കേരളീയ മുസ്ലിം പരിസരങ്ങളില്‍ അഹ്ലു ബൈത്തിന് കല്പിക്കപ്പെടുന്ന പൊതു സ്വീകാര്യത ശുഭകരമായ വസ്തുതയാണ്. കേരളത്തിലെ മുസ്ലിം സാമൂഹികത രൂപപെട്ടു വന്ന ചരിത്ര പശ്ചാത്തലം, അവര്‍ക്കിടയിലെ വൈജ്ഞാനികവും സാംസ്കാരികവുമായ അദാന- പ്രദാനങ്ങളുടെ രീതികള്‍, ഉറവിടങ്ങള്‍ എന്നിവയെല്ലാം ഈ സവിശേഷമായ പരിസ്ഥിതിയെ രൂപപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. ലോക മുസ്ലിങ്ങള്‍ക്കിടയില്‍ നല്ലൊരു ശതമാനം പ്രവാചക കുടുംബത്തോടുള്ള സമീപന രീതികളില്‍ വിശ്വാസപരവും കര്‍മ്മപരവുമായ പിഴവുകള്‍ പേറുന്നുണ്ട്. പ്രധാനമായും രണ്ട് രീതികളിലൂടെയാണ് ഈ ആദര്‍ശ ഭ്രംശം മുസ്ലിങ്ങള്‍ക്കിടയില്‍ സംഭവിച്ചത്. ഒരു വിഭാഗം നബി കുടുംബത്തിന് തീരെ പ്രാധാന്യം നല്‍കാതിരിക്കുകയും അഹ്ലു ബൈത്തിനെ ചുറ്റിപ്പറ്റിയുള്ള മുസ്ലിം സാമൂഹികതകളെ സംശയദൃഷ്ട്യാ നോക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. മറ്റൊരു വിഭാഗം അഹ്ലു ബൈത്തിന് അമിതമായ പ്രാധാന്യം നല്‍കുകയും അഹ്ലുസ്സുന്നയുടെ വിശ്വാസ വൃത്തത്തില്‍ നിന്ന് പുറത്ത് പോവുകയും ചെയ്തു. ഈ രണ്ട് വിരുദ്ധങ്ങള്ക്കിടയില് അഹ്ലു ബൈത്തിനോടുള്ള സമീപനങ്ങളിലെ സന്തുലിതവും പ്രായോഗികവുമായ തലങ്ങളെയാണ് അഹ്ലുസ്സുന്നയുടെ അഇമ്മത് പരിചയപ്പെടുത്തിയത്. ഇമാം ശാഫിഈ(റ) പോലെയുള്ള പണ്ഡിതന്മാര് ഈ സമീപനങ്ങളുടെ അളവും അര്‍ഥവും പ്രായോഗിക തലത്തില്‍ കൃത്യമായി കാണിച്ചു തന്നിട്ടുണ്ട്. കേരളത്തിലെ മുസ്ലിം മുഖ്യധാര എല്ലാ കാലത്തും ഇതേ സമീപനമാണ് അഹ്ലു ബൈത്തിനോട് പുലര്‍ത്തിയിട്ടുള്ളത്. അഹ്ലുസ്സുന്നയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ അടിയുറച്ച് നിന്ന് കൊണ്ട് തന്നെ നബി കുടുബത്തിന് നല്കാന് സാധിക്കുന്ന പരമാവധി ആദരവും അംഗീകാരവും നല്‍കാനാണ് അവര്‍ ശീലിച്ചത്. ഈ നല്ല ശീലത്തെ രൂപപ്പെടുത്തുന്നതില്‍ ഇവിടത്തെ പണ്ഡിതന്മാരുടെ ഇടപെടലുകള്‍, രചനകള്‍, പ്രാദേശികമായും പൊതുവായും നിലനില്‍ക്കുന്ന നല്ല ആചാരങ്ങള്‍ എന്നിവ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
