മീലാദുന്നബി ; ആഘോഷങ്ങളിലെ ദേശാന്തര വൈവിധ്യങ്ങള്‍

റസൂല്‍ (സ്വ) തങ്ങളിലൂടെയല്ലാതെ ഒരാള്‍ക്കും അല്ലാഹുവിലേക്ക് ചേരാന്‍ കഴിയില്ല. ആദം നബി മുതല്‍ സര്‍വ മനുഷ്യരും റസൂലിനെ അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. അതിനു സജ്ജമായ ഫിത്വ്‌റത്തിലാണവര്‍ സൃഷ്ടിക്കപ്പെട്ടതു തന്നെ. അല്ലാഹുവിന്റെ അമാനത്തായ ശരീഅത്തിന്റെ പൂര്‍ത്തീകരണം പ്രകടമാവുന്നത് ഖാത്തിമുന്നബിയിലൂടെയാണ്. അഥവാ അല്ലാഹു അംഗീകരിച്ച ജീവിത രീതിയുടെ പ്രതിഫലനമാണ് റസൂല്‍. അതുകൊണ്ടാണ് അവിടുത്തെ ജീവിതം ഖുര്‍ആനാവുന്നതും. ഈ രീതിയെ (ما جاء به الرسول) ശിരസ്സാവഹിച്ച് അനുധാവനം ചെയ്യലിലൂടെയാണ് മുസ്‌ലിമാവുക. അങ്ങനെ റസൂലിനോടുള്ള ഇശ്ഖ് തളിര്‍ക്കും. റസൂലിന് അല്ലാഹുവിനോടുള്ള പ്രണയത്തിന്റെ പ്രതിഫലനമാണ് ഈ ശരീഅത്ത്. സൃഷ്ടിക്ക് സ്രഷ്ടാവിനോടുള്ള പ്രണയം പ്രതിഫലിക്കുന്നതോ, റസൂലിനോടുള്ള പ്രണയത്തിലൂടെയും.
റസൂലില്ലാതെ മുഅ്മിനിന് നഫ്‌സ് തന്നെയില്ല (33:6) . النَّبِيُّ أَوْلَىٰ بِٱلْمُؤْمِنِينَ مِنْ أَنفُسِهِمْ
റസൂലിനെ റഹ്മത്ത് ആയി അവതരിപ്പിച്ച ശേഷം അതേ റഹ്മത്ത് കൊണ്ട് ആനന്ദിക്കാന്‍ ആഹ്വാനിക്കുന്നുണ്ട് ഖുര്‍ആന്‍. അല്ലാഹുവിന്റെ റഹ്മത്ത് نعمة ആണല്ലോ. നിഅ്മത്തുകള്‍ക്ക് നന്ദി ചെയ്യല്‍ നമ്മുടെ ബാധ്യതയാണ്. وَٱشْكُرُوا۟ نِعْمَتَ ٱللَّهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ . ഇബ്‌നു കസീര്‍ (റ) വിശദീകരിച്ചതു പോലെ ശുക്‌റ് നാവു കൊണ്ടും ഹൃദയം കൊണ്ടും പ്രവൃത്തി കൊണ്ടുമാവാം. നാവുകൊണ്ട് പാടിയും ഹൃദയംകൊണ്ട് പ്രണയിച്ചും തിരുചര്യയെ പ്രവര്‍ത്തിച്ചും ആ ശുക്‌റ്, അഹ് ലുസ്സുന്നത്ത് വെളിവാക്കും. അതിന് ദിവസങ്ങളുടെ പരിമിതികളില്ല. അതേസമയം, റസൂല്‍ ആഗതനായ റബീഉല്‍ അവ്വലില്‍ ആ ഇശ്ഖ് സ്വാഭാവികമായും വര്‍ധിക്കുകയും ചെയ്യും.

