മത വിരുദ്ധതയാണ് നവനാസ്തികതയുടെ യുക്തി

ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും അസ്തമിച്ച നാസ്തികത (Atheism) നവനാസ്തികത (New Atheism) എന്ന പുതിയ വേര്‍ഷനില്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടിലാണ് ഉദയം ചെയ്യുന്നത്. ഇതിന് പ്രധാനപ്പെട്ട ചില കാരണങ്ങളുണ്ട്. ഒന്നാമത്തേത്, 2001 സെപ്റ്റംബര്‍ 11ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ അക്രമണമാണ്. സ്വാഭാവികമായും പൊതുസമൂഹത്തിനിടയില്‍ മതവിരുദ്ധത പ്രചരിക്കാനും, മതങ്ങളാണ് തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും കലാപത്തിന്റെയും നിദാനമെന്ന തെറ്റിദ്ധാരണ വേരുറക്കാനും 9/11 നെ ചുറ്റിപ്പറ്റി രൂപപ്പെട്ട ഊഹാപോഹങ്ങളും ആരോപണങ്ങളും ഹേതുവായി. ഈ മതവിരുദ്ധ വൈകാരികതയെ ചൂഷണം ചെയ്ത് എഴുതപ്പെട്ട നാല് ഗ്രന്ഥങ്ങള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട ഗ്രന്ഥങ്ങളായി മാറി.

2004 ല്‍ ന്യൂറോ സയന്റിസ്റ്റായ സാം ഹാരിസ് എഴുതിയ The End of Faith ആണ് അതിലൊന്ന്. 2006 ല്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് എഴുതിയ The Godelusion ആണ് മറ്റൊന്ന്. ക്രിസ്റ്റഫര്‍ ഹിച്ചന്‍ 2007 ല്‍ എഴുതിയ God is Not Great ആണ് മൂന്നാമത്തെ ഗ്രന്ഥം. നാലാമത്തേത് ഡാനിയല്‍ ഡനറ്റിന്റെ Consciounsess Explained എന്ന ഗ്രന്ഥം. ഈ നാലാളുകളാണ് നവ നാസ്തികതയുടെ അപ്പോസ്തലന്മാരായി അറിയപ്പെടുന്നത്.

ഇവരുടെ സന്ദേശം ജനങ്ങള്‍ ഏറ്റെടുക്കാനുള്ള രണ്ടാമത്തെ കാരണം, വിവരസാങ്കേതികവിദ്യയുടെ വിപ്ലവമാണ് (Information revaluation). അഥവാ ഇന്റര്‍നെറ്റ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം മതവിരുദ്ധ ആശയങ്ങള്‍ക്കും വിശിഷ്യാ ഇസ്ലാമിനെതിരെയുള്ള തെറ്റിദ്ധാരണ ജനിപ്പിക്കുന്ന കുപ്രചരണങ്ങള്‍ക്കും വലിയ രീതിയിലുള്ള പ്രചാരം സാധ്യമാക്കി. പക്ഷേ അപ്പോഴും ഇവര്‍ക്ക് ഉത്തരം കിട്ടാതിരുന്ന ഒരു മേഖല ഈ പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായത് എന്ന് ചോദ്യമായിരുന്നു. 1960 ആയപ്പോഴേക്കും Cosmic Microwave background radiation കണ്ടെത്തപ്പെട്ടതോടുകൂടി ബിഗ് ബാങ് തിയറി സ്ഥിരീകരിക്കപ്പെട്ടു. അതായത് പ്രപഞ്ചത്തിന് തുടക്കമുണ്ട് എന്ന വാദം. അതിനെ തുടര്‍ന്ന് ജനങ്ങള്‍ ‘ദൈവമുണ്ട്’ എന്നതിലേക്ക് മനസ്സുകൊണ്ട് ഒഴുകി എന്നതും നിരീശ്വരവാദം ലോകത്ത് അസ്തമിക്കാന്‍ കാരണമായി. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആയപ്പോള്‍ മുകളില്‍ പ്രസ്താവിച്ച മതവിരുദ്ധതയെ ചൂഷണം ചെയ്ത നാല് ഗ്രന്ഥങ്ങള്‍ ആളുകള്‍ ഒരുപാട് വായിച്ചുവെങ്കിലും എങ്ങനെയാണ് ശൂന്യതയില്‍ നിന്നും പ്രപഞ്ചം ഉണ്ടായത് എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരം കിട്ടിയില്ല. 2012 ലാണ് പ്രൊഫസര്‍ ലോറന്‍സ് ക്രൂസിന്റെ A Universe from Nothing എന്ന പുസ്തകം പ്രകാശിതമാകുന്നത്. എങ്ങനെയാണ് ശൂന്യതയില്‍ നിന്നും പ്രപഞ്ചം ഉണ്ടായത് എന്നത് അദ്ദേഹം വിശദീകരിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും യുക്തിപരമായും ശാസ്ത്രീയമായും തന്നെ ധാരാളം പരാജയങ്ങളോടെയാണ് ആ പുസ്തകം അവസാനിക്കുന്നത്. ആ പുസ്തകം ഒരിക്കലും അതിന്റെ പേരില്‍ തന്നെ സൂചിപ്പിക്കുന്ന, ശൂന്യതയില്‍ നിന്നും എങ്ങനെ പ്രപഞ്ചം ഉണ്ടായി എന്നതിന് ഉത്തരം നല്‍കുന്നില്ല. കാരണം, ഒന്നുമില്ലായ്മ എന്നത് തന്നെ അദ്ദേഹം വിശദീകരിച്ചത് അത് എന്തൊക്കെയോ ആണ് എന്നാണ്. അത് ചില ഭൗതിക വസ്തുക്കളാണ്, കോണ്ടം വേവുകളാണ്, കോണ്ടം അലകളാണ് എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.

