തിരുനബി(സ)യിൽ നിന്ന് നേരിട്ട് മതം പഠിച്ചവരാണ് കേരളീയർ എന്നതിന് ചരിത്രം സാക്ഷിയാണ്. കേരളീയ ഉമ്മത്തിന്റെ വിജയഗാഥയുടെ അടിസ്ഥാനവും ഇത് തന്നെയായിരുന്നു. എക്കാലത്തും കേരളത്തിൽ ഉമ്മത്തിന് ശക്തമായ നേതൃത്വം ഉണ്ടായിരുന്നു. ആധ്യാത്മിക രംഗത്ത് ആ മഹാമനീഷികൾ തീർത്ത പാതയിൽ മുസ്ലിം കൈരളി മുന്നേറി. പള്ളികളും പള്ളിദർസുകളും ഉപയോഗിച്ച് അവർ വിശ്വാസികളിൽ ഇസ്ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഒന്നാം മഖ്ദൂം മുതൽ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാക്കൾ വരെയുള്ള സയ്യിദുമാരും പണ്ഡിതരും തന്നെയാണ് കഴിഞ്ഞ കാലത്തിന്റെ ഗതി നിർണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാൻ നമ്മെ പ്രാപ്തരാക്കിയതും.
കേരളീയ പൈത്യകത്തെ കുറിച്ച് മുജാഹിദുകൾ തന്നെ എഴുതുന്നതു കാണുക: “പ്രവാചകന്റെ ജീവിത കാലത്തുതന്നെ ഇസ്ലാമിക സന്ദേശം കേരളത്തിൽ വന്നിട്ടുണ്ട്. മാലിക് ബ്നു ദീനാർ, ഹബീബ് ബ്നു മാലിക് തുടങ്ങിയ ആദ്യകാല പ്രബോധകരുടെ വിശുദ്ധ പാദ മുദ്രകൾ പതിഞ്ഞ മണ്ണാണ് മലബാർ. അതുകൊണ്ടുതന്നെ കേരളീയർ പരിചയപ്പെട്ട ഇസ്ലാം തീർച്ചയായും ഖുർആനും സുന്നത്തും അനുസരിച്ചുള്ള ഇസ്ലാം തന്നെയായിരുന്നു. (അന്നദ് വ: പേജ് 103. എടവണ്ണ ജാമിഅ പ്രസിദ്ധീകരണം )
ഇരുപതാം നൂറ്റാണ്ടുവരെയുള്ള ദഅവത്തിന് പ്രാസ്ഥാനിക രൂപം കാണാനാവില്ലെങ്കിലും സമൂഹത്തിൽ സ്വാധീനമുണ്ടായിരുന്ന കുടുംബങ്ങളിലൂടെയും വ്യക്തികളിലൂടെയും അത് വ്യാപിച്ചത് പ്രകടമായിത്തന്നെ കാണാനാകും. കലാപകലുഷിതമായ ഇരുപതാം ശതകത്തിന്റെ തുടക്കത്തിൽ സമുദായത്തിൽ വിഭാഗീയതയുടെ സംഘടിത രൂപം പ്രത്യക്ഷപ്പെട്ടു. നൂറ്റാണ്ടുകളോളം കലർപ്പേൽക്കാതെ വിശ്വസിച്ച് പോന്ന ആദർശപാരമ്പര്യത്തിൽ നിന്നും സമുദായത്തെ അടർത്തിയെടുക്കാനുള്ള കുത്സിത ശ്രമങ്ങൾ ആസൂത്രിതമായി അരങ്ങേറി.
കാലുഷ്യങ്ങളുടെ 1921
മലബാർ സമരത്തിന്റെ അടിസ്ഥാന കാരണങ്ങളെ വിശകലന വിധേയമാക്കിയവർ താൽപിത ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് സഞ്ചരിച്ചതെന്ന് കാണാം. വില്യം ലോഗനും മലബാർ ഡെപ്യൂട്ടി ജഡ്ജി എച്ച്.വി ഗ്രാമും സമരത്തെ കാർഷിക വീക്ഷണത്തിലൂടെയാണ് നിരീക്ഷിച്ചത്. 1882 ൽ ലോഗൻ സമർപ്പിച്ച മലബാർ ലാൻഡ് ടെന്വർസ് എന്ന റിപ്പോർട്ടിലാണ് സമരങ്ങളുടെ കാർഷിക പശ്ചാത്തലം നിരീക്ഷണ വിധേയമാക്കുന്നത്. എന്നാൽ 1987 ൽ ബ്രിട്ടീഷ് സർക്കാരിന്റെ പ്രത്യേക താല്പര്യത്തിൽ പുറത്തിറക്കിയ മലബാർ മാന്വലിൽ മാപ്പിള കലാപങ്ങളെ ഇതേ ലോഗൻ തന്നെ വർഗീയപരമായി വ്യാഖ്യാനിക്കുന്നത് കാണാം. ലോഗന്റെ മലബാർ ലാൻഡ് ടന്വേർസിനെ മുൻനിർത്തിയാണ് പിൽക്കാല ചരിത്രകാരന്മാർ മാപ്പിള മുന്നേറ്റങ്ങൾക്ക് കാർഷിക വ്യാഖ്യാനങ്ങൾ നൽകിയത്. ‘മലബാർ കലാപം അടിവേരുകൾ ‘എന്ന കൃതിയിലൂടെ കോൺറാഡ് വുഡും അടിസ്ഥാനപരമായി കാർഷിക പ്രശ്നങ്ങളെയാണ് പ്രക്ഷോഭ കാരണമായി സമർഥിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിലെ മാപ്പിളമാർ പോർവിളി ഉയർത്തിയത് മലബാറിൽ വൈദേശിക ഭരണത്തിന്റെ തുടക്കത്തിൽ സമ്മാനിച്ച പ്രത്യാഘാതങ്ങളുടെ ഫലമായാണെന്ന് നിരീക്ഷിക്കുന്ന അദ്ദേഹം കാർഷിക വിഷയത്തിൽ ജന്മിമാർ നടത്തിയ അനീതികളും അതിന് ഭരണകൂടം നൽകിയ പിന്തുണയും പോരാട്ടങ്ങളുടെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കാർഷിക പ്രശ്നങ്ങളെ മുൻനിർത്തി മാപ്പിള മുന്നേറ്റങ്ങളെ വിശകലന വിധേയമാക്കിയ പ്രമുഖരിൽ ഗായത്രി വല്ലഭ അയ്യർ, സൗമേന്ദ്ര നാഥ ടാഗോർ, ഡോ. കെ.എൻ പണിക്കർ തുടങ്ങിയവരേയും കാണാം.
എന്നാൽ കാർഷിക പ്രശ്നങ്ങളേക്കാളുപരി 1921 ലെ സമരത്തിന്റെ പ്രധാന കാരണം ഇന്ത്യയിലുടനീളം ആഞ്ഞടിച്ച ഖിലാഫത്ത് പ്രക്ഷോഭമായിരുന്നു. സമരത്തിന്റെ ഏറ്റവും വലിയ പ്രത്യയശാസ്ത്ര അടിത്തറ തന്നെയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം. റോളണ്ട് ഇ മില്ലർ എഴുതുന്നു, “മാപ്പിളമാരുടെ സാമ്പത്തിക അസംതൃപ്തി, ഖിലാഫത്ത് പ്രസ്ഥാനം, സ്വാതന്ത്ര്യ പ്രസ്ഥാനം, ബ്രിട്ടീഷ് അടിച്ചമർത്തൽ എന്നിവയോ ഇവയിൽ പലതും കൂടിച്ചേർന്നതോ പ്രക്ഷോഭത്തിന് കാരണങ്ങളായി പറയപ്പെടുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിൽ മാപ്പിള കലാപങ്ങളുടെ കാരണങ്ങളായി പറയപ്പെടുന്നതും അതോടൊപ്പം മറ്റു ചിലതും കൂടിച്ചേർന്നതാണ് ഈ പട്ടിക. മുൻ കലാപങ്ങളിൽ എന്ന പോലെ 1921 ലെ കലാപവും പൊട്ടിപ്പുറപ്പെടുന്നതിൽ വിവിധ സ്വാധീനങ്ങൾ പ്രതിപ്രവർത്തിച്ചു. ഇവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ പുതിയ ഘടകം ഖിലഫത്ത് പ്രസ്ഥാനമാണ്. ( മാപ്പിള മുസ്ലിംകൾ, റോളണ്ട് ഇ മില്ലർ പേജ് 130).
ലോക മുസ്ലിംകളെ ഒരുമിച്ചു നിർത്തുന്ന ഘടകമായി നൂറ്റാണ്ടുകളോളം വർത്തിച്ച ഉസ്മാനി (ഓട്ടോമൻ) ഖിലാഫത്തിനോട് ഒന്നാം ലോക യുദ്ധാനന്തരം ബ്രിട്ടൻ സ്വീകരിച്ച വഞ്ചനാ നയത്തിൽ പ്രതിഷേധിച്ച് അബുൽ കലാം ആസാദും അലി സഹോദരന്മാരു മടങ്ങുന്ന മുസ്ലിം നേതാ ക്കൾ നേതൃത്വം നൽകിയ പ്ര ക്ഷോഭമായിരുന്നു ഖിലാഫത്ത് സമരം. ലോകമഹായുദ്ധാനന്തരം ഒട്ടോമൻ തുർക്കി യെ വിഭജിക്കുന്ന “സെവ് രസ് ഉടമ്പടി” (1919 ആഗസ്റ്റ് ) ഭേദഗതി ചെയ്യാൻ ആസാദിന്റെയും അലി സഹോദരന്മാരുടെയും നേതൃത്വത്തിൽ മുസ്ലിംകൾ രംഗത്തിറങ്ങി. അതിന്റെ ഭാഗമായി 1919 ഒക്ടോബർ 17 ഖിലാഫത്ത് ദിനമായി ആചരിക്കുകയും 1920 ഫെബ്രുവരിയിൽ ബോംബെയിൽ കേന്ദ്ര ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. 1921 ജൂൺ 30 ആയപ്പോഴേക്കും ഇന്ത്യയൊട്ടുക്കും 200 ഖിലാഫത്ത് കമ്മിറ്റികൾ രൂപീകൃതമായിരുന്നു. 1920 ഏപ്രിൽ 28 ന് നടന്ന മഞ്ചേരി സമ്മേളനത്തോടെയാണ് ഖിലാഫത്ത് പ്രസ്ഥാനം മലബാറിൽ ശ്രദ്ധനേടുന്നത്.
