ലിംഗ വ്യത്യാസങ്ങളെ കുറിച്ച് പരമ്പരാഗതമായി നിലനിൽക്കുന്ന ബോധ്യ ങ്ങളും ധാരണകളും തിരുത്തിക്കുറിക്കുന്ന കാഴ്ചപ്പാടുകൾ ഇന്ന് സജീവമാണ്. സ്ത്രീ, പുരുഷൻ എന്നീ ജോഡികളിൽ പരിമിതപ്പെടുന്ന ലിംഗ നിർണ്ണയം ശാസ്ത്രീയമല്ലെന്നും മനുഷ്യന്റെ ബാഹ്യ ശരീരഘടനയല്ല ലിംഗ നിർണ്ണയത്തിന്റെ മാനദണ്ഡമെന്നും ഇന്ന് വിശദീകരിക്കപ്പെടുന്നു. സ്ത്രീ, പുരുഷൻ എന്ന ജോഡിയല്ല മനുഷ്യർ. ഓരോരുത്തരും അവരെക്കുറിച്ച് എന്താണോ വിചാരിക്കുന്നത് അതാണവരുടെ ലിംഗം. ഇതാണ് പുതിയ സമീപനം. വ്യക്തികളുടെ ലിംഗ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ നൂറോളം മനുഷ്യ വിഭാഗങ്ങളെ വരെ പരിചയപ്പെടുത്തിയവരുണ്ട്.
ബാഹ്യ ശരീരഘടനക്കനുസരിച്ച് മനുഷ്യരുടെ ലിംഗ നിർണ്ണയം നടത്തുമ്പോൾ ഉയർന്നു വരുന്ന പ്രശ്നമാണ് ഇന്റർസെക്സിന്റേത്. മനുഷ്യരുടെ തോന്നലുകളാണ് ലിംഗ നിർണ്ണയത്തിന്റെ മാനദണ്ഡമെങ്കിൽ ഇന്റർസെക്സ് പ്രത്യേകം ചർച്ചയാകില്ല. ബാഹ്യമായി പുരുഷ ലൈംഗികാവയവമുള്ളവർ പുരുഷനോ സ്ത്രീയുടെ ലിംഗമുള്ളവർ സ്ത്രിയോ ആകണമെന്നില്ലെങ്കിൽ ഇരു ലിംഗങ്ങളുമുള്ളവനോ രണ്ടുമില്ലാത്തവനോ സ്ത്രീയോ പുരുഷനോ ആകണമെന്നും നിർബന്ധമില്ല. എന്നാൽ പണ്ടുമുതലേ സമൂഹത്തിൽ നിലനിന്നുവരുന്നതും മതങ്ങൾ വ്യക്തമാക്കിയതുമായ ലിംഗ നിർണ്ണയം ശരീരഘടന അടിസ്ഥാനമാക്കിയുള്ളതാണ്. ഈ നിർണ്ണയം സങ്കീർണ്ണമാക്കുന്ന ബാഹ്യ ലൈംഗികാവയവങ്ങളിലെ അസ്വാഭാവകിതയാണ് ഇന്റർസെക്സ്.
ഇന്റർസെക്സിന്റെ ശാസ്ത്രീയവിശകലനം
ബാഹ്യ ജനനേന്ദ്രിയങ്ങളും ആന്തരിക ലൈംഗികാവയവങ്ങളും തമ്മിലുള്ള വൈരുധ്യമോ ലിംഗ നിർണ്ണയത്തിന് കാരണമാകുന്ന ക്രോമസോമുകളുടെ സംയോജനത്തിലുണ്ടാകുന്ന അസ്വാഭാവികതയോ ആണത്രെ ഇന്റർസെക്സിന് വഴിവെക്കുന്നത്. ചിലയാള കൾക്ക് വൃഷ്ണ കോശങ്ങളും അണ്ഡാശയവും ഒരുമിച്ച് ഉണ്ടാകും. മറ്റു ചിലർക്ക് ലിംഗ നിർണ്ണയത്തിന് കാരണമാകുന്ന XY ക്രോമസോമുകളുടെ സംയോജനത്തിൽ അസ്വാഭാവികതയുണ്ടാകും. ലിംഗ ക്രോമസോമുകൾ XY ജോഡികളാണെങ്കിൽ പുരുഷനും. XX ജോഡികളാണങ്കിൽ സ്ത്രീയുമാകുന്നതാണ് പതിവ്. ഇതിൽനിന്ന് വ്യത്യസ്തമായി ചിലരിൽ ലിംഗ ക്രോമസോമുകൾ XXY എന്നോ XXX എന്നോ മറ്റോ സംയോജിച്ചാൽ അത് ഇന്റർസെക്സാകും. ക്രോമസോമുകളുടെ അടിസ്ഥാനത്തിൽ സ്ത്രീയോ (XX) പുരുഷനോ (XY) ആകേണ്ട ചിലർ ബാഹ്യാവയങ്ങളുടെ അടിസ്ഥാനത്തിൽ അങ്ങനെ ആയെന്ന് വരില്ല. മറ്റു ചിലർ സാധാരണ സ്ത്രീ-പുരുഷ വിഭാഗ ങ്ങളിൽപ്പെടുന്ന ബാഹ്യ ജനനേന്ദ്രിയുളളവരാണെങ്കിലും ആന്തരികാവയങ്ങളുടെ അടിസ്ഥാനത്തിലോ ഹോർമോൺ ഘടനയിലോ അങ്ങനെയാകില്ല. ഇത്തരം സങ്കീർണമായ അവസ്ഥകളെയെല്ലാം പൊതുവെ സൂചിപ്പി ക്കാൻ ഇന്ന് ഉപയോഗിച്ചുവരുന്ന പദമാണ് ഇന്റർസെക്സ്.