ഇസ്‌ലാമിലെ ഇബാദത്തുകളെല്ലാം രണ്ടുതരത്തിലാണ്. ചിലത് സമയവും രീതിയും കൃത്യമായി നിശ്ചയിക്കപ്പെട്ടവ. അവയില്‍ യാതൊരുവിധ മാറ്റങ്ങളും വരുത്താന്‍ ദീന്‍ അനുവദിക്കുന്നില്ല. ഉദാഹരണത്തിന് മഗ്‌രിബ് നാല് റക്അത്താക്കാന്‍ അനുവാദമില്ല. എന്നാല്‍ ഈ ഗണത്തില്‍ പെടുന്ന ഇബാദത്തില്‍ തന്നെ ചിലപ്പോള്‍ ദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ കാണാറുണ്ട്. ഒരുപക്ഷേ, അത് ആ നാടിന്റെ സാമ്പത്തികസ്ഥിതി, സാംസ്‌കാരിക പശ്ചാത്തലം, രാഷ്ട്രീയ പരിസ്ഥിതി എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും. ഉദാഹരണത്തിന് സാമ്പത്തികസ്ഥിതി മെച്ചപ്പെട്ട ഇടങ്ങളില്‍ ഉളുഹിയത്തിന്റെ അളവ് വര്‍ധിക്കും. ഹൈദരാബാദ് പോലുള്ള സ്ഥലങ്ങളില്‍ ഉളുഹിയത്ത് കര്‍മ്മത്തിന് വ്യാപകമായി ആടുകളെ ഉപയോഗിക്കുന്നത് അതിന്റെ രാഷ്ട്രീയ പരിസ്ഥിതിക്കനുസരിച്ചായിരിക്കാം. ഈ വ്യത്യാസങ്ങളൊന്നും ദീനിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് എതിരാവുന്നില്ലെങ്കില്‍ നിരാകരിക്കപ്പെടേണ്ടതില്ല.
ഇബാദത്തുകളില്‍ ചിലത് കൃത്യമായ സമയമോ രൂപമോ നിബന്ധന കല്പിക്കപ്പെടാത്തതാവാം. അവകള്‍ പലപ്പോഴും ഇബാദത്ത് ചെയ്യുന്ന ആളുകളുടെ സൗകര്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരിക്കാറുണ്ട്. അത്തരത്തില്‍, കൃത്യമായ സമയമോ രൂപമോ നിബന്ധന ഇല്ലാത്ത ഇബാദത്താണ് റസൂലിനോടുള്ള ഹുബ്ബിന്റെ പ്രകടനം. അതിന് പൊതുവായ ഒരു രൂപമില്ലെങ്കിലും എല്ലാത്തിന്റെയും പിന്നില്‍ പ്രവാചകനോടുള്ള അടങ്ങാത്ത ഹുബ്ബിന്റെ അനുരണനങ്ങളാണ്.

മീലാദുന്നബിയുടെ ചരിത്രം

റസൂലിന്റെ ജന്മദിനത്തിന് പ്രേത്യക മഹത്വം കല്പിച്ചത് റസൂല്‍ തന്നെയാണ്. റസൂല്‍ (സ്വ) തങ്ങള്‍ ജനിച്ച തിങ്കളാഴ്ചക്ക് തങ്ങള്‍ തന്നെ മഹത്വം നല്‍കിയതായി ഹദീസുണ്ട്. അന്ന് പ്രത്യേകം നോമ്പെടുക്കാന്‍ കാരണമായി അവിടുന്ന് പറഞ്ഞത് ഇപ്രകാരമാണ് فِيهِ وُلِدْتُ ‘ – ഞാന്‍ ജനിച്ച ദിവസമാണത്- (മുസ്‌ലിം 1162). പിന്നീട് കഴിഞ്ഞു പോയ ഒരോ ഖലീഫമാരും അവരുടെതായ രീതിയില്‍ ഇശ്ഖ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഔദ്യോഗികമായി നബിദിനത്തിന് രൂപം ലഭിച്ചത് ഈജിപ്തിലെ ഫാത്വിമിയ്യാക്കളുടെ കാലത്താണ്.

