മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം

മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം

മലയാള യുക്തിവാദത്തിന്റെ സവര്‍ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുഗതമായ പരിണാമമാണ്. 1970 കളില്‍ യുക്തിവാദി സംഘത്തില്‍ കോണ്‍ഗ്രസുകാരും സി.പി.ഐക്കാരും ആര്‍.എസ്.പിക്കാരും
നക്‌സലൈറ്റുകളും സി.പിഎമ്മില്‍ പെട്ടവരും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന എം.എ.ജോണ്‍, മുന്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന ഡോ. എം.എ കുട്ടപ്പന്‍, സി.പി.ഐ നേതാവായിരുന്ന പവനന്‍, വി. ജോര്‍ജ്, തെങ്ങമം ബാല കൃഷ്ണന്‍, ആര്‍.എസ്.പി യില്‍ നിന്നും വന്ന ഇടമറുക്, സി.പി.എമ്മില്‍ നിന്നും വന്ന യു. കലാനാഥന്‍, സി.പി.ഐ.എം.എല്ലില്‍ നിന്നും വന്ന കെ.വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കള്‍. പവനനും യു. കലാനാഥനും
നേതൃത്വത്തിലെത്തിയതോടെ അവര്‍ക്കിടയില്‍ അഭ്യന്തര സംവാദങ്ങള്‍ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാര്‍ക്‌സിസവും തമ്മിലുള്ള സംവാദമുണ്ടായത്. പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തുനിന്നും ഇ.എം.എസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തു നിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു.

Joseph Idamaruk, Pavanan

ജാതീയ മേല്‍ക്കോയ്മക്കെതിരില്‍ ഇടതുപക്ഷ ചിന്താഗതിക്കാര്‍ വളര്‍ത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താല്‍പര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ. ചില ഉദാഹരണങ്ങള്‍ നോക്കാം, അവരുടെ മുഖപത്രമായിരുന്ന ‘യുക്തിരേഖ’ മാനേജറായിരുന്ന രാജഗോപാല്‍ വാകത്താനം ശ്രീനാരായണ ഗുരുവിനെതിരെ യുക്തി രേഖയില്‍ ലേഖനമെഴുതുന്നു: ‘ഗുരു വിപ്ലവകാരിയല്ല, അവസരവാദിയായിരുന്നു’ എന്നായിരുന്നു ആക്ഷേപം. ഇ.വി പെരിയോറല്ല, ഗോള്‍ വാള്‍ക്കറാണ് ശരി എന്ന രവിചന്ദ്രന്റെ കണ്ടെത്തല്‍ ആകസ്മികമല്ല എന്നര്‍ഥം. ശിവഗിരി പിടിച്ചെടുക്കാന്‍ സവര്‍ണ ഹിന്ദുത്വര്‍ ശ്രമിച്ചപ്പോള്‍ പവനന്‍ തന്നെ അവര്‍ക്കൊപ്പം വേദി പങ്കിടുന്നു. RSS ജനറല്‍ സെക്രട്ടറിയായിരുന്ന മോഹനന്‍, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ശിവഗിരിയെ നമ്പൂതിരിവല്‍ക്കരിക്കാന്‍ കൂട്ട് നിന്നയാളായി പവനന്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതായത്, ഇടതുപക്ഷ/ കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കില്‍ കീഴാള മതാതീത ചിന്തയേക്കാള്‍ മുസ്‌ലിം വിരുദ്ധമായത് ബ്രഹ്‌മണിക്കല്‍ ഹെജിമണിയെ ശാസ്ത്രീയമായി
പ്രകൃതിപരമാക്കാന്‍ വളഞ്ഞു വലയം പിടിക്കുന്ന സവര്‍ണ യുക്തിവാദം തന്നെയാണ്. ഭൗതിക- പദാര്‍ഥവാദവും ഇസ്‌ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല. ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ്, വിരുദ്ധമല്ല. വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്‌ലാം. ആത്മീയതയെ ഭൗതികമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്‌ലാമിനോട് താദാത്മ്യപ്പെടുന്ന അകധാര കണ്ടെത്തിയവരായിരുന്നു.