ഇന്റർസെക്സ് വിഭാഗങ്ങളെ രണ്ടാലൊരു ലിംഗമായി കണ്ട് ആവശ്യമായ പരിഗണന നൽകുന്ന രീതിയായിരുന്നു മുമ്പുണ്ടായിരുന്നത്. ബാഹ്യമായ ജനനേന്ദ്രി യങ്ങളായിരുന്നു ഇതിന് മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി എതിർ ലിംഗത്തിന്റെ അണ്ഡാശയമോ അല്ലെങ്കിൽ
വ്യഷ്ണ കോശമോ ഓപ്പറേഷൻ വഴി നിർമാർജനം ചെയ്യുമായിരുന്നു. ധൃതി പിടിച്ചുള്ള ഓപ്പറേഷനും മറ്റും നടത്തേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം ബാഹ്യമായ ജനനേന്ദ്രിയങ്ങൾക്കപ്പുറം ഹോർമോണുകൾ, ക്രോമസോമുകൾ, മാനസിക പെരുമാറ്റ ഘടകങ്ങൾ, എന്നിവക്കെല്ലാം ലിംഗ നിർണ യത്തിൽ വലിയ സ്വാധീനമുണ്ടെത്രെ. സാധിക്കുമെങ്കിൽ ഓപ്പറേഷൻ നീട്ടിക്കൊണ്ടുപോകുകയും കുട്ടിയെ കൂടി ലിംഗ നിർണ്ണയത്തിൽ പങ്കാളിയാക്കുകയും ചെയ്യുകയെന്നതാണ് വൈദ്യശാസ്ത്ര രംഗത്തെ പുതിയ നിലപാട്.
ഇന്റർസെക്സിന്റെ ഇസ്ലാമിക കാഴ്ചപ്പാട്
മനുഷ്യർ ആൺ പെൺ ജോഡികളാണെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. തീർച്ചയായും അവൻ ആൺ പെൺ ഇണകളെ പടച്ചുവെന്ന് ഖുർആൻ അസന്ദിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബാഹ്യ ലൈംഗികാവയവങ്ങളിൽ ലിംഗ നിർണ്ണയത്തിന് തടസ്സമാകുന്ന വല്ലതും കാണപ്പെട്ടാൽ ലിംഗസംബന്ധമായ കൂടുതൽ അടയാളങ്ങൾ പരിശോധിച്ച് രണ്ടാലൊരു ലിംഗമായി പ്രഖ്യാപിക്കണം. പ്രവാചകർ(സ്വ)യുടെ കാലത്ത് ഇതുപോലെ യുള്ള കുഞ്ഞ് പിറന്നപ്പോൾ അതിന്റെ ലിംഗ നിർണ്ണയം നടത്താനുള്ള മാനദണ്ഡം വിശദീകരിച്ചത് ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്. ആ മാനദണ്ഡം സ്വീകരിച്ച് പിന്നീട് വന്ന ഖലീഫ മാരും ലിംഗ നിർണ്ണയം നടത്തുകയും മനു ഷ്യരെ സ്പി-പുരുഷ ദ്വന്ദങ്ങളിൽ പരിമിതപ്പെടുത്തുകയും ചെയ്തു. ഖുർആൻ മനുഷ്യരെ രണ്ടു ലിംഗങ്ങളായി വിശദികരിച്ചതും അതിന് സ്വീകരിക്കേണ്ട മാനദണ്ഡം പ്രവാചകർ(സ്വ) വിശദീകരിച്ചതും അവലംബിച്ച് പിൽകാല പണ്ഡിതർ ഇന്റർസെക്സ് വിഭാഗത്തെ കുറിച്ച് വിശദമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. കർമ്മശാസ്ത വിഷയങ്ങൾ ചർച്ച ചെയ്യുമ്പോഴെല്ലാം ഈ വിഭാഗത്തിന്റെ നിയമങ്ങൾ പ്രത്യേകം പരാമർശിക്കുന്ന രീതിയാണ് ആദ്യ കാല പണ്ഡിതർ സ്വീകരിച്ചത്. പിന്നീട് വന്ന പണ്ഡിതർ വായനക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഈ ലിംഗത്തെ കുറിച്ചുള്ള വിഷയങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രത്യേക രചനകൾ തന്നെ നടത്തി. പ്രമുഖ ശാഫിഈ പണ്ഡിതൻ ജമാലുദ്ദിൻ അസ്നവി(റ) രചിച്ച “ഈളാഹുൽ മുശ്കിൽ ഫി അഹ്കാമി ഖുൻസൽ മുശ്കിൽ ” ഈ വിഷയത്തിലുള്ള സവിശേഷ രചനയാണ്.
