ഇസ്‌ലാമിനേയും മുഹമ്മദ് നബി(സ്വ)യേയും കുറിച്ച് മഹാകാവ്യം തന്നെ രചിച്ച കവിയാണ് പൊന്‍കുന്നം സെയ്ത് മുഹമ്മദ്. മൂന്ന് സര്‍ഗങ്ങളായി സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ‘മാഹമ്മദം’ എന്ന മഹാകാവ്യത്തിന്റെ ഒന്നാം ഭാഗം മാത്രമാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്. ലോകാരംഭം മുതല്‍ കഅ്ബാലയത്തിന്റെ ഉദ്ഘാടനം വരെയുള്ള സംഭവങ്ങള്‍ ഒന്നാം ഭാഗത്തിലും, മൂസാ നബി(അ) മുതല്‍ ഈസാനബി(അ) വരെയുള്ള പ്രവാചകന്മാരുടെ ചരിത്രം രണ്ടാം ഭാഗത്തിലും, മുഹമ്മദ് നബി(സ്വ)യുടെ ചരിത്രം മൂന്നാം ഭാഗത്തിലും ഉള്‍പ്പെടുത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ആദ്യ ഭാഗം മാത്രമാണ് പ്രസിദ്ധീകൃതമായത്. ‘മാഹമ്മദ’ത്തിന്റെ ആദ്യഭാഗത്ത് നബി(സ്വ)യുടെ മഹത്വത്തിലേക്ക് വെളിച്ചം വീശുന്ന ചില സാന്ദര്‍ഭിക പരാമര്‍ശങ്ങള്‍ ഉണ്ട്. ഈശ്വരാനുഗ്രഹം കൊണ്ട് മര്‍ത്ത്യലോകത്തിനാകമാനം ഉണര്‍വിന്റെ തൂമണിക്കാറ്റുമായി വന്ന നബി(സ്വ)യെക്കുറിച്ച് കവിതയുടെ തുടക്കത്തിലെ ‘ഉല്‍ഘാടന’ത്തില്‍ കവി വര്‍ണ്ണിക്കുന്നു:
“ഓരോരോ കാലത്ത് ലോകോത്തര സൂകൃതികളാ-
ദര്‍ശ സമ്പന്നരായി-
ട്ടോരോപ്രാമുഖ്യമോടെ നബി വരരുദയം
ചെയ്തിടാറുണ്ട് പണ്ടേ
ആരാജോത്തം സംഭാവ പ്രകൃതിയധികമായ്
ചേര്‍ന്നു മിന്നിത്തിളങ്ങി
ത്താരാനാഥന്‍ കണക്കേ തിരുനബി വിജയി-
ച്ചാത്മ സംസ്‌കാര മൂര്‍ത്തി”
മുഹമ്മദെന്ന് പേരുള്ള മഹാത്മാവിന്റെ മാതൃകയായ വെളിച്ചമാണ് മനുഷ്യ ഹൃദയത്തിന് വെളിച്ചമായിത്തീര്‍ന്ന ദീനുല്‍ ഇസ്‌ലാം എന്ന് ചൂണ്ടിക്കാട്ടുന്ന കവി ഒരു പൂവായി വിരിഞ്ഞ് പൂമണം പ്രസരിപ്പിക്കുന്ന ഇസ്‌ലാമിനെ താലോലിക്കാന്‍ വേണ്ടിയാണ് ആ പ്രവാചകന്‍ വന്നത് എന്ന് ഊന്നിപ്പറയുന്നു.
