മലയാള കാവ്യ പ്രപഞ്ചത്തിലെ തിരു നബി(സ്വ) – (1)

prophet muhmmed in malayalam poetry

ദേശ-ഭാഷാ വ്യതിയാനങ്ങള്‍ക്കതീതമായി പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ എല്ലാ കാലത്തും ലോകമെമ്പാടും വിരചിതമായിട്ടുണ്ട്. മലയാള കാവ്യലോകവും പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ സമ്പന്നമാണ്. വള്ളത്തോള്‍ മുതല്‍ കമലാ സുരയ്യ വരെയുള്ള സാംസ്‌കാരിക നേതൃത്വങ്ങളുടെ നീണ്ട നിര തന്നെ ഇവിടെ ദൃശ്യമാണ്.
മലയാളത്തിലെ പ്രവാചക സ്തുതി ഗീതങ്ങളില്‍ പ്രഥമ സ്ഥാനം അലങ്കരിക്കുന്നത് മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറില്‍ ജീവിച്ചിരുന്ന മഖ്ദൂമിന്റെ ശിഷ്യനും സൂഫി പണ്ഡിതനും രസിക ശിരോമണി എന്ന പേരില്‍ അറിയപ്പെട്ടിരുന്നവരുമായ മര്‍ഹൂം കുഞ്ഞായന്‍ മുസ്‌ലിയാരുടെ ‘നൂല്‍ മദ്ഹ്’ ആണ്. തമിഴ് ചുവയുള്ള മാപ്പിള ഖണ്ഡകാവ്യമാണത്. മഹാകവി വള്ളത്തോളാണ് ഇസ്‌ലാമിക ഇതിവൃത്തങ്ങള്‍ ഏറ്റവും കൂടുതല്‍ കൈകാര്യം ചെയ്തിട്ടുള്ള മലയാളത്തിലെ മുസ്‌ലിമേതര കവി. പ്രവാചകന്റെ മഹനീയ വ്യക്തിത്വവുമായി ബന്ധപ്പെട്ടതാണ് ഇവയിലധികവും. നബി(സ്വ) യുടെ ജീവിതത്തിലെ ചില പ്രധാന സംഭവങ്ങളുടെ കാവ്യാവിഷ്‌കാരത്തിലൂടെ പ്രകാശിതമാകുന്ന പ്രവാചകന്റെ മഹനീയ വ്യക്തിത്വത്തിന്റെ മുമ്പില്‍ ഭക്ത്യാദരവോടെ നില്‍ക്കുന്ന കവിയെയാണ് വള്ളത്തോള്‍ കവിതകളിലൂടെ ദര്‍ശിക്കാനാകുന്നത്.

മലയാള സാഹിത്യത്തിനും സംസ്‌കാരത്തിനും സാര്‍വ ദേശീയ അംഗീകാരം നേടിത്തന്ന കവിയാണ് വള്ളത്തോള്‍ നാരായണ മേനോന്‍. 1878 ഒക്ടോബര്‍ 16 ന് തിരൂരില്‍ ജനിച്ച അദ്ദേഹം വിദ്യാര്‍ഥി ആയിരിക്കെ തന്നെ കവിതകളെഴുതി ആനുകാലിക പ്രസിദ്ധീകരങ്ങങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജാതി മത വര്‍ഗ ദേശീയ അതിര്‍വരമ്പുകള്‍ ലംഘിച്ച് വിശ്വസാഹോദര്യത്തിന്റെയും മത മൈത്രിയുടെയും മാനവ ഐക്യത്തിന്റെയും വിശാലമായ മണ്ഡലങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന കവിതകളാണ് വള്ളത്തോളിന്റേത്. ഇസ്‌ലാമിന്റെ മനുഷ്യ സാഹോദര്യം, സാര്‍വ ദേശീയ വീക്ഷണം, ആചാരാനുഷ്ഠാനങ്ങളുടെ സവിശേഷതകള്‍ , മാനുഷിക സദാചാര ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം, പ്രസക്തി തുടങ്ങിയവ അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ കവിതകളില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. മലയാള കവിതയുടെ സുവര്‍ണ്ണ യുഗമെന്ന് ഭാഷാ സാഹിത്യ ചരിത്രം വിശേഷിപ്പിക്കുന്ന കവിത്രയത്തിലെ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വള്ളത്തോള്‍ 1958 മാര്‍ച്ച് 13 ന് അന്തരിച്ചു.

