ശാസ്ത്രം നാസ്തികമല്ല, മതകീയമാണ്

സ്വതന്ത്രചിന്തയെന്ന വ്യാജേനെ ഇസ്‌ലാം വിരുദ്ധ ചിന്തകളില്‍ വ്യാപൃതരായ ചിലരുടെ പുതിയ കുറിപ്പുകളില്‍ നിറയെ മുസ്‌ലിം ചെറുപ്പക്കാര്‍ക്കിടയില്‍ ചിന്താവിപ്ലവവും ശാസ്ത്രീയ ബോധവും കൂടിവരുന്നുവെന്നും ‘റാഷണലിസ്റ്റ് മുസ്‌ലിം’ സമൂഹം ഉടന്‍ യാഥാര്‍ഥ്യമാവുമെന്നുമുള്ള ശുഭാപ്തി വിശ്വാസമാണ് . അതെന്തുമാവട്ടെ, യുക്തിവാദികള്‍ക്ക് ‘ചിന്താവിപ്ലവം’ എന്ന വാക്ക് പറയാന്‍ തന്നെ അവകാശമില്ല എന്നതാണ് വാസ്തവം. ചിന്തിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും സ്വതന്ത്രചിന്തകനോ യുക്തിവാദിയോ ആവാന്‍ കഴിയില്ല. പൊതുവെയുള്ള ധാരണ മതം ശാസ്ത്രത്തിനെതിരും നാസ്തികത ശാസ്ത്രീയവുമാണ് എന്നതാണ്. പക്ഷേ, വാസ്തവം അതല്ല. ഒരു കാര്യത്തിന്റെ പരമാവധി സാധ്യതകളെ എത്രത്തോളം സങ്കുചിതമാക്കാം എന്ന ചിന്തയാണ് യുക്തിവാദം.

അജ്ഞാതമായതിന്റെ അസ്തിത്വം നിഷേധിക്കുക എന്ന പ്രൊജക്ട് വര്‍ക്ക് നിരന്തരം ചെയ്യാനാണ് അവരുടെ ഉത്സാഹം. യുക്തിവാദികളുടെ ഈ സമീപനം ശാസ്ത്രീയ വിരുദ്ധമാണ്. കാരണം, സൂചനകളില്‍ നിന്നും സൂക്തങ്ങളില്‍ നിന്നും അജ്ഞാതമായ കാര്യങ്ങളിലേക്കുള്ള പരീക്ഷണ സഞ്ചാരമാണ് ഭൗതികശാസ്ത്രം.