കേരളത്തിലെ മുസ്ലിം ജീവിതത്തിന്റെ ദിനചര്യകളായിരുന്ന മാലകളും മൗലിദുകളും ഈ കെട്ടുപാടുകളെ ഊഷ്മളവും ഊര്‍ജ്ജസ്വലവുമായി നില നിര്‍ത്തി. അഹ്ലു ബൈത്തിന്റെ അപദാനങ്ങളെയും അവരോടുള്ള തവസ്സുലുകളെയും ആകര്‍ഷണീയമായ ശൈലിയില്‍ കോര്‍ത്തിണക്കിയ മൗലിദ് കൃതിയാണ് മര്‍ഹൂം മണ്ണില്‍തൊടിക അഹ്മദ് കുട്ടി മുസ്ലിയാരുടെ ‘റഫ്ഉല്‍ ബലാഇ വല്‍ വബാഇ ബിത്തവസ്സുലി ബി അഹ്ലില്‍ അബാഇ ‘. ‘അഹ്ലുല്‍ അബാഇന്റെ മൗലിദ്’ , ‘ഇമാമീങ്ങളുടെ മൗലിദ്’ എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ ഇത് അറിയപ്പെടുന്നുണ്ട്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കൃതി മലബാറിലെ ചില സയ്യിദ് കുടുംബങ്ങളില്‍ ഒരു കാലത്ത് പരായണം ചെയ്യപ്പെട്ടിരുന്നെങ്കിലും മലബാറിലെ സുന്നി പരിസരങ്ങളില്‍ പോലും ഈ മൗലിദ് കൃതിക്ക് വേണ്ട വിധം പ്രസിദ്ധി ലഭിച്ചിട്ടില്ല. അഹ്ലു ബൈത്തിനെ കുറച്ച് രചിക്കപ്പെട്ട മാല, മൗലിദുകളില് തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന ഈ കൃതി കേരളത്തിലെ സുന്നീപക്ഷ രചനകളിലെ വേറിട്ടൊരു അടയാളപ്പെടുത്തലാണ്. ഉള്ളടക്കത്തിന്റെ അടുക്കും ചിട്ടയുമുള്ള ഘടന, പ്രതിപാദ്യങ്ങളുടെ ആധികാരികത, മികവുറ്റ ഭാഷ പ്രയോഗങ്ങള്‍ തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് സാമ്പ്രദായിക മൗലിദ് രചനാ രീതികളില്‍ നിന്ന് വേറിട്ടു നില്ക്കുന്ന ഒരു കൃതിയാണിത്.
അടുത്ത കാലത്ത് മരണപ്പെട്ട പ്രമുഖ സുഫി വര്യനും സാഹിദുമായിരുന്ന മര്‍ഹൂം തൃപ്പനച്ചി മുഹമ്മദ് മുസ്ലിയാര് തന്റെ ജീവിത കാലത്ത് സ്ഥാപിച്ച സ്വലാത്ത് മജ്ലിസില്‍ എല്ലാ വര്‍ഷവും മുഹറം ഒന്ന് മുതല്‍ പത്ത് വരെ ഈ മൗലിദ് വിപുലമായി ഓതപ്പെടുന്നുണ്ട്. ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഏടിന്റെ കോപ്പിയാണ് ഇന്നും ആ മജ്ലിസില്‍ പാരായണം ചെയ്യപ്പെടുന്നത്. പ്രസ്തുത കോപ്പിയില്‍ രേഖപ്പെടുത്തപെട്ടത് പ്രകാരം ഹിജ്റ 1341 റജബ് 7 നാണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്.