മുഹമ്മദ് നബി (സ്വ) വള്ളത്തോള്‍ കവിതകളില്‍

വള്ളത്തോളിന്റെ പ്രധാന രചനയായ സാഹിത്യ മഞ്ജരിയുടെ ചില ഭാഗങ്ങളിലാണ് ഇസ്‌ലാമിക സാന്നിധ്യവും മുഹമ്മദ് നബി (സ്വ) യുടെ മഹനീയ വ്യക്തിത്വവും അനാവരണം ചെയ്യുന്ന കവിതകള്‍ ധാരാളമായി കാണുന്നത്. സാഹിത്യ മഞ്ജരിയുടെ എട്ടാം ഭാഗത്തിലെ ‘പാംസുസ്നാനം’,
അഞ്ചാം ഭാഗത്തിലെ ‘അല്ലാഹ്’, നാലാംഭാഗത്തിലെ ‘ജാതകം തിരുത്തി’ മുതലായവയാണ് ഈ രംഗത്ത് ശ്രദ്ധേയമായ കവിതകള്‍. ഇസ്‌ലാം മതത്തിന് മക്കയില്‍ വേരോട്ടം തുടങ്ങുകയും മുസ്‌ലിംകളുടെ അംഗ സംഖ്യ ദൈനംദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്തപ്പോള്‍ തിരുമേനി(സ്വ) പരസ്യ പ്രബോധനത്തിന് രംഗത്തിറങ്ങി. ഇത് ഖുറൈശികളെ കോപാകുലരാക്കുകയും അവര്‍ കഠിന മര്‍ദനങ്ങളും പീഢനങ്ങളും അഴിച്ചുവിടുകയും ചെയ്തു. കഅ്ബയില്‍ ആരാധന നടത്തുന്നത് തടഞ്ഞ അവര്‍ നബി(സ്വ) നടന്നു പോകുന്ന വഴികളില്‍ മുള്ളുകള്‍ വിതറുകയും നബിയെ പിന്തുടര്‍ന്നു കൂക്കി വിളിക്കാന്‍ കുട്ടികളെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. ഇത്തരം നീച പ്രവൃത്തികളെ അപലപിക്കുകയും നബി(സ്വ) യുടെ മഹത്വം എടുത്ത് കാട്ടുകയുമാണ് ‘പാംസുസ്നാന’ത്തിലൂടെ കവി ചെയ്യുന്നത്. ഈ കവിത ആരംഭിക്കുന്നതിങ്ങനെയാണ് :

”ഹാ, കണ്ടതില്‍ക്കണ്ടതിലീശ്വരത്വം
കല്പിച്ചു കല്പിച്ചു നടന്നൊടുക്കം,
നിരീശ്വരത്വത്തിലടിഞ്ഞ് വീതം,
നിരസ്ത വിശ്വാസരറേബിയക്കാര്‍!
കുറുമ്പുമാറാത്ത ഖുറൈശിവര്യ-
ര്‍ക്കോതിക്കൊടുത്തേന്‍ പല വട്ടവും ഞാന്‍:
‘ഈ നിങ്ങള്‍ കൂപ്പും മരമല്ല, കല്ല-
ല്ലള്ളാവു സര്‍വ്വാതി ശക്തനേകന്‍”

