എക്സ്. ഇസ്‌ലാം: പ്രഹേളിക

Ex.ഇസ്‌ലാം: പ്രഹേളിക

ഇസ്‌ലാമിക നിഷേധികളെ ചെറുക്കാന്‍ ഇസ്‌ലാമിനെ യുക്തിഭദ്രമാക്കാന്‍ നടത്തിയ അര്‍ഥരഹിതവും അപകടകരവുമായ ചിന്താരീതിയായിരുന്നു ഇഅ്തിസാലിസം. ശത്രുക്കള്‍ക്കിടയില്‍ മതിപ്പുണ്ടാക്കും എന്നുള്ള അപകര്‍ശതയായിരുന്നു അവരുടെ പ്രേരണ. ഇലാഹീകലാം അനാദിയാണെങ്കില്‍ അതിന്റെ ഭാഗമാണെന്ന് ഖുര്‍ആന്‍ പറയുന്ന ഈസ(അ)ക്കും അനാദിത്വം നല്‍കേണ്ടിവരില്ലേ എന്ന അക്കാലത്തെ വിവരദോഷ യുക്തിയായിരുന്നു ഖുര്‍ആന്‍ സൃഷ്ടിവാദത്തിലേക്ക് അവരെ നയിച്ചത്. അല്ലാഹുവിന് അടിമകളോട് കടപ്പാടുണ്ടാവും, അവന്‍ നീതിസങ്കല്‍പ്പത്താല്‍ നിയന്ത്രിതനാവണം തുടങ്ങിയ ധാരണകളാണ് പ്രാപഞ്ചിക വ്യവഹാരങ്ങളിലും മനുഷ്യകര്‍മങ്ങളിലും കാര്യകാര്യണ ബന്ധമാണ് പരമാധാരം എന്ന വാദത്തിലേക്ക് അവരെയെത്തിച്ചത്. യൂറോപ്യന്‍-യവന ഭൗതിക വാദത്തിന്റെ, മതനിഷേധത്തിന്റെ അടിസ്ഥാനം അത് തന്നെയാണെന്നവര്‍ ഓര്‍ത്തില്ല. ആത്മാര്‍ത്ഥതയും അജ്ഞതയും ഒന്നിച്ച മത യുക്തിയായിരുന്നു മുഅ്തസിലിസമെങ്കില്‍ അതിന്റെ നിയോപതിപ്പുകള്‍ തന്നെയാണ് ഇപ്പോഴും പല പേരുകളിലാണ് ഇവിടെ നിലനില്‍ക്കുന്നത്. ഈജിപ്തടങ്ങുന്ന മധ്യപൗരസ്ത്യ ദേശത്ത് ഇസ്‌ലാമിക് മോഡേണിസവും യൂറോപ്പില്‍ ശാസ്ത്രീയ മുന്നേറ്റവും സംഭവിക്കുന്നത് ഏകദേശം ഒരേകാലത്തായിരുന്നു. അതിനാല്‍, ശാസ്ത്രീയമായി തെളിയിക്കാനാവുന്ന കാര്യങ്ങള്‍ മാത്രമേ ഇസ്‌ലാമിലുള്ളൂ എന്ന് വരുത്തേണ്ട ബൗദ്ധികദാസ്യം ചിലര്‍ ഏറ്റെടുക്കുകയും ചിലരില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുകയായിരുന്നു. വിശ്വാസത്തിന് വീര്യമോ വിജ്ഞാനത്തിന് വേരുകളോ ഇല്ലാത്ത , ദീനിനെ രാഷ്ട്രീയ വ്യവസ്ഥയായും അക്ഷരപ്രമാണങ്ങളായും മാത്രം വീക്ഷിച്ച ദുര്‍ബല മുസ്‌ലിംകള്‍ക്ക് തോന്നിയ അപകര്‍ഷതാബോധമായിരുന്നു Ex Muslim എന്ന അനര്‍ഥ പ്രതിഭാസത്തിന്റെ ഫാക്ടറി തുറക്കപ്പെട്ട അടിനിലങ്ങള്‍.

