അല്ലാഹുവിന്റെ അടുക്കല്‍ ഉന്നത സ്ഥാനീയരായ സജ്ജനങ്ങള്‍ക്ക് പ്രത്യേക ബഹുമാനവും ആദരവും വകവെച്ചു കൊടുക്കുന്നതാണ് ഇസ്‌ലാമിക കാഴ്ചപ്പാട്. അവരുടെ അപദാനങ്ങളും പ്രകീര്‍ത്തനങ്ങളും പാടുകയും പറയുകയും ചെയ്യുന്നത് അവരോട് പ്രത്യേക സ്‌നേഹം രൂപപ്പെടാനും അവരുടെ ജീവിതരീതി പകര്‍ത്തുന്നതിന് പ്രചോദനമാകാനുമൊക്കെ കാരണമാകും. ഇങ്ങനെ പുണ്യാത്മാക്കളുടെ ജനന-മരണ വിവരങ്ങളും ഭൗതിക വിരക്തിയിലധിഷ്ഠിതമായിക്കൊണ്ടുള്ള അവരുടെ സൂക്ഷ്മത നിറഞ്ഞ ജീവിതശൈലിയും അവരിലൂടെ വെളിപ്പെട്ട അത്ഭുത പ്രവര്‍ത്തനങ്ങളുമൊക്കെ പ്രതിപാദ്യവിഷയമാകുന്ന പദ്യങ്ങളാണ് മാലപ്പാട്ടുകള്‍.

മാലപ്പാട്ടുകളില്‍ പൊതുവായി രണ്ടു ഭാഗങ്ങള്‍ കാണപ്പെടുന്നു. പരാമര്‍ശിക്കപ്പെടുന്ന പുണ്യാത്മാവിന്റെ അപദാനങ്ങളും മഹത്വങ്ങളും വാഴ്ത്തുന്ന ഒന്നാം ഭാഗവും പരാമൃഷ്ട ശൈഖിനെ മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്ന രണ്ടാം ഭാഗവും. കേരളീയ മുസ്‌ലിം സമൂഹത്തിനിടയില്‍ വ്യത്യസ്ത സൂഫി സരണികള്‍ (ത്വരീഖത്തുകള്‍) പ്രചുരപ്രചാരം നേടിയതാണ് മാലപ്പാട്ടുകള്‍ക്ക് നിദാനമായി വര്‍ത്തിച്ചത് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 13 മുതല്‍ 16 വരെയുള്ള നൂറ്റാണ്ടുകളിലാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ ത്വരീഖത്തുകള്‍ സാര്‍വത്രികമായി പടര്‍ന്നു പന്തലിച്ചത്.

പുണ്യ പ്രവാചകര്‍ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിനു മുമ്പുതന്നെ കേരളവും അറേബ്യയും തമ്മില്‍ ഊഷ്മളമായ വാണിജ്യബന്ധം നിലനില്‍ക്കുന്നുണ്ട്. പ്രധാന സഞ്ചാര മാര്‍ഗമായി സമുദ്രം ഉപയോഗിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ അറബിക്കടലിന്റെ ഇരുകരകളും തമ്മില്‍ ഗമനാഗമനങ്ങളുണ്ടാവുക സ്വാഭാവികമാണല്ലോ. ഈ ബന്ധത്തിലൂടെ ഇഞ്ചിയും കുരുമുളകും ഏലവും മാത്രമല്ല ഇരുകരകളും തമ്മില്‍ വാമൊഴിയും ജീവിതരീതിയും സംസ്‌കാരവുമൊക്കെ കൈമാറ്റം ചെയ്യപ്പെട്ടു. അതുകൊണ്ടാണ് അക്കാലത്ത് വാമൊഴി രൂപപ്പെട്ടിട്ടില്ലാത്ത, ചെന്തമിഴില്‍ നിന്നും മണിപ്രവാളത്തില്‍ നിന്നുമായി ഉരുത്തിരിഞ്ഞ് വന്ന മലയാള ഭാഷ അറബി അക്ഷരങ്ങളില്‍ എഴുതപ്പെട്ടത്. അറബിയില്‍ ഉച്ചാരണമില്ലാത്ത പ, ങ, ഞ, ണ മുതലായ അക്ഷരങ്ങള്‍ക്ക് അനുയോജ്യമായ അറബി അക്ഷരങ്ങള്‍ വന്നത് തങ്ങളുടെ വാമൊഴി വരച്ചു വെക്കേണ്ടതുണ്ടെന്ന ഒരു സമൂഹത്തിന്റെ സ്വത്വബോധത്തിന്റെ ആത്മാവിഷ്‌കാരമായി നമുക്ക് നോക്കി കാണാന്‍ സാധിക്കണം.

