ഇസ്‌ലാമിക ശരീഅത്തിന്റെ സുപ്രധാന ഭാഗങ്ങളിലൊന്നാണ് കർമ്മശാസ്ത്രം. കർമ്മങ്ങളിലെ ശരി തെറ്റുകൾ വിവരിക്കുകയും അനുവദനീയവും നിഷിദ്ധവും വേർതിരിക്കുകയുമാണതിന്റെ രീതി. പ്രവാചകരുടെ കാലത്ത് ഖുർആനിന്റെ വെളിച്ചത്തിലും നബി(സ്വ)യുടെ നേതൃത്വത്തിലും കൈകാര്യം ചെയ്യപ്പെട്ട ഈ ദൗത്യം പിന്നീട് സ്വഹാബത്തിന്റെ ഇടപെടലുകളിലൂടെ പൂർണ്ണത പ്രാപിക്കുകയായിരുന്നു. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വ്യാപനവും പല പുതിയ പ്രശ്നങ്ങൾക്കും പ്രതിവിധി നിർദ്ദേശിക്കേണ്ടി വന്നതും ഈ രംഗത്തെ വികാസത്തിന് കാരണമായി. കാലാകാലങ്ങളിലായി ഈ മേഖലയിലുണ്ടായ പരിണാമങ്ങൾ സ്വഹാബികൾ രൂപപ്പെടുത്തിയ സമീപനങ്ങളുടെ തുടർച്ചകളായിരുന്നു. പ്രവാചകരി(സ്വ)ൽ നിന്ന് കണ്ടും കേട്ടും മനസ്സിലാക്കിയ കാര്യങ്ങളും വിഷയങ്ങൾ വിലയിരുത്താനുള്ള ബുദ്ധി സാമർഥ്യവും നബി (സ്വ) നൽകിയ പ്രത്യേക പരിശീലനങ്ങളുമായിരുന്നു അവരെ ഇതിന് പ്രാപ്തരാക്കിയത്. കർമ്മശാസ്ത്ര സംബന്ധിയായി സ്വഹാബത്ത് നടത്തിയ ഇടപെടലുകളും ഈ രംഗത്തെ തുടർചലനങ്ങളും വിലയിരുത്തിയാൽ ഈ ജ്ഞാനശാഖ അവരോട് എത്രമേൽ കടപ്പെട്ടിരിക്കുന്നു എന്ന് ബോധ്യമാകും.
പ്രവാചകരുടെ കാലം
വിശുദ്ധ ഖുർആനും പ്രവാചകരുടെ ഇരുപത്തി മൂന്ന് വർഷത്തെ ജീവിതവുമാണ് കർമ്മശാസ്ത്രത്തിന്റെ പ്രഥമ പ്രമാണം. മനുഷ്യന്റെ എക്കാലത്തെയും കർമ്മപരമായ മുഴുവൻ പ്രശ്നങ്ങളെയും വിസ്തരിച്ചുൾക്കൊള്ളാൻ ഇവ പര്യാപ്തമല്ല. എന്നാൽ അവയെല്ലാം വിലയിരുത്താനുതകുന്ന തത്ത്വങ്ങളും മാർഗരേഖകളും ഇവ രണ്ടിലുമുണ്ട്. കർമ്മങ്ങളെ നിബന്ധനകളുടെയും ഘടകങ്ങളുടെയും അടിസ്ഥാനത്തിൽ നബി (സ്വ) തങ്ങൾ പൊതുവെ വിശദീകരിച്ചിരുന്നില്ല. സാങ്കൽപ്പിക വിഷയങ്ങൾ കൈകാര്യം ചെയ്യാനും തയ്യാറായില്ല. അവിടുന്ന് അംഗ ശുദ്ധി വരുത്തി നിസ്കരിക്കുന്നതും നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ കർമ്മങ്ങൾ നിർവഹിക്കുന്നതും സ്വഹാബിമാർ നേരിൽ ദർശിച്ചു. സ്വജീവിതത്തിൽ അവ പകർത്തുകയും പിൽകാലത്തേക്ക് വേണ്ടി അവ സൂക്ഷിക്കുകയും ചെയ്തു. നബി(സ്വ)യുടെ ഇടപെടലുകളും വിധിപ്രസ്താവങ്ങളും സാഹചര്യം വിലയിരുത്തി മനസ്സിലാക്കിയ അവർ കൽപനകളെ വാജിബും സുന്നത്തുമായും വിരോധനകളെ ഹറാമും കറാഹത്തുമായും വേർതിരിച്ചു. ഭാഷാ പരിജ്ഞാനവും ബൗദ്ധിക മികവും അതിന് സഹായകമായി. മനസ്സിലാക്കിയതിൽ സ്ഖലിതങ്ങൾ സംഭവിച്ചാൽ നബി (സ്വ) തങ്ങൾ തിരുത്തിക്കൊടുത്തു. ചോദിച്ചറിയുന്നതിനേക്കാൾ കണ്ടു മനസ്സിലാക്കാനാണ് അവർ കൂടുതലും ശ്രമിച്ചത്. ഇബ്നു അബ്ബാസ് (റ) പറയുന്നു: “നബി(സ്വ)യുടെ അനുചരരേക്കാൾ മികച്ച ഒരു വിഭാഗത്തെ ഞാൻ കണ്ടിട്ടില്ല. പതിമൂന്ന് വിഷയങ്ങളല്ലാതെ അവർ നബി(സ്വ)യോട് ചോദിച്ചിട്ടില്ല. ഇവയെല്ലാം ഖുർആനിലുണ്ട്. ആവശ്യമുള്ളത് മാത്രമേ അവർ ചോദിക്കാറുണ്ടായിരുന്നുള്ളൂ.” സമാനമായ വചനങ്ങൾ പല സ്വഹാബിമാരിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രവാചകർക്കു ശേഷം
ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ വളർച്ചയും വ്യാപനവും കർമ്മശാസ്ത്ര രംഗത്ത് പുതിയ ഗവേഷണങ്ങൾക്ക് വഴിയൊരുക്കി. വിവിധ പ്രദേശങ്ങളിലേക്ക് പ്രബോധനാർഥം നീങ്ങിയ സ്വഹാബിമാർ അവിടെ അതിന് ചുക്കാൻ പിടിച്ചു. നബി(സ്വ)യിൽ നിന്ന് നേരിൽ മനസ്സിലാക്കിയ കാര്യങ്ങൾ അതനുസരിച്ചും പുതിയവ നബി (സ്വ) പകർന്നു നൽകിയ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയും കൈകാര്യം ചെയ്തു. ഇതോടെ നിയമനിർധാരണത്തിന്റെ നവമാധ്യമമായി ‘ഇജ്‌തിഹാദ്’ സജീവമായി. സ്വന്തം ഗവേഷണത്തിലൂടെ തീരുമാനമെടുക്കുന്നതിന് പുറമെ സംഘടിത ഗവേഷണവും അക്കാലത്ത് നിലവിലുണ്ടായിരുന്നു. അഭിപ്രായ ഭിന്നതകളൊഴിവാക്കാനും കൃത്യതക്കും ഇത് സഹായകമായി.