രചയിതാവ്, ദേശം, കാലം
രചയിതാവിനെ കുറിച്ചുള്ള കൃത്യമായ ചില വിവരങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് അറബി മലയാളത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ‘നോട്ടീസ്’ എന്ന തലക്കെട്ടില്‍ അവസാന ഭാഗത്ത് ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു: ‘ഈ മൗലൂദ് ഏറനാട് താലൂക്ക്, തൃപ്പനച്ചി അംശം, മുത്തനൂര്‍ ദേശത്തെ മണ്ണില്‍ തൊടിക അഹ്മദ് കുട്ടി മൗലവി എന്നവരാല്‍ ഉണ്ടാക്കപ്പെട്ടതും തന്റെ സ്വന്തം ചിലവിനാല്‍ തന്നെ അച്ചടിക്കപ്പെട്ടതും പകര്‍പ്പാവകാശം നിറുത്തി വെച്ചതും ആകുന്നു’.
നിലവില്‍ മലപ്പുറം നിയോജക മണ്ഡലത്തിലെ പുല്പറ്റ ഗ്രാമ പഞ്ചായത്ത് മൂന്ന്, നാല് വാര്‍ഡുകളും ഏറനാട് നിയോജക മണ്ഡലത്തിലെ കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാര്‍ഡും കൂടിച്ചേര്‍ന്ന പ്രദേശമാണ് മുത്തന്നൂര്‍ ഗ്രാമം. പഴയ കാലം മുതല്‍ തന്നെ സജീവമായ ദീനി പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന ഈ പ്രദേശത്ത് അക്കാലത്ത് അറിയപെട്ട പണ്ഡിതനും പൗരപ്രമുഖനുമായിരുന്ന മണ്ണില്‍തൊടിക ഇണ്ണിച്ചേക്കു മൊല്ലയുടെയും പത്നി ആഇഷ എന്നവരുടെയും മകനായിട്ടാണ് ഗ്രന്ഥകാരന്റെ ജനനം. ലഭ്യമായ വിവരമനുസരിച്ച് ഹിജ്റ:1317, അഉ.1899 ലാണ് അദ്ദേഹം ജനിച്ചത്. ഹൈദ്രോസ് മുസ്ലിയാര്, ബീരാന്‍കുട്ടി മുസ്ലിയാര്, ഇണ്ണി മുഹമ്മദ് മുസ്ലിയാര് എന്നിവരാണ് ഇണ്ണിച്ചേക്കു മൊല്ലയുടെ മറ്റു മക്കള്‍. ഈ നാല് മക്കളും അക്കാലത്തെ പ്രഗത്ഭരായ പണ്ഡിതന്മാരായിരുന്നു. പൊന്നാനിയില്‍ പോയി മഖ്ദൂമിന്റെ വിളക്കിന് ചുറ്റുമിരുന്ന് പഠിച്ചവരാണ് ഇവരെന്നാണ് സമകാലീനരുടെ സാക്ഷ്യപ്പെടുത്തലുകള്.
മൂത്ത സഹോദരനായ ഹൈദ്രോസ് മുസ്ലിയാര് തന്നെയാണ് അഹ്മദ് കുട്ടി മുസ്ലിയാരുടെ പ്രധാന ഗുരു. വിശ്രുത പണ്ഡിതരായ മര്‍ഹൂം അരിമ്പ്ര അബൂബക്കര്‍ മുസ്ലിയാര്, കാവനൂര്‍ അരീപുറം ഹസ്സന്‍കുട്ടി മുസ്ലിയാര് എന്നിവര്‍ ഹൈദ്രോസ് മുസ്ലിയാരുടെ ശിഷ്യന്മാരാണ്. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്ലിയാരും ഗ്രന്ഥകാരന്റെ പ്രധാന ഗുരുവാണ്. പൊന്നാനിയിലെ പഠനം പൂര്‍ത്തിയായതിന് ശേഷം ചെറുപുത്തൂര്‍,മൊറയൂര്‍,കൊണ്ടോട്ടി എന്നിവടങ്ങളില്‍ അദ്ദേഹം ദര്‍സ് നടത്തി.