കണ്ണില്‍ കണ്ടതിനു മുഴുവന്‍ ദിവ്യത്വം കല്പിക്കുകയും ആരാധനാ മൂര്‍ത്തികളായി സങ്കല്പ്പിക്കുകയും അവയുടെ മുമ്പില്‍ കുമ്പിടുകയും ചെയ്തിരുന്ന അവിശ്വാസികളായ അറേബ്യന്‍ ജനതക്ക് തൗഹീദിന്റെ സന്ദേശം ഓതിക്കൊടുക്കുകയും നിങ്ങള്‍ ആരാധിക്കുന്ന മരവും കല്ലുമൊന്നുമല്ല യഥാര്‍ഥ ദൈവമെന്നും അത് ഏകനായ അല്ലാഹുവാണെന്നും അവനെ മാത്രമേ നിങ്ങള്‍ ആരാധിക്കാവൂ എന്നുമുള്ള ഇസ്‌ലാമിക വിശ്വാസവും തൗഹീദും നബി(സ്വ) ഉദ്‌ബോധനം നടത്തിയ സന്ദര്‍ഭമാണ് കവി ഇവിടെ വിവരിക്കുന്നത്. തുടര്‍ന്ന്, മക്കയുടെ ഒരു കൈവഴിയിലൂടെ നടന്ന് പോകുന്ന പുണ്യ പ്രവാചകന്റെ മനോമുകുരത്തില്‍ നിന്ന് പൊന്തി വരുന്ന ചില ചിന്തകളിലേക്ക് കവി സൂചന നല്‍കുന്നു. തനിക്ക് ഏത് പ്രതിസന്ധി ഘട്ടങ്ങളിലും താങ്ങും തണലുമായി നിന്ന പിതൃവ്യന്‍ അബൂത്വാലിബും പ്രിയ പത്‌നി ഖദീജ(റ) യും മരിച്ചുപോയതോടെ താന്‍ ഏകനായിത്തീരുകയും തന്റെ ചുറ്റുഭാഗവും ശത്രുക്കള്‍ അക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുകയും, വേണ്ടിവന്നാല്‍ പ്രബോധനത്തിന് വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറാണെന്ന ദൃഢനിശ്ചയത്തോടെയും നടന്ന് നീങ്ങുന്ന മുഹമ്മദ് നബി(സ്വ) യുടെ മനോധൈര്യത്തെ വരച്ചു കാണിക്കുകയാണ് കവി തുടര്‍ന്നുള്ള വരികളില്‍:

“അധൈര്യമേ നിന്‍ കെടു മഞ്ഞു വീഴാ-
യ്ക, ഹമ്മദിന്‍ സജ്വരമായ നെഞ്ചില്‍;
ചന്ദ്രാക്കര്‍ക്കരെകളില്‍ വെച്ചു തന്നാല്‍-
പ്പോലും നിറുത്തില്ലവരെ, നി കൈ പ്രയത്‌നം!”

ധര്‍മ്മഭ്രംശം കണ്ടിട്ടുള്ള സന്താപത്തോടെയുള്ള മുഹമ്മദ് നബി(സ്വ) യുടെ മനസ്സില്‍ അധൈര്യത്തിന്റെ മഞ്ഞ് വീഴുകയില്ലെന്നും ഇരുകൈകളിലും ചന്ദ്രനെ വെച്ച് കൊടുത്താല്‍പോലും ഇസ്‌ലാമിക പ്രബോധനത്തില്‍ നിന്ന് നബി(സ്വ) പിന്തിരിയുകയില്ലെന്നും ഈ വരികളിലൂടെ കവി ഉണര്‍ത്തുന്നു. കവി തുടര്‍ന്നെഴുതുന്നു:

“ഇത്തീര്‍പ്പു പേര്‍ത്തും മുറുകീ മഹാന്റെ
പാഴ് ചൊല്ലു തീണ്ടാത്ത ശുഭാധരത്തില്‍
ഓരോ പരിക്ലേശവു മീദൃശന്മാ-
ര്‍ക്കുച്ചെഗ്ഗര്‍തിക്കുള്ള ചവുട്ടുകല്ലാം”