ഇബാദത്തുകളില്‍ പ്രത്യേക രൂപമില്ലാത്തവക്ക് പ്രമാണത്തിനുള്ളില്‍ നിന്നു തന്നെ ഒരു ചട്ടക്കൂട് നിര്‍മ്മിച്ചെടുക്കാമെന്ന് വ്യക്തമാണ്. അത് സാങ്കേതികമായി ബിദ്അത്ത് അല്ല. ഫാത്വിമിയ്യ് ഭരണാധികാരിയായ അല്‍ മുഇസ്സു ലി ദീനില്ലയാണ് ആദ്യമായി ഔദ്യോഗികമായി നബിദിനം ആഘോഷിച്ചത്. ഫാത്വിമിയ്യാക്കള്‍ക്ക് പ്രധാനപ്പെട്ട മറ്റു പല ആഘോഷങ്ങളും ഉണ്ടായിരുന്നു. ആശുറാഅ് ദിനം, മീലാദു അലി (റ), മീലാദുല്‍ ഹസന്‍ (റ), മീലാദുല്‍ ഹുസൈന്‍ (റ), മീലാദു ഫാത്വിമ (റ) തുടങ്ങിയവ അതില്‍ ചിലതാണ്.
മുഹമ്മദ് ഖാലിദ് സാബിത്ത് തന്റെ تاریخ الاحتفال بمولد النبي ومظاهره في العالم എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നതു പ്രകാരം സ്വലാഹുദ്ധീന്‍ അയ്യൂബിയുടെ കാലത്ത് ഇര്‍ബല്‍ രാജാവായ മുളഫര്‍ അബു സഈദാണ് (ഹിജ്‌റ 620 വഫാത്ത് ) ആദ്യമായി ഔദ്യോഗികമായി നബിദിനം ആഘോഷിച്ചത്. വലിയ വിരുന്നൊരുക്കിയും ദാനധര്‍മ്മങ്ങള്‍ ചെയ്തും റസൂലിനെ സ്‌നേഹിച്ച രാജാവിന്റെ കഥകള്‍ പ്രസിദ്ധമാണല്ലോ.

അല്‍ മുഇസ്സു ലി ദീനില്ലയുടെ കാലത്ത് രാഷ്ട്രതലത്തില്‍ നിന്നു തന്നെ എല്ലാവരും ചേര്‍ന്ന് റബീഇനെ പ്രത്യേകം വരവേറ്റു. റബീഉല്‍ അവ്വല്‍ ഒന്നു മുതല്‍ 12 വരെ വിശാലാര്‍ത്ഥത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഖലീഫയുടെ കല്‍പ്പന പ്രകാരം പക്ഷികളുടെ രൂപത്തിലും കുതിരകളുടെ രൂപത്തിലും തുടങ്ങി വ്യത്യസ്തമായ രൂപങ്ങളില്‍ ഹല്‍വ ഉണ്ടാക്കി പാവങ്ങളിലേക്ക് ധാരാളമായി വിതരണം ചെയ്തു. സൈന്യത്തെ ഉപയോഗപ്പെടുത്തി പതാകകളും കാഹളവുമായി വലിയ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. തനതായ സ്പഷ്ടമായ അറബിയിലെ ഖസ്വീദകളും മറ്റും പള്ളികള്‍ തോറും പരായണം ചെയ്യുന്ന പതിവും ഈജിപ്തിലുണ്ട്. മീലാദ് പ്രമാണിച്ച് പ്രത്യേകം തയ്യാറാക്കുന്ന خيم المولد എന്ന പേരില്‍ അറിയപ്പെടുന്ന ടെന്റും ഈജിപ്തിന്റെ പതിവാണ്. അതുപോലെ നബിയുടെ ജന്മദിനത്തിനായി തയ്യാറാക്കുന്ന അറൂസതുല്‍ മൗലിദും ഈജിപ്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ജീവനുള്ള വസ്തുക്കളുടെ രൂപമുണ്ടാക്കലിന് കര്‍മ്മശാസ്ത്രപരമായ സാധുത ഇല്ല. പക്ഷെ, ഈജിപ്തില്‍ നില നില്‍ക്കുന്ന ഒരു സാംസ്‌കാരിക രീതി പരിചയപ്പെടുത്തുന്നുവെന്ന് മാത്രം.