കേരള യുക്തിവാദത്തിന്റെ ആചാര്യന്‍ സഹോദരന്‍ അയ്യപ്പന്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ മാനവികതലം അംഗീകരിച്ചിരുന്നു. അദ്ധേഹത്തിന്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ ‘മുനാഫിഖ്’ യുക്തിവാദികള്‍ക്ക് മനസ്സിലാവില്ല. ആഇശ എന്നത് അക്കാലത്ത് കീഴാളസ്ത്രീത്വത്തിന്റെ വിമോചന നാമം കൂടിയായിരുന്നു. തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജസ്ത്രീ. അവര്‍ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്‌ലാമണഞ്ഞ് ആഇശയായി മാറില്‍ വസ്ത്രമണിഞ്ഞു. ധൃഷ്ടനായ പണിക്കര്‍ അവരുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി പീഡിപ്പിച്ചു. മമ്പുറം തങ്ങളുടെ അടുക്കല്‍ ആഇശ എന്ന ചക്കി അഭയം തേടിയപ്പോള്‍ ഏഴ് മാപ്പിളപ്പോരാളികള്‍ ചേര്‍ന്ന് ചെന്ന് പണിക്കരുടെ പണി കഴിച്ചു. ഭൂപ്രഭുക്കന്മാര്‍ മാപ്പിളമാര്‍ക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാര്‍ ജന്മിമാരോടൊപ്പം ചേര്‍ന്നു. 20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു. അതോടെ ആഇശ ഒരു പ്രതീകമായി ഉയര്‍ന്നു. പക്ഷേ, ചാന്നാര്‍ ലഹളയുടെ നായിക, മുലക്കപ്പം വാങ്ങാന്‍ വന്നവര്‍ക്ക് മുലയരിഞ്ഞ് നല്‍കിയ കണ്ടപ്പന്റെ കെട്ടിയോള്‍ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തില്‍ പോലും ചക്കിക്ക് ലഭിച്ചില്ല. ഒഴുക്കിനെതിരെ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാള്‍ അഭയമായി മാറുന്ന തുരുത്തില്‍ ബദലന്വേശിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം .

സത്യത്തില്‍, സ്വതന്ത്രചിന്ത അരികിലൂടെ പോവാത്തവരാണ് കേരളത്തിലെ ഇന്നത്തെ ഏത് യുക്തിവാദസംഘവും. എന്റെ നിരീക്ഷണത്തില്‍ എഴു വിഭാഗം യുക്തിവാദികളാണ് മലയാളികള്‍ നിയന്ത്രിക്കുന്ന സോഷ്യല്‍ മീഡിയാ പേജുകളില്‍ ഉള്ളത്. മതം, ജാതി, സ്വജനപക്ഷപാതിത്വം തുടങ്ങിയ ഘടകങ്ങള്‍ തന്നെയാണ് അവരെ പലതാക്കുന്നത് എന്നതാണ് ശ്രദ്ധേയം.
1: നായര്‍ പുരുഷ യുക്തിവാദികള്‍
2: ഈഴവ പുരുഷ യുക്തിവാദികള്‍
3: ദളിത് പുരുഷ യുക്തിവാദികള്‍
4: ദളിത് സ്ത്രീ യുക്തിവാദികള്‍
5: മുസ് ലിം പുരുഷ യുക്തിവാദികള്‍
6: മുസ് ലിം സ്ത്രീയുക്തിവാദികള്‍
7: ക്രിസ്ത്യന്‍ പുരുഷ യുക്തിവാദികള്‍