ഖിലാഫത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് മുസ്ലിം നേതാക്കൾ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയതോടെ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ഇതിന് പിന്തുണ പ്രഖ്യാപിച്ചു. അങ്ങനെ കോൺഗ്രസ് പ്രവർത്തകരും ഖിലാഫത്ത് വളണ്ടിയർമാരും ചേർന്ന് സമരം നടത്താൻ തീരുമാനിച്ചു. 1920 ആഗസ്റ്റ് 18 ന് ഗാന്ധിജിയും ഷൗക്കത്തലിയും കോഴിക്കോട് വന്നു പ്രസംഗിച്ചു. അതിന്റെ തുടർച്ചയെന്നോണം 1921 ഏപ്രിൽ 23 മുതൽ 27 വരെ ഒറ്റപ്പാലത്ത് കോൺഗ്രസിന്റെയും ഖിലാഫത്തിന്റെയും സമ്മേളനങ്ങൾ നടത്തി. കോൺഗ്രസ്-ഖിലാഫത്ത് ധാരണയുടെ അടിസ്ഥാനത്തിൽ 1921 ആഗസ്റ്റ് 21 ന് തീർത്തും സമാധാനപരമായി മലബാറിൽ സമരം ആരംഭിച്ചു. എന്നാൽ ഈ സംയുക്ത പ്രക്ഷോഭം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭമായി മാറുന്നത് ഭീതിയോടെ വീക്ഷിച്ച ബ്രിട്ടീഷ് ഭരണകൂടം ആസൂത്രിതമായി അതിനെ അടിച്ചമർത്താനുള്ള നീക്കം നടത്തി. സമരത്തെ സായുധ സമരത്തിലേക്ക് തിരിച്ചുവിട്ടു.
കോൺഗ്രസിനെപ്പോലെ കിട്ടുന്നതെല്ലാം വാങ്ങിവെക്കുക, തിരിച്ചടിക്കാതെ മൗനികളാകുക എന്ന അഹിംസാ സൈദ്ധാന്തികമൊന്നുമില്ലാത്ത മാപ്പിള
പോരാളികൾ ബ്രിട്ടീഷുകാരോട് സായുധ ചെറുത്തു നിൽപ്പിന് തയ്യാറായതോടെ സമരം അക്രമാസക്തമായെന്ന് പറഞ്ഞു കോൺഗ്രസ് പിന്മാറുകയും സമരരംഗത്ത് മാപ്പിളമാർ തനിച്ചാവുകയും ചെയ്തു. നീണ്ട ചെറുത്തു നില്പ്പിനൊടുവിൽ മാ പ്പിളപോരാളികൾ ബ്രിട്ടീഷുകാരാൽ ക്രൂരമായി അടിച്ചമർത്തപ്പെടുന്നതിലാണ് അത് കലാശിച്ചത്. ആർ.സി മജുംദാറിനെ പോലുള്ളവർ നിരീക്ഷിച്ചത് പോലെ വ്യക്തമായ കാലുവാരൽ തന്നെയായിരുന്നു കോൺഗ്രസ് നടത്തിയത്. തുടർന്ന് മലബാറിലെ മാപ്പിളമാർ ഒറ്റപ്പെട്ടു.
അധിനിവേശ സാമ്രാജ്യത്വ കൊളോണിയൽ ശക്തികൾക്കെതിരെ നിന്ന പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന സമുദായമാണ് മാപ്പിളമാരുടേത്. 1498 മുതൽ 1921 വരെയുള്ള മാപ്പിള മലബാറിലെ ചരിത്രത്തിലെ നല്ലൊരുഭാഗവും സമരങ്ങളുടെയും പോരാട്ടങ്ങളുടെതുമാണ്. വാസ്കോഡഗാമ 1498 മെയ് 17ന് കാപ്പാട് കടപ്പുറത്ത് കപ്പൽ ഇറങ്ങിയപ്പോൾ ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ പൊന്നാനി പള്ളിയിൽ വച്ച് നടത്തിയ സമര പ്രഖ്യാപനത്തിൽ നിന്നും തുടങ്ങുന്നതാണ് മാപ്പിളമാരുടെ പോരാട്ട ചരിത്രം. പതിനഞ്ചാം നൂറ്റാണ്ടു മുതൽ അധിനിവേശ ശക്തികൾക്കെതിരെ അരങ്ങേറിയ മുഴുവൻ പോരാട്ടങ്ങളെയും സമുദായം ഒന്നിച്ചാണ് ഏറ്റെടുത്തത്. മലബാറിലെ അക്കാലത്തെ ഏറ്റവും വലിയ മതപണ്ഡിതന്മാരും ആത്മീയ ആചാര്യന്മാരുമായിരുന്നു അന്ന് അതിനെല്ലാം നേതൃത്വം നൽകിയത്. കേവലം രാഷ്ട്രീയ സാഹചര്യങ്ങളോ പ്രേരകങ്ങളോ അല്ല പണ്ഡിത കുലപതികളെ വൈദേശിക ആധിപത്യത്തിനെതിരേയുള്ള പോരാട്ടത്തിലേക്ക് എത്തിച്ചത്. വിശ്വാസപരമയ പലകാരണങ്ങളും അതിൽ പ്രധാനമായി വർത്തിച്ചിട്ടുണ്ട് എന്ന് കാണാം.
സായുധ പോരാട്ടം വേണമെന്ന് ശഠിച്ചവരും സായുധരായ സംഘത്തോട് പരിമിതി മനസ്സിലാക്കി വേണം പോരാട്ടമെന്ന് മുന്നറിയിപ്പ് നൽകിയവരും പണ്ഡിതരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുകയും എന്നാൽ സായുധസമരം ഒഴിവാക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തവരാണ് വരക്കൽ മുല്ലക്കോയ തങ്ങൾ, പാങ്ങിൽ അഹമ്മദ്കുട്ടി മുസ്ലിയാർ തുടങ്ങിയവർ.
ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ഒരുനിലക്കും പോരാടേണ്ടതില്ലെന്ന നിലപാടുകാരും പണ്ഡിതരിൽ ഉണ്ടായിരുന്നു. സമുദായത്തെ ഇനിയുമൊരു സായുധ സമരത്തിലേക്ക് തള്ളിവിടുന്നത് ആത്മഹത്യാപരമാണെന്നും രാക്ഷ്ട്രീയ ലാഭം മുന്പിൽ കണ്ടു കൊണ്ടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഖിലാഫത്ത് കളി മാത്രമാണെന്നും അവർ നിരീക്ഷിച്ചു.
മജ്ലിസുൽ ഉലമ
കലക്കും വെള്ളത്തിൽ മീൻപിടിച്ച് പാരമ്പര്യമുള്ള മതപരിഷ്കരണവാദികൾ ഈ സാഹചര്യത്തിൽ ശക്തമായ നീക്കം നടത്തി. പിൽക്കാലത്ത് ഐക്യസംഘമെന്ന പേരിൽ മറനീക്കി പുറത്ത് വന്ന ചില തീവ്ര ചിന്താഗതിക്കാരായ മൗലവികൾ ആസൂത്രിതമായി പണ്ഡിതരെ ഒറ്റുകൊടുത്തതു കാണാം.
ഖിലാഫത്ത് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന ദേശീയ നേതാക്കൾ പങ്കെടുത്ത സമ്മേളനം 1921 ഏപ്രിൽ 2,3 തിയ്യതികളിൽ തമിഴ്നാട്ടിലെ ഈറോഡിൽ വെച്ച് നടന്നു. പ്രസ്തുത സമ്മേളനത്തിൽ കേരളത്തിൽ നിന്ന് മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ, കെ.എം മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി, ഇ. മൊയ്തു മൗലവി തുടങ്ങിയവർ സംബന്ധിച്ചിരുന്നു. മജ്ലിസുൽ ഉലമയുടെ ഒരു ശാഖ കേരളത്തിൽ രൂപീകരിക്കുന്നതിനെ കുറിച്ചാലോചിക്കാനായി കെ.എം മൗലവിയും മറ്റും മൗലാന അബ്ദുൽ ബാരി മുസ്ലിയാരെ സമീപിച്ചു. അദ്ദേഹം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. “നമുക്ക് കേരളത്തിലേക്കു മടങ്ങിയ ശേഷം നമ്മുടെ ഗുരുവര്യൻമാരോടും മറ്റും കൂടിയാലോചിച്ചു വേണ്ടതു ചെയ്യാം”. എന്നാൽ പ്രസ്തുത അഭിപ്രായത്തോട് കെ.എം മൗലവിക്കും കൂട്ടുകാർക്കും വിയോജിപ്പായിരുന്നു. അബ്ദുൽ ബാരി മുസ്ലിയാർ തന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയും അവർ കൊണ്ടു വന്ന ലിസ്റ്റിൽ ഒപ്പുവെക്കാതെ മാറി നിൽക്കുകയും ചെയ്തു. അവർ പിന്നീട് കെ.എം മൗലവി പ്രസിഡന്റായി മജ്ലിസുൽ ഉലമ രൂപീകരിച്ചു (കെ.എം മൗലവി സ്മാരക ഗ്രന്ഥം 109)
1921 ഏപ്രിലിൽ ഒറ്റപ്പാലത്ത് വെച്ചു നടന്ന കോൺഗ്രസ് ഖിലാഫത്ത് സമ്മേളനത്തിൽ വച്ചായിരുന്നു ഈ രൂപീകരണം. കേരളത്തിലെ പണ്ഡിത പ്രമുഖന്മാരിൽ ഒരാളെ പോലും അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതെയായിരുന്നു രൂപീകരണം എന്നത് വിഭാഗീയതയുടെ വഹാബി അജണ്ടകളുടെ ആഴം വ്യക്തമാക്കുന്നു. മജ്ലിസുൽ ഉലമയുടെ പേരിൽ 1921 ജൂലൈ 24 ന് പുതുപൊന്നാനിയിൽ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചു. സംഘത്തിന്റെ ഗതി തിരിച്ചറിയാതെ ചില ഉലമാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം ഓഗസ്റ്റിൽ മലബാർ കലാപം ആ രംഭിച്ചതോടെ പ്രസ്തുത സംഘടന നാമാവശേഷമായി.
