
പ്രവാചകത്വ ലബ്ദിയുടെ പതിമൂന്നാം വര്‍ഷത്തില്‍, തിരുനബി(സ്വ)യുടെ അമ്പത്തിമൂന്നാം വയസ്സിലാണ് മദീനയിലേക്കുള്ള ഹിജ്‌റ നടന്നത്. കേവലം ഒന്നു രണ്ടു ദിവസങ്ങളില്‍ തീരുമാനിച്ചുറപ്പിച്ചതായിരുന്നില്ല, ദീര്‍ഘ കാലത്തെ കഷ്ടപ്പാടുകള്‍ക്കും യാതനകള്‍ക്കും മുന്നൊരുക്കങ്ങള്‍ക്കുമൊടുവില്‍ ഇലാഹിയ്യായ നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹിജ്‌റ. ശിഅ്ബു അബീ ത്വാലിബില്‍ രണ്ട് സംവത്സരങ്ങളിലധികം നീണ്ടു നിന്ന ഉപരോധം, അതില്‍ പെട്ട് നിദ്രാവിഹീനരായിത്തീര്‍ന്ന സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ബലഹീനര്‍, ത്വാഇഫില്‍ അഭയം തേടാന്‍ ശ്രമിച്ചപ്പോള്‍ സ്വന്തം കുടുംബത്തില്‍ നിന്ന് പോലും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍, അബ്‌സീനിയയിലേക്ക് ഹിജ്‌റ പോവാന്‍ രണ്ടു ഘട്ടങ്ങളിലായി നടത്തിയ ശ്രമങ്ങളിലെ തിരിച്ചടികള്‍, മക്കാ മുശ്രിക്കീങ്ങളില്‍ നിന്ന് നിരന്തരം നേരിടേണ്ടി വന്ന കൊടിയ മര്‍ദനങ്ങള്‍ തുടങ്ങിയ കാരണങ്ങളെല്ലാം അവസാനം കൊണ്ടെത്തിച്ചത് മദീനയിലേക്കുള്ള ഹിജ്‌റയിലായിരുന്നു.
വര്‍ഷം തോറും ഹജ്ജ് സീസണില്‍ മക്കയിലണയുന്ന വിവിധ ദേശക്കാരുമായി സത്യദീനിന്റെ സന്ദേശം പങ്കുവെക്കാന്‍ തിരുനബി(സ്വ) ശ്രദ്ധിക്കാറുണ്ടായിരുന്നു. പ്രബോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയിരുന്ന ഇത്തരം സംഗമങ്ങള്‍ ഓരോ നാടിനേയും സംസ്‌കാരത്തേയും ജനങ്ങളേയും മനസ്സിലാക്കാനുള്ള വേദി കൂടിയായിരുന്നു. ആയിടക്കാണ് യസ്‌രിബില്‍ നിന്ന് വരുന്ന ആറു പേരെ മിനയില്‍ വെച്ച് കണ്ടു മുട്ടിയത്. സത്യസന്ദേശം വളരെ ഉത്സാഹത്തോടെ അവര്‍ ഉള്‍ക്കൊള്ളുകയും, ഇസ്‌ലാം ആശ്ലേഷിച്ച് തങ്ങളുടെ നാട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു. തിരുനബി(സ്വ)യില്‍ നിന്ന് പകര്‍ന്നെടുത്ത സത്യത്തെ സ്വന്തം നാട്ടില്‍ പരിചയപ്പെടുത്താനും അവര്‍ മറന്നില്ല. തല്‍ഫലമായി അടുത്ത ഹജ്ജ് സീസണില്‍ അഥവാ, പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വര്‍ഷം ഖസ്‌റജ് ഗോത്രത്തില്‍ നിന്ന് പത്തു പേരും ഔസ് ഗോത്രത്തില്‍ നിന്ന് രണ്ടു പേരുമടങ്ങുന്ന പന്ത്രണ്ടംഗ സംഘം മിനയുടെ പ്രാന്തപ്രദേശമായ അഖബയില്‍ വെച്ച് തിരുനബി(സ്വ)യുമായി സന്ധിച്ചു, ബൈഅത്ത് ചെയ്തു. ഇതായിരുന്നു ഒന്നാം അഖബ ഉടമ്പടി. അവര്‍ നാട്ടിലേക്ക് തിരിച്ച് പോവുമ്പോള്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്അബ് ബിന്‍ ഉമൈര്‍(റ)വിനെ കൂടെ അയച്ചു. അപ്രതീക്ഷിതമായ സ്വീകരണമായിരുന്നു വിശുദ്ധ ദീനിന് മദീനയില്‍ ലഭിച്ചത്. വിശുദ്ധ ഖുര്‍ആനും ഇതര മതവിജ്ഞാനീയങ്ങളും പഠിക്കാന്‍ അവര്‍ ഉത്സാഹം കാണിച്ചു. അറിഞ്ഞവരെല്ലാം ഇസ്‌ലാമിന്റെ ശാദ്വല തീരമണഞ്ഞു. അങ്ങനെ, തിരുനബി(സ്വ)യുടെ ആഗമനത്തിന് മുമ്പ് തന്നെ യസ്‌രിബിന്റെ മണ്ണ് ഇസ്‌ലാമിന് വളക്കൂറുള്ളതായിത്തീര്‍ന്നു.
ഒരു വര്‍ഷത്തിന് ശേഷം മുസ്അബു ബിന്‍ ഉമൈര്‍(റ) മക്കയില്‍ തിരിച്ചെത്തി. തന്നിലര്‍പ്പിതമായ കര്‍ത്തവ്യം തൃപ്തികരമായി പൂര്‍ത്തിയാക്കിയതിന്റെ നേര്‍സാക്ഷ്യമായി രണ്ട് സ്ത്രീകളടക്കം എഴുപത്തഞ്ച് അന്‍സാരികളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കം. അവരെല്ലാം തിരുനബി(സ്വ)യുമായി ബൈഅത്ത് ചെയ്തു. രണ്ടാം അഖബ ഉടമ്പടി എന്ന പേരില്‍ ചരിത്രത്തില്‍ പ്രസിദ്ധമായത് ഈ സംഭവമാണ്. ഉടമ്പടി കഴിഞ്ഞ് തിരിച്ചു നാട്ടിലേക്ക് പോവുന്നവരില്‍ നിന്ന് പ്രധാന ചുമതലക്കാരായി ഖസ്‌റജ് ഗോത്രത്തില്‍ നിന്ന് ഒമ്പതും, ഔസ് ഗോത്രത്തില്‍ നിന്ന് മൂന്ന് പേരേയും തിരഞ്ഞെടുത്തു, അവരുടെ നേതൃത്വത്തിലാണ് ഹിജ്‌റക്കാവശ്യമായ മുന്നൊരുക്കങ്ങളും മറ്റും മദീനയില്‍ നടത്തിയത്. രണ്ടാം അഖബ ഉടമ്പടി കഴിഞ്ഞതോടെ യസ്‌രിബിലെ സുരക്ഷിതത്വവും സാധ്യതകളും തിരിച്ചറിഞ്ഞ തിരുനബി(സ്വ), അല്ലാഹുവിന്റെ അനുമതിയോടെ ഹിജ്‌റ ആരംഭിക്കാന്‍ അനുചരന്മാര്‍ക്ക് നിര്‍ദേശം നല്‍കി. പീഢനങ്ങളുടെ കാഠിന്യത്തിനിടയില്‍ സമാശ്വാസമായിരുന്നെങ്കിലും അതിലേറെ വിഷമതകള്‍ നിറഞ്ഞതായിരുന്നു ഹിജ്‌റ. ജനിച്ചു വളര്‍ന്ന മണ്ണിനേയും നാട്ടുകാര്‍, കുടുംബങ്ങളേയും, ഭാര്യ സന്താനങ്ങളേയും, ഒരായുഷ്കാലം മുഴുവന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തിനേയും ഉപേക്ഷിച്ച്, കേട്ടുമാത്രമറിഞ്ഞ ദൂരെയുള്ളൊരു നാട്ടിലേക്ക് എന്ത് ധൈര്യത്തിലാണ് ഹിജ്‌റ പോവുക? എത്ര കാലം, എത്ര ദൂരം എന്ന് നിശ്ചയമില്ലാത്ത അനന്തതയിലേക്ക് അവരിറങ്ങിയത് പ്രവാചക കല്പന കൊണ്ടൊന്നു മാത്രമായിരുന്നു. പ്രവാചകനോടുള്ള അനുസരണയില്‍ ഈമാനിന്റെ മാധുര്യം അനുഭവിച്ചപ്പോള്‍ അവര്‍ ഹിജ്‌റ തിരഞ്ഞെടുക്കുകയായിരുന്നു എന്നതാണ് ശരി. അത് പിന്നീട് ഉന്നതമായ വിജയങ്ങളിലേക്ക് അവരെ കൊണ്ടെത്തിച്ചതാണ് ചരിത്രം.