ഖുൻസയുടെ വിശകലനം
പണ്ഡിതരും മൂന്നാം ലിംഗമെന്ന ആശയത്തെനിരാകരിക്കുകയാണ് ചെയ്യുന്നത്.അടുത്ത് ഇന്റർസെക്സിനോട് കൂടുതൽ നിൽക്കുന്ന അറബി പദമാണ് ഖുൻസാ . ‘ഖനസ’ എന്ന മൂലധാതുവിൽ നിന്നാണ് ഇതിന്റെ ഉദ്ഭവം ഭക്ഷണത്തിന്റെ യഥാർഥ രുചി തിരിച്ചറിയാതെ വരുന്നതിനാണ് ഇതുപയോഗിക്കുക ലിംഗത്തിന് അസ്വാഭാവികതയുള്ളതിനാൽ സ്ത്രീയോ പുരുഷനോ എന്ന് തീരുമാനിക്കാൻ കഴിയാത്തത് കൊണ്ടാണ് ഖുൻസാ എന്ന് വിളിക്കപ്പെടുന്നത്. രണ്ടുലിംഗക്കാരുടെയും ബാഹ്യ ലിംഗങ്ങൾ ഒരുമിച്ചുള്ളവരാണ് കർമ്മശാസ്ത്രപരമായി ഖുൻസകൾ. ഇരുലിംഗങ്ങളോടും സാമ്യതയില്ലാത്ത ദ്വാരം മാത്രമുള്ളവരും ഈ ഇനത്തിൽ പെടും ഖുൻസകളെ മൂന്നാം ലിംഗമായി കാണണമോ വേണ്ടയോ എന്ന വിഷയത്തിൽ ആദ്യ കാല പണ്ഡിതർ രണ്ടഭിപ്രായം രേഖപ്പെടുത്തിയതായി കാണാം. മൂന്നാമതൊരു ലിംഗമല്ലെന്നതാണ് ഭൂരിപക്ഷ നിലപാട് “തീർച്ചയായും അവൻ സ്ത്രീ പുരുഷ ജോഡികളെ പടച്ചു ” എന്ന സൂക്തം ഇത് സൂചിപ്പിക്കുന്നു. അല്ലാഹു സൃഷ്ടികൾക്ക് ചെയ്യുന്ന അനുഗ്രഹങ്ങൾ എണ്ണി പറയവെ ഇങ്ങനെ സംസാരിച്ചത് രണ്ടു ലിംഗമേയുള്ളുവെന്നതിന് തെളിവാണ്. എന്നാൽ അല്ലാഹുവിന് ആൺമക്കളുണ്ടെന്ന് വാദിച്ചവരെയും പെൺമക്കളുണ്ടെന്ന് വാദിച്ചവരെയും ഖണ്ഡിക്കാനവതരിച്ചതാണ് ഈ സൂക്തം അതിനാൽ മൂന്നാം ലിംഗമില്ലെ ന്നതിന് ഇത് തെളിവല്ലെന്നതാണ് മറുവാദം. സ്ത്രികളെയും പുരുഷന്മാരെയും മാത്രം പരാമർശിക്കുന്ന വേറെയും സൂക്തങ്ങൾ ഖുർആനിലുണ്ട്.