അവര്‍ പുതിയ കാര്യത്തെ നിര്‍മിക്കുകയല്ല ചെയ്യുന്നത്. നേരത്തെ തന്നെ ഉണ്ടായിരുന്നതിലേക്ക് എത്തിച്ചേരുകയാണ് ചെയ്യുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ സമവാക്യങ്ങള്‍ ഉണ്ടാക്കുകയും പ്രയോഗവത്ക്കരിക്കുകയും യാന്ത്രികവത്ക്കരിക്കുകയുമൊക്കെ ചെയ്ത് നിരന്തരം അജ്ഞാതമായതിനെ വിജ്ഞാനമാക്കാന്‍ ശാസ്ത്രം ശ്രമിച്ച് കൊണ്ടേയിരിക്കുന്നു. അങ്ങനെ ശാസ്ത്രം, ദൈവം നേരത്തെ ഉണ്ടാക്കിയതിലേക്ക് എത്തിച്ചേരുന്നു. ഉദാഹരണത്തിന്, ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണം ഉണ്ടാക്കുകയല്ല, കണ്ടെത്തുകയാണ് ചെയ്തത്. ഊര്‍ജ്ജ സിദ്ധാന്തവും ആപേക്ഷിക സിദ്ധാന്തവുമെല്ലാം തഥൈവ. ഉണ്മ പ്രാക്തനമാണ്, പ്രാപ്തി നവ്യമാണ് എന്നാണ് അതിന്റെ തത്വം. ഇത്തരം
ചരിത്രപരമായ കണ്ടെത്തലുകളുടെ ഘട്ടത്തില്‍ അജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ യുക്തിരാഹിത്യം പറഞ്ഞ് ഉദാസീനരായി അവരിരുന്നുവെങ്കില്‍ ലോകം ഇന്നും കാളവണ്ടി യുഗത്തില്‍ തന്നെയാകുമായിരുന്നു. ഇന്നത്തെ സാങ്കേതിക സംവിധാനങ്ങളുടെ
സാക്ഷാത്ക്കാരങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മനുഷ്യരോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ അതിനെ ‘ഹൂറികളുടെ മായാലോകം’ എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. പരലോക വിശ്വാസത്തെയും ദൈവാസ്തിക്യത്തെയും നിഷേധിക്കുന്ന കേവല യുക്തിവാദികള്‍ക്ക് കാര്യം മനസ്സിലാവാന്‍ കഴിഞ്ഞ മൂന്ന് തലമുറകള്‍ക്കിടയിലെ അനുഭവവ്യതിയാനങ്ങളെക്കുറിച്ച് ചിന്തിച്ചാല്‍ മതിയാവും. മനുഷ്യ ചിന്ത എപ്പോഴും അവന്റെ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചായിരിക്കും. അതിന് അതീതമായത് അലൗകികമാവുന്നത് സ്വാഭാവികമാണ്. ഭൗമകേന്ദ്രീകൃതമായ ഒരു സങ്കല്‍പത്തിന് അഭൗമികതയെ ദാര്‍ശനികമായി ഉള്‍ക്കൊള്ളാനാവില്ല. എന്നാല്‍ ലോകം പുരോഗതി പ്രാപിക്കുന്തോറും ആദ്യകാലക്കാര്‍ അഭൗമികമായി കണ്ടത് ഭൗമികമാവുകയാണ്. ഉദാഹരണമായി, നമ്മുടെ ലോകം ‘ത്രീ ഡയമെന്‍ഷനി’ലാണ്. നീളവും വീതിയും ആഴവും ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാനാവുന്നില്ല. കാരണം, അവിടെ വസ്തുക്കള്‍ക്ക് ഉയരമോ വീതിയോ ഇറക്കമോ ഒന്നുമുണ്ടാവില്ല. എന്നാല്‍ ത്രീ ഡയമെന്‍ഷന്‍ ത്രിമാനത്തില്‍ നിന്നും ചതുര്‍മാനത്തിലേക്കോ പഞ്ചമാനത്തിലേക്കോ ഉയര്‍ന്നാലുള്ളതും നമുക്ക് പെട്ടെന്ന് രൂപപ്പെടുത്തി മനസ്സിലാക്കാനാവില്ല. ഇന്ന് ഫോര്‍ ഡയമെന്‍ഷനും ഫൈവ് ഡയമെന്‍ഷനുമൊക്കെ നമുക്ക് മുമ്പില്‍ കൃത്രിമാനുഭവങ്ങളായി എത്തിത്തുടങ്ങി. ‘കലുലാ ക്ലെയിന്‍ തിയറി’ അഞ്ച് മാനങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്. ‘സ്റ്റ്രിംഗ് തിയറി’ പ്രകാരം പതിനൊന്ന് മാനങ്ങള്‍ ഉണ്ടാവുമെന്ന് പറയപ്പെടുന്നു. ഈ ശാസ്ത്രം പഴയ യവന നാസ്തികരോട് പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ ദൈവ നിഷേധത്തെക്കാള്‍ വലിയ ദൗത്യമായി ശാസ്ത്രനിഷേധത്തെ വരിക്കുമായിരുന്നു. പക്ഷേ, പതിനൊന്ന് മാനങ്ങള്‍ എന്ന സങ്കല്‍പത്തെ മതവിശ്വാസികള്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയും. കാരണം അല്ലാഹു, മാലാഖമാര്‍, പിശാചുക്കള്‍, ഭൂതങ്ങള്‍ തുടങ്ങിയവയുടെ സങ്കല്‍പങ്ങള്‍ ത്രിമാനപരിധിക്ക് പുറത്ത് മാത്രമേ സംഭവിക്കുകയുള്ളൂ.

