ഖബീലകൾ: പേരുകളിലെ പൊരുളും പുകളും

  • ബാഫഖീഹ്: സയ്യിദ് മുഹമ്മദ് മൗലാ ഐദീദ് മകൻ അലവി എന്നവരുടെ സന്താനങ്ങൾക്കാണ് ആലു ബാഫഖീഹ് എന്ന് പറയുന്നത്. ഫിഖ്ഹിൽ കൂടുതൽ പാണ്ഡിത്യം ഉള്ളത് കാരണമാണ് ഈ പേര് വന്നത്.
  • ജിഫ്‌രി; ശൈഖ് അബ്ദുറഹ്മാൻ ജിഫ്രിയുടെ മാതൃ പിതാ മഹൻ ശൈഖ് അബ്ദുറഹ്മാൻ സഖാഫ് ഒരിക്കൽ പേരക്കുട്ടിയെ കണ്ടപ്പോൾ അഹ്‌ലൻ ബി ജിഫ്റതീ എന്ന് പറയുകയുണ്ടായി. ശരീരം പുഷ്ടിയുള്ളവരെ വരെ സംബന്ധിച്ച് ആലങ്കാരികമായി ജിഫ്‌രി എന്ന് പറയും. ഇത് കാരണമാണ് ജിഫ്‌രി എന്ന പേര് ലഭിച്ചത്.
  • ജമലുല്ലൈൽ; ശൈഖ് മുഹമ്മദ് ജമലുല്ലൈൽ തങ്ങൾ തഹജ്ജുദ് നിസ്കാരത്തിന് തക്ബീർ കെട്ടിയാൽ സലാം വീട്ടുന്നത് സുബഹി ആയ ശേഷമാണത്രേ. സുബഹി അവരുടെ സലാം വീട്ടലുമായി ബന്ധിക്കപ്പെട്ട പോലെ രാത്രി മുഴുവൻ ഉറക്കമൊഴിച്ച് ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു. രാത്രിയിൽ ഉറക്കമൊഴിച്ച് ആരാധനയിൽ മുഴുകിയതിനാലാണ് ഈ നാമം ലഭിച്ചത്. മറ്റു കാരണങ്ങളും ഉണ്ട്.
  • മൗലദ്ദവീല; മുഹമ്മദ് ബ്നു അലി ഇബ്നു അലവി ഫഖീഹ് മുഖദ്ദം എന്നവർ ഹളർ മൗത്തിന്റെ കിഴക്കൻ പ്രദേശമായ യബ്ഹർ എന്ന സ്ഥലത്തെ നദിക്കരയിൽ ഒരു വീട് നിർമ്മിച്ചു. ഇതോടെ പലരും അവിടെ വീട് ഉണ്ടാക്കാൻ തുടങ്ങി. അവിടം ചെറിയ ഒരു ഗ്രാമമായി. സമീപഗ്രാമമായ ദവീലയിലും ജനവാസം തുടങ്ങി. അവിടെ താമസം ഉറപ്പിച്ചതോടെ മൗലദ്ദവീല എന്ന പേര് വിളിക്കപ്പെട്ടു
  • ശിഹാബുദ്ധീൻ; ശൈഖ് അബൂബക്ർ സക്റാൻ്റെ മകൻ ശൈഖ് അലി മകൻ അബ്ദുറഹ്മാൻ മകൻ അഹ്മദ് ശിഹാബുദ്ദീൻ എന്നവരിലേക്ക് ചേർത്തിയാണ് ശിഹാബുദ്ധീൻ എന്ന് പറയുന്നത്. വലിയ സ്ഥാനവും ബഹുമാനവും ഉള്ളവരായതിനാലാണ് ശിഹാബുദ്ധീൻ അഥവാ ദീനിന്റെ ചെങ്കോൽ എന്നർഥം വരുന്ന ഈ നാമം ലഭിച്ചത്. ഇത് ലോപിച്ചാണ് ശിഹാബ് രൂപപ്പെട്ടത്.
  • ഐദറൂസ്; സയ്യിദ് അബൂബക്ർ സക്റാൻ എന്നവരുടെ മകൻ അബ്ദുല്ല എന്ന പേരിലേക്ക് ചേർത്താണ് ഐദറൂസ് എന്ന് പ്രയോഗിച്ചുവരുന്നത്. ഐദറൂസ് എന്നത് അത്റസത് എന്നതിന്റെ ഭാവഭേദമാണെന്നും അത്റസത് എന്ന അറബി വാക്കിന്റെ അർഥം ശക്തമായി പിടിക്കുക എന്നാണെന്നും ഇത് സിംഹത്തിന്റെ പ്രത്യേക ഗുണമാണെന്നും അബ്ദുല്ലാഹിൽ ഐദറൂസി തങ്ങൾ ഔലിയാക്കളിൽ ഉന്നതസ്ഥാനം കൈവരിച്ചത് കൊണ്ട് ഇങ്ങനെ പേര് വന്നതെന്നും മശ്റഉറവിയ്യും മറ്റും രേഖപ്പെടുത്തുന്നു.