അസാധാരണമാം വിധം മക്കക്കാര്‍ അപ്രത്യക്ഷമാവുന്നത് ശത്രുക്കളെ ആശ്ചര്യപ്പെടുത്തിയിരുന്നെങ്കിലും അവരത് കാര്യമായെടുത്തിരുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം ഓരോ വീട്ടില്‍ നിന്നും നിരവധി പേര്‍ മക്ക വിട്ടു കൊണ്ടിരുന്നു. കൂടിയിരുന്ന് തമാശകള്‍ പറഞ്ഞിരുന്നവരില്‍ പലരേയും കാണാതായി. അതോടെയാണ് കാര്യത്തിന്റെ ഗൗരവം അവര്‍ മനസ്സിലാക്കുന്നത്. അതിനെ തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് ഹിജ്‌റയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ഇതനുവദിച്ചു നല്‍കിയാല്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് മനസ്സിലായതോടെ തിരുനബി(സ്വ)യെ പിടികൂടി ഇല്ലാതാക്കാന്‍ അവര്‍ തീരുമാനമെടുത്തു. ഈ വിവരം ജിബ്‌രീല്‍(അ) മുഖേന അല്ലാഹു തിരുനബി(സ്വ)യെ അറിയിച്ചു, ഹിജ്‌റ പോവാന്‍ നിര്‍ദേശവും നല്‍കി.
അന്നു രാത്രി വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള പോരാളികള്‍ തിരുനബി(സ്വ)യുടെ വീട് വളഞ്ഞു. അപകടം മനസ്സിലാക്കിയ തിരുനബി(സ്വ) ഒരു പിടി മണ്ണ് വാരി സൂറത്തു യാസീനിലെ ആദ്യത്തെ ഒമ്പത് സൂക്തങ്ങള്‍ പാരായണം ചെയ്ത് അവരുടെ മുഖത്തേക്കെറിഞ്ഞു. അവരുടെ കണ്ണുകളില്‍ ഇരുട്ടു പരന്ന നേരം തന്റെ വിരിപ്പില്‍ കിടക്കാനും, മക്കയിലെ തന്റെ ബാധ്യതകള്‍ തീര്‍ക്കാനും അലി(റ)വിനെ ഏല്പിച്ച് തിരുനബി(സ്വ) സ്വന്തം വീടുവിട്ടറിങ്ങി. സഫര്‍ മാസം ഇരുപത്തി ഏഴിനായിരുന്നു ഇത്. അവിടുന്ന് നേരെ അബൂബക്ര്‍(റ)വിന്റെ വീട്ടിലെത്തി അദ്ദേഹത്തോട് കാര്യങ്ങളവതരിപ്പിക്കുകയും തന്റെ കൂടെ ഹിജ്‌റക്ക് പുറപ്പെടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തങ്ങളുടെ സഹയാത്രികനാവാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷാധിക്യത്താല്‍ അബൂബക്ര്‍ (റ)വിന്റെ കണ്ണുകള്‍ നിറഞ്ഞു.
