ഖുർആൻ പൂർണമായും ശാസ്ത്രജ്ഞാനങ്ങളുമായി ഒത്തുപോകുന്നു എന്നതിനർഥം സകല ശാസ്ത്രീയ കണ്ടെത്തലുകളും കൃത്യമായും സ്പഷ്ടമായും ഖുർആൻ പ്രതിപാദിക്കുന്നുണ്ട് എന്ന മൂഢമായ പരികൽപനയല്ല. ഇവിടെ വസ്തുതകളെയും അവയിലടങ്ങിയ വ്യക്തവും ഹൃദ്യവുമായ യുക്തിയെയും ഒരൽപം അവധാനതയോടെ മനസ്സിലാക്കേണ്ടതുണ്ട്. ചിലർ സോദ്ദേശ്യമായും പലരും ദുരുദ്ദേശ്യമായും കാലിടറിപോവുകയോ പിടഞ്ഞു പോവുകയോ ചെയ്യുന്ന മേഖലയാണിത്.
ഖുർആൻ എല്ലാ ശാസ്ത്രീയ സത്യങ്ങളെയും കൃത്യമായി വെളിപ്പെടുത്തുന്നുണ്ടോ? അഥവാ, നിരന്തരമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ, ചിലപ്പോൾ തലമുറകളുടെ തന്നെ കഠിന യത്നത്തിലൂടെ ഒട്ടേറെ മനുഷ്യോർജവും പ്രകൃതിവിഭവങ്ങളും ചിലവഴിച്ചു ശാസ്ത്രലോകം കണ്ടെത്തുന്ന ‘പരമ യാഥാർഥ്യങ്ങൾ’ വിശുദ്ധ ഖുർആൻ അങ്ങനെതന്നെ പച്ചയായി പറയുന്നുണ്ടോ? ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് അവ കണ്ടെത്താൻ മനുഷ്യൻ ഇത്രമേൽ കഷ്ടപ്പെടുന്നത്? ഖുർആൻ തുറന്ന് വച്ച് ശാസ്ത്രസത്യങ്ങൾ വിളംബരം ചെയ്താൽ പോരെ?! സത്യത്തിൽ ശാസ്ത്രലോകം ഏറെ പഠനങ്ങൾക്കും നിരീക്ഷണ പരീക്ഷണങ്ങൾക്കുമൊടുവിൽ ഒരു സിദ്ധാന്തമോ നിഗമനമോ പുതിയ കണ്ടെത്തലോ രൂപപ്പെടുത്തി പ്രസിദ്ധീകരിച്ചതിനു ശേഷം മാത്രം ‘അതൊക്കെ ഞമ്മന്റെ പുത്തകത്തിലുണ്ട്’ എന്നു വിളിച്ചു പറയുന്നത് കുറഞ്ഞപക്ഷം അപഹാസ്യമല്ലേ? ഇത് ഖുർആൻ വിമർശകരുടെ ഒരു പതിവ് ചോദ്യമാണ്.
ഖുർആൻ ഒരു ശാസ്ത്ര ഗ്രന്ഥമല്ല, അഥവാ, ശാസ്ത്രീയ സത്യങ്ങളത്രയും പഠിപ്പിക്കാൻ വേണ്ടി അവതരിപ്പിക്കപ്പെട്ട ശാസ്ത്ര പുസ്തകമല്ല. പ്രത്യുത, മനുഷ്യന്റെ ധാർമിക ജീവിതം ചിട്ടപ്പെടുത്താനും സൃഷ്ടിയെ സ്രഷ്ടാവുമായി ബന്ധിപ്പിക്കാനുമുള്ള ഗ്രന്ഥമാണന്നുമുള്ള പതിവു മറുപടി ഇവിടെ അപൂർണമാണ്. എന്തുകൊണ്ട് പരിശുദ്ധ ഖുർആൻ ശാസ്ത്രീയ സത്യങ്ങൾ പൂർണാർഥത്തിൽ പഠിപ്പിക്കുന്നില്ല? അഥവാ, ഭൗതികപ്രതിഭാസങ്ങൾ ഒട്ടും വിവരിക്കാതെ അദ്ധ്യാത്മിക വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുന്നില്ല? എന്നീ ചോദ്യങ്ങൾക്ക് കൂടി ഉത്തരം പറയുമ്പോഴേ സമസ്യ പൂരിതമാവുകയുള്ളൂ. ചില ഉത്തരങ്ങൾ താഴെ കൊടുക്കുന്നു.