മത വിഷയങ്ങളില്‍ ആധികാരികമായ അറിവ് കരസ്ഥമാക്കിയ അദ്ദേഹം അറബി ഭാഷയിലും കാവ്യ രചനകളിലും മികവ് തെളിയിച്ചിരുന്നു.അറിവിന്റെയും ആത്മീയതയുടെയും കൃത്യമായ സമന്വയം അദ്ദേഹത്തില്‍ പ്രകടമായിരുന്നു.
മൗലിദ് ‘അഹ്ലില്‍ അബാഅ്’ കൂടാതെ പ്രമുഖ സൂഫി വര്യനയിരുന്ന അഹ്മദുല്‍ ബദവി (റ)യുടെ പേരിലും അഹ്മദ് കുട്ടി മൗലവി ഒരു മൗലിദ് രചിച്ചിട്ടുണ്ട് എന്ന് കുടുംബക്കാരും സമകാലീനരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാല്‍ പ്രസ്തുത മൗലിദിന്റെ കോപ്പി ലഭ്യമായിട്ടില്ല. ഹിജ്റ:1361, അഉ.1942 ല്‍ ഇഹലോക വാസം വെടിഞ്ഞ അദ്ദേഹം മുത്തനൂര്‍ പഴയ ജുമുഅത്ത് പള്ളിയുടെ മഖ്ബറയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

രചനാ പശ്ചാത്തലം
ലഭ്യമായ കോപ്പിയില്‍ രേഖപ്പെടുത്തപെട്ടത് പ്രകാരം ഹിജ്റ 1341 റജബ് ഏഴിനാണ് പ്രസ്തുത മൗലിദ് ഗ്രന്ഥം പ്രസിദ്ധപ്പെടുത്തപെട്ടത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് എന്നര്‍ഥം. ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് പ്രസിദ്ധീകാരണവുമായി ബന്ധപ്പെട്ട ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ അറബി മലയാളത്തില്‍ രേഖപ്പെടുത്തിയതായി കാണാം. പ്രസിദ്ധപ്പെടുത്തിയ തിയതി, അച്ചടിച്ച സ്ഥലം, പകര്‍പ്പെഴുത്തുകാരന്റെ പേര് തുടങ്ങിയ കാര്യങ്ങള്‍ ഈ ഭാഗത്ത് വ്യക്തമായി വിവരിക്കുന്നുണ്ട്. അത് ഇപ്രകാരം വായിക്കാം: ”ഹിജ്റ 1341 ലെ റജബ് 7 മായി തിരൂരങ്ങാടി തട്ടപ്പെത്ത് വീട്ടില്‍ വെച്ച് ചാലിലകത്ത് ഇബ്രാഹിം കുട്ടി എന്നവരുടെ ആമിറുല്‍ ഇസ്ലാം ഫ മഅദിനുല്‍ ഉലൂമിന്ന് കല്ലച്ചുകൂടത്തില്‍ അടിക്കപ്പെട്ടത്.വ കാത്തിബുഹു മരക്കാര്‍ ബ്നു കമ്മു,ഗഫറല്ലാഹു ലഹു.’
പ്രസ്തുത മൗലിദിന്റെ രചനാ പശ്ചാത്തലത്തെ കുറിച്ച് ഗ്രന്ഥകാരന്റെ കുടുംബാംഗങ്ങളില്‍ നിന്നും നേരിട്ട് അറിയുന്നവരില്‍ നിന്നുമായി പൊതുവെ കേള്‍ക്കപ്പെടുന്നത് ഇങ്ങനെയാണ്,
വിവിധങ്ങളായ വീജ്ഞാന ശാഖകളില്‍ ആഗ്രഗണ്ണ്യനായിരുന്ന അഹ്മദ് കുട്ടി മുസ്ലിയാര് സ്വദേശത്തും സേവന മണ്ഡലങ്ങളിലും സര്‍വസ്വീകാര്യനായി മാറിയിരുന്നു.തദ്രീസിലും ആത്മീയ നിഷ്ഠമായ ജീവിതത്തിലും വ്യാപൃതനായിരുന്ന അദ്ദേഹത്തിന് ഒരു ഘട്ടത്തില്‍ ആത്മീയവും ഭൗതികവുമായ ചില അസ്സ്വസ്ഥതകള് അനുഭവപ്പെട്ടു. എത്ര അന്വേഷിച്ചിട്ടും അതിന്റെ കാരണമോ പരിഹാരമോ കണ്ടത്താന്‍ സാധിച്ചില്ല. തുടര്‍ന്ന് തന്റെ ഒരു ആത്മീയ ഗുരുവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ പരീക്ഷണത്തില്‍ മോചനം ലഭിക്കാന്‍ അദ്ദേഹം ഈ മൗലിദ് രചിക്കുന്നത്.