കട്ടികൂട്ടിയ ഇരുമ്പ് കോട്ടക്കകത്തും മരണത്തിന്റെ മാലാഖയെത്തും എന്ന വേദ വചനത്തെ സാധൂകരിക്കാന്‍ ‘കലുസാക്ലെയിന്‍ തിയറി’ കൊണ്ട് സാധിക്കും. പ്രകാശ സൃഷ്ടിയായ മാലാഖക്ക് എങ്ങനെ ഇരുമ്പ്മറ ഭേദിക്കാനാവും എന്ന യുക്തിയുടെ ചോദ്യം വരുന്നത് ത്രിമാനപരിധിയില്‍ നിന്നുകൊണ്ടാണ്. മാലാഖമാര്‍ ത്രിമാനപരിധിയെ ലംഘിക്കാന്‍ പറ്റുന്ന ഉന്ന തമായ വിതാനധയിലായിരിക്കും. വരാന്‍ പോവുന്ന കാര്യങ്ങള്‍ പ്രവാചകന്‍ നേരത്തെ കണ്ട് പ്രവചിച്ചത് ‘ടൈം വീല്‍’ സങ്കൽപ പ്രകാരം മനസ്സിലാക്കാൻ പറ്റും.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ‘നിയോ റിലേറ്റിവിറ്റി’ അനുസരിച്ച് സമയം നാലാമത്തെ മാനമാണ്. ത്രിമാനത്തെ നീട്ടുകയും ചുരുക്കുകയും ചെയ്യാമെന്നത് പോലെ ചതുര്‍മാനമായ ടൈമിനെയും നീട്ടിയും ചുരുക്കിയും അനുഭവിക്കാം എന്നാണപ്പോള്‍ വരുന്നത്. സമയത്തിനകത്ത് തുരങ്കങ്ങളുണ്ടാക്കി ഭാവിയിലേക്ക് കുതിക്കാം എന്ന് ശാസ്ത്രം പറയുന്ന കാലത്ത്, ശാസ്ത്രപൂജകരായി സ്വയം പുകഴ്ത്തുന്ന യുക്തിവാദികള്‍ ഭാവിപറഞ്ഞ പ്രവാചകനെ നിഷേധിക്കുന്നത് വിരോധാഭാസം തന്നെയാണ്.

ശാസ്ത്രം ഒരു മെതഡോളജി മാത്രമാണ്. “The purpose of science is to investigate the unexplained, not to explain the uninvestigated” Dr. Stephen Rorke. ഭൗതിക പ്രതിഭാസങ്ങളെ പഠിച്ചെടുക്കാനുള്ള മനുഷ്യ നിര്‍മിത മാധ്യമമാണത്. ആ ശാസ്ത്രത്തെ ഒരു ഐഡിയോളജിയായി അവതരിപ്പിക്കാന്‍ ശ്രമിച്ചവരൊക്കെ അപകടത്തില്‍ ചാടിയിട്ടുണ്ട്. ഒരു വിഗ്രഹമെടുത്തുടച്ച് അതിനകത്ത് ദൈവമുണ്ടോ ഇല്ലേ എന്ന് പറയാന്‍ ശാസ്ത്രത്തിനാവില്ല. ശാസ്ത്രത്തിന്റെ ജോലിയുമതല്ല. ഇത്രയും പറഞ്ഞത് സയന്‍സിന്റെ അടിസ്ഥാന സ്വഭാവമായ സൂചനകളില്‍ നിന്നും യാഥാര്‍ഥ്യത്തിലേക്കുള്ള നിഗമനങ്ങള്‍ നിര്‍മിക്കുക എന്നതിനോട് ബേസിക്കലീ എതിരായ റാഷനലിസ്റ്റുകള്‍ ചിന്താ വിപ്ലവത്തെക്കുറിച്ച് മിണ്ടുന്നത് നീതികേടാണെന്ന് കാണിക്കാനാണ്.