അറൂസതുല്‍ മൗലിദ്

ഈജിപ്തിൽ മീലാദാഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന അറൂസത്തുൽ മൗലിദ് എന്ന മധുര പലഹാരം
ഈജിപ്തിൽ മീലാദാഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന അറൂസത്തുൽ മൗലിദ് എന്ന മധുര പലഹാരം

പണ്ഡിതരില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും ഈ ആചാരം ഈജിപ്തിന്റെ ചില ഭാഗങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പഞ്ചസാര പൊതിഞ്ഞ നിലക്കടല, വെള്ളക്കടല, പരിപ്പ്, തേങ്ങ, എള്ള് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജനകീയമായ ഒരു മധുരപലഹാരമാണിത്.
മൗലിദിന്റെ മണവാട്ടി / മധുരമണവാട്ടി എന്നാണ് പദത്തിന്റെ ലക്ഷ്യം. പഞ്ചസാര കൊണ്ട് തന്നെ നിര്‍മ്മിച്ച കുതിരപ്പുറത്തുള്ള സുല്‍ത്താനാണ് മറ്റൊരു മധുരപാവ.

ഫാത്വിമിയ്യ് കാലഘട്ടത്തിലെ സംഭവ ബാഹുല്യമായ മൗലിദിന്റെ ബാക്കി പത്രങ്ങളാണിവ രണ്ടും. അക്കാലത്ത് ഒരു ഫാത്വിമീ ഭരണാധികാരി കൈറോയുടെ മധ്യത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യമാരില്‍ ഒരാള്‍ വെളുത്ത വസ്ത്രവും അലങ്കരിച്ച കിരീടവും ധരിച്ച് അദ്ദേഹത്തെ അനുഗമിച്ച് നടന്ന രംഗത്തെ മധുരപലഹാര നിര്‍മ്മാതാക്കള്‍ പിന്നീട് മധുരപാവകള്‍, കുതിരപ്പുറത്തുള്ള സുല്‍ത്താന്‍ എന്നീ രൂപങ്ങളാക്കി. പിന്നീട് ഇവ ആഘോഷത്തിന്റെ പ്രതീകമാവുകയും ചെയ്തു.

യമന്‍

യമനിലും വ്യത്യസ്ത രീതികളില്‍ മീലാദിനെ വരവേല്‍ക്കാറുണ്ട്. യമനില്‍ ഹൂതി പട്ടാളങ്ങള്‍ റബീഅ് പ്രമാണിച്ച് കടകളിലെ ഷട്ടറുകളെല്ലാം പച്ച നിറത്തിലാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഹൂതികള്‍ ശീആക്കളാണ്. അവര്‍ നബിദിനത്തെ അംഗീകരിക്കുന്നുണ്ട്. യമനിലെ സുന്നികള്‍ക്കിടയിലും വളരെ ആവേശത്തോടെ നബിദിനം ആഘോഷിക്കപ്പെടാറുണ്ട്. യമനിലെ തരീമില്‍ റബീഉല്‍ അവ്വലിന് വളരെ മുമ്പ് തന്നെ അതിനെ വരവേല്‍ക്കാന്‍ തരീം മൊത്തം സജ്ജമാവും. കൊടികള്‍, തോരണങ്ങള്‍, അലങ്കാര വിളക്കുകള്‍ തുടങ്ങിയവ തരീമിലെ തെരുവുകളെ ഇശ്ഖിലേക്ക് പറഞ്ഞയക്കും. പള്ളികള്‍ നിസ്‌കാര ശേഷം പണ്ഡിതന്മാരുടെ റബീഇനെ വരവേല്‍ക്കാനുള്ള നസ്വീഹ സദസ്സുകള്‍ കൊണ്ട് സമ്യദ്ധമാവും.