1- അല്ലാഹു ആദിമ മനുഷ്യനെ – ആദമിനെ(അ) – മനുഷ്യവർഗത്തെ സൃഷ്ടിക്കുന്നതിനു മലക്കുകളെ ബോധ്യപ്പെടുത്തിയ ന്യായം നേരത്തെ സൂചിപ്പിക്കപ്പെട്ട ജ്ഞാനതൃഷ്ണ തന്നെയാണ്. തദ് വിഷയകമായി അല്ലാഹുവിന്റെയും മലക്കുകളുടെയും സംഭാഷണം ഖുർആൻ പലവുരു പലയിടത്തായി പറയുന്നുണ്ട്. “ഞാൻ ഭൂമിയിൽ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണ് എന്ന് അങ്ങയുടെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം, അവർ പ്രതികരിച്ചു: ‘അവിടെ കുഴപ്പമുണ്ടാക്കുകയും ചോര ചിന്തുകയും ചെയ്യുന്നവരെയാണോ നിശ്ചയിക്കുന്നത്? ഞങ്ങൾ നിന്റെ മഹത്വം പ്രകീർത്തിക്കുകയും വിശുദ്ധി വാഴ്ത്തുകയും ചെയ്യുന്നവരായി ഉണ്ടല്ലോ!’ അല്ലാഹു പറഞ്ഞു: “നിങ്ങൾക്ക് അറിയാത്തത് എനിക്ക് അറിയാം” (അൽ ബഖറ: 30).
ഇവിടെ, ഭൂമിയിൽ കുഴപ്പങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഒരു വർഗത്തെ പടക്കുന്നതിലെ യുക്തി അന്വേഷിക്കുന്ന മലക്കുകളോട് ‘നിങ്ങൾക്കറിയാത്തത് ഞാനറിയുന്നു’ എന്ന് വാചികമായി മറുപടികൊടുക്കുന്ന അല്ലാഹു, മലക്കുകളെ കൊണ്ട് പോലും ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ജ്ഞാനസമ്പാദനരീതിയും നൽകപ്പെട്ട അറിവുകളിൽ നിന്ന് പുതുനാമ്പുകൾ വളർത്തിയെടുക്കുന്ന ജ്ഞാന തൃഷ്ണയും മനുഷ്യ വർഗത്തിനു സ്വന്തമാണെന്ന യാഥാർഥ്യം പ്രായോഗികമായും കാണിച്ചു കൊടുക്കുന്നു. ആദമിനു അല്ലാഹു പഠിപ്പിച്ചു കൊടുത്ത വസ്തു സംജ്ഞകളെ പറ്റി മലക്കുകളോട് പേരു പറയാൻ ആവശ്യപ്പെടുമ്പോൾ, അവരുടെ മറുപടി “നീയെത്ര പരിശുദ്ധൻ നീ പഠിപ്പിച്ചതല്ലാതെ ഞങ്ങൾക്കറിയില്ലല്ലോ” എന്നാകുന്നത് തികച്ചും സ്വാഭാവികം! എന്നാൽ ആദമി(അ)നോട് ഇതേ ആവശ്യം