സ്വന്തം നാടിനെ വിട്ടിറങ്ങുന്ന അഗാധമായ ദുഃഖഭാരത്തിലും അചഞ്ചലമായ വിശ്വാസം മുറുകെ പിടിച്ച് അവരിരുവരുംയസ്‌രിബിലേക്ക് പുറപ്പെട്ടു. ആ രാത്രി തന്നെ പ്രഥമ ലക്ഷ്യമായ സൌര്‍ ഗുഹയില്‍ അവര്‍ അഭയം തേടി. രണ്ടു പേര്‍ക്കുമുള്ള വെള്ളവും ഭക്ഷണവും എത്തിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുത്തത് അബൂബക്ര്‍(റ)വിന്റെ പുത്രന്‍ അബ്ദുല്ല, പുത്രി അസ്മാഅ്, ഭൃത്യന്‍ ആമിര്‍ എന്നിവരായിരുന്നു. ആവശ്യമുള്ളതെല്ലാം കൃത്യമായ മുന്‍കരുതലോടെ അവര്‍ എത്തിച്ചു നല്‍കി. നടന്നു പോയ കാല്‍പാടുകള്‍ കണ്ണില്‍ പെടാതിരിക്കാന്‍ അതിലൂടെ ഭൃത്യന്‍ ആമിര്‍ ആടുകളെ മേച്ചു കൊണ്ടു പോയതും, ഗുഹാ മുഖത്ത് ചിലന്തി വല കെട്ടിയതും പ്രാവ് മുട്ടയിട്ട് അടയിരുന്നതുമെല്ലാം മനുഷ്യരും ഇതര ജീവജാലങ്ങളും അന്ന് കാണിച്ച ജാഗ്രതയുടെ ഉത്തമ ഉദാഹരണമാണ്. ലോകം മുഴുവന്‍ അന്ന് രണ്ട് പേരിലേക്ക് ചുരുങ്ങി, തിരുനബി(സ്വ)യിലേക്കും അവിടുത്തെ കൂട്ടുകാരനിലേക്കും. പ്രഭാതം പുലര്‍ന്നതോടെയാണ് ശത്രുക്കള്‍ക്ക് അമളി മനസ്സിലായത്. തിരുനബി(സ്വ)യുടെ വിരിപ്പില്‍ നിന്ന് എഴുന്നേറ്റ് വന്നത് അലി(റ) ആയിരുന്നു. അതോടെ അവര്‍ക്ക് വാശിയേറി. പ്രതികാര ദാഹത്താല്‍ അവര്‍ നാലു പാടും ഓടി. കണ്ടെത്തുന്നവര്‍ക്ക് നൂറ് ഒട്ടകം ഇനാം പ്രഖ്യാപിച്ചു. സൗര്‍ ഗുഹയുടെ പരിസരത്തും അവരെത്തി. അബൂബക്ര്‍(റ)ന് നെഞ്ചിടിപ്പേറി, അദ്ദേഹത്തെ തിരുനബി(സ്വ) സമാധാനിപ്പിച്ചു. അല്ലാഹുവിന്റെ സഹായം പേമാരി പോലെ പെയ്തിറങ്ങി. മൂന്ന് ദിവസത്തിന് ശേഷം ശബ്ദകോലാഹലങ്ങള്‍ അടങ്ങിയതോടെ അവര്‍ ഗുഹ വിട്ടിറങ്ങി. സുരക്ഷക്ക് വേണ്ടി പതിവു വഴിയില്‍ നിന്ന് മാറി സ്വതവേ ഉപയോഗത്തിലില്ലാത്ത വഴി തിരഞ്ഞെടുത്ത് അവര്‍ യസ്‌രിബ് ലക്ഷ്യമാക്കി നീങ്ങി. അതിനിടയില്‍ ശത്രുപക്ഷത്തുള്ള സുറാഖ അവരെ കാണുകയും പിടികൂടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നെങ്കിലും അയാളുടെ ശ്രമങ്ങളെ അല്ലാഹു പരാജയപ്പെടുത്തുകയാണുണ്ടായത്.
