ഭൂമിയിലെ സംശുദ്ധമായ ഉറവനീർ നേരിട്ടു സ്വീകരിക്കുന്ന വെള്ളച്ചാലുകളിൽ എന്നും കലർപ്പില്ലാത്ത ശുദ്ധജലം കാണാം. ഇത്തരത്തിൽ റസൂലിൽ നിന്നും അവിടുത്തെ സച്ചരതിരായ സ്വഹാബാക്കളിൽ നിന്നും വിശുദ്ധ ഇസ്ലാമിനെ ആശ്ലേഷിക്കാൻ ഭാഗ്യം ലഭിച്ച മണ്ണാണ് കേരളം.
ആ പാരമ്പര്യത്തെ കളങ്കപ്പെടുത്താൻ കേരളത്തിലെ നല്ല ജനങ്ങൾ ഒരാളെയും അനുവദിച്ചിട്ടില്ല.
കാലാന്തരത്തിൽ പലരും വ്യതിയാനങ്ങൾക്ക് വിധേയപ്പെട്ടപ്പോഴും ഇസ്ലാമിനെ ശരിയായ രീതിയിൽ നിലനിർത്താൻ ഇവിടെ പണ്ഡിതരുടെ ശക്തമായ ഒരു കൂട്ടായ്മയും അവരോടൊപ്പം നേരറിഞ്ഞ വലിയൊരു ജനാവലിയും ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്, ഇനിയും ഉണ്ടാവും. ഇൻശാ അല്ലാഹ്. അവരായിരുന്നു മുസ്ലിം കൈരളിയുടെ മാർഗദർശിയായ സമസ്ത എന്ന മഹത് പ്രസ്ഥാനം.
കേരളത്തിലേക്ക് ദീനെത്തിച്ച മാലിക് ബ്നു ദീനാർ (റ) അടക്കമുള്ള മഹത്തുക്കളിൽ നിന്ന് ശരിയായ ദീനി ആദർശങ്ങൾ സ്വീകരിച്ച കേരള ജനത അതിനെ കളങ്കം വരാതെ സൂക്ഷിച്ചു. മമ്പുറം തങ്ങളും മഖ്ദൂമുമാരും അതിന്റെ സംരക്ഷണ ചുമതല ഏറ്റെടുത്തു. കേരളത്തിൻ്റെ പാരമ്പര്യ തനിമക്ക് കോട്ടം വരുത്താനുള്ള ശ്രമങ്ങൾ ശക്തിയാർജിക്കാൻ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിലാണ്. 1921-ലെ ലഹളയുടെ പശ്ചാതലത്തിൽ വികലാശയങ്ങളെ കേരളത്തിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടന്നു. 1921 ഏപ്രിൽ 2,3 തീയതികളിൽ തമിഴ്നാട്ടിൽ വച്ച് നടന്ന ഖിലാഫത്ത് സമ്മേളനത്തിൽ ദേശീയ നേതാക്കളും പങ്കെടുത്തിരുന്നു. കേരളത്തിൽ നിന്ന് മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ, കെ.എം. മൗലവി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയവർ സംബ ന്ധിച്ചിരുന്നു. മജ്ലിസുൽ ഉലമയുടെ ഒരു ശാഖ കേരളത്തിൽ രൂപീകരിക്കുന്നതിന് കെ.എം. മൗലവിയും മറ്റും മൗലാന അബ്ദുൽ ബാരി മുസ്ലിയാരെ സമീപിച്ചു. എന്നാൽ കേരളത്തിൽ എത്തിയതിനു ശേഷം ഗുരുക്കന്മാരുമായി കൂടി ചർച്ച നടത്തി തീരുമാനം കൈകൊള്ളാം എന്ന് അദ്ദേഹം അറിയിച്ചു. അവർ കൊണ്ടുവന്ന ലിസ്റ്റിൽ ഒപ്പുവക്കാതെ തൻ്റെ നിലപാട് അദ്ദേഹം വ്യക്തമാക്കി. 1921- ഏപ്രിലിൽ ഒറ്റപ്പാലത്ത് വച്ചു നടന്ന കോൺഗ്രസ് ഖിലാഫത്ത് സമ്മേളനത്തിൽ കെ.എം. മൗലവി പ്രസിഡന്റായി മജ്ലിസുൽ ഉലമ രൂപീകരിച്ചു. പ്രമുഖരായ കേരളത്തിലെ ഒരു പണ്ഡിതനെയും പങ്കു ചേർക്കാതെയായിരുന്നു ഈ രൂപീകരണം കൃത്യമായ അജണ്ടകൾ സ്ഥാപിച്ചെടുക്കലായിരുന്നു ഈ രൂപീകരണത്തിനു പിന്നിലെ ലക്ഷ്യം. 1921 ജൂലൈ 24- ന് ഒരു മഹാസമ്മേളനം നടത്തിയെങ്കിലും അതേ വർഷം ഓഗസ്റ്റിൽ മലബാർ കലാപം തുടങ്ങിയതോടെ ഈ സംഘടന നാമാവശേഷമായി തീർന്നു.