കാലഹരണപ്പെട്ട ഇസ്‌ലാമിക ജ്ഞാനനിര്‍ദ്ധാരണ മാര്‍ഗങ്ങള്‍ അവലംബിക്കാതെ, യൂറോപ്യന്‍ ശാസ്ത്രീയ ബോധവും സ്വതന്ത്രചിന്തയും
ആധാരമാക്കിയാണ് ഇസ്‌ലാം പുന:വായന നടത്തേണ്ടത് എന്നവര്‍ ശഠിക്കുകയും, എന്നാല്‍ അങ്ങനെ പോലും ചെയ്യാതിരിക്കുകയും ചെയ്യുകയായിരുന്നു അവര്‍. അവര്‍, പദാര്‍ഥ വാദത്തിനനുസരിച്ച് ഇസ്‌ലാമിനെ ബാഹ്യമായി ബോഡിഷെയിമിങ്ങ് നടത്തുക മാത്രമായിരുന്നു, മാംസവും മജ്ജ യും പരിഗണിച്ചേയില്ല, ഇസ്‌ലാമിനെ ശാസ്ത്രീയ വിശകലനം ചെയ്യാനും തയ്യാറായില്ല. ശാസ്ത്രം എന്നാല്‍ ഭൗതിക ശാസ്ത്രം എന്ന തടവറയില്‍ അവര്‍ മുട്ടിലിഴഞ്ഞ് ചെന്നിരുന്ന് കൊടുക്കുകയായിരുന്നു.