അറബി മലയാള സാഹിത്യത്തില്‍ ലഭ്യമായ ആദ്യത്തെ കാവ്യരചന മുഹ്‌യിദ്ദീന്‍ മാല എന്ന മാലപ്പാട്ടാണ്. കോഴിക്കോട് ഖാസിയായിരുന്ന അബ്ദുല്‍ അസീസ് എന്നവരുടെ മകന്‍ ഖാസി മുഹമ്മദാണ് 1607 എന്ന് ഔദ്യോഗികമായി രചനാകാലം നിര്‍ണയിക്കപ്പെട്ട പ്രസ്തുത മാലപ്പാട്ടിന്റെ രചയിതാവ്.

ഇസ്‌ലാമിക പ്രബോധനം ലക്ഷ്യമാക്കി കേരളത്തിലേക്ക് കടന്നു വന്ന മാലിക് ബ്നു ദീനാറി(റ)ന്റെ സംഘം പള്ളിനിര്‍മാണം തങ്ങളുടെ പ്രധാന പ്രവര്‍ത്തനമായി  മനസ്സിലാക്കിയിരുന്നതായി ചരിത്രത്തില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിക്കും. പള്ളിയിലെ മത പ്രവര്‍ത്തനങ്ങളായ ജുമുഅഃ, ഖുതുബ, നിസ്‌കാരം, മതപഠനം (ദര്‍സ്) മുതലായവക്ക് നേത്യത്വം നല്‍കുന്ന ഖാസിമാര്‍ സമുദായത്തിന് ദിശാബോധം നല്‍കി. The first mosque in India, എന്ന് അറിയപ്പെടുന്ന ചേരമാന്‍ ജുമാ മസ്ജിദടക്കം മംഗലാപുരം വരെയുള്ള തീരപ്രദേശങ്ങളിലൂടെയുള്ള അവരുടെ സഞ്ചാരം പുരാതന മുസ്‌ലിം മസ്ജിദുകളിലൂടെ അടയാളപ്പെട്ടു കാണാം. ഇങ്ങനെ സ്ഥാപിതമായ പള്ളികളില്‍ നിയമിതരായ ഖാസിമാര്‍ തങ്ങളുടെ കര്‍മമണ്ഡലങ്ങളില്‍ ദീനീ  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രവും തുറമുഖവുമായ ചാലിയത്ത് സ്ഥാപിതമായ പള്ളിയില്‍ മാലിക് ബ്‌നു ഹബീബ്(റ)ന്റെ പൗത്രന്‍ മുഹമ്മദ് ബ്‌നു മാലികുല്‍ മദനി (റ) ഖാസിയായി നിയമിതനായി. ഇങ്ങനെയാണ് കോഴിക്കോട് ഖാസി പരമ്പര സ്ഥാപിതമാകുന്നത്. പില്‍ക്കാലത്ത് നഗര ഹൃദയമായി മാറിയ കോഴിക്കോട് കുറ്റിച്ചിറയിലേക്ക് ഖാസിമാരും തങ്ങളുടെ ആസ്ഥാനം മാറ്റുകയായിരുന്നു. ഈ പരമ്പരയിലെ ഖാസി അബ്ദുല്‍ അസീസ് എന്നവരുടെ മകനായി ഹിജ്‌റ 980 ലാണ് മുഹ്‌യിദ്ദീന്‍ മാലയുടെ രചയിതാവായ ഖാസി മുഹമ്മദ് ജനിച്ചതായി കണക്കാക്കപ്പെടുന്നത്. 1025 റബീഉല്‍ അവ്വല്‍ 15ന് (എ.ഡി 1616 ഏപ്രില്‍ 1ന്)

വഫാത്തായ ഖാസി മുഹമ്മദ് ഹദീസ്. തഫ്‌സീര്‍, ഫിഖ്ഹ് മുതലായ വിജ്ഞാന ശാഖകള്‍ക്ക് പുറമേ ഗോളശാസ്ത്രം, നിദാനശാസ്ത്രം, തത്വചിന്ത എന്നിവയിലും അഗാധമായ അവഗാഹം നേടിയിരുന്നു. കുറ്റിച്ചിറ പള്ളിയില്‍ ദീര്‍ഘകാലം മുദരിസായിരുന്ന മഹാനവര്‍കള്‍ സാമൂതിരിയുടെ സമകാലികനാണ്.