ഒളിച്ചോട്ടവും ഛിദ്രചിന്തകളും
ഖിലാഫത്ത് പ്രസ്ഥാനത്തിലെ സജീവ സാന്നിധ്യമായിരുന്നു നെല്ലിക്കുത്ത് ആലി മുസ്ലിയാർ , പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ, തയ്യിൽ മുഹമ്മദ് കുട്ടി മുസ്ലിയാർ എന്ന കെ. എം മൗലവി എന്നിവർ, 1921 ഓഗസ്റ്റ് 16 ന് കലക്ടർ ഇ.എഫ് തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിൽ ലഹളയുടെ കാരണക്കാരായി ഈ മൂന്ന് പേരുമുണ്ടായിരുന്നു. ആലി മുസ്ലിയാർ വിചാരണ നേരിട്ടു കോയമ്പത്തൂർ ജയിലിലേക്കു നീങ്ങി. അവിടെ വച്ച് വഫാത്തായി. പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഒളിവിൽ കഴിഞ്ഞു പ്രക്ഷോഭകാരികളെ ശാന്തരാക്കാൻ അവിശ്രമ പരിശ്രമം നടത്തി. വികാരഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അക്രമത്തിനെതിരെ ഉദ്ബോധനം നടത്താനുമായി ഗ്രാമാന്തരങ്ങളുലൂടെ സഞ്ചരിച്ചു. മലപ്പുറത്തെ തുക്ക്ടി കച്ചേരി കൊള്ളയടിക്കാനെത്തിയ ജനസഞ്ചയത്തെ സംബോധനം ചെയ്തു അദ്ദേഹം നടത്തിയ പ്രസംഗം സുവിദിതവും ശ്രദ്ധേയവുമാണ്. മലപ്പുറം കുന്നുമ്മലിൽ വെച്ച് നടന്ന പ്രസ്തുത പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം: “പ്രിയ സഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്; വെള്ളക്കാർ നമ്മുടെ ശത്രുക്കളും. അവർ ഇന്ത്യ വിട്ടു പോവണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ നാം അക്രമം കാണിക്കരുത്, അക്രമ രഹിതമായ ഒരു സമരമാണ് നാമുദ്ദേശിക്കുന്നത്. ഗവൺമെന്റ് ഓഫീസുകൾ കൊള്ളയടിക്കരുത്, ഗവൺമെന്റിനെതിരെ യുദ്ധത്തിനൊരുങ്ങിയാൽ നാം കുറ്റക്കാരായി തീരും. സമാധാന പരമായി നാം യുദ്ധം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം.
അദ്ദേഹം രോഗബാധിതനായി പെരിന്തൽമണ്ണക്കടുത്ത് മുള്ള്യാകുർശിയിലെ ഒരു സുഹൃദ് ഭവനത്തിൽ ശയ്യാവലംബിയായി. മലപ്പുറത്തെ പൗരപ്രധാനിയും അദ്ദേഹത്തിന്റെ ആത്മമിത്രവുമായ കിളിയമണ്ണിൽ മൊയ്തു സാഹിബിന്റെ ശ്രമഫലമായി ചികിത്സലഭ്യമാക്കുകയും അറസ്റ്റ് വാറണ്ട് പിൻവലിക്കുകയും ചെയ്തു.
അറസ്റ്റ് ഭീതി നിമിത്തം കെ.എം മൗലവി തന്റെ ഭാര്യാ സഹോദരൻ എം.സി.സി അബ്ദു റഹ്മാൻ മൗലവിയുടെ ക്ഷണപ്രകാരം കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. നാട്ടു രാജ്യമായതിനാൽ അവിടെ ബ്രിട്ടീഷുകാരുടെ ഉപദ്രവം ഭയപ്പെടേണ്ടിയിരുന്നില്ല. വർഷങ്ങൾക്കു മുമ്പേ അധ്യാപകനായി അവിടെ എത്തിയ ഇ.കെ മൗലവിയുടെയും 1921 ഓഗസ്റ്റ് 20 ന് കൊടുങ്ങല്ലൂരിൽ നടന്ന ഖിലാഫത്ത് സമ്മേളനത്തിന് മലബാറിൽ നിന്നെത്തി പിന്നീട് അവിടെ തങ്ങിയ എം.സി.സി അബ്ദുറഹ്മാൻ മൗലവിയുടെയുമൊപ്പം സംഘാടകനും വാഗ്മിയുമായ കെ. എം മൗലവി കൂടി എത്തിയതോടെ നവീന ചിന്താഗതികൾക്ക് സംഘടിത രൂപമായി. വഹാബിസം നേരത്തെ ബാധിച്ച ദക്ഷിണ കേരളത്തിലെ വക്കം മൗലവിയുടെ നിർദേശങ്ങൾ മലബാറിൽ നിന്നെത്തിയ മൗലവിമാർക്ക് കരുത്ത് പകർന്നു.
ഐക്യസംഘത്തിന്റെ പേരിൽ അനൈക്യം
കൊടുങ്ങല്ലൂരിലെ സമ്പന്ന മുസ്ലിം കുടുംബങ്ങളിലെ ഗോത്രകലഹങ്ങളും കക്ഷിവഴക്കുകളും അവസാനിപ്പിക്കാനായി മൗലവിമാർ സമ്മേളിച്ചു. 1972 ൽ എറിയാട്ട് വച്ച് ഒരു സമ്മേളനം നടത്തി മുസ്ലിംകൾക്കിടയിലെ ഭിന്നിപ്പ് തീർക്കാനും ഗോത്രങ്ങൾക്കിടയിൽ നിഷ്പക്ഷത പാലിക്കാനും ഒരു സ്ഥിരം സംവിധാനമായി നിഷ്പക്ഷ സംഘം എന്ന പേരിൽ ഒരു വേദി ഉണ്ടാക്കി. പതിനൊന്നംഗ സമിതി ആയിരുന്നു അത്. എന്നാൽ കൊടുങ്ങല്ലൂരിലെ ഗോത്ര കലഹത്തിനു അറുതി വരുത്താൻ പ്രസ്തുത സംഘത്തിന് കഴിഞ്ഞില്ലെന്നത് വേറെ ചരിത്രം. (‘കേരള മുസ്ലിം നവോത്ഥാന ചരിത്രം ‘ പേ.120). സംഘത്തിന്റെ പ്രവർത്തനം സംസ്ഥാന വ്യാപകമാക്കുന്നതിനായി പേര് കേരളമുസ്ലിം ഐക്യ സംഘം എന്നാക്കി.
മണപ്പാട്ടു കുഞ്ഞിമുഹമ്മദ് ഹാജി, കെ.എം സീതി സാഹിബ്, പിതാവ് സീതി മുഹമ്മദ്, കെ.എം മൗലവി, ഇ.കെ മൗലവി, ടി.കെ മുഹമ്മദ് മൗലവി, എം.സി.സി അബ്ദുറഹ്മാൻ മൗലവി തുടങ്ങിയവരായിരുന്നു സംഘത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖർ. ശാഫിഈ, ഹനഫീ, ഹമ്പലി, മാലികി മദ്ഹബുകളിൽ ഏതെങ്കിലുമൊന്ന് വച്ച് പുലർത്തുന്നവർക്ക് സംഘത്തിൽ അംഗങ്ങളാവാമെന്നതായിരുന്നു വ്യവസ്ഥ. അതിനാൽ മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ഉൾപ്പെടെയുള്ള ഏതാനും പണ്ഡിതൻമാർ സദുദേശ്യ പൂർവം സംഘത്തിന്റെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ‘ഐക്യസംഘം’ നിഗൂഢ ലക്ഷ്യത്തോടെയാണ് നീങ്ങിയത്. അക്കാലത്ത് ഈജിപ്തിലും തുർക്കിയിലും പ്രചാരം നേടിയിരുന്ന പുത്തൻ ചിന്തകളെ കേരളത്തിലും പ്രചരിപ്പിക്കാനുള്ള ആസുത്രിത നീക്കം നടത്തി. മതപരിഷ്കരണമെന്ന ലേബലിൽ പാരമ്പര്യ മൂല്യങ്ങളിൽ നിന്ന് സമുദായത്തെ അകറ്റാനായിരുന്നു സംഘത്തിന്റെ ഗൂഢ ലക്ഷ്യം.
തത്വത്തിൽ കേരള മുസ്ലിംകളുടെ കൂട്ടായ്മയായിരുന്നു സംഘമെങ്കിലും പ്രയോഗത്തിൽ ഇസ്ലാഹി ചിന്തകളാണ് സംഘത്തെ നയിച്ചിരുന്നത്. സംഘത്തിന്റെ തണലിൽ രൂപീരിക്കപ്പെട്ട ജംഇയ്യത്തുൽ ഉലമാ പൂർണ്ണമായും സലഫി ആശയഗതിക്കാരായിരുന്നു’ (ഇസ്ലാമിക വിജ്ഞാന കോശം – ഐ.പി.എച്ച്: വാല്യം .8, പേജ് 591).
ഐക്യസംഘത്തിന്റെ ഒന്നാം വാർഷിക സമ്മേളനം 1923 ൽ എറിയാട്ടു വച്ചു നടക്കുന്നത് വരെ അവരുടെ യഥാർഥ നിറം പ്രകടമായിരുന്നില്ല.