Lawrence Krauss, A Universe from Nothing

ചാള്‍സ് ഡാര്‍വിന്റെ On the Origin of specious ലോക ചരിത്രത്തില്‍ സംഭവിച്ച വിധി വിപരീതങ്ങളുടെ മറ്റൊരു ഉദാഹരണമാണ്. ആ പുസ്തകത്തിന്റെ പേരിന്റെ അര്‍ത്ഥം സൂചിപ്പിക്കുന്നത് പോലെ എങ്ങനെയാണ് സ്പീഷ്യസ് ഉണ്ടായത് എന്നതിനെ കുറിച്ചാണ് പരാമര്‍ശിക്കേണ്ടത്. പക്ഷേ, ഒരു സ്പീഷ്യസില്‍ നിന്ന് മറ്റൊരു സ്പീഷ്യസ് എങ്ങനെ ഉണ്ടായി എന്നതിനെ ശാസ്ത്രീയമായി തെളിയിക്കാന്‍ മാത്രമല്ല, കൃത്യമായി വിശദീകരിക്കാന്‍ പോലും അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്.

നിരീശ്വരവാദത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ ഒന്നാമത്തേത്, ‘പ്രപഞ്ചം ഒരു തുടക്കക്കാരനില്ലാതെ ഉണ്ടായി എന്നതാണ്. അതൊരിക്കലും നിലനില്‍പ്പില്ലാത്ത വാദമാണ്. കാരണം, തുടക്കക്കാരനല്ലാതെ തുടക്കം ഉണ്ടാവുകയില്ലല്ലോ…

രണ്ടാമത്തെ വാദം, ഈ പ്രപഞ്ചത്തിലെ ബുദ്ധിപരമായ ആസൂത്രണം (Intelligence design ) എന്നത് ഒരു യാഥാര്‍ഥ്യമാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ട്. പക്ഷേ അത് യാദൃശ്ചികത മാത്രമാണ്.

ജീവിതത്തിന് എന്തെങ്കിലും തരത്തിലുള്ള അര്‍ഥമോ ഒരു ലക്ഷ്യമോ ഉണ്ട് എന്നത് അവര്‍ വിശ്വസിക്കുന്നില്ല. അപ്പോള്‍ ജീവിതത്തിന് ലക്ഷ്യമോ അര്‍ഥമോ ഇല്ല എന്നതാണ് മൂന്നാമത്തെ വിശ്വാസം.