‘റഫ്ഉല്‍ ബലാഇ വല്‍ വബാഇ ബിത്തവസ്സുലി ബി അഹ്ലില്‍ അബാഇ’ എന്ന ഈ കൃതിയുടെ പ്രസ്തുത നാമകരണം മേല്‍ പറയപ്പെട്ട രചനാ പശ്ചാത്തലത്തിന്റെ സാധ്യതകളിലേക്ക് സൂചനകള്‍ നല്‍കുന്നുണ്ട്.
അഹ്ലുല്‍ അബാഉം മൗലിദിന്റെ ഘടനയും.
തിരു നബി(സ്വ) ഒരിക്കല്‍ ഫാത്വിമ ബീവി(റ ), അലി (റ) ഹസന്(റ) , ഹുസൈന് (റ) എന്നിവരെ വിളിച്ച് വരുത്തി. അലി (റ) യെയും ഫാത്വിമ ബീവി (റ) യെയും നബി തങ്ങളുടെ മുമ്പിലും ഹസന് (റ) , ഹുസൈന് (റ) എന്നിവരെ രണ്ട് തുടകളിലും ഇരുത്തി. ശേഷം നബി തങ്ങള്‍ തന്റെ പുതപ്പ് കൊണ്ട് എല്ലാവരെയും കൂട്ടി പൊതിയുകയും വിശുദ്ധ ഖുര്‍ആനിലെ അഹ്സാബ് സൂറത്തിലെ മുപ്പത്തിമൂന്നാം ആയത് ഓതുകയും ചെയ്തു. നബി തങ്ങള്‍ അടക്കമുള്ള ആ അഞ്ചംഗ സംഘമാണ് അഹ്ലുല്‍ അബാഅ്(പുതപ്പിലെ ആളുകള്‍) എന്ന് അറിയപ്പെടുന്നത്.
ഈ അഞ്ച് ആളുകളെ കുറിച്ച് ഓരോ ഗദ്യവും ഓരോ പദ്യവും വീതവും അവസാനം അഹ്ലു ബൈതിനോടുള്ള ഒരു തവസ്സുല്‍ ബൈതുമടക്കം മൊത്തം അഞ്ച് ഗദ്യങ്ങളും ആറ് പദ്യങ്ങളും അടങ്ങുന്നതാണ് ഈ മൗലിദ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
പ്രസ്തുത മൗലിദിന്റെ മഹത്വങ്ങളും ഗ്രന്ഥകാരന് അനുവാചകാരോടുള്ള ദുആ വസ്വിയതും അറബി മലയാളത്തില്‍ വിവരിക്കുന്ന ഒരു ഭാഗം മൗലിദ് തുടങ്ങുന്നതിന് മുമ്പ് ഉള്‍കൊള്ളിച്ചിട്ടുണ്ട്. മൗലിദിന്റെ അവസാനത്തില്‍ നബി തങ്ങള്‍, മുന്‍ കഴിഞ്ഞ പ്രവാചകന്മാര്, അഹ്ലുല്‍ അബാഅ്, സ്വര്‍ഗം കൊണ്ട് സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട പത്ത് സ്വാഹാബികള്‍, ബദ്രീങ്ങള്‍, ഉഹ്ദീങ്ങള്‍, മറ്റു സ്വാഹബത് എന്നിവരോടൊക്കെ തവസ്സുല്‍ ചെയ്ത് കൊണ്ടുള്ള ഹൃസ്വമായ ഒരു പ്രാര്‍ഥനയും ഗ്രന്ഥകാരന്റെതായി തന്നെ ഉള്‍കൊള്ളിച്ചിട്ടുണ്ട്.