അബൂബക്ർ (റ), ഉമർ (റ) എന്നിവരുടെ കാലത്ത് സംഘടിത ഗവേഷണത്തിന് പ്രത്യേക പരിഗണന നൽകപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രമുഖരായ സ്വഹാബിമാർക്ക് മദീന വിട്ട് പോകാൻ ഉമർ (റ) അനുവാദം നൽകിയില്ല. ഇക്കാലത്തെ നിയമനിർധാരണത്തിന്റെ സ്വഭാവം കൃത്യമായി ബോധ്യപ്പെടുത്തുന്നതാണ് അബൂബക്റി(റ)ന്റെ പ്രശ്ന പരിഹാരങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ. അഥവാ പ്രശ്നങ്ങളുമായി വല്ലവരും അദ്ദേഹത്തെ സമീപ്പിച്ചാൽ ഖുർആൻ നോക്കി അദ്ദേഹം തീർപ്പു കൽപ്പിക്കും. ഖുർആനിലില്ലെങ്കിൽ ഹദീസനുസരിച്ച് വിധിക്കും. പ്രവാചക വചനം തന്റെ കൈവശമില്ലെങ്കിൽ സ്വഹാബത്തിനോടാരായും. ലഭിച്ചില്ലെങ്കിൽ പ്രാധാനികളെ സംഘടിപ്പിച്ച് ഗവേഷണത്തിലൂടെ തീരുമാനമെടുക്കും. അവിടെയും പരിഹാരമായില്ലെങ്കിൽ തന്റെ യുക്തിയനുസരിച്ച് തീരുമാനം നിർദ്ദേശിക്കും. പ്രശ്‌നങ്ങളിൽ ഇതേ സമീപനം സ്വീകരിക്കാൻ ഖാസി ശുറൈഹി(റ)നോട് ഖലീഫ ഉമർ (റ) നിർദ്ദേശിച്ചിരുന്നതായി ചരിത്രത്തിൽ കാണാം.
ഖണ്ഡിത പ്രമാണങ്ങളില്ലാത്തതിനാൽ പല വിഷയങ്ങളിലെയും ഗവേഷണങ്ങൾ അഭിപ്രായ ഭിന്നതകൾക്കും നിലപാടുകളിലെ വൈവിധ്യത്തിനും വഴിയൊരുക്കി. വലിയുമ്മക്ക് അനന്തര സ്വത്തില്ലെന്ന് അബൂബക്ർ (റ) വിധി പറഞ്ഞതും വിരലുകളുടെ ഉപകാരങ്ങൾ പരിഗണിച്ച് ഓരോന്നിന്റെയും നഷ്ടപരിഹാരത്തുകയിൽ ഉമർ (റ) വ്യത്യാസപ്പെടുത്തിയതും ഭർത്താവ് മരിച്ച ഗർഭിണി; മാസങ്ങൾ, പ്രസവം എന്നിവയിലെ ദീർഘിച്ച കാലയളവനുസരിച്ച് ഇദ്ദ ഇരിക്കണമെന്ന് ഇബ്നു അബ്ബാസ്(റ) അഭിപ്രായപ്പെട്ടതും ചില ഉദാഹരണങ്ങളാണ്.
ഖുർആനും ഹദീസും വ്യാഖ്യാനിക്കുന്നതിലെ വ്യത്യാസങ്ങൾ, ഹദീസ് ലഭ്യതയുടെയും വിശ്വാസ്യതയുടെയും പ്രശ്നങ്ങൾ, ഭാഷാ പ്രയോഗങ്ങളിലെ ഭിന്ന വീക്ഷണങ്ങൾ, ഗവേഷണ രീതിയിലെ വൈവിധ്യങ്ങൾ തുടങ്ങിയവയായിരുന്നു ഇതിന് കാരണം. എന്നാൽ സ്വീകാര്യയോഗ്യമായ തെളിവുകളും പ്രവാചക വിധികളും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുൻ അഭിപ്രായങ്ങളിൽ നിന്നുള്ള പിന്മാറ്റവും സാധാരണമായിരുന്നു. ഒരിക്കൽ ഇബ്നു മസ്ഊദി(റ)നോട് ഒരു ചോദ്യമുന്നയിക്കപ്പെട്ടു. വിവാഹ മൂല്യം നിശ്ചയിക്കാതെ ഭർത്താവ് മരിച്ച സ്ത്രീയുടെ അവകാശത്തെ കുറിച്ചായിരുന്നു അത്. നബി (സ്വ) അവൾക്ക് വല്ലതും വിധിച്ചതായി എനിക്കറിയില്ലെന്ന് അദ്ദേഹം മറുപടി നൽകി. പക്ഷെ ചോദ്യ കർത്താക്കൾ അദ്ദേഹത്തെ വിട്ടില്ല. ഒരു മാസത്തോളം പിന്തുടർന്നു ചോദ്യം തുടർന്നു. ഒടുവിൽ ഗവേഷണത്തിലൂടെ ഇങ്ങനെ തീരുമാനം പറഞ്ഞു. ‘അവൾക്ക് തന്റെ കുടുംബക്കാരികളുടേതിന് തുല്യമായ വിവാഹ മൂല്യത്തിനും അനന്തരസ്വത്തിനും അവകാശമുണ്ട്. അവൾ ഇദ്ദ ഇരിക്കുകയും വേണം.’ ഇത് കേട്ട മഅ്കില്ബ്നു സിനാൻ (റ) തത്തുല്യമായ വിധി നബി (സ്വ) തങ്ങൾ നടപ്പാക്കിയത് അനുസ്‌മരിക്കുകയും ഇബ്‌നു മസ്ഊദ് (റ) അതിരറ്റ് സന്തോഷിക്കുകയും ചെയ്‌തു.