ഉന്നയിക്കപ്പെടുകയും അവിടുന്ന് കൃത്യമായി അവിടുത്തേക്ക് അല്ലാഹു പഠിപ്പിച്ച സംജ്ഞകൾ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നതിലൂടെ അറിവിന്റെ വികാസവും കാര്യകാരണസഹിതമായ പ്രയോഗവും മനുഷ്യരിലൂടെയാണ് നിർവഹിക്കപ്പെടുക എന്ന് ബോധ്യപ്പെടുത്തുകയാണല്ലോ അല്ലാഹു ചെയ്യുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, നൽകപ്പെട്ട അറിവുകളിൽ നിന്ന് പുതിയവ കണ്ടെത്താനും, നിരീക്ഷണ പരീക്ഷണങ്ങളിലൂടെയും, ഗണന – മനനങ്ങളിലൂടെയും അറിവിന്റെ പുതിയ പാളികൾ തള്ളിത്തുറക്കാനുമാണ് മനുഷ്യനെ ഭൂമിയിൽ അല്ലാഹു നിയോഗിച്ചത്. ‘ഉമ്മമാരുടെ ഗർഭപാത്രങ്ങളിൽ നിന്ന് ഒന്നുമേ അറി യാത്തവരായി നിങ്ങളെ പുറപ്പെടീക്കുകയും എന്നിട്ട് നിങ്ങൾക്ക് കാതും കണ്ണും കരളും തന്നവനാണവൻ’ തുടങ്ങിയ ഒട്ടനവധി അധ്യാപനങ്ങളിലും ശാസ്ത്ര സാങ്കേതിക പഠനങ്ങളുടെ അനിവാര്യതയും പ്രാധാന്യവും അനാവൃതമാവുന്നുണ്ട്. ഭൂമിയിൽ സഞ്ചരിച്ചും, കീഴ്പ്പെടുത്തപെട്ട ആകാശ ലോകങ്ങളിലും നക്ഷത്ര സമൂഹങ്ങളിലും പര്യവേക്ഷണം നടത്തിയും സൃഷ്ടി കൗതുകങ്ങൾ കണ്ടെത്തി സ്രഷ്ടാവിന്റെ സൗന്ദര്യവും സ്വാർഥതയും ബോധ്യപ്പെടാൻ നിരന്തരം ഉദ്ബോധിപ്പിക്കുന്ന വിശുദ്ധ ഗ്രന്ഥം തന്നെ, അന്വേഷിച്ചു കണ്ടെത്തുന്നതിലെ ആനന്ദവും സാഫല്യവും നഷ്ടപ്പെടുത്തി, ജിജ്ഞാസയെയും ജ്ഞാനതൃഷ്ണയേയും ഊതിക്കെടുത്തി, അന്തിമ ഉത്തരങ്ങളെ ആദ്യമേ പറഞ്ഞു തരുന്നതു ആത്മ വൈരുദ്ധ്യം മാത്രമായേ പരിഗണിക്കപ്പെടൂ. പഠിച്ചു പരീക്ഷയെഴുതി വിജയാഹ്ലാദവും ജീവിത വിജയവും കൈവരിക്കേണ്ട വിദ്യാർഥിയെ ചോദ്യപേപ്പറും കൃത്യമായി എഴുതപ്പെട്ട ഉത്തരക്കടലാസും ഒന്നിച്ചു നൽകി മണ്ടനും ഷണ്ഡനുമാക്കുന്ന വ്യഥാവിലാസം.
