വിമുഖതയുടെ അനർഥതയും സമർഥന വിധേയമാക്കൽ കാലോചിതമാണ്.
സുന്നത്ത് – ബിദ്അത്ത് എന്ന അടിസ്ഥാനങ്ങളുടെ ആഖ്യാനത്തിൽ വന്ന വ്യതിരിക്തതയാണ് മീലാദുന്നബിയിൽ പ്രതികൂല ശബ്ദങ്ങൾ ഉയർന്നു വരാനുള്ള കാരണം. അതിനാൽ സുന്നത്തിന്റെ വിപുലാർഥങ്ങളും ബിദ്അത്തിന്റെ മാനദണ്ഡങ്ങളുമാണ് ഈ വിഷയത്തിലെ പ്രാഥമിക ചർച്ച.


ചര്യ, മാർഗം തുടങ്ങിയവയാണ് സുന്നത്തിന്റ ഭാഷാപരമായ വിവക്ഷ. മൂന്ന് സാങ്കേതികാടിസ്ഥാനത്തിൽ അതിന്റെ മതപരമായ നിർവചനം നിർദരിക്കപ്പെടാറുണ്ട്. തിരുനബിയുടെ വചനങ്ങളും പ്രവർത്തനങ്ങളും അംഗീകാരങ്ങളുമാണ് സുന്നത്തെന്നു പറയാം. പ്രവർത്തിച്ചാൽ പ്രതിഫലാർഹവും ഉപേക്ഷിച്ചാൽ ശിക്ഷാർഹവുമല്ലാത്ത പ്രവർത്തനങ്ങൾക്കും സുന്നത്തെന്നു പറയാം. ബിദ്അത്തിനെതിരായ അനുഷ്ഠാനങ്ങളെ സംബന്ധിച്ചും സുന്നത്തെന്നും പ്രസ്ഥാവിക്കാം. രണ്ടാം നിർവചനത്തിന്റെ കീഴിലും മൂന്നാം നിർവചനത്തിന്റെ കീഴിലും ഒരുമിച്ച് വരുന്നതിന്റെ പ്രധാന ഉദാഹരണമാണ് നബിദിനാഘോഷം. അതിനാലാണ് ബിദ്അത്ത് ഹസനത്തായ നബിദിനത്തെ സംബന്ധിച്ച് സുന്നത്തെന്നും പറയപ്പെടുന്നത്


മുൻമാതൃകയില്ലാത്ത കർമ്മങ്ങൾക്കഖിലവും ഭാഷാപരമായി ബിദ്അത്താണെങ്കിലും സാങ്കേതികമായി ബിദ്അത്തെന്ന് പരാമർശിക്കപ്പെടുന്നത് തിരുനബിയുടെ കാലത്തില്ലാത്തതോടൊപ്പം പ്രമാണവിരുദ്ധവുമായ ആചാരങ്ങൾക്കാണ്. അടിസ്ഥാനപരമായി ബിദ്അത്ത് നല്ലത്- അല്ലാത്തത് എന്ന് വിഭജിക്കുന്നതായി ഇമാം ശാഫി (റ)തന്നെ വിശദീകരിച്ചിട്ടുണ്ട്. വിശുദ്ധ ദീനിൽ കൊണ്ടുവരുന്ന നവീനാചാരങ്ങൾ തള്ളപ്പെടേണ്ടതാണെന്ന് തിരുനബി (സ്വ) പറഞ്ഞപ്പോൾ “അതിൽ ഉൾപെടാത്തത്” (മാ ലൈസ മിൻഹു) എന്ന ഉപാധി തിരുനബി (സ്വ) നൽകിയിട്ടുണ്ട്. നബിയുടെ കാലത്ത് ഇല്ലാത്തതെല്ലാം തള്ളപ്പെടേണ്ടതല്ലെന്നും ദീനിൽ പെടുന്ന കാര്യങ്ങളും അതിലുണ്ടെന്നും നബി (സ്വ) തന്നെ വ്യക്തമാക്കുകയാണിവിടെ.