അസ്തിത്വം അവകാശപ്പെട്ടുകൊണ്ട് ഒരു കാര്യം പരിചയപ്പെടുത്തപ്പെട്ടു കഴിഞ്ഞാല്‍ അത് നിഗ്രഹിക്കപ്പെടാത്ത കാലത്തോളം പോസിബിലിറ്റി ആ അസ്തിത്വത്തിന് തന്നെയാണ്. അതായത് ഞാനാണ് സ്രഷ്ടാവ് എന്ന വാദം ഇവിടെ നിലവിലുണ്ട്. ഇനി ആ വാദത്തെ തെളിവ് സഹിതം ഖണ്ഡിക്കുകയാണ് വേണ്ടത്. അതായത്; ദൈവമുണ്ടെന്നല്ല, ഇല്ലെന്നാണ് തെളിയിക്കപ്പെടേണ്ടത്. ദൈവാസ്തിത്വം നിഷേധിക്കുവാന്‍ യുക്തിവാദികള്‍ പറയുന്ന ന്യായം എന്താണ്? ദൈവം എന്ന ശക്തിയെ ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ ചെയ്തിട്ടില്ല എന്നതാണ്. എന്നാല്‍, ഇതേ ന്യായം സ്ഥൂലപരിണാമത്തിനും ബാധകമാണ്. ആരും കാണുകയോ പഞ്ചേന്ദ്രിയങ്ങള്‍ വഴി അനുഭവിക്കുകയോ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തെളിയിക്കുകയോ ചെയ്ത ഒന്നല്ല സ്ഥൂലപരിണാമം. എന്നിട്ടും ഇവര്‍ എന്ത് കൊണ്ട് ആ സിദ്ധാന്തം തള്ളുന്നില്ല? എന്നല്ല, അതിനെ ശക്തമായി പിന്തുണക്കുകയും തെളിയിക്കപ്പെട്ട സത്യം എന്ന വ്യാജേന പ്രചരിപ്പിക്കുകയും ചെയ്യുകയാണ്.
കൊട്ടിഘോഷിക്കപ്പെട്ട ജീവോല്‍പത്തി സിദ്ധാന്തങ്ങളെല്ലാം തെറ്റായ അന്തരീക്ഷ മാതൃകകളില്‍ ആയിരുന്നു എന്നും ഭൂമിയുടെ
ആദിമ അന്തരീക്ഷത്തില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിഞ്ഞുണ്ടാവാന്‍ സാധ്യത വിരളമാണെന്നും വരെ പറയാന്‍ ശാസ്ത്രം
നിര്‍ബന്ധിതമായിരിക്കുന്നു. ജീവോല്‍പത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനമായ ഭൂമിയുടെ ആദിമ അന്തരീക്ഷത്തെ കുറിച്ചുള്ള
ധാരണകള്‍ വരെ ശാസ്ത്രലോകം ഇതിനകം നിരാകരിച്ചു കഴിഞ്ഞു. അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോട്ടീന്‍ തന്മാത്ര രൂപപ്പെടാനുള്ള സാധ്യത 10113 ല്‍ ഒന്ന് മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത പ്രോട്ടീനുകള്‍ വേണം ഒരു ജീവന്. ഒരുതരം പ്രോട്ടീനുകള്‍ അല്ല, വിവിധതരം പ്രോട്ടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടിച്ചേര്‍ന്നത് എങ്ങനെയെന്ന് വിശദീകരിക്കാന്‍ ഏറെ പാടുപെടേണ്ടി വരും. ചിന്തിക്കുന്നുവെങ്കില്‍, ജീവന്‍ ഏറ്റവും സങ്കീര്‍ണവും കണിശമായ കൃത്യതയോടെ നിര്‍മിക്കപ്പെട്ടതുമാണ് എന്ന്മനസ്സിലാക്കാന്‍ ആര്‍ക്കാണ് പ്രയാസം? കോശത്തിന്റെ അതിസങ്കീര്‍ണത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. കോശഘടകങ്ങള്‍ നിരന്തരം അതിസങ്കീര്‍ണ മാര്‍ഗ്ഗങ്ങളിലൂടെ പരസ്പരം സംവേദനം നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരസ്പര ഏകോപനത്തോടെ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവയും ഒന്നിന് മറ്റൊന്നില്ലാതെ പ്രസക്തിയില്ലാത്തവയുമാണ്. എങ്ങനെയാണ് പരസ്പരം ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന ഘടകങ്ങള്‍ ഒരു സൂക്ഷ്മ കോശത്തിനകത്തു സംവിധാനിക്കപ്പെട്ടിരിക്കുന്നത്? റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ ‘ഒരു കോശത്തിന്റെ ന്യൂക്ലിയസ്സില്‍ മാത്രം 30 വോള്യം വരുന്ന എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയില്‍ ഉള്‍കൊള്ളുന്ന വിവരത്തെക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു’. ബുദ്ധിയുള്ള മനുഷ്യന്‍ വര്‍ഷങ്ങളോളം ഗവേഷണം നടത്തി ഉണ്ടാക്കുന്ന ഈ ചിപ്പുകള്‍ പോലും വളരെ ലളിതമായ സൃഷ്ടി ആണെന്നിരിക്കെ അതിസങ്കീര്‍ണമായ നമ്മുടെ ശരീരത്തിലെ കോടാനുകോടി ചിപ്പുകള്‍ വെറുതെ അലക്ഷ്യമായി ഉണ്ടായി എന്ന് വിശ്വസിക്കുന്നതല്ലേ അന്ധവിശ്വാസം?

