മുഹമ്മദ് നബി(സ)യുടെ വളർത്തു പുത്രൻ സൈദി(റ)ന്റെ മകൻ ഉസാമ(റ) മുഖേനയാണ് വൈദ്യലോകത്ത് വിപ്ലവം സൃഷ്ടിച്ച ‘മരുന്നില്ലാത്ത ഒരു രോഗവുമില്ല’ എന്ന നബി വചനം വന്നത്. ഉസാമ(റ) പറയുന്നു: ‘ഞാനൊരിക്കൽ തിരുനബി സന്നിധിയിൽ ഇരിക്കുമ്പോൾ ഗ്രാമീണരായ ഏതാനും പേർ വന്നു. അവർ ചോദിച്ചു: ‘നബിയേ, ഞങ്ങൾ രോഗത്തിന് ചികിത്സ ചെയ്യട്ടെയോ?’ നബി(സ) പറഞ്ഞു: “അല്ലാഹുവിന്റെ അടിമകളെ നിങ്ങൾ ചികിത്സിക്കുക. മരുന്നില്ലാത്ത ഒരു രോഗത്തെയും അല്ലാഹു സൃഷ്ടിച്ചിട്ടില്ല. ഒരു രോഗം ഒഴികെ!” ‘ഏതാണത്?’ എന്ന ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾ നബി(സ) പറഞ്ഞതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വാർദ്ധക്യം, അറിയുന്നവർക്കത് അറിയാം അറിയാത്തവർക്കറിയില്ല എന്നിങ്ങനെയാണ് നബി(സ) മറുപടി നൽകിയത്.
അബൂബക്കർ സിദ്ദീഖ്(റ) പുണ്യനബി(സ്വ)യോടൊപ്പം ഹിജ്റ വേളയിൽ കൂടെയുണ്ടായിരുന്നു. നബി(സ്വ)യുടെ പുണ്യ ഉമിനീരിനാൽ വിഷമിറക്കപ്പെട്ട ചരിത്ര സംഭവത്തിന് സാക്ഷിയായത് സിദ്ദീഖ്(റ) തങ്ങളാണ്. ഹിജ്റ കഴിഞ്ഞ് മദീനയിലെത്തിയപ്പോൾ സിദീഖ്(റ)ന് പനി ബാധിച്ച് കിടപ്പിലായത് ആഇശ ബീവി(റ)യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. ‘മരണം ചെരിപ്പിന്റെ വാറിനേക്കാൾ അടുത്തതാണെ’ന്ന പ്രസിദ്ധമായ കവിത സിദ്ദീഖ്(റ) ആലപിച്ചത് ആ രോഗത്തിലായിരുന്നു. ആഇശ(റ) ഉപ്പയെ സന്ദർശിച്ച് നബി(സ്വ)യോട് വിവരം പറയുകയും നബി(സ)തങ്ങൾ അതിന് പരിഹാരം കാണുകയും ചെയ്യുകയുണ്ടായി.