ഭിന്നതയും സമീപനവും
സ്വഹാബത്തിന്റെ കാലത്തെ അഭിപ്രായ ഭിന്നതകളും വിയോജിപ്പുകളും ആരോഗ്യകരമായിരുന്നു. എതിരഭിപ്രായക്കാരെ അവഗണിക്കുകയോ വിലകുറച്ച് കാണുകയോ ചെയ്യുന്നത് അവരുടെ രീതിയായിരുന്നില്ല. അഭിപ്രായങ്ങൾ നിഗമനങ്ങളുടെ അടിസ്ഥാനത്തിലായത് കൊണ്ട് തന്നെ ഭിന്നതയെ സ്വാഭാവികതയായി അവർ ഉൾകൊണ്ടു. തന്റെ നിഗമനത്തിൽ എല്ലാവരും എത്തിച്ചേരണമെന്നോ സർവരും അതിനെ അംഗീകരിക്കണമെന്നോ അവർ കണിശത പുലർത്തിയില്ല. തന്റേത് ശരിയായ വിധിയാണെന്ന് ഖണ്ഡിതമായി പറയാനും അവർ കൂട്ടാക്കിയില്ല. ഇതെന്റെ നിഗമനം, ശരിയോ തെറ്റോ ആകാം. മറ്റുള്ളവരുടേതും തഥൈവ. ഇതായിരുന്നു അവരുടെ സമീപനം. ‘എന്റെ അഭിപ്രായം ഇങ്ങനെയാണ്. അത് ശരിയെങ്കിൽ അല്ലാഹുവിൽ നിന്നും തെറ്റെങ്കിൽ വ്യക്തി പരവുമാണ്’ വിധി പറയുമ്പോൾ അബൂബക്ർ (റ) ഇങ്ങനെ പറയുമായിരുന്നു. തന്റെ വിധി എഴുതിയപ്പോൾ ഇത് അല്ലാഹുവിന്റെയും ഉമറിന്റെയും തീരുമാനമാണെന്നെഴുതിയ സഹായിയോട് ഖലീഫ ഉമർ (റ) ദേഷ്യപ്പെട്ടതും അല്ലാഹുവിന്റെ വിധിയെന്നത് തിരുത്താനാവശ്യപ്പെട്ടതും ചരിത്രത്തിൽ വായിക്കാം.