ബ്രഹ്‌മണ യുക്തിവാദം/ ഭൗതികവാദത്തിന് വി. ടി. ഭട്ടതിരിപ്പാടിന് ശേഷം തുടര്‍ച്ച നഷ്ടപ്പെട്ടത് കൊണ്ടാവാം അത്ര കാണാറില്ല. നസ്രാണി സ്ത്രീ യുക്തിവാദം ഇംഗ്ലീഷിലുണ്ടെങ്കിലും മലയാളത്തില്‍ കണ്ടിട്ടില്ല. (ഇവിടെ യുക്തിവാദം എന്ന പ്രയോഗം സാങ്കേതികമായി പറഞ്ഞതല്ല. നാടന്‍ പ്രയോഗമാണത്. ഇക്കൂട്ടര്‍ സാങ്കേതികമായി സെമി തീസ്റ്റുകളോ, അഗ്‌നോയിസ്റ്റുകളോ സെമി ഹ്യൂമനിസ്റ്റുകളോ ഒക്കെയാണ്. ചുരുക്കം ചിലരെ സൈന്റിഫിക് റാഷനിലിസ്റ്റുകള്‍ എന്ന് വിളിക്കാം). അതായത്, മത – ജാതി – ലിംഗത്തിന്റെ ഹെറാര്‍ക്കിയും വര്‍ഗ സ്വഭാവങ്ങളും അവരുടെ ഇടപെടലുകളിൽ വ്യക്തമായി കാണാം എന്നര്‍ഥം.