ഹമ്പലി മദ്ഹബിലെ ഒരു അഭിപ്രായം മാറ്റി നിർത്തിയാൽ ചികിത്സിക്കൽ നിർബന്ധമില്ലെന്ന പക്ഷക്കാരാണ് മുസ്ലിം പണ്ഡിതരിൽ കൂടുതലും. വേണമെങ്കിൽ ആവാം. സമർപണത്തിന്റെ ഉയർന്ന തലത്തിലുള്ളവർ ചികിത്സിക്കണമെന്നില്ല. സിദ്ധീഖ്(റ) മുഖേനയാണ് ഈ കാര്യം സ്ഥിരപ്പെട്ടത്. ഒരിക്കൽ സിദ്ദീഖ്(റ) രോഗിയായി. ബന്ധുക്കൾ ‘ഞങ്ങൾ വൈദ്യനെ വിളിക്കട്ടെ’ എന്ന് ചോദിച്ചു. ‘എന്നെ വൈദ്യൻ കണ്ടിരിക്കുന്നു’ എന്നദ്ദേഹം മറുപടി നൽകി. ‘ഏതു വൈദ്യൻ?’ എന്ന് കുടുംബക്കാർ ചോദിച്ചു. ‘ഉദ്ദേശിച്ചതെന്തും നടപ്പാക്കുന്ന പ്രധാന വൈദ്യൻ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നടപ്പു ദീനങ്ങളോടുള്ള സമീപനം പഠിപ്പിച്ചു തരുന്നത് ഉമറുബ്നുൽ ഖത്താബാ(റ)ണ്. ശാമിൽ യുദ്ധം നടന്നു കൊണ്ടിരിക്കുമ്പോൾ ഉമറുബ്നുൽ ഖത്താബ്(റ) അങ്ങോട്ട് പോയി. ‘ബറഗ’ എന്ന സ്ഥലത്തെത്തിയപ്പോൾ സൈന്യാധിപനും പ്രധാനിയുമായ അബൂ ഉബൈദ(റ)വിനെ കണ്ടുമുട്ടി. ശാമിൽ കോളറ പടർന്നു പിടിച്ചിരിക്കുകയാണെന്നും ഇപ്പോൾ അങ്ങോട്ട് പോകുന്നത് അപകടമാണ്, അതിനാൽ നിങ്ങൾ തിരിച്ചു പോകണമെന്നും അബു ഉബൈദ(റ) അദ്ദേഹത്തോട് പറഞ്ഞു. ഉമർ(റ) സ്വഹാബികളോട് കൂടിയാലോചിക്കാൻ തീരുമാനിച്ചു. ആദ്യമായി ആദ്യകാല മുഹാജിറുളെ വിളിച്ചു വരുത്തി അവർക്കിടയിൽ ചർച്ച വെച്ചു. അവർ രണ്ടഭിപ്രായക്കാരായി. ഒരു വിഭാഗം, നമ്മൾ ഒരു ശരിയായ ലക്ഷ്യത്തിൽ ഇറങ്ങിയതല്ലെ, അത് പൂർത്തിയാക്കണം. മറ്റൊരു വിഭാഗം, അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്തുമായി അപകടത്തിലേക്ക് പോകാൻ പാടില്ല എന്നും. പിന്നീട് അൻസ്വാരി സ്വഹാബികളെ വിളിച്ചു. അവരും ഇതു പോലെ രണ്ടഭിപ്രായമായി. പിന്നീട് പ്രായം കൂടുതലുള്ളവരെ മാത്രം വിളിച്ച് ചർച്ച ചെയ്തു. അപ്പോഴും തർക്കം തീർന്നില്ല. ഉമർ(റ) പറഞ്ഞു: ‘എങ്കിൽ ഇന്ന് നേരം പുലരും വരെ ഞാൻ ഈ വാഹനപ്പുറത്ത് ഇരിക്കുകയും രാവിലെ മടങ്ങിപ്പോവുകയും ചെയ്യും.’ ഇതുകേട്ട അബൂ ഉബൈദ(റ) ചോദിച്ചു: ‘ഉമർ(റ), അങ്ങ് അള്ളാഹുവിന്റെ വിധിയിൽ നിന്ന് ഒളിച്ചോടുകയാണോ?’ ഇതുകേട്ട ഉമർ(റ) പറഞ്ഞു: ‘അബൂ ഉബൈദ(റ), നിങ്ങളിത് പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. അള്ളാഹുവിന്റെ ഒരു വിധിയിൽ നിന്ന് നാം പോകുന്നത് മറ്റൊരു വിധിയിലേക്ക് തന്നെയല്ലയോ?’