നബിയുടെ കാലത്തില്ലാത്ത ഒട്ടനവധി കാര്യങ്ങൾ ഇന്ന് മതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നവരാണ് നബിദിനവിരോധികൾ ഉൾപ്പടെയുള്ള മുസ്‌ലിംകൾ. മുജാഹിദ് പ്രസ്ഥാനമെന്ന സംഘടന രൂപീകരിക്കാൻ നബി(സ)യുടെയോ നാല് ഖലീഫമാരുടെയോ ഉത്തമാനൂറ്റാണ്ടിലെ അഇമ്മത്തുകളുടെയോ മാതൃക നാം കണ്ടിട്ടില്ല. വിശുദ്ധ ഖുർആൻ ക്രോഡീകരിക്കപ്പെടുന്നത് സിദ്ദീഖ് (റ) ന്റെ കാലത്താണ്. തറാവീഹ് ഏകീകരിക്കപ്പെടുന്നത് ഉമർ (റ) ന്റെ കാലത്താണ്. ജുമുഅയ്ക്ക് രണ്ടാം ബാങ്ക് നിശ്ചയിക്കപ്പെടുന്നത് ഉസ്മാൻ (റ) ന്റെ കാലത്താണ്. ഇൽമുന്നഹ്‌വ് ക്രോഡീകരിക്കപ്പെടുന്നത് അലി (റ) വിന്റെ കാലത്താണ്. നാല് ഖലീഫമാരുടെ ഈ പ്രവർത്തനങ്ങൾ ദീനിന്റെ ഭാഗമായുള്ള ബിദ്അത്തുകളാണ്. പ്രാമാണികമായി അടിസ്ഥാനമുള്ളതു കൊണ്ടാണ് ഇവ മോശമായ ബിദ്അത്തിന്റെ ഗണത്തിൽ പെടാത്തത്. ഇത്തരത്തിൽ നബിദിനാഘോഷത്തിനും വിജ്ഞാനപടുക്കളായ ഇമാമുകൾ അടിസ്ഥാനം പറഞ്ഞിട്ടുണ്ട്. നബി(സ്വ) അനുഷ്ഠിക്കാത്ത യതീംഖാനകൾ ദീനിന്റെ ഭാഗമാവുന്നത് അടിസ്ഥാനം മതം പ്രോത്സാഹിപ്പിച്ച അനാഥ സംരക്ഷണമായത് കൊണ്ടാണ്. നബി(സ്വ) മാതൃക കാണിക്കാത്ത മദ്റസാ പ്രസ്ഥാനം ദീനിന്റെ ഭാഗമാവുന്നത് അടിസ്ഥാനം മതം പ്രോത്സാഹിപ്പിച്ച ജ്ഞാനാന്വേഷണമായത് കൊണ്ടാണ്. ഇന്ന് രൂപത്തിലുള്ള നബിദിനാഘോഷത്തിന് മുൻമാതൃകയില്ലെങ്കിലും അതിന്റെ അടിസ്ഥാനം ഇസ്‌ലാം പ്രോത്സാഹനം നൽകിയ പ്രവാചകപ്രണയവും പ്രകീർത്തനവുമാണ്.


തിരുനബി (സ്വ) യുടെ ഹദീസുകൾ മുൻനിർത്തിക്കൊണ്ടാണ് ഇമാമുകൾ നബിദിനാഘോഷത്തിന് അടിസ്ഥാനം വിവരിച്ചത്. ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി (റ) പറയുന്നു, “നബിദിനാഘോഷം എന്ന കർമ്മത്തിന് മുൻമാതൃകയില്ല, എങ്കിലും ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കർമ്മങ്ങൾ കൊണ്ട് വല്ലവനും ഇത് കൊണ്ടാടിയാൽ അത് ബിദ്അത്ത് ഹസനയിൽ ഉൾപ്പെടും. മൂസ (അ) ന് രക്ഷ ലഭിച്ചതിനാൽ വർഷം തികയുന്ന ദിനം നോമ്പ് കൊണ്ട് നന്ദി അർപ്പിക്കാൻ റസൂൽ (സ്വ) പഠിപ്പിക്കുന്നുണ്ട്. പ്രത്യേക ദിവസങ്ങളിലുണ്ടായ അനുഗ്രഹത്തിന് നന്ദി അർപ്പിക്കാമെന്നും വർഷത്തിൽ അത് ആവർത്തിക്കാമെന്നും ഈ ഹദീസ് പഠിപ്പിക്കുന്നുണ്ട്. ഈ ചരിത്രാടിസ്ഥാനത്തിൽ നബിദിനാഘോഷത്തിന് നിർണ്ണയ ദിവസം തന്നെ പരിഗണിക്കേണ്ടതാണ്. അല്ലെങ്കിൽ ആ മാസത്തിലെ ഏതെങ്കിലും ഒരു ദിവസമെങ്കിലും പരിഗണിക്കപ്പെടും.” ഇമാം ഇബ്നുൽ ഹാജ്‌ (റ) പറയുന്നു, തിങ്കളാഴ്ചയുടെ സുന്നത്ത് നോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ ഞാൻ ജന്മം കൊണ്ട ദിനം എന്നാണ് തിരുനബി (സ്വ) മറുപടി പറഞ്ഞത്. ഈ മറുപടി ഈ മാസത്തിന്റെ ശ്രേഷ്ഠതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. നബി (സ്വ ) പിറവിയെടുത്ത ദിവസത്തിന്റെ മഹത്വം ആ മാസത്തിന്റെ ശ്രേഷ്ഠതയും ഉൾക്കൊള്ളിക്കുന്നുണ്ട്.