ഈ ഉറച്ച തീരുമാനം ഒരിക്കലും അസത്യ ഭാഷണം ഉരിയാടാത്ത പരിശുദ്ധാധരത്തിലൂടെ ഉരുവിട്ട് കൊണ്ട് കടന്ന്‌പോവുകയാണ് മുഹമ്മദ് നബി(സ്വ). ഓരോ ബുദ്ധിമുട്ടും മഹത്തുകള്‍ക്ക് ഉയര്‍ച്ചയിലേക്കെത്താനുള്ള ചവിട്ടുകല്ലാണല്ലോ എന്ന് പറഞ്ഞ് കവി ആശ്വസിക്കുന്നു. ഈ വരികളിലൂടെ കവി ജീവിതത്തില്‍ ഒരിക്കലും കളവ് പറയാത്ത നബി(സ്വ) യുടെ പരിശുദ്ധതയും സത്യസന്ധതയും വിശ്വസ്തതയും പ്രത്യേകം എടുത്ത് കാണിക്കുന്നു. അങ്ങനെ നടന്നു പോകുന്ന പുണ്യ പ്രവാചകന്റെ വിശുദ്ധ മേനിയില്‍ മണ്ണ് കോരിയിട്ട് കൊണ്ട് ചില ദുഷ്ടന്മാര്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത കവി അവരുടെ നീച പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും തന്റെ പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് തുടര്‍ന്നുള്ള വരികളില്‍

“പെട്ടെന്നു പാര്‍ശ്വങ്ങളില്‍ നിന്നു-ഹാ, ഹാ-
മണ്‍ കോരിയിട്ടാര്‍ ചില മുഷ്‌കരന്മാര്‍,
കൃതജ്ഞരെങ്കില്‍, ക്കനകാഭിഷേകം
ചെയ്യേണ്ടതാ മീഗുരുവിന്‍ ശിരസ്സില്‍!”

വഴിവക്കില്‍ പതുങ്ങിനിന്ന് നബി(സ്വ) ക്ക് മേല്‍മണ്ണ് കോരിയിട്ടവരെ മുഷ്‌കരന്മാര്‍ അഥവാ മൂട്ടാളന്മാര്‍ എന്നാണ് കവി വിശേഷിപ്പിക്കുന്നത്. നന്ദിയുള്ളവരാണെങ്കില്‍ ഈ ആചാര്യനു കനകാഭിഷേകം ചെയ്യേണ്ടുന്ന കൂട്ടര്‍ അദ്ദേഹത്തിന്റെ തലയില്‍ മണ്ണ് കോരിയിടുകയാണ് ചെയ്തതെന്ന് പറഞ്ഞ് കവി തന്റെ അദ്ഭുദവും അമര്‍ഷവും രേഖപ്പെടുത്തുകയാണിവിടെ.

തുടര്‍ന്ന് മണ്ണ് വാരിയെറിഞ്ഞ് നബിയെ കളിയാക്കിച്ചിരിച്ച സംഭവം കവി വിവരിക്കുന്നു.

‘”വിജ്ഞാന ഗര്‍ഭം തിരുമൗലിതൊട്ട്
സന്മാര്‍ഗ സഞ്ചാരി പദം വരെയ്ക്കും
പാംസുല്‍ക്കരം പറ്റിയ ശുദ്ധിമാനെ-
പ്പാര്‍ത്തങ്ങു തെന്മാടികള്‍ കൂക്കിയാര്‍ത്തു”

ജ്ഞാനത്തിന്റെ വിളനിലമായ ശിരസ്സ് തൊട്ട്, സന്മാര്‍ഗത്തില്‍ സഞ്ചരിക്കുന്ന കാല്‍വരേക്കും പൊടിപടലം പറ്റിയ വിശുദ്ധ നബി(സ്വ) യെ ശത്രുക്കള്‍ കൂക്കിവിളിച്ചിട്ടും ശിരസ്സ് മുതല്‍ പാദം വരേക്കും പൊടികൊണ്ട് മൂടിയിട്ടും അദ്ദേഹത്തെ ശുദ്ധിമാന്‍ എന്നാണ് കവി വിശേഷിപ്പിക്കുന്നത്. ഈ ദുഷ്പ്രവൃത്തി ചെയ്തവരെ ‘തെമ്മാടികള്‍’ എന്ന് ശക്തമായ ഭാഷയില്‍ ആക്ഷേപിക്കാനും കവി മറക്കുന്നില്ല. മണ്ണ് കൊണ്ടഭിഷേകനായിട്ടും അതെല്ലാം ക്ഷമയോടെ നേരിട്ട ഈ പ്രവാചകന്‍ നീണാള്‍ വാഴട്ടെ എന്ന് ആശംസിക്കുകയാണ് കവി ചെയ്യുന്നത്.