മുഹ്‌യിദ്ദീന്‍ മാല രചിക്കപ്പെട്ട വര്‍ഷമായി കണക്കാക്കപ്പെടുന്ന 1607 നു ശേഷമാണ് മലയാള ഭാഷയുടെ പിതാവായി ഗണിക്കപ്പെടുന്ന എഴുത്തച്ഛന്‍ തന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതുന്നത് എന്നതു കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് മാലയുടേയും രചയിതാവിന്റേയും മൂല്യം അനാവൃതമാകുന്നത്. 2007 ല്‍ കേരള സര്‍ക്കാര്‍ ഔദ്യോഗികമായി മുഹ്‌യിദ്ദീന്‍ മാലയുടെ നാനൂറാം വാര്‍ഷികം ആഘോഷിക്കുകയുണ്ടായി. കണ്ടെടുക്കപ്പെട്ട ആദ്യത്തെ അറബി മലയാള കാവ്യം എന്ന നിലയില്‍ മാല പൊതുമണ്ഡലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാലയുടെ വിവിധ പ്രത്യേകതകള്‍ ഇനിയും ഫോക്കസ് ചെയ്യപ്പെടേണ്ടതുണ്ട്.

മാല മലയാള മുസ്‌ലിം സമൂഹത്തെ എത്രമേല്‍ നിര്‍മാണാത്മകമായി സ്വാധീനിച്ചിട്ടുണ്ട് എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. മാലയുടെ ചരിത്രവും അകസാരവും മാറ്റിനിര്‍ത്തി, പ്രയോഗിക്കപ്പെട്ട പദങ്ങളെക്കുറിച്ചും മാലയുടെ സാഹിതീയ മികവിനെക്കുറിച്ചും മാത്രമായി പഠനങ്ങള്‍ നടക്കുന്നത് ഒരര്‍ഥത്തില്‍ മാലയോടുള്ള അതിക്രമമാണ്.

മാലകള്‍ പൊതുവായും മുഹ്‌യിദ്ദീന്‍ മാല പ്രത്യേകിച്ചും വായിക്കപ്പെടേണ്ടത് അവ രൂപപ്പെട്ടു വന്ന സാമൂഹികവും കാലികവുമായ അന്തരീക്ഷത്തോട് ബന്ധപ്പെടുത്തിയാണ്. രചനയും രചയിതാവും അഭിമുഖീകരിക്കുന്ന അനുവാചക സമൂഹത്തിന്റെ സാംസ്‌കാരികനിലയും തീര്‍ച്ചയായും വായനാ വേളയില്‍ സുപ്രധാന ഘടകമായി പരിഗണിക്കപ്പെടുക തന്നെ വേണം. മലബാറിന്റെ സാംസ്‌കാരിക-സാമൂഹിക പരിസരത്ത് മുസ്‌ലിം സാമൂഹ്യ ജീവിതം രൂപപ്പെടുത്താനുള്ള ആദ്യ സാഹിത്യ ശ്രമമാണ് മുഹ്‌യിദ്ദീന്‍ മാല. മതാനുയായികളുടെ വിശ്വാസദൃഢത, ആത്മീയത മുതലായവ അവരുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ ഘടകങ്ങള്‍ കൂട്ടുപിടിച്ച് കൂടുതല്‍ കരുത്തുറ്റതാക്കാന്‍ രചയിതാവ് പരിശ്രമിക്കുന്നുണ്ട്. അതോടൊപ്പം മതപ്രചരണവും ഇസ്‌ലാമില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് പ്രതിരോധിക്കലും മാലയുടെ ആന്തരികമായ ഉറച്ച ലക്ഷ്യങ്ങളായി നമുക്ക് കണ്ടെടുക്കാന്‍ സാധിക്കും. 1598 സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ നടത്തിയ ഉടമ്പടി പ്രകാരം, പോര്‍ച്ചുഗീസ് പാതിരിമാര്‍ക്ക് ആദ്യമായി കോഴിക്കോട്ട് മതപരിവര്‍ത്തനം നടത്താന്‍ രാഷ്ട്രീയമായി അനുവാദം കിട്ടിയ ഒരു രാഷ്ട്രീയ പരിസരത്തുനിന്നാണ് കോഴിക്കോടിന്റെ തന്നെ ഖാസി കൂടിയായ എഴുത്തുകാരന്‍ ഈ കാവ്യം രചിക്കുന്നത്. മാലയില്‍ ആമുഖമെന്നോണം ആലപിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളും പാരായണം ചെയ്യുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും കിട്ടുന്ന പുണ്യങ്ങളെപ്പറ്റിയും തെറ്റുകള്‍ പറ്റാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നാം കാണുന്നു. അതുവഴി മാപ്പിളക്ക് രൂപാന്തരപ്പെടുത്തിയ ഒരു പാരായണ സംസ്‌കാരം നിര്‍മിച്ച് കൊടുക്കുകയാണ് രചയിതാവ് ചെയ്യുന്നത്. തുടര്‍ന്ന്, മുഹ്‌യിദ്ദീന്‍മാല ഒരു സാമൂഹ്യ പാരായണ ഗ്രന്ഥമായിത്തീരുകയും ചെയ്യുന്നു.

