പ്രാചീന നിരീശ്വരത്വം അന്വേഷണാത്മകമാണെങ്കില്‍ നവനാസ്തികത വിമര്‍ശനാത്മക വിചാരങ്ങളാണ്. സംഘടിത നിരീശ്വരവാദങ്ങള്‍ ഈ നൂറ്റാണ്ടിന്റെ പ്രത്യേകതയാണ്. വാനവേദമതങ്ങളോട് മൊത്തത്തിലും ഇസ്ലാമിനോട് വിശേഷിച്ചുമുള്ള വിരോധമാണ് അതിന്റെ മുഖമുദ്ര. പത്തൊന്‍പതാം ശതകത്തില്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീശ്വരവാദ സംഘടനകള്‍ രൂപം കൊണ്ടിരുന്നു. പ്രത്യക്ഷത്തില്‍ മാനവ സംഗമത്തിന് ശ്രമിക്കുന്നുവെങ്കിലും ആ മാനവരെ കണ്ടെത്താനുള്ള ഉത്സാഹമാണ് ഇവയുടെ പ്രായോഗിക അജണ്ട. വംശീയ വെറിയിലധിഷ്ഠിതമായ തിയറികള്‍ ആവിഷ്കരിച്ച് തങ്ങള്‍ക്കുള്‍ക്കൊള്ളാന്‍ കഴിയാത്തവരെ ‘ഹോമോ സാപ്പിയന്‍’ പരിധിയില്‍ നിന്ന് പോലും പുറന്തള്ളാന്‍ അവര്‍ ശ്രമിക്കുന്നു. ‘പരിണാമം പൂര്‍ണ്ണമായ മനുഷ്യരാണ് നിരീശ്വരവാദികള്‍ എങ്കില്‍ അര്ദ്ധപരിണാമം മാത്രം പിന്നിട്ട വികല ബുദ്ധിക്കാരാണ് മതവിശ്വാസികള്‍’ തുടങ്ങിയ റിച്ചാര്‍ഡ് ഡോകിണ്‍സിന്റെ പരാമര്‍ശങ്ങള്‍ അതാണറിയിക്കുന്നത്.
ദൈവമില്ലായെന്ന് പറയുന്നവരാണ് ദൈവമെന്ത് ജോലിയാണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് എന്നതാണ് കേരളീയ പരിസരങ്ങളിലെ വൈരുദ്ധ്യം. ജനോപകാരപ്രദമോ സമാധാനപരമോ അല്ലാത്ത ദുരന്തങ്ങളുണ്ടാവുമ്പോൾ ദൈവത്തെ ആക്ഷേപിക്കുകയെന്നതാണ് അവരുടെ പ്രധാന ജോലി. അവരുടെ അടിത്തറ ദൈവനിഷേധമാണെന്നത് അവര്‍ മറന്നു പോകുന്നു. ഇല്ലാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ഉപദേശ പ്രസംഗം നടത്തുന്ന എത്ര ബുദ്ധിജീവികളാണീ നാട്ടിലിപ്പോള്‍. ആരാധനാലയങ്ങളില്‍ ദൈവം ലിംഗനീതി കാണിക്കുന്നില്ലായെന്നതാണ് ഇപ്പോള്‍ ഉയര്‍ന്ന ഒരു യുക്തിവാദം. ലിംഗനീതി നടപ്പിലാക്കിയാല്‍ ദൈവത്തെ അംഗീകരിക്കുമോ എന്ന ചോദ്യം യുക്തനോട് ആരും ചോദിക്കാറില്ലെന്ന് മാത്രം. പ്രകൃതി ദുരന്തങ്ങളുണ്ടാവുമ്പോഴാണ് ദൈവം ഏറ്റവും പഴികേള്‍ക്കുന്നത്. സത്യത്തില്‍ ദൈവത്തിനെതിരെ ‘ശാസ്ത്രം’ പറഞ്ഞു പിടിച്ചു നില്ക്കാന് ശ്രമിക്കുന്നവര്‍, ഏതെങ്കിലും ശാസ്ത്രീയ മാര്‍ഗത്തിലൂടെ ദുരന്തങ്ങളെ പിടിച്ചു നിര്‍ത്തുകയാണ് വേണ്ടത്. ദൈവസന്നാഹങ്ങളുടെ ജാഗ്രതകള്‍ ദൈവഹിതത്തിന് മുന്നില്‍ ധൂമപാളികള്‍ മാത്രമാണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി ദൈവം തന്നെയാണ് പ്രളയമിറക്കിയത്. മറ്റൊരാളാണ് അതിനുപിന്നില്‍ എങ്കിലല്ലേ അത് തടുത്തു നിര്‍ത്തുന്ന ശക്തി ദൈവത്തിനുണ്ടോ എന്ന ആലോചന പ്രസക്തമാവുന്നുള്ളു. ഇത്തരം ദൈവവിധികളെ തടുക്കാന്‍ ഭൗതികവാദികളുടെ കയ്യില്‍ എന്ത് ബദല്‍ മാര്‍ഗങ്ങളാണുള്ളത് എന്നതാണ് ചോദ്യം. സ്വകീയമായ അബലതകള്ക്കു മുമ്പില്‍ അസ്വസ്ഥനായി, വിശ്വാസികളുടെ ദൈവത്തിനു മീതേക്ക് ആക്ഷേപവുമായി വരുന്നത് യുക്തിഭദ്രമല്ല.ഒരു വിശ്വാസത്തെ നിരൂപണം ചെയ്യേണ്ടത് അതിന്റെ ഏതെങ്കിലും അടരുകള്‍ മാത്രം പരിശോധിച്ചു കൊണ്ടാകരുത്.