ഇമാം സുയൂഥി (റ) പറയുന്നു, ഈ കർമ്മത്തിന് മറ്റൊരു അടിസ്ഥാനം കൂടി എനിക്ക് ലഭിച്ചിട്ടുണ്ട്. തിരുമേനിയുടെ പിതാമഹൻ അബ്ദുൽ മുത്വലിബ് അവിടുത്തെ ജന്മത്തിന്റെ ഏഴാം ദിവസം അഖീഖ അറുത്തിട്ടുണ്ട്. സാധാരണയിൽ അഖീഖ ആവർത്തിക്കപ്പെടാറില്ല. എന്നിട്ടും പ്രവാചകത്വത്തിന് ശേഷം തിരുനബി (സ്വ) വീണ്ടും അഖീഖ അറുത്തത് അവിടുത്തെ ജന്മത്തിന് റബ്ബിനോട് നന്ദി അർപ്പിക്കാനും അത് ഉമ്മതിനെ പഠിപ്പിക്കാനുമാണ്. അതിനാൽ അവിടുത്തെ ജന്മ ദിനത്തിൽ സന്തോഷം പ്രകടിപ്പിക്കലും ഭക്ഷണത്തിനും മറ്റും ഒരുമിച്ചു കൂടലും നമുക്കും സുന്നത്താണ്. ഇത്തരം തിരുവചനങ്ങളാണ് നബിദിനാഘോഷം എന്ന വിശുദ്ധ കർമ്മത്തിന്റെ പ്രമാണം. പരിശുദ്ധ ദീനുൽ ഇസ്‌ലാം നമുക്കെത്തിച്ചു നൽകിയ ഇമാമുകളാണ് ഇതെല്ലാം നിർദരിച്ചത്. ഇവർക്ക് പുറമെ ഇമാം അബൂശാമ (റ), ഹാഫിളുബ്‌നു നാസിറുദ്ദീന്‍ ദിമശ്ഖി, ഇമാം ഖസ്ത്ത്വല്ലാനി,ഇമാം ഇബ്‌നു ഹജര്‍ ഹൈതമി(റ), ഇമാം ശാഹ് അദ്ദഹ്‌ലവി തുടങ്ങിയവർ അവരിൽ പ്രമുഖരാണ്. ദീനിന്റെ മർമ്മമറിഞ്ഞ പണ്ഡിതലോകത്തിന് മനസ്സിലാവാത്ത സുന്നത്തും ബിദ്അത്തും ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട ചില ഉത്പതിഷ്ണുക്കൾക്ക് ഗ്രാഹ്യമായി എന്നത് കേവലവിശ്വാസി ഹൃദയങ്ങൾക്ക് പോലും ഉൾക്കൊള്ളൽ അസാധ്യമായ കാര്യമാണ്.