ഖുൻസയുടെ ഇനങ്ങൾ
സ്ത്രീയോ പുരുഷനോ എന്ന് വ്യക്തമാകാത്തത് (മുശ്കിൽ). വ്യക്തമായത് (വാളിഹ്) എന്നിങ്ങനെ രണ്ടിനമാണ് ഖുൻസ . ഇസ്ലാമിലെ ദ്വിലിംഗ സങ്കല്പമാണ് ഈ വർഗീകരണത്തിന്റെ അടിസ്ഥാനം സ്ത്രീ പുരുഷ ബൈനറിയെ അംഗീകരിക്കാത്തവർക്ക് ഈ വിഭജനം അസ്വീകാര്യമാകുന്നത് സ്വാഭാവികമാണ്. ഇതിൽ ഒന്നാമത്തേത്. ഇരു ലിംഗങ്ങളുടെയും ലൈംഗികാവയവങ്ങൾ പൂർണ്ണരിതിയിൽ കാണപ്പെടുന്നതോടൊപ്പം ആണോ പെണ്ണോ എന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തീർപ്പിലെത്താൻ കഴിയാത്തവരാണ് സ്ത്രീയുടെ ലിംഗം പൂർണ്ണ രൂപത്തിലും പുരുഷ ലിംഗം ഭാഗികമായും ഉണ്ടായാൽ അത് ഖുൻസൽ മുശ്കിലിൽ ഉൾപ്പെടുകയില്ല. നേർവിപരീതമായാലും അങ്ങനെ തന്നെ. ഉദാഹരണത്തിന് സ്ത്രീ ലിംഗമുളള വ്യക്തിയിൽ പുരുഷ ലിംഗമില്ലാതെ വൃഷ്ണങ്ങൾ മാത്രം കാണപ്പെട്ടാൽ അത് സ്ത്രീ തന്നെയാണ്. ശരിയായ പുരുഷ ലിംഗത്തോടൊപ്പം അപൂർണ്ണമായ സ്ത്രീ ലിംഗമുണ്ടായാൽ ആ വ്യക്തിയെ പുരുഷനായാണ് ഗണിക്കുക. രണ്ട് ലിംഗങ്ങളും പൂർണ്ണ രൂപത്തിൽ കാണപ്പെടുന്ന വ്യക്തിയെ സ്ത്രീയോ പുരുഷനോ എന്ന് നിർണ്ണയിക്കാൻ നിരവധി മാനദണ്ഡങ്ങൾ പണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അവയെല്ലാം പരാജയപ്പെടുമ്പോൾ മാത്രമാണ് ആ വ്യക്തിയെ ഖുൻസൽ മുശ്കിലായി വിധിയെഴുതുക.
ലിംഗ നിർണ്ണയത്തിനുള്ള വഴികൾ
ഖുൻസകളുടെ ലിംഗ നിർണ്ണയത്തിന് ഇസ്ലാം മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ പ്രധാനമായും മൂന്ന് തരത്തിലാണ്. ചെറിയ അശുദ്ധിയിലേക്ക് നയിക്കുന്നത്. വലിയ അശുദ്ധിയിലേക്ക് നയിക്കുന്നത്. രണ്ടിലേക്കും നയിക്കാത്തത് എന്നിവയാണവ. ചെറിയ അശുദ്ധിയുടെ കാരണം എന്നാൽ മൂത്ര വിസർജനമാണ്. ഇരു ലിംഗങ്ങളുമുള്ള ഒരാൾ പുരുഷ ലിംഗം വഴി മാത്രം മൂത്രമൊഴിച്ചാൽ പുരുഷനും സ്ത്രീ ലിംഗം വഴി മാത്രമാണെങ്കിൽ സ്ത്രീയുമാണ്. ഇനി ഇരുലിംഗങ്ങളിലൂടെയും മൂത്രം പുറത്ത് വരുന്നുണ്ടെങ്കിൽ ആദ്യം തുടങ്ങുന്നതിനനുസരിച്ചാണ് തീരുമാനം. ഒരുമിച്ച് തുടങ്ങി വ്യത്യസ്ത സമയങ്ങളിലാണ് അവസാനിക്കുന്നതെങ്കിൽ അവസാനം മൂത്രം പുറത്ത് വരുന്നതിനനുസരിച്ചാണ് ലിംഗ നിർണ്ണയം നടത്തേണ്ടത്. ഈ മാനദണ്ഡങ്ങളെല്ലാം ഒരുപോലെയാണെങ്കിൽ മുത്രത്തിന്റെ അളവ് പരിഗണിക്കുന്ന വിഷയത്തിൽ പണ്ഡിതർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മൂത്രം പരക്കുന്നതിനും ദൂരെ ചെന്ന് വീഴുന്നതിനും അനുസരിച്ച് യഥാക്രമം ആണും പെണ്ണുമായി വിധിക്കുന്നതിലും അഭിപ്രായ ഭിന്നതയുണ്ട്. ലിംഗ നിർണ്ണയത്തിന് ചെറിയ പ്രായത്തിൽ തന്നെ അവലംബിക്കാവുന്ന അടയാളമാണ് മൂത്രമൊഴിക്കൽ.
വലിയ അശുദ്ധിയുടെ കാരണങ്ങളായ പ്രസവം. ആർത്തവം, ഇന്ദ്രിയസ്ഖലനം എന്നിവയും ലിംഗ നിർണ്ണയത്തിൽ പരിഗണിക്കപ്പെടും. പ്രായം ചെന്നവരിലാണ് ഇവ പരിശോധിക്കപ്പെടുന്നത്. ഒരു ഖുൻസ പ്രസവിച്ചാൽ അത് സ്ത്രീത്വത്തിന്റെ അടയാളമാണ്. മറ്റു അടയാളങ്ങളെല്ലാം എതിരായാലും പ്രസവം വഴി സ്ത്രീത്വം സ്ഥാപിതമാകും. ഗർഭാശയത്തിൽ തന്നെ തുടർന്നാൽ കട്ടിയായിത്തീരുമെന്ന് വിദഗ്ദ ഡോക്ടർമാർ വിധി പറയുന്ന മാംസപിണ്ഡം പ്രസവിച്ചാലും സ്ത്രിയാണെന്ന് തെളിയും.
