രണ്ടുഘടകങ്ങൾ ചേർന്നതാണ് തസവ്വുഫ്. ഒന്ന് ആത്മാവിനെ സംസ്കരിക്കാനും ഹൃദയത്തെ ശുദ്ധീകരിക്കാനുമുള്ള കഠിനമായ പരിശ്രമം. ആത്മീയ വഴി തിരഞ്ഞെടുക്കുന്നവർ ഉപയോഗിക്കേണ്ടതാണ് ഇക്കാര്യം. ശരീഅത്തിനെ പൂർണമായും ജീവിതത്തിൽ പകർത്തുക, ദുർഗുണങ്ങളെ പൂർണമായും ത്യജിക്കുക, സൽഗുണങ്ങളെ സ്വീകരിക്കുക. ഇവയിലാണ് കഠിനമായ പരിശ്രമം വേണ്ടത്. ഖുർആൻ പറയുന്നു: “നമ്മുടെ പാന്ഥാവിൽ ധർമ സമരമനുഷ്ടിക്കുന്നവർക്ക് നാം നിശ്ചയം നേർമാർഗം കാണിച്ചു കൊടുക്കുക തന്നെ ചെയ്യുന്നതാണ്. പുണ്യമനുവർത്തിക്കുന്നവരോടൊപ്പം തന്നെയാണ് അല്ലാഹു.” (സൂറത്തുൽ അൻകബൂത്: 69)
ഒന്നാമത്തെ ഘടകത്തെ തുടർന്ന് വരുന്നതാണ് രണ്ടാമത്തെ ഘടകം. തജല്ലിയാത്ത് റബ്ബാനിയ്യ എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഹൃദയത്തിന് ലഭിക്കുന്ന വെളിച്ചവും ജ്ഞാനവുമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. “അപ്പോൾ ഇസ്‌ലാമാശ്ലേഷത്തിന് ഒരാളുടെ ഹൃദയം അല്ലാഹു വിശാലമാക്കുകയും അങ്ങനെയവൻ തന്റെ നാഥനിങ്കൽ നിന്നുള്ള പ്രകാശത്തിലാവുകയും ചെയ്താൽ, അല്ലാഹുവിനെ കുറിച്ച ഓർമയിൽ നിന്ന് ഹൃദയങ്ങൾ കടുത്ത് പോയവർക്കാണ് മഹാനാശം. അവർ സ്പഷ്ടമായ വഴികേടിലെത്രേ.” (സൂറത്ത് സുമർ: 22)
ഇതിൽ ഒന്നാമത്തെ ഘടകത്തെ ത്വരീഖത്ത് എന്നും രണ്ടാമത്തെ ഘടകത്തെ ഹഖീഖത്ത് എന്നും സാങ്കേതികമായി പറയപ്പെടുന്നു. സൂഫികളുടെ ഭാഷയിൽ തഖല്ലിയും തഹല്ലിയാണ് ത്വരീഖത്ത്, തജല്ലിയാണ് ഹഖീഖത്ത്, ദുർഗുണങ്ങളിൽ നിന്ന് മുക്തമാവലാണ് തഖല്ലി, സൽഗുണങ്ങളെ സ്വീകരിക്കലാണ് തഹല്ലി. ഹൃദയത്തിന് ലഭിക്കുന്ന വെളിച്ചമാണ് തജല്ലി.