ലക്ഷണങ്ങളെ നോക്കി രോഗത്തെയും രോഗിയെയും മനുഷ്യന്റെ അവസ്ഥയെയും മാനസിക തലങ്ങളെയും നന്നായി അറിയാമായിരുന്നു ഉസ്മാൻ(റ)വിന്. ശാന്ത പ്രകൃതക്കാരനായ ഉസ്മാൻ(റ)വിന്റെ റുഖിയ്യ ബീവി(റ)യുമൊത്തുള്ള ജീവിതത്തിൽ നിന്ന് രോഗീ പരിചരണം പഠിക്കാം. ഒരിക്കൽ അനസ്(റ) ഉസ്മാൻ(റ)വിന്റെ സദസ്സിൽ ചെന്നു. വഴിവക്കിൽ നിന്ന് അദ്ദേഹം അറിയാതെ ഒരു സ്ത്രീയെ നോക്കിപ്പോയിരുന്നു. കണ്ടപാടെ ഉസ്മാൻ(റ) ചോദിച്ചു: ‘നിങ്ങളുടെ അവസ്ഥ എന്താണ്? വ്യഭിചാരത്തിന്റെ അടയാളങ്ങൾ കാണുന്നല്ലോ?’ അദ്ദേഹം ചോദിച്ചു: ‘റസൂലിന്റെ ശേഷം വഹ് യ് വരുന്നോ?’ ഉസ്മാൻ (റ) പറഞ്ഞു: ‘അല്ല, ലക്ഷണം നോക്കിപ്പറഞ്ഞതാണ് ഞാൻ.’
സന്താനമില്ലാത്തയാളോട് കോഴിമുട്ട തിന്നാൻ പറഞ്ഞത് അലി(റ) യിൽ നിന്ന് വന്നിട്ടുണ്ട്. ഇണചേരാനുള്ള താല്പര്യം മനുഷ്യനിൽ ഒരു തരം ഉന്മാദമുണ്ടാക്കുന്നു. തന്റേടം മങ്ങുന്ന സന്ദർഭമാണത്. കാമം കൂടുന്നതോടെ ആശയത്തിന്റെയും ആദർശത്തിന്റെയും സീമകൾ തകരും. ഈ ചിന്തകൾ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നിസ്കാരത്തിലാണ്. വിവാഹിതരുടെ ഇണചേരൽ വാസ്തവത്തിൽ നിസ്കാരത്തിലെ ഹൃദയ സാന്നിദ്ധ്യം വർധിപ്പിക്കുന്നതാണ്. ഭാര്യ, സുഗന്ധം, നിസ്കാരം എന്നിവയെ ഹദീസിൽ കണക്ട് ചെയ്തിരിക്കുന്നതിനെ ഈ അർഥത്തിലും വായിക്കാവുന്നതാണ്.
ക്ഷമാപൂർവം രോഗത്തെ സമീപിക്കേണ്ടതെങ്ങനെയെന്ന് സ്വഹാബത്തിൽ നിന്ന് നമുക്ക് പഠിക്കാം. ഇമാം ത്വബ്റാനി(റ) ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം; നബി(സ)യോടൊപ്പം എപ്പോഴും സദസ്സിൽ പങ്കെടുക്കാറുള്ള ഒരാളെ കാണാതായി. നബി(സ) തങ്ങൾ അയാളെ കുറിച്ച് ചോദിച്ചു. സ്വഹാബത്ത് പറഞ്ഞു: ‘അയാൾക്ക് സുഖമില്ല.’ നബി(സ) തങ്ങൾ പറഞ്ഞു: ‘എന്നാൽ എണീക്കൂ, നമുക്ക് അയാളെ സന്ദർശിക്കാം.’ അവർ ആ സ്വഹാബിയെ സന്ദർശിച്ചപ്പോൾ അദ്ദേഹം കരഞ്ഞു. നബി(സ) തങ്ങൾ പറഞ്ഞു: ‘കരയരുത്, ജിബ്രീൽ(അ) എന്നോട് പറഞ്ഞിട്ടുണ്ട്. തീർച്ചയായും പനി നരകത്തിൽ നിന്നുള്ള ഉമ്മത്തിന്റെ അവകാശമാണ്’.