ഈ ഭാഗം വിലയിരുത്തുമ്പോള്‍, എന്തായിരുന്നു യൂറോപ്യന്‍ സ്വതന്ത്രചിന്ത എന്നത് കൂടി നോക്കേണ്ടിവരും. എങ്ങനെയാണ് യൂറോപ്യന്‍ ദാര്‍ശനികവാദികളുടെ വസ്തുതാപരിശോധന എന്നറിഞ്ഞിരുന്നുവെങ്കില്‍ മുഹമ്മദ് അബ്ദു, റഷീദ് രിദ, ജമാലുദ്ധീന്‍ അഫ്ഗാനി, ഫരീദ് വജ്ദി, മുസ്തഫാ മറാഗി, ഖാസിം അമീന്‍, ഹുസൈന്‍ ഹൈക്കല്‍ തുടങ്ങിയ മുസ്‌ലിം മോഡേണിസ്റ്റുകളുടെ വാദങ്ങള്‍ അവരെത്തന്നെ തിരിഞ്ഞു കുത്തുമായിരുന്നു. റെനെ ദെക്കാര്‍ത് , ഇമ്മാനുവല്‍ കാന്റ്, ബറൂച് സ്പിനോസ എന്നിവരുടെ ആശയവാദവും ഫ്രാന്‍സിസ് ബേക്കണ്‍, ജോണ്‍ സ്റ്റാര്‍ട്ട്മില്‍ തുടങ്ങിയവരുടെ അനുഭവ വാദവും സമം ചേര്‍ത്ത പതിപ്പായിരുന്നു ഇസ്‌ലാമിക് മോഡേണിസം എന്ന് സൂക്ഷ്മ നിരീക്ഷണത്തില്‍ ബോധ്യമാവും. ഏതൊരുകാര്യവും സ്വീകരിക്കേണമോ, നിരാകരിക്കേണമോ എന്ന കാര്യത്തില്‍ നിരുപാധികമായ തീര്‍പ്പ് ഉണ്ടാക്കിയതിന് ശേഷം, അതിനനുകൂലമായ രീതിയില്‍ തെളിവുകള്‍ പരിശോധിക്കുക എന്നതാണ് വാസ്തവത്തില്‍ യൂറോപ്യന്‍ രീതി. വിചിത്രമെന്ന് പറയട്ടെ, നിരീശ്വരവാദികള്‍ ഈശ്വരവാദികള്‍ക്കെതിരെ മറിച്ചുന്നയിച്ച് മുന്‍കൂര്‍ ജാമ്യം നേടുന്ന ഒരു വസ്തുത കൂടിയാണിത്. അമേരിക്കന്‍ തത്വചിന്തകനായ വില്യം ജയിംസ് രചിച്ച Pragmatism എന്ന കൃതി അതിനെ ഒരു സ്വീകാര്യ ചിന്താരീതിയായി അംഗീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് താത്വികനായ Jermy Bentham, Alfred von kremer, Georges anawati, Luice Gardet തുടങ്ങിയവര്‍ അതേ രീതി ഔദ്യോഗികമായി അവലംബിച്ചവരാണ്. അവര്‍ രചിച്ച The philosophy of religious thought between Islam and Christianity, H A R Gibb രചിച്ച The structure of religious thought in Islam തുടങ്ങിയ കൃതികള്‍ ആധുനിക ശാസ്ത്രീയ യാഥാര്‍ഥ്യങ്ങള്‍ക്ക് അപ്രാപ്യമായ മതവിശ്വാസം തള്ളപ്പെടേണ്ടതാണ് എന്ന് പ്രഖ്യാപിച്ചതാണ്. മുസ്‌ലിം മോഡേണിസ്റ്റുകള്‍ സ്വീകരിച്ച നിര്‍ണയങ്ങള്‍ ഇവരുടേതാണ്. അക്കാലത്തെ ശാസ്ത്രീയ യാഥാര്‍ഥ്യങ്ങളില്‍ പലതും നൂറ്-നൂറ്റമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം തള്ളപ്പെട്ടു. സ്ഥായിയല്ലാത്ത തുടരന്വേഷണങ്ങളാണ് ശാസ്ത്രീയ നിഗമനങ്ങള്‍ എന്നത് അത്തിരക്കുകള്‍ക്കിടയില്‍ അവർ മറന്നുപോയി. ആധുനിക Ex muslims ഉല്‍പാദനം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍, ആദ്യം വിചാരണചെയ്യപ്പെടേണ്ട വ്യക്തി മുഹമ്മദ് അബ്ദു തന്നെയായിരിക്കും. ഇദ്ദേഹത്തിന്റെ ‘രിസാലത്തൗഹീദ്’ എന്ന ഗ്രന്ഥമാണ് നിയോ മുഅ്തസിലിസ (Neo Mu’thasilism)ത്തിന്റെ ബൈബിള്‍. വഹ് യ് – ദിവ്യബോധനം – (Revelation ) എന്ന രിസാലത്തിന്റെ അടിസ്ഥാനത്തെ തന്നെ അദ്ദേഹം നിരാകരിച്ചു . പ്രവാചക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ അമാനുഷിക സംഭവങ്ങളെയും നിഷേധിച്ചു. രിസാലത്ത് എന്നാല്‍ ആകാശദൂത് അല്ലെന്നും, ഉയര്‍ന്ന മനോ നിലവാരമുള്ള വ്യക്തിയില്‍ ജനിക്കുന്ന അന്തഃജ്ഞാനമാണെന്നും വാദിച്ചു.