2- ശാസ്ത്രജ്ഞാനം മനുഷ്യന്റെ വൈയക്തികവും വർഗപരവുമായ വികാസങ്ങൾക്കൊപ്പം ക്രമാനുഗതമായും ക്രമപ്രവൃദ്ധമായും വളർന്നു വികസിക്കേണ്ടതാണ്. ആദിമ മനുഷ്യനോ, ഇടയിൽ ഏതെങ്കിലുമൊരു മനുഷ്യനോ, ചില മനുഷ്യർക്കോ, അതുമല്ലെങ്കിൽ ഒരു തലമുറക്കു തന്നെയുമോ എല്ലാ അറിവുകളുടെയും അന്തിമ യാഥാർഥ്യം ഒറ്റയടിക്കു നൽകപ്പെട്ടാൽ ബാക്കിയുള്ള മനുഷ്യരും തുടർന്നുവരുന്ന തലമുറകളും ബൗദ്ധികമായ വരൾച്ചയും മുരടിപ്പും അനുഭവപ്പെട്ട് മനുഷ്യ സൃഷ്ടിയുടെ ലക്ഷ്യത്തിൽ നിന്നകന്ന് മൃഗതുല്യരായി മാറും. സവിശേഷ ബുദ്ധി (نطق) പ്രയോഗിക്കേണ്ടതില്ലാത്ത കേവല ജീവി (حيوان). എല്ലാ അറിവുകളും പൊരുളുകളും ഒരാൾക്കോ ഒരു തലമുറക്കോ സ്വന്തമായെന്നു കരുതുക. പിന്നെ മറ്റുള്ളവർക്കും പിൻ തലമുറകൾക്കും എന്താണു ജിജ്ഞാസ? എവിടെയാണ് അന്വേഷണ തൃഷ്ണ? എല്ലാ ശാസ്ത്രീയ ജ്ഞാനങ്ങളും അല്ലാഹു നൽകുന്നവ തന്നെയാണ്. പക്ഷേ, അവ ഖുർആനിലൂടെ ഒറ്റയടിക്കു അവതരിപ്പിക്കപ്പെടുകയല്ല, ഒരു തലമുറയുടെയും സ്വകാര്യസ്വത്തുമല്ല. പ്രത്യുത, ആവശ്യാനുസൃതവും മതിയായ അളവിലും സ്ഥലകാലാപേക്ഷിക സംതുലനങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നവയാണ്. “ഏതൊരു വസ്തുവിന്റെയും ഖജനാവ് നമ്മുടെയടുത്തുണ്ട്. എന്നാൽ നിർണിതമായ ഒരു കണക്കനുസരിച്ചേ നാമത് ഇറക്കുകയുള്ളൂ” (അൽ ഹിജ്ർ 21).
മാത്രവുമല്ല, പാകപ്പെടുന്നതിനു മുമ്പേ അറുത്തെടുക്കപെടുന്ന കായ്കനികളും, വിളയുന്നതിനുമുമ്പേ അരിഞ്ഞടുക്കപ്പെടുന്ന കതിർക്കുലയുമൊക്കെ മധുരത്തിലേറെ കൈപ്പും ഇമ്പത്തിലേറെ അമ്പരപ്പും ഗുണത്തിലേറെ ദോഷവുമാണുണ്ടാക്കുക.
3- ഖുർആൻ ശാസ്ത്രീയ ജ്ഞാനങ്ങളത്രയും അന്തിമ തീർപ്പാക്കി ആദ്യമേ പറഞ്ഞു തന്നാൽ അത് ‘നടേ’ പറഞ്ഞ വിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കലായിരിക്കും. എല്ലാ ശാസ്ത്രീയ സത്യങ്ങളും കൃത്യവും വ്യക്തവുമായി ഒറ്റയടിക്കു പച്ചയായി പറയുന്ന ഒരു ഗ്രന്ഥത്തിനു പിന്നെ “ഇഷ്ടമുള്ളവനു വിശ്വസിക്കാം, ഇഷ്ടമുള്ളവനു അവിശ്വസിക്കാം” എന്ന സ്വാതന്ത്ര്യം നൽകാനാവില്ല. അതൊരു നിർബന്ധിത വിശ്വാസമായിത്തീരുകയാണ് ചെയ്യുക. അപ്പോൾ പിന്നെ ഗൈബ് കൊണ്ടുള്ള വിശ്വാസത്തിന്റെ സൗകര്യവും സൗന്ദര്യവും നഷ്ടപ്പെടുകയാവും ഫലം. അഥവാ ഈമാൻ ഈമാനല്ലതാവും.
