അനിവാര്യതയുടെ ഘട്ടങ്ങളിൽ പിറന്ന നാടും വീടും നാട്ടുകാരെയും വിട്ടിറങ്ങേണ്ടിവരുന്ന അനന്തമായ യാത്രയാണ് പലായനം (ഹിജ്റ). രാജ്യങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ കാരണവും വ്യക്തിവൈരാഗ്യത്തിന്റെ പേരിലും അധികാരി വർഗങ്ങൾ തൊടുത്തുവിടുന്ന മിസൈലുകൾക്കും ബോംബുകൾക്കും മുന്നിൽ ഇരകളാകുന്നതും ജീവനുവേണ്ടി പലായനം നടത്തേണ്ടിവരുന്നതും പലപ്പോഴും സാധാരണക്കാർ മാത്രം. ഇസ്‌ലാമിക ചരിത്രത്തിൽ പലായനം ചെയ്യാത്ത നബിമാര്‍ ആരും തന്നെയുണ്ടാവില്ല. ആദിമ മനുഷ്യൻ ആദം നബി (അ) സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് വന്നതായിരുന്നു അതില്‍ ആദ്യത്തേത്. പിന്നീട് അദ്ദേഹം തന്നെ നടത്തിയ അനേകം യാത്രകളുണ്ട്.
നൂഹ് നബിയാണ് മറ്റൊരു പ്രധാന വ്യക്തിത്വം. നിഷേധികളായ സമൂഹത്തിൽ നിന്നും രക്ഷപ്പെടാൻ എല്ലാ ജീവജാലങ്ങളില്‍ നിന്നും ഒരു ജോടിയെ മാത്രം തിരെഞ്ഞെടുത്ത് ഭൂമി മുഴുവൻ യാത്രനടത്തിയ പ്രവാചകരാണ് നൂഹ് (അ).
ബഹുദൈവാരാധകരായ വിശ്വാസികൾക്ക് മുമ്പിൽ ഏക ദൈവമായ അല്ലാഹുവിനെ ദൃഢപ്പെടുത്തിയതിന്റെ പേരിൽ പലായനം ചെയ്യപ്പെടേണ്ടിവന്ന പ്രവാചകരാണ് പ്രവാചർ മുഹമ്മദ് നബി (സ)യും ഇബ്റാഹീം നബിയും.
പ്രാണനായകനായ ഇബ്റാഹീം നബിയുടെ അടുക്കല്‍ നിന്ന് വിജനമായ മക്ക മരുഭൂമിയിലേക്ക് പലായനം ചെയ്യേണ്ടി വന്ന ഹാജറയുടെ ഹിജ്റ ഉൾപ്പെടെ അനേകം പലായനങ്ങൾ ചരിത്ര പാഠങ്ങൾ നൽകുന്നുണ്ട്.
പുണ്യ നബിയുടെ ഹിജ്റ
സുഖലോലുപതയിൽ അഭിരമിക്കുന്നവർക്കുള്ള വ്യക്തമായ താക്കീതാണ് പ്രവാചകൻ മുഹമ്മദ്(സ)യുടെ ഹിജ്റ. തൗഹീദിൽ ചാലിച്ച അചഞ്ചലമായ വിശ്വാസം ദൃഢപ്പെടുത്തിയ പ്രവാചകരും സച്ചരിതരായ സ്വഹാബത്തും കൊടിയ മർദനങ്ങൾക്ക് ഇരകളാവേണ്ടി വന്നപ്പോൾ പ്രവാചകരുടെ 53-ാം വയസ്സിൽ ദീനിനു വേണ്ടി എല്ലാം വിട്ടേച്ച് അവർ പുറപ്പെടുകയായിരുന്നു.