അക്കാദമിക് തസവ്വുഫ്, ആത്മീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ തത്വചിന്തകൾ എന്ന നിലക്കാണ് സമീപിക്കുന്നത്. യഥാർഥത്തിൽ ആത്മീയ ജീവിതത്തിലെ അനുഭവങ്ങളാണ് തസവുഫുമായി ബന്ധപ്പെട്ട് പറയപ്പെടാറുള്ള വിഷയങ്ങൾ. തസ്വവുഫിന്റെ നിർവചനത്തിലുള്ള അഭിപ്രായ വ്യത്യാസവും സാലികിന്റെ ശിരസ്സുകളുടെ എണ്ണത്തിന് തുല്യമാണ് മഖാമാത്തിന്റെ എണ്ണമെന്ന് പറയപ്പെടുന്നതും അതിന് തെളിവാണ്. തസവുഫിനെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തങ്ങളുടെ വാദത്തെ സ്ഥിരപ്പെടുത്താൻ ശ്രമിക്കുമ്പോൾ ചിന്തകൾ രൂപപ്പെട്ടിട്ടുണ്ട്. എതിർക്കുന്നവർക്ക് രൂപപ്പെട്ട ചിന്തകൾ തസവുഫല്ല, എന്നത് പോലത്തന്നെ അനുകൂലിക്കുന്നവർ രൂപപ്പെടുത്തിയ ചിന്തകളും തസവുഫല്ല. അനുകൂലിക്കുന്നവർ അനുകൂലിക്കാനും പ്രതികൂലിക്കുന്നവർ എതിർക്കാനും രൂപപ്പെടുത്തിയിട്ടുള്ള ചിന്തകളെയാണ് അക്കാദമിക് തസവുഫ് കൈകാര്യം ചെയ്യുന്നത്.
ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തിൽ രൂപം കൊണ്ട് ഹറക്കത്തു സുഹ്ദ് തസവുഫിന്റെ തുടക്കമാണെന്ന് അക്കാദമിക് തസവുഫ് വിലയിരുത്തുന്നു. യഥാർഥത്തിൽ തസവുഫ് ഇസ്‌ലാമിക ആത്മീയ ജീവിതമാണ്. ഈ സമുദായത്തിൽ അതിന്റെ ആദ്യ മാതൃക മുഹമ്മദ് (സ) തങ്ങളാണ്. ആളുകൾക്ക് കാലക്രമേണ ഭൗതിക ഭ്രമം വർദ്ധിച്ചപ്പോൾ അതിനെതിരെ ഹസൻ ബസ്വരി (റ)യും കൂടെയുള്ളവരും രംഗത്ത് വന്നു. അവരെയാണ് സുഹ്ദ് മൂവ്മെന്റിന്റെ നേതാക്കളായി വിശേഷിപ്പിക്കുന്നത്. അതിനർഥം അവരാണ് ആത്മീയ ജീവിതം തുടങ്ങിയത് എന്നല്ല, അവരാണ് അതിനെ സംരക്ഷിച്ചത് എന്നാണ്. തസവുഫിന്റെ നിയമാവലിയേയും മഖാമാത്തിനേയും തയ്യാറാക്കി തസവുഫിന് രൂപം നൽകിയതല്ല. സൂഫികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചത് നിയമങ്ങളായും സ്റ്റേജുകളായും രേഖപ്പെടുത്തപ്പെട്ടതാണ്.