ഹൈന്ദവ അനാചാരങ്ങളെ എതിര്‍ക്കുന്നത് ദളിത് – ഈഴവ യുക്തിവാദികളാണ്. അവകള്‍ നായര്‍ യുക്തിവാദികള്‍ പ്രചരിപ്പിക്കാറില്ല. ഇടതുപക്ഷ രാഷ്ട്രീയ വിരുദ്ധതയാണ് നായര്‍ യുക്തിവാദികളുടെ രസം. ദളിത് ഹിന്ദു പുരുഷ യുക്തിവാദികള്‍ ഇടതുപക്ഷ വിരുദ്ധമായ ബ്രാഹ്മണ യുക്തിവാദം പങ്കുവെച്ച് പൊട്ടന്മാരാവാറുണ്ട്. ഇവരെല്ലാം ഏക സ്വരത്തില്‍ ഏറ്റെടുക്കുന്നത് ഇസ്‌ലാം വിരുദ്ധത തന്നെയാണ്. അവിടെ എല്ലാവര്‍ക്കും ഒറ്റനിറമാണ്. മതം സമം ഇസ്‌ലാം, ഇസ്‌ലാം ബോധം വിപരീതം പൊതുബോധം എന്ന പടിഞ്ഞാറന്‍ നാസ്തികത പടച്ചുണ്ടാക്കിയ ധാരണ ഇവിടെ ഇറക്കുമതി ചെയ്യുന്നതിലാണ് അവരുടെ പ്രധാന ഉത്സാഹം.കേരള യുക്തിവാദം സാങ്കേതികമായി പടിഞ്ഞാറന്‍ റാഷനലിസവുമായി സന്ധിക്കുന്ന ഒരേയൊരു തലം അതായിരിക്കും. പശ്ചാത്യനായ ജോണ്‍ കെറിന്റെ പഠനങ്ങള്‍ ഉദ്ധരിച്ച് ഫനാന്‍ ഹദ്ദാദിനെ പോലുള്ളവര്‍, ആ ആഗോള പ്രതിഭാസത്തെ ഒരു വസ്തുതയായി അംഗീകരിക്കുന്നുണ്ട്. ക്രിസ്റ്റഫര്‍ ഹിച്ചണ്‍സ്, സാം ഹാരിസ്, റിച്ചാര്‍ഡ് ഡോകിണ്‍സ് എന്നീ നവനാസ്തിക ത്രയങ്ങളുടെ ഇസ്‌ലാം വായനകളില്‍ മുസ്‌ലിം ധിഷണയെ തളച്ചിടുന്നതില്‍ ചെറിയൊരളവില്‍ ഈ പറഞ്ഞ കൂട്ടര്‍ വിജയിച്ചിട്ടുണ്ട്. അവരെ സംബന്ധിച്ചേടുത്തോളം ശരീരത്തോളം ബുദ്ധി പരിണമിക്കാത്ത സെമി ഹോമോസാപ്പിയന്മാര്‍ മാത്രമാണ് വാരിയംകുന്നന്‍ കുഞ്ഞഹമ്മദാജിമാര്‍. മുസ്‌ലിം ആധിപത്യം ലോകത്ത് നിന്നും ഇല്ലാതാക്കാന്‍ – പെട്രോള്‍ രഹിത മോട്ടോര്‍ എന്‍ജിനീയറിംഗ് വികസിപ്പിക്കപ്പെടണം എന്ന് പറയാന്‍ വലിയ പുസ്തകം തന്നെ എഴുതിയ മുസ്‌ലിം വിരോധിയായ ഹിച്ചണ്‍സിനെ മാതൃകയാക്കുന്നവരുടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് എന്തുമാത്രം ഭീകരമായിരിക്കും! ദളിത് / കീഴാള ഹിന്ദു സ്ത്രീയുക്തിവാദികള്‍ കുറച്ച് കൂടെ പൊളിറ്റിക്കല്‍ കറക്ട്‌നസ് പുലര്‍ത്തുന്നവരാണ്. കീഴാളരാഷ്ട്രീയത്തെ
വിജാതീയമായി പ്രതിനിധീകരിക്കാന്‍ അവര്‍ക്ക് പറ്റുന്നുണ്ട്. അന്ധമായ ഫോബിയയും അവര്‍ കാണിക്കാറില്ല. ഈയടുത്ത് നടന്ന ദേശീയ- പൗരത്വബില്‍ വിരുദ്ധ സമരങ്ങളിലൊക്കെ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് നിര്‍ണ്ണായക പിന്‍ബലം ലഭിച്ചത് ഇവരില്‍ നിന്ന് കൂടിയാണ്. മുസ്‌ലിം യുക്തി വാദികളുടെ കാര്യമാണ് കഷ്ടം. അവര്‍ സവര്‍ണ്ണ ഹിന്ദു യുക്തിവാദികളുടെ ഇസ്‌ലാം വിരുദ്ധതക്ക് കയ്യടിക്കാന്‍ വിധിക്കപ്പെട്ടവരാണ്. ദളിത് – കീഴാള യുക്തിവാദികള്‍ സെമിറ്റിക്ക് / ഇസ്‌ലാം വിരുദ്ധത ഇനീഷ്യേറ്റ് ചെയ്യാറില്ല . ഹിന്ദു യുക്തിവാദികള്‍ക്ക് മൊത്തത്തില്‍ ഹൈന്ദവതയെ ദാര്‍ശനികമായി എതിര്‍ക്കാതെ തന്നെ, ജാതീയമായ സോഷ്യല്‍ സ്പയറുകളെ മാത്രം വിമര്‍ശിച്ച് പരിക്കേല്‍ക്കാതെ നില്‍ക്കാനുള്ള സ്‌പേസുണ്ട്. മതാന്തര്‍ വിമലീകരണവാദം എന്ന പദവിയാണത്. ആ ഇടം മുസ്‌ലിം യുക്തിവാദികള്‍ക്ക് ഇസ്‌ലാമിലില്ല. അതിനാല്‍ അവര്‍, കാലം ചിങ്ങമായാലും മീനമായാലും ഖുര്‍ആനും ഹദീസും ലോക ഭീഷണികളാണെന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഏതെങ്കിലുമൊരു നിരീശ്വര പ്രത്യയശാസ്ത്രത്തിന്റെ സാങ്കേതികവൃത്തവും അവരെ ഉള്‍ക്കൊള്ളുന്നില്ല.

Total
0
Shares
Previous Article
athism

മതരാഹിത്യം എന്ന ഗുപ്തമതം

Next Article
Ex.ഇസ്‌ലാം: പ്രഹേളിക

എക്സ്. ഇസ്‌ലാം: പ്രഹേളിക

Related Posts
Total
0
Share