ഇസ്‌ലാമിക വിശ്വാസ പ്രകാരം പരിധികളില്ലാത്തവനും ആത്യന്തിക യോഗ്യതകളും കഴിവുകളുമുള്ള ശക്തിയാണ് അല്ലാഹു. അഥവാ യഥാര്‍ഥ ആരാധ്യന്‍. അത്തരം ഒരു ശക്തിക്കു മാത്രമേ മുഴുവന്‍ സൃഷ്ടികളുടെയും സ്രഷ്ടാവാകാനും അവയുടെ പരിപാലകനാവാനും സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം. അല്ലാഹുവിന്റെ കഴിവും ശേഷിയുമൊക്കെ അവന്റെ സച്ചരിതരായ ഇഷ്ടജനങ്ങള്‍ക്ക് അവനുദ്ദേശിക്കുന്ന പക്ഷം അല്ലാഹു നല്‍കും. ഇത്തരത്തില്‍ ഐഹിക പരിത്യാഗവും അന്യൂനമായ വഴിപ്പെടലും മുറുകെപ്പിടിച്ച് അല്ലാഹുവിന്റെ വിവിധ പരീക്ഷണങ്ങള്‍ വിജയകരമായി മറികടന്ന് ഇസ്‌ലാമിക പ്രബോധനം മുഖമുദ്രയാക്കി ജീവിച്ച ശൈഖിനെയാണ് മാല ഇതിവൃത്തമാക്കി പരിചയപ്പെടുത്തുന്നത്.

അങ്ങനെ അറിയാന്‍ പറ്റുന്ന- ‘അവസാനമില്ലാത്ത’- ‘തടുത്തു നിര്‍ത്താന്‍ പറ്റാത്ത’- ‘മെരുക്കാന്‍ കഴിയാത്ത’ – ‘ അതിജയിക്കാന്‍ കഴിയാത്ത’-‘സമയ/സ്ഥല പരിധികള്‍ക്കപ്പുറം സഞ്ചരിക്കുന്ന’ അതിശക്തനായ ഒരു ‘രക്ഷാ പുരുഷനെ’ മാപ്പിള -മുസ്‌ലിമിനു മുമ്പില്‍ അവതരിപ്പിച്ചു ഖാസി മുഹമ്മദ്, മാലയിലെ പരാമ്യ പുണ്യപുരുഷനായ മുഹയിദ്ദീന്‍ ശൈഖ് പ്രതിനിധാനം ചെയ്യുന്നത് പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക കാലാവസ്ഥയില്‍ അസ്ഥിരമാക്കപ്പെട്ട ഏതു സമൂഹവും ആഗ്രഹിക്കുന്ന അല്ലെങ്കില്‍ അവരില്‍ ആത്മവിശ്വാസം ഉളവാക്കുന്ന ചില വിശേഷണങ്ങളാണ്. ശൈഖ് മുഖ്യമായും പ്രതിനിധീകരിക്കുന്നത് വിജ്ഞാനം, അധികാരം, ബന്ധങ്ങള്‍, ശക്തി, വേഗത, ഇഷ്ടജനങ്ങള്‍ക്കുള്ള സംരക്ഷണം, അല്ലാഹുവുമായുള്ള പരിചയം(ബന്ധം), സുരക്ഷിതമായ പലായനം മുതലായ ഗുണങ്ങളെയാണ്. മാലയിലെ ഒട്ടേറെ ബൈത്തുകളില്‍ നിന്ന് ഇക്കാര്യം മനസ്സിലാകും.