ഖുൻസയുടെ ഇന്ദ്രിയസ്ഖലനം പുരുഷ ലിംഗത്തിലൂടെ സംഭവിച്ചാൽ പൗരുഷവും സ്ത്രീ ലിംഗത്തിലൂടെയായാൽ സ്ത്രീത്വവും ബോധ്യപ്പെടും. ആർത്തവരക്തം സ്ത്രീയാണെന്നതിന്റെ അടയാളമാണ്. ഇന്ദ്രിയസ്ഖലനം വഴിയും ആർത്തവം വഴിയും ലിംഗനിർണ്ണയം സാധ്യമാകാൻ പല ആവർത്തി സംഭവിക്കേണ്ടതുണ്ട്. യാദൃച്ഛികമായി സംഭവിച്ചതല്ല എന്ന് വ്യക്തമാ കാനാണിത്. ഇരു ലിംഗങ്ങൾ വഴിയും ഇന്ദ്രി യം പുറപ്പെട്ടാൽ ലിംഗ നിർണ്ണയം വീണ്ടും സങ്കീർണ്ണമാകും. അപ്പോൾ ഇന്ദ്രീയത്തിന്റെ അളവും ഇനവും പുറപ്പെടുന്ന ലിംഗവുമൊക്കെ പരിഗണിച്ച് തിരുമാനമെടുക്കേണ്ടി വരും. അതിനും സാധ്യമാകാതെ വരുമ്പോൾ മറ്റു മാനദണ്ഡങ്ങളിലേക്ക് നീങ്ങണം. മൂത്ര വിസ്ർജനവും ആർത്തവവും വ്യത്യസ്ത സ്ഥലങ്ങളിലൂടെയായാൽ ലിംഗ നിർണ്ണയം സാധ്യമാകില്ല. ആർത്തവവും പുരുഷ ലിംഗത്തിലൂടെയുള്ള ഇന്ദ്രിയവും പ്രശ്നത്തെ സങ്കീർണ്ണമാക്കുന്ന മറ്റൊരു അവസ്ഥയാണ്.
ചെറിയ, വലിയ അശുദ്ധികളുമായി ബന്ധമില്ലാത്ത ലിംഗ നിർണ്ണയ അടയാളങ്ങൾ പലതുമുണ്ട്. മുകളിൽ പറയപ്പെട്ട രീതികൾ കൊണ്ടൊന്നും സാധ്യമാകാത്ത ഘട്ടങ്ങളിലാണ് അവയെ അവലംബിക്കേണ്ടത്. ആർത്തവം പുറപ്പെടാനുള്ള പ്രായമെത്തിയിട്ടും അതുണ്ടാകാത്തത് പൗരുഷത്തിന്റെ അടയാളമാണ്. മറ്റൊരാളെ ഗർഭിണിയാക്കുന്നതും അങ്ങനെ തന്നെ പക്ഷേ അതോടൊപ്പം ഗർഭധാരണവും ഒരാളിൽ നിന്നു തന്നെയുണ്ടായാൽ സ്ത്രീയായാണ് വിധിക്കുക. മുകളിൽ പറഞ്ഞ കാരണങ്ങൾ കൊണ്ടൊന്നും തി തമാനമാകുന്നില്ലെങ്കിൽ എതിർ ലിംഗത്തോടുള്ള ആകർഷണം അടിസ്ഥാനപ്പെടുത്തി നിർണ്ണയം നടത്താം. സ്ത്രിയോടാണ് താൽപര്യമെങ്കിൽ പൗരുഷവും മറിച്ചാണെങ്കിൽ സ്ത്രീയും ആവുമായിരിക്കും ലിംഗം. ഇരു ലിംഗങ്ങളോടും തുല്യ താൽപര്യമാണെങ്കിൽ അവ്യക്തത തുടരും. ധീരത പ്രകടമാകലും താടി രോമങ്ങൾ പ്രത്യക്ഷപ്പെടലും പുരുഷനാണെന്നതിനും സ്തനം ഉയർന്ന് വരുന്നതും പാൽ ചുരത്തുന്നതും സ്ത്രീയാണെന്നതിനും തെളിവായി ഗണിക്കാവുന്നതാണ്.ഇതൊക്കെയാണ് ഖുൻസകളുടെ ലിംഗ നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങൾ. ഇവയിലേതെങ്കിലും ഒന്നിലൂടെ ലിംഗ നിർണ്ണയം സാധ്യമായാൽ അവർക്ക് ഖുൻസൽ വാളിഹ് അഥവാ ലിംഗവ്യക്തതയുള്ള ഖുൻസ എന്ന് പറയും. അവരുടെ വിധികൾ ബോധ്യപ്പെട്ട ലിംഗത്തിന്റേത് തന്നെയായിരിക്കും. ഇത്തര ക്കാർക്ക് ബോധ്യപ്പെട്ട ലിംഗത്തിന് വിപരീതമായി ശരീരത്തിലുള്ള അവയവങ്ങളെ ഓപ്പറേഷൻ നടത്തി നീക്കം ചെയ്യാവുന്നതാണ്. ശരീരത്തിലെ ന്യൂനത പരിഹരിക്കുക എന്ന നിലയിൽ അനുവദിക്കപ്പെട്ട ഈ ഓപ്പറേഷൻ മറ്റു അപകടങ്ങളൊന്നും വരുത്തി വെക്കില്ലെന്ന ബോധ്യമുണ്ടായിരിക്കണം.