മക്കയിലെ രഹസ്യ പ്രബോധനവും ദുഷ്ക്കരമായ സാഹചര്യത്തിൽ, ജഗനിയന്താവായ അല്ലാഹുവിന്റെ ഏകത്വവും മുഹമ്മദ് നബി (സ്വ) അവിടുത്തെ ദിവ്യദൂതനാണെന്ന വിശ്വാസവും ഉറപ്പിച്ച അനുയായികൾ വർധിച്ചുകൊണ്ടേയിരുന്നു. ‘സത്യവിശ്വാസത്തിലേക്ക് കടന്നു വരുവിൻ’ എന്ന വിളംബരം വരുംമുമ്പ് തന്നെ ഇസ്‌ലാം ആശ്ലേഷിച്ചവരുടെ എണ്ണം വർധിച്ചതിൽ വിറളി പൂണ്ട മക്ക മുശ്‌രിക്കുകൾ ദാറുന്നദ്‌വയിൽ സമ്മേളിച്ചു. പുതിയ വിശ്വാസത്തിന്റെ പതനത്തിനു വേണ്ടി അവർ കൂലങ്കഷമായി ചിന്തിച്ചു. എല്ലാ ഗോത്രക്കാരും ഒരേസമയം മുഹമ്മദിന്റെ ശിരസ് വെട്ടുക എന്ന തീരുമാനത്തിൽ യോഗം പിരിച്ചുവിട്ടു. എന്നാൽ അന്ന് രാത്രി തന്നെ മദീനയിലേക്ക് പുറപ്പെടാൻ പ്രവാചകർക്ക് ദിവ്യബോധനം ലഭിച്ചു. അലി (റ) വിനെ തന്റെ വീട്ടിൽ ഉറക്കിക്കിടത്തി, ഉയർത്തിപ്പിടിച്ച ശത്രുവിന്റെ വാളുകൾക്ക് മുമ്പിലൂടെ ധീരനായകൻ പുറപ്പെടുകയായിരുന്നു.
ഖസ്‌വ എന്ന ഒട്ടകപ്പുറത്ത് വഴി കാട്ടിയായ അബ്ദുല്ലാഹി ബിൻ അരീഖ(റ)വും സന്തതസഹചാരിയായ അബൂബക്കർ സിദ്ദീഖ് (റ)വുമായിരുന്നു സഹയാത്രികർ. പലായനത്തിന് തങ്ങളുടെ കൂടെയുണ്ടായിരുന്നവരാണ് മുഹാജിറുകൾ. ഉറച്ച വിശ്വാസത്തിന് വേണ്ടി എല്ലാം പറിച്ചുനട്ടവരാണവർ. ത്വാലഅൽ ബദ്റു പാടി പ്രവാചകരെയും അനുയായികളെയും സ്വീകരിച്ച് ആനയിച്ചിരുത്തി വേണ്ടതെല്ലാം നൽകിയവരാണ് അൻസ്വാറുകൾ.
എന്നാൽ ദാനധർമ്മങ്ങളെക്കൊണ്ട് സപര്യയാക്കിയ അൻസ്വാറുകളെക്കാൾ ഇസ്‌ലാം ആദരിച്ചത് മുഹാജിറുകളെയാണ്. കാരണം പലായനത്തിന്റെ കൈപ്പുനീരറിഞ്ഞവരാണവർ.