പതിനേഴാം നൂറ്റാണ്ടിലെ മലബാര്‍ മുസ്‌ലിമിന്റെ അവസ്ഥ പരിശോധിക്കുമ്പോള്‍ ശൈഖിന്റെ ഓരോ പ്രതിനിധാന വേഷങ്ങളും വളരെ പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാന്‍ പറ്റും. ഈ പ്രതിനിധാന നിര്‍മാണം കാണിക്കുന്നത് അവ അനഭിലഷണീയമായ മതങ്ങളിലേക്കോ വിശ്വാസങ്ങളിലേക്കോ ഉള്ള മാറ്റത്തിനെതിരെയുള്ള അല്ലെങ്കില്‍ അത്തരത്തിലുള്ള സാധ്യതകളോടുള്ള മുന്നറിയിപ്പോ ആണെന്നാണ്.

മാപ്പിളയുടെ ഭാഷക്ക് ഒരു ഗ്രന്ഥാവസ്ഥയെ അവതരിപ്പിക്കുകയും കൂടിയായിരുന്നു മാലയിലൂടെ ഖാസി മുഹമ്മദ്. ഭാഷയുടെ സ്വഭാവവും ഉപയോഗ-സംവേദന ക്ഷമതയും ഒരു ഭാഷാ പണ്ഡിതന്റെ എല്ലാ കഴിവുകളും ഉപയോഗിച്ച് നിര്‍ണയിക്കുന്ന ഈ മാലയുടെ സ്വാധീനം തുടര്‍ന്നുവന്നിട്ടുള്ള അറബി-മലയാള ഗദ്യ/പദ്യ സാഹിത്യങ്ങളില്‍ കാണാം. ഈ സ്വാധീനം പില്‍കാലത്ത് രൂപപ്പെട്ടുവന്ന നവോത്ഥാന ഇടങ്ങളിലും കാണാന്‍ പറ്റും. 

തീരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ക്രൈസ്തവ മതത്തിലേക്ക് വ്യാപകമായ മതപരിവര്‍ത്തനം നടന്നു കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് മുഹ്‌യിദ്ദീന്‍ മാല വിരചിതമാകുന്നത്. അതുകൊണ്ടുതന്നെ മതമുപേക്ഷിക്കലിനും വിശ്വാസ ദൗര്‍ബല്യത്തിനും എതിരായുള്ള ഒരു ശക്തമായ പ്രതിരോധമായി നമുക്ക് മാലയെ കാണാന്‍ കഴിയും. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെയുള്ള പ്രധാന ആയുധമായും പലപ്പോഴും മാലയെ മുസ്‌ലിം പോരാളികള്‍ ഉപയോഗപ്പെടുത്തിയതായി ചരിത്ര രേഖകളുണ്ട്.

ചുരുക്കത്തില്‍ മതകീയമായ വീക്ഷണകോണിലൂടെ മുഹ്‌യിദ്ദീന്‍ മാല വിലയിരുത്തപ്പെടുമ്പോള്‍ അല്ലാഹുവിന്റെ തൃപ്തിയും അല്ലാഹുവിന്റെ ഇഷ്ട ദാസനായ മുഹ്‌യിദ്ദീന്‍ ശൈഖിന്റെ പൊരുത്തവും പരലോക പ്രതിഫലവുമൊക്കെ ലക്ഷ്യം വെക്കപ്പെടാവുന്നതാണ്.

അതോടൊപ്പം തന്നെ വിരചിതമായ സാമൂഹികാവസ്ഥയും കാലഘട്ടവും പരിഗണിക്കപ്പെടുമ്പോള്‍ അത്യുന്നതമായ സംസ്‌കാരിക പ്രതിരോധവും ആത്മവിശ്വാസദായകവുമായിരുന്നു മാല എന്ന് നമുക്ക് മനസ്സിലാക്കാം. മാലയുടെ ഭാഷാപരമായ സവിശേഷതകള്‍ ഇനിയും പഠന വിഷയമാക്കേണ്ടിയിരിക്കുന്നു.