ഇരു ലിംഗങ്ങളുമില്ലാതെ ദ്വാരം വഴി വിസർജ്യം പുറത്ത് കളയുന്ന ഖുൻസയെ മാനസികമായ താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ലിംഗ നിർണയം നടത്താനാകൂ. ഇന്ദ്രിയ സ്വഭാവം പരിഗണിച്ചും ആർത്തവം വഴിയും ലിംഗം തീരുമാനിക്കാമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതരുമുണ്ട്.
ഖുൻസാ മുശ്കിലിന്റെ വിധികൾ
അടയാളങ്ങൾ വഴി ലിംഗ നിർണ്ണയം സാധ്യമായില്ലെങ്കിൽ അവർക്ക് ഖുൻസൽ മുശ്കിൽ എന്നാണ് പേര്. ലിംഗം വ്യക്ത തയില്ലാത്ത ഖുൻസാ എന്നർഥം. ഖുൻസാ എന്ന് പൊതുവെ പറഞ്ഞാൽ ഈ വിഭാഗ മാണ് ഉദ്ധേശ്യം. ഖുൻസക്ക് കർമ്മശാസ്ത ഗ്രന്ഥങ്ങളിൽ വന്ന എല്ലാ നിയമങ്ങളും ഇവർക്കാണ് ബാധകം. കർമ്മശാസ്ത പണ്ഡിതർ ഇവരുടെ നിയമങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങളിലും സൂക്ഷ്മത പുലർത്തണമെന്നതാണ്. അതായത് ഔറത്ത് ഉൾപ്പെടെയുള്ള ചില വിഷയങ്ങളിൽ അവർ സ്ത്രീയായി ഗണിക്കപ്പെടുകയും അവരുടെ വസ്തു ധാരണാരീതി പിന്തുടരുകയും വേണം. പട്ടും ആഭരണങ്ങളും ഉപയോഗിക്കുന്നതിലും പുരുഷന് കർശന നിയമങ്ങളുള്ളതിലും അവർ പുരുഷനെ പോലെ കണക്കാക്കപ്പെടുകയും അവരുടെ നിയമം ബാധകമാകുകയും ചെയ്യും.
മറ്റു ചില വിഷയങ്ങളിൽ ഇവർക്ക് സ്വന്തമായി തന്നെ വിധികളുണ്ട്. ഉദാഹരണമായി ഏതെങ്കിലും ഒരു ലിംഗത്തിൽ നിന്ന് മാത്രം വല്ലതും പുറപ്പെട്ടാൽ വുളൂഅ് മുറിയില്ല. മറിച്ച് ഇരു ലിംഗങ്ങളും വഴി പുറപ്പെടണം. ലിംഗസ്പർശനം വഴി വുളൂഅ് മുറിയാനും ഇന്ദ്രിയസ്ഖലനം വഴി കുളി നിർബന്ധമാകാനും ഇതേ മാനദണ്ഡമുണ്ട്. അനന്തരസ്വത്ത് വീതം വെക്കുമ്പോൾ ഖുൻസക്ക് സ്ത്രീയുടെ വിഹിതമാണ് നൽകേണ്ടത്. എന്നാൽ അവരെ പുരുഷനായി പരിഗണിച്ചാണ് മറ്റുള്ള അവകാശികളുടെ വിഹിതം കണക്കാക്കേണ്ടത്. ബാക്കി വരുന്ന വിഹിതം ലിംഗം വ്യക്തമാകും വരെ സൂക്ഷിച്ചു വെക്കുകയും ശേഷം നിയമാനുസൃതം വിതരണം ചെയ്യുകയുമാണ് വേണ്ടത്.