വഹാബി ചിന്തകനായ വക്കം മൗലവി അധ്യക്ഷനായി സമ്മേളനം നടത്തിയതും പ്രസ്തുത സമ്മേള നത്തിൽ ഇസ്ലാമികാചാരാനുഷ്ഠാനങ്ങൾക്കതിരേ പ്രമേയങ്ങളും പ്രസംഗങ്ങളും നടന്നതും മുസ്ലിം ബഹുജനങ്ങൾക്ക് ഐക്യ സംഘത്തിന്റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാൻ സഹായകമായി. സംഘത്തിന്റെ പ്രസിദ്ധീകരണങ്ങളായിരുന്ന മുസ്ലിം ഐക്യം, അൽ ഇർഷാദ് എന്നിവയിലൂടെയും പുത്തൻ സിദ്ധാന്തങ്ങൾ പുറത്തുവന്നിരുന്നു.
നേരത്തെ തന്നെ വഹാബിയായി മുദ്രകുത്തപ്പെട്ട വക്കം മൗലവിയുടെ സാന്നിധ്യം യാഥാസ്ഥികരെ പ്രകോപിതരാക്കി. യഥാസ്ഥിക പണ്ഡിതൻമാരിൽ നിന്ന് എതിർപ്പുകളുയർന്ന പശ്ചാത്തലത്തിൽ കേരള മുസ്ലിംകൾക്കിടയിൽ പൊതു സമ്മതനായ ഒരു പണ്ഡിതന്റെ നേതൃത്വത്തിൽ സമ്മേളനം നടത്താൻ ഐക്യസംഘം തീരുമാനിക്കുകയും തദടിസ്ഥാനത്തിൽ കേരളത്തിലെ അനേകം പണ്ഡിതൻമാരുടെ ഗുരുനാഥനും വേലൂർ ബാഖിയാത്ത് സ്സ്വാലിഹാത്ത് അറബിക് കോളേജ് പ്രിൻസിപ്പലുമായിരുന്ന ശൈഖ് അബ്ദുൽ ജബ്ബാർ ഹസ്രത്തിനെ ക്ഷണിക്കുകയും ചെയ്തു'(കേരള മുസ്ലിം നവോത്ഥാന ചരിത്രം 121).
1923 – ൽ വക്കം മൗലവിയുടെ അധ്യക്ഷതയിൽ ഏറിയാട്ട് ചേർന്ന ഒന്നാം സമ്മേളനത്തിന്റെ ഒന്നാം പ്രമേയം ഇങ്ങനെ വായിക്കാം: ‘…ആ സമ്മേളനത്തിൽ വച്ച് കൊടികുത്ത്, ചന്ദനക്കുടം തുടങ്ങിയ അനാചാരങ്ങൾ മുസ്ലിംകൾ നടത്തരുതെന്ന പ്രമേയം ഏകകണ്ഠേന പാസാക്കി.” (കെ.എം മൗലവി ജീവചരിത്രം. പുറം: 145) ‘ഖബറാരാധനയെ (ഖബർ സിയാറത്ത്) ശക്തിയുക്തം എതിർത്തു കൊണ്ടാണ് ഐക്യസംഘം രംഗത്തുവന്നത്. (ശബാബ് വാരിക. വാ:32, ല:32) ‘കേരള മുസ്ലിംകൾക്കിടയിൽ ഉണ്ടായിരുന്ന ചന്ദനക്കുടം പള്ളിയിലേക്കു കൊണ്ടുപോകൽ, കൊടിയേറ്റം തുടങ്ങിയ അനാചാരങ്ങളെ ധ്വംസിക്കാനായിരുന്നു ഐക്യസംഘം പ്രവർത്തിച്ചിരുന്നത്. ഇവർക്ക് പ്രചോദനം നൽകിയിരുന്നത് അറേബ്യയിലെ നജ്ദി അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ ഉണ്ടായ മുസ്ലിം നവീകരണ പ്രസ്ഥാനമായിരുന്നു. ” ( മുഹമ്മദ് അബ്ദുറഹ്മാൻ ജീവചരിത്രം. പു : 267)
‘അറേബ്യയിലെ ഇബ്നു അബ്ദിൽ വഹാബ്, ഈജിപ്തിലെ മുഹമ്മദ് അബ്ദു,റശീദ് രിളാ തുടങ്ങിയ പരിഷ്കർത്താക്കളുടെ പാതയാണ് ഐക്യസംഘം ഏറെക്കുറെ സ്വീകരിച്ചിരുന്നത്…
ഇബ്നു അബ്ദിൽ വഹാബിന്റെ ആശയങ്ങളോടു സദൃശ്യം കണ്ടതിനാൽ എതിരാളികൾ ഐക്യസംഘക്കാരെ “വഹാബി സംഘം” എന്നു വിശേഷിപ്പി ക്കുമായിരുന്നു.” (ശബാബ് വാ: 32, ല:32)
സാധാരണ മുസ്ലിംകൾക്കിടയിൽ കാര്യമായ സ്വാധീനം നേടാൻ അവർക്കു (സംഘത്തിന്) കഴിഞ്ഞില്ല. കാലാകാലങ്ങളിലായി ആചരിച്ചു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങളെ എതിർത്തുവെന്നതും യാഥാസ്ഥിക പണ്ഡിതന്മാർക്ക് സാധാരണക്കാർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനവും ഇതിനു കാരണമായി.” (ശബാബ്, വാ:32 ല:32) തികച്ചും നീഗൂഢമായിരുന്നു ഈ വഹാബി പതിപ്പിന്റെ നീക്കം എന്ന് വ്യക്തം.
ഒറ്റ മനസ്സോടെ ഒന്നിച്ചു നിന്നിരുന്ന കേരള മുസ്ലിംകൾക്കിടയിൽ ഭിന്നിപ്പിന്റെ വിഷ വിത്ത് പാകിയത് ഐക്യസംഘം എന്നു പേരിട്ട അനൈക്യസംഘത്തിന്റെ വരവോടെയാണ്. 22 നു മുമ്പ് കേരള മുസ്ലിംകൾക്ക് ഒരു നേതൃത്വമേ ഉണ്ടായിരുന്നുള്ളൂ. ഒരു നാട്ടിൽ ഒരു മഹല്ല് ജമാഅത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പള്ളികളും മതപാഠശാലകളും കൂട്ടായ്മകളും ഒന്നേ ഉണ്ടായിരുന്നുള്ളൂ. ഐക്യസംഘത്തിന്റെ വരവോടെ ഈ ഒരുമ തകർന്നു.
ആലുവയിൽ വെച്ച് 1924 മെയ് 10-12 തിയ്യതികളിൽ നടന്ന സംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഉലമാ കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. തങ്ങൾ പ്രചരിപ്പിക്കുന്ന പുത്തൻ വാദങ്ങൾക്ക് പണ്ഡിതൻമാരുടെ പിന്തുണയുണ്ടെന്ന് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നു അത്. വേലൂർ ബാഖിയാത്ത് മുദരിസ് മൗലാനാ അബ്ദുറഹീം ഹസ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന കോൺഫറൻസിൽ ഉലമാ സംഘടന വേണമെന്ന ആഹ്വാനവുമായി ഇ. മൊയ്തു മൗലവി പ്രമേയമവതരിപ്പിച്ചു. വൈകുന്നേരം നടന്ന പൊതു യോഗത്തിൽ വച്ച്ം ‘കേരള ജംഇയ്യത്തുൽ ഉലമ’ രൂപീകൃതമായതായി പ്രഖ്യാപിക്കപ്പെട്ടു.
1925 ൽ ഐക്യ സംഘത്തിന്റെ മൂന്നാം വാർഷികം കോഴിക്കോട് വച്ച് നടത്താൻ തീരുമാനിച്ചതോടെയാണ് ഈ വിഷബീജം മലബാറിലേക്കെത്തുന്നത്. ഇതിന്റെ ഭവിഷത്ത് മുൻകൂട്ടി കണ്ട് ദീർഘ ദൃക്കുകളായ ഉലമാക്കൾ മൗലാനാ അഹ്മദ് കോയ ശാലിയാത്തി(ന:മ)യുടെ നേതൃത്വത്തിൽ കോഴിക്കോട്ടെ പൗര പ്രമുഖരെയും സ്വാഗതസംഘം ഭാരവാഹികളെയും നേരിൽ കണ്ട് അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രബുദ്ധരാക്കി പ്രതിരോധം തീർത്തു.