1921 ഓഗസ്റ്റ് 16-ന് ബ്രിട്ടീഷ് കളക്ടർ ഇഎഫ്. തോമസ് പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് പ്രകാരം ലഹളയുടെ കാരണക്കാരായി മുദ്ര കുത്തിയത് നെല്ലിക്കുത്ത് ആലി മുസ്ലിയാർ. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ എന്ന കെ.എം. മൗലവി എന്നീ മൂന്നു പേരെയായിരുന്നു. ആലി മുസ്ലിയാരെ വിചാരണക്ക് ശേഷം കോയമ്പത്തൂർ ജയിലിലടച്ചു. പാങ്ങിൽ മുസ്ലിയാർ ഒളിവിൽ പോവുകയും പ്രക്ഷോഭകരെ ശാന്തരാക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്തു. കെ.എം. മൗലവി നാട്ടുരാജ്യമായ കൊടുങ്ങല്ലൂരിലേക്ക് തന്റെ ഭാര്യസഹോദരൻ എം.സി.സി. അബ്ദുറഹ്മാൻ മൗലവി യുടെ അടുത്തേക്ക് പോയി. വർഷങ്ങൾക്കു മുമ്പേ കൊടുങ്ങല്ലൂരിൽ അധ്യാപകനായി എത്തിയ ഇ.കെ. മൗലവിയും എം.സി.സിയും കെ.എം. മൗലവിയും ചേർന്ന് പിന്നീട് നവീന ചിന്താഗതികൾ വ്യാപിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചു. ഉപദേശ നിർദേശങ്ങൾ നൽകി അവരോടൊപ്പം വക്കം മൗലവി കൂടി ചേർന്നപ്പോൾ വഹാബിസം ശക്തിയാർജിച്ചു. കൊടുങ്ങല്ലൂരിലെ കക്ഷിവഴക്കുകളും ഗോത്ര കലഹങ്ങളും ഒഴിവാക്കാനായി 1922-ൽ മൗലവിമാർ നിഷ്പക്ഷ സംഘം രൂപീകരിച്ചു. പ്രസ്തുത സംഘം സംസ്ഥാന വ്യാപകമാക്കാൻ ‘കേരള മുസ്ലിം ഐക്യസംഘം ‘ എന്ന് പുനർ നാമകരണം ചെയ്തു. നാലിലൊരു മദ്ഹബ് സ്വീകരിച്ചാൽ സംഘത്തിൽ അംഗമാവാമെന്ന് വ്യവസ്ഥവച്ചിരുന്നു. അതുകൊണ്ട് തന്നെ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുൾപ്പെടെ ഏതാനും ചില പണ്ഡിതന്മാർ സദുദ്ദേശ്യ പൂർവം സംഘത്തിൽ ചേർന്നു.
എന്നാൽ 1923-ൽ ഒന്നാം വാർഷിക സമ്മേളനം എറിയാട്ടു വച്ചു നടത്തിയപ്പോളാണ് സംഘത്തിന്റെ ഒളിയജണ്ടകൾ ജനങ്ങൾക്ക് മനസ്സിലായി തുടങ്ങിയത്. വഹാബിയായ വക്കം മൗലവിയെ അധ്യക്ഷനാക്കിയതും ഇസ്ലാമിക ആചാര അനുഷ്ഠാനങ്ങളെ വിമർശിച്ച് പ്രമേയങ്ങൾ അവതരിപ്പിച്ചതും ഈ അജണ്ടകളുടെ ഭാഗമായിരുന്നു. 1924-ലെ രണ്ടാം സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഉലമാ കോൺഫറൻസിൽ വെല്ലൂർ ബാഖിയാത്ത് മുദരിസായ മൗലാനാ അബ്ദുറഹീം ഹസ്രത്തിനെ പങ്കെടുപ്പിച്ചു. പണ്ഡിത പിന്തുണയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായിരുന്നു ഇത്. ആ കോൺഫറൻസിൽ വച്ച് കേരള ജംഇയത്തുൽ ഉലമ സ്ഥാപിച്ചു.