Richard Dawkins

ദൈവകണം ഏറെ ചര്‍ച്ചയായ ഒരു ശാസ്ത്രീയ വിപ്ലവമാണ്. ഖുര്‍ആനിക സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരംശം അവിടെയും ദര്‍ശിക്കാം. പ്രപഞ്ചം പന്ത്രണ്ട് അടിസ്ഥാന പദാര്‍ഥങ്ങളും (Fundamental particles) നാലു അടിസ്ഥാന ബലങ്ങളും (Fundamental forces)കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നതെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്. ഈ സിദ്ധാന്തത്തെ ‘സ്റ്റാന്റേര്‍ഡ് മോഡല്‍’ എന്നു വിളിക്കുന്നു. ഇതില്‍ പതിനൊന്ന് അടിസ്ഥാന പദാര്‍ഥങ്ങളും നേരത്തെ
കണ്ടെത്തിക്കഴിഞ്ഞുവെങ്കിലും, ഇതിനെ കൃത്യമായി വിശദീകരിക്കാനുള്ള, അവയ്ക്ക് പിണ്ഡം (Mass) നല്‍കുന്ന പന്ത്രണ്ടാം അടിസ്ഥാന വസ്തു കണ്ടെത്തേണ്ടതുണ്ടായിരുന്നു. അതാണ് ശാസ്ത്ര ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായ ദൈവകണം. ഈ കണം കണ്ടുപിടിക്കുന്നതിനുവേണ്ടി യൂറോപ്പിന്റെ സെന്റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (സേണ്‍) 1990-കളിലാണ് ഹിഗ്‌സ് ബോസോണ്‍ സംബന്ധിച്ച പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണയന്ത്രം ഇതിനു വേണ്ടി നിര്‍മിക്കപ്പെട്ടു. എല്‍എച്ച്‌സി (ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍) കണികാത്വരകമായിരുന്നു ആ പരീക്ഷണശാല. ഫ്രാന്‍സിന്റെയും സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും
അതിര്‍ത്തിയില്‍ ജനീവക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ വൃത്താകാര ടണലിന് 27 കി.മീ നീളമുണ്ട്. ഉന്നതോര്‍ജമുള്ള പ്രോട്ടോണ്‍ കണങ്ങളെ എതിര്‍ദിശയില്‍ ഈ ടണലിലൂടെ പായിച്ചു കൂട്ടിയിടിപ്പിക്കുകയായിരുന്നു ആ പരീക്ഷണം. 