ആദ്യകാല സൂഫികളിൽ ചിലർതന്നെ തസവുഫിൽ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. തസവുഫ് ഒരു വിജ്ഞാന ശാഖയായി വളർന്നത് അങ്ങനെയാണ്. ഹിജ്റ 243 ൽ വഫാത്തായ ഹാരിസ് ബ്നു അസദുൽ മുഹാസിബി(റ) അവരിൽ പ്രധാനിയാണ്. തസവുഫിൽ ധാരാളം ഗ്രന്ഥങ്ങൾ അദ്ദേഹത്തിനുണ്ട്. ‘അൽ രിആഅത്തു ലി ഹുയൂഖില്ലാ’ എന്നത് അവരുടെ ശ്രദ്ധേയമായൊരു ഗ്രന്ഥമാണ്. ഹിജ്റ 378 ൽ വഫാത്തായ അബൂനസ്റ് അസ്സർറാജ് അൽ ആസിയുടെ ‘ലുമഅ്’ എന്ന ഗ്രന്ഥം തസവുഫിന്റെ പ്രധാന റഫറൻസിൽ പെട്ടതാണ്. എന്താണ് തസവുഫ് എന്ന് മനസ്സിലാക്കാൻ ഈ ഗ്രന്ഥം വളരെ ഉപകാരപ്പെടും. ഹിജ്റ 386 ൽ വഫാത്തായ അബൂത്വാലിബുൽ മക്കിയ്യുടെ ‘ഖുതുൽ ഖുലൂബ്’, 465 ൽ വഫാത്തായ ഇമാം ഖുശൈരിയുടെ ‘അൽ രിസാല’ എന്നിവ തസവുഫിന്റെ പ്രധാന ഗ്രന്ഥങ്ങളാണ്. ഹിജ്റ 505 ൽ വഫാത്തായ ഇമാം ഗസ്സാലി (റ) ശ്രദ്ധേയമായ ധാരാളം രചനകൾ തസവുഫിന് നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് യഥാർഥത്തിൽ തസവുഫിന് ജനകീയ അടിത്തറ നൽകിയത്.
ഹിജ്റ 6,7,8 നൂറ്റാണ്ടുകൾ തസവുഫിന്റെ ചരിത്രത്തിൽ പ്രശോഭിത ഘട്ടമാണ്. ശൈഖ് അബ്ദുൽ ഖാദർ ജീലാനി, ശൈഖ് അഹ്മദ് രിഫാഈ, ശൈഖ് മുഈനുദ്ദീൻ ചിശ്തി, ശൈഖ് അബുൽ ഹസൻ ശാദുലി, ശൈഖ് അഹ്മദ് ബദവി, മൗലാനാ ജലാലുദ്ദീൻ റൂമി, ശൈഖ് ഇബാറാഹീം ദസൂഖി, ശൈഖ് ബഹാഉദ്ദീൻ നഖ്ശബന്തി തുടങ്ങിയവരെല്ലാം ഈ ഘട്ടത്തിൽ ജീവിച്ച പ്രധാനികളിൽ പെട്ടവരാണ്. ഇമാം ഗസ്സാലിയുടെ അത്ഭുതകരമായ രചനകളാണ് തസവുഫിനെ ശക്തിപ്പെടുത്തിയതെന്നതിൽ തർക്കമില്ല. ഹിജ്റ മൂന്നാം നൂറ്റാണ്ടു മുതൽ സൂഫികൾ അവരുടെ അനുഭവങ്ങളും അവരുടെ പാത പിന്തുടരുന്നവർ പാലിക്കേണ്ട നിലകളും ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്താൻ തുടങ്ങിയതോടെ തസവുഫും വിജ്ഞാന ശാഖയായി വികസിക്കാനുള്ള പശ്ചാത്തലം ഒരുങ്ങി. ‘ലുമഅ്’ , ‘അൽ രിസാലത്തുൽ ഖുശൈരിയ്യ’, എന്നിവക്ക് പുറമെ ഇമാം ഗസ്സാലിയുടെ ഗ്രന്ഥങ്ങളും വന്നതോടെ തസവുഫ് ലക്ഷണമൊത്ത വിജ്ഞാന ശാഖയായി.