ഒട്ടനവധി ഹദീസുകൾക്ക് പുറമെ വിശുദ്ധ ഖുർആൻ സൂറത്തുയൂനുസിലെ 58ആം വചനവും മീലാദാഘോഷത്തിന് ശക്തി പകരുന്നുണ്ട്.”അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും റഹ്മത്ത് കൊണ്ടും നിങ്ങൾ സന്തോഷിക്കുക” എന്നാണ് അല്ലാഹു തആലയുടെ പ്രഖ്യാപനം. പ്രഥമവിഷയം ഈ ആയത്തിൽ പ്രസ്ഥാവിച്ച റഹ്മത്തിന്റെ വിവക്ഷയിൽ തിരുനബി ഉൾപ്പെട്ടോ ഇല്ലയോ എന്നതാണ്. തിരുനബി സർവ ലോകർക്കും റഹ്മത്താണെന്ന് വിശുദ്ധ ഖുർആൻ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ഖുർആൻ വ്യാഖ്യാതാക്കളുടെ നേതാവ് എന്നറിയപ്പെടുന്ന പ്രമുഖ സ്വഹാബി വര്യൻ ഇബ്നു അബ്ബാസ് തങ്ങളുടെ അഭിപ്രായവും സൂറത്തുയൂനുസിലെ റഹ്മത്തിന്റെ വിവക്ഷ തിരുനബി(സ്വ) ആണെന്നാണ്. ഖുർആൻ ഖുർആൻ കൊണ്ട് തന്നെ വ്യാഖ്യാനവിധേയമാക്കുക എന്നടിസ്ഥാനത്തിലും ഇബ്നു അബ്ബാസ് തങ്ങളുടെ തഫ്സീർ മുഖാന്തരവും സൂക്തത്തിന്റെ അർഥതലങ്ങൾ നിങ്ങൾ നബിയെകൊണ്ട് സന്തോഷിക്കുക എന്നാണ്. നബിയെകൊണ്ട് സന്തോഷിക്കണമെന്നാവുമ്പോൾ അതിൽ സുപ്രധാനം അവിടുത്തെ പിറവിയാണെന്നത് വിസ്മരിക്കാതെ വിലയിരുത്തിയാൽ ആത്മവിശ്വാസത്തോടെ മൗലിദ് കൊണ്ടാടാം.


പ്രസ്തുത ഖുർആൻ സൂക്തം വ്യാഖ്യാനിച്ചു കൊണ്ട് മുഫസ്സിരീങ്ങൾ നബിദിന പ്രമാണമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ചോദിക്കുന്നത് നബിദിനം സദാചാരമാണെന്ന് പ്രസ്ഥാവിച്ച ഇമാം അബൂഷാമ, ഇമാം ഇബ്നു ഹജർ അസ്ഖലാനി, ഇമാം സുയൂഥ്വി ഉൾപെടെയുള്ള അനവധി ഇമാമുമാരെ നിഷേധിക്കുന്നവരാണെന്നത് ഒരു വിരോധാഭാസമാണ്. ആരോപകർ ഇമാമുമാരെ സ്വീകരിക്കുന്നവരോ തിരസ്കരിക്കുന്നവരോ എന്നത് എന്നും അവ്യക്തമാണ്. നബി(സ്വ) യെകൊണ്ട് നിങ്ങൾ സന്തോഷിക്കുക എന്ന് ഖുർആൻ പ്രഖ്യാപിക്കുമ്പോൾ നബിയുടെ സർവ കാര്യങ്ങളും അതിലുൾപ്പെട്ടു എന്നത് വ്യക്തമാണ്. ജന്മദിനം മാത്രം പുറത്താണെങ്കിൽ യഥാർഥത്തിൽ തഫ്സീർ ആവശ്യമാവുന്നത് തഫ്സീർ അന്വേഷികർക്ക് തന്നെയാണ്. റഹ്മത്തിന് മറ്റുവാഖ്യാനങ്ങളുണ്ടെന്നത് ഈ വ്യാഖ്യാനത്തിന് എതിരല്ല. മറിച്ച്, ഒരുപാട് വ്യാഖ്യാനങ്ങൾ വിശുദ്ധ ഖുർആനിന്റെ അർഥതലങ്ങളിലെ പ്രവിശാലത വിളിച്ചോതുകയാണ് ചെയ്യുന്നത്.