അഹ്ലുസ്സുന്നയുടെ പണ്ഡിതർ സംഘടിക്കുന്നു
മലബാറിലേക്കുള്ള അനൈക്യക്കാരുടെ കുടിയേറ്റം പണ്ഡിതന്മാർ ഗൗരവത്തോടെ കണ്ടു. കാരണം അതുവരെ കേരളീയ സമൂഹത്തിനു പരിചയമില്ലാത്ത അപകടകരമായ ആശയങ്ങളും വാദഗതികളുമാണ് പുതിയ സംഘടനയിലൂടെ അവർ പ്രചരിപ്പിച്ചിരുന്നത്. അക്കാലമത്രയും കേരള മുസ്ലിംകൾ സ്വീകരിച്ച വിശ്വസാചാരങ്ങളെ അവർ തള്ളിപ്പറഞ്ഞു. ലോകമുസ്ലിംകൾ അംഗീകരിച്ച മദ്ഹബുകളെ നിരാകരിക്കാനും ഖുർആനും സുന്നത്തും സ്വന്തമായി വ്യാഖ്യാനിച്ച് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും നീക്കങ്ങൾ നടന്നു. ഇസ്ലാമിക പൈതൃകത്തെ വികലമാക്കുകയും യഥാർഥ സുന്നത്ത് ജമാഅത്തിന്റെ വക്താക്കൾ തങ്ങളാണെന്ന് അവകാശവാദമുന്നയിക്കുകയും ചെയ്ത അവരുടെ പ്രവർത്തനം പ്രതിരോധിക്കൽ അനിവാര്യമായി വന്നു. ഐക്യക്കാരെ പ്രതിരോധിക്കാനുള്ള അജണ്ടകൾക്ക് രൂപം നൽകുകയെന്ന ലക്ഷ്യത്തോടെ പണ്ഡിതർ വരക്കൽ മുല്ലക്കോയ തങ്ങളുടെ വസതിയിൽ ഒരുമിച്ച്കൂടി. പിന്നീട് അതിന്റെ ഭാഗമായി 1925 ൽ കോഴിക്കോട് വലിയ ജുമുഅത്ത് പള്ളിയിൽ പ്രമുഖ പണ്ഡിതന്മാരും സമുദായ നേതാക്കളും സംഗമിച്ചു. ബിദ്ത്തിന്റെ സംഘടിത രൂപത്തെ തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്നതിനെക്കുറിച്ചും അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദാർശങ്ങളുടെ പ്രചാരണത്തിന് സംഘടിത രൂപം നൽകുന്നതു സംബന്ധിച്ചും സമഗ്രമായ ചർച്ചകൾ നടന്നു. ഇനിയും നിഷ്ക്രിയമായാലുണ്ടാവുന്ന പ്രത്യാഘാതം തിരിച്ചറിഞ്ഞു അവർകർമനിരതരായി. അങ്ങനെ അഹ് ലുസ്സുന്നയുടെ ആദ്യപണ്ഡിത സംഘടന ജനിച്ചു. ബേപ്പൂർ ജുമുഅത്ത് പള്ളിയിലെ മുദരിസും പണ്ഡിതനും വാഗ്മിയും സൂഫിവര്യനുമായിരുന്ന കെ.പി.മുഹമ്മദ് മീറാൻ മുസ്ലിയാർ പ്രസിഡന്റും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന പാറോൽ ഹുസൈൻ മൗലവി സെക്രട്ടറിയുമായി കേരള ജംഇയ്യത്തുൽ ഉലമ എന്നൊരു പണ്ഡിത സംഘടനക്ക് രൂപം നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാപനത്തിന്റെ മുന്നൊരുക്കമായിരുന്നു അത്.
ഐക്യസംഘത്തിന്റെ വികല ആശയങ്ങളെ തുറന്ന് കാണിക്കാനും സുന്നത്ത് ജമാഅത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികൾ നടത്താൻ സംഘം തീരുമാനിക്കുകയും അതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ പ്രസ്തുത സംഘടന കോഴിക്കോട്, ചാലിയം, എടവണ്ണ, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ വിപുലമായ സുന്നി സമ്മേളനങ്ങൾ നടത്തി. മുസ്ലിം പാരമ്പര്യത്തെ നിരാകരിക്കുന്ന പുത്തൻ ചിന്തകളെക്കുറിച്ച് മുസ്ലിം ബഹുജനത്തെ ബോധവൽക്കരിക്കാൻ അന്നത്തെ സാഹചര്യത്തിൽ വളരെ ത്യാഗം ചെയ്താണ് ഈ സമ്മേളനങ്ങൾ അവർ സംഘടിപ്പിച്ചത്.
കോഴിക്കോട് ടൗൺഹാളിൽ പണ്ഡിതന്മാരുടെ ഒരു മഹാസംഗമം നടത്താൻ തീരുമാനിച്ചതോടെ അതിനായി പണ്ഡിതരെ ക്ഷണിക്കാനും തുടങ്ങി. പാങ്ങിലിന്റെ നേതൃത്വത്തിലായിരുന്നു നീക്കങ്ങൾ നടന്നത്. ആദ്യമായി അദ്ദേഹം സന്ദർശിച്ചത് തന്റെ ഖാദിരീ ത്വരീഖതിലെ ശൈഖായ വാളക്കുളം കോയാമുട്ടി മുസ്ലിയാരെയായിരുന്നു. സംഘടന രൂപീകരണത്തിന് പൂർണ്ണമായ ആശീർവാദം നൽകിയ മഹാനവർകൾ പ്രായാധിക്യം മൂലം വരാനാവില്ലെന്നും പകരം മകൻ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാരെ കൂടെക്കൂട്ടിക്കോളൂ എന്നും അറിയിച്ചു. അതോടെ അബ്ദുൽ ബാരി മുസ്ലിയാർ അഹ്മദ്കുട്ടി മുസ്ലിയാർക്കൊപ്പം പൂർണ്ണമായും പ്രവർത്തന മണ്ഡലത്തിലേക്കിറങ്ങി. കേരളത്തിലെ പ്രതാപമുള്ള ദർസുകളിലെല്ലാം സന്ദർശനം നടത്തി അവരെയെല്ലാം പരിപാടിയിലേക്ക് ക്ഷണിച്ചു. പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്ലിയാർ, മുഹമ്മദ് മീറാൻ മുസ്ലിയാർ തുടങ്ങിയവരായിരുന്നു ഇതിന് നേതൃത്വം നൽകിയിരുന്നത്. പലപണ്ഡിതരും പൊതു ഇടങ്ങളിലേക്ക് ഇറങ്ങി വരാൻ മടിക്കുന്നവരായിരുന്നു. സംഘടനാ സംവിധാനം അനാവശ്യമാണെന്ന് വാദിക്കുന്ന, എല്ലാ പുരോഗമനശ്രമങ്ങളെയും അന്ധമായി എതിർക്കുന്നവരും പുരോഗമനം തലക്ക് പിടിച്ച് യാഥാസ്ഥിക നിലപാടുകളോട് പുച്ഛഭാവം പുലർത്തുന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരെയെല്ലാം സാഹചര്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി ഗോഥയിലിറക്കാൻ ആത്മാർഥമായ പ്രവർത്തനം ഫലം കാണുക തന്നെ ചെയ്തു.
സമസ്ത ജനിക്കുന്നു
1926 ജൂൺ 26നാണ് ആ ചരിത്ര സംഗമം നടന്നത്. സാദാത്തുക്കളും ഉലമാക്കളും വിദൂര പ്രദേശങ്ങളിൽ നിന്ന് പോലും കോഴിക്കോട്ടെത്തി. മഹാപണ്ഡിതന്മാരുടെ സാന്നിധ്യം കൊണ്ട് പ്രൗഢമായ സദസ്സോടെ പരിപാടിക്ക് ആരംഭം കുറിച്ചു. വരക്കൽ മുല്ലക്കോയ തങ്ങളുടെ സഹോദരി പുത്രൻ സയ്യിദ് ഹാശിം ചെറുകുഞ്ഞി കോയ തങ്ങളായിരുന്നു അധ്യക്ഷൻ. പവിത്രമായ ആ സദസ്സിൽ വച്ച് വിഷലിപ്തമായ പുത്തനാശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ‘സമസ്ത കേരള ജംഇയ്യത്തുൽ ഉലമ’ എന്ന പണ്ഡിത സഭ അനിവാര്യതയുടെ സൃഷ്ടിയായി പിറവിയെടുത്തു.
വരക്കൽ സയ്യിദ് അബ്ദുറഹ്മാൻ ബാഅലവി മുല്ലക്കോയതങ്ങൾ (പ്രസിഡന്റ് ), എ.പി.അഹമദ് കുട്ടി മുസ്ലിയാർ പാങ്ങ്, കെ.മുഹമ്മദ് അബ്ദുൽ ബാരി മുസ്ലിയാർ വാളക്കുളം, കെ.എം. അബ്ദുൽ ഖാദർ മുസ്ലിയാർ പള്ളിപ്പുറം, കെ.പി മു ഹമ്മദ് മീറാൻ മുസ്ലിയാർ ( വൈസ് പ്രസിഡന്റ്റുമാർ ) പി.വി.മുഹമ്മദ് മൗലവി കോഴിക്കോട് (ജ: സെക്രട്ടറി) വി.കെ.മുഹമ്മദ് മുസ്ലിയാർ പുതിയങ്ങാടി, ജർമ്മൻ അഹമ്മദ് മുസ്ലിയാർ ഫറോക്ക് (ജോ: സെക്രട്ടറിമാർ) എന്നി വരായിരുന്നു പ്രഥമ ഭാരവാഹികൾ.
പണ്ഡിത കുലപതികളുടെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന ആദർശ പോരാട്ട രംഗത്ത് ശക്തമായി നിലയുറപ്പിച്ചു. സംവാദങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും എഴുത്തുകളിലൂടെയും സമസ്ത പുത്തൻവാദക്കാരെ നിരന്തരമായി എതിരിട്ട് ജനങ്ങളെ ബോധവൽകരിച്ചു. ഒരു നൂറ്റാണ്ടോടടുക്കാറായിട്ടും കേരളത്തിൽ വഹാബി പ്രസ്ഥാനത്തിന് വലിയ സ്വീകാര്യത നേടാൻ സാധിക്കാതിരുന്നത് സമസ്തയുടെ ശക്തമായ പ്രവർത്തനങ്ങൾ കൊണ്ടാണ്. സമസ്ത രൂപീകരിച്ചത് ഈ ബിദ്അത്തിന്റെ കരിനാഗങ്ങളെ പിഴുതെറിയാൻ തന്നെയായിരുന്നു.സമസ്ത ഇല്ലായിരുന്നുവെങ്കിൽ കേരളത്തിലെ പൈതൃക താവഴികൾ തച്ചുടയ്ക്കപ്പെടുകയും യഥാർഥ ദീൻ ഇവിടെ നാമാവശേഷമാകുകയും ചെയ്യുമായിരുന്നു. നവോത്ഥാനത്തിന്റെ വീര ഗാഥകൾ മുഴക്കുമ്പോഴും നമ്മുടെ അടിസ്ഥാന വിഷയം വിശ്വാസവും കർമ്മവും സംരക്ഷിക്കപ്പെടലാണെന്നും അതിന് കാവൽ നിൽക്കുകയാണ് സമസ്ത ചെയ്തതെന്നും നാം വിസ്മരിച്ചു കൂടാ…
ലക്ഷ്യം മറക്കാത്ത മുന്നേറ്റം
നിരന്തര ചർച്ചകൾക്കൊടുവിൽ അംഗീകരിച്ച ഭരണഘടന 1934 നവംബർ 14ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോഴിക്കോട് ജില്ലാ രജിസ്ട്രാർ ഓഫിസിൽ രജിസ്റ്റർ ചെയ്തു. (എ സ് 1- 1934) പ്രധാനമായി അഞ്ച് ഉദ്ദേശ്യങ്ങളാണു ഭരണഘടന മുന്നോട്ടുവച്ചത്
- അഹ്ലുസ്സുന്നയുടെ വിശ്വാസാചാരങ്ങൾ പ്രബോധനം ചെയ്യുക.