മുസ്‌ലിംകൾക്കിടയിൽ തസവുഫ് ശക്തിപ്പെടുകയും തസവുഫിനെ സംബന്ധിച്ചുള്ള ചർച്ചകളും പഠനങ്ങളും സജീവമാവുകയും ചെയ്തു. ഇത് പറയുമ്പോൾ തസവുഫ് മുസ്‌ലിംകൾക്കിടയിൽ വന്ന ഘട്ടം ഘട്ടമായി ശക്തിപ്പെട്ട ഒരു പുതിയ കാര്യമാണെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. എന്നാൽ തസവുഫ് എന്ന് ഹിജ്റ മുന്നാം നൂറ്റാണ്ടുമുതൽ വിളിക്കപ്പെട്ട ഇസ്‌ലാമിക ആത്മീയ ജീവിതം പ്രവാചകരുടെടെയും സ്വഹാബത്തിന്റെയും ജീവിതത്തിൽ നിന്ന് തുടങ്ങിയതാണ്. കാലക്രമേണ ഭൗതിക താത്പര്യം ആളുകളിൽ വർധിച്ചപ്പോൾ സ്വഹാബത്തിൻ്റെ മാതൃകയിൽ ജീവിച്ചവർ തസവുഫിന്റെ ലേബലിൽ അറിയപ്പെടാൻ തുടങ്ങിയെന്ന് ഇബ്നുഖൽദൂൻ മുഖദ്ദിമയിൽ പറയുന്നുണ്ട് (പേജ് 611). ജനങ്ങളിൽ ഭൗതിക താത്പര്യങ്ങളും അതിനനുസൃതമായ നീക്കങ്ങളും വർദ്ധിച്ചപ്പോൾ അതിനെ പ്രതിരോധിക്കുന്ന ഒരു വിഭാഗമായി രംഗത്തുവന്ന സൂഫികൾക്ക് പണ്ഡിതരുടെ ഭാഗത്ത് നിന്നുപോലും വിമർശനങ്ങൾ ഉണ്ടായിരുന്നു. ഈ വിമർശനങ്ങളെ പ്രധിരോധിച്ച സൂഫികളിൽ പ്രധാനികളാണ് ഹിജ്റ 298 ൽ വഫാത്തായ ജൂനൈദുൽ ബഗ്ദാദി(റ)യും , ഹിജ്റ 505 ൽ വഫാത്തായ ഇമാം ഗസ്സാലി(റ)യും. പണ്ഡിതർക്കും സ്വീകാര്യമായതോടെ തസവുഫ് ശക്തിപ്പെട്ടു.
എന്നാൽ യൂറോപ്യർ ഇസ്‌ലാമിക് തസവുഫിനെ അറിയാൻ തുടങ്ങിയത് എ.ഡി 13ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. എ.ഡി 1316 ൽ നിര്യാതനായ സ്പാനിഷ് ക്രൈസ്തവ തത്വചിന്തകൻ റേമന്‍ ലുള്‍ (Ramon Llull) സൂഫി സാഹിത്യത്തെ പഠന വിധേയമാക്കിയിരുന്നത്രെ! ഫ്രാൻസ് രാജാവായ സെന്റ് ലൂയിസിന്റെ (Louis- IX) ഉപദേശകനായിരുന്ന ജീന്‍ ഡെ ജോണ്‍വില്‍ (Jean de Joinville) പതിമൂന്നാം നൂറ്റാണ്ടിൽ റാബിഅത്തുൽ അദവിയ്യ(റ)യുടെ ചരിതം യൂറോപ്പിന് പരിചയപ്പെടുത്തി. മഹതി റാബിയ(റ)യാണ് യൂറോപ്പ് മനസ്സിലാക്കിയ ആദ്യ സൂഫി വ്യക്തിത്വം.