“പ്രഫുല്ല സംസ്‌കാര സുഗന്ധപുരം
പ്രഭാഷണ ത്തുമകരന്ദസാരം
പ്രകീര്‍ത്തനത്തില്‍ പുതുപുണ്യഹാരം
പ്രശാന്ത ഗംഭീര മതി പ്രചാരം
പ്രവാചകന്മാര്‍ക്കെഴുമാവിശിഷ്ട
പ്രസക്തികള്‍ക്കത്ഭുത സിദ്ധി ചാര്‍ത്ത
പ്രഭുത്വ ചിഹ്നങ്ങളൊടായമേയ-
പ്രമുഗ്ധ തേജസ്സവതാരമാര്‍ന്നു”
എന്നിങ്ങനെയാണ് കവി പൊന്‍കുന്നം സെയ്ത് മുഹമ്മദ് മുഹമ്മദ് നബി(സ്വ)യെ കാണുന്നത്. പ്രവാചകന്റെ ജനനം കൊണ്ട് മക്കാ രാജ്യം മഹത്വവല്‍ക്കരിക്കപ്പെട്ടതായും ആ നാടിന് നിരവധി അനുഗ്രഹങ്ങള്‍ ലഭിച്ചതായും കവി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് പോലെ ടി.ഉബൈദ്, പി.ടി. അബ്ദുര്‍റഹ്‌മാന്‍ മുതലായ മലയാള കവികളുടെ നബി കീര്‍ത്തന കവിതകള്‍ ധാരാളമുണ്ട്. ഈ വിഷയകമായി നമുക്ക് കമലാ സുരയ്യയുടെ ഒരു കവിത പരിചയപ്പെടാം. പ്രസിദ്ധമായ നാലപ്പാട്ട് തറവാട്ടില്‍ 1934 മാര്‍ച്ച് 31 ന് ജനിച്ച കമല മലയാളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തിലും ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരിലും കഥ, കവിത, നോവല്‍, ലേഖനങ്ങള്‍ മുതലായവ ധാരാളമായി എഴുതിയിട്ടുള്ള വിശ്വസാഹിത്യകാരിയാണ്. 1990 ഡിസംബറിലെ അവരുടെ ഇസ്‌ലാം മതാശ്ലേഷണത്തിന് ശേഷം രചിച്ച ‘യാ അല്ലാഹ്’ എന്ന കവിതാ സമാഹാരത്തിലാണ് മുഹമ്മദ് നബിയെകുറിച്ച് പരാമര്‍ശിക്കുന്ന കവിതയുള്ളത്. സുരയ്യയുടെ ‘യാ അല്ലാഹ്’ എന്ന കവിത അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പുസ്തകത്തിലെ ‘യാ മുഹമ്മദ്’ എന്ന കവിതയിലാണ് നബി കീര്‍ത്തനമുള്ളത്. ആ കവിത നമുക്ക് ഇങ്ങനെ വായിക്കാം:
”യാ മുഹമ്മദ്
സ്വല്ലല്ലാഹു അലൈഹിവസല്ലം
അറേബിയന്‍ രാത്രിയെ വെളുപ്പിക്കും
പൊന്‍പ്രഭാതം
ധര്‍മ്മത്തിന്റെ വാളേന്തും
അന്ത്യപ്രവാചകന്‍
ആ മുഖ കാന്തിയെപ്പറ്റി
പതിനാല് നൂറ്റാണ്ടുകള്‍ക്ക് ശേഷവും
ഞങ്ങള്‍ കേട്ടറിയുന്നു
വൈകിവന്നവര്‍ ഞങ്ങള്‍
സ്വവിധിയെ പഴിച്ചവര്‍
നാല്‍പതിലധികം തലമുറകള്‍
ആദരിച്ചൊരു നായകാ
അങ്ങേക്കായൊരുക്കുന്നു
സ്‌നേഹത്തിന്റെ വിരുന്നുകള്‍
പണ്ട് മരുഭൂവില്‍പ്പെയ്തു
പെട്ടെന്നൊരു മഴ
പക്ഷെ, മണ്‍തരികളോരോന്നും
ഓര്‍ക്കുന്നു മഴയെ നിരന്തരം”
അത്‌പോലെ ഗുരുനിത്യ ചൈതന്യയതി വിശുദ്ധ ഖുര്‍ആനിലെ അല്‍ഫാതിഹ, അല്‍ബഖറ എന്നിവക്ക് ഗദ്യകവിതാ രൂപത്തില്‍ തയ്യാറാക്കിയ പരിഭാഷയുടെ ആമുഖത്തില്‍, മുഹമ്മദ് നബി(സ്വ)യെ പ്രകീര്‍ത്തിക്കുന്ന ശ്രീനാരാണയ ഗുരുവിന്റെ ഒരു കവിതാ ശകലം ചേര്‍ത്തതായി കാണാം, അതിപ്രകാരമാണ്:
“കരുണാവാന്‍ നബി മുത്ത് രത്‌നമോ
നരരൂപമെടുത്തു ഭൂമിയില്‍
പെരുമാറീടിന കാമധേനുവോ?