- അഹ്ലുസ്സുന്നയുടെ വിശ്വാസത്തിനെതിരേ പ്രവർത്തിക്കുന്നവരെ നിയമാനുസൃതം പ്രതിരോധിക്കുക.
- മുസ്ലിം സമുദായത്തിന്റെ അവകാശസംരക്ഷണത്തിനു നിലകൊള്ളുക.
- മതവിദ്യാഭ്യാസപ്രവർത്തനം നടത്തുക. മതേതരവിദ്യാഭ്യാസം പ്രാത്സാഹിപ്പിക്കുക.
- അന്ധവിശ്വാസം, അരാജകത്വം, അധാർമ്മികത, അനൈക്യം എന്നിവ ഇല്ലാതാക്കുന്നതിനും സമുദായത്തിന്റെ ഉന്നമനത്തിനുമായി പ്രവർത്തിക്കുക.
നിയമാവലി രജിസ്ട്രേഷനു സമർപ്പിക്കുമ്പോൾ സാക്ഷികളായി ഒപ്പ് വച്ചിരിക്കുന്നത് ഖാൻ സാഹിബ് വി.ആറ്റക്കോയ തങ്ങൾ പൊന്നാനി, മലപ്പുറം ഖാസി ഖാൻ ബഹദൂർ, ഒ.പി.എം, മുത്തുക്കോയ തങ്ങൾ എന്നിവരാണ്.
ഇസ്ലാമിക പ്രബോധനം, മതവിദ്യാഭ്യാസ പ്രചരണം, അന്തവിശ്വസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രവർത്തനം സംഘടനയുടെ പ്രധാന ലക്ഷ്യങ്ങളായി സമസ്തയുടെ ഭരണഘടനയിൽ കാണാം. മതവിശ്വാസങ്ങളോട് സമരസപ്പെട്ടു പോകുന്ന മതേതര വിദ്യാഭ്യാസത്തെ പ്രോൽസാഹിപ്പിക്കാനും മതസഹിഷ്ണുത, സമാധാന പൂർണ്ണമായ ജീവിതം, ദേശീയ പുരോഗതി എന്നിവക്കുവേണ്ടി നിലകൊള്ളുവാനും ഭരണഘടന പ്രത്യേകം അനുശാസിക്കുന്നുണ്ട്. ഭരണഘടനയിലെ ഉദേശ്യ ലക്ഷ്യങ്ങളിലെ ഉപര്യുക്ത വകുപ്പുകൾ ആദർശ പ്രചാരണം, പ്രതിരോധം, അവകാശസംരക്ഷണം, ഭൗതിക പുരോഗതി എന്നീ അടിസ്ഥാന ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിച്ചാണ് സമസ്ത സ്ഥാപിത കാലം മുതൽ ഇതുവരെ പ്രവർത്തിച്ച് വന്നത്.
ബ്രിട്ടീഷുകാരുടെ ചട്ടുകമായി പ്രവർത്തിച്ചു കൊണ്ടാണ് കേരളത്തിലും വഹാബി പ്രസ്ഥാനം രംഗത്ത് വന്നത്. ഈ ആശയധാരയിൽ ജമാഅത്തെ ഇസ്ലാമി പോലുള്ള പല പ്രസ്ഥാനങ്ങളും ഉദയം ചെയ്തത് കാണാം. പാരമ്പര്യ ഇസ്ലാമിനെ പരിഷ്കരിക്കാനുള്ള നീക്കങ്ങളാണ് ഈ നവീന നവീകരണ സംഘങ്ങൾ ചെയ്തത്. അതിനായി മത ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും കണ്ടുകെട്ടാനുള്ള നീക്കം നടത്തി. മുഹിമ്മാത്തുൽ മുസ്ലിമീൻ, ചേറൂർ പടപ്പാട്ട്, മണ്ണാർക്കാട് പടപ്പാട്ട്, മഞ്ചേരി പടപ്പാട്ട്, അൽ അമീൻ പത്രം തുടങ്ങിയവ അങ്ങനെ കണ്ടുകെട്ടിയതിൽ ചിലതുമാത്രം.
പിന്നെ സ്വീകരിച്ച മാർഗം ഈ ഗ്രന്ഥ ശേഖരങ്ങളത്രയും എഴുതപ്പെട്ട അറബി മലയാളം എന്ന ഭാഷയെ ഇല്ലാതെയാക്കുക എന്നതായിരുന്നു. അടിസ്ഥാന ജ്ഞാനം തടയപ്പെടാനും അറബി മലയാളത്തെ നിരുത്സാഹപ്പെടുത്താനും കുത്സിത നീക്കങ്ങൾ തന്നെ പിന്നീട് നടന്നു. പരിഷ്കരണ വാദത്തിന്റെ പേരിൽ വഹാബികളെ കൂട്ട് പിടിച്ച് പുതിയ മതം മുസ്ലിംകളെ പഠിപ്പിക്കാൻ ശ്രമിച്ച കഥ സി.എൻ അഹ്മദ് മൗല വി തന്നെ കുറിച്ചത് കാണുക: “ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷങ്ങളുണ്ടങ്കിലും, അവർ തികഞ്ഞ ഭരണ തന്ത്രജ്ഞൻമാരായിരുന്നു. അവർ സംഗതികളുടെ മർമ്മസ്ഥാനം സൂക്ഷിച്ചു മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാരെ ഇത്രയധികം ആവേശം കൊള്ളിക്കുന്ന തെന്ന് അവർ ഗ്രഹിച്ചു. പക്ഷേ അതു തടയാനോ അതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അത് കൂടുതൽ അപകടകരമാണന്ന് ആ ഭരണ തന്ത്രജ്ഞൻമാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ട് പ്രവർത്തിക്കാൻ ഗൂഢമായി തീരുമാനിച്ചു.1921-ലെ സ്വാതന്ത്ര്യ സമരത്തെ തുടർന്ന് മാപ്പിള സമുദായത്തിന്റെ നട്ടെല്ലൊടിഞ്ഞു പോയി. അപ്പോൾ മാപ്പിളമാരെ എങ്ങിനെ ‘നന്നാക്കിയെടുക്കാം എന്നതിനെക്കുറിച്ച് ബ്രിട്ടീഷുകാരുടെ പല മണ്ഡലങ്ങളിലും ചർച്ചകളും കൂടിയാലോചനകളും നടന്നു. ഒടുവിൽ അടിയന്തിരമായ ചില തീരുമാനങ്ങളെടുത്തു. മാപ്പിളമാർക്ക് സ്കൂളിൽ വച്ച് മതം പഠിപ്പിക്കുക. അത് മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനു വേണ്ട പുസ്തകങ്ങൾ വിദഗ്ധൻമാരെക്കൊണ്ട് തയ്യാർ ചെയ്യിക്കുക. ആ ചുമതല ഒരേയവസരത്തിൽ രണ്ടുകൂട്ടരെ ഏൽപ്പിച്ചു. 1. കുഞ്ഞിമോയി ഹാജി മഞ്ചേരി 2. അബ്ദുൽ ഗഫൂർഷാ സാഹിബ്… അതുരണ്ടും ഗവൺമെന്റ് അംഗീകരിച്ചു നടപ്പിൽ വരുത്തി. അറബി മലയാളത്തിൽ നിന്നും മലയാള ലിപിയിലേക്കുള്ള മുസ്ലിംകളുടെ കാൽവെപ്പിന്റെ ആരംഭം ഇതാണ്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 75).
നോക്കൂ, ഒരു സമുദായത്തിന്റെ അസ്ഥിത്തം തകർക്കാൻ ഇവർ സ്വീകരിച്ച കുതന്ത്രം എത്രമാത്രം ഭയാനകം ആണെന്ന്. സമുദായത്തെ മതത്തിൽ നിന്നും വേർപ്പെടുത്തിയെടുക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവിടെ മൗലവിമാരെ ഉപയോഗിച്ച് നടത്തിയത്. ജീവനില്ലാത്ത മതത്തിന്റെ വാഹകരായി ശ്ണ്ഡീകരിക്കപ്പെട്ട നാമധാരികളേയാണ് സാമ്രാജ്യത്വ ശക്തികൾക്ക് ആവശ്യം. അതിന് കോപ്പു കൂട്ടുകയായിരുന്നു വഹാബിസം.
പുതിയമതം സമുദായത്തെ പഠിപ്പിക്കാൻ പുതിയ പണ്ഡിതൻമാരെ സൃഷ്ടിക്കേണ്ടതാവശ്യമായിരുന്നു. ഇതിനായി ബ്രിട്ടീഷുകാരും വഹാബികളും സംഘടിച്ച കഥ സി.എൻ തന്നെ പറയുന്നത് നോക്കൂ: ‘ഈ പുസ്തകങ്ങൾ തയ്യാർ ചെയ്ത് പ്രസിദ്ധീകരിച്ച ഇതേ കൊല്ലം മറ്റൊരു പ്ലാൻ കൂടി തയ്യാറാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കുവാൻ കഴിവുള്ള ഒരു മുസ്ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പി.എൻ. വി. മുഹമ്മദ് മൗലവി (പുളിക്കൽ)യെ, എന്നിട്ട് മുസ്ലിം അധ്യാപകൻമാർക്ക് പരിശീലനം നൽകിപ്പോന്ന മലപ്പുറം ട്രൈനിംഗ് സ്കൂളിൽ അദ്ദേഹത്തെ നിയമിച്ചു. മുസ്ലിം അധ്യാപകൻമാരെ ‘ശരിയായമതം പഠിപ്പിച്ചുവിട്ടാൽ അവർ പിന്നീടു ജോലിക്കു ചെല്ലുന്ന ഗ്രാമങ്ങളിലെ മുസ്ലിംകളിൽ ഹൃദയ പരിവർത്തനം വരുത്താൻ കഴിയുമല്ലോ, അതായിരുന്നു ലക്ഷ്യം (പേജ് 76).