‘”അയ്യയ്യ, മണ്‍കൊണ്ടഭിഷിക്തനായി
ക്കഴിഞ്ഞുവല്ലോ, മത സാര്‍വ്വ ഭൗമന്‍;
മുഴക്കുവിന്‍ ഹേ ജയ ശബ്ദമെങ്ങും;
വാഴട്ടെ, യിസ്ലാം തിരുമേനി നീണാള്‍!”

നബി(സ്വ) നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ ശത്രുക്കള്‍ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാല കൊണ്ട് പോയി ഇട്ട സംഭവം കവി വിവരിക്കുന്നു:

”അന്നീ നരസ്‌നേഹി നമസ്‌കരിച്ചു
കിടന്ന പോതി, ത്തിരുവങ്കഴുത്തില്‍
ഒരൊട്ടകത്തിന്‍ മാല ചാര്‍ത്തി-
പ്പാനെ ലഭിച്ചുളളൂ നമുക്കു ഭാഗ്യം!”

ഈ വരികളില്‍ നബി(സ്വ) യെ മനുഷ്യ സ്‌നേഹിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. മനുഷ്യസ്‌നേഹിയായ നബി(സ്വ) സുജൂദില്‍ കിടക്കുമ്പോള്‍ ഈ അക്രമികള്‍ കുടല്‍മാല ചാര്‍ത്തുകയാണല്ലോ ചെയ്തതെന്ന് കവി ആശ്ചര്യം പ്രകടിപ്പിക്കുന്നു. ദേഹമാസകലം മണ്ണില്‍ കുളിച്ചത് കൊണ്ട് പ്രത്യേകിച്ചൊരു ഭാവവും നബി(സ്വ) യില്‍ പ്രകടമായില്ല. ആനക്ക് മണ്ണില്‍ കുളിച്ച ഭാവമേ നബിക്കുണ്ടായിരുന്നുള്ളൂ. ആരെങ്കിലും കണ്ടാലോ എന്ന് വെച്ച് നബി (സ്വ) ധൃതിപ്പെട്ട് നടന്നില്ല. സാവധാനം നടന്ന് വീട്ടിലെത്തിയ നബി(സ്വ) യെ കണ്ട് സ്വന്തം പുത്രി വിഷമിക്കുകയും കുളിപ്പിച്ചുകൊടുക്കുകയും ചെയ്തു. നബി (സ്വ)യെ കുളിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ ഓമനപുത്രിയുടെ ചുടുകണ്ണീര്‍ ആ പുണ്യദേഹത്ത് വീണതായി കവി പാടുന്നു. ദുഃഖത്തോടെ നില്‍ക്കുന്ന മകളെ ആശ്വസിപ്പിക്കാന്‍ നബി(സ്വ) പറഞ്ഞ വാക്കുകളില്‍ തങ്ങളുടെ അചഞ്ചലതയും വിശ്വാസ ദാര്‍ഢ്യവും വ്യക്തമാകുന്നു.

“നിന്നച്ഛനെ കാത്തരുളാതിരിക്കില്ലള്ളാഹു
പാഴില്‍ കരയായ് കുഞ്ഞേ”

അചഞ്ചലമായ വിശ്വാസം മുറുകെ പിടിക്കുകയാണ് നബി(സ്വ) ചെയ്യുന്നത്. നിന്റെ പിതാവിനെ അല്ലാഹു കൈവെടിയുകയില്ലെന്ന് പറഞ്ഞ് തന്റെ ഓമനപുത്രിയെ ആശ്വസിപ്പിക്കുന്നു.

[തുടരും]
Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Previous Article

ആൻ്റി കൊളോണിയലിസം; സൂഫീ വ്യവഹാരങ്ങളിലെ ഇന്ത്യൻ മാതൃകകൾ

Next Article

മലയാള കാവ്യ പ്രപഞ്ചത്തിലെ തിരു നബി(സ്വ) - (2)

Related Posts
Total
0
Share