350 ട്രില്യന്‍ പ്രോട്ടോണ്‍ കൂട്ടിമുട്ടലുകളാണ് സംഘം നടത്തിയിരിക്കുന്നത്. ഒരു പ്രോട്ടോണ്‍ ഊര്‍ജമാക്കി മാറ്റിയാല്‍ ലഭ്യമാകുന്നതിന്റെ 7000 മടങ്ങു ഊര്‍ജത്തില്‍ സഞ്ചരിക്കത്തക്കവിധമാണ് ഇതു സ്ഥാപിച്ചിരിക്കുന്നത്. എല്‍എച്ച്‌സിയില്‍ എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ബീമുകളായ പ്രോട്ടോണുകള്‍ നാലിടങ്ങളിലായി സെക്കന്റില്‍ 3100 കോടി തവണ അന്യോനം കടന്നുപോയി. ഇതിനിടെ 1,24000 പ്രോട്ടോണുകള്‍ കൂട്ടിയിടിപ്പിച്ചത് രേഖപ്പെടുത്താന്‍ ഉയര്‍ന്ന റെസലൂഷനോടു കൂടിയ മൂന്ന് കൂറ്റന്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. അറ്റ്‌ലസ് കോംപാക്റ്റ്, മ്യൂവോണ്‍ സോളിനേയ്ഡ്, എലാര്‍ജ് അയോണ്‍ എക്‌സ്‌പെരിമെന്റ് എന്നിവയാണത്. ഇതില്‍ ആദ്യത്തെ രണ്ടു ഡിറ്റക്ടറുകള്‍ ശേഖരിച്ച വിവരങ്ങളെ സേണ്‍ അപഗ്രഥിച്ചാണ് പരമാണുവിനേക്കാള്‍ ചെറിയ കണമായ ദൈവകണത്തെ സംബന്ധിച്ച സൂക്ഷ്മ ജ്ഞാനത്തിന് ഭൗതിക ശാസ്ത്രം വിശദീകരണം നല്‍കിയത്. ഇനി ഖുര്‍ആനില്‍ ചെന്നു നോക്കാം: “നബിയേ! താങ്കളുടെ കാര്യത്തിലാണെങ്കിലും ഖുര്‍ആനില്‍ നിന്ന് ഏതു ഭാഗം ഓതുകയാണെങ്കിലും നിങ്ങള്‍ എന്തു ചെയ്യുകയാണെങ്കിലും തത്സമയം അതിനൊക്കെ സാക്ഷിയായി നാമുണ്ട്. ആകാശങ്ങളിലും ഭൂമിയിലും ഒരണുവോളമുള്ളതോ അതിലും ചെറുതോ വലുതോ ആയ ഒന്നും തന്നെ വ്യക്തമായ രേഖയില്‍ രേഖപ്പെടുത്താതെ താങ്കളുടെ റബ്ബിന്റെ ശ്രദ്ധയില്‍ നിന്നു മറഞ്ഞിരിക്കുകയില്ല.” (യൂനുസ്-61)

Total
0
Shares
Previous Article
athmeeya nirasathinte rashtreeya munvidhikal-shuaibul haithami-almuneer.in

ആത്മീയനിരാസത്തിന്റെ രാഷ്ട്രീയ മുൻവിധികൾ

Next Article

നിരീശ്വരത്വം: അപൂർണതകളുടെ പൂർണത

Related Posts
Total
0
Share