നബി തങ്ങള്‍ (സ്വ) അലി (റ), ഫാത്വിമ ബീവി (റ), ഹസന് (റ), ഹുസൈന് (റ) എന്ന ക്രമത്തിലാണ് മൗലിദില്‍ വിവരിക്കുന്നത്. ഓരോരുടെയും മഹത്വങ്ങളും ചരിത്രങ്ങളും ആദ്യം ഗദ്യ രൂപത്തില്‍ വിവരിക്കുകയും ശേഷം പ്രസ്തുത ആളോട് അഭിസംബോധനം ചെയത് ഇസ്തിഖാസ (സഹായാര്ഥന) ചെയ്യുന്ന രീതിയില്‍ പദ്യങ്ങള്‍ കൊണ്ട് വരികയും ചെയ്യുന്ന ശൈലിയാണ് ഗ്രന്ഥകാരന് സ്വീകരിച്ചിരിക്കുന്നത്.
പ്രതിപാദ്യങ്ങളുടെ ആധികാരികത
പ്രതിപാദിക്കപ്പെടുന്ന കാര്യങ്ങളുടെ കൃത്യതയും ആധികാരികതയും ‘മൗലിദ് അഹ്ലില്‍ അബാഇ’ നെ സാമ്പ്രദായിക മൗലിദ് രചനാരീതികളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നു. ചരിത്രങ്ങളുടെയും ഉദ്ധരണികളുടെയും സ്രോതസ്സുകളെയും പ്രമാണികതകളെയും രചയിതാവ് തന്നെ പലയിടങ്ങളിലും സൂചിപ്പിക്കുന്നുണ്ട്. സ്മരിക്കപ്പെടുന്ന വ്യക്തികളുടെ മദ്ഹ് പാടി പറയല്‍, തവസ്സുല്‍ ചെയ്യല്‍, ബറക്കത്തെടുക്കല് എന്നിവയൊക്കെയാണ് മൗലിദ് രചനകളുടെയും പാരായണങ്ങളുടെയും അടിസ്ഥാനപരമായ ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യ പൂര്‍ത്തീകരണങ്ങള്‍ക്ക് ഉദ്ധരിക്കപ്പെടുന്നവയുടെ സ്രോതസ്സുകളും അധികാരികതയും വിവരിക്കേണ്ടതില്ലെങ്കില് പോലും അഹ്മദ് കുട്ടി മുസ്ലിയാര് ഈ മൗലിദ് രചനയില്‍ അത് പാലിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
വ്യക്തിപരമായ മഹത്വങ്ങള്‍ പറയുന്നതിന് മുന്‍ഗണന നല്കി ആധികാരികമായതും അല്ലാത്തതുമായ ചരിത്രങ്ങളും ഉദ്ധരണികളും വിവരിക്കാന്‍ ഗ്രന്ഥകാരന് ശ്രമിക്കുന്നില്ല. നബി (സ) യെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഗദ്യ ഭാഗത്ത് നബിയുടെ മഹത്വങ്ങള്‍ വര്‍ണ്ണിക്കാന്‍ രചയിതാവ് അവലംഭിച്ചത് വിശുദ്ധ ഖുര്‍ആനിലെ വ്യത്യസ്ത ആയത്തുകള്‍ മാത്രമാണ്.
