മലയാള കാവ്യ പ്രപഞ്ചത്തിലെ പ്രവാചക കീര്‍ത്തനങ്ങളിൽ മുദ്ര പതിപ്പിച്ച കുലപതികളാണ് പി. കുഞ്ഞിരാമന് നായരും യൂസഫലി കേച്ചേരിയും.
‘മരുഭൂമിയിലെ യാത്രക്കാരന്’ എന്ന പേരില്‍ പി. കുഞ്ഞിരാമന് നായര്‍ എഴുതിയ ഗദ്യ കവിതയില്‍ നബി(സ്വ)യുടെ ദീപ്തമായ ഒരു ചിത്രം നമുക്ക് കണ്ടെത്താന്‍ കഴിയും. വിശുദ്ധ ഖുര്‍ആനിന്റെ അവതരണ നിമിഷങ്ങളാണ് കവിതയുടെ പ്രമേയം. വിശ്വാചാര്യന്റെ ജന്മമുണ്ടായ നിമിഷങ്ങളിലൂടെ മനസ്സുകൊണ്ട് സഞ്ചരിച്ച കവി മനുഷ്യരെല്ലാം ഭ്രാതാക്കളാണെന്ന നബി സന്ദേശം അനുസ്മരിക്കുന്നു. ശത്രുക്കളുടെ കരാള ഹസ്തങ്ങള്‍ നബിയെ വധിക്കാനും മഹാമതത്തിന്റെ വേരറുക്കാനും ശ്രമിച്ച കഥ കവി അയവിറക്കുന്നു.
പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് നബി(സ്വ) ഇവിടെ കൊളുത്തിവെച്ച പൊന്‍തിരി സ്നേഹത്തില്‍ വിടര്‍ന്ന ഇസ്ലാമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ‘മരുഭൂമിയിലെ യാത്രക്കാരന്’ എന്ന കവിത ഉപസംഹരിക്കുന്നത്.
‘ആയിരം നാവുള്ള മൗനം’ എന്ന യൂസഫലി കേച്ചേരിയുടെ കവിതാ സമാഹാരത്തില്‍ മുഹമ്മദ് നബി(സ്വ)യെ കുറിച്ച് പുണ്യാനിലന്, സ്നേഹഗീതം, വിശ്വാചാര്യന്‍ എന്നീ മൂന്ന് കവിതകള്‍ കാണാം. ഈ കവിതകളില്‍ കാലാതീതമായി പ്രകാശിച്ച് നില്ക്കുന്ന പ്രവാചകന്റെ വ്യക്തി മാഹാത്മ്യമാണ് ആവിഷ്കരിക്കപ്പെടുന്നത്. നബി(സ്വ)യുടെ ഹൃദയ വിശാലത, സാഹോദര്യ സന്ദേശം, വിദ്യ നേടാനുള്ള പ്രേരണ തുടങ്ങിയവയും പ്രകാശിതമാകുന്നുണ്ട് കവിതയില്‍. മുഹമ്മദ് നബി(സ്വ)യുടെ തിരുവായില്‍ നിന്ന് പ്രവഹിച്ച ഈടുറ്റ വിശ്വ സ്നേഹഗീതമാണ് ‘സ്നേഹഗീത’ത്തിലെ പ്രമേയം.
“ശത്രുവെപ്പോലും സ്നേഹി-
ച്ചീടുവാന്‍ പഠിക്കാത്ത
മര്ത്ത്യനര്ഹനല്ലെന്റെ
യനുഗാമിയായിത്തീരാന്”
എന്ന വരികള്‍ നബി(സ്വ)യുടെ സ്നേഹവും അനുകമ്പയും ആര്‍ദ്രതയുമാര്‍ന്ന മനസ്സിനെ തുറന്നു കാണിക്കുന്നു. ഇസ്ലാമുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലൂടെ കടന്ന് പോകുന്ന കവിതകളില്‍ ഇസ്ലാമിലെ ശിക്ഷാ നിയമങ്ങളുടെ ഔചിത്യവും വ്യഭിചാരം, മദ്യപാനം തുടങ്ങിയവക്കെതിരെയുള്ള ഇസ്ലാമിന്റെ അധ്യാപനവും കാഴ്ച്ചപ്പാടും ഇസ്ലാമിലെ വിധി വിലക്കുകളുടെ സാര്‍വലൗകികതയും സാര്‍വകാലികതയും പ്രകാശിതമാക്കുന്നു. ഇസ്ലാമിന്റെ ദര്‍ശനങ്ങളെ തികച്ചും ഉള്‍ക്കൊള്ളാൻ കഴിഞ്ഞ കവിയെന്ന് സുകുമാര്‍ അഴീക്കോട് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഈ മൂന്ന് കവിതകളുടെ അടിസ്ഥാനത്തിലാണ്.
‘നബി സാര്‍വ ഭൗമന്‍’ എന്ന കവിതയില്‍ കവി പറയുന്നു :
“പദേ പദേ സംശയലേശമന്യേ
ചിദേക ഭാവം ദൃഢമൂലമാക്കാന്
നിര്‍ദ്ദേശമേകി നബി യോഗി യോഗ്യം
സദേക മേവം പരമദിതീയം”
‘ഓര്‍മയ്ക്ക് താലോലിക്കാന്‍’ എന്ന സമാഹാരത്തിലെ ‘പടക്കളത്തില്‍ രാത്രി’ എന്ന കവിതയില്‍ നബി(സ്വ)യെ ഇങ്ങനെ വര്‍ണിക്കുന്നു:
”സര്വലോകാനുഗ്രഹ കാരണന്‍ കരുണാര്‍ദ്രന്‍
സംസ്കൃത താഖ്യാനാമബ്ദുല്ലാത്മജന് ജിതേന്ദ്രിയന്‍
ദൈവ സന്ദേശം പാരിന്നെത്തിക്കും പാവനന്‍”
ഇപ്രകാരം മുഹമ്മദ് നബി(സ്വ)യുടെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം കവിതകള്‍ യൂസഫലി കേച്ചേരിയുടേതായിട്ടുണ്ട്.
[തുടരും]