മേൽപ്പറഞ്ഞതിന്റെ മറുവശമെന്നോണം നാലാമതായി മറ്റൊരു അപ്രായോഗികത കൂടി കാണാൻ പറ്റും. അഥവാ, ശാസ്ത്രം ശാസ്ത്രമല്ലാതാവും. ഒരു കാര്യം ശാസ്ത്രീയമാവണമെങ്കിൽ അതിനു തെറ്റാണെന്നു തെളിയിക്കാനുള്ള സാധ്യത (falsifiability) നിൽക്കണം. ഖുർആൻ തീർപ്പു കൽപ്പിക്കുന്ന കാര്യങ്ങൾ സർവജ്ഞനും സ്രഷ്ടാവുമായ അല്ലാഹുവിന്റെ വചനമാണെന്നതു കൊണ്ട് തന്നെ പിന്നെയത് തെറ്റെന്ന് തെളിയിക്കാനുള്ള ഒരു സാധ്യതയും നിലനിൽക്കുകയില്ല. Falsification Principle പ്രകാരം അത് ശാസ്ത്രജ്ഞാനമാവാൻ പറ്റില്ല.
ഇങ്ങനെയുള്ള ഒട്ടേറെ കാരണങ്ങളാൽ ഖുർആൻ ശാസ്ത്രീയ സത്യങ്ങളെ പച്ചയായി പ്രസ്താവിക്കുകയെന്നത് അപ്രായോഗികവും അസംഗതവും അയുക്തികവുമാണെന്ന് ബോധ്യമാവുന്നു. എന്നാൽ പിന്നെ, ഖുർആനിൽ ശാസ്ത്രീയ സത്യങ്ങൾ ഒന്നും പറയുന്നില്ലെന്നും ഖുർആനിൽ ശാസ്ത്രമേ ഇല്ലെന്നും ഒറ്റയടിക്കങ്ങു തീരുമാനിച്ചാലോ? അത് അതിലേറെ മണ്ടത്തരമാവുകയേ ഉള്ളൂ.
ഖുർആൻ മനുഷ്യരാശിയെ നന്മയിലേക്കും സ്രഷ്ടാവിലേക്കും നയിക്കാനുള്ള ഗ്രന്ഥമായതുകൊണ്ട് തന്നെ, മനുഷ്യന്റെയും മനുഷ്യവർഗത്തിന്റെയും സൃഷ്ടിപരവും സാമൂഹികവും പാരിസ്ഥിതികവും മറ്റുമായ ഒട്ടനവധി കാര്യങ്ങൾ വിശദമായും വ്യംഗമായും ചർച്ച ചെയ്യുന്നുണ്ട്. പ്രപഞ്ചസൃഷ്ടി, മനുഷ്യസൃഷ്ടി, ജീവജാലങ്ങളുടെ വിന്യാസം, ആകാശഭൂമികളെ സംവിധാനിച്ചത്, സസ്യലതാദികളുടെയും ജന്തുലോകത്തിൻ്റെയും വൈവിധ്യങ്ങളും വൈരുധ്യങ്ങളും, കടൽ, കര, ആകാശം, വായു, ജലം, അഗ്നി, ധാതുക്കൾ, ലവണങ്ങൾ, മൂലകങ്ങൾ, സംയുക്തങ്ങൾ, മറ്റു പ്രകൃതിപ്രതിഭാസങ്ങൾ തുടങ്ങി വൈയക്തികവും സാമൂഹികവും ശാരീരികവും മാനസികവും അദ്ധ്യാത്മികവും ഭൗതികവും ബൗദ്ധികവും മറ്റുമായി ഒറ്റയുടെ വിഷയങ്ങളിലൂടെ ഖുർആൻ കടന്നുപോകുന്നു. ഇവയിൽ മുഴുക്കെയുള്ള കൃത്യതയും വ്യക്തതയും പദപ്രയോഗങ്ങളിലെ സൂക്ഷ്മതയും സൗകുമാര്യവും സർവോപരി ശാസ്ത്രീയതയും അമ്പരപ്പിക്കുന്നവയാണെന്നു മാത്രമല്ല, ഖുർആനിന്റെ അമാനുഷികതയെ സുതരാം