തസവുഫിനെ പരിചയപ്പെടാൻ യൂറോപ്പിന് കൂടുതൽ സഹായകമായത് പേർഷ്യൻ ഭാഷയിലുള്ള സൂഫി ഗ്രന്ഥങ്ങളായിരുന്നു. ഹിജ്റ ഏഴാം നൂറ്റാണ്ടിൽ ജീവിച്ച പേർഷ്യൻ കവി സഅദീ അശ്ശീറാസിയുടെ ചില സൂഫി രചനകൾ ജർമൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോൾ അതിന് വലിയ സ്വീകാര്യത ലഭിച്ചു. ജർമൻ ഗവേഷകനായ ആഡം ഒലീരിയസ് (Adam Olearius) ആയിരുന്നു ശീറാസിയുടെ രചനയെ ജർമനിക്ക് പരിചയപ്പെടുത്തിയത്. എ.ഡി 1877 ൽ നിര്യാതനായ ജർമൻ ഗവേഷകൻ ആഗസ്റ്റ് തോലക് (August Tholuck) ആണ് യൂറോപ്യൻ ഗവേഷകരിൽ ആദ്യമായി തസവുഫിനെ സംബന്ധിച്ച് ഗ്രന്ഥം രചിച്ചത്. 1821 ലാണ് അദ്ദേഹത്തിന്റെ ആദ്യ പുസ്തകം വഹ്ദത്തുൽ വുജൂദിനെ സംബന്ധിച്ച് പബ്ലിഷ് ചെയ്യപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ തസവുഫിനെ സംബന്ധിച്ചുള്ള പഠനം യൂറോപ്യർക്കിടയിൽ സജീവമായി. ഇരുപതാം നൂറ്റാണ്ടോടുകൂടി അക്കാദമിക് തലത്തിൽ ഇത്തരം പഠനങ്ങളും ഗവേഷണങ്ങളും ചൂടുപിടിച്ചു. തസവുഫിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ യൂണിവേഴ്സിറ്റികളിലും മറ്റു അക്കാദമിക് തലങ്ങളിലും സഗൗരവം നടക്കാൻ തുടങ്ങി. ഈ ചർച്ചകളിൽ അവലംബമാക്കപ്പെടേണ്ട പ്രധാന ഗ്രന്ഥങ്ങളായി ചില ഓറിയന്റലിസ്റ്റുകളുടെ രചനകൾ സ്ഥാനം പിടിച്ചു. അവരിൽ പ്രധാനികളാണ് 1921 ൽ ചരമമടഞ്ഞ ഇഗ്നാക് ഗോള്‍സിയര്‍ (Ignác Goldziher), 1945ൽ നിര്യാതനായ റെയ്‌നോള്‍ഡ് അലെന്‍ നിക്കോള്‍സണ്‍ (Reynold Alleyne Nicholson) എന്നിവർ.
തസവുഫിനെ സംബന്ധിച്ച് അക്കാദമിക് തലത്തിൽ നടക്കുന്ന പഠനങ്ങളിൽ ഓറിയന്റലിസ്റ്റുകളുടെ പഠനങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. യഥാർഥത്തിൽ ഓറിയന്റലിസ്റ്റുകളുടെ പഠനം വരുന്നത് ഇസ്‌ലാമിനെ സംബന്ധിച്ചുള്ള അവരുടെ വിമർശന പഠനത്തിന്റെ ഭാഗമായാണ്. തസവുഫിലുള്ള അവരുടെ പഠനങ്ങളിലും ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്നത് പ്രകടമാണ്. ഉദാഹരണമായി, ജൂത-ക്രൈസ്തവ സ്വാധീനം കൊണ്ടാണ് മഹാനായ പ്രവാചകർ(സ) തങ്ങളിൽ ആത്മീയ വശം ഉണ്ടായതെന്ന് നിക്കോള്‍സന്‍ (Nicholson), ഗോള്‍സിയര്‍ (Golbziher) എന്നിവര്‍ പറഞ്ഞുവെക്കുന്നുണ്ട്. (Nicholson ഇസ്‌ലാമിക് തസവ്വുഫും ചരിത്രവും Translated to Arabic by Abul Alla Afeefi പേജ് 43, Golbziher ഇസ്‌ലാമിക ശരീഅത്തും വിശ്വാസവും Translated to Arabic by Muhammed Yusuf Moosa, Ali hassan Abdul Qadir, Abdul Azeez Abdul Haque പേജ് 15) തസവുഫിനെ വിമർശിക്കാൻ പുത്തനാശയക്കാർ ഉന്നയിക്കാറുള്ള വാദങ്ങൾ ഓറിയന്റലിസ്റ്റുകളുടെ സംഭാവനയാണ്.