  • ബാഅലവി; മഹാനായ ഇമാം ജഅ്ഫർ സ്വാദിഖ് (റ) പൗത്രൻ മുഹമ്മദ് മകൻ ഈസ മകൻ അഹ്മദ് മകൻ ഉബൈദുല്ലാഹി മകൻ അലവി എന്ന പേരിലേക്ക് ചേർത്തിയാണ് ബാഅലവി എന്ന് വിളിക്കുന്നത്. ബാ അലവി എന്നാൽ അലവിയുടെ മകൻ എന്നാണ് അർത്ഥം. ഇങ്ങനെ പ്രയോഗിക്കാറുണ്ടെന്ന് മശ്റഉറവിയ്യ്, ഫൈളുസ്സാരി തുടങ്ങിയ കിതാബുകളിലുണ്ട്.
  • മശ്ഹൂർ; സയ്യിദ് ശിഹാബുദ്ധീൻ അസ്ഹറിന്റെ പൗത്രൻ അഹ്മദ് മകൻ മുഹമ്മദ് മശ്ഹൂറിന്റെ സന്താനങ്ങളിലേക്ക് ചേർത്തി ആലുമശ്ഹൂർ എന്ന് പറയുന്നു. ജ്ഞാനം, ഭക്തി, തഖ് വ ,സൂക്ഷ്മത എന്നിവ കൊണ്ട് പ്രശസ്തി നേടിയതിനാൽ മശ്ഹൂർ എന്ന പേരിലറിയപ്പെട്ടു.
  • സഖാഫ്; ഫകീഹുൽ മുഖദ്ദമിന്റെ മകൻ അലവി മകൻ അലി മകൻ മുഹമ്മദ് മൗലദ്ദവീല മകൻ ഇമാം അബ്ദുറഹ്മാൻ എന്നവർക്കാണ് ആദ്യമായി ഈ പേര് ലഭിച്ചത്. ജനങ്ങളിൽ നിന്നും അകന്നു നിൽക്കുകയും പ്രശസ്തി ആഗ്രഹിക്കാതിരിക്കുകയും ചെയ്തതിലൂടെ അദ്ദേഹം ആ കാലഘട്ടത്തിലെ ഔലിയാക്കളിൽ ഉന്നത സ്ഥാനത്തെത്തുകയും വീടിന്റെ തട്ടു(മച്ച്) പോലെ മറ്റുള്ളവരേക്കാൾ ഉന്നതിയിൽ എത്തുകയും ചെയ്തതിനാൽ സഖാഫ് എന്ന പേരു ലഭിച്ചുവത്രെ.
  • തുറാബിയ്യ് ; ഇമാം ഹസൻ തുറാബിലേക്ക് ചേർത്തിയാണ് തുറാബിയ്യ് എന്ന് പറയുന്നത്. വിനയം കാരണമാണ് ഈ പേര് വന്നത്.
  • മൗലാഖൈലാ; അബ്ദുറഹ്മാൻ ബ്നു അബ്ദുല്ലാഹി ബ്നു അലവി ബ്നു മൗലദ്ദവീലക്കാണ് ആദ്യമായി മൗലാ ഖൈലാ എന്ന സ്ഥാനപേര് ലഭിച്ചത്. തരീമിന്റെ പടിഞ്ഞാറു ഭാഗത്തുള്ള പർവതമാണ് ഖൈല. ഇവിടെ താമസമാക്കിയതിനാലാണ് ഈ പേര് കൈവന്നത്.
  • ആലുഹദ്ദാദ്; അഹ്മദ് അബൂബകർ ബ്‌നു അഹ്മദ് മുസ്രിഫക്കാണ് ആദ്യമായി ഈ പേര് ലഭിച്ചത്. ജനങ്ങളിൽ നിന്നും അകന്നു നിൽക്കാൻ വേണ്ടി കൊല്ലന്റെ അടുത്ത് കൂടുതൽ ഇരുന്നത് നിമിത്തമാണ് ഈ നാമം വന്നത്.
  • ആലുഖരിദ്; അലവി ഖാദിരിയുടെ സന്താന പരമ്പരക്കാണ് ആലുഖരിദ് എന്നു പറയുന്നത്. സയ്യിദ് അലവി എന്നവർ അഖ്റൂൻ താഴ് വരയിലെ ഖരിദ് ഗുഹയിൽ ദിവസങ്ങളോളം ആരാധനാ നിമഗ്നനായതാണ് ഈ പേരിനു നിദാനം.
  • ആലുമുഹ്ളാർ; ഉമർ മുഹ്ളാർ എന്നവരുടെ സന്താനപരമ്പരക്കു ആലുമുഹ്ളാർ എന്നു പറയുന്നു.
  • ആലുമുശയ്യഹ്; അബൂബക്ർ സക്റാൻ മകൻ ശൈഖ് അലി മകൻ അബ്ദുല്ല മകൻ മുശയ്യഹിന്റെ സന്താനങ്ങളാണ് ആലുമുശയ്യഹ്. ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ ശൈഖ് ആയി ഗണിച്ചതിനാലാണ് ഈ പേര് വന്നതെന്ന് അനുമാനിക്കുന്നു.
Total
0
Shares
Previous Article

യുക്തിയുടെ മാനദണ്ഡങ്ങളും യുക്തി വിചാരവും

Next Article

സാദാത്തീ ഖബീലകൾ: തിരുനബിയിൽ ചേരുന്ന വിശുദ്ധ വഴികൾ

Related Posts
Total
0
Share