ഖുൻസൽ മുശ്‌കിലിന് വിവാഹം അനുവദനീയമല്ല. ചെയ്താൽ സാധുവാകുകയുമില്ല. ഇവർ വിവാഹം ചെയ്താലുണ്ടാകുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് ഈ വിധി. ലിംഗ വ്യക്തതയില്ലാത്ത ഖുൻസാ സ്ത്രീയെ വിവാഹം ചെയ്താൽ ഒന്നുകിൽ ഖുൻസാ സ്ത്രീയാണെന്ന് വരാം. അപ്പോൾ സ്ത്രീകൾ തമ്മിലുള്ള ദാമ്പത്യമാകും. പുരുഷനെയാണ് വേൾക്കുന്നതെങ്കിൽ ഖുൻസയും പുരുഷനായെന്ന് വരാം. പുരുഷ ദമ്പതികൾ തമ്മിലുള്ള വിവാഹമാകുമത്.സമാന സ്വഭാവമുള്ള ഖുൻസയെ വിവാഹം ചെയ്താൽ രണ്ട് പുരുഷന്മാർ തമ്മിലോ രണ്ട് സ്ത്രീകൾ തമ്മിലോ ഉള്ള വിവാഹമാകാൻ സാധ്യതയുണ്ട്. സ്ത്രീയും പുരുഷനും തമ്മിലേ വിവാഹമാകാവൂ എന്ന നിയമം ഇവിടെയെല്ലാം ലംഘിക്കപ്പെടും. ലൈംഗികാസ്വാദനത്തിനല്ല നേരം പോക്കിനാണ് തന്റെ വിവാഹമെന്ന് ഖുൻസാ വ്യക്തമാക്കിയാലും മാനസികാകർഷണം വിലയിരുത്തി ലിംഗ വ്യക്തത വരുത്തിയതിന് ശേഷമേ വിവാഹം ചെയ്ത് കൊടുക്കാവൂ.
ഖുൻസയെ (മുശ്കിൽ) വിവാഹത്തിൽ നിന്ന് വിലക്കുന്നത് വിവേചനമായി കാണേണ്ടതില്ല. മാനസിക ആകർഷണമില്ലാത്തത് കൊണ്ട് വിവാഹമെന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ല.
എന്ന് മാത്രമല്ല. കുടുംബത്തിന്റെ ഭദ്രത ഉറ പ്പുവരുത്താനും കുത്തഴിഞ്ഞ ലൈംഗികത തടയാനും ഇതേ മാർഗമുള്ളൂ. ലൈംഗിക അസ്വാഭാവികതയില്ലാത്ത സ്ത്രീ പുരുഷന്മാ ർക്കും വിവാഹത്തിൽ നിന്ന് പലകാരണങ്ങ ളാൽ വിലക്കുളളത് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.
പുരുഷനും സ്ത്രീക്കുമിടയിൽ രണ്ടാം സ്ഥാന ത്ത് ഖുൻസയെ പരിഗണിക്കുന്ന ഏതാനും ചില സമയങ്ങളുണ്ട്. ഉദാഹരണത്തിന് ജമാ അത്ത് നിസ്കാരത്തിൽ സ്വഫായി നിൽക്കുമ്പോൾ ആദ്യം പുരുഷന്മാരും പിന്നെ ഖുൻസകളും അവർക്ക് പിറകിലായി സ്ത്രീകളുമാണ് നിൽക്കേണ്ടത്.
ഖുൻസയും ട്രാൻസ്‌ജെൻഡറും
ശരീര ഘടനയിൽ പ്രത്യക്ഷത്തിൽ തന്നെ അസ്വാഭാവികതയുള്ളവരാണ് ഖുൻസകളെങ്കിൽ ശാരീരികമായി യാതൊരു വൈകല്യവും കാണപ്പെടാത്തവരാണ് ട്രാൻസ്ജെൻഡർ വിഭാഗം. ബാഹ്യ ശരീരത്തോട് യോജിക്കാത്ത മനസ്സാണ് തങ്ങളുടേതെന്നും അതിനനുസരിച്ച് ലിംഗമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ വേണമെന്നും അവർ ആവശ്യപ്പെടുന്നു. പുരുഷ ലിംഗമുള്ളവർ സ്ത്രീയായി മാറണമെന്ന് വാദിക്കുന്നതും സ്ത്രീ ലിംഗമുള്ളവർ പുരുഷനായി മാറണമെന്ന് വാദിക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. ഖുൻസയും ട്രാൻസ്ജെൻഡറും തമ്മിൽ വലിയ അന്തര മുണ്ടെങ്കിലും ലിംഗ നിർണ്ണയത്തിൻറെ അളവു കോൽ ബാഹ്യ ലിംഗമാണെന്ന് സ്ഥാപിക്കാൻ ഖുൻസയുടെ ചർച്ചകൾ ഉപകരിക്കും. പല ട്രാൻസ്ജെൻഡർ ചർച്ചകളിലും ഖുൻസാ കടന്നു വരുന്നത് ഈ നിലക്കാണ്. നിശ്ചയിക്കപ്പെട്ട അടയാളങ്ങൾ വഴിയൊന്നും ലിംഗ നിർണ്ണയം സാധ്യമാകാത്ത ഘട്ടത്തിലേ ഖുൻസകളിൽ മനസ്സിനൊത്ത് ലിംഗനിർണ്ണയം നടക്കൂ. ബാഹ്യ ജനനേന്ദ്രിയത്തിന് യാതൊരു അസ്വാഭാവികതയുമില്ലാത്ത ട്രാൻസ്‌ജെൻഡറുകളുടെ ലിംഗമാറ്റത്തിന് മത പരമായി സാധുതയില്ലെന്ന് ഇതിൽ നിന്ന് വ്യക്തമാകും.
ലൈംഗിക ന്യൂനപക്ഷമായി ഇസ്‌ലാം പരി ചയപ്പെടുത്തിയ ഒരേ ഒരു വിഭാഗമാണ് ഖുൻസകൾ. ഇരു ലിംഗങ്ങളും ഒരുമിച്ചുള്ളവ രോ തീരെ ലിംഗമില്ലാത്തവരോ ആണവർ. അടയാളങ്ങളുടെ അടിസ്ഥാനത്തിൽ ലിംഗനിർണ്ണയം സാധിക്കുമെങ്കിൽ ന്യൂനപക്ഷ പട്ടികയിൽ നിന്ന് അവർ പുറത്താകും. ശേഷിക്കുന്ന വിഭാഗത്തെ പരിഗണിച്ചുള്ളതാണ് ഇസ്ലാമിലെ ഖുൻസാ വിധികൾ പുതിയ കാലത്ത് ചർച്ച ചെയ്യപ്പെടുന്ന ലൈംഗിക ന്യൂനപക്ഷങ്ങളിൽ ഖുൻസയോട് ഒരു പരിധി വരെയെങ്കിലും അടുത്തു നിൽക്കുന്നത് ഇന്റർസെക്സ് വിഭാഗമാണ്. പക്ഷേ ഇന്റർസെക്സിന് നിരവധി രൂപങ്ങളുണ്ടെങ്കിലും ഖുൻസ പരിമിതമായ രൂപങ്ങളിലേ കാണപ്പെടൂ. ഉദാഹരണമായി ബാഹ്യ ജനനേന്ദ്രിയവും ആന്തരിക ലൈംഗികാവയവങ്ങളും തമ്മിലെ അന്തരം ഖുൻസയായി പരിഗണി ക്കപ്പെടുന്നില്ല. പക്ഷേ ഇന്റർസെക്‌സാകും. ബാഹ്യ ലിംഗവും ക്രോമസോമുകളും തമ്മിലെ പൊരുത്തമില്ലായ്മയും ഇന്റർസെക്സായി പരിഗണിക്കും. ഖുൻസയാകില്ല. ബാഹ്യ അടയാളങ്ങളുടെ അടിസ്ഥാനത്തിലാണ് ഖുൻസകളിൽ അധികവും ലിംഗ നിർണ്ണയം നടത്തുന്നത്. ലിംഗ വ്യക്തത കൈവന്നതിന് ശേഷം മാത്രം അവർക്ക് എതിർലിംഗത്തെ നീക്കം ചെയ്യാനുള്ള അനുവാദമുണ്ട്.
ബാഹ്യ അവയവങ്ങളെ മാത്രം പരിഗണിച്ചു ലിംഗ നിർണ്ണയം നടത്തുന്നതാണ് ഇസ്‌ലാമിക രീതി. ആന്തിരക അവയവങ്ങൾ നേർ വിപരിതമാണെങ്കിൽ പോലും പരിഗണിക്കപ്പെടുകയില്ല. രണ്ടും തമ്മിൽ വ്യക്തതയിലുളള വ്യത്യാസമാണ് ഈ നിലപാടിനു പിന്നിൽ. മനസ്സ് നോക്കി നിർണ്ണയം നടത്തണമെങ്കിൽ ബാഹ്യ കാരണങ്ങൾ ഇല്ലാതിരിക്കണമെന്ന നിബന്ധനയിൽ നിന്ന് ഇത് വ്യക്തമാകും. പക്ഷേ, പ്രത്യക്ഷ കാരണങ്ങൾ പൗരുഷത്തെ കുറിക്കുമ്പോഴും പ്രസവിച്ചാൽ സ്ത്രീത്വം സ്ഥിരപ്പെടുമെന്ന് പണ്ഡിതർ വിശദ വിശദീകരിച്ചുണ്ട്. വ്യക്തതയിലാണ് കാര്യത്തിന്റെ മർമ്മമെന്ന് ഇത് സൂചിപ്പിക്കുന്നു. സംശയ രഹിതമായി ആന്തിരകാവയവങ്ങളെ കുറിച്ച് വിവരം ലഭിക്കുന്ന ഇന്റർസെക്സുകളിൽ ആ നിലയിലുള്ള ലിംഗ നിർണ്ണയ സാധ്യത ഉണ്ടോ എന്നത് പഠന വിധേയമാക്കേണ്ടതാണ്.