പരമാത്ഭുത ദാനദേവതാ-
തരുവോയീയനുകമ്പയാണവന്‍?”
(ശ്രീ നാരായണ ഗുരു)
വിശുദ്ധ ഖുര്‍ആനിന്റെ കാവ്യപരിഭാഷ തയ്യാറാക്കിയവരാണ് കെ.ജി. രാഘവന്‍ നായരും കോന്നിയൂര്‍ രാഘവന്‍ നായരും. ഇദ്ദേഹത്തിന്റെ കാവ്യപരിഭാഷ ‘ദിവ്യദീപ്തി’ എന്ന പേരിലും കെ.ജി. രാഘവന്‍ നായരുടേത് ‘അമൃതവാണി’ എന്ന പേരിലും അറിയപ്പെടുന്നു.
يَا أَيُّهَا النَّبِيُّ إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا (45) وَدَاعِيًا إِلَى اللَّهِ بِإِذْنِهِ وَسِرَاجًا مُّنِيرًا (46)[ الأحزاب] എന്ന ആയത്തിന്റെ പരിഭാഷ ‘ദിവ്യദീപ്തിയില്‍’ ഇപ്രകാരം നല്‍കുന്നു:
“അറിക മുഹമ്മദേ യ വനീതലത്തിലേ-
ക്കൊരു സാക്ഷിയും ശുഭവാര്‍ത്താവാഹകനായും
അയച്ചീടിന്നേല്‍ നിന്നെ മര്‍ത്ത്യ വര്‍ഗ്ഗത്തിനെല്ലാ-
മൊരു മുന്നറിയിപ്പു നല്‍കിടുന്നതിനാലും
അല്ലാഹുവിന്റെ യനുമതിയോടവിടുത്തെ
സ്സവിധത്തിലേക്കിഹമര്‍ത്ത്യ ജാതിയെല്ലാം
വിരവിലാഹ്വാനം ചെയ്വതിനും പാരിന്നാകെ
മഹിത പ്രകാശമേകുന്നൊരു വിളക്കായും”
‘അമൃതവാണി’യില്‍ ഈ ഖുര്‍ആന്‍ വചനത്തിന്റെ ആശയ വിവര്‍ത്തനം ഇങ്ങനെ പദ്യാവിഷ്‌കാരം നടത്തിയിരിക്കുന്നു: ”സത്യധര്‍മാദികള്‍ക്കൊക്കെയും സാക്ഷിയായ്
നിന്നെ നിയോഗിച്ചയപ്പു നാം ദൂതരെ,
സന്തോഷവാര്‍ത്തയും താക്കീതു മേകണം
മാറില്ല കര്‍ത്തവ്യമെന്നറിഞ്ഞീടണം
സത്യവിശ്വാസം പരിഗ്രഹിച്ചീടുവാന്‍
മര്‍ത്ത്യരോടാഹ്വാനമേകണം ദൂതരെ,
കത്തും വിളക്ക് പോലെന്‍ ദൂതനുര്‍വിയില്‍
സത്യപ്രകാശം പരത്തും നിരന്തരം.”
ഇങ്ങനെ ഇസ്‌ലാമിനെ കുറിച്ചും വിശുദ്ധ ഖുര്‍ആനിനെ കുറിച്ചും മുഹമ്മദ് നബി(സ്വ)യെ കുറിച്ചും മലയാളത്തിലെ പ്രശസ്തരായ കവികള്‍ അവരുടെ സര്‍ഗാത്മകമായ ഭാവനയില്‍ ചാലിച്ചെടുത്ത നിരവധി കവിതകള്‍ മലയാള ഭാഷയില്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. അവയില്‍ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവിടെ എടുത്ത് കാണിച്ചിട്ടുള്ളത്. ഇവ്വിഷയകമായി മലയാള ഭാഷയില്‍ ലഭ്യമാകുന്ന കവിതകള്‍ ശേഖരിച്ച് പഠന വിധേയമാക്കേണ്ടതാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീന്‍.
[അവസാനിച്ചു]