രണ്ടാമത്തെ ഗദ്യ ഭാഗം തുടങ്ങുന്നത് അഹ്ലു ബൈത്തിന്റെ മഹത്വം പറഞ്ഞു കൊണ്ടാണ്. വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍, പ്രാമാണികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍, ഇമാം ഇബ്നു ഹജര്‍(റ), ഇമാം സുയൂഥ്വി (റ), ഖാളി ഇയാള്‍ (റ) ഇമാം ബൈളാവി (റ) തുടങ്ങിയവരുടെ ഉദ്ധരണികള്‍, ഇമാം ശാഫിഇ (റ) യുടെ കവിതാ ശകലങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഈ ഭാഗം.തുടര്‍ന്ന് അഹ്ലുല്‍ അബാഇലെ രണ്ടാമത്തെ അംഗമായ അലി(റ) കുറിച്ചുള്ള വിവരണങ്ങളാണ്.ഈ ഭാഗത്ത് അലി(റ) യുടെ ജനനം, വഫാത്, ശാരീരിക ഘടന, എന്നിവയെ കുറിച്ചുള്ള ചരിത്രപരമായ വിവരങ്ങളാണ് പ്രതിപാദിക്കപ്പെടുന്നത്.

മൂന്നാമത്തെ ഗദ്യ ഭാഗത്ത് ഫാത്വിമ ബീവിയെ കുറിച്ച് ഇമാം ബുഖാരിയും(റ) മുസ്ലിമും (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് ഉദ്ധരിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് ഫാത്വിമ ബീവിയുടെ മഹത്വം വിശദീകരിക്കുന്നത്.ഹസന് (റ) യെ കുറിച്ചുള്ള ഗദ്യ ഭാഗം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് മഹാനാവര്‍കളുടെ വഫാതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിലാണ്.ഹുസൈന് (റ ) യെ കുറിച്ചുള്ള ഗദ്യ ഭാഗത്ത് കര്‍ബല യുദ്ധവുമായി ബന്ധപ്പെട്ട ചരിത്രപരമായ വിവരങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്നുണ്ട്.
മൗലിദ് രചനയില്‍ അഹ്മദ് കുട്ടി മുസ്ലിയാര് ഉപയോഗിച്ചിട്ടുള്ള മികവുറ്റ ഭാഷാ പ്രയോഗങ്ങള്‍ എടുത്ത് പറയേണ്ടതാണ്. മലബാറുകാരനായ അഹ്മദ് കുട്ടി മുസ്ലിയാരുടെ അറബി ഭാഷയിലുള്ള പ്രാവീണ്യവും വഴക്കവും ഈ മൗലിദിന്റെ ഗദ്യ, പദ്യ വരികള്‍ക്കിടയില്‍ നിന്ന് ശരിക്ക് ബോധ്യമാകും. ശക്തമായ ആ ഭാഷാ പ്രയോഗങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ ഒരു മലബാറുകാരനായ അനറബി, അറബി ഭാഷാ കൈകാര്യത്തില്‍ നേടിയെടുത്ത പ്രാഗത്ഭ്യം അനുവാചകരെ അക്ഷരാര്‍ഥത്തില്‍ ആകര്‍ഷിക്കും. അറബി കാവ്യ ശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ കഴിവും , വിശാലമായ അറബി പദ സമ്പത്തും ആ വരിക്കിടയില്‍ പ്രകടമാണ്. ഗദ്യ വരികളില്‍ പോലും ആകര്‍ഷണീയമായ രീതിയില്‍ പ്രാസമൊപ്പിച്ചുള്ള പദവിന്യാസങ്ങളാണ് ഗ്രന്ഥകാരന് നടത്തിയിട്ടുള്ളത്.
സൂക്ഷമാന്വേഷണങ്ങളിലേക്കുള്ള കിളി വാതിലുകള്‍
കേവലം ഒരു മൗലിദ് ഗ്രന്ഥം എന്ന തലത്തില്‍ നിന്ന് ചില ഗൗരവകരമായ വിഷയങ്ങളെ കുറിച്ചുള്ള ഒരു ചെറു റഫറന്‍സ് ഗ്രന്ഥത്തിന്റെ തലത്തിലേക്ക് ഈ കൃതി മാറുന്നത് കാണാം.