പ്രസ്തുത ഖുർആൻ സൂക്തം സ്വഹാബത്ത്‌ ഗ്രഹിക്കാതെ പോയോ എന്ന ഒരു വിമർശനം ഇവിടെ നിലനിൽക്കുന്നുണ്ട്. ഖുർആനിന്റെ കല്പന തിരുനബിയെ കൊണ്ട് സന്തോഷിക്കാനാണ്. സ്വഹാബത്ത്‌ പ്രസ്തുത വാക്യം ദർശിക്കുകയും നബിയെ കൊണ്ട് സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. സ്വഹാബികളുടെ സന്തോഷപ്രകടനത്തിന്റെ രൂപം തന്നെ നമ്മളും സ്വീകരിക്കണം എന്ന നിയമമില്ല. ആ രൂപവും മറ്റു രീതികളും സ്വീകരിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ട്. ഇസ്‌ലാം കൃത്യമായി രൂപം പഠിപ്പിക്കപ്പെടാത്ത ആരാധനകൾ സർവ്വതും ഇങ്ങനെയാണ്. ളുഹർ അഞ്ചാക്കാൻ നമുക്ക് അവകാശമില്ല, പക്ഷെ ജനങ്ങളെ സഹായിക്കുക എന്നതിൽ ഏത് രൂപവും നമുക്ക് സ്വീകരിക്കാം. ഉദാഹരണത്തിന് “സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈലി വ സല്ലം” എന്ന സ്വലാത്ത് നമ്മളൊക്കയും ചൊല്ലാറുള്ളതാണ്. ഇതിനുള്ള പ്രമാണം സൂറത്ത് അഹ്‌സാബിലെ വിശ്വാസികളോടുള്ള അല്ലാഹുവിന്റെ സ്വലാത്തിനുള്ള കല്പനയാണ്. യഥാർഥത്തിൽ ഈ സ്വലാത്ത് നബിയോ സ്വഹാബത്തോ ചൊല്ലിയതല്ല. അതിനാൽ അവർ ഈ ആയത്ത് കണ്ടില്ലെന്ന് പറയാൻ സാധ്യമാണോ, കാരണം അവർ കാണുകയും നിരവധി സ്വലാത്തുകൾ ചൊല്ലുകയും ചെയ്തിട്ടുണ്ട്. അവർ ചൊല്ലിയ സ്വലാത്തുകളും അതല്ലാത്തതും നമുക്ക് ചൊല്ലാവുന്നതാണ്. തഥൈവയാണ് ഇവിടുത്തെ വിഷയവും. അവർ ആയത്ത് കാണുകയും സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ ഏറ്റവും വലിയ സന്തോഷം നബിയുടെ സാനിധ്യം തന്നെയായിരുന്നു എന്നതും പ്രധാനമായി മനസ്സിലാക്കേണ്ടതാണ്.
നബിയുടെ വഫാത്ത് റബീഉൽ അവ്വൽ പന്ത്രണ്ടായതിനാൽ വർഷാവർഷങ്ങളിൽ ദുഖചാരണം നടത്തണമെന്നത് ഇസ്‌ലാമിക പ്രമാണങ്ങൾ അറിഞ്ഞവർക്ക് വാദിക്കൽ അസാധ്യമാണ്. ഒരു വ്യക്തിയുടെ മരണകാരണത്താൽ മൂന്നുദിവസത്തിൽ കൂടുതൽ ദുഖചാരണം നടത്തൽ നിഷിദ്ധമാണെന്നതാണ് ശറഇന്റെ ഭാഷ്യം. ( തുഹ്ഫത്തുൽ മുഹ്താജ്). സന്തോഷം അങ്ങനെയല്ല. മൂസാ നബി (അ) രക്ഷപ്പെട്ടത് കൊണ്ട് ആശുറാ ദിനം സന്തോഷമുണ്ട്. ആദം നബി (അ)സൃഷ്ടിക്കപ്പെട്ടതിൽ വെള്ളിയാഴ്ചയും സന്തോഷമുണ്ട്. ഇതൊന്നുമല്ല ശരിയെങ്കിൽ പെരുന്നാൾ ദിവസം പിതാവ് മരണപ്പെട്ടാൽ എല്ലാ വർഷവും പെരുന്നാൾ ഉപേക്ഷിച്ച് കൊണ്ട് വഹാബി ദുഃഖിച്ചിരിക്കാൻ വിമർശകർ തയ്യാറാവുമോ. റബീഉൽ അവ്വലിൽ സന്തോഷിക്കുന്നത് നബിയുടെ ജനനത്തിന്റെ പേരിലാണ്. വഫാത്തിന്റെ പേരിലല്ല. കർമ്മങ്ങൾ ബന്ധപ്പെട്ടിരിക്കുന്നത് ഉദ്ദേശ്യ ശുദ്ധിയോടാണെന്ന അടിസ്ഥാന നിയമം ഇവിടെ ഗ്രഹിക്കണം.
നബിയുടെ ജനനം റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്നത് ഭിന്നത നിറഞ്ഞ കണക്കും