Muhammad Abduh

പാശ്ചാത്യ യുക്തി ചിന്തകന്മാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത അഭൗമികവും അലൗകികവുമായ (Metaphysical &Super natural) എല്ലാ കാര്യങ്ങളെയും മുഹമ്മദ് അബ്ദു നിശ്ശേഷം തള്ളിക്കളഞ്ഞു. അദ്ദേഹത്തിന്റെ വാദങ്ങള്‍ക്ക് എതിരാവുന്ന ഹദീസുകള്‍ വ്യാജമാണ് എന്ന് സ്വന്തം താൽപര്യ പ്രകാരം പറയുമായിരുന്നു കക്ഷി. പ്രത്യുപകാരമെന്നോണം ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നേതൃനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. മുഹമ്മദ് അബ്ദുവിനെ ന്യായീകരിക്കുന്നവര്‍ മനസ്സിലാക്കാത്ത ഒരു കാര്യം, അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വഹ് യ് എന്നാല്‍ പ്രവാചകന്റെ ആന്തരിക പ്രക്രിയകളാണ് എന്നാണ്. മുഹമ്മദ് അബ്ദു, രിസാലതുത്തൗഹീദില്‍ രിസാലതിനെ നിര്‍വചിക്കുന്നത് പ്രവാചകന് സ്വയം ബോധ്യം വന്ന ജ്ഞാനമാണ് രിസാലത് എന്നാണ്. ഇത് പാശ്ചാത്യ ജ്ഞാനോദയ സിദ്ധാന്ത പ്രകാരമുള്ള Self vaid truth തിയറിയുടെ പച്ചപ്പകര്‍പ്പാണ്. അല്ലാഹുവിങ്കല്‍ നിന്ന് നേരിട്ടോ മാധ്യമങ്ങള്‍ മുഖേനെയോ ഉള്ളതാണെന്ന് സ്വയം ബോധ്യം വന്ന ജ്ഞാനമാണ് ദിവ്യബോധനം എന്ന് പറയുമ്പോള്‍, പ്രവാചകന് തോന്നുന്നത് ബോധ്യമാണെന്ന് ആര് സാക്ഷ്യപ്പെടുത്തും. തോന്നല്‍ പുറപ്പെട്ടത് അല്ലാഹുവില്‍ നിന്നാണെന്ന് ആര് പറഞ്ഞ് കൊടുക്കും. വിശപ്പ്, ദാഹം, സന്തോഷം, സന്താപം തുടങ്ങിയ അനുഭവങ്ങള്‍ പോലെയാണ് ബോധനം എന്ന് പറയുമ്പോള്‍, ഇസ്‌ലാം മുഹമ്മദിന്റെ ( സ) സ്വാര്‍ഥ ജല്‍പനങ്ങളായിരുന്നുവെന്ന് നേരിട്ട് പറയുന്ന നാസ്തികര്‍ക്കാണ് ദിശാബോധം ലഭിക്കുന്നത്. ഖാസിം അമീന്‍ ആയിരുന്നു മുഹമ്മദ് അബ്ദുവിനേക്കാള്‍ സ്വേഷ്ടകള്‍ മതവ്യാഖ്യാനങ്ങളില്‍ ചേര്‍ത്ത മോഡേണിസ്റ്റ് . ഇസ്‌ലാമിക് ഫെമിനിസത്തിന്റെ വക്താവാണ് ഖാസിം അമീന്‍. ചാള്‍സ് ഡാര്‍വിനിനിന്റെ പരിണാമവാദവും ഹെര്‍ബര്‍ട് സ്‌പെന്‍സറുടെ ജ്ഞാനനിര്‍ദ്ധാരണ മാര്‍ഗങ്ങളും ജോണ്‍ സ്റ്റാര്‍ട്ട് മില്ലിന്റെ മാനവികതാമൂല്യങ്ങളും അംഗീകരിക്കുക വഴി ‘ആസ്തിക യുക്തിവാദം’ എന്ന വൈരുധ്യാധിഷ്ഠിത ചിന്താരീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഈ ഖാസിം അമീനെ തത്വാധിഷ്ഠിതമായി അനുധാവനം ചെയ്തു കൊണ്ടായിരുന്നു ഹുസൈന്‍ ഹൈക്കല്‍ പ്രവാചക ജീവിതം എഴുതിയത്. 