അതുകൊണ്ടുതന്നെയാണ് വിശുദ്ധ ഖുർആൻ തൗബ സൂറത്തിന്റെ നൂറാം ആയത്തിൽ
മുഹാജിറുകളെ അൻസ്വാറുകളേക്കാളും മുന്തിച്ചതും താഴ്ഭാഗങ്ങളിൽ കൂടി ആറുകൾ ഒഴുകുന്ന സ്വർഗം അവർക്കായി അല്ലാഹു സജ്ജമാക്കിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചതും
പലായനത്തിന്റെ ആധുനിക രീതികൾ
വർഷിക്കുന്ന റോക്കറ്റുകൾക്ക് മുമ്പിലും തീഗോളങ്ങൾക്കരികിലും വെടിക്കോപ്പുകൾക്കിടയിലും അല്ലാഹു അക്ബർ എന്ന ധ്വനി ഉയർത്തിപ്പിടിക്കുന്ന ഒരുപറ്റം വിശ്വാസി സമൂഹമാണ് ഫലസ്തീൻ ജനത. ജൂത കിരാത കരങ്ങൾക്ക് ബൈത്തുൽ മുഖദ്ദസും പിറന്ന മണ്ണും വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന ഉറച്ച ശബ്ദവും സന്ദേശവും നൽകുകയാണ് ഫലസ്തീനികൾ. എട്ടുമാസത്തിൽ അധികമായി നിരായുധരായ ഈ ജനതയെ കൊന്നു കൊലവിളി നടത്തുകയാണ് സയണിസ്റ്റ് ജൂത പട്ടാളം. പതറാത്ത ആദർശവുമായി ഉറച്ച വിശ്വാസവും മുറുകെ പിടിച്ച് ഫലസ്തീനികൾ അനന്തമായ പലായനം തുടരുകയാണ്.

അറബികളും കത്തോലികരുമല്ലാത്ത ക്രൈസ്തവരും യഹൂദരുമായ 40,000-ത്തോളം പേരെ രണ്ടു ദിവസം കൊണ്ട് പരാജയപ്പെടുത്തിയ ഖുദ്സിന്റെ വിമോചകൻ സ്വലാഹുദ്ദീന്‍ അയ്യൂബി ജറൂസലേം കീഴടക്കിയപ്പോള്‍ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല യൂറോപ്യരെ അവരുടെ നാടുകളിലേക്ക് തിരിച്ചു പോവാന്‍ അനുവദിച്ച് അങ്ങേയറ്റത്തെ കാരുണ്യമാണ് കാണിച്ചത്. ഇസ്‌ലാമിക നേതൃത്വം കാണിച്ചുതന്ന കാരുണ്യത്തിന് പകരം കർസേവ നടത്തുന്ന ജൂത പിശാചുക്കളോട് കാലം പകരം ചോദിക്കുക തന്നെ ചെയ്യും.
ഫലസ്തീനികൾ ചിരിക്കുന്ന ഒരു നാൾ വരുമെന്ന പ്രതീക്ഷയോടെ തങ്ങളെയും നെഞ്ചോട് ചേർത്ത് വെക്കുന്ന ഒരു നേതാവിനെ പ്രതീക്ഷിച്ചവർ കാത്തിരിക്കുകയാണ്.
വിശ്വാസ സംരക്ഷണത്തിന് വേണ്ടി മക്കവിട്ട് മദീനയിലേക്ക് പലായനം ചെയ്ത മുത്ത് നബിയുടെഹിജ്റയുടെ ഓർമ്മപ്പെടുത്തലുകളാണ്
ഫലസ്തീൻ മക്കളുടെ പലായനം .
ഇത്തരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിമായതിന്റെ പേരിൽ കൊടിയ പീഡനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജനതയെ നമുക്ക്കാണാം. കഴിഞ്ഞ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാഷ്‌ലെറ്റ് സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായി പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നത്, ഷിന്‍ജിയാങ് മേഖലയില്‍ ഉയ്ഗൂര്‍ മുസ്‌ലിം വംശജരോട് ചൈന നടത്തുന്ന അതിക്രമങ്ങള്‍ മനുഷ്യരാശിക്കെതിരായ കുറ്റമാണെന്നാണ്. ലൈംഗികാതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും സ്ഥിരമായി ഇവര്‍ ഇരകളാവുന്നുണ്ട്. ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ നിർബന്ധിത വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്തുന്നത് പതിവാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പത്ത് ലക്ഷത്തിലധികം ഉയ്ഗൂര്‍ മുസ്‌ലിങ്ങള്‍ ചൈനയിലെ ഷിന്‍ജിയാങില്‍ വിവിധ ക്യാമ്പുകളിലായി തടവിലുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിടുന്ന വിവരം. ജീവൻ രക്ഷക്ക് വേണ്ടി നാടുവിട്ടോടാൻ പോലും സാധിക്കാത്ത വിധം ഇവർ കാലം തള്ളിനീക്കുകയാണ്.