ധാര്‍മികത വൈയക്തികമാണ്. ഓരോരുത്തര്‍ക്കും എന്താണ് തോന്നുന്നത് അതാണ് ധാര്‍മികത. അത് പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാനുള്ള ഒരു ശ്രമം നമ്മില്‍ നിന്നും ഉണ്ടാകണം എന്ന് മാത്രമേ അവര്‍ക്ക് ധാര്‍മികതയെ കുറിച്ച് പറയാന്‍ കഴിയൂ…

ശാസ്ത്ര മാത്രവാദത്തെ സ്വീകരിക്കുന്നുവെന്നതാണ് നവ നാസ്തികതയുടെ ഏറ്റവും വലിയ പ്രശ്‌നം. ശാസ്ത്രമാണ് അറിവിന്റെ ഏകസ്രോതസ്സെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ ആ ഒരു അവകാശവാദം ശാസ്ത്രം തന്നെ ഉന്നയിക്കാത്തതാണ്. ശാസ്ത്രത്തിന്റെ വിവക്ഷ ‘നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ കഴിയുന്ന വസ്തുക്കളെ കുറിച്ചുള്ള വ്യവസ്ഥാപിതമായ പഠനം’ എന്നാണല്ലോ. അപ്പോള്‍ നിരീക്ഷണത്തിനും പരീക്ഷണത്തിനും പാത്രീഭൂതമല്ലാത്ത വസ്തുക്കളെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രത്തെ ഉപയോഗപ്പെടുത്താന്‍ കഴിയില്ല. സ്‌നേഹം, ദേഷ്യം പോലെയുള്ള വികാരങ്ങളെ കുറിച്ച് പഠിക്കാനല്ല, മറിച്ച് ദേഷ്യം ഉണ്ടാകുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകളെ കുറിച്ച് മനസ്സിലാക്കാന്‍ മാത്രമേ സയന്‍സ് ഉപയോഗപ്പെടുത്താന്‍ സാധ്യമാവുകയുള്ളൂ. പക്ഷേ ഇത് തിരിച്ചറിയാതെ നാസ്തികര്‍ ശാസ്ത്രം കൊണ്ട് എല്ലാത്തിനെയും അളക്കാന്‍ കഴിയുമെന്നാണ് വാദിക്കുന്നത്. ശാസ്ത്രമെന്നത് ‘എങ്ങനെ?’ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ‘എന്തുകൊണ്ട്?’ ‘ആര്?’ എന്ന് ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് വഹ് യിലൂടെ അല്ലാഹു പ്രവാചകന്മാര്‍ മുഖേനയാണ്. വീട്ടില്‍ ഒരു അതിഥി വന്നാല്‍ ചായ വെക്കുന്ന രംഗത്തെ കുറിച്ച് ഓര്‍ക്കുക; അവിടെ സയന്‍സിന് ചിലത് പറയാനുണ്ട്. വെള്ളം എത്ര ഡിഗ്രിയില്‍ തിളക്കും, ഇത്ര ഡിഗ്രി ആകുമ്പോഴേക്കും അതിലെ ബാക്ടീരിയകള്‍ മരണപ്പെടും, അതില്‍ പഞ്ചസാരയും ചായപ്പൊടിയും ഇട്ടാല്‍ ചായയായി മാറും.. ഇതൊരു സയന്റിഫിക് സ്റ്റേറ്റ്‌മെന്റാണ്. ചായക്ക് നിറവ്യത്യാസം വരുന്നത്, വായു ഉയര്‍ന്നു പോകുന്നത്, അതിന്റെ നീരാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെ നമുക്ക് ശാസ്ത്രീയമായി പറയാനാവും. പക്ഷേ, ഈ ചായ വെച്ച് ഒരു അതിഥിക്ക് വേണ്ടിയാണോ? അതോ വീട്ടുകാര്‍ക്ക് വേണ്ടിയാണോ? എന്നത് ശാസ്ത്രീയമായി തെളിയിക്കാനാവാത്തതുപോലെ, ‘എന്തുകൊണ്ടാണ് അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത്?’ എന്ന് ഒരിക്കലും ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയില്ല. കാരണം, അത് ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്ന ഒരു കാര്യമേയല്ല. ഒരു തെര്‍മോമീറ്ററിനു മുകളില്‍ കയറിയിരുന്ന് ഭാരം അളന്നു നോക്കിയാല്‍ തെര്‍മോമീറ്റര്‍ പൊട്ടിപ്പോകും എന്നല്ലാതെ ഭാരം അളക്കാനാവില്ല. അതിനര്‍ഥം ഭാരമില്ല എന്നല്ലല്ലോ, ഭാരം അളക്കാനുള്ള ഉപകരണമല്ല തെര്‍മോമീറ്റര്‍ എന്നല്ലേ… അതുപോലെ, ദൈവം, ആത്മാവ്, പരലോകം തുടങ്ങിയവയുടെ സ്ഥിരീകരണത്തിന് ഉപയോഗിക്കുന്ന ടൂള്‍ അല്ല സയന്‍സ് എന്നതുകൊണ്ടാണ് സയന്‍സ് ഉപയോഗിച്ച് ദൈവത്തെ കണ്ടെത്താന്‍ പറ്റാത്തത്.