സൈദ് (റ), അലി (റ) എന്നിവരിൽ നിന്ന് വിധി സമ്പാദിച്ച് വരുന്ന വ്യക്തിയെ കണ്ടുമുട്ടിയപ്പോൾ ഉമർ (റ) കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിധി കേട്ടപ്പോൾ ഞാനായിരുന്നെങ്കിൽ വിധി മറ്റൊന്നായിരുന്നു എന്നായി. “എങ്കിൽ എന്താണ് തടസ്സം; അധികാരം അങ്ങേക്കല്ലേ.” അയാൾ തിരിച്ചു ചോദിച്ചു. “അല്ലാഹുവിന്റെയും റസൂലിന്റെയും തീരുമാനമാണ് എന്റേതെങ്കിൽ അങ്ങനെയാകാമായിരുന്നു. പക്ഷേ, കേവലം നിഗമനമാണ് എന്റേത്; അവരുടേതും. അവയെല്ലാം ഒരു പോലെയാണ്.” അഭിപ്രായ വ്യത്യാസങ്ങളോട് അസഹിഷ്‌ണുത കാണിക്കേണ്ടിതല്ലെന്ന മഹത്തായ സന്ദേശമാണ് ഉമർ (റ) ഇതിലൂടെ വ്യക്തമാക്കുന്നത്. നിഗമനങ്ങളുടെ മാത്രം ബലത്തിൽ എത്തിച്ചേരുന്ന അഭിപ്രായങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്ന രീതി ഖലീഫയായിട്ടു കൂടി അദ്ദേഹം സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
രണ്ട് ചിന്താ ധാരകൾ
കർമ്മശാസ്ത്ര രംഗത്തെ പുതിയ പ്രശ്‌നങ്ങളെ സമീപിക്കുന്നതിൽ സ്വഹാബത്ത് ഏക നിലപാടുകാരായിരുന്നില്ല. ഖുർആൻ-ഹദീസ് വചനങ്ങളെ പ്രത്യക്ഷത്തിൽ തന്നെ സ്വീകരിക്കുകയും അവയുടെ വെളിച്ചത്തിൽ വിഷയങ്ങളെ സമീപ്പിക്കുകയുമായിരുന്നു ഒരു രീതി. പ്രമാണങ്ങളുടെ അന്തരാർഥങ്ങളിലേക്കും ലക്ഷ്യങ്ങളിലേക്കും ഇറങ്ങിച്ചെന്ന് അതിന്റെയടിസ്ഥാനത്തിൽ പ്രശ്നങ്ങൾക്ക് തീരുമാനം പറയുന്നതായിരുന്നു രണ്ടാമത്തേത്. പ്രവാചകരുടെ കാലത്ത് തന്നെ ഈ രണ്ട് സമീപന രീതിയും സ്വഹാബത്തിൽ നിന്ന് പ്രകടമാകുകയും നബി (സ്വ) അതിന് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ബനു ഖുറൈളയിലെത്തിയിട്ടല്ലാതെ അസർ നിസ്ക്കരിക്കരുതെന്ന നബി(സ്വ)യുടെ കൽപനയെ ഈ രണ്ട് നിലയിലും അവർ വ്യാഖ്യാനിക്കുകയുണ്ടായി. ചിലർ വാക്കിന് പ്രകടമായ അർഥം നൽകി നിസ്‌കാരം പിന്തിപ്പിച്ചു. മറ്റുള്ളവർ സമയമായപ്പോൾ നിസ്കരിച്ച് യാത്ര തുടർന്നു. ധൃതിയിൽ യാത്ര ചെയ്യണമെന്നതാണ് നബി(സ്വ)യുടെ വാക്കിന്റെ പൊരുളെന്നും അവർ വ്യാഖ്യാനിച്ചു. ഇരു വിഭാഗത്തിനും നബി(സ്വ)യുടെ അംഗീകാരവും ലഭിച്ചു. സമാനമായ രീതിയിൽ നിരവധി വചനങ്ങളെ പിന്നീടും അവർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇവയിൽ ഒന്നാമത്തെ വിഭാഗം ‘അഹ്‌ലുൽ ഹദീസ്’ എന്നും രണ്ടാം വിഭാഗം ‘അഹ്‌ലുർറഅ്‌യ്’ എന്നും ചരിത്രത്തിൽ അറിയപ്പെടുന്നു. കർമ്മശാസ്ത്ര ചരിത്രത്തിൽ വഴിത്തിരിവായ മദ്ഹബുകളുടെ വളർച്ചയ്ക്കും വികാസത്തിനും കാരണമായ പ്രധാന ഘടകമാണിത്.
വിഷയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തുന്നതിലും ഗവേഷണത്തിലും ഇവർക്കിടയിൽ പ്രകടമായ വ്യത്യാസമുണ്ട്. ഒന്നാമത്തെ വിഭാഗം പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രമാണങ്ങളന്വേഷിക്കുകയും അതിന്റെയടിസ്ഥാനത്തിൽ തീരുമാനം കൈകൊള്ളുകയും ചെയ്‌തപ്പോൾ രണ്ടാമത്തെ വിഭാഗം വചനങ്ങൾക്കു പിന്നിലെ പൊതുനന്മയും കാരണങ്ങളും പരിഗണിച്ച് നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വിധികൾ പ്രസ്‌താവിച്ചു. ഹദീസുകൾ സുലഭമായ ഹിജാസ് കേന്ദ്രീകരിച്ചാണ് അഹ്‌ലുൽ ഹദീസ് പ്രവർത്തിച്ചതെങ്കിൽ ഹദീസുകൾക്ക് കൂടുതൽ വേരോട്ടമില്ലാത്ത ഇറാഖ്, കൂഫ, ബസ്വറ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കൂടുതലും അഹ്‌ലുർറഅ്‌യിന്റെ സാന്നിധ്യം.
ഉമർ (റ), അലി (റ), ഇബ്നു മസ്ഊദ്(റ) തുടങ്ങിയവർ അഹ്‌ലുൽ ഹദീസിന്റെയും ഇബ്നു ഉമർ (റ), സൈദ്‌ബ്നു സാബിത്(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയവർ അഹ്‌ലുർറഅ്‌യിന്റേയും പ്രധാന വക്താക്കളായിരുന്നു. സാങ്കൽപ്പിക വിഷയങ്ങൾ പൊതുവെ രണ്ടു വിഭാഗവും പരിഗണിച്ചില്ലെങ്കിലും കൂടുതൽ അകലം പാലിച്ചത് ഹദീസുകാരായിരുന്നു. സംഭവിച്ചിട്ടില്ലാത്ത വിഷയങ്ങളെ കുറിച്ച് ചോദിക്കരുതെന്ന് പറയുമായിരുന്നു ഇബ്നു ഉമർ (റ). ആരെങ്കിലും സംശയം ചോദിച്ചാൽ ഇത് സംഭവിച്ച് കഴിഞ്ഞതാണോ എന്ന് തിരിച്ച് ചോദിക്കുകയും അതെ എന്ന് മറുപടി ലഭിച്ചാൽ മാത്രം തീരുമാനം പറയുകയുമായിരുന്നു സൈദ് ബ്നു സാബിത് (റ), ഗവേഷണത്തെ അംഗീകരിക്കുന്നതോടൊപ്പം യോഗ്യതയില്ലാത്തവർ അതിന് തുനിയരുതെന്ന് അഹ്‌ലുർറഅ്‌യും വ്യക്തമാക്കിയിരുന്നു.
സ്വന്തമായി ഗവേഷണത്തിന് കരുത്തില്ലെങ്കിൽ അതു ചെയ്യാതെ വിട്ടു നിൽക്കുന്നതിൽ ലജ്ജിക്കേണ്ടതില്ലെന്ന് ഉമർ (റ), ഇബ്നു മസ്ഊദ് (റ) എന്നിവർ പറഞ്ഞിരുന്നത് ഉദാഹരണം. സ്വഹാബത്ത് പരിഗണിച്ച റഅ്‌യ് പല പേരുകളിലായി പിന്നീട് കർമ്മശാസ്ത്ര നിദാനങ്ങളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മസ്‌ലഹത്ത്, ഇസ്തിഹ്സാൻ, സദ്ദുദ്ദറാഇഅ് തുടങ്ങിയ നിദാനശാസ്ത്ര സങ്കേതങ്ങൾ ഇതിന്റെ വിവിധയിനങ്ങളാണ്.