ഇസ്ലാം പരലോക വിശ്വാസ കേന്ദ്രീകൃതമാണ്. ആത്യന്തികമായ നൈതികത അവിടെ മാത്രമേ പുലരുകയുള്ളൂവെന്നും, ഇഹലോകം പരീക്ഷണക്കളമാണെന്നുമുള്ള വിശ്വാസത്തിന് മേലുള്ള ഒരു പ്രത്യയശാസ്ത്രം പരിചയപ്പെടുത്തുന്ന അല്ലാഹുവിനെ, പ്രളയത്തിലകപ്പെട്ട മുസ്ലിം അഭയാര്‍ഥിയുടെ ദൈന്യതകള് നിരത്തി വിചാരണ ചെയ്യുന്നവരുടെ ബൗദ്ധിക നിലവാരം എത്രമാത്രം ദുര്‍ബലമാണ്. നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നതും കുറ്റവാളികള്‍ സുഖപരതയുടെ പളപളപ്പില്‍ അഭിരമിക്കുന്നതും ഭക്തന്മാര്ക്ക് മാറാവ്യാധികള്‍ പടരുന്നതുമൊക്കെയാണ് സത്യത്തില്‍ പരലോക വിശ്വാസത്തിന്റെ യുക്തിന്യായങ്ങള്‍. അങ്ങനെയൊരു വിശ്വാസമില്ലാത്തവര്‍ക്കാണ് ഇത്തരമനുഭവങ്ങളെങ്കില് ഒന്നുകില്‍ സാമൂഹിക വിരുദ്ധതയിലേക്കോ, അല്ലെങ്കില്‍ ആത്മഹത്യയിലേക്കോ അഭയം തേടേണ്ടി വരും. ദുരന്തം നേരത്തെ നിശ്ചയിച്ച വിധിയാണെങ്കില്‍ എന്തിന് പ്രാര്‍ഥിക്കണമെന്നും ചിലര്‍ സന്ദേഹിക്കാറുണ്ട്.
നേരത്തെ നിശ്ചയിച്ച ദുരന്തവിധി പിന്നീട് മനുഷ്യരെ ബാധിക്കുമ്പോള്‍ അവരില്‍ ആരൊക്കെ പ്രാര്‍ഥനാനിരതമായി ദൈവിക സ്മരണയിലഭയം തേടും എന്ന വിഭാവനയാണ് മതാവിഷ്ക്കാരം. ഇപ്പറഞ്ഞതിലും ‘നേരത്തെ’ എന്ന സമയ സങ്കല്പം ശ്രദ്ധിക്കേണ്ടതുണ്ട്. വിധി തീരുമാനമായ ഘട്ടം അനാദ്യത്തിന്റെ പരിധിയിലാണ്. അത് മനസ്സിലാക്കാതെ ‘ഇന്നലെ തീരുമാനിച്ച കാര്യം ഇന്ന് എന്തിന് ചര്‍ച്ച ചെയ്യുന്നു’ എന്ന അര്‍ഥത്തില്‍ വിധിവിശ്വാസം മനസ്സിലാക്കിയതാണ് പലര്‍ക്കും പറ്റിയ അമളി. ഇനി, ആ തീരുമാനമായ കാര്യം ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ഒപ്ഷണല്‍ ചോയ്സ് ഈ വ്യക്തിക്കുണ്ട് താനും. രക്ഷാശിക്ഷകള്‍ വരുന്നത് ആ വ്യക്തികളെ നോക്കിയാണ്. അല്ലാതെ വിധാതാവിന്റെ അറിവിനെ നോക്കിയല്ല. സംഭവിച്ച് കഴിഞ്ഞത് പിന്നെ സംഭവിക്കാതിരിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രം വിശ്വാസികള്‍ മന്ദബുദ്ധികളല്ല. സമാനമായത് ആവര്‍ത്തിക്കാതിരിക്കാനും മനോബലം ആര്ജ്ജിക്കാനുമൊക്കെയാണ് പ്രാര്‍ഥനകള്‍. ഇതിനു ബദലാകുന്നൊരു മനോവീണ്ടെടുപ്പും സമാശ്വാസ ക്രിയയും നിര്‍ദ്ദേശിക്കുവാന്‍ യുക്തിവാദികള്‍ക്ക് സാധിക്കുന്നുവെങ്കില്‍ അത്തരം ആക്ഷേപങ്ങള്‍ക്ക് കാതെറിയാമായിരുന്നു.