നബിയുടെ വഫാത്ത് റബീഉൽ അവ്വൽ പന്ത്രണ്ടാണെന്നത് അവിതർക്കിതമാം വിധം സ്ഥിരപ്പെട്ട കണക്കുമാണെന്ന വ്യാജം എല്ലാവർഷവും പ്രചരിക്കുന്നതാണ്.

നബിയുടെ ജനനം റബീഉൽ അവ്വൽ പന്ത്രണ്ട് ആണെന്നുള്ളത് അഭിപ്രായവ്യത്യാസങ്ങളിലെ പ്രസിദ്ധമായ അഭിപ്രായമാണ്. എന്നാൽ വഫാതും ഈ രൂപത്തിൽ പന്ത്രണ്ട് എന്നത് അവതർക്കിതമല്ല! വഫാത്തിന്റെ വിഷയത്തിലും പന്ത്രണ്ടിനാണെന്നും ഒന്നിനാണെന്നും പതിമൂന്നിനാണെന്നും രണ്ടിനാണെന്നുമെല്ലാം അഭിപ്രായമുണ്ട്. മാത്രമല്ല, പ്രസ്തുത വിഷയം അവിതർക്കിതമാണെങ്കിലും നബിദിനത്തെ ബാധിക്കുന്ന വിഷയമല്ല അതെന്നത് മറ്റൊരു വസ്തുതയാണ്.


ഇസ്‌ലാമിൽ രണ്ട് ആഘോഷങ്ങൾ മാത്രമായതിനാൽ നബിദിനം ഇസ്‌ലാമിലില്ല എന്ന വാദമുണ്ട്.
അടിസ്ഥാനപരമായിട്ടും പ്രത്യേക ആരാധന കർമ്മങ്ങൾ നിശ്ചയിച്ചതുമായ ആഘോഷങ്ങൾ ഇസ്‌ലാമിൽ രണ്ടെണ്ണം മാത്രമാണ്. മറിച്ച് ഇതര ആഘോഷങ്ങൾ ഇസ്‌ലാമിന് പുറത്താണെങ്കിൽ വിവാഹാഘോഷവും മറ്റും അനിസ്‌ലാമികമാകേണ്ടി വരും. വെള്ളിയാഴ്ച എന്നത് ഈദുൽ മുഅമിനീൻ ( വിശ്വാസികളുടെ പെരുന്നാൾ) ആണെന്നതും തിരുനബി മദീനയിൽ എത്തിച്ചേർന്ന ദിവസം സ്വഹാബത്തിന് ഈദായിരുന്നുവെന്നതും പ്രസ്തുത വാദത്തെ ഖണ്ഡിക്കുന്നുണ്ട്.

ചുരുക്കത്തിൽ, നബിദിനം വിശ്വാസിയുടെ വൈകാരിക ദിനമാണ്. ഈ ദിനം ധന്യമാക്കാൻ പ്രമാണങ്ങൾ ഉണർത്തുന്നുണ്ട്. മതത്തിന്റെ അടിസ്ഥാന ശിലകൾ തനിമയോടെ ഗ്രഹിച്ചവർക്ക് മീലാദുന്നബിയെ അനാചാരത്തിന്റെ പട്ടികയിൽ എണ്ണാൻ സാധിക്കില്ല.

Total
0
Shares
Previous Article

ക്ഷേമത്തിൻ്റെ ഇസ്‌ലാമിക നിർവചനം

Next Article

മീലാദുന്നബി ; ആഘോഷങ്ങളിലെ ദേശാന്തര വൈവിധ്യങ്ങള്‍

Total
0
Share