രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിന് വേണ്ടി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണാശ്രമ വ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് കേരളയുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വരവാദികളാക്കിയത്. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം.
ആധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീനാരായണനോട് അങ്ങേയറ്റം ഭവ്യത കാത്ത് സൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍. തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള ഉറച്ച സന്ദേശം എന്ന നിലയിലായിരുന്നു. അവരാരും സവര്‍ണ നാസ്തികരോ ഇസ്‌ലാമിക് ഫോബികോ സെമിറ്റിക്-സംവരണ വിരുദ്ധരോ ആയിരുന്നില്ല. ‘എനിക്ക് മതമില്ല, ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമാകുമെന്നായിരുന്നു’ ഇ.വി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ അടിസ്ഥാന നിലപാട് ചോര്‍ന്ന് പോയ കാര്യത്തില്‍ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല. പക്ഷേ, ഇന്നിപ്പോള്‍ ഇ.വി പെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി വീര സവര്‍ക്കറെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി. രവിചന്ദ്രന്‍ തീവ്രവലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്. മനുവിന്റെ വര്‍ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയ വത്കരണമാണ് നിയോ എത്തിസത്തിന്റെ രാഷ്ട്രീയ മാനം. ‘നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്ലര്‍ എത്രയോ പാവമാണ്.’ എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമിതനാവുന്നതില്‍ അത്ഭുതമില്ല.
ചിലര്‍ വീക്ഷിക്കുന്നത് പോലെ ഭരണകൂടത്തോടുള്ള കേവലം ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ ചേരിയിലേക്ക് ചായുന്നത്. അതിന് ആഗോളീയമായ പ്രത്യയശാസ്ത്രപരമായ മാനമാണുള്ളത്. ശാസ്ത്ര മാത്രവാദം എന്ന പദാർഥബന്ധിത പ്രാപഞ്ചിക വീക്ഷണം (സയന്റിസം) ആണ് അവരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവത്കരിക്കുക എന്നതാണ് അവരുടെ രീതി.

മനുഷ്യന്‍ മാത്രം സൂപ്പറാവുന്ന ഹ്യൂമനിസം (Survival of the fittests) എന്ന നിരുപാധിക സങ്കല്‍പത്തോട് യോജിക്കില്ലല്ലോ എന്ന ആരോപണത്തെ മറികടക്കാനാണ്, Science എന്ന ഉപകരണമുള്ള വര്‍ഗമേ അതിജീവനത്തിന് ഏറ്റവുമര്‍ഹന്‍ എന്ന് അനുബന്ധം ചേര്‍ക്കേണ്ടി വന്നത് എന്നത് വേറെ കാര്യം. അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമ സിദ്ധാന്തം തന്നെയാണ് അവരുടെ പക്കല്‍ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം. അതനുസരിച്ച് സവര്‍ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണര്‍. ‘മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം’ എന്ന് പറഞ്ഞ ഫെഡറിക് നീഷേയും ‘സവര്‍ണ മേധാവിത്വമാണ് പ്രകൃതിനീതി, അവര്‍ണര്‍ക്ക് അതിജീവനത്തിന് അവകാശമില്ല’ എന്ന് പറഞ്ഞ ജ്ഞാനോദയ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഇമ്മാനുവല്‍ കാന്റും ‘സെമിറ്റിക് മത വിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണമാവാത്ത
പ്രീ ഹോമോ പിരീഡുകാരാണ്’ എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ
മുന്നോട്ടുവെക്കുന്ന വംശീയ നിര്യാതന നിരീശരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജണ്ടകളുണ്ട്. ‘മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല’ എന്ന ബര്‍ണാഡ് റസ്സലിപോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വ വിരുദ്ധമാവുകയാണ് നവനാസ്തികത. അവരെ സംബന്ധിച്ചിടത്തോളം
ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്. അപ്പോള്‍ LGBTQ+ ക്കാര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും. എന്നാല്‍, സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല. അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചു കൊള്ളും. നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്. ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോള്‍ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ്. ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതാണ്. ശരീഅത്ത് പരിഷ്‌ക്കരണം, ഖുര്‍ആന്‍ ഭേദഗതീവാദം, മുത്തലാഖ് നിരോധനം, ഏകസിവില്‍ കോഡ്, സ്ത്രീസ്വാതന്ത്ര്യം, തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരെ ചര്‍ച്ചാഗതി തിരിക്കാനാണ് സി. രവിചന്ദ്രനും അനുചരരും ശ്രമിക്കുന്നത്.