ഐക്യസംഘം മൂന്നാം സമ്മേളനം കോഴിക്കോട് വച്ച് നടത്താൻ തീരുമാനമായതോടെയാണ് മലബാർ അപകടം മുൻകൂട്ടി കണ്ടത്. തുടർന്ന് ഐക്യസംഘത്തെ പ്രതിരോധിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വേണ്ടി പണ്ഡിതർ വരക്കൽ തങ്ങളുടെ വസതിയിൽ ഒത്തുചേർന്നു. പ്രതിരോധ പ്രവർത്തനം ക്രിയാത്മകമാക്കാൻ ജെ.പി. മുഹമ്മദ് ബീരാൻ മുസ്ലിയാർ പ്രസിഡന്റായും ഹുസൈൻ മൗലവി സെക്രട്ടറിയായും കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭ രൂപീകരിച്ചു. പാരമ്പര്യത്തെ തകർക്കാൻ കച്ചകെട്ടിയ ഐക്യസംഘത്തിനെതിരെ സക്രിയമായി പ്രതിരോധം തീർക്കാൻ വേണ്ട എല്ലാ കരുതലുകളും ഈ സഭ സ്വീകരിച്ചു. ഒരു വർഷത്തിനുള്ളിൽ തന്നെ കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ സുന്നി
മഹാസമ്മേളനങ്ങൾ നടത്താൻ സഭക്ക് സാധിച്ചു. കോഴിക്കോട് പണ്ഡിതന്മാരുടെ മഹാസംഗമം നടത്താൻ തീരുമാനിച്ചതോടെ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖ പണ്ഡിതന്മാരെ അണിനിരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അദ്ദേഹത്തോടൊപ്പം നിരവധി പണ്ഡിതന്മാരും കർമ്മമണ്ഡലത്തിലേക്ക് സജീവമായി ഇറങ്ങിയതോടെ അഹ്ലുസ്സുന്നത്ത് ശക്തിപ്പെടാൻ തുടങ്ങി.

അങ്ങനെ, വഹാബി ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സംഘടിത ശ്രമങ്ങൾ ശക്തിയാർജിക്കുന്ന സ്ഥിതിവിശേഷം നേരിൽ കണ്ട പണ്ഡിതന്മാർ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് 1926-ൽ സമസ്ത എന്ന സംഘടനക്ക് രൂപം നൽകി. ബിദഇകൾ ആശയാധിപത്യം സ്ഥാപിക്കാൻ ശ്രമങ്ങൾ ആരംഭിച്ചപ്പോൾ തന്നെ സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതർ ഒരുമിച്ചുനിന്നു ക്രിയാത്മകമായ പ്രതിപ്രവർത്തനങ്ങൾക്ക് രൂപം നൽകിയതിന്റെ സാക്ഷ്യപത്രമായിരുന്നു സമസ്ത. പിന്നീട് വികല ആശയങ്ങളെ പ്രതിരോധിച്ചും അഹ്ലുസ്സുന്നത്തിനെ പ്രബോധനം നടത്തിയും സമസ്ത പാരമ്പര്യത്തെ മുസ്ലിം സാമൂഹിക മണ്ഡലത്തിൽ അടയാളപ്പെടുത്തി.
വരാനിരിക്കുന്ന എല്ലാ തലമുറകളിലേക്കും ഈ ആദർശാശയത്തെ സുഖമമായി കൈമാറ്റം നടത്തുന്ന ശൃംഖല ഇഴപിരിയാതിരിക്കാൻ, കൃത്യമായി മദ്രസ സംവിധാനവും അറബി കോളേജും അതിനു കീഴിൽ ജൂനിയർ കോളേജും ആവശ്യാനുസരണം സജ്ജീകരിച്ചും ദർസുകൾ ശാക്തീകരിച്ചും നിസ്തുലമായി പ്രവർത്തിക്കുന്ന വിവിധ ഉപവിഭാഗങ്ങളെ രൂപീകരിച്ചും സമസ്ത എന്ന പണ്ഡിത സഭ ഈ കാലമത്രയും അതിന്റെ ധർമ്മം നിർവഹിച്ചുപോരുന്നു.
കർമ്മ വീഥിയിൽ നൂറുവർഷം തികക്കാൻ പോകുന്ന ഈ സുന്ദര നിമിഷത്തിലും വിനയാന്വിതനായി സർവശക്തനായ അല്ലാഹുവിനു മുമ്പിൽ അവന്റെ സത്യ ദീനിനെ ശരിയായ രീതിയിൽ പ്രബോധനം നടത്തിയ നിസ്വാർഥരായ ഒരു കൂട്ടത്തെ പ്രതിനിധാനം ചെയ്യാൻ ആദർശ ബോധമുള്ള സുന്നത്ത് ജമാഅത്തിന്റെ എത്ര ആളുകളാണ് നമുക്കുള്ളത് ! അല്ലാഹു എന്നും ഇത് നിലനിർത്തി തരുമാറാകട്ടെ… ആമീൻ