ഇമാം ബുഖാരി (റ) അദബുൽ മുഫ്റദിൽ രേഖപ്പെടുത്തുന്നു; സൈദുബ്നു അർഖ(റ)മിന്റെ കാഴ്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ നബി(സ) തങ്ങൾ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നു. നബി(സ) തങ്ങൾ ചോദിച്ചു: ‘സൈദേ കണ്ണു പോയല്ലോ.. നിങ്ങൾ എന്ത് ചെയ്യുന്നു?’ അദ്ദേഹംപറഞ്ഞു: ‘ഞാൻ ക്ഷമിക്കുകയും കൂലിയെ തേടുകയും ചെയ്യുന്നു.’ നബി(സ) പറഞ്ഞു: ‘നിന്റെ കണ്ണു നഷ്ടപ്പെട്ടതിൽ നീ ക്ഷമിക്കുകയും കൂലിയെ തേടുകയും ചെയ്താൽ നിനക്കുള്ള പ്രതിഫലം സ്വർഗമായിരിക്കും.’ ഇതേ സൈദുബ്നു അർഖം(റ)നോട് മറ്റൊരിക്കൽ നബി(സ) തങ്ങൾ പറഞ്ഞു: ‘സൈദേ നീ ഒരു പാപവുമില്ലാത്തവനായി അല്ലാഹുവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും.’ നബി(സ) തങ്ങളുടെ സന്ദർശന വേളയിൽ അദ്ദേഹത്തിന്റെ കണ്ണ് പൂർണമായിട്ടും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. ‘എന്റെ മരണ ശേഷം നിന്റെ കണ്ണ് പൂർണ്ണമായിട്ടും നഷ്ടപ്പെട്ടാൽ നീ എന്ത് ചെയ്യും?’ എന്നും അദ്ദേഹത്തോട് നബി(സ) തങ്ങൾ ചോദിച്ചു. ഞാൻ ക്ഷമിക്കുമെന്ന് പറഞ്ഞപ്പോൾ ‘എന്നാൽ നീ ഹിസാബില്ലാതെ സ്വർഗ്ഗത്തിൽ പോകുമെ’ന്നും പുണ്യ നബി(സ) പറഞ്ഞതായി ഇമാം ബൈഹഖി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജലപാനത്തിന്റെ താളക്രമങ്ങളെ അനസ് ബ്നു മാലിക്(റ) ഉദ്ധരിക്കുന്നത് മുസ്ലിം(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളം മൂന്ന് തവണയായി കുടിക്കുകയും ഓരോ ഇറക്കിനിടയിലും ശ്വാസം വിടുകയും ചെയ്യണം. ഉഷ്ണം അകലാനും കുളിർമ വരാനും ഇങ്ങിനെ ചെയ്യണമെന്നാണ്. നിന്ന് വെള്ളം കുടിക്കുന്നതിനെ നബി(സ്വ) തങ്ങൾ വിലക്കിയതായി അനസ്(റ) പറയുന്നു. ഉത്തമമില്ലെന്നാണ് ആ പറഞ്ഞതിന്റെ അർഥമെന്ന് അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ), അലി(റ) എന്നിവർ വിശദീകരിച്ചതായി ഇമാം ദഹബിയുടെ ത്വിബ്ബുന്നബവിയിലുണ്ട്.
നബി(സ)ക്ക് ഒരു പളുങ്ക് പാത്രമുണ്ടായിരുന്നതായും അവിടുന്ന് അതിൽ വെള്ളം കുടിച്ചിരുന്നതായും ഇബ്നു അബ്ബാസ്(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ഉറക്കത്തിന്റെ ആരോഗ്യതലങ്ങളെ ആഇശ ബീവി(റ) പഠിപ്പിക്കുന്നു. ഉറക്കിന്റെ രൂപവും രീതിയും സമയവുമെല്ലാം ഹദീസിൽ വ്യക്തമാണ്. ശരീരത്തിന്റെ പാതി വെയിലത്തും പാതി തണലത്തുമായി ഉറങ്ങുന്നത് വിലക്കുള്ളതാണ്. ‘അസറിന് ശേഷം ഉറങ്ങിയിട്ട് ബുദ്ധിക്ക് തകരാർ വന്നാൽ സ്വന്തത്തെ തന്നെ പഴിച്ചു കൊള്ളട്ടെ’ എന്ന ഹദീസ് ആഇശ ബീവി(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ സുനനുകളിലും സ്വഹാബത്തിൽ നിന്ന് വൈദ്യം ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ബുഖാരി(റ)യുടെ ഹദീസിൽ വൈദ്യം പറയുന്ന ഒരു അധ്യായം തന്നെയുണ്ട്.