ശൈഖ് ഹബീബ് ഉമര്‍ ഹഫീള് രചിച്ച شراب الطهور എന്ന മൗലിദ് റബീഇന്റെ 30 ദിവസങ്ങളിലും പള്ളികളിലും ചെറിയ കൂട്ടങ്ങളായും ശൈഖിന്റെ മേല്‍നോട്ടത്തിലുള്ള ദാറുല്‍ മുസ്ത്വഫ സര്‍വകലാശാലയിലും ആലപിക്കും. എന്നിട്ട് അവസാന ദിവസം ശൈഖ് ഹബീബ് ഉമര്‍ തങ്ങളോടൊപ്പം അവരുടെ മക്തബയില്‍ വെച്ച് ഈ മൗലിദ് ചൊല്ലുന്ന രീതിയാണ് തരീമുകാരുടേത്. ശൈഖവറുകളുടെ സാന്നിദ്ധ്യത്തില്‍ ആശീഖീങ്ങള്‍ റസൂലിലേക്ക് ലയിച്ചു ചേരുന്ന മനോഹര കാഴ്ചക്ക് അദ്ദേഹത്തിന്റെ മക്തബ് സാക്ഷിയാവുന്നു. അദ്ദേഹം തന്നെ രചിച്ച الضياء اللامع എന്ന മൗലിദ് വ്യഴാഴ്ച്ചകളില്‍ പ്രത്യേകം പരായണം ചെയ്യാറുണ്ട്. മൗലിദുകള്‍ക്കിടയില്‍ ചായയും ഖഹ്വയും ചുണ്ടുകളില്‍ ആവേശം പകരാറുണ്ട്.

ദാറുല്‍ മുസ്ത്വഫയിലെ വിദ്യാര്‍ഥികള്‍ പരസ്പരം സീറകള്‍ വായിച്ച് (തഖാറുഅ്) റബീഇനെ ചലനാത്മകമാക്കുന്ന പതിവുണ്ട്. ശമാഇലുല്‍ മുഹമ്മദിയ്യയും സീറയുടെ മറ്റു ഗ്രന്ഥങ്ങളുമെല്ലാമാണ് ഇങ്ങനെ പാരായണം ചെയ്യപ്പെടാറുള്ളത്. ചെറു കൂട്ടങ്ങളായി ഒരാള്‍ ഉച്ചത്തില്‍ വായിച്ച് ചുറ്റുമുള്ളവര്‍ സാകൂതം ശ്രവിക്കുകയും ചെയ്യുന്നു. റബീഉല്‍ അവ്വല്‍ കഴിയുമ്പോഴേക്ക് ഒന്നോ അതിലധികമോ കിതാബുകള്‍ വായിച്ചു പൂര്‍ത്തിയാക്കുന്നു.

സുബ്ഹിക്ക് ശേഷം ശറഫല്‍ അനാം പാരായണം ചെയ്യുന്ന സദസ്സാണ്. ജന നിബിഡമായിരിക്കും ഇവകളെല്ലാം. മഹത് വ്യക്തിത്വങ്ങള്‍ നേതൃത്വം നല്‍കുന്ന മദ്ഹ് സദസ്സുകളാണിവ. ഇമാം അബ്ദുല്ലാഹ് അല്‍ അലവി അല്‍ ഹദ്ദാദ് (റ) വിന്റെ കുടുംബത്തിലെ പിന്‍തലമുറക്കാര്‍ ചില സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാറുണ്ട്. സദസ്സില്‍ പല സമയത്തും
صلو علي الحبيب ، صلو علي محمد
يا عاشق النبى صلو عليه ، البخيل لم يصل عليه എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ചു പറയും. ഉടനെ, സദസ്സൊന്നാകെ ഉറക്കെ സ്വലാത്ത് ചൊല്ലും. ഖഹ്വയുമായി വരുന്നവര്‍ ആദ്യം സദസ്സിന് നേതൃത്വം നല്‍കുന്നവരുടെ ഭാഗത്തേക്കും തുടര്‍ന്ന് വലതു ഭാഗത്തേക്ക് കൈമാറി അങ്ങനെ അവസാനം വരെ കൊടുത്തു പോകുന്നു. ഖഹ്വ നല്‍കുന്നവരും صلو علي الحبيب എന്നിങ്ങനെ സ്വലാത്ത് ചൊല്ലാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കും.