കേരളത്തിലെ വിശ്വാസികളുടെ മതം തകർക്കാൻ ഈ നീക്കം പോരാത്തതിനാൽ ഒരു പരിഷ്കർത്താവിനെ മൗലാനയായി വേഷം കെട്ടിച്ചകഥ നോക്കൂ : “മാപ്പിള സമുദായത്തിൽ വ്യാപകമായ ഒരു ചലനം സൃഷ്ടിക്കാൻ ഇതുമാത്രം പര്യാപ്തമല്ലെന്ന് ബ്രിട്ടീഷുകാർ കണ്ടു. 1929-ൽ മദിരാശിയിൽ നിന്ന് ക്യാപ്റ്റൻ അബ്ദുൽ ഹമീദ് സാഹിബിനെ എഡ്യുക്കേഷണൽ ഓഫീസറാക്കി മലബാറിലേക്കയച്ചു. ഒരു പ്രത്യേക സൂത്രവും പ്രയോഗിച്ചു.
വെറും അബ്ദുൽ ഹമീദ് എന്നല്ല, മൗലവി അബ്ദുൽ ഹമീദ് എന്ന പേരിൽ അദ്ദേഹത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഇങ്ങോട്ടയച്ചത്. മതഭക്തരായ നമ്മുടെ ജനത ഇത് കേട്ട് തികച്ചും സംതൃപ്തരായി.
സി.എൻ തുടരുന്നു: “സുചിന്തിതമായ പ്ലാൻ അദ്ദേഹം നടപ്പാക്കാൻ തീരുമാനിച്ചു. അത് മറ്റൊന്നുമല്ല. മലബാറിലെ മുസ്ലിയാരെ സംഘടിപ്പിച്ചു കൊണ്ട് മലപ്പുറം ട്രൈനിംഗ് സ്കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവർക്ക് ‘ശരിയായ മതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ് ആ പോസ്റ്റിൽ നിയമിച്ചത്. 1931-ൽ ക്ലാസ് സംഘടിപ്പിച്ച് നോക്കുമ്പോൾ 25 വയസ്സുള്ള എന്റെ ഇരട്ടി പ്രായമുള്ള ശിഷ്യൻമാർ പോലും ആ കുട്ടത്തിലുണ്ട്. മുദരിസുകളും ഖാസിമാരും മറ്റുമായി ജോലി ചെയതവർ. അവരോട് മല്ലിടേണ്ടി വന്ന കഥ എനിക്കിന്നും ഓർത്തു കൂടാ. ഈ ശിക്ഷ ലഭിക്കാൻ തക്കവണ്ണം ദൈവമേ എന്ത് കുറ്റമാണ് ഞാൻ ചെയ്തത് എന്ന് എപ്പോഴും ഞാൻ ഓർത്തു പോയിട്ടുണ്ട്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 76). പരിഷ്കാരത്തിന്റെ അണിയറയിലെ വഹാബി ബന്ധവും എത്രത്തോളം അപകടകരമാണ് എന്ന് ഈ സംഭവങ്ങൾ പരിശോധിച്ചാൽ വ്യക്തം.
പ്രവർത്തനങ്ങൾ
ഭരണഘടന വിഭാവനം ചെയ്യുന്നവിധം പ്രവർത്തനങ്ങൾ ശക്തമാക്കി ചിട്ടപ്പെടുത്തി. നവീനവിശ്വാസങ്ങൾ വരുത്തിവച്ച ആശയ വ്യതിയാനങ്ങൾ തീർത്ത വിശ്വാസവിടവുകൾ ഉയർത്തിയ വെല്ലുവിളികൾ നേരിടാൻ 1944നിടയിൽ 15 പ്രധാനസമ്മേളനങ്ങൾ വിവിധപ്രദേശങ്ങളിൽ സംഘടിപ്പിച്ചു. ഈ സമ്മേളനങ്ങളെല്ലാം ആശയസംവാദങ്ങൾക്ക് ഊന്നൽ നൽകുന്നവയായിരുന്നു. അടിസ്ഥാന ദീനീ ദഅവത്തുകളാണു നിർവഹിച്ച മുഖ്യദൗത്യം. തുടർന്ന്, 2016 വരെയുള്ള വർഷങ്ങളിൽ 27 മഹാസമ്മേളന ങ്ങൾ സമസ്ത സംഘടിപ്പിച്ചു. 2012 ൽ പ്ലാറ്റിനം ജൂബിലീ കാസർകോട്, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലാണു സംഘടിപ്പിച്ചത്. അവസാനമായി ആലപ്പുഴയിൽ 90 -ാം വാർഷികസമ്മേളനം: വൻ ജനപങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായതുപോലെ ആദർശപ്രചാരണരംഗത്തും ഉപകാരപ്പെട്ടു.
ശരീഅത്ത് സംരക്ഷണം പോലുള്ള വിഷയങ്ങളിൽ സാമൂദായിക താൽപര്യം മുൻനിർത്തി സമസ്ത നിലകൊണ്ടു. സമീപ കാലത്തെ പല വിഷയങ്ങളും ഈ നിലപാട് തന്നെയാണ് സമസ്ത സ്വീകരിച്ചത്.
വിദ്യാഭ്യാസപ്രവർത്തനങ്ങൾ
1951 മാർച്ച് 25നു സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചു. പ്രഥമ യോഗം 1951 സപ്തംബർ 17നു ചേർ ന്നു. 33 മദ്റസകൾക്ക് അംഗീകാരം നൽകി. ഇപ്പോൾ (2017) അംഗീകൃത മദ്റസകളുടെ എണ്ണം 10601 ൽ എത്തിനിൽക്കുന്നു. ഒന്നുമുതൽ 12 വരെ ക്ലാസുകൾ, 158 ടെക്സ്റ്റ് ബുക്കുകൾ, അറബി, അറബി മലയാളം, അറബി തമിഴ്, കന്നഡ, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽ പുസ്തകങ്ങൾ, ഇന്ത്യയിലും വിദേശത്തും പ്രവർത്തനപരിധി, നൂറിലധികം വിദ്യാഭ്യാസ ഇൻസ്പെക്ടർമാർ, നാന്നൂറിലെറേ റെയിഞ്ചുകൾ, 80,000 പരം അധ്യാപകർ അങ്ങനെ കുറ്റമറ്റതും ലോകത്തിലെതന്നെ ഏറ്റവും വലിയ സംരംഭവുമായി വളർന്നുപന്തലിച്ച പ്രാഥമി കവിദ്യാഭ്യാസ സംവിധാനമാണ് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ്.
സ്ത്രീ വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ അനിഷേധ്യ സംഭാവനയാണ് സമസ്തയുടേത്.വ്യവസ്ഥാപിത മത പഠന രംഗത്ത് ഹയർ സെക്കൻഡറി വരെ മദ്രസ പഠനത്തിന് പുറമേ ദാറുൽ ഹുദാ സർവകലാശാലക്കു കീഴിലുള്ള ഫാത്തിമത്തു സഹ്റ വനിതാ കോളേജ് സമസ്തയുടെ വനിതാ വിദ്യാഭ്യാസ രംഗത്ത് നിലവിലുള്ള പ്രധാന സംരംഭമാണ്. സമസ്തക്കു കീഴിലുള്ള ഫാളില ഫളീല സംവിധാനവും തഥൈവ.
ആധുനിക വിദ്യാഭ്യാസ രംഗത്തു സമസ്തയുടെ പ്രധാന സംവിധാനമാണ് പട്ടിക്കാട് എം.ഇ.എ.എൻജിനീയറിങ് കോളജ് . ഇതിനു പുറമെ യൂനിവേഴ്സിറ്റി അംഗീകൃത അഫിലിയേറ്റ് കോളജുകൾ, പ്രെെമറി മുതൽ ഹയർസെക്കൻഡറി വരെ സർക്കാർ അംഗീകൃത സ്കൂളുകൾ എന്നിവ സമസ്തയുടെ വിവിധ പോഷക ഘടകങ്ങളും പ്രാദേശിക മഹല്ലുതലങ്ങളിലും പ്രവർത്തിക്കുന്നു. സമസ്തയുടെ വിദ്യാർഥി ഘടകമായ എസ്.കെ.എസ്.എസ്.എഫിനു കീഴിലെ സിവിൽ സർവിസ് പരിശീലന പരിപാടിയിലൂടെ മാതൃകായോഗ്യരായ ഐ.എ.എസുമാരെ രാജ്യത്തിനു സമർപ്പിക്കാനായിട്ടുണ്ട്. ട്രന്റ് വിദ്യാഭ്യാസ വിംഗ് നടത്തുന്ന വിദ്യാഭ്യാസ ശാക്തീകരണ പരിപാടികൾ, സ്റ്റെപ്പ് സിവിൽ സർവിസ് കോച്ചിങ് മാനവ വിഭവ ശേഷി വിനിയോഗത്തിലൂടെ മാതൃകായോഗ്യമായ ഒട്ടേറെ പരിപാടികൾ കേരളത്തിൽ സമസ്തക്കും കീഴ്ഘടകങ്ങൾക്കും കീഴിൽ ഇന്നുണ്ട്.
വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം ഇതരയിടങ്ങളിലേക്കു വ്യാപിപ്പിക്കുന്ന ശ്രമങ്ങളിലാണിപ്പോൾ സമസ്ത.തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും തുടങ്ങിവച്ച പദ്ധതികളോടൊപ്പം ഉത്തരേന്ത്യയിലേക്കു കൂടി പ്രബോധന പരിപാടികൾ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. തമിഴ്നാട്ടിൽ ഇതിനകം സമസ്തക്കു കീഴിൽ നിരവധി മദ്റസകൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
സമസ്തയുടെ ദേശിയ വിദ്യഭ്യാസ പദ്ധതിയായ SNEC വിദ്യഭ്യാസ വിപ്ലവത്തിന്റെ മറ്റൊരു മുന്നേറ്റമാണ്.