മുജ്‌തഹിദുകൾ
സ്വഹാബികളിൽ ആരെല്ലാം മുജ്‌തഹിദുകളായിരുന്നുവെന്നതിൽ പണ്ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. കർമ്മശാസ്ത്ര ചർച്ചകൾക്ക് നേതൃത്വം നൽകിയ ഖലീഫമാരും ഉമർ (റ) തെരഞ്ഞെടുത്ത ശൂറാ അംഗങ്ങളും മുജ്‌തഹിദുകളായിരുന്നുവെന്നതിൽ തർക്കമില്ല. പല പ്രശ്നങ്ങളിലും തീരുമാനമെടുത്ത് ശ്രദ്ധേയരായ ഇബ്നു മസ്ഊദ് (റ), സൈദ് ബ്നു സാബിത് (റ), ഇബ്നു അബ്ബാസ് (റ), ആഇശ (റ) എന്നിവരും മുജ്‌തഹിദുകൾ തന്നെ. ഇബ്നു ഉമർ (റ), അബൂഹുറൈറ (റ), അനസ് (റ), ജാബിർ (റ) എന്നിവർ മതവിധിയിലും വിധിന്യായത്തിലും ശോഭിച്ചതിനാൽ ഈ ഗണത്തിൽ പെടുമെങ്കിലും അവരെ ഹദീസ് നിവേദകരായി മാത്രമാണ് ചിലർ പരിഗണിച്ചിട്ടുള്ളത്. മത വിധി പറയാൻ തയ്യാറായ സ്വഹാബിമാരെല്ലാം മുജ്‌തഹിദുകളായിരുന്നുവെന്നും അവർ ആരൊക്കെയെന്ന് വ്യക്തമാക്കുന്നതിൽ പ്രസക്തിയില്ലെന്നുമാണ് ഇവ്വിഷയകമായി ഇമാം ഗസ്സാലി (റ) അഭിപ്രായപ്പെട്ടത്. അതിന് തയ്യാറാകാതെ ആരാധനകളുമായി കഴിഞ്ഞുകൂടിയവരെ അദ്ദേഹം മുതനസ്സിക് (ത്യാഗി) എന്നാണ് വിളിക്കുന്നത്. മതവിധികൾ പറയാൻ തയ്യാറായ സ്വഹാബികൾ നൂറ്റിമുപ്പതിലധികം വരുമെന്നാണ് ഇബ്‌നുൽ ഖയ്യിം രേഖപ്പെടുത്തിയിട്ടുള്ളത്.
മുജ്‌തഹികദുകളായി പരിഗണിക്കപ്പെട്ടവരെല്ലാം മതവിധി നൽകുന്നതിൽ ഒരു പോലെയായിരുന്നില്ല. അവരിൽ കൂടുതൽ വിധി പ്രസ്‌താവിച്ചവരിലാണ് ഉമർ (റ), അലി (റ), ഇബ്നു മസ്ഊദ് (റ), ആഇശ (റ), സൈദ് (റ), ഇബ്നു അബ്ബാസ്(റ), ഇബ്നു ഉമർ (റ) എന്നിവർ. ഇവർ ഓരോരുത്തരുടെയും മതവിധികൾ ക്രോഡീകരിക്കാൻ വലിയ ഗ്രന്ഥങ്ങൾ തന്നെ ആവശ്യമായി വരും. ഇവർക്കു പിന്നിലാണ് മതവിധിയുടെ എണ്ണത്തിൽ അബൂബക്‌ർ (റ), ഉസ്‌മാൻ (റ), അബൂമുസൽ അശ്അരി (റ), സഅ്ദ് (റ), സൽമാൻ (റ), ഉമ്മുസലമ (റ), അബൂസഈദ് (റ), അനസ് (റ), അബൂഹുറൈറ (റ), ജാബിർ (റ), മുആദ് (റ). അബ്ദുല്ലാഹിബ്നു അംറ് (റ). ഇബ്നു സുബൈർ (റ) തുടങ്ങിയവരുടെ സ്ഥാനം. ഇവർ ഓരോരുത്തരുടെയും വിധികൾ ക്രോഡീകരിച്ചാൽ ഓരോ ചെറു ഗ്രന്ഥങ്ങൾ തയ്യാറാക്കാം. വിരലിലെണ്ണാവുന്ന വിധി പ്രസ്‌താവങ്ങൾ മാത്രം നടത്തിയവരാണ് ബാക്കിയുള്ളവർ.