നവനാസ്തികത ഐഡിയോളജിക്കലി നൂറു ശതമാനം പരാജയപ്പെട്ട ഒരു ആദര്‍ശമാണ്. പരിണാമ സിദ്ധാന്തവും പ്രപഞ്ചം ശൂന്യതയില്‍ നിന്ന് ഉണ്ടായെന്ന ലോറന്‍സ് ക്രോസിന്റെ വാദവും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതും അംഗീകരിക്കപ്പെടാത്തതും നവനാസ്തികതയുടെ ദുര്‍ബലത ബോധ്യപ്പെടുത്തുന്നുണ്ട്. ആദര്‍ശം ഐഡിയോളജിക്കലി പരാജയപ്പെട്ടുവെങ്കിലും അതുണ്ടാക്കിയ മതവിരുദ്ധ വികാരം ലോകത്ത് വ്യാപിക്കുന്നുവെന്നത് അനിഷേധ്യമായ യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ, ‘ആധുനിക മൂല്യങ്ങള്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ലിബറലിസം, സെക്യുലറിസം, ഫെമിനിസം തുടങ്ങിയ വാദങ്ങളിലാണ് ജനങ്ങള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്.

ഇവിടെ, ഒരു മുസ്‌ലിമിന്റെ ഈ കാലത്തെ സുപ്രധാന ബാധ്യതയും ചുമതലയുമായി ഞാന്‍ മനസ്സിലാക്കുന്നത് ഫെമിനിസം സെക്കുലറിസം തുടങ്ങിയ ‘ആധുനിക മൂല്യങ്ങള്‍’ എന്ന പേരില്‍ ഏറെ ഘോഷിക്കപ്പെടുന്ന ഇസങ്ങളെ കുറിച്ച് ആഴത്തില്‍ അറിയുകയും ജനങ്ങളെ അറിയിക്കുകയും ചെയ്യുക എന്നതാണ്. കേവലം മതവിരുദ്ധത പുലമ്പുകയും നിരന്തരം ദൈവമില്ലെന്ന് തെളിവില്ലാതെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ക്ക് മറുപടി കൊടുക്കുന്നതിനേക്കാളേറെ, ആധുനികതാവാദികളെ ഇസ്‌ലാമിക ധാര്‍മിക മൂല്യങ്ങള്‍ കൊണ്ട് പ്രതിരോധിക്കാനും പ്രബോധനം ചെയ്യാനും നമുക്കാവണം.

അവലംബം:

1-Free thinkers of medieval Islam-Sara Stauma
2-Divine Reality- Hamza Tzortzis
3-Islam, athesim and contemporary discourse- Shouib A Malik

Total
0
Shares
Next Article

ഇല്‍മുല്‍ കലാമും ആധുനിക പ്രശ്‌നങ്ങളും

Related Posts
Total
0
Share