1968 ല്‍ ഇസ്രായേല്‍ എന്ന സിയോണിസ്റ്റ് രാജ്യത്തെ ഔദ്യോഗിക റേഡിയോ നബിദിനത്തോടനുബന്ധിച്ച് പ്രക്ഷേപണം ചെയ്ത സീറാപാരായണത്തിന് തെരെഞ്ഞെടുത്ത കൃതി പ്രസ്തുത പുസ്തകമായത് വെറുതെയല്ല എന്ന് ചുരുക്കം. കഥയറിയാതെ, നബിയെ പഠിക്കാന്‍ പോവുന്നവര്‍ യുക്തിരഹിത മുസ്‌ലിം യുക്തിവാദിയാവുന്നത് മിച്ചം. അദ്ദേഹം രചിച്ച പ്രവാചകന്‍, ദിവ്യ കേന്ദ്രവുമായി അസാധാരണ ബന്ധമില്ലാത്ത, ഉയര്‍ന്ന മാനസികനിലവാരവും രാഷ്ട്രീയ ലക്ഷ്യങ്ങളുമുള്ള പരിഷ്‌കര്‍ത്താവ് മാത്രമായിരുന്നു. ആറാം നൂറ്റാണ്ടില്‍ ജീവിച്ച വെളുത്ത മുസ്‌ലിം ഗാന്ധിജിയായി അന്ത്യപ്രവാചകനെ അവതരിപ്പിച്ച ആ പ്രജ്ഞാപരാധം അര്‍ഹിക്കുന്നത് അവജ്ഞ മാത്രമാണ്. 19- 20 നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ ഉണ്ടായ വമ്പിച്ച ശാസ്ത്രീയ പുരോഗതികള്‍ കണ്ട് ആത്മചരിതബോധമില്ലാതെ തോന്നിയ അപകര്‍ഷതയാണ് ഹൈക്കലിനെ പല വിഡ്ഢിത്തങ്ങള്‍ക്കും പ്രേരിപ്പിച്ചത്. അദ്ദേഹം മറ്റു പലരുടെയും താക്കോലായി പ്രവര്‍ത്തിച്ചു. ശാസ്ത്രബോധം എന്ന ദുരുപയോഗിത പ്രയോഗത്തിന്റെ ഇരകളായിരുന്നു അവരില്‍ പലരും. ഹൈക്കലിന് ആമുഖമെഴുതി ബലം പകര്‍ന്ന ഫരീദ് വജ്ദി , അല്‍ അസ്ഹറിന്റെ ഇത്തരം ധൈഷണിക വാമനത്വങ്ങളെ ചോദ്യം ചെയ്ത അല്ലാമാ മുസ്ത്വഫാ സബ്രിക്ക് മറുപടിയായി 30- 8-1937 ല്‍ അല്‍ അഹ്‌റാം പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പരാമൃഷ്ട നാസ്തിക പ്രീണനം തുറന്നെഴുതിയിട്ടുണ്ട്. ‘ശാസ്ത്രീയ പുരോയാനത്തിന്റെ വഴികളില്‍ തങ്ങളുടെ മതവും, മറ്റുപല മതങ്ങളെപ്പോലെ, ഭാവനാസൃഷ്ടി മാത്രമാവുമെന്ന ഭയത്താല്‍ പൗരസ്ത്യ മുസ്‌ലിം പണ്ഡിതന്മാര്‍ ഒരക്ഷരം എതിര്‍ത്തുരിയാടിയില്ല , ശാസ്ത്രം പുരോഗമിച്ചാല്‍ വിശ്വാസികള്‍ നാസ്തികന്മാരാവുമെന്ന് അവര്‍ക്കറിയാമായിരുന്നു’ ഈ ലേഖനം വന്നയുടനെയാണ് അദ്ദേഹം അല്‍ അസ്ഹറിലെ ചീഫ് എഡിറ്ററായി അവരോധിതനാവുന്നത്. മതവും ഭൗതികശാസ്ത്രവും വിരുദ്ധ സംയുക്തങ്ങളാണെന്ന തനി ഭൗതികധാരണയാണ് ഈ ചിന്താഗതിക്ക് പിന്നില്‍. യുക്തിമാത്രവാദത്തേക്കാള്‍ അയുക്തികം മറ്റൊന്നുമില്ല.

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article
മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം

മലയാള യുക്തിവാദത്തിന്റെ ഗതിമാറ്റം

Next Article

നാസ്തികത മാത്രമല്ല നവനാസ്തികത

Related Posts
Total
0
Share