വ്യക്തമാക്കുന്നവയുമാണ്. ചുരുക്കിപ്പറഞ്ഞാൽ, എല്ലാ ശാസ്ത്രീയ സത്യങ്ങളും പച്ചയായി പറയുന്നു എന്നതല്ല ഖുർആനിന്റെ അവകാശവാദം. മറിച്ച് പറയുന്നത്രതയും – അത് അദ്ധ്യാത്മികമോ അതിഭൗതികമോ ഏതുമാവട്ടെ – തികച്ചും സത്യസന്ധവും യുക്തിഭദ്രവും വിശ്വാസയോഗ്യവും സർവോപരി ശാസ്ത്രീയവുമാണ് എന്നതാണ്. അതുകൊണ്ടൊക്കെ തന്നെയാവണമല്ലോ, വിശ്വസിക്കാൻ പ്രമാണങ്ങളും തെളിവുകളും വേണമെന്ന് പിന്നെയും പിന്നെയും വാശിപിടിച്ചവരോട് “അവർക്കുമേൽ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഖുർആൻ അങ്ങേക്കു അവതീർണമായിരിക്കുന്നു എന്നത് തന്നെ ദൃഷ്ടാന്തമായി പര്യാപ്തമല്ലേ അവർക്ക്?” എന്ന് ഖുർആൻ ചോദിക്കുന്നത് (അൻകബൂത്: 51).
ഈ ഖുർആൻ അവതരിപ്പിച്ചത് ആകാശ ഭൂമികളിലെ – പ്രപഞ്ചത്തിലെ – രഹസ്യങ്ങളത്രയും അറിയുന്നവനാകുന്നു എന്നു വിളംബരം ചെയ്തും ചെയ്യാൻ ആവശ്യപ്പെട്ടും മേൽപ്പറഞ്ഞ അവകാശവാദത്തെ ഖുർആൻ അടിവരയിടുന്നു. “നബിയേ അങ്ങ് പ്രഖ്യാപിക്കുക! ആകാശ ഭൂമികളിലെ രഹസ്യമറിയുന്നവനാണ് ഈ വിശുദ്ധ ഖുർആൻ അവതരിപ്പിച്ചത്” (അൽ ഫുർഖാൻ: 6).
ഖുർആനിൽ എല്ലാ ശാസ്ത്രസത്യങ്ങളും പച്ചയായി പറയപ്പെടുന്നുണ്ട് എന്നതല്ല മറിച്ച്, പ്രാപഞ്ചിക പ്രതിഭാസങ്ങളും ജന്തു സസ്യ – ലോകങ്ങളും, ഭൗതിക പ്രപഞ്ചത്തിന്റെയും ജൈവ വർഗ്ഗങ്ങളുടെയും സസ്യലതാദികളുടെയും ഉൽഭവവും വളർച്ചയും പരിണാമ പ്രക്രിയകളും, സ്ഥലകാല സമസ്യകളുടെ നൈരന്തര്യവുമൊക്കെ സവിസ്തരം പ്രതിപാദിക്കുമ്പോഴും ഏതിലും എവിടെയും ഒരു അശാസ്ത്രീയതയോ വൈരുദ്ധ്യമോ കാലമേറെ കഴിഞ്ഞിട്ടും ശാസ്ത്രമേറെ പുരോഗമിച്ചിട്ടും ഒരു കാലത്തും ആർക്കും കണ്ടത്താനാവുന്നില്ല, ആവുകയുമില്ല എന്നതാണ് ഖുർആനിന്റെ അനന്യവും അന്യൂനവുമായ അനന്തമായ അവകാശവാദം. “അവർ ഖുർആനെ പരിചിന്തനം ചെയ്യുന്നില്ലേ? അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നു അതെങ്കിൽ ഒട്ടേറെ വൈരുധ്യങ്ങൾ – അയഥാർഥ സംഗതികൾ അവർക്കതിൽ കാണാമായിരുന്നു (അന്നിസാഅ്:82).