അഹ്ലുസ്സുന്നത്തി വൽജമാഅയുടെ മൗലികതക്ക് ഒട്ടും പോറൽ ഏൽപ്പിക്കാതെയുള്ള കാലോചിതമായ പരിഷ്കരണങ്ങളും അതിനൂതന സാങ്കേതിക വിദ്യകളും ശക്തമായ സിലബസും ഉൾപ്പെടുത്തുന്ന ശരീഅഃ സ്ട്രീംമും പൊതുവിദ്യാഭ്യാസത്തോടൊപ്പം ആധികാരികമായ കിതാബുകളും ഹോം സയൻസസ് പ്രൊജക്റ്റ്, മൾട്ടി ലിംഗ്വൽ കമ്മ്യൂണിക്കേഷൻ ആൻഡ് ട്രെയിനിങ്, കരിഷ്മ ഡിസൈനിംഗ്,ന്യൂ മീഡിയ പരിജ്ഞാനം തുടങ്ങി മുസ്ലിം സ്ത്രീയുടെ വൈഞാനിക ലോകത്തെ പുതു വാതായനങ്ങൾ തുറക്കുന്ന ഷീ സ്ട്രീംമും
മത-ധാർമ്മിക ബോധവും അടിസ്ഥാന ജ്ഞാനവും അനുഷ്ഠാന പരിചയവുമുള്ള പ്രൊഫഷനലുകളെ വാർത്തെടുക്കുന്ന ലൈഫ് സ്ട്രീമും സമസ്തയുടെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് കൂടുതൽ നിറം പകരും.
കേരളത്തിനകത്തും പുറത്തുമായി മെഡിക്കൽ കോളേജുകൾ അടക്കമുള്ള വിപുലമായ സർവകലാശാലകൾ, ആഗോളാടിസ്ഥാനത്തിലുള്ള ഈ മദ്രസകൾ തുടങ്ങി പ്രാഥമിക നടപടികൾ ആരംഭിച്ചു കഴിഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ദേശീയ യജ്ഞവും അതിമനോഹരമായി ഇവിടെ പൂത്ത് പരിലസിക്കട്ടെ.
ദാറുൽ ഹുദായുടെ ഓഫ് കാംപസുകളും പ്രാഥമിക മതപഠന സ്ഥാപനങ്ങളും ആന്ധ്രപ്രദേശ്, അസം, പശ്ചിമ ബംഗാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി നിലവിൽ വന്നതും ജാമിഅ നൂരിയ്യയുടെ നേതൃത്വത്തിലുള്ള നാഷനൽ പ്രോജക്ടും പുതിയ ചിറകടിയുടെ ശബ്ദം കൂടിയാണ്
5, 7, 10, +2 ക്ലാസുകളിലെ പൊതുപരീക്ഷകളിലായി ഇതിനകം അരക്കോടിയിലധികം പഠിതാക്കൾക്കു സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. ഉന്നത കലാലയങ്ങൽ, അത്യുന്നത് മത ഭൗതിക സ്ഥാപനങ്ങൾ, ദർസ് അറബിക് കോളജുകൾ തുടങ്ങിയവ സമസ്ത സ്ഥാപിച്ചു. 1954 ഏപ്രിൽ 25നു ചേർന്ന സമസ്ത സമ്മേളനം എസ്.വൈ.എസ് രൂപീകരിക്കാൻ തീരുമാനിച്ചു. 1976 ഏപ്രിൽ 26ന് സുന്നി മഹല്ല് ഫെഡറേഷൻ രൂപീകരിച്ചു. 1989 ഫെബ്രുവരി 19 ന് എസ്.കെ.എസ്.എസ്.എഫ് നിലവിൽ വന്നു. ജംഇയ്യത്തുൽ മുഅല്ലിമീൻ, ജംഇയ്യത്തുൽ മുദരിസീൻ, ജംഇയ്യത്തുൽ ഖുത്വബാ, മദ്റസ മാനേജ്മെന്റ് അസോസിയേഷൻ, സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങളും രൂപീകൃതമായി. ഈ സംഘടനാ സംവിധാനങ്ങളെല്ലാം സമസ്തയുടെ ചാലകശക്തിക ളും ഊന്നുവടിയും ഊർജവുമായി വളർന്നുവന്നു.
വിയോജിപ്പുകളും തീർപ്പുകളും
വ്യക്തമായ അജണ്ടകളും മാർഗനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനത്തിൽ അച്ചടക്കനടപടി സ്വാഭാവികം. ആദർശപരമായ സംഘം ആണ് എന്നത് കൊണ്ട് തന്നെ വിയോജിപ്പുകളും ആ രൂപത്തിൽ തന്നെയായിരുന്നു. തബ് ലീഗ് ജമാഅത്ത് ആദർശവ്യതിയാനം സംഭവിച്ച പുത്തൻവാദ ഗ്രൂപാണെന്ന് 1965കളിൽ സമസ്ത ഈ തീരുമാനമെടുത്തിരുന്നു. ഇതിൽ വിയോജിച്ച ചിലർ അഖില കേരള ജംഇയ്യത്തുൽ ഉലമ എന്ന സംഘടനയ്ക്ക് രൂപം നൽകി. അധികം താമസിയാതെ ആ സംഘടന നാമാവശേഷമായി. പിന്നീട് 1965 ൽ ഉച്ചഭാഷിണിയിലൂടെ വരുന്ന ശബ്ദം സംബന്ധിച്ച് ഏറെ വിചിത്രമായ വാദമുയരുകയും ഉച്ചഭാഷിണിയുടെ വിലാസത്തിൽ ചിലരുയർത്തിയ നിരർഥകവാദം പൊളിഞ്ഞതിനെത്തുടർന്നു പുറത്തുപോകേണ്ടിവന്നവർ സംസ്ഥാന ജംഇയ്യത്തുൽ ഉലമാ എന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. വളരെ നാമമാത്രമായ സാന്നിധ്യമായി ഇപ്പോഴും ഈ സംഘടന കേരളത്തിൽ നിലനിൽക്കുന്നുണ്ട്.
1989 ൽ സമസ്തയിൽനിന്ന് ആറുപേരെ മാറ്റി നിർത്തേണ്ടിവന്നു. സംഘടനാമര്യാദകൾ ലംഘിച്ചു. ഉലമാഇന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാനായില്ല. ഗുരുജനങ്ങളെ അപമാനിച്ചു, കേരളത്തിലെ മുസ്ലിം സംഘടിത ശക്തിയെ തകർക്കാൻ ശ്രമിച്ചു തുടങ്ങി സാമ്പത്തികവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾക്ക് ഇവർ വിധേയരായി. ഇതൊക്കെയാണ് ഇവരെ മാറ്റിനിർത്താൻ കാരണമായത്. 1989ൽ ഓൾ ഇന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ കോഴിക്കോട്ട് രജിസ്റ്റർ ചെയ്ത ഇവർ പ്രവർത്തിച്ചുവരുന്നു. ജന്മവൈകല്യം വേട്ടയാടുന്ന ഈ വിഭാഗം ‘സമസ്ത’ ചേർത്തു പ്രവർത്തിക്കാൻ നടത്തുന്ന നീക്കം ഇപ്പോഴും തുടരുകയാണ്. സംഘടനാമര്യാദയുടെ ലംഘനമാണിത്. സമസ്തയുടെ രജിസ്ട്രേഷൻ സ്ഥിരീകരിച്ചനെതിരെ ഇവർ നൽകിയ വ്യവഹാരം ബഹു. സുപ്രിംകോടതി 2008 ഓഗസ്റ്റ് 28നു തള്ളുകയായിരുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന ആദർശ പ്രസ്ഥാനത്തിന്റെ ജനസമ്മിതി ഉപയോഗപ്പെടുത്താനാണ് ഇവർ വളഞ്ഞ മാർഗത്തിൽ ശ്രമിച്ചുനോക്കാറുള്ളത്
അവരുടെ സംഘടന രജിസ്റ്റർ ചെയ്ത പേരുപയോഗിക്കാതെ സമസ്തയുടെ പേരിൽ സമ്മേളനങ്ങളും പിരിവുകളും നടത്താനാണവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമസ്തക്ക് സമൂഹത്തിലുള്ള സ്വാധീനം ദുരുപയോഗം ചെയ്യാനാണിത്. ആത്മീയത വിപണനമാക്കുകയും സമൂഹത്തിൽ ശിഥിലീകരണമുണ്ടാക്കുകയും മതത്തിന്റെ അച്ചടക്കവും വിശുദ്ധിയും തകർക്കുകയും ചെയ്യുന്ന ഈ വിഭാഗത്തിനു പറയത്തക്ക ജനസ്വാധീനം നേടാനായിട്ടില്ല. മുസ്ലിംകളുടെ ആധികാരികശബ്ദം എന്ന നിലയ്ക്കു മഹല്ലുകളും പള്ളികളും മദ്റസകളും സമസ്തയുടെ നിയന്ത്രണത്തിലാണു പ്രവർത്തിച്ചുവരുന്നത്. സമസ്തക്ക് സ്വീകാര്യത ലഭിക്കാനുള്ള കാരണം നിഷ്കളങ്കരായ നായകരുടെ നേതൃത്വവും കറകളഞ്ഞ ഉദേശ്യ ശുദ്ധിയും ആണ്.
ചരിത്രവും വർത്തമാനവും നിർണ്ണയിക്കാൻ ഉമ്മത്തിന് നേതൃത്വം നൽകിയവരുടെ പിൻമുറക്കാർ തന്നെ ഈ സമുദായത്തിന്റെ ഭാവി ഭാഗദേയത്വവും നിർണ്ണയിക്കും എന്ന് തീർച്ച.