സൌര്‍ ഗുഹയില്‍ നിന്ന് പന്ത്രണ്ട് ദിവസത്തെ യാത്രക്ക് പര്യാവസാനമായി, അങ്ങകലെ യസ്‌രിബിന്റെ ആഹ്ലാദാരവങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി. ദിവസങ്ങളായി അവര്‍ തിരുനബി(സ്വ) യെയും സന്തത സഹചാരിയേയും കാത്തിരിക്കുകയായിരുന്നു. അവരുടെ വരവ് പ്രതീക്ഷിച്ച് ദിനേന അവര്‍ വിദൂരതയിലേക്ക് നോക്കി നില്‍ക്കും, രാത്രിയോടെ മടങ്ങും, അത് വീണ്ടും ആവര്‍ത്തിക്കും. നുബുവ്വത്തിന്റെ പതിമൂന്നാം വര്‍ഷം റബീഉല്‍ അവല്‍ പന്ത്രണ്ടിന് പാല്‍നിലാ ചന്ദ്രന്റെ തെളിമയോടെ അവര്‍ പ്രതീക്ഷിച്ച അതിഥികളെത്തി. ദഫ് മുട്ടി ബൈത്ത് ചൊല്ലി സര്‍വാദരങ്ങളോടെയും യസ്‌രിബുകാര്‍ ഇരുവരേയും സ്വീകരിച്ചു. യസ്‌രിബിന്റെ ചരിത്ര നാള്‍വഴികളില്‍ മുമ്പെങ്ങുമില്ലാത്ത വിധം അവിടം പ്രകാശമാനമായി. വീടുകളിലും ഈടുവഴികളിലും ആഹ്ലാദം അലതല്ലി. ആകാശ ഭൂമികള്‍ പുഞ്ചിരി പൊഴിച്ചു. ഓരോരുത്തരും തങ്ങളുടെ വീട്ടിലേക്ക് ഇരുവരെയും അതിഥികളായി ക്ഷണിച്ചു. ഒട്ടകം മുട്ടുകുത്തുന്നിടത്ത് താമസിക്കാമെന്ന് തിരുനബി(സ്വ) അറിയിച്ചു. അബൂ അയ്യൂബുല്‍ അന്‍സാരി(റ)യുടെ വീടിനു മുന്നിലായിരുന്നു ഒട്ടകം മുട്ടു കുത്തിയത്. അവിടെ ഒരു പള്ളി നിര്‍മ്മിക്കാനും തീരുമാനിച്ചു, അതായിരുന്നു ഹിജ്‌റക്ക് ശേഷം തഖ്‌വയില്‍ അസ്ഥിവാരമിട്ട ആദ്യത്തെ പള്ളി. മസ്ജിദുല്‍ ഖുബാ. തിരുനബി (സ) യസ്‌രിബില്‍ എത്തിയതില്‍ പിന്നെ അവിടം മദീനതുറസൂല്‍ എന്ന പേരില്‍ പ്രസിദ്ധമായി. മദീന കേന്ദ്രീകരിച്ച് പിന്നീട് ഇസ്‌ലാമിക രാഷ്ട്രം രൂപപ്പെട്ടു വന്നു. പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം ലഭിച്ചു. ബദ്‌റും ഉഹ്ദുമടക്കം അനേകം പോരാട്ടങ്ങള്‍, മക്ക വിജയമടക്കമുള്ള സന്തോഷങ്ങള്‍ തുടങ്ങിയ അനേകം ചരിത്ര നിയോഗങ്ങള്‍ക്ക് പ്രവാചകകാലത്ത് തന്നെ മദീന സാക്ഷിയായി. ഭൂഖണ്ഡാന്തരങ്ങള്‍ കടന്ന്ഇസ്‌ലാമിന്റെ പതാക അഭിമാനത്തോടെ പാറിപ്പറക്കുമ്പോള്‍ പുണ്യനബി(സ്വ)യെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് പുഞ്ചിരിക്കുന്നുണ്ടാവണം ആ പുണ്യ നഗരം, ദാറുല്‍ ഹിജ്റ..