ഭൗതിക ലോകത്ത് പരമമായ ക്ഷേമവും സമാധാനവും സ്ഥാപിക്കലല്ല ദൈവത്തിന്റെ ജോലി. ഈ അടിസ്ഥാനപരമായ സത്യം മനസ്സിലാക്കാത്തത് കൊണ്ടാണ് സത്യത്തില്‍ കേരളത്തില്‍ യുക്തിവാദം നിരീശ്വരവാദമായി പരിണമിച്ചത് തന്നെ. കേരളത്തിലെ യുക്തിവാദികളുടെ നേതാവായിരുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ള ദൈവനിഷേധിയാകാനുള്ള കാരണം ശ്രീ നാരായണ ഗുരുവിന്റെ മരണരംഗം നേരിട്ട് കണ്ടതാണ്. ആചാര്യ ശ്രേഷ്ഠനായ ശ്രീനാരായണ ഗുരു മരണവേളയില്‍ വേദനിച്ചു നിലവിളിക്കുന്നത് കണ്ടപ്പോള്‍ കൃഷ്ണപിള്ള ചിന്തിച്ചത്, ഇത്ര നല്ല മനുഷ്യനെപ്പോലും വേദനയില്ലാതെ മരണപ്പെടുത്താന്‍ സാധിക്കാത്ത ദൈവത്തെ എന്തിന് ആരാധിക്കണം എന്നായിരുന്നു. വൈകാരികതലത്തില്‍ നിന്നും വൈചാരിക മണ്ഡലത്തിലേക്കുയര്‍ന്നു ചിന്തിച്ചാല്‍ അത് സംഭവിക്കുമായിരുന്നില്ല. അതേ സമയം, ഒ.വി വിജയനും പൊന്‍കുന്നം വര്‍ക്കിയും അവസാനസമയത്ത് ഈശ്വരശക്തിയെ അംഗീകരിക്കുകയാണ് ചെയ്തത്. പരലോക വിശ്വാസമാണ് ഇവിടെ ഏറ്റവും പ്രധാനം. അതുകൊണ്ടാണ് ഇസ്ലാം അനുഷ്ഠാന ക്രമങ്ങളെക്കാളേറെ മരണാനന്തര ജീവിതത്തെ ഓര്‍മപ്പെടുത്തിയത്. ഈ തലത്തിലേക്ക് ചിന്തിച്ചെത്തിയ യുക്തിവാദി നേതാവ് പെരിയാര്‍ പറഞ്ഞത്, യുക്തിവാദമല്ലാത്ത മറ്റൊരു പ്രത്യയശാസ്ത്രം ഞാന്‍ വരിക്കുമെങ്കില്‍ അത് തീര്‍ച്ചയായും ഇസ്ലാമായിരിക്കുമെന്നതാണ്. കേവല യുക്തിവാദം യഥാര്‍ഥത്തില്‍ അശാസ്ത്രീയമായ ഒരു അന്ധവിശ്വാസമാണ്. ശാസ്ത്രവും മതവും ലോകത്തിന് പല സംഭാവനകളും ചെയ്തിട്ടുണ്ട്. നാസ്തികതയുടെ വരവ്പുസ്തകം ശൂന്യമാണ്. ദൈവത്തോട് പോരാടലല്ല മറിച്ച്, ദൈവവിശ്വാസത്തെ യുക്തിഭദ്രമായി വ്യാഖ്യാനിക്കുകയാണ് ഇനിവേണ്ടത് എന്ന് പറഞ്ഞു തുടങ്ങിയ യൂറോപ്യന്‍ നാസ്തികരുണ്ട്. പക്ഷേ, അപ്പോഴും അപ്ഡേഷന് നടക്കാതെ ദൈവമെടുക്കേണ്ട ജോലികളുടെ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് ഇന്നാട്ടിലെ ദൈവനിഷേധികള്‍.