മൊത്തം സൃഷ്ടികളില്‍ മനുഷ്യര്‍ക്കും മനുഷ്യരില്‍ നിന്ന് പ്രവാചകന്മാര്ക്കും പ്രവാചകന്മാരില് നിന്ന് മുഹമ്മദ് നബിക്കും നബിയുടെ ഉമ്മത്തില്‍ നിന്ന് അവിടെത്തെ കുടുബത്തിനുമുള്ള പവിത്രതയും മഹത്വവും ഗ്രന്ഥകാരന് പ്രാമാണികമായി സമര്‍ഥിക്കുന്നത് മേല്‍ പറഞ്ഞ രീതിയിലുള്ള ഒരു ചര്‍ച്ചയാണ്.
നബി തങ്ങളെ വര്‍ണ്ണിക്കുന്ന പദ്യ ഭാഗത്ത് ‘മുഴുവന്‍ ഔലിയാഇന്റെ കറാമത്തുകളും നബിയുടെ മുഅജിസത്താണ്’ എന്ന് പറയുന്നത് കാണാം. തസ്വവ്വുഫിനെ കുറിച്ചും കറാമത്തുക്കളെ കുറിച്ചുമുള്ള അഹ്ലു സുന്നയുടെ നിലപാടിന്റെ സൂക്ഷ്മാര്ഥങ്ങളിലേക്കുള്ള സൂചനയാണിത്.
വിശുദ്ധ ഖുര്‍ആനിലെ അല്‍ അഹ്സാബ് സൂറത്തിലെ اِنَّمَا يُرِيدُ اللَّهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهّـِرَكُمْ تَطْهِيراً എന്ന ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട ‘അഹ്ലുല്‍ ബൈത്’ എന്ന പ്രയോഗം മേല്പറയപ്പെട്ട ‘അഹ്ലുല്‍ അബാഇ’ല്‍ മാത്രം പരിമിതപ്പെട്ടതാണോ അതോ വിശാലമായ അര്‍ഥ സാധ്യത ഉള്ളതാണോ എന്നുള്ള പണ്ഡിതോചിതമായ ചര്‍ച്ചകളുടെയും തര്‍ക്കങ്ങളുടെയും സംക്ഷിപതവും സംതൃപ്തവുമായ ഒരു വിശദീകരണം രണ്ടാമത്തെ ഗദ്യ ഭാഗത്ത് ഗ്രന്ഥകാരന് കൊണ്ടു വരുന്നുണ്ട്. ഇവിടെ ഇമാം സുയൂഥ്വി(റ),ഇമാം ബൈളാവി(റ), ഖാളി ഇയാള്‍(റ) എന്നിവരെ ഉദ്ധരിച്ചു കൊണ്ടുള്ള ഒരു വിശദീകരണമാണ് അദ്ദേഹം നല്‍കുന്നത്.
ഫാത്വിമ ബീവി(റ)ക്കാണോ മറിയം ബീവി(റ)ക്കാണോ കൂടുതല്‍ ശ്രേഷ്ഠത എന്ന പണ്ഡിത സംവാദങ്ങളും ചെറിയ രീതിയില്‍ ഗ്രന്ഥകാരന് വിവരിക്കുന്നുണ്ട്. ഇത്തരത്തില്‍ ചരിത്രപരവും, വിശ്വാസപരവും, അടിസ്ഥാനപരവും (ഉസൂല് ) ആയ ഗൗരവമുള്ള ചില ചര്‍ച്ചകളിലേക്കുള്ള സൂചനകള്‍ മൗലിദിന്റെ ചില ഭാഗങ്ങളില്‍ പ്രമാണികമായി വിവരിക്കുന്നത് കാണാം