മ്യാൻമറിലെ (ബർമ്മ) റോഹിംഗ്യൻ മുസ്‌ലിങ്ങളുടെ ഗതിയും മറിച്ചല്ല. ബുദ്ധ ധർമ്മം കാറ്റിൽ പറത്തി ന്യൂനപക്ഷമായ മുസ്‌ലിങ്ങളെ അറുകൊല ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്യുന്ന ദയനീയ കാഴ്ച്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ക്രൂരമായ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്നവരെന്ന് യു.എന്‍ വിശേഷിപ്പിച്ച ജനതയാണ് റോഹിംഗ്യകള്‍.
2017 ആഗസ്റ്റ് 25-ന് മ്യാൻമറിലെ രാഖിനെ പ്രവിശ്യയില്‍ ബുദ്ധ ഭിക്ഷുക്കളുടെ നേതൃത്വത്തിലുള്ള ആയുധധാരികളും പട്ടാളവും പോലീസും ലോകത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ ആട്ടിയോടിക്കലാണ് നടത്തിയത്. കൂട്ടക്കൊല, ബലാത്സംഗം, തീവെപ്പ്, കൊള്ള തുടങ്ങി പരാക്രമങ്ങൾ കാരണം 7,30,000-ത്തിലധികം റോഹിംഗ്യകള്‍ ബംഗ്ലാദേശിലെ അപകടകരമായ, വെള്ളപ്പൊക്ക സാധ്യതയുള്ള ക്യാമ്പുകളിലേക്ക് പലായനം ചെയ്തു. ആറ് ലക്ഷത്തോളം പേര്‍ മ്യാന്മറിലെ പട്ടാള ഭരണത്തിന്‍ കീഴില്‍ പേടിച്ച് കഴിയുന്നു. ഏതുസമയത്തും ഇവർ ആട്ടിയോടിക്കപ്പെട്ടക്കാം. റോഹിംഗ്യൻഭാഷ സംസാരിക്കുന്നവരും ഇസ്‌ലാം മതം പിന്തുടരുന്നവരുമായ ഇവർക്ക് സ്വന്തമായി രാജ്യമോ ഭൂമിയോ ഇല്ല. മുസ്‌ലിമായതിന്റെ പേരിൽ പലായനം ചെയ്യപ്പെടേണ്ടി വന്നവരാണിവർ.
വിശ്വാസവും ആദർശവും ഉയർത്തിപ്പിടിക്കാൻ അവകാശമില്ലാതെയാക്കപ്പെടുമ്പോൾ എല്ലാം ഇട്ടേച്ച് ജീവിക്കാൻ വേണ്ടി നാടുവിടുന്ന ഇവർ സ്ഫുരിക്കുന്ന ഈമാനിന്റെ മഹത്തായ മാതൃകയാണ്.
ഒരുപക്ഷേ അവർക്ക് തങ്ങളുടെ ആദർശത്തെ പണയംവെച്ച് ആക്രമികളുടെ ആഗ്രഹങ്ങൾക്ക് വഴങ്ങി വിശ്വാസത്തെ പരിവർത്തനപ്പെടുത്താമായിരുന്നു.
അതിന് പകരം ആദർശം പറിച്ചെടുക്കാൻ ഒരു കഴുകനെയും സമ്മതിക്കില്ലെന്ന ദൃഢപ്രതിജ്ഞയോടെ അവർ പലായനം ചെയ്യുകയായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന പ്രിയ സഹോദരങ്ങൾക്ക് അല്ലാഹു സമാധാനം നൽകട്ടെ .ആമീൻ