തുര്‍ക്കി

തുര്‍ക്കിയില്‍ നബിദിനത്തിന് പകരം മൗലിദ് വാരങ്ങള്‍ അഥവാ (Mevlid Haftasi) ആണ് ഉണ്ടാവുക. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു തീമില്‍ സര്‍ക്കാറിന്റെ തന്നെ പിന്തുണയോടെയായിരിക്കും മൗലിദ് വാരങ്ങള്‍ ആഘോഷിക്കുക.
നബിദിന രാവില്‍ (Mevlid-Kandili) വാങ്കിന് മുന്നേ തന്നെ പളളികളില്‍ നിന്ന് സ്വലാത്ത് ഉച്ചത്തില്‍ ചൊല്ലുന്ന രീതിയുണ്ട്. ഫാതിഹ് മസ്ജിദ്, സുലൈമാനിയെ മസ്ജിദ്, ചാംലിച മസ്ജിദ് തുടങ്ങിയ
പ്രധാന പള്ളികള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഇവ തത്സമയം സംപ്രേഷണം ചെയ്യപ്പെടുകയും ചെയ്യും.

തുര്‍ക്കിയിലെ പല പ്രധാന സ്‌ക്വയറുകളിലും പ്രത്യേക ആലങ്കാരങ്ങള്‍ ഉണ്ടാവും. ഇസ്താംബൂളിലെ സെയ്റ്റിന്‍ ബര്‍നു സ്‌ക്വയര്‍ ഇത്തരത്തില്‍ പ്രസിദ്ധമാണ്. ഇവിടെ റബീഅ് പ്രമാണിച്ച് ഡിസ്‌കൗണ്ട് ചന്തകള്‍ ഉണ്ടാവും. റബീഇന് ധാരാളമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതാണ് മറ്റൊരു ആചാരം. റബീഅ് ആഗതമായാല്‍ പരസ്പരം സന്തോഷവും ആശംസയും അറിയിക്കുന്ന രീതിയും തുര്‍ക്കിയില്‍ കാണാം. മീലാദിന്റെ അന്ന് നോമ്പ് എടുക്കുന്നവര്‍ പോലും ഉണ്ട്. ബക്ലാവയും ഐറനും മറ്റ് വിശിഷ്ട വിഭവങ്ങള്‍ കൊണ്ടും തുര്‍ക്കി റബീഇനെ സ്വാഗതം ചെയ്യുന്നു.

മീലാദ് പ്രമാണിച്ച് അലങ്കരിച്ച തുർക്കിയിലെ മസ്ജിദ്
മീലാദ് പ്രമാണിച്ച് അലങ്കരിച്ച തുർക്കിയിലെ മസ്ജിദ്

മഗ്‌രിബ്ന് ശേഷമുള്ള മൗലിദ് സദസ്സുകളില്‍ ഒട്ടോമന്‍ ടര്‍കിഷിലുള്ള അഥവാ പഴയ ടര്‍ക്കിഷില്‍ സുലൈമാന്‍ ചെലബിയുടെ വസീലതുന്നജാത് ഖസീദ എന്ന മൗലിദ് പാരായണം ചെയ്യപ്പെടുന്നു. മൗലാന ജലാലുദ്ദീന്‍ റൂമി (റ) യുടെ മസ്നവിയില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട നബി കീര്‍ത്തനങ്ങള്‍, ഖസീദത്തുല്‍ ബുര്‍ദ എന്നിവയും ആലപിക്കപ്പെടാറുണ്ട്. ഇശാഇന് ശേഷം സീറകള്‍ കേള്‍ക്കാന്‍ ആളുകള്‍ കാത്തു നില്‍ക്കും. സീറകള്‍ വിവരിക്കുന്ന ചെറു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച് വിതരണം ചെയ്യപ്പെടാറുമുണ്ട്.

(തുടരും..)

റഫറൻസ് : https://www.rushd.in/meelad-celebrations-of-turkey/https://www.middleeasteye.net/news/mawlid-al-nabi-celebrations-across-middle-east

Total
0
Shares
Previous Article

മീലാദുന്നബി; ആഘോഷങ്ങളിലെ പ്രാമാണികത

Next Article

മീലാദുന്നബി; ആഘോഷങ്ങളിലെ ദേശാന്തര വൈവിധ്യങ്ങൾ - 02

Total
0
Share