മുജ്‌തഹിദുകളായ സ്വഹാബിമാർ പലരുമുണ്ടെങ്കിലും കർമ്മശാസ്ത്രം പിന്നീട് വികാസം പ്രാപിച്ചത് നാലു പ്രമുഖരുടെ താവഴിയായിട്ടാണ്. ഇബ്നു മസ്ഊദ് (റ), ഇബ്നു ഉമർ (റ), ഇബ്നു അബ്ബാസ് (റ), സൈദ് (റ) എന്നിവരാണവർ. ഇവരിൽ ഇബ്നു മസ്ഊദ് (റ) ഇറാഖിലും ഇബ്നു അബ്ബാസ് (റ) മക്കയിലും സൈദ് (റ), ഇബ്നു ഉമർ (റ) എന്നിവർ മദീനയിലുമാണ് ജ്ഞാന പ്രസരണത്തിന് നേതൃത്വം കൊടുത്തത്. ഇവർ കൈമാറിയ മതവിധികളും തീർപ്പുകളുമാണ് പിൽക്കാല മദ്ഹബുകൾ പ്രാധാനമായും അവലംബമാക്കിയിട്ടുള്ളത്.
ചുരുക്കത്തിൽ, കർമ്മശാസ്ത്രത്തിന്റെ വളർച്ചയിലും വികാസത്തിലും സ്വഹാബത്തിന്റെ സാന്നിധ്യം നിസ്തുലമാണ്. നബി(സ്വ)യുടെ കാലത്തും പിന്നീടും ഫിഖ്‌ഹിനെ രൂപപ്പെടുത്തുന്നതിലും പിൽകാലക്കാരിലേക്ക് കൈമാറുന്നതിലും അവർ പ്രത്യേകം ശ്രദ്ധപതിപ്പിച്ചു. കർമ്മശാസ്ത്രത്തിന്റെ സ്വാഭാവികതയായ അഭിപ്രായാന്തരങ്ങളെ മനസ്സിലാക്കാനും അവയോട് സഹിഷ്‌ണുതയോടെ സമീപ്പിക്കാനും അവർ വിശാലത കാണിച്ചു. കർമ്മശാസ്ത്രത്തെ ശരീഅത്തിന്റെ സങ്കീർണ മുഖമായി പരിചയപ്പെടുത്തുന്നതിന് പകരം അനുഗ്രഹവും വിശാലതയുമായി നിർവചിച്ചു. ‘പ്രവാചകാനുയായികളിൽ നിന്ന് ഞാൻ കണ്ടവരാണ് കാണാത്തവരേക്കാൾ കൂടുതൽ. അവരേക്കാൾ വിശാല ഹൃദയരും കാർക്കശ്യം കുറഞ്ഞവരുമായ ഒരു വിഭാഗത്തെയും ഞാൻ കണ്ടിട്ടില്ലെ’ന്ന താബിഈ പ്രമുഖന്റെ പ്രസ്താവന സ്വഹാബത്തിന്റെ കർമ്മശാസ്ത്ര നിലപാടുകളെ കുറിച്ചുള്ള വ്യക്തമായ വിവരണമാണ്.
പ്രധാന അവലംബങ്ങൾ:
- അൽ ബഹ്റുൽ മുഹീഥ് ഫീ ഉസ്വൂലിൽ ഫിഖ്ഹ്: ബദ്റുദ്ദീൻ അസ്സർകശി (റ)
- അൽ മൻഖൂൽ: അബൂഹാമിദ് അൽ ഗസ്സാലി (റ)
- ഹുജ്ജത്തുല്ലാഹിൽ ബാലിഗ: ശാഹ് വലിയ്യുല്ലാഹ് അദ്ദഹ്‌ലവി
- ഇഅ്‌ലാമുൽ മുവഖിഈൻ അൻ റബ്ബിൽ ആലമീൻ: ഇബ്നു ഖയ്യിമിൽ ജൗസിയ്യ
- അൽ മദ്ഖൽ ലിദിറാസത്തി ശ്ശരീഅത്തിൽ ഇസ്‌ലാമിയ്യ